(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“സാറേ.. അറിഞ്ഞിടത്തോളം സംഭവം ഇച്ചിരി വഷളാണ്. സ്കൂളിലെ ഒരു ടീച്ചർക്ക് എതിരെയാണ് ആരോപണം. ”
സ്കൂൾ ഗ്രൗണ്ടിലേക്ക് ജീപ്പിൽ വന്നിറങ്ങിയ സി ഐ സാജൻ ജോസഫിന്റെ അരികിലേക്കെത്തിയ എസ് ഐ അൻവർ ചെറിയൊരു വിവരണം നൽകി.
” എന്താണ് സംഭവം ഒന്ന് വ്യക്തമായി പറയ്.. “സാജനും അക്ഷമനായി
” സാറേ.. ഇവിടുത്തെ ഒരു ടീച്ചർ.. പേര് ഇന്ദു…. അവര് ആറാം ക്ലാസിലെ ഒരു ആൺകുട്ടിയെ ലൈംഗിക പരമായി ഉപയോഗിച്ചു എന്നാണ് ആരോപണം. അതും സ്കൂൾ ടൈമിൽ പെൺകുട്ടികളുടെ ടോയ്‌ലെറ്റിന്റെ പിന്നിൽ വച്ചിട്ട്. ”
അൻവറിന്റെ വാക്കുകൾ കേട്ടിട്ട് വിശ്വസിക്കാൻ കഴിയാതെ മിഴിച്ചു നിന്നുപോയി സാജൻ.
” എന്തുവാടോ ഈ കേൾക്കുന്നേ.. ടീച്ചർ കുട്ടിയോടോ.. ”
” അതെ സാർ.. ആ കുട്ടി തന്നെയാണ് ഇത് രക്ഷകർത്താക്കളോട് പറഞ്ഞത്. ഇന്നലെയാണ് സംഭവം നടന്നത്. ഇന്നലെ ഉച്ച സമയത്ത് ആ ബാത്‌റൂമിന്റെ പിന്നിൽ നിന്നും ഈ ചെക്കൻ ഓടി പോകുന്നതും അവന് പിന്നാലെ ടീച്ചർ നടന്നു പോകുന്നതും കണ്ടവരും ഉണ്ട്.. ആ പയ്യന്റെ വീട്ടുകാര് ആളെ കൂട്ടി വന്നു ഇവിടെ ആകെ ബഹളം ആണ്. ആ ടീച്ചർ ആണേൽ കരച്ചിലോട് കരച്ചിൽ അവര് അങ്ങിനൊന്നും ചെയ്തിട്ടില്ലെന്നാ പറയുന്നേ.. അവരെ കണ്ടിട്ട് എനിക്കും അങ്ങിനെ തോന്നുന്നു സർ.. ഒരു പാവത്തെ പോലുണ്ട് ”
അൻവർ പറഞ്ഞു നിർത്തുമ്പോൾ ഒരു നിമിഷം ചിന്തയിലാണ്ടു സാജൻ.
” പിന്നെങ്ങിനെ രണ്ട് പേരും ആ ഭാഗത്തു എത്തി. ആരോ കണ്ടെന്നും പറയുവല്ലേ.”
ആ ചോദ്യത്തിന് അൻവറിന്റെ പക്കലും മറുപടി ഇല്ലായിരുന്നു. അതോടെ പതിയെ മുന്നിലേക്ക് നടന്നു സാജൻ.
” വല്ലാത്ത തലവേദന ആയല്ലോ ഇത്.. എന്തായാലും വാ പോയി നോക്കാം..”
ഏറെ അസ്വസ്ഥനായിരുന്നു അവൻ.സ്കൂളിലെ സ്റ്റാഫ് റൂമിനു മുന്നിൽ ചെറിയൊരു ആൾക്കൂട്ടം കൂടിയിരുന്നു ദൂരെ നിന്നെ അല്പം സംഘർഷാവസ്ഥയാണെന്ന് മനസിലാക്കി സാജൻ. അവനെ കണ്ട പാടെ ജനക്കൂട്ടം തിരിഞ്ഞു.
” സാറേ. എന്റെ കൊച്ചിനോട് ഈ പോക്രിത്തരം കാട്ടിയ ആ പെണ്ണുമ്പിള്ളയെ ഇവിടുന്ന് ഇപ്പോ അറസ്റ്റ് ചെയ്യണം അല്ലേൽ ഞങ്ങൾ ഇവിടുന്ന് പോകില്ല. ”
ആ കുട്ടിയുടെ അച്ഛൻ ആകെ ദേഷ്യത്തിലായിരുന്നു.
” നിങ്ങള് സമാധാനമായി നിൽക്കു.. കേട്ടത് സത്യാണേൽ ഉറപ്പായും അവർക്കെതിരെ നടപടി എടുക്കാം. ”
അവരെ ആശ്വസിപ്പിച്ചു കൊണ്ടാണ് സാജൻ ഉള്ളിലേക്ക് കയറിയത് അപ്പോഴേക്കും ഹെഡ് മാസ്റ്ററും എത്തി.” സാർ എന്റെ പേര് മാധവൻ.. ഞാനാ എച്ച്. എം. “
അയാൾ സ്വയം പരിചയപ്പെടുത്തി.” എന്താ സാറേ പ്രശ്നം ഇവര് പറയുന്നത് ഉള്ളതാണോ.. “
സാജൻ വിശദമായി കാര്യങ്ങൾ അന്വേഷിച്ചു
” സാറേ ഇന്നലെ ഉച്ചക്ക് ശേഷം ആണ്. ആ കുട്ടി രാത്രി വീട്ടിൽ അറിയിച്ചു അതിന്റെ ഭാഗമായാണ് ഇന്നിപ്പോ ഈ പുകിൽ. പക്ഷെ ഇന്ദു ടീച്ചർ അങ്ങിനൊരാളല്ല.. ഇതെന്താണ് സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ”
മാധവൻ പറഞ്ഞത് കേട്ട് അല്പസമയം ചിന്തയിലാണ്ടു സാജൻ. ആ സമയം പുറത്ത് ബഹളം കൂടി തുടങ്ങിയിരുന്നു. അതോടെ അൻവറിന് നേരെ തിരിഞ്ഞു അവൻ.
” അൻവർ.. അവരോട് ബഹളം വയ്ക്കരുതെന്ന് പറയ് എന്തായാലും നമുക്ക് പരിഹാരം ഉണ്ടാക്കാം.”
കേട്ട പാടെ അൻവർ പുറത്തേക്ക് പോയി.
” ആരാ ഇവരെ രണ്ട് പേരെയും ഒരുമിച്ച് ആ ഭാഗത്തു കണ്ടു ന്ന് പറഞ്ഞെ.. ”
ആ ചോദ്യം മാധവൻ പ്രതീക്ഷിച്ചതാണ്.
” അതിവിടുത്തെ രണ്ട് അധ്യാപകർ ആണ് സാർ… പക്ഷെ ഇന്ദു ടീച്ചർ പറയുന്നത് അവൻ എന്തോ കുരുത്തക്കേട് കാട്ടി അത് പിടിച്ചതിന്റെ വാശിയാണ് ഇതെന്നാണ്.. എനിക്കൊന്നും അറിയില്ല സാർ.. ”
ആ മറുപടി കേട്ട് അങ്ങനൊരു സാധ്യത ചിന്തിക്കാതിരുന്നില്ല സാജൻ.
” സാറേ.. ആ ടീച്ചറിനെ ഒന്ന് കാണാൻ പറ്റോ.. എന്താ കാര്യം ന്ന് ഒന്ന് തിരക്കാൻ ആണ്. ”
” കാണാലോ സാർ.. ടീച്ചർ ദേ സ്റ്റാഫ് മുറിയിൽ ആണ് നമുക്ക് അങ്ങട് പോകാം ”
മാധവൻ മുന്നേ നടക്കവേ പിന്നാലെ ചെന്നു അവൻ. സ്റ്റാഫ് മുറിയിൽ ഇന്ദു ടീച്ചറിന് ചുറ്റിനും മറ്റധ്യാപകർ കൂടി നിന്നിരുന്നു. എന്നാൽ സാജനെ കണ്ടതോടെ അവരെല്ലാം ഓരത്തേക്ക് മാറി. പൊട്ടിക്കരയുകയായിരുന്ന ഇന്ദു പെട്ടെന്ന് അവനെ കണ്ട് അതും യൂണിഫോമിൽ, ഒന്ന് ഭയന്നു.
” പേടിക്കേണ്ട ടീച്ചർ കാര്യങ്ങൾ അറിയാൻ വന്നതാണ്.”
സാജൻ പുഞ്ചിരിച്ചെങ്കിലും അവരുടെ മുഖത്ത് ഭാവമാറ്റം ഒന്നും ഉണ്ടായില്ല
” സാർ ഞാൻ അങ്ങിനൊന്നും ചെയ്‌തിട്ടില്ല. എന്റെ മക്കളെ പോലാ ഞാൻ കുട്ടികളെ കാണുന്നേ.. എങ്ങിനെ ആ കുട്ടിക്ക് ഇങ്ങനൊക്കെ പറയാൻ തോന്നിയെന്ന് അറിയില്ല. ”
വീണ്ടും കരയുകയായിരുന്നു അവർ. അൻവർ പറഞ്ഞപോലെ അവർ അങ്ങിനൊന്നും ചെയ്യാൻ വഴിയില്ല എന്ന് സാജനും ഊഹിച്ചു.
” ടീച്ചർ സംഭവിച്ചത് എന്താ ന്ന് ഒന്ന് പറഞ്ഞെ.. ആ കുട്ടി എന്തോ കുരുത്തക്കേട് കാട്ടിയെന്നോ അത് കണ്ടു പിടിച്ചതിന്റെ വാശി കാട്ടിയതാകും എന്നൊക്കെ പറഞ്ഞു എച്ച് എം. അതെന്താ സംഭവം ”
അവന്റെ ചോദ്യം കേട്ട് പതിയെ ആ സംഭവം വിവരിച്ചു ഇന്ദു. അൻവറും അപ്പോഴേക്കും എത്തിയിരുന്നു… ഒക്കെയും വ്യക്തമായി കേട്ട ശേഷം എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നത് കൃത്യമായി ഊഹിച്ചു സാജൻ.
” ടീച്ചർ ടെൻഷൻ ആകേണ്ട.. ഈ പ്രശ്നം ഞാൻ ഇപ്പോ തീർത്തു തരാം.”
അത്രയും പറഞ്ഞു മാധവനു നേരെ തിരിഞ്ഞു സാജൻ.
” സാറേ എനിക്ക് ആ മോനെ ഒന്ന് കാണണമല്ലോ.. ഇന്ന് വന്നിട്ടുണ്ടോ.. ചുമ്മാ കാര്യങ്ങൾ ഒന്ന് ചോദിക്കാനാ ഏതേലും ഒഴിഞ്ഞ ക്ലാസ്സ് മുറിയിൽ വച്ച് മതി ”
അത് കേട്ട് മാധവൻ സംശയത്തോടെ നോക്കവേ ഒന്ന് പുഞ്ചിരിച്ചു സാജൻ.
” സാറേ.. ഒരു മമ്മൂക്കാ ചിത്രത്തിൽ കണ്ടിട്ടില്ലേ ഇതേപോലൊരു സീൻ. ടീച്ചറിനെതിരെ കള്ളം പറഞ്ഞു ആളെ കൂട്ടിയ ഒരു ചെക്കൻ.. ഒടുക്കം അവനെ സ്നേഹായിട്ട് വിളിച്ചു കാര്യങ്ങൾ തിരക്കിയപ്പോൾ ഉള്ള കാര്യം പറഞ്ഞു. ഇവിടേം നമുക്ക് അത് തന്നെ ചെയ്യാം.
ഇന്ദു ടീച്ചർ തെറ്റ് ചെയ്തിട്ടില്ലേൽ അത് അവൻ തന്നെ പറയട്ടെ… സ്നേഹമായി അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ കള്ളം പറയുന്നതാണേൽ അവൻ തന്നെ സ്വയം സമ്മതിക്കും.. പ്രശ്നങ്ങൾ ഒന്നുമില്ലാതെ എല്ലാം തീരുകയും ചെയ്യും.”
സാജൻ പറയുന്നതിൽ കാര്യമുണ്ടെന്ന് മാധവനും തോന്നി അതോടെ ക്ലാസ് മുറിയ്ക്ക് പുറത്തേക്കിറങ്ങി അയാൾ .
” സാറേ.. ഇതെന്താ ഇത്രേം നേരമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തെ.. ഇനി ഒത്തുകളി ആണോ.. ”
പുറത്തെ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു ചോദിക്കുമ്പോൾ അത് മൈൻഡ് ചെയ്യാതെ മാധവനു പിന്നാലെ പോയി സാജൻ.
” ആ സി ഐ അവരേന്ന് കാശ് വാങ്ങി പ്രശ്നം ഒതുക്കി തീർക്കാനുള്ള പരിപാടിയാണെന്നാ തോന്നുന്നേ.. അങ്ങിനെയെങ്കിൽ നമുക്ക് റോഡിലേക്കിറങ്ങി പ്രശ്നം ആക്കണം എന്നാലേ എല്ലാരും അറിയൂ.. ”
കൂട്ടം കൂടി നിന്നവരുടെ രോഷം ഇരട്ടിച്ചു തുടങ്ങിയിരുന്നു.
ആ സമയം ആവശ്യപ്പെട്ടതുപോലെ ഒരു ഒഴിഞ്ഞ ക്ലാസ്സ് മുറിയിലേക്ക് ആണ് സാജനെയും അൻവറിനെയും മാധവൻ കൂട്ടിക്കൊണ്ട് പോയത്.
” സർ ഇവിടെ നിൽക്ക് ഞാൻ ആ കുട്ടിയെ കൊണ്ട് വരാം ”
മാധവൻ തിരികെ പോകവേ ക്ലാസ്സ് മുറിയിൽ ചുമ്മാ ചുറ്റി നടന്നു സാജൻ
” ഇത് വല്ലോം നടക്കോ സർ.. ഈ സ്നേഹോം വാത്സല്യോം ഒക്കെ സിനിമയിൽ മാത്രം കൊള്ളാം…. അല്ലാതെ ഇവിടിപ്പോ കാര്യം ഉണ്ടോ ”
അൻവറിന് സംശയമായിരുന്നു. അപ്പോഴേക്കും ആ കുട്ടിയുമായി മാധവൻ എത്തി.
സാജനെയും അൻവറിനെയും കണ്ട പാടെ പേടിച്ചു ഭയന്ന് അവൻ മാധവനെ ഒന്ന് നോക്കി
” നീ പേടിക്കേണ്ട. ഈ സാറന്മാർ ചോദിക്കുന്നെന്നു മറുപടി കൊടുത്താൽ മതി. ”
മാധവൻ അവന് ആശ്വാസം പകർന്നു” മോൻ വാ.. ചോദിക്കട്ടെ.. “
പുഞ്ചിരിയോടെ തന്നെ അൻവർ അവനെ അരികിലേക്ക് വിളിച്ചു.
മടിച്ചു മടിച്ചാണവൻ ക്ലാസ് മുറിയിലേക്ക് കടന്നത്.
” സാറ് പൊയ്ക്കോ.. ഞങ്ങൾ ഇവനോട് കാര്യങ്ങൾ ഒന്ന് തിരക്കട്ടെ. ”
സാജൻ പറഞ്ഞത് കേട്ട് മനസ്സില്ലാ മനസ്സോടെ മാധവൻ അവിടെ നിന്നും പോയി അതോടെ ആ കുട്ടിയുടെ ഭയം ഇരട്ടിയായി..
” നീ ഇങ്ങനെ പേടിക്കേണ്ട മോനെ.. ഇന്നലെ എന്താ നടന്നെന്ന് പറഞ്ഞാൽ പറഞ്ഞാൽ മതി.”
സ്നേഹത്തോടെ അവന്റെ ചുമലിൽ പിടിച്ചു തന്നോട് ചേർത്തു നടന്നു സാജൻ.
ഒക്കെയും കണ്ട് അക്ഷമനായി നോക്കി നിന്നും അൻവർ.
*************************
സമയം പിന്നെയും നീങ്ങി. പുറത്ത് ബഹളക്കാർ കൂടി വന്നു.
” സാറേ.. സമയം കുറെ ആയല്ലോ.. ഇനി ഞങ്ങൾ സീനാക്കും കേട്ടോ.. അവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം.. ”
” ഇവരൊക്കെ ഒരു സ്ത്രീ ആണോ.. മക്കളുടെ പ്രായം ഉള്ള കുട്ടികളോട്.. അയ്യയ്യേ..”
പുറത്തു നിന്നുള്ള ഭീക്ഷണിയും പരിഹാസ വാക്കുകളും ഇന്ദുവിനെ കൂടുതൽ തളർത്തി.
പുറത്ത് മാധവനും ഏറെ അക്ഷമനായിരുന്നു. അപ്പോഴേക്കും ആ കുട്ടിയുമായി സാജനും അൻവറും പതിയെ അവിടേക്ക് വന്നു. അവരെ കണ്ട മാത്രയിൽ മാധവനും ആകാംഷയായി.
” ടാ ദേ വരുന്നു സി ഐ നമ്മടെ കൊച്ചും ഉണ്ട് കൂടെ. ”
ആരോ വിളിച്ചു പറഞ്ഞതോടെ എല്ലാവരും സാജന് നേരെ തിരിഞ്ഞു
” സാറേ.. ഇതെന്തിനുള്ള പുറപ്പാടാണ് സമയം കുറെയായി എന്ത് നടപടിയാണ് ഞങ്ങടെ പരാതിയിൻമേൽ എടുത്തത് .. ”
കുട്ടിയുടെ അച്ഛന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയാണ് സാജൻ മറുപടിയായി നൽകിയത്.
” എല്ലാം വ്യക്തമായി… പേടിക്കേണ്ട.. ഉടനെ തന്നെ നടപടി ഉണ്ടാകും. ”
അൻവറാണ് അവർക്കുള്ള മറുപടി നൽകിയത്.
” എന്താ സാറേ.. എന്തേലും അറിഞ്ഞോ”
മാധവനും കൂടുതൽ അക്ഷമനായി.
” സാറേ ആ ടീച്ചറെയും എല്ലാരേയും ഇങ്ങ് വിളിച്ചേ പുറത്തേക്ക്.”
സാജൻ ആവശ്യപ്പെട്ടത് കേട്ട് സംശയത്തോടെ നോക്കി മാധവൻ.
” ഹാ വിളിക്ക് സാറേ.. ഈ പ്രശ്നം തീർക്കണ്ടേ… ഞങ്ങള്ക്ക് പോയിട്ട് വേറെ പണി ഉണ്ട്. ”
അൻവർ കൂടി ഏറ്റു പറയുമ്പോൾ പതിയെ സ്റ്റാഫ് മുറിക്കുള്ളിലേക്ക് കയറി മാധവൻ. നിമിഷങ്ങൾക്കകം ഇന്ദുവും മറ്റധ്യാപകരും പുറത്തേക്ക് വന്നു. ആൾക്കൂട്ടത്തിനെ അഭിമുഖീകരിക്കാൻ ഏറെ പ്രയാസപ്പെട്ടു ഇന്ദു.
” ദേ അവരാ..ആ ടീച്ചർ… പിടിച്ചിറക്കി ഒരെണ്ണം പൊട്ടിക്കുവാ വേണ്ടേ..”
ഇന്ദുവിനെ കണ്ട പാടെ കൂടി നിന്നവർ രോഷാകുലരായി. അത് കണ്ട് അവൾ ഒന്ന് ഭയന്നു. ആ കുട്ടിയും ഒക്കെയും കണ്ട് ഭയന്ന് നിൽക്കുകയായിരുന്നു.
അപ്പോഴേക്കും സാജൻ ഇടപെട്ടു..
” നിങ്ങൾ ഒന്ന് അടങ്ങ്. കാര്യം അറിയാതെ ഇങ്ങനെ കേറി പ്രതികരിക്കല്ലേ.. ഈ ടീച്ചർ തെറ്റൊന്നും ചെയ്തിട്ടില്ല.. അത് ദേ ഈ മോൻ തന്നെ ഞങ്ങളോട് പറഞ്ഞു. ”
അവൻ പറഞ്ഞത് കേട്ട് എല്ലാവരും സംശയത്തോടെ ആ കുട്ടിയെ നോക്കി. ആകെ ഭയന്ന് നിൽക്കുവായിരുന്നു അവൻ.
” മോൻ നടന്ന കാര്യം പറയ്.. അതിപ്പോ അറിഞ്ഞെന്നു വച്ചു അച്ഛനോ ആരും നിന്നെ ഉപദ്രവിക്കില്ല അത് അങ്കിള് നോക്കിക്കോളാം ”
സാജൻ ചുമലിൽ തട്ടി പറഞ്ഞത് കേട്ട് ഭയത്തോടെ ആ കുട്ടി ചുറ്റും കൂടി നിന്നവരെ നോക്കി..
” ടീ.. ടീച്ചറു എന്നോട് ഒന്നും ചെയ്തിട്ടില്ല.. ഞാ.. ഞാൻ.. കള്ളം പറഞ്ഞതാ.. ”
ആ പറഞ്ഞത് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി. ഇന്ദുവിനാകട്ടെ ഏറെ ആശ്വാസം തോന്നിയ വാക്കുകൾ ആയിരുന്നു അത്.
” മോനെ.. എന്താ നീ പറയുന്നേ. ഇവരെ ഒന്നും കണ്ട് പേടിച്ചു നീ മാറ്റി പറയണ്ട.. ധൈര്യമായി ഉള്ളത് ഉള്ളത് പോലെ പറഞ്ഞോ. അച്ഛൻ ഉണ്ട് കൂടെ. ”
അച്ഛൻ ധൈര്യം നൽകിയപ്പോഴും ആ കുട്ടി പറഞ്ഞത് തന്നെ ആവർത്തിച്ചു.
“ഞാൻ കള്ളം പറഞ്ഞതാ..”
അതോടെ എല്ലാവരും പരസ്പരം മുഖാമുഖം നോക്കി. അത് കണ്ട് പുഞ്ചിരിയോടെ ബാക്കി പറഞ്ഞത് സാജൻ ആണ്.
” നിങ്ങള് ഇനി ഇവനെ അടിക്കാനൊന്നും നിൽക്കരുത്. അവൻ ഒരു തെറ്റ് ചെയ്തു. നിങ്ങള് വീട്ടിലുള്ളോരുടെ ഓരോ ശീലങ്ങൾ പിള്ളേരും കണ്ട് പഠിക്കും ന്ന് ഓർക്കണം. സിഗരറ്റും വലിച്ചു മറ്റേ ഐറ്റംസ് ഉണ്ടല്ലോ ചുണ്ടിന്റെ ഇടയിൽ തിരുകി കയറ്റി വക്കുന്നത്.. അതൊക്കെ വച്ച് വീട്ടിൽ ചെന്നു കേറുമ്പോ മോനും അതൊക്കെ കണ്ട് കൗതുകമായി ഉപയോഗിക്കാൻ ആഗ്രഹം ആയി…
അവൻ അതൊക്കെ അച്ഛന്റെന്ന് കട്ടെടുത്തു സ്കൂളിൽ കൊണ്ട് വന്നു ആരും കാണാത്തിടത്ത് പോയി നിന്ന് ഉപയോഗിച്ച് നോക്കി. ആ പെൺകുട്ടികളുടെ ബാത്‌റൂമിന്റെ പിൻവശം അവിടാകുമ്പോ പിന്നെ വേറെ ആരും വന്നു നോക്കില്ലല്ലോ …. ”
സാജൻ അത്രയും പറഞ്ഞു നിർത്തുമ്പോൾ അന്ധാളിച്ചു നിൽക്കുകയായിരുന്നു ആ കുട്ടിയുടെ അച്ഛൻ. അയാളുടെ മുഖത്തേക്ക് നോക്കീട്ട് തുടർന്നു അവൻ.
” സ്ഥിരമായിട്ട് ക്ലാസിലെ കുട്ടി അടുത്ത് വരുമ്പോ സിഗരറ്റിന്റെയും മറ്റേ ഐറ്റംസിന്റെയും ഒക്കെ സ്മെല്ല് വന്നപ്പോ ഈ ടീച്ചറിന് സംശയം ആയി അവര് അവനെ വാച്ച് ചെയ്ത് പിന്നാലെ പോയി കാര്യം കണ്ട് പിടിച്ചു.
ടീച്ചർ വീട്ടിൽ ന്ന് അച്ഛനെ വിളിപ്പിക്കും കാര്യം പറയും പ്രശ്നമാകും ന്ന് ഭയന്നപ്പോ ആ പ്രശ്നത്തിൽ നിന്നും രക്ഷ നേടാൻ അവൻ കണ്ടെത്തിയ വഴിയാണ് ഇത്. ഇങ്ങനൊരു ആരോപണം നിലനിൽക്കുമ്പോ ഇനി ടീച്ചർ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ലലോ.. കാഞ്ഞ ബുദ്ധിയാണ് ഇവന് കേട്ടോ… ”
അത്രയും പറഞ്ഞു തല കുമ്പിട്ടു നിൽക്കുന്ന അ കുട്ടിയുടെ മുടിയിഴകളിൽ ഒന്ന് തലോടി സാജൻ. ഒക്കെയും കേട്ട് ചുറ്റും കൂടിയവരും ടീച്ചേർസും എല്ലാവരും അന്ധാളിച്ചു നിന്നു പോയി. കുട്ടിയുടെ അച്ഛനാകട്ടെ വിളറി വെളുത്ത ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിപോയി.
” ഒരു ആറാം ക്ലാസ്സുകാരൻ എങ്ങിനെ ഇത്രേം ചിന്തിച്ചു പ്ലാൻ ചെയ്‌തു ന്ന് സംശയം ആയിരുന്നു. അതിനും മറുപടി ഇവൻ തന്നെ തന്നു. ഏതോ ടീവി സീരിയലിൽ ന്ന് കിട്ടിയതാണെന്ന് ഈ ഐഡിയ ”
അൻവർ കൂടി പറഞ്ഞു നിർത്തുമ്പോൾ എല്ലാവരും മൂക്കത്തു വിരൽ വച്ചു പോയി.
” കൊള്ളാലോ വിരുതൻ.. ”
ആരൊക്കെയോ കേട്ടത് വിശ്വസിക്കാൻ കഴിയാതെ പറയുന്നുണ്ടായിരുന്നു.
സാജൻ പതിയെ ആ കുട്ടിയുടെ അച്ഛന്റെ മുന്നിലേക്ക് ചെന്നു
” മോൻ പെട്ടെന്നൊരു ദിവസം വന്നു ഇങ്ങനൊരു കാര്യം പറഞ്ഞാൽ അതെന്താണെന്ന് വിശദമായി വന്നു അന്യോഷിച്ച ശേഷം ഇതുപോലെ ആളെ കൂട്ടിയാൽ പോരായിരുന്നോ.. ഇതിപ്പോ ആ പാവം ടീച്ചറും കുറെ വിഷമിച്ചു നാണം കെട്ടില്ലേ. കുട്ടികൾ ആണ് അവർ അവരോട് സ്നേഹമായി അടുത്ത് വിളിച്ചിരുത്തി കാര്യം പറഞ്ഞു മനസിലാക്കി ചോദിച്ചാൽ എല്ലാ സത്യവും അവര് പറയും ഞാൻ ഇപ്പോൾ അങ്ങിനെ ചോദിച്ചപ്പോൾ ആണ് ഈ മോനും കാര്യങ്ങൾ പറഞ്ഞത്.. ”
സാജൻ ആ പറഞ്ഞത് മാധവനോട് കൂടിയായിരുന്നു. എന്നാൽ അത് കേട്ട് ആ കുട്ടിയെ നോക്കിയ മാധവൻ കണ്ടത് ആ സമയം ഈ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ തല കുമ്പിട്ടു നിന്ന് അവൻ ഇരു തുടകളും മാറി മാറി തടവുന്നതാണ്.
സംശയത്തോടെ തലയുയർത്തുമ്പോൾ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു അൻവർ. അവന്റെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞ പുഞ്ചിരിയിൽ നിന്നും ആ സ്നേഹ പ്രകടനം എപ്രകാരമായിരുന്നെന്ന് ഊഹിച്ചു മാധവൻ.
ഒക്കെയും കേട്ട് ആകെ വിഷമിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു ആ കുട്ടിയുടെ അച്ഛൻ പതിയെ അയാളുടെ ചുമലിൽ കൈ വച്ചു സാജൻ.
” നിങ്ങൾ വിഷമിക്കേണ്ട ഇനിയേലും ഇത് ആവർത്തിക്കാതെ ശ്രദ്ധിക്കണം. കുട്ടികൾ ഓരോന്നു കണ്ടും കേട്ടും വളരുന്ന പ്രായം ആണ് ഇത്. അവരിൽ ഒരു പ്രത്യേക ശ്രദ്ധ വേണം. ചോറും കെട്ടി രാവിലെ സ്കൂളിലേക്ക് വിട്ടാൽ ബാധ്യത കഴിഞ്ഞു ന്ന് ചിന്തിക്കരുത്.”
ആ വാക്കുകൾ ആ അച്ഛന്റെ മനസിലാണ് തറച്ചത്. അവിടെ കൂടി നിന്ന് ബഹളം ഉണ്ടാക്കിയവരൊക്കെ പതിയെ പിരിഞ്ഞു തുടങ്ങി. ഇന്ദു ടീച്ചറോട് മാപ്പ് പറഞ്ഞു ആ കുട്ടിയുടെ അച്ഛനും ബന്ധുക്കളും തിരികെ പോയി..എല്ലാം ശാന്തമായി.. കുട്ടിയെ ക്ലാസ്സിലേക്കും ആക്കി . വലിയൊരു നാണക്കേടിൽ നിന്നും രക്ഷിച്ചതിന് സാജനോട് മനസറിഞ്ഞു നന്ദി പറഞ്ഞു ഇന്ദു.ശേഷം സാജനും അൻവറും തിരികെ ജീപ്പിനരികിൽ എത്തവേ മാധവനും അവരെ പിന്തുടർന്നെത്തി.
” സാറ് നല്ല സ്നേഹമായിട്ടാ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചതല്ലേ.. അവൻ ഇരു തുടകളും മാറി മാറി തടവുന്നത് കണ്ട്.”
അത് കേട്ട് പതിയെ ചിരിച്ചു സാജൻ.
” എന്റെ സാറേ.. ഈ ചെറു പ്രായത്തിൽ തന്നെ ഇമ്മാതിരി വേലത്തരം കാണിച്ചിട്ട് നിൽക്കുന്ന അവൻ ആരാ.. മോൻ… അവനോട് എന്ത് സ്നേഹം പറയാൻ ആണ്. അല്ലേലും അതൊക്കെ സിനിമകളിൽ നടക്കും കാര്യം സ്പീഡപ്പ് ആകണേൽ നമ്മുടെ വഴി തന്നെ നോക്കണം. ആ ക്ലാസ്സിൽ ഇരുന്ന ചൂരൽ എടുത്ത് പട പാടാ രണ്ടങ്ങ് പൊട്ടിച്ചു. അടുത്ത നിമിഷം തത്ത പറയുന്ന പോലെ അവൻ കാര്യം പറഞ്ഞു ഇപ്പോ ദേ പ്രശ്നവും സോൾവ് ആയി.. ”
ആ മറുപടി മാധവനെയും ചിരിപ്പിച്ചു.
” സംഗതി കൊള്ളാം സാർ. പക്ഷെ ഇനി ഈ അടിയുടെ പേരും പറഞ്ഞു അവര് അടുത്ത പ്രശ്നത്തിന് വരോ ന്ന് ആണ് ഇപ്പോ എന്റെ പേടി ”
മാധവനു അടുത്ത സംശയം aayi..
” ഏയ് അത് പേടിക്കേണ്ട… അവനെ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം കാണും അവന്റെ അച്ഛന്. അപ്പോ പിന്നെ അതിനിടക്ക് നമ്മുടെ ഈ അടി അങ്ങ് തേഞ്ഞു മാഞ്ഞു പൊയ്ക്കോളും ”
പുഞ്ചിരിയോടെ തന്നെ സാജൻ ജീപ്പിലേക്ക് കയറി. ഒപ്പം അൻവറും. നിമിഷങ്ങൾക്കകം ആ ജീപ്പ് സ്കൂൾ ഗേറ്റ് കടന്നു പുറത്ത് പോയി.
‘ഭഗവാനെ.. സമാധാനമായി ‘
മനഃസമാധാനത്തോടെ മാധവനും തിരികെ ഓഫീസിലേക്ക് നടന്നു