ആ കൊച്ചിന് ആണേൽ ഏതാണ്ട് ഒക്കെ സൂക്കേടും ഉണ്ടായിരുന്നു…ഈ തംബുരുവിനെ ഗർഭിണി

രാരീരം

(രചന: Bhadra Madhavan)

 

നമ്മുടെ വർക്കി ചേട്ടന്റെ ഒഴിഞ്ഞു കിടക്കുന്ന വീടില്ലേ അവിടേക്ക് നാളെ പുതിയ താമസക്കാര് വരുന്നുണ്ട്. രാത്രി അത്താഴം കഴിക്കുമ്പോൾ കൃഷ്ണപിള്ള ഭാര്യയോടും മകളോടുമായി പറഞ്ഞു

അത് എന്തായാലും നന്നായി… അത്രയും നല്ലൊരു വീട്… ആളും അനക്കവുമില്ലാതെ കിടന്നു നശിക്കുവല്ലേ….

ഇപ്പൊ ആളും വെളിച്ചവുമൊക്കെ ആയാല് നമുക്കും പേടിക്കണ്ടല്ലോ…

വിളി ച്ചാൽ വിളി കേക്കണ ദൂരത്ത് ഒരു വീട് ഉള്ളത് എപ്പോഴും നല്ലതാ… അയാളുടെ പ്ലേറ്റിലേക്ക് പയർ തോരൻ വിളമ്പി കൊണ്ട് ഭാര്യ ശാരദ പറഞ്ഞു …

അങ്ങ് കാഞ്ഞിരപ്പള്ളിയിൽ നിന്നും എങ്ങാണ്ട് ആണ് അവര് വരുന്നേ…. ആരൊക്കെ ആണാവോ ഭക്ഷണം ആസ്വാദിച്ചു കഴിക്കുന്നതിടയിൽ അയാൾ പറഞ്ഞു

വല്ല പെങ്കുട്ട്യോളും ഉണ്ടായാൽ മതിയായിരുന്നു … എനിക്കൊരു കൂട്ടാവുമല്ലൊ അയാളുടെ മകൾ താര പറഞ്ഞു

വരുമ്പോൾ അറിയാലോ….ആരൊക്കെ ആണെന്ന്….നീ വേഗം കഴിച്ചിട്ട് എഴുന്നേൽക്കാൻ നോക്ക്.. അയാൾ സംഭാക്ഷണം അവസാനിപ്പിച്ചു….

നാട്ടുകാർ മാഷെന്ന് ബഹുമാനത്തോടെ വിളിക്കുന്ന കൃഷ്ണപിള്ള റിട്ടേയർഡ് അധ്യാപകൻ ആണ്… ഭാര്യ ശാരദ വീട്ടമ്മയും…..

കല്യാണം കഴിഞ്ഞു വർഷങ്ങളോളം കുട്ടികൾ ഇല്ലാതിരുന്ന അവർ താരയെ അവൾക്ക് രണ്ട് വയസുള്ളപ്പോൾ ദത്ത് എടുത്തതാണ്….

ഇപ്പൊൾ കൊച്ചിയിൽ സ്വന്തമായി ക്ലിനിക് നടത്തുകയാണ് ഗൈനകോളജിസ്റ്റ് ആയ താര…. സന്തുഷ്ട്ട കുടുംബം….

ശാരദേ…… അപ്പുറത്ത്‌ ആള് വന്നെന്ന് തോന്നുന്നു കേട്ടോ….അപ്പുറത്തെ വീട്ടിലേക്ക് വീട്ടുസാധനങ്ങളുമായി പോകുന്ന വണ്ടികൾ കണ്ട് സിറ്റ്ഔട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്ന മാഷ് അകത്തേക്ക് നോക്കി പറഞ്ഞു

ഉവ്വോ….എന്നാ നിങ്ങളൊന്നു അവിടെ ചെന്ന് അവരെയൊക്കെ പരിചയപെട്…അടുക്കളയിൽ നിന്നും പുറത്തേക്ക് എത്തി നോക്കികൊണ്ട് ശാരദ പറഞ്ഞു..

അവരിപ്പോ വന്നതല്ലെയുള്ളു ശാരദേ…. വൈകീട്ട് താരമോള് വരട്ടെ…. നമുക്ക് എല്ലാവർക്കും കൂടി പോവാം… നമ്മുടെ പുതിയ അയൽക്കാരല്ലേ…..

എന്നാ അതുമതി….അവർ കൊണ്ടുവന്ന സാധനങ്ങളൊക്കെ ഒതുക്കി വെക്കട്ടെ…. നമുക്ക് വൈകീട്ട് പോവാം….

അമ്മേ……വൈകുന്നേരം ചായക്കുള്ള ഉള്ളിവട തയാറാക്കുകയായിരുന്ന ശാരദയെ പുറകിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് താര ചിണുങ്ങി….

നീ എന്താ ഇന്ന് നേരത്തെ…. ജോലി കഴിഞ്ഞു മടങ്ങിയെത്തിയ താരയോട് ശാരദ ചോദിച്ചു….

അതോ…..ഞാനിന്ന് ക്ലിനിക്കിൽ ഇരിക്കുമ്പോൾ പെട്ടന്നൊരു ഇത്…..

ഇന്ന് നിന്റെ ശാരദകുട്ടി നിനക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൊരിഞ്ഞ ഉള്ളിവട ഉണ്ടാക്കുന്നുണ്ടെന്ന് ആരോ മനസ്സിലിങ്ങനെ പറയും പോലെ…. പിന്നെ ഇരിക്കപ്പൊറുതി കിട്ടിയില്ല…. പെട്ടന്ന് വണ്ടിയെടുതിങ്ങു പോന്നു….

താര മൊരിഞ്ഞ ഒരു ഉള്ളിവട എടുത്തു കടിച്ചു ശാരദയെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു

മോളെ താരേ… നീ ഈ ചായ അച്ഛന് കൊടുത്തിട്ട് വേഗം കുളിക്കാൻ നോക്ക്… അപ്പുറത്ത്‌ പുതിയ താമസക്കാര് വന്നിട്ടുണ്ട്… നമുക്കൊന്നു അവിടെ വരെ പോവാം

അച്ഛനുള്ള ചായ കൊടുത്തതിനു ശേഷം താര കുളിച്ചു വൃത്തിയുള്ളൊരു ചുരിദാർ ധരിച്ചു ഹാളിലേക്ക് ചെന്നു…

മാഷും ഭാര്യയും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു … വാതിൽ ഭദ്രമായി പൂട്ടിയ ശേഷം അവർ അപ്പുറത്തേക്ക് നടന്നു …

കാളിങ് ബെല്ലടിച്ചു ഏറെ നേരം കഴിഞ്ഞാണ് വാതിൽ തുറന്നു ഒരു ചെറുപ്പക്കാരൻ പുറത്തു വന്നത്… അയാൾ ചോദ്യഭാവത്തിൽ അവരെ നോക്കി…

എന്റെ പേര് കൃഷ്ണപിള്ള…. അപ്പുറത്ത്‌ കാണുന്നത് ഞങ്ങളുടെ വീടാണ്…. ഒന്ന് പരിചയപ്പെടാൻ വന്നതാണ്… മാഷ് അയാളോട് പറഞ്ഞു

വരൂ…. ചെറുപ്പക്കാരൻ നിറഞ്ഞ ചിരിയോടെ അവരെ അകത്തേക്ക് ക്ഷണിച്ചു

കാഞ്ഞിരപ്പള്ളിയിൽ ആണല്ലേ വീട്… ഹാളിലെ സോഫയിലേക്ക് അമർന്നിരിക്കുമ്പോൾ മാഷ് അയാളോട് ചോദിച്ചു

അതെ… അയാൾ പുഞ്ചിരിച്ചു

എന്താ പേര്…

നന്ദൻ അയാൾ പറഞ്ഞു

ഞാൻ കൃഷ്ണപിള്ള…. ഇതെന്റെ ഭാര്യയും മകളുമാണ്

നന്ദൻ അവരെ നോക്കി ചിരിച്ചു

ഞങ്ങൾ ശരിക്കും കൊല്ലംക്കാരാണ്… അവിടെ ഒരു സർക്കാർ സ്കൂളിലെ മാഷായിരുന്നു ഞാൻ…. ഇവിടെ ഇടപ്പള്ളിയിലാണ് മോളുടെ ക്ലിനിക് അത്കൊണ്ട് ഇങ്ങു പോന്നതാണ്….

നന്ദൻ താരയെ നോക്കി…. അച്ഛന്റെയും അമ്മയുടെയും വെളുത്ത നിറമില്ലെങ്കിലും ഇരുനിറമുള്ള നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം….

താര നന്ദനെ നോക്കി ചിരിച്ചു

നന്ദൻ എന്ത് ചെയ്യുന്നു മാഷ് ചോദിച്ചു

ഇൻഫപാർക്കിലാണ് അയാൾ പറഞ്ഞു

പെട്ടന്ന് അകത്തു ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു…അകത്തെ മുറിയിൽ നിന്നും പ്രായമായ ഒരു സ്ത്രീ കൈയിലൊരു ആൺകുഞ്ഞുമായി ഹാളിലേക്ക് വന്നു…നന്ദനെ കണ്ടയുടൻ കുഞ്ഞ് അയാളുടെ കയ്യിലേക്ക് ചാടി…..

എന്റെ മോനാണ്….തംബുരു… അയാൾ കുഞ്ഞിന്റെ മുടിയിൽ തലോടി

താര വാത്സല്ല്യത്തോടെ കുഞ്ഞിനെ നോക്കി…..

ഭാര്യ???? ശാരദ നന്ദനോട് ചോദിച്ചു…..

തംബുരുവിനെ പ്രസവിച്ചു രണ്ട് ദിവസം കഴിഞ്ഞു പോയി…..സുഖമില്ലായിരുന്നു അയാൾ വേദനയോടെ ചിരിച്ചു

ശാരദ വല്ലാതെയായി.. ചോദിക്കേണ്ടിയിരുന്നില്ല….

സുമ ചേച്ചി ഇവർക്ക് ചായ എടുക്ക്…. നന്ദൻ കുഞ്ഞിനേയും കൊണ്ട് വന്ന സ്ത്രീയോട് പറഞ്ഞു

തംബുരുവിന്റെ ആയ ആണ്…നന്ദൻ അവരോട് പറഞ്ഞു

ഭാര്യയുടെ വീട്ടുകാരൊക്കെ??? താര ചോദിച്ചു

പ്രണയവിവാഹം ആയിരുന്നത് കൊണ്ട് അവരാരും എന്നെയോ മോനെയോ തിരക്കാറില്ല…..പിന്നെ എന്റെ വീട്ടുകാരുണ്ടല്ലോ അത് തന്നെ ധാരാളം

പിന്നീടൊന്നും ചോദിക്കാൻ മനസവരെ അനുവദിക്കാത്തത് കൊണ്ട് ചായയും കുടിച്ചു മാഷും കുടുംബവും ഇറങ്ങി…

രാത്രി താരയ്ക്ക് ഉറങ്ങാനായില്ല…. തംബുരുവിന്റെ ഓമനത്തം നിറഞ്ഞ മുഖം വല്ലാത്തൊരു നോവായി അവളിൽ നിറഞ്ഞു…. ഒരമ്മയുടെ ചൂടും സ്നേഹവും കിട്ടേണ്ടേ ഇളംപ്രായത്തിൽ തന്നെ അമ്മയെ നഷ്ട്ടപെട്ടു പോയല്ലോ ഈശ്വരാ…..അവളുടെ കണ്ണ് നിറഞ്ഞു…..

പിറ്റേന്ന് താര നന്ദന്റെ വീട്ടിലേക്ക് പോയി….ആരിത്…. ഇന്നലെ വന്ന കുട്ടിയല്ലേ…. കേറിവാ

വാതിൽ തുറന്നു സുമ അവളെ അകത്തേക്ക് വിളിച്ചുഇന്ന് ജോലിക്ക് പോയില്ലേ സുമ അവളോട് തിരക്കി…

ഇല്ല ഇന്ന് ലീവ് ആണ് താര മറുപടി പറഞ്ഞുതംബുരു എവിടെ അവൾ കുഞ്ഞിനെ തിരക്കി….

ഇവിടുണ്ട്.. ഹാളിലിരുന്നു കളിക്കുന്ന കുഞ്ഞിനെ സുമ വാരിയെടുത്തു.. വാടാ ചക്കരേ താര കുഞ്ഞിന് നേരെ കൈ നീട്ടി.. ഒന്ന് മടിച്ചു നിന്നതിനു ശേഷം അവൻ താരയുടെ കയ്യിലേക്ക് ചാഞ്ഞു…

അവൾ കുഞ്ഞിനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….പഞ്ഞി പോലുള്ള അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു….

കുഞ്ഞ് ഇക്കിളി പൂണ്ടു വല്ലാത്തൊരു ശബ്ദത്തോടെ അവളുടെ മൂക്കിൻ തുമ്പിൽ കുഞ്ഞരിപല്ല് കൊണ്ട് കടിച്ചു….. താരയുടെ കണ്ണ് വേദന കൊണ്ട് നിറഞ്ഞു

കടിച്ചോ അവൻ….കുറുമ്പനാ ഇവൻ…. കുസൃതി ഇത്തിരി കൂടുതലാണ് സുമ ചിരിയോടെ കുഞ്ഞിനുള്ള കുറുക്കുമായി വന്നു

അതിങ്ങു താ ചേച്ചി…. ഞാൻ കൊടുക്കാംതാര കുറുക്കുപാത്രം സുമയുടെ കയ്യിൽ നിന്നും വാങ്ങി കുഞ്ഞിനെ മടിയിലിരുത്തി കൊഞ്ചിച്ചും ലാളിച്ചും അവനെ ഊട്ടി

മോളെ ഇഷ്ട്ടായിന്നു തോന്നണു…. കുറുക്ക് മൊത്തം കഴിച്ചല്ലോ….അല്ലേൽ മൊത്തം തുപ്പിയും തട്ടിയും കളയാറാണ് പതിവ് സുമ ചിരിയോടെ പറഞ്ഞു

ആണോടാ കള്ളതെമ്മാടി..താര തംബുരുവിന്റെ കവിളിൽ ചെറുതായി നുള്ളികൊണ്ട് ചോദിച്ചു…

മറുപടിയായി തന്റെ കുഞ്ഞിപല്ല് കാട്ടി തംബുരു ചിരിച്ചു

സുമ അടുക്കളയിൽ വൈകുന്നേരത്തേക്കുള്ള അത്താഴം തയ്യാറക്കുന്ന തിരക്കിൽ അവൾ അവന്റെ കുഞ്ഞുടുപ്പുകളൊക്കെ ഊരി ബാത്‌റൂമിൽ കൊണ്ട് പോയി കുളിപ്പിച്ചു…..

തിരികെ അവനുമായി ഹാളിലേക്ക് വരുമ്പോഴാണ് ഷോകെയ്‌സിൽ ഇരുന്ന നന്ദന്റെ വിവാഹഫോട്ടോ താര കാണുന്നത്…. നല്ല വെളുത്ത സുന്ദരിയായൊരു പെണ്ണ്….. നന്ദന് നന്നായി ചേരും…..അവളാ ഫോട്ടോ കയ്യിലെടുത്തു

അതാണ് മോളെ തംബുരുന്റെ അമ്മ…. ഹാളിലേക്ക് വന്ന സുമ പറഞ്ഞു

ഇവരെങ്ങനെയാ മരിച്ചത് താര ചോദിച്ചു

എന്റെ മോളെ അതൊന്നു പറയണ്ട….. നന്ദനും അർച്ചനയും കോളജ് സമയം തൊട്ട് സ്നേഹമായിരുന്നു….വേറെ ജാതി ആയിരുന്നത് കൊണ്ട് ആ കൊച്ചിന്റെ വീട്ടുകാർക്കൊ ഇതിനു എതിരായിരുന്നു…. എല്ലാരേയും എതിർത്തു കൊണ്ട് കല്യാണം കഴിച്ചതാ രണ്ടാളും…..

ആ കൊച്ചിന് ആണേൽ ഏതാണ്ട് ഒക്കെ സൂക്കേടും ഉണ്ടായിരുന്നു…ഈ തംബുരുവിനെ ഗർഭിണി ആയപ്പോ അബോർഷൻ വേണമെന്ന് ഡോക്ടർ ആയിരം വട്ടം പറഞ്ഞതാ…. കേട്ടില്ല….

അങ്ങനെ അർച്ചന മൂന്ന് മാസം ഗർഭിണി ആയിരിക്കുമ്പോൾ ആ കുട്ടിയെ നോക്കാനാണ് ഞാൻ വന്നത്…. എന്നിട്ടെന്തായി തംബുരു ജനിച്ചു രണ്ടാം ദിവസം അതങ്ങു പോയി….. പിന്നെ ഞാനാ ഇവനെ വളർത്തിയതൊക്കെ….. അവർ തൊണ്ടയിടറി കൊണ്ട് പറഞ്ഞു

എനിക്കും ഉണ്ട് മോളെ കുടുംബോം കുട്ടികളുമൊക്കെ…. പക്ഷെ ഞാൻ പോയാല് ഈ കുഞ്ഞിനെ ആര് നോക്കുമെന്നാ….ചെയ്യുന്ന ജോലിയുടെ ഇരട്ടി ശമ്പളവും നന്ദൻ തരുന്നുണ്ട്…. അത്കൊണ്ട് ഇങ്ങനെയങ്ങു നിക്കുവാ….

താരയ്ക്ക് വല്ലാത്ത വിഷമം തോന്നി… അവൾ തംബുരുവിനെ ഒന്നുടെ തന്നിലേക്ക് ചേർത്ത് പിടിച്ചു

പെട്ടന്ന് കാളിങ് ബെൽ മുഴങ്ങി

നന്ദൻ വന്നെന്ന് തോന്നുന്നു മോളെ സുമ വാതിൽ തുറക്കാൻ ഓടി

വാതിൽ തുറന്നു താരയെ കണ്ടപ്പോ നന്ദൻ ചെറുതായി ഒന്ന് പരുങ്ങി

താര അയാളെ നോക്കി പുഞ്ചിരിച്ചു…..

കുഞ്ഞ് അയാളെ കണ്ടതും അവളുടെ കയ്യിൽ ഇരുന്നു കുതറാൻ തുടങ്ങി….

അയാൾ തന്റെ കയ്യിലെ ബാഗ് ടീപ്പോയിലേക്ക് വെച്ചു കുഞ്ഞിനെ എടുക്കാൻ കൈനീട്ടി

അവൾ കുഞ്ഞിനെ അയാൾക്ക് കൈ മാറുമ്പോൾ അറിയാതെ നന്ദന്റെ കൈകൾ താരയുടെ വിരലുകളുമായി തട്ടി….

വല്ലാത്തൊരു കുളിര് പെട്ടന്ന് അവളുടെ ദേഹത്തൂടെ പാഞ്ഞു പോയി…. കുഞ്ഞിനെ അയാൾക്ക് കൊടുത്തു കൊണ്ട് അവൾ സുമയോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി…..പകുതി എത്തി അവൾ തിരിഞ്ഞു നോക്കുമ്പോൾ വാതിൽ അടയ്ക്കുന്ന നന്ദനെയാണ് കണ്ടത്

പിറ്റേന്ന് ക്ലിനിക്കിലെ ജോലിതിരക്കിനിടയിലും അവളുടെ ചിന്ത നന്ദനെയും തംബുരുവിനെയും കുറിച്ചായിരുന്നു

വൈകുന്നേരം കുഞ്ഞിനുള്ള ചോക്ലേറ്റുമായി അവൾ നന്ദന്റെ വീട്ടിലേക്ക് പോയി…. അവിടെ സുമ വേഷമൊക്കെ മാറ്റി നിൽപ്പുണ്ടായിരുന്നു

ചേച്ചി എവിടെ പോവാ…. താര തിരക്കി

എന്റെ പൊന്നു കുഞ്ഞേ… എന്റെ മോൾക്ക് ഒരു കല്ല്യണആലോചന വന്നിട്ടുണ്ട്… നാളെ രാവിലെ അവരിങ്ങു എത്തും….അമ്മയായ ഞാനവിടെ അപ്പൊ കാണണ്ടേ…..നന്ദൻ വന്നിട്ട് വേണം കുഞ്ഞിനെ ഏല്പിച്ചു എനിക്ക് പോവാൻ…. നാളെ ഉച്ച തിരിഞ്ഞു ഞാനിങ്ങു വരും….

എന്നാ ചേച്ചി പൊയ്ക്കോളൂ..നന്ദൻ വരുമ്പോൾ ഞാൻ പറഞ്ഞേക്കാം….. താര കുഞ്ഞിനെ അവരുടെ കയ്യിൽ നിന്നും വാങ്ങി

സുമ ഒന്ന് ശങ്കിച്ചു നിന്നു…. പിന്നെ കുഞ്ഞിനെ അവൾക്ക് കൈമാറി വേഗം ബാഗും എടുത്തു പോവാൻ ഒരുങ്ങി

കുഞ്ഞിനുള്ള ഭക്ഷണം മേശപുറത്തു ഇരിപ്പുണ്ട് ട്ടോ മോളെ…. അവർ തിരിഞ്ഞു നോക്കി പറഞ്ഞു

സുമ കണ്മുൻപിൽ നിന്നും മറഞ്ഞപ്പോ താര കുഞ്ഞുമായി അകത്തേക്ക് നടന്നു…..

അവൾ തംബുരുവിനു ഭക്ഷണം കൊടുത്തോണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് നന്ദന്റെ കാറിന്റെ ശബ്ദം അവൾ കേട്ടു…..കാളിങ് ബെൽ മുഴങ്ങിയതും അവൾ കുഞ്ഞുമായി ചെന്ന് വാതിൽ തുറന്നു

സുമ ചേച്ചി പോയല്ലേ വാതിൽ തുറന്നു തന്ന താരയോട് നന്ദൻ ചോദിച്ചു

ഉം പോയി താര പറഞ്ഞു

കുഞ്ഞിനെ ഇങ്ങു തന്നേക്കു…അയാൾ കുഞ്ഞിനെ വാങ്ങാൻ കൈ നീട്ടി

താരയ്ക്ക് എന്തോ കുഞ്ഞിനെ കൊടുക്കാൻ തോന്നിയില്ല

തംബുരുന്റെ അച്ഛന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മോനെ ഇന്ന് ഞാൻ കൊണ്ട് പോയികോട്ടെ അവൾ പ്രതീക്ഷയോടെ ചോദിച്ചു

വേണ്ട അതൊന്നും ശരിയാവില്ല…. അവനു ഭയങ്കര വാശിയാണ്…. രാത്രി ചിലപ്പോ കരയും…..തനിക്കത് ബുദ്ധിമുട്ട് ആവും നന്ദൻ പറഞ്ഞു

ഇല്ല… ഒരു കുഴപ്പവും ഇല്ലാണ്ട് ഞാൻ നോക്കിക്കോളാം….നാളെ രാവിലെ ഇങ്ങു കൊണ്ട് വരാം…. പ്ലീസ് അവൾ കെഞ്ചി

ശരി നന്ദൻ മനസില്ല മനസോടെ സമ്മതിച്ചു

അവൾ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് നടന്നു

കളിയും ചിരിയുമായി സമയം കടന്നു പോയതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല

രാത്രി കുഞ്ഞിന് ആഹാരം കൊടുത്ത ശേഷം അവൾ കുഞ്ഞുമായി ഉറങ്ങാൻ കിടന്നു…..

തന്റെ മാറിൽ ചേർന്ന് ഉറങ്ങുന്ന കുഞ്ഞിനെ തലോടി കൊണ്ടിരിക്കുമ്പോൾ അവൾക്ക് തന്റെ കുട്ടികാലം ഓർമ വന്നു

പെട്ടന്ന് അവളുടെ മാറിൽ മുഖമർത്തി കിടന്ന കുഞ്ഞ് തന്റെ കുഞ്ഞി ചുണ്ടുകൾ കൊണ്ട് അവളുടെ മാറിടത്തിൽ പരതി

താരയുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞൊഴുകി….. നീ തേടുന്നത് എന്നിൽ ഇല്ല കുഞ്ഞേ…. എന്റെ കണ്ണീരു മതിയെങ്കിൽ നീയത് ആവോളം കുടിച്ചോളൂ… അവളുടെ കണ്ണുനീർ തംബുരുവിന്റെ ദേഹത്തേക്ക് വീണു ചിതറി…

പിറ്റേന്ന് കുഞ്ഞുമായി അവൾ നന്ദന്റെ വീട്ടിലേക്ക് ചെന്നു….. അയാൾ അടുക്കളയിൽ ഭക്ഷണം തയ്യാറക്കുന്ന തിരക്കിലായിരുന്നു

അച്ഛനെ കണ്ടതും കുഞ്ഞ് ശബ്ദമുണ്ടാക്കി…..അയാളത്‌ കേട്ട് പെട്ടന്ന് തിരിഞ്ഞു നോക്കി

കുഞ്ഞിനെ കണ്ടതും അയാൾ ഓടി വന്നു കുഞ്ഞിനെ വാരിയെടുത്തു ആർത്തിയോടെ ഉമ്മ വെച്ചു

ആദ്യമായിട്ടാ എന്റെ അടുത്ത് നിന്ന് അവൻ മാറി നിക്കുന്നെ… അയാൾ നിറഞ്ഞ കണ്ണുകൾ താരയിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു

കുഞ്ഞിനോട് കാണിക്കുന്ന ഈ സ്നേഹത്തിൽ ഒരു പങ്കു എനിക്കും കൂടി തരുമോ….അറിയാതെ താരയുടെ വായിൽ നിന്നും ഒരു ചോദ്യം നന്ദൻ കേട്ടു

നന്ദൻ ഞെട്ടലോടെ താരയെ നോക്കി

താൻ എന്താണ് പറയുന്നത്….. എന്റെ കുഞ്ഞുമായി താൻ ഒരുപാട് അടുത്ത് പോയെന്ന് എനിക്കറിയാം..തന്റെ വരവോടു കൂടിയാണ് എന്റെ കുഞ്ഞിലും സന്തോഷവും ചിരിയും നിറഞ്ഞത്….എന്ന് കരുതി തന്നെ ഞാൻ വേറെ ഒരു രീതിയിൽ കണ്ടിട്ടില്ല…

ഇവന് ജന്മം കൊടുത്തു രണ്ടാം ദിവസം ഞങ്ങളെ തനിച്ചാക്കി പോയതാ എന്റെ അച്ചു….അന്ന് മുതൽ ഈ നിമിഷം വരെ വേറെയൊരു പെണ്ണിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല…. എനിക്ക് എന്റെ മോനും അവനു ഞാനും…. അതുമതി….

ഒരു പക്ഷെ തനിക്ക് തംബുരുവിനോടുള്ള സ്നേഹവും എന്നോടുള്ള സഹതാപവും കൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത്…. ആരുടെയും സ്നേഹവും സഹതാപവും ഞങ്ങൾക്ക് വേണ്ട അത്കൊണ്ട് താനിനി കുഞ്ഞിനെ കാണാൻ ഇങ്ങോട്ട് വരരുത്….പ്ലീസ്…….

അച്ഛൻ ബഹളം വെയ്ക്കുന്നത് കേട്ട് കുഞ്ഞ് പേടിച്ചു കരഞ്ഞു താരയുടെ നേരെ കൈ നീട്ടി….. അത് കണ്ടതും നന്ദന് ദേഷ്യം ഇരട്ടിച്ചു

താനൊന്നു പോയി തരുമോ പ്ലീസ്‌…. നന്ദൻ താരയുടെ നേർക്ക് അലറി

താര കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി….. അവൾ പോയതും നന്ദൻ വാതിൽ വലിച്ചടച്ചു….

മാഷ് എന്തിനാ കാണണമെന്ന് പറഞ്ഞത്????

മറൈൻ ഡ്രൈവിലെ കാറ്റേറ്റ് മാഷിന് മുന്നിൽ ഇരുന്നു ചായ കുടിക്കുമ്പോൾ നന്ദൻ ചോദിച്ചു

ഇന്നലെ താര അവിടെ വന്നതും താൻ അവളോടും ചൂടായതുമൊക്കെ ഞാൻ അറിഞ്ഞു മാഷ് പറഞ്ഞു

നന്ദൻ കുറ്റബോധത്തോടെ തല കുനിച്ചു

തന്നെ ഞാൻ കുറ്റപെടുത്തില്ല….തന്റെ സ്ഥാനത്ത് ആരായാലും അങ്ങനെയേ പറയൂ….

പക്ഷെ ഞാനും ഒരു അച്ഛനാണ്….എന്റെ മകളുടെ മനസ് നോവുന്നത് എനിക്ക് സഹിക്കില്ല നന്ദാ

തനിക്കറിയോ…അവൾക്ക് വെറും രണ്ടു വയസുള്ളപ്പോൾ അവളെ ഞങ്ങൾ ഒരു ഓർഫനേജിൽ നിന്ന് ദത്ത് എടുത്തതാണ്..

നന്ദൻ ആശ്ചര്യത്തോടെ മാഷിനെ നോക്കി…. താര അവരുടെ സ്വന്തം മകളല്ല എന്നത് അയാൾക്കൊരു പുതിയ അറിവായിരുന്നു

മാഷ് തുടർന്നു… അവൾ ഞങ്ങളുടെ മോളല്ല എന്ന് അവൾക്കും അറിയാം…..പക്ഷെ അതിന്റെ ഒരു വേർതിരിവും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കാണിച്ചിട്ടില്ല….

അനാവശ്യമായി ഒരു വാശിയോ ആഗ്രഹങ്ങളോ അവൾക്ക് ഇല്ലായിരുന്നു… പക്ഷെ ഇപ്പൊ തന്നെയും അതിനേക്കാൾ ഏറെ തന്റെ കുഞ്ഞിനേയും അവൾ ആഗ്രഹിക്കുന്നുണ്ട്…..

ഒരു പക്ഷെ തന്റെ മോനിൽ അവൾ തന്റെ ബാല്യം കാണുന്നുണ്ടാവും….. തനിക്ക് അവളെ വിവാഹം ചെയ്യ്തു കൂടെ…. തന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി അവൾ നോക്കും…. അവൾക്ക് മാത്രമേ അതിന് കഴിയൂ

പക്ഷെ മാഷേ…. താരയ്ക്ക് നല്ലൊരു പയ്യനെ കിട്ടും… ഞാൻ ഒരു കല്യാണം കഴിച്ചു ഒരു പെണ്ണിനൊപ്പം കഴിഞ്ഞ വ്യക്തിയാണ്… ഒരു കുഞ്ഞിന്റെ അച്ഛനുമായി…. പ്രായം 36കഴിയുകയും ചെയ്തു…. എന്നേക്കാൾ നല്ലൊരു പയ്യനെ തീർച്ചയായും താരയ്ക്ക് കിട്ടും നന്ദൻ പറഞ്ഞു

ഇതൊക്കെ ഒരു ന്യായികരണമാണോ നന്ദൻ….തന്റെ കഴിഞ്ഞകാലത്തെ കുറിച്ച് ഞങ്ങൾക്ക് അറിയണ്ട…തന്റെ വിവാഹം കഴിഞ്ഞതോ ഒരു കുഞ്ഞുള്ളതോ ഒന്നും ഒരു പ്രശനവുമല്ല.. എന്റെ മോൾക്ക് തന്നെയും കുഞ്ഞിനേയും സ്നേഹിക്കാൻ സാധിക്കും…

താൻ എത്രയൊക്കെ ശ്രമിച്ചാലും ഒരു അമ്മയുടെ സ്നേഹം തംബുരുവിനു കൊടുക്കാൻ തനിക്ക് സാധിക്കില്ല…. പക്ഷെ എന്റെ മോൾക്കത് കഴിയും…. മനസ്സിൽ നന്മയുള്ളവളാ എന്റെ താരമോള്…. മാഷ് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് എണീച്ചു

താൻ ഒന്ന് ആലോചിക്കൂ… ജീവന് തുല്യം മക്കളേ സ്നേഹിക്കുന്ന രണ്ടച്ഛന്മാരാണ് നമ്മൾ രണ്ടും

മാഷ് പോയിട്ടും നന്ദൻ അരമണിക്കൂറോളം ആ ഇരുപ്പ് തുടർന്നു…. അയാൾക്ക് അർച്ചനയെയും മോനെയും ഓർമ വന്നു…. കൂട്ടത്തിൽ അറിയാതെ താരയെയും….

താരയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ ബലമായി അവളിൽ നിന്നും വാങ്ങി കയ്യിലെ പാല് സുമ താരയുടെ കയ്യിൽ കൊടുത്തു…. മോള് മുകളിലേക്ക് ചെല്ല്

വാതിൽ തുറന്നു നന്ദന്റെ കയ്യിലേക്ക് പാല് കൊടുത്തു കൊണ്ട് അവൾ നന്ദനോട് പറഞ്ഞു

എനിക്ക് അറിയാം…. നിങ്ങൾ അർച്ചനയെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന്…..അർച്ചനയോളം എന്ന് എന്നെ സ്നേഹിക്കാൻ സാധിക്കുമോ അന്നേ ഞാൻ നന്ദേട്ടനിൽ അധികാരം കാണിക്കു…

ലൈറ്റ് അണച്ചു കൊണ്ട് കിടക്കയുടെ ഒരു ഒരത്തായി അവൾ ഒതുങ്ങി കിടന്നു…..

ഉറക്കത്തിലേക്ക് വഴുതി വീണ അവളുടെ അരകെട്ടിലൂടെ ആരോ അവളെ ചേർത്ത് പിടിച്ചു

അത് നന്ദനായിരുന്നു ഇന്ന് മുതൽ ഈ നിമിഷം മുതൽ നീ എന്റെ തംബുരുമോന്റെ അമ്മയാണ്….എന്റെ സ്വന്തം ഭാര്യ…… നന്ദൻ അവളുടെ പിൻകഴുത്തിൽ പ്രണയപൂർവം ചുംബിച്ചു…..

താഴെ സുമയുടെ അടുത്ത് കിടന്നു ഇതൊന്നുമറിയാതെ തംബുരു സുഖമായി ഉറങ്ങുകയായിരുന്നു…

Nb.. എന്നും രണ്ടാനമ്മയെ പലരും ക്രൂരയായി ആണ് ചിത്രീകരിക്കാറ്….. പക്ഷെ ഇവിടെ നന്ദനും താരയും കുഞ്ഞും വേർതിരുവുകളില്ലാതെ വാശിയോടെ പരസ്പരം സ്നേഹിച്ചു ജീവിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *