“എല്ലാം നമ്മുടെ ഇഷ്ടത്തിന് വിട്ടു തന്ന് നമ്മളെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ അഴിച്ചുവിടുന്ന ഭർത്താക്കന്മാർക്ക് സത്യത്തിൽ നമ്മളോട് യാതൊരു സ്നേഹവുമില്ല പൂർണ്ണിമ.. ഉണ്ട് എന്നത് നമ്മുടെ തോന്നലും ചിന്തയും മാത്രമാണ്…”
പതിവുപോലെയൊരു കുശലാന്വോഷണത്തിന് വന്നിരുന്ന ഷീല അല്പം ഗൗരവത്തോടെയും അതിലേറെ പുച്ഛത്തോടെയും തന്നോടു പറയുന്നതു കേട്ടതും അമ്പരന്നവളെ നോക്കി പൂർണ്ണിമ…
ആ നോട്ടം കൃത്യമായ് കണ്ട ഷീലയുടെ മുഖത്തെ പുച്ഛത്തിന്റെ അളവ് കൂടി..
ഭർത്താവും മകനും പൂർണ്ണിമയും ഉള്ള വീട്ടിൽ പൂർണ്ണിമയുടെ ഇഷ്ടമാണ് എപ്പോഴും നടക്കുന്നത്…
അവളെടുക്കുന്ന തീരുമാനങ്ങൾക്കോ അഭിപ്രായങ്ങൾക്കോ ഒന്നും യാതൊരു എതിർപ്പോ അഭിപ്രായ വ്യത്യാസമോ ഭർത്താവിന്റെയോ പത്തൊമ്പതുകാരനായ അവളുടെ മകന്റെയോ ഭാഗത്ത് നിന്നിതുവരെ ഉണ്ടായിട്ടില്ല…
പൂർണ്ണിമയുടെ അയൽവാസിയായ് ഷീല വന്നതുമുതൽ ഷീലയ്ക്കുള്ളിൽ വല്ലാത്ത
ഒരസ്വസ്ഥതയാണ് പൂർണ്ണിമയുടെ ജീവിതം കാണുമ്പോൾ
എന്തിനും ഏതിനും ഭർത്താവിന്റെ അനുവാദം വാങ്ങേണ്ട, സ്വന്തമായ് ഒരു രൂപ പോലും സമ്പാദ്യമായിട്ടില്ലാത്ത ഷീലയ്ക്ക് പൂർണ്ണിമയുടെ ജീവിതം കാണുമ്പോൾ സത്യത്തിൽ അസൂയാണ്… അതു കൊണ്ടു തന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ പൂർണ്ണിമയെ കളിയാക്കാനും മനസ്സിൽ വിഷം നിറയ്ക്കാനും ശ്രമിയ്ക്കും ഷീല…
“അവിടെ എന്റെ ഇച്ചായന് ഏതു കാര്യവും സ്വയം തീരുമാനിച്ച് ചെയ്യുന്നതാണ് ഇഷ്ടം, നീ വെറുതെ ഓരോന്നോർത്ത് ടെൻഷൻ തലയിലെടുത്തു വെക്കണ്ടാന്ന് പറയും എന്നോട്…
എനിയ്ക്കൊന്നു പുറത്തു പോവണമെങ്കിൽ പോവേണ്ട വണ്ടി വരെ ഏർപ്പാടാക്കി തരും ഇച്ചായൻ… അത്രയും കരുതലും സ്നേഹവുമാണെന്നോട്…
ഇവിടെ പൂർണ്ണിമയുടെ ജയേട്ടൻ എല്ലാ ഭാരവും പൂർണ്ണിമയെ ഏല്പിച്ച് സ്വതന്ത്ര്യത്തോടെ ജീവിക്കുകയാണ് സത്യത്തിൽ… എന്നിട്ടൊരു പറച്ചിലും സ്നേഹം കൊണ്ടാണെന്ന്… സത്യത്തിൽ നിന്റെ ഭർത്താവിന് നിന്നോടൊരു സ്നേഹവുമില്ല പൂർണ്ണിമ…”
മനസിലെ വിഷം പൂർണ്ണിമയിലേക്കൊഴുക്കി ഷീല… പൂർണ്ണിമയുടെ ജീവിതത്തിൽ സമാധാനം ഇല്ലാതാക്കണമെന്ന ചിന്ത മാത്രമേയുള്ളു ഷീലയ്ക്ക്
“എന്റെ ജയേട്ടന് എന്നോട് നല്ല സ്നേഹവും വിശ്വാസവുമാണ് ഷീലേ…
ഞാനൊരു കാര്യത്തിൽ തീരുമാനമെടുത്താൽ അതിന്റെ എല്ലാ വശങ്ങളും ആലോചിക്കുന്നതുകൊണ്ട് മൂപ്പർക്ക് പിന്നെ അതിനെ പറ്റി ചിന്തിക്കേണ്ടിയേ വരാറില്ല എന്നാണ് പറയാറ്…
“പിന്നെ സ്വാതന്ത്ര്യം എന്ന് പറയുന്നത് നമുക്ക് ആരും തരേണ്ടതല്ലല്ലോ…
നമ്മളും അവരുമെല്ലാം തുല്യരാണ് എന്നതാണ് ഇവിടെ ഞങ്ങളുടെ കാഴ്ചപ്പാട്..
അവർ കുടുംബത്തിന് വേണ്ടി പുറത്തു പോയി ജോലിയെടുക്കുന്നു, നമ്മൾ കുടുംബത്തിനു വേണ്ടി കുടുംബത്തിനകത്ത് ജോലിയെടുക്കുന്നു … രണ്ടു കൂട്ടർ ചെയ്യുന്നതും സ്വന്തം കുടുംബത്തിനു വേണ്ടിയാക്കുമ്പോൾ പിന്നെന്തു പ്രശ്നമാണവിടെ…”
ഷീലയിലെ ദുഷ്ചിന്തയറിയാതെ ഉള്ള കാര്യം ഉള്ളതുപോലെ പൂർണ്ണിമ പറഞ്ഞതും ഷീലയുടെ മുഖമൊന്നിരുണ്ടു
“ഇതൊക്കെ നിനക്ക് എന്നോടു പറയാനേ കൊള്ളൂ…
ഒരു രണ്ടു ദിവസം നീ അവരുടെ കാര്യങ്ങളൊന്നും അന്വോഷിക്കാതെ സ്വന്തം കാര്യം നോക്കി ജീവിച്ചു നോക്ക്… അല്ലെങ്കിൽ വയ്യാന്ന് പറഞ്ഞൊന്ന് കിടന്നു നോക്ക്, അപ്പോഴറിയാം ഇവരുടെയൊക്കെ സ്നേഹം… തിരിഞ്ഞു നോക്കില്ല ഇവരൊന്നും…”
കൂടെ കിടക്കാനും ,ശരീരം പങ്കിടാനും വയ്യാന്ന് നമ്മളൊന്ന് പറഞ്ഞാൽ കെട്ടിയോന്റെയെല്ലാം തനിക്കൊണം അപ്പോ പൂച്ചു പൊളിച്ച് പുറത്തു ചാടും….
ഞാനിതു പോലെ പലതും കണ്ടനുഭവിച്ചതാണ് മോളെ…. ”
പൂർണ്ണിമയുടെ മനസ്സിലേക്ക് വീണ്ടും ഇരുൾ നിറച്ചു ഷീല… ഇത്തവണ പക്ഷെ ഷീലയെ എതിർത്തില്ല പൂർണ്ണിമ..
താൻ പറഞ്ഞതെവിടെയോ പൂർണ്ണിമയ്ക്കു കേറി കൊളുത്തിയെന്നു കണ്ടതും മന:സമാധാനത്തോടെ തിരിച്ചു പോയ് ഷീല
പതിവുപോലെ ഓഫീസു വിട്ടു വന്ന ജയനോട് തനിയ്ക്ക് തലവേദനയാണെന്ന് പറഞ്ഞ് പൂർണ്ണിമ കിടന്നതും അവരെയൊന്നു നോക്കി
അയാൾ മെല്ലെ റൂമിനു പുറത്തേക്കിറങ്ങി
“അമ്മയ്ക്ക് തലവേദനയാ മോനൂ…ഡിസ്റ്റർബ് ചെയ്യേണ്ട… കിടന്നോട്ടെ…”
തന്നെ അന്വോഷിച്ചു വന്ന മകനോട് ജയൻ പറയുന്നത് റൂമിലിരുന്ന് കേട്ടു പൂർണ്ണിമ
അല്പം നേരം കഴിഞ്ഞതും മൃദുവായ് നെറ്റിയിൽ ബാംപുരട്ടുന്ന മകന്റെ കൈ അറിഞ്ഞതും എന്തിനോ നിറഞ്ഞു പോയി പൂർണ്ണിമയുടെ മിഴികൾ
“നല്ല വേദനയുണ്ടോ പൂർണീ..കണ്ണാക്കെ നിറയുന്നുണ്ടല്ലേ’… ദാ ചായ കുടിച്ച് കുറച്ചു നേരം കിടന്നു നോക്ക്… കുറവില്ലെങ്കിൽ നമ്മുക്ക് ഹോസ്പ്പിറ്റലിൽ പോവാം ട്ടോ… ”
ചായ ടേബിളിൽ വെച്ച് അവളെ ഒന്ന് തലോടി ജയൻ പറഞ്ഞതും തന്റെ ഇരുഭാഗത്തുമായ് ആധിയോടെ നിൽക്കുന്നവരെ നോവോടെ നോക്കിയവൾ
പതിവിനു വിപരീതമായ് അന്നത്തെ രാത്രിയ്ക്ക് ദൈർഘ്യമേറെയായിരുന്നു.
പതിവു കളി തമാശകളില്ലാതെ ഉറങ്ങി പോയ വീടു കണ്ടതും താനാണ് തന്റെ വീടിന്റെയും അവിടെയുള്ളവരുടെയും തുടിപ്പെന്ന് ഒന്നുകൂടി തിരിച്ചറിഞ്ഞവൾ
രാത്രി കിടക്കാനൊരുങ്ങി മുറിയിൽ വന്ന ജയൻ ചെരിഞ്ഞു കിടന്ന പൂർണ്ണിമയെ മെല്ലെ തിരിച്ചു തനിയ്ക്ക് നേരെ കിടത്തി നെഞ്ചോടു ചേർത്ത് പുണർന്നതും ഒന്നു കുതറിയവൾ
“ഒന്നൂല്ല… ഉറങ്ങിക്കോ പൂർണ്ണീ….
ഇങ്ങനെ ചേർന്നുകിടന്നുറങ്ങി
വർഷങ്ങളുടെ
ശീലായില്ലേ…
മാറിക്കിടന്നാൽ ഉറക്കം വരില്ലെനിയ്ക്കെന്ന് അറിയില്ലേ …
കിടന്നോ…!
തന്റെ നെറ്റിയിലൊന്നു മൃദുവായ് ചുണ്ടു ചേർത്തു പറയുന്നവനെ ഇറുക്കെ പുണർന്ന് ആ നെഞ്ചോരം പറ്റി കിടക്കുമ്പോൾ ഷീലയുടെ വാക്കുകൾ കേട്ട് തന്റെ പ്രാണനുകളെ പരീക്ഷിക്കാൻ പോയ തന്നോടു തന്നെ ദേഷ്യം തോന്നി പൂർണ്ണിമക്ക്…
പിറ്റേ ദിവസം പതിവുപോലെ എഴുന്നേറ്റ് കുളിച്ച് പൂർണ്ണിമ അടുക്കളയിലെത്തിയതിനു പുറകെയെത്തി ജയനും മകനും സുഖവിവരങ്ങൾ തിരക്കി അവളെ സഹായിക്കാൻ….
” അമ്മയ്ക്ക് ഇവിടെ ബോറടി വല്ലതും ഉണ്ടോ അമ്മേ… ?
പകലെല്ലാം അമ്മ തനിച്ചല്ലേ…? അതോണ്ടാണോ ഇന്നലെ തലവേദന വന്നത്…?
ചൂടു ചായ ഗ്ലാസ്സൊന്ന് തനിയ്ക്കു നേരെ നീട്ടി ചോദിക്കുന്ന മകന്റെ മുഖത്തേക്കും തന്റെ ഉത്തരം അറിയാൻ കാത്തു നിൽക്കുന്ന ജയന്റെ മുഖത്തേക്കും പുഞ്ചിരിയോടെ നോട്ടം പായിച്ചൊന്ന് കണ്ണടച്ചവൾ
“ഇവിടെയെനിക്ക് ഒരു ബോറടിയും ഇല്ല.. ഞാൻഹാപ്പിയാണ്… പിന്നെ തലവേദന…. അതിടയ്ക്കൊക്കെ വരുന്നത് നല്ലതല്ലേ… നിങ്ങളച്ഛന്റേം മോന്റെം കെയറിംങ്ങ് കിട്ടൂലോ …”
പൊട്ടിച്ചിരിയോടെ പൂർണ്ണിമ പറയുമ്പോൾ
അവളുടെ മുഖത്തെ ചിരിയിൽ തെളിഞ്ഞത് അവരുടെ മനസ്സുകൂടിയാണെന്ന തിരിച്ചറിവിൽ അവളുടെ ഉള്ളൊരു ഉറച്ച തീരുമാനം എടുത്തിരുന്നു..
അന്നു പതിവുപോലെ എല്ലാവരും പോയ് കഴിഞ്ഞന്നുറപ്പിച്ച് പൂർണ്ണിമയ്ക്ക് അരികിലേക്ക് ആവേശത്തോടെ വന്ന ഷീല പൂർണ്ണിമയുടെ മുഖത്തെ പതിവില്ലാത്ത ഗൗരവം കണ്ടതും അവളോടു മിണ്ടാനൊന്ന് അറച്ചു…
“പൂർണ്ണിമ… അത്…
എന്തോ ചോദിക്കാനായവൾ വാ തുറന്നതും കൈ നീട്ടി തടഞ്ഞു പൂർണ്ണിമ
“ഷീല ഇനിയിവിടേക്ക് വരരുത്… എനിയ്ക്കിഷ്ടമില്ല, ഞാനെന്റെ കുടുംബത്തിനൊപ്പം ഞങ്ങളുടെ സന്തോഷം കണ്ടെത്തി ജീവിച്ചോളാം… അവിടെയെനിക്ക് തന്നെ പോലൊരു സുഹൃത്തിനെയോ അയൽവാസിയേയോ ആവശ്യമില്ല… ഷീല ചെല്ല്….”
കടുപ്പത്തിൽ പൂർണ്ണിമ പറഞ്ഞതും പകച്ചു ഷീല
അങ്ങനൊരു സംസാരം അവൾ പൂർണ്ണിമയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല…
തന്റെ വാക്കുകളിൽ പകച്ചു നിൽക്കുന്ന ഷീലയെ തികച്ചും അവഗണിച്ച് പൂർണ്ണിമ വീടിനകത്തേക്ക് നടന്നു
ചില മാരക രോഗങ്ങളെക്കാൾ ഭീകരരാണ് ഇത്തരം സുഹൃത്തുക്കളെന്ന തിരിച്ചറിവ് ഇന്നലെ ഒരു രാത്രി കൊണ്ടുവന്ന പൂർണ്ണിമ യാതൊരു മയവും കൂടാതെ ഷീലയ്ക്ക് മുമ്പിൽ വാതിൽ വലിച്ചടച്ചതും ആ അടി തന്റെ മുഖത്തേറ്റ പോലെ ചൂളിപോയ് ഷീല….
പിന്നെ മെല്ലെ നാണംകെട്ടവിടെ നിന്ന് തിരികെ നടന്നു..
ശുഭം