തല്ലല്ലേ ഏട്ടാ.. ഏട്ടൻ പറഞ്ഞതുപോലെ തന്നെയല്ലേ ഞാനവിടെ പറഞ്ഞതും പ്രവർത്തിച്ചതും

“വീട്ടിൽ ചെന്നിട്ടു വലിയ തിരക്കൊന്നുമില്ലല്ലോ കവീ നമുക്ക്… നമുക്കിത്തിരിക്കൂടി കഴിഞ്ഞിട്ട് പോയാൽ പേരേടീ വീട്ടിലേക്ക്…

ഇവിടാണേൽ അമ്മയും അനിയത്തിയും ഗോപനുമൊക്കെ ഇല്ലേടീ… കുറച്ചു നേരം കൂടി ഇരുന്നിട്ടുപോയാൽ പോരേ.?

 

ഉച്ചയ്ക്കത്തെ ഊണു കഴിഞ്ഞയുടനെ ബാഗും തോളത്തിട്ട് കുഞ്ഞിനെയും എടുത്ത്പോവാനിറങ്ങുന്ന കവിതയുടെ പിന്നാലെ നടന്ന് കെഞ്ചുന്ന കിഷോറിനെ സഹതാപത്തോടെ നോക്കി നിന്നു കവിതയുടെ അമ്മയും അനിയത്തിയും അനിയത്തിയുടെ ഭർത്താവ് ഗോപനും…

 

“കിഷോറേട്ടന് അല്ലെങ്കിലും പതിവാണ് ഇവിടെ വന്ന് മടങ്ങി പോവുമ്പോഴുള്ള ഈ മടി… എനിയ്ക്ക് വീട്ടിൽ ചെന്നിട്ടെന്തെല്ലാം പണിയുണ്ടെന്നറിയോ… ഞാനെന്തായാലും പോവാണ്.. ഏട്ടൻ വരുന്നുണ്ടേൽ കൂടെ വാ…”

 

അലസമായ് കുഞ്ഞിന്റെ മുഖത്തേക്ക് വീണുക്കിടക്കുന്ന മുടിയിഴകൾ കൈകൊണ്ട് മാടിയൊതുക്കി ആരെയും നോക്കാതെ നടന്നു തുടങ്ങിയിരുന്നു ഈ നേരം കൊണ്ട് കവിത

 

” നീ നിൽക്ക്…. ഞാനൂടീ വരാം… ഈ പൈസയൊന്ന് അമ്മേടെ കയ്യിൽ കൊടുക്കട്ടെ ഞാൻ…”

 

പറഞ്ഞു കൊണ്ട് ജീൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്സെടുത്തതേയുള്ളു ഗോപൻ ,അപ്പോഴേക്കും കവിതയുടെ കൈകൾ അവന്റെ കയ്യിൽ നിന്നാ പേഴ്സ് തട്ടി പറിച്ചെടുത്തിരുന്നു..

 

“അമ്മയ്ക്കിപ്പോൾ ചിലവു കഴിയാൻ കിഷോറേട്ടന്റെ പൈസേടെ ആവശ്യമൊന്നുമില്ല ,ഗോപൻ നല്ലന്തസ്സായിട്ടു തന്നെ നോക്കുന്നുണ്ട് അമ്മയെ…”

 

കവിതയുടെ സംസാരവും പ്രവർത്തിയും കാരണം നാണംകെട്ടൊരു ഭാവം കിഷോറിന്റെ മുഖത്തു തെളിഞ്ഞതും സാരമില്ല മോൻ പൊയ്ക്കോ എന്നു പറഞ്ഞ് കവിതയുടെ പിന്നാലെ തന്നെ അവനെ പറഞ്ഞു വിട്ടിരുന്നു കവിതയുടെ അമ്മ ഗിരിജ… അന്നേരം ആ അമ്മയുടെ മിഴികളും നിറഞ്ഞിരുന്നു, തങ്ങളോടുള്ള സ്വന്തം മകളുടെ പെരുമാറ്റമോർത്ത്…

 

“ഈ കവിതേച്ചി എന്താ അമ്മേ ഇങ്ങനെ…? നമ്മളെന്ന് വെച്ചാൽ ജീവനായിരുന്നില്ലേ ചേച്ചിയ്ക്ക്…?

അച്ഛന്റെ മരണശേഷം സുഖമില്ലാത്ത അമ്മേനേം എന്നെയുമെല്ലാം നോക്കീത് ഈ ചേച്ചിയല്ലേ… ഇപ്പോ ഇവിടെ വന്നാലിത്തിരി നേരം നിൽക്കാൻ കൂടി സമയം ഇല്ല ചേച്ചിയ്ക്ക്… എന്നോടോ അമ്മയോടോ രണ്ടു വാക്ക് തികച്ചു മിണ്ടാറുകൂടിയില്ല… വന്നാലും കിഷോറേട്ടന്റെ അടുത്തൂന്ന് മാറില്ല.. ചേച്ചി അറിയാതെ ഏട്ടൻ അമ്മയ്ക്ക് പൈസ തന്നാലോ എന്ന പേടിയാ ചേച്ചിയ്ക്ക്…

ഒരാളിത്രയ്ക്കെല്ലാം മാറുവോ കല്ല്യാണം കഴിഞ്ഞാൽ…

പാവം കിഷോറേട്ടൻ…. ചേച്ചി കാരണം നാണംകെട്ടതു പോലെയായ്..

 

കവിതയുടെ അനിയത്തി കീർത്തന സങ്കടത്തിലും വിഷമത്തിലും ഓരോന്നു പറഞ്ഞു കരഞ്ഞുതുടങ്ങിയതും ഗോപനവളെ തന്റെ നെഞ്ചോടു ചേർത്തു ഒപ്പം സങ്കടപ്പെട്ടിരിയ്ക്കുന്ന അമ്മയേയും…

 

“ഓരോരുത്തർക്കും ഓരോ ജീവിതമല്ലേ കീർത്തൂ… മനുഷ്യരെല്ലാം എപ്പോഴും ഒരു പോലെ പെരുമാറണമെന്നൊന്നും നമ്മുക്ക് പറയാൻ പറ്റില്ല.. നിങ്ങളമ്മേം മോളും വേഗം മാറ്റിയിറങ്ങിക്കേ… നമുക്കൊന്നു പുറത്തെല്ലാം പോയി ഈ മൂഡെല്ലാം മാറ്റി വരാം…”

 

കീർത്തനയെ റൂമിലേക്കാക്കി കൂടെവരാൻ മടിച്ചു നിന്ന അമ്മയേയും നിർബന്ധിച്ച് കാറെടുത്ത് പോവാനൊരുങ്ങുമ്പോൾ വല്ലാതെ വലിഞ്ഞു മുറിക്കിയിരുന്നു ഗോപന്റെ മുഖം…

 

കരയുന്ന മോനെ നെഞ്ചോടു ചേർത്ത് പാലു കൊടുത്തുറക്കുന്ന കവിതയിലേക്ക് പലവട്ടം കണ്ണുകൾ പായിച്ചു കിഷോറെങ്കിലും കവിത അവനെന്നൊരാളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അലസമായ് പുറത്തേക്ക് മിഴികളയച്ചതും അവളിൽ നിന്ന് നോട്ടം മാറ്റി ഡ്രൈവിംഗിൽ ശ്രദ്ധിച്ചു കിഷോർ…

 

വീട്ടിലെത്തി കിഷോർ കാറൊതുക്കുമ്പോഴേക്കും ബാഗിൽ നിന്ന് താക്കോലെടുത്ത് വാതിൽ തുറന്നകത്തേയ്ക്ക് കയറിയിരുന്നു കവിത

 

കാറൊതുക്കിയിട്ട് ഉമ്മറത്തെ വാതിലും അടച്ച് കിഷോർ അകത്തേയ്ക്ക് ചെല്ലുമ്പോൾ ഉറങ്ങുന്ന കുഞ്ഞിനെ ശ്രദ്ധയോടെ തൊട്ടിലിലേക്ക് കിടത്തുകയായിരുന്നു കവിത

 

തന്റെ തൊട്ടുപുറക്കിൽ തന്നോടു ചേർന്നു വന്നു നിൽക്കുന്ന കിഷോറിനെ അറിഞ്ഞതും ഒരു ഞെട്ടലോടെ നിവർന്നു നിന്നു കവിതയെങ്കിൽ അവളെ നോക്കുന്ന കിഷോറിന്റെ മുഖത്ത് വല്ലാത്തൊരു ചിരിയാണ്…

 

ചോര ഞരമ്പുകൾ പിടഞ്ഞുണരുന്ന കിഷോറിന്റെ കണ്ണിലേക്കും മുഖത്തെ ചിരിയിലേക്കും നോക്കുമ്പോൾ വല്ലാത്തൊരു ദയനീയത നിറഞ്ഞു നിന്നു കവിതയിൽ

 

കിഷോ…റേ…

 

നിറമിഴികളോടെ തന്നെ വിളിയ്ക്കാനൊരുങ്ങുന്നവളുടെ വായിൽ തന്റെ കൈകൾ ചേർത്തുവെച്ചാ റൂമിനു പുറത്തേക്കവളെ വലിച്ചിറക്കി കിഷോർ…

 

തൊട്ടടുത്ത മുറിയിലെ ബെഡ്ഡിക്കേവളെയൊരു തുണിക്കെട്ടു പോലെ കിഷോർ വലിച്ചെറിഞ്ഞതും പിടഞ്ഞെണീറ്റവന്റെ കാലുകളിൽ കെട്ടി പിടിച്ചു കവിത

 

“തല്ലല്ലേ ഏട്ടാ.. ഏട്ടൻ പറഞ്ഞതുപോലെ തന്നെയല്ലേ ഞാനവിടെ പറഞ്ഞതും പ്രവർത്തിച്ചതും… അവരോ..ടൊന്നും… മിണ്ടിയിട്ടില്ല, ഏട്ട..ന്റെ ഒരു രൂ…പ പോലും അവർക്ക് കൊടുത്തിട്ടുമില്ല… വേഗം പോരുകയും ചെയ്തു… പിന്നെ ഗോപനെ ഞാ.. ൻ നോക്കീട്ടു കൂടിയില്ല…. തല്ലല്ലേ കിഷോറേട്ടാ… ഞാനൊന്നും ചെയ്തില്ലല്ലൊ…. വേദനിച്ചിട്ടാണ്… ദേഹത്തെല്ലാം വേദനയാണ്….”

 

വിറച്ചും ഏങ്ങിയും കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞുപറയുന്ന കവിതയെ കാൽക്കുടഞ്ഞെറിഞ്ഞു കിഷോർ…

 

ശക്തമായ അവന്റെ നീക്കത്തിൽ കട്ടിൽ കാലിൽ തലയിടിച്ച കവിതയിൽ നിന്നൊരു ഞെരക്കം പുറത്തേക്ക് വരും നേരം അവളുടെ വാ മൂടിക്കെട്ടാനുള്ള ഷാൾ വലിച്ചെടുത്തിരുന്നു ഗോപൻ അവളിൽ നിന്നു തന്നെ

 

“ഞാൻ പറഞ്ഞതെല്ലാം അനുസരിച്ചെന്ന് നീ വെറുതെ പറയാതെടീ… അവിടെ നിൽക്കുമ്പോഴെല്ലാം നിന്റെ കണ്ണുകൾ അനിയത്തിയുടെ കെട്ടിയവനെ തേടിയത് ഞാൻ കണ്ടതാടി… നിന്നെ അവനും നോക്കുന്നുണ്ടായിരുന്നു…. എങ്ങനെ നോക്കാതിരിക്കും അവൻ, അമ്മാതിരി മുതലല്ലേ നീ…

 

” ഇല്ലാത്ത…തൊന്നും പറയല്ലേ കിഷോറേട്ടാ… അവനെന്റെ അനിയനാണ്… ഞാൻ കിഷോറേട്ടൻ പറഞ്ഞ പോലെ നി…ന്നില്ലേ… ഉപദ്രവിക്കല്ലേ ഏ…ട്ടാ..”

 

ദയനീയമായ് കെഞ്ചുന്നവളുടെ വായ മൂടിയവൻ കവിളിൽകുത്തി പിടിച്ചതും പിടഞ്ഞവൾ

 

” ഞാൻ പറഞ്ഞതു പോലെ നീ കുറെ നിൽക്കും…നിന്റെ നില്പും ഭാവവും കണ്ടാലറിയാം നിന്റെത് അഭിനയം ആണെന്ന് … ഞാൻ പറഞ്ഞു ചെയ്യിക്കുന്നതാണെന്ന്…. പിന്നെ നിന്റെ അമ്മയും അനിയത്തിയും അവളെ കെട്ടിയവനും ഒരു പോലെ പൊട്ടന്മാരായത് എന്റെ ഭാഗ്യം കൊണ്ടാടീ…. ചെന്നു കേറാൻ നിനക്ക് സ്വന്തമായിട്ടൊരു വീടില്ല, ഉണ്ടായിരുന്നത് നിന്റെ തള്ള അനിയത്തിയ്ക്ക് സ്ത്രീധനമായ് നൽകി.. എന്നിട്ടും നിന്റെ തള്ളയ്ക്ക് ഞാൻ പണം കൊടുക്കും എന്നവർ കരുതുന്നതാടി എനിയ്ക്ക് ഹരം… നിന്നെ കൊണ്ടത് കൊടുപ്പിക്കാതിരിക്കുമ്പോൾ അവരുടെ കണ്ണിൽ നിന്നോട് കാണുന്ന വെറുപ്പാടീ എന്റെ ഏറ്റവും വലിയ ലഹരി….

ഞാനുണ്ടാക്കുന്നതൊന്നും മറ്റൊരാൾക്ക് കൊടുക്കാൻ എനിയ്ക്ക് മനസ്സില്ലെടീ… ”

 

പറയുന്നതിനൊപ്പം കവിതയുടെ കൈകൾ കട്ടിലിനോട് ചേർത്ത് കെട്ടാൻ ശ്രമിയ്ക്കുന്നുണ്ട് കിഷോർ… അവനിൽ നിന്ന് പിടഞ്ഞു മാറാൻ ശ്രമിയ്ക്കുന്ന കവിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ശ്രദ്ധിക്കാതെ, വായിലെ തുണിക്കടിയിൽ ഞെരിഞ്ഞു തീരുന്ന അവളുടെ നിലവിളികളെ അവഗണിച്ചു കൊണ്ടവളിലേക്ക് കിഷോർ ചേർന്നതും അവൻ നൽകുന്ന വേദനയിൽ പിടഞ്ഞു കവിത

 

ഒടുവിലൊരു സംതൃപ്തിയുള്ള ചിരിയോടെ കവിതയിൽ നിന്നടർന്നു കിഷോർ മാറുമ്പോൾ അവനേല്പിച്ച ശരീരത്തിലെ മുറിവുകളുമായ് ഒന്നനങ്ങാൻ പോലും സാധിക്കാതെ പാതി ബോധത്തിൽ വെറും തറയിൽ കിടന്നു കവിത…ഒഴുകി തീരാൻ കണ്ണുനീർ പോലും അവശേഷിക്കാതെ…

 

അച്ഛന്റെ മരണം വരെ അച്ഛൻ പൊന്നുപോലെ വളർത്തിയ ഒരു മകളാണ് ഇന്ന് ജീവിതത്തിലേക്ക് ഭർത്താവായ് വന്നു കയറിയവന്റെ പേക്കൂത്തുകൾ നിശബ്ദം സഹിച്ച് തന്നെ വിശ്വസിക്കാനോ കേൾക്കാനോ ഒരാളില്ലാത്ത വിധം തകർന്നു കിടക്കുന്നത്

 

മറ്റുള്ളവർക്ക് മുന്നിൽ നല്ലവനായ് നടിക്കുന്നതിനൊപ്പം തന്നെ ആരും കവിതയെ വിശ്വസിക്കാതിരിക്കാൻ വേണ്ടതെല്ലാം കിഷോർ നാട്ടിലും വീട്ടിലും ചെയ്തു വെച്ചിട്ടുണ്ട്…

 

നാട്ടുകാർക്ക് നല്ലവനാണ് കിഷോർ, കവിത വെറുക്കപ്പെട്ടവളും..

 

ഈ ജീവിതത്തെക്കാൾ നല്ലത് മരണമാണെന്ന് കവിത ചിന്തിച്ചു തുടങ്ങിയ നേരത്തു തന്നെയാണ് അടച്ചിട്ട മുൻവാതിലിൽ ആരോ തട്ടിയെന്ന് കിഷോറിനു തോന്നിയത്…

 

നിലത്തു കിടന്ന മുണ്ട് വാരിയെടുത്തുടുക്കുന്നതിനിടയിൽ അവന്റെ നോട്ടമൊന്ന് കവിതയിലേക്ക് നീങ്ങി

 

അവളുടെ കിടപ്പുകണ്ട ക്രൂരമായ സംതൃപ്തിയോടെ വാതിൽ തുറന്ന കിഷോർ മുന്നിൽ നിൽക്കുന്നവരെ കണ്ടതും പകച്ചു പോയ്…

 

കവിതയുടെ അമ്മയും അനിയത്തിയും കൂടെ ഗോപനും…

 

“ചേച്ചിയെ ഒന്ന് വിളിക്ക് ചേട്ടാ ഒരു കാര്യം പറയാനാ…

 

ഗോപൻ പറഞ്ഞതും പതറുന്ന കിഷോറിനെ കണ്ടതും പിടഞ്ഞു കീർത്തനയുടെ ഉള്ളം… കവിതയ്ക്കും കിഷോറിനും പുറകെ ഇങ്ങോട്ടു പുറപ്പെട്ടു വരും വഴി ഗോപൻ സംശയംപറഞ്ഞതു കൂടി ഓർത്തതും

കീർത്തന അമ്മയേയും കൂട്ടി അകത്തേക്കോടി കയറി

 

അകത്തെത്തിയ അവരിൽ നിന്നൊരു നിലവിളി പുറത്തേക്കെത്തിയതും അതു പ്രതീക്ഷിച്ചു നിന്ന ഗോപന്റെ ചവിട്ടേറ്റ് വീടിനകത്തേക്ക് വീണു കിഷോർ…

 

ഓടിക്കൂടിയ നാട്ടുകാർക്കിടയിലൂടെ കവിതയെ കിടത്തിയ വാഹനം ആശുപത്രി ലക്ഷ്യമാക്കി നീങ്ങിയതും കൈവിലങ്ങണിഞ്ഞു നിൽക്കുന്ന കിഷോറിന്റെ മുഖത്ത് ഒന്നുകൂടി പതിച്ചു ഗോപന്റെ കൈ.. ആരും തടഞ്ഞില്ലവനെ…

 

“നീ എത്രയൊക്കെ അഭിനയിക്കാൻ പഠിപ്പിച്ചാലും നിന്റെയൊരു ശ്വാസത്തിലും നോട്ടത്തിലും വിറയ്ക്കുന്ന ചേച്ചിയെ ആർക്ക് മനസ്സിലായില്ലെങ്കിലും എനിയ്ക്ക് മനസ്സിലായിരുന്നെടാ കുറച്ചു മുമ്പുതന്നെ… ചേച്ചിയുടെ കണ്ണീരൊപ്പാൻ അവർക്ക് ഞാനുണ്ടാവുമെടാ എന്നും… അതിനവരുടെ കൂടപ്പിറക്കണമെന്നില്ലെടാ ഞാൻ… നിന്റെ നിഴൽ പോലും പതിയരുത് അവരുടെ മേലിനി… അവരു ജീവിച്ചോളും അവരുടെ അച്ഛൻ അവർക്കുണ്ടാക്കിയ വീട്ടിൽ… അവിടേക്കിനി നീ വന്നാൽ …. നിന്റെ നോട്ടം അവരിൽ പതിഞ്ഞാൽ പിന്നെ നീ ശവമാണ് കിഷോറേ….

 

കൈവിരൽ ചൂണ്ടി കിഷോറിനു നേരെ നിൽക്കുന്ന ഗോപനെ ഭയത്തോടെ കിഷോർ നോക്കുമ്പോൾ അവിടെ കൂടിയിരുന്നവർ തിരിച്ചറിയുകയായിരുന്നു ഒരുത്തന്റെ മനസ്സ് മനസ്സിലാക്കാൻ , കൂടെ നിൽക്കാൻ ഒരമ്മയുടെ വയറ്റിൽ പിറക്കേണ്ടതില്ലെന്ന്… മറ്റുള്ളവരെ കാണാനുള്ളൊരു മനസ്സുമതി… അവരെ കേൾക്കാനിത്തിരി സമയം ഉണ്ടായാൽ മതീന്ന്… അങ്ങനെയാണെങ്കിൽ പൊലിയാതിരിയ്ക്കും ഒട്ടേറെ ജീവനുകൾ….

 

ശുഭം

 

രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *