“പെണ്ണിന്റെ ശരീരത്തിന് വളർച്ച ഉണ്ടേൽ അവള് പിന്നെ എല്ലാവർക്കും പെണ്ണ് തന്നാണ് ശ്രീജേ… ചിലർക്ക് പിന്നെ കണ്ണിന്റെ മുമ്പിലുള്ളത് പെണ്ണെന്ന് കണ്ടാലവിടെ പിന്നെ മകളും പെങ്ങളും അമ്മേം ഒന്നുമില്ല …. അവർക്കെത്ര വയസ്സായെന്നോ അവരുടെ ഒക്കെ അവസ്ഥ എന്താണെന്നോ ഇല്ല…. പെണ്ണായാൽ മതി … നിന്റെ കെട്ട്യോനെ പോലെ…. എന്തൊരു പാവമാണെന്ന് ഞങ്ങളൊക്കെ പറഞ്ഞവനാണ് സ്വന്തം കൊച്ചിനോടു തന്നെ… ഹോ… ഓർക്കാൻ വയ്യ….”
പറഞ്ഞു വന്നവസാനം പുഷ്പ ചേച്ചി പാതിയിൽ നിർത്തി അയ്യോ എന്നൊരു ഭാവത്തിൽ ശ്രീജയെ നോക്കിയതും കണ്ടു പെയ്തു തോർന്ന മിഴികളുമായ് ചുമരുംചാരി പ്രതിമ പോലെ ഇരിക്കുന്നവളെ…..
അവളുടെ ശ്വാസനിശ്വാസങ്ങൾക്കനുസരിച്ച് ഉയർന്നു താഴുന്ന ആ ശരീരമാളവളിൽ ജീവൻ നിലനിൽക്കുന്നു എന്നതിന്റെ ആകെ തെളിവ്….
“ഒന്നുമോർത്തു പറഞ്ഞതല്ല മോളെ പുഷ്പേച്ചി… കൺമുന്നിൽ കണ്ടതെല്ലാം സത്യമാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ ചേച്ചിക്ക്… മോള് ക്ഷമിക്ക് ചേച്ചിയോട്… ചേച്ചി ഇനി ഒന്നും പറയില്ല…”
ശ്രീജയുടെ കാൽക്കലിരുന്ന് ക്ഷമാപണത്തോടെ പുഷ്പേച്ചി പറയുമ്പോഴും നിസംഗതയോടെ അവരെയൊന്നു നോക്കുക മാത്രം ചെയ്തു ശ്രീജ
“പുഷ്പേച്ചി ആ മാധവന് നല്ലോണം കിട്ടുന്നുണ്ട് പോലീസിന്റെ കയ്യീന്ന്… സ്റ്റേഷന്റെ പുറത്തുള്ള റോഡിൽ നിന്നാ കേൾക്കാത്രേ അവന്റെ അടികൊണ്ടുള്ള അലറി കരച്ചിൽ… അടികിട്ടി പുറം പൊളിഞ്ഞാൽ പോര അവനൊന്നും…. ജീവനെടുക്കണം ഇവനെ പോലെയുള്ളവൻമാരുടെ.. അമ്മാതിരി പണിയല്ലേ സ്വന്തം കുഞ്ഞിനോടവൻ ചെയ്തത്… അതും നേരാവണ്ണം ബുദ്ധി പോലും ഇല്ലാത്ത കൊച്ചിനെ…. അതിനു കണ്ണും കാണില്ലല്ലോ എന്ന ധൈര്യത്തിലാവും അവൻ…… എന്നാലും എങ്ങനെ തോന്നിയവന് എന്നാണെനിയ്ക്ക്….”
പുഷ്പ ശ്രീജയുടെ അടുത്ത് നിന്നിറങ്ങാൻ തുടങ്ങിയതും അങ്ങോട്ടേയ്ക്കു വന്ന ഗീത ഒരാവേശത്തോടെയും ഒടുവിലൊരിത്തിരി സങ്കടത്തോടെയും പറയുമ്പോൾ അതെല്ലാം കേട്ടിരുന്ന ശ്രീജ ഇനി കൂടുതലൊന്നും കേൾക്കാൻ വയ്യാത്ത പോലെ ആ നിലത്തു തന്നെ ഒരേങ്ങലോടെ ചുരുണ്ടു കൂടിയതും ഗീതയെ ശാസനാ രൂപത്തിലൊന്നു നോക്കി പോയ് പുഷ്പയും….
ആളുകൾ കേട്ടറിഞ്ഞു കൊണ്ടങ്ങോട്ടു പിന്നെയും വന്നു കൊണ്ടിരുന്നതും അവർക്കിടയിലൂടെ സ്വന്തം വീട്ടുകളിലേക്ക് നടന്നു പുഷ്പയും ഗീതയും
അവരുടെയെല്ലാം ഉള്ളിലന്നേരം പോലീസ് വിലങ്ങു വെച്ച് പോലീസ് വാഹനത്തിലേക്ക് ഉന്തി തള്ളി കയറ്റിയ മാധവന്റെ മുഖം തെളിഞ്ഞു വന്നെങ്കിലും അതിനെക്കാൾ പ്രഭയിൽ അവരിൽ പിന്നീട് തെളിഞ്ഞത് പതിനാലു വയസ്സുള്ള, അല്പം ബുദ്ധിമാന്ദ്യവും കാഴ്ച തകരാറുമുള്ള മകളായ അമ്മുവിനെ കൊഞ്ചിച്ചും പുന്നാരിച്ചും കൊണ്ടു നടന്നിരുന്ന മാധവന്റെ മുഖമാണ്….
അമ്മയായ ശ്രീജ നോക്കുന്നതിനെക്കാൾ കാര്യമായിട്ട് അമ്മുവിനെ നോക്കിയിരുന്നതും മറ്റും മാധവനായിരുന്നതിനാൽ അമ്മുവിനും ഏറെയിഷ്ടം അച്ഛൻ മാധവനെയായിരുന്നു…
കണ്ണാരം പൊത്തി കളിക്കാൻ ഏറെയിഷ്ടമുള്ള അമ്മുവിനെ ഇന്നലെ വൈകുന്നേരം ശ്രീജ അവിടെ ഇല്ലാത്ത സമയത്താണ് മാധവൻ ശാരീരികമായ് ഉപദ്രവിച്ചത്…
കേട്ടവർ കേട്ടവർ വാർത്ത അറിഞ്ഞു ഞെട്ടി…
നമ്മുടെ മാധവനോ എന്ന് അവിശ്വാസത്തോടെ തിരക്കി പലരും….
പക്ഷെ കുട്ടി വളരെ വ്യക്തമായ് തന്നെ ,തന്നെ ഉപദ്രവിച്ചത് മാധവനാണെന്ന് പോലിസിനോട് പറഞ്ഞതും സാഹചര്യവും സന്ദർഭയും കണക്കിലെടുത്ത് പോലീസ് മാധവനെ വിലങ്ങു
വച്ചു കൊണ്ടു പോയതും തകർന്നു വീണു പോയ് ശ്രീജ….
തന്റെ മുമ്പിൽ കൈക്കെട്ടി തന്നെ നോക്കി നിൽക്കുന്ന പോലീസുക്കാരനു മുമ്പിൽ യാതൊരു പതർച്ചയും പരിഭ്രമവും ഇല്ലാതെ തലയുയർത്തി തന്നെ മാധവൻ നിന്നതും അവന്റെ മുഖത്തേയ്ക്കും അതിൽ തെളിഞ്ഞു നിൽക്കുന്ന ആത്മവിശ്വാസത്തിലേയ്ക്കും തെല്ലൊരു പതർച്ചയോടെ നോക്കി എസ് ഐ അലക്സ്….
“ചെയ്ത ഏതു തെറ്റും ചെയ്തുവെന്ന് എവിടെയും പറയാനുള്ള തന്റേടം എനിയ്ക്കുണ്ട് സാറെ…. നിങ്ങളെന്നെ എന്തു ചെയ്താലും ഇനി കൊന്നാലും ഞാൻ ചെയ്യാത്ത ഒന്ന് ഞാൻ ഏൽക്കില്ല….
എന്റെ മോളാണ് അമ്മു… എന്റെ ചോര…. ജീവനാണവൾ എനിയ്ക്ക്… ആ അവളെ ഞാൻ……”
തന്റേടത്തോടെ പറഞ്ഞു വന്നത് ഒടുവിലായപ്പോൾ പൂർത്തിയാക്കാൻ വയ്യാതെ മാധവന്റെ ശബ്ദം ഒന്നിടറിയതും എന്തിനെന്നറിയാതെ പിടഞ്ഞടിച്ചു അലക്സിന്റെ ഉള്ളവും…
“സാറെ… എന്നെ തല്ലി ഇതെന്റെ തലയിൽ കെട്ടിവെക്കാതെ എന്റെ കുഞ്ഞിനോടത് ചെയ്തത് ആരാണെന്ന് കണ്ടു പിടിക്ക് സാറെ.. അല്ലെങ്കിൽ അതിനെന്നെ സമ്മതിയ്ക്ക്… ഞാൻ കണ്ടു പിടിച്ചോളാം എന്റെ കുഞ്ഞിനോടാ അനാവശ്യം കാണിച്ചവനെ… ഒന്ന് വിടുവോ സാറെ… ഞാനെവിടേയ്ക്കും പോവില്ല… ഇപ്പോഴയാൾ ആരാണെങ്കിലും എന്റെ കുഞ്ഞിൽ പൂർണ്ണമായൊരു ഉപദ്രവം ഏൽപ്പിച്ചിട്ടില്ല… അവളുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും മറ്റുമാണ് ചെയ്തത്… നിങ്ങളെന്നെ പ്രതിയാക്കി ഇവിടെ ഇട്ടാൽ നാളെ അയാൾ എന്റെ മോളെ കൂടുതൽ ഉപദ്രവിയ്ക്കും സാറെ… മോളെ മാത്രമല്ല ചിലപ്പോഴെന്റെ ശ്രീജയേയും… പാവങ്ങളാ സാറെ…. രക്ഷിക്കണം….”
കൈകൂപ്പി പറയുന്നവനുമുമ്പിൽ നിന്ന് വെട്ടിത്തിരിഞ്ഞ് പുറത്തേക്കിറങ്ങി എസ് ഐ പോയതും എല്ലാ പ്രതിക്ഷയും നഷ്ടപ്പെട്ടവനെ പോലെ ആ ലോക്കപ്പുമുറിയിൽ തകർന്നിരുന്നു പോയ് മാധവൻ…..
ദിവസമൊന്നു കൂടി കടന്നു പോയതും മാധവന്റെ വീടിനു മുമ്പിൽ അവനുമായ് വന്നിറങ്ങി പോലീസ്…
“ചെല്ല് മാധവാ… നീ തന്നെ ചെന്നവനെ വലിച്ചിറക്കി കൊണ്ടു വാ ഇങ്ങോട്ട്….”
മാധവന്റെ തോളിൽ തട്ടിയൊരു ചിരിയോടെ എസ് ഐ പറഞ്ഞതും അയാളെ നന്ദിയോടെ നോക്കി തന്റെ വീടിനകത്തേയ്ക്ക് മാധവൻ നടക്കുന്നത് നെഞ്ചിടിപ്പോടെയാണ് നാട്ടുക്കാർ കണ്ടത്…
വീടിനുമ്മറത്തേയ്ക്ക് മാധവൻ കാലെടുത്തു വെച്ചതും വലിച്ചിഴച്ചെന്ന പോലെ അവന്റെ കാൽചുവട്ടിലേക്കൊരു ശരീരം കൊണ്ടു വന്നിട്ടു ശ്രീജ….
“ഇയാളാ മാധവേട്ടാ… ഈ വൃത്തിക്കെട്ടവനാണ്…”
മാധവന്റെ നെഞ്ചിലേക്കു വീണാർത്തു കരഞ്ഞുകൊണ്ട് ശ്രീജ പറയുമ്പോൾ മാധവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന ആളെ പകപ്പോടെയും ഞെട്ടലോടെയും നോക്കി നാട്ടുക്കാർ….
ശ്രീജയുടെ അച്ഛൻ ഗോപാലകൃഷ്ണൻ… ഇയാളോ ആ കുഞ്ഞിനെ ഇങ്ങനെ ഉപദ്രവിച്ചത്…. ?
വിശ്വസിക്കാൻ കഴിയാതെ ഞെട്ടി നാട്ടുക്കാർ നിൽക്കും നേരം മാധവനയാളെ നിലത്തു നിന്ന് വലിച്ചുയർത്തി എടുത്ത് കവിളടക്കം ഒന്നു കൊടുത്തിരുന്നു…
“ആരുമില്ലാതെ ഒറ്റയ്ക്കായ് പോയല്ലോ വയസ്സാം കാലത്തെന്നു കരുതി ഞാനെന്റെ അച്ഛനെ പോലെയല്ലേ നിങ്ങളെ ഇവിടെ താമസിപ്പിച്ചു നോക്കിയത്… എന്നിട്ട് നിങ്ങൾ ചെയ്തതോ എന്റെ കുഞ്ഞിന്റെ ബുദ്ധി കുറവിനെയും കാഴ്ച ഇല്ലയ്കയേയും മുതലെടുത്ത് ഞാനഴിച്ചിട്ട ഷർട്ടും എടുത്തിട്ടോണ്ട് ആ പിഞ്ചിനെ ഉപദ്രവിക്കാൻ നോക്കുക… എങ്ങനെ തോന്നി അതിന് നിങ്ങൾക്ക്….?
മാധവനയാളെ പിടിച്ചുകുലുക്കി ചോദിക്കുമ്പോൾ അലക്സ് വന്നയാളെ അവന്റെ കയ്യിൽ നിന്ന് മാറ്റി തന്റെ കൈ പിടിയിലൊതുക്കി…
” എന്നാലും കള്ളക്കിളവന്റെ ബുദ്ധി… അമ്മു എല്ലാവരെയും തിരിച്ചറിയുക മണം കൊണ്ടാണെന്നു മനസ്സിലാക്കി ഇവനഴിച്ചിട്ട ഷർട്ടും ഇട്ട് നിങ്ങളാ കൊച്ചിന്റെ അടുത്ത് ചെന്നപ്പോൾ അതു നിങ്ങളുടെ പെട്ടന്നുള്ള ബുദ്ധിയല്ല, നിങ്ങളാകുഞ്ഞിനെ ഉപദ്രവിക്കാൻ എന്നോ തീരുമാനിച്ച് പ്ലാൻ തയ്യാറാക്കി ചെയ്തത് തന്നെയാണെന്ന് ഞങ്ങൾക്ക് മനസ്സിലായ്… ഇനി നിങ്ങൾക്ക് വേണ്ടതെന്താന്നെന്നു വെച്ചാൽ അതങ്ങ് സ്റ്റേഷനിൽ വന്നു തന്നോളാം ഞങ്ങൾ…..”
അയാളെ വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോവുമ്പോൾ എസ് ഐ ശ്രീജയെ ഒന്നു സ്നേഹത്തോടെ നോക്കി
മകളോടുള്ള സ്നേഹത്തിനും മുകളിൽ നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ വിശ്വസിച്ചതുകൊണ്ടാ ഞങ്ങൾക്കിയാളെ ഇത്രയും വേഗം കണ്ടെത്താൻ സാധിച്ചത്… താങ്ക്സ് സിസ്റ്റർ….”
ശ്രീജയോടു പറഞ്ഞയാളെയും കൊണ്ട് പോലീസ് വാഹനമാ വീടിന്റെ
പടികടന്നതും അമ്മുവിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ മാധവന്റെ കൈയും പിടിച്ച് വീടിനകത്തേയ്ക്ക് നടന്നു ശ്രീജ…. ഉറച്ച കാൽവെപ്പുകളോടെ….
✍️ രജിത ജയൻ
