നീ എന്നെ കളിയാക്കുവാൻ പറഞ്ഞതാണെങ്കിലും എന്റെ അച്ഛന്റെ കഷ്ടപ്പാടുകൾ മനസിലാക്കാൻ എന്നെ സഹായിച്ചത്

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“ശിവാനി.. നിന്റെ അച്ഛൻ എവിടെ വർക്ക്‌ ചെയ്യുന്നു ന്നാ പറഞ്ഞെ.. ”

കോളേജിൽ ലഞ്ച് ബ്രേക്കിൽ ഇരിക്കെ കൂട്ടുകാരി ആതിരയുടെ ചോദ്യം കേട്ട് ശിവാനി നെറ്റി ചുളിച്ചു.

” അച്ഛൻ സിറ്റി ഗ്രാൻഡ് ഹോട്ടലിൽ.. എന്തെ ഇപ്പോ പെട്ടെന്ന് അച്ഛനെ പറ്റി ഒരു ചോദ്യം.. ”

” ഏയ് ചുമ്മാ.. അവിടെ എന്ത് ജോലിയാ നിന്റെ അച്ഛന്.. ”

ആതിര വീണ്ടും ചോദിക്കുമ്പോൾ സംശയത്തോടെ പതിയെ അവൾക്ക് നേരെ തിരിഞ്ഞു ശിവാനി.

” അവിടെ അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റ് ആണ്.. എന്താ ടീ എന്താ കാര്യം നീ അവിടെങ്ങാൻ പോയപ്പോ അച്ഛനെ കണ്ടോ.. ”

” ഉവ്വ്…. കണ്ടു.. ഇന്നലെ ഞങ്ങടെ ഒരു ഫാമിലി ഫഗ്ഷൻ അവിടെ വച്ച് ഉണ്ടായിരുന്നു. ചെന്നപ്പോ നിന്റെ അച്ഛൻ പാർക്കിംഗ് ഏരിയയിൽ യൂണിഫോം ഒക്കെ ഇട്ട് നിന്ന് അഡ്മിനിസ്ട്രേഷൻ ചെയ്യുന്നത് കണ്ട്…

ഉള്ളത് പറയാലോ ആള് ജോലിയിൽ പക്കാ പെർഫെക്ട് ആണെന്നാണ് എന്റെ അച്ഛൻ പറഞ്ഞത് തിരക്കായത് കൊണ്ട് ഞങ്ങടെ കാർ പാർക്ക് ചെയ്യാൻ സഹായിച്ചത് നിന്റെ അച്ഛൻ ആണ്. അതിനു ടിപ്പ് ആയി നൂറു രൂപയും കൊടുത്തിട്ടുണ്ട്. ”

മറുപടിക്കൊപ്പം ആതിര പൊട്ടിച്ചിരിക്കുകയായിരുന്നു. അത് കേട്ടിട്ട് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും ചിരിക്കവേ ഒന്നും മനസിലാകാതെ ആതിരയെ തന്നെ നോക്കി ഇരുന്നു ശിവാനി..

” എടീ നീ എന്താ പറയുന്നേ.. പാർക്കിങ്ങിലോ.. അവിടെന്ത്‌ പണി അച്ഛന്.. നിനക്ക് ആള് മാറിക്കാണും “.

” ആളൊന്നും മാറീട്ടില്ല ശിവാനി ഞാൻ കണ്ടിട്ടുള്ളതല്ലേ നിന്റെ അച്ഛനെ.. ആള് അവിടെ സെക്യൂരിറ്റി അല്ലെ… എന്നിട്ട് എന്ത് തള്ളാ നീ ഞങ്ങളോട് തള്ളിയെ അച്ഛൻ അഡ്മിനിസ്‌ട്രേറ്റ്റീവ് അസിസ്റ്റന്റ്…. ”

വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു ആതിര. അത് കേട്ട് നടുക്കത്തോടെ നോക്കി ഇരുന്നു ശിവാനി.

” അച്ഛൻ സെക്യൂരിറ്റിയോ.ആ കേട്ടത് അവളെ ആകെ ഉലച്ചിരുന്നു.

” അച്ഛന് ഓഫീസിൽ ടൈ ഒക്കെ കെട്ടി നിൽക്കണം മോളെ.. അഡ്മിനിസ്‌ട്രേഷൻ സ്റ്റാഫ് എല്ലാം വെൽ ഡ്രസ്സ്ഡ് ആയിരിക്കണം. അതോണ്ട് ഓഫീസിൽ ഇടാൻ ഉള്ളത് ഞാൻ അവിടെ ഞങ്ങടെ റസ്റ്റ്‌ റൂമിൽ വാങ്ങി വച്ചിട്ടുണ്ട്..

ഫൈവ് സ്റ്റാർ ഹോട്ടൽ അല്ലെ അത്. ഞങ്ങൾക്ക് അവടെ സെപ്പറേറ്റ് റൂം ഉണ്ട്. അവിടെ തന്നെ അലക്കാൻ കൊടുത്ത് ഇസ്തിരി ഇട്ട് വാങ്ങും… വീട്ടിലൊക്കെ കൊണ്ട് വന്നു അലക്കിയാലോന്നും ശെരിയാകില്ല.. ഇവിടുന്ന് ഏത് ഡ്രെസ്സിൽ ചെന്നാലും ഓഫീസിൽ എത്തിയാൽ അപ്പോഴേ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യും ഞങ്ങൾ.”

എന്നും പഴയ കുപ്പാങ്ങൾ ഒക്കെ ഇട്ട് പോകുന്ന അച്ഛനോട് ഒരിക്കൽ അന്യോഷിച്ചപ്പോൾ പറഞ്ഞ മറുപടിയായിരുന്നു ഇത്. ഒന്നുകൂടി അത് മനസിൽ ഓർക്കവേ ശിവാനിയുടെ ഉള്ളിലും സംശയം ജനിച്ചു.

ആ സമയം ആതിരയുടെ പരിഹാസത്തെ മറ്റു കൂട്ടുകാരും ഏറ്റു പിടിച്ചിരുന്നു.

“അതുകൊള്ളാം.. അപ്പോ ഇവള് പറഞ്ഞതൊക്കെ തള്ള് ആയിരുന്നല്ലേ… ”

” ഭാഗ്യം… ഹോട്ടലിന്റെ ഓണർ ആണെന്ന് പറയാത്തത്.. ”

കമന്റുകൾ പലതായി ഉയരുമ്പോൾ ഒപ്പം തന്നെ പൊട്ടിച്ചിരികളും ഉയർന്നു. പക്ഷെ അതൊന്നും ശിവാനിയേ കുലുക്കിയില്ല.. അവളുടെ മനസ്സ് അപ്പോൾ ആകെ കലങ്ങി മറിയുകയായിരുന്നു.

” മോളെ.. അച്ഛൻ ഇന്ന് രാത്രി വരാൻ ലേറ്റ് ആകും.. ഓഫീസിൽ ഓഡിറ്റിംഗ് വർക്ക്‌ ഒക്കെ നടക്കുവാ.. ”

തലേന്ന് രാവിലെ ജോലിക്ക് പോകാനിറങ്ങവേ അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ അപ്പോൾ.

‘ ആതിര പറഞ്ഞ ഫഗ്ഷൻ ഉള്ളത് കൊണ്ടാകുമോ അച്ഛൻ വരാൻ ലേറ്റ് ആയേക്കും എന്ന് പറഞ്ഞത്.. ‘

മനസിലൂടെ അനേകം ചിന്തകൾ വന്നു പോകവേ പെട്ടെന്നു ബാഗുമെടുത്ത് ക്ലാസ്സ് മുറിക്ക് പുറത്തേക്ക് നടന്നു അവൾ.

“ശിവാ.. നീ എവിടേ പോവാ… ടീ ഫീൽ ആയോ ഞങ്ങൾ പറഞ്ഞത്.. ”

കളിയാക്കിയെങ്കിലും ശിവാനിയുടെ ഭാവമാറ്റവും പെട്ടെന്നുള്ള ആ ഇറങ്ങിപോക്കും ആതിരയെയും വിഷമിപ്പിച്ചു. എന്നാൽ അതൊന്നും വക വയ്ക്കാതെ ശിവാനി പുറത്തേക്ക് പോയി.

ക്ലാസിനു പുറത്തേക്കിറങ്ങിയ അവൾ നേരെ പോയത് പാർക്കിംഗ് ഏരിയയിലെ തന്റെ സ്‌കൂട്ടിക്ക് അരികിലേക്ക് ആണ്. എഞ്ചിനീയറിങ്ങിനു ചേർന്നപ്പോൾ അച്ഛൻ അവൾക്കായി വാങ്ങി കൊടുത്ത സമ്മാനം…

സ്‌കൂട്ടി സ്റ്റാർട്ട്‌ ചെയ്ത് വേഗത്തിൽ പുറത്തേക്ക് പാഞ്ഞു അവൾ. ലക്ഷ്യം സിറ്റി ഗ്രാൻഡ് ഹോട്ടൽ തന്നെയായിരുന്നു.

“അപ്പോ.. ഇതുവരെ പറഞ്ഞത് മുഴുവൻ തള്ളായിരുന്നു അല്ലേ.. ”

” ഭാഗ്യം ഹോട്ടൽ ഓണർ ആണെന്ന് പറയാതിരുന്നത്..”

കൂട്ടുകാരുടെ ആ പരിഹാസവാക്കുകൾ അവൾക്ക് വലിയ അപമാനം ഉണ്ടാക്കി.

‘ ഒരുപക്ഷെ സെക്യൂരിറ്റി ജോലി ആയതിനാൽ ആകണം പലപ്പോഴും ആഗ്രഹം പറഞ്ഞിട്ടും ഇതുവരെയും തങ്ങളെ അച്ഛൻ ഹോട്ടലിലേക്ക് കൊണ്ട് പോകാത്തത് ‘

ചിന്തകൾ പലതായി അവളെ കൂടുതൽ ആസ്വസ്ഥയാക്കി.

അകലെ നിന്നു തന്നെ സിറ്റി ഗ്രാൻഡ് ഹോട്ടലിന്റെ വലിയ ബോർഡ് കാണവേ സ്‌കൂട്ടിയുടെ വേഗത കുറച്ചു ശിവാനി. ശേഷം ഹോട്ടലിനരുകിൽ റോഡിൽ തന്നെ വണ്ടി പാർക്ക്‌ ചെയ്തു. പതിയെ ഗേറ്റിനരികിലേക്ക് നടക്കുമ്പോൾ ചെറിയൊരു നെഞ്ചിടിപ്പ് തോന്നിയിരുന്നു അവൾക്ക്.

‘ഭഗവാനെ.. ആതിരയ്ക്ക് ആള് മാറിയതാകണെ..’ഉള്ളിലെ പ്രാർത്ഥന അതായിരുന്നു. ഫാമിലി റെസ്റ്റുറെന്റ് കൂടി ഉള്ളതിനാൽ ഗേറ്റിനു മുൻവശമെത്തുമ്പോൾ തന്നെ ചെറിയ തിരക്ക് ഉണ്ടായിരുന്നു.

അവിടെ ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ ശിവാനിയുടെ നെഞ്ചിടിപ്പേറി പെട്ടെന്ന് അവൾ നടുക്കുന്ന ആ കാഴ്ച കണ്ടു. അല്പം മുൻപ് പ്രാർത്ഥിച്ചതിനു ഫലമുണ്ടായില്ല. ആതിരയ്ക്ക് തെറ്റും പറ്റിയില്ല.

ഹോട്ടലിൽ വന്ന ഗസ്റ്റുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സഹായങ്ങൾ ഒക്കെ ചെയ്ത് സെക്യൂരിറ്റി യൂണിഫോമിൽ കർമ്മ നിരതനായി നിൽക്കുന്ന അച്ഛനെയാണ് അവൾ അവിടെ കണ്ടത്. ഉള്ളിലൊരു നടുക്കത്തോടെ ആ കാഴ്ച നോക്കി നിന്നു ശിവാനി.

‘ അപ്പോൾ ഇത്രയും നാലും എന്നോട് പറഞ്ഞതൊക്കെ കള്ളമായിരുന്നോ.. ‘

അവളുടെ ഉള്ളിൽ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. പൊരി വെയിലിൽ അച്ഛൻ നെട്ടോട്ടം ഓടുകയാണ്. ആ കാഴ്ച കണ്ട് നിൽക്കാൻ കഴിഞ്ഞില്ല അവൾക്ക്. മാത്രമല്ല അച്ഛന്റെ മുന്നിലേക്ക് പോകാൻ മടിച്ചു ശിവാനി. വേഗത്തിൽ പിന്നിലേക്ക് മാറി മതിലിനു സൈഡിൽ ഒളിച്ചു.

ഒരു തവണ ഹാർട്ട് അറ്റാക്ക് വന്നിട്ടുള്ളത് കൊണ്ട് തന്നെ അധികം ആയാസപ്പെട്ട ജോലികൾ ചെയ്യരുത് എന്ന് ഡോക്ടർ അച്ഛനോട് പറഞ്ഞിരുന്നതാണ്.. എന്നിട്ടും വെയിലും മഴയും കൊണ്ട് ഇങ്ങനെ സെക്യൂരിറ്റി ജോലി നോക്കിയായിരുന്നോ ഇത്രയും നാൾ തന്റെ ആവശ്യങ്ങൾ നടത്തി തന്നിരുന്നത്.

ഉള്ളിൽ വല്ലാത്ത കുറ്റബോധത്താൽ അവളുടെ മിഴികളിൽ നനവ് പടർന്നിരുന്നു. വേഗത്തിൽ തന്നെ അവൾ തന്റെ സ്‌കൂട്ടിക്ക് അരികിലേക്ക് പോയി. ആ വണ്ടിയിലേക്ക് കയറുമ്പോൾ ചില ഓർമ്മകൾ വീണ്ടും അവളെ വേട്ടയാടി.

എഞ്ചിനീയറിങ് കോളേജിലേക്ക് പഠിക്കാൻ പോകുമ്പോൾ ടൂ വീലർ വേണമെന്ന് അച്ഛനോട് വാശി പിടിച്ചതും പൈസയുടെ ബുദ്ധിമുട്ട് ഉണ്ടായിട്ടും അത് പുറത്ത് കാട്ടാതെ ഒടുവിൽ അച്ഛൻ വാങ്ങി തന്നതും എല്ലാം അവൾക്ക് ഉള്ളിൽ നൊമ്പരമായി. വേഗത്തിൽ സ്‌കൂട്ടി സ്റ്റാർട്ട്‌ ചെയ്ത് കോളേജിലേക്ക് തന്നെ പോയി ശിവാനി.

കൂട്ടുകാർ പറഞ്ഞത് സത്യമായിരുന്നു. പലപ്പോഴും അച്ഛൻ പ്രശസ്തമായ സിറ്റി ഗ്രാൻഡ് ഹോട്ടലിലെ ഓഫീസ് സ്റ്റാഫ് ആണെന്ന് പറഞ്ഞു താൻ അഭിമാനം കൊണ്ടിരുന്നു. എല്ലാം ഒറ്റ നിമിഷത്തിൽ തകർന്നു..

കോളേജിലേക്കെത്തി അവൾ നേരെ ക്ലാസ്സ് മുറിയിലേക്ക് ആണ് പോയത്. ആതിരയും മറ്റു സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു.

ശിവാനിയെ കണ്ടപാടേ ചാടിയെഴുന്നേറ്റു ആതിര.

“ശിവാ.. നീ എവിടേ പോയതാ.. എത്ര വട്ടം ഫോണിൽ വിളിച്ചു ഞാൻ.. ഞാൻ പറഞ്ഞത് നിനക്ക് വിഷമം ആയെങ്കിൽ സോറി ടീ..”

ആ മാപ്പ് പറച്ചിൽ കേട്ടിട്ട് ഒന്ന് പുഞ്ചിരിച്ചു ശിവാനി.

” തെറ്റ് പറ്റിയത് എനിക്കാണ്. എന്റെ അച്ഛന്റെ ജോലി പറഞ്ഞിട്ട് ഞാൻ പലപ്പോഴും വീമ്പു കാട്ടിയിരുന്നു നിങ്ങടെ മുന്നിൽ.. സത്യത്തിൽ ഞാനും അങ്ങിനെയാണ് കരുതിയിരുന്നത്. പക്ഷെ ഇന്നിപ്പോ ഹോട്ടലിൽ പോയി നോക്കിയപ്പോൾ ആണ് സത്യാവസ്ഥ ഞാനും അറിഞ്ഞത്..

ആതിര പറഞ്ഞത് ശെരിയാണ്. എന്റെ അച്ഛൻ സിറ്റി ഗ്രാൻഡ് ഹോട്ടലിൽ സെക്യൂരിറ്റിയാണ്. ”

ആ വാക്കുകൾ കേട്ട് കൂട്ടുകാർ പരസ്പരം നോക്കി.

” ശിവാനി. നീ അത് സീരിയസ് ആയി എടുത്തോ.. ഞങ്ങൾ ചുമ്മാ തമാശയ്ക്ക്.. കളിയാക്കിയതാണ്.. നിനക്ക് അത് വിഷമമായോ .. ”

” ഏയ്.. അതിൽ വിഷമിക്കേണ്ട.. നിങ്ങൾ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല… പകരം എന്റെ ഉള്ളു നിറച്ചു കുറ്റബോധം മാത്രമാണ്.. എന്റെ അച്ഛൻ ഇത്രയും കഷ്ടപ്പെട്ടാണ് എന്റെ ഓരോ കാര്യങ്ങളും നടത്തിയുന്നത് എന്ന് അറിയാതെ ഞാൻ ഒരുപാട് അഹങ്കരിച്ചു.

പാവം സെക്യൂരിറ്റി ജോലിയാണ് എന്ന് ഞാൻ അറിഞ്ഞാൽ ചിലപ്പോൾ നാണക്കേട് ആണെന്ന് പറഞ്ഞു വഴക്ക് ആക്കും എന്ന് പേടിച്ചിട്ട് ആകും എന്നോട് കള്ളം പറഞ്ഞത്.. ”

അത് പറയുമ്പോൾ ശിവാനിയുടെ മിഴികളിൽ നീര് തെളിഞ്ഞിരുന്നു.

” അച്ഛൻ മുന്നേ ഗൾഫിൽ ആയിരുന്നു. നാട്ടിൽ വന്നിട്ട് ഇപ്പോ രണ്ട് വർഷങ്ങൾ ആകുന്നു. ഞങ്ങടെ കാര്യങ്ങളിൽ ഒന്നും അച്ഛൻ ഒരു കുറവും വരുത്തിയിരുന്നില്ല അതുകൊണ്ട് തന്നെ പൊതുവെ ഇച്ചിരി സ്റ്റാറ്റസും ആഡംബരവുമൊക്കെ കാട്ടിയാൽ ഞാൻ നടന്നിരുന്നതും.. അങ്ങനുള്ളപ്പോൾ അച്ഛൻ സെക്യൂരിറ്റി ആണെന്നറിഞ്ഞാൽ എനിക്കത് വിഷമം ആകും എന്ന് പാവം ചിന്തിച്ചു കാണും ”

ഉള്ളിലെ വിഷമങ്ങൾ മറയില്ലാതെ തുറന്ന് പറഞ്ഞു ശിവാനി.

” എടോ പോട്ടെടോ.. എന്ത് തന്നെ ആയാലും എത്ര കഷ്ടപ്പെട്ട് ആയാലും അച്ഛൻ നിന്നെ പൊന്ന് പോലെ നോക്കുവല്ലേ.. അത് തന്നെ വല്യ കാര്യം.. ”

അവളെ ആശ്വസിപ്പിക്കുമ്പോൾ താൻ കാരണം ശിവാനിക്ക് ഇങ്ങനൊരു വിഷമം ഉണ്ടായി എന്ന ചിന്ത ആതിരയെയും ഉലച്ചിരുന്നു.

” ഏയ് എനിക്ക് വിഷമം ഒന്നുമില്ല.. ഇന്ന് രാത്രി അച്ഛനോട് ഞാൻ എല്ലാം ചോദിക്കും.. എന്നിട്ട് മാപ്പ് പറയണം.. നാളെ മുതൽ രാവിലേ എന്റെ അച്ഛനെ ഞാൻ തന്നെ ജോലിക്ക് കൊണ്ടാക്കും….

അച്ഛൻ കഷ്ടപ്പെട്ട് ആണ് എന്നെ വളർത്തി നല്ലൊരു നിലയിൽ ആക്കാൻ ശ്രമിക്കുന്നത് എന്ന സത്യം ഇന്നുമുതൽ ഞാൻ മനസിലാക്കുന്നു.. അത് കൊണ്ട് തന്നെ ഇനി ഞാൻ എന്റെ അച്ഛന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞു. അച്ഛന്റെ പ്രതീക്ഷകൾക്കൊപ്പം തന്നെ പ്രവർത്തിക്കും അത് ഉറപ്പ്.. ”

ശിവാനിയുടെ വാക്കുകൾ ഉറച്ചതായിരുന്നു. ഒപ്പം ആതിരയോട് നന്ദി പറയാനും മറന്നില്ല അവൾ.

” ആതിര നീ എന്നെ കളിയാക്കുവാൻ പറഞ്ഞതാണെങ്കിലും എന്റെ അച്ഛന്റെ കഷ്ടപ്പാടുകൾ മനസിലാക്കാൻ എന്നെ സഹായിച്ചത് നിന്റെ പരിഹാസ വാക്കുകൾ ആണ്. അതിനു ഒരുപാട് നന്ദിയുണ്ട്….”

ഉള്ളിൽ തട്ടിയുള്ള വാക്കുകൾ ആയിരുന്നു അത്. ആ വാക്കുകൾ കേട്ടത്തോടെ ആതിരയ്ക്കും ഉള്ളിൽ തോന്നിയ കുറ്റബോധത്തിന് അല്പം ആശ്വാസം കിട്ടി.

മക്കളെ ഒരു നല്ല നിലയിൽ എത്തിക്കാൻ സ്വന്തം ആരോഗ്യം പോലും നോക്കാതെ കഷ്ടപ്പെടുന്ന എല്ലാ അച്ഛന്മാർക്കും സമർപ്പിക്കുന്നു. ശിവാനിയെ പോലെ കാര്യങ്ങൾ മനസിലാക്കി പെരുമാറുവാൻ കാര്യപ്രാപ്തിയുള്ള മക്കൾ കൂടിയാണേൽ ആ അച്ഛനും അഭിമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *