നീയെന്റേതാണ് സായ്… ആർക്കും വിട്ടുകൊടുക്കില്ല നിന്നെ… എന്നും എന്റേത് മാത്രം”

നിയോഗം

(രചന: അനൂപ് കളൂർ)

 

“നീയെന്റേതാണ് സായ്… ആർക്കും വിട്ടുകൊടുക്കില്ല നിന്നെ… എന്നും എന്റേത് മാത്രം” മാനസികാരോഗ്യ ആശുപത്രിയുടെ ജയിലഴിക്കുള്ളിൽ കിടന്ന് യാമി ഉച്ചത്തിൽ അലറിക്കൊണ്ടിരുന്നു.

 

അപ്പോഴും ആ കൈകളിൽ കത്തികൊണ്ട് അവളെഴുതിയ സായ് എന്ന അക്ഷരത്തിൽ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു.

 

“സായ് മാധവ് താങ്കൾ വിഷമിച്ചു നിൽക്കുകയാണെന്ന് അറിയാം. പക്ഷെ പറയാതെ വയ്യ. നിങ്ങളുടെ ഭാര്യക്ക് എന്തോ ഷോക്കിൽ നിന്നും ഉണ്ടായ കുഴപ്പങ്ങൾ ആണ് ഈ കാണുന്നത്. ചിലപ്പോൾ കുറച്ചു നാളെത്തെ ചികിത്സ കൊണ്ട് മാറിയേക്കാം.

 

ഒരുപക്ഷേ അതിന്റെ സമയപരിധി വർഷങ്ങളായി മാറിയേക്കാം.” ഡോക്ടർ സൈമൺ തോളിൽ തട്ടികൊണ്ടു പറഞ്ഞു ….”

 

കേട്ടുനിന്നിരുന്ന അവളുടെ അച്ഛനും അമ്മയും പൊട്ടിക്കരയുന്നുണ്ടായിരുന്നു…..

 

ഒരു ഭാരം ഒഴിവാക്കാൻ കാരണം കിട്ടിയ സന്തോഷം ഉള്ളിൽ ഒതുക്കി നിർത്തി ഞാനും. ഷാനിയുടെ

മെസ്സേജുകൾ ഫോണിൽ വന്ന് നിറഞ്ഞിട്ടുണ്ടായിരുന്നു അപ്പോഴേക്കും..

 

അങ്ങോട്ട് വിളിച്ചതും ആദ്യത്തെ റിംഗ് മുഴുവൻ ആകുന്നതിന് മുൻപേ എടുത്ത് മറുതലക്കൽ ഷാനി സംസാരം തുടങ്ങിയിരുന്നു…

 

“സായ് നീ എന്തെടുക്കാ, ഒന്നും മിണ്ടിക്കൂടെ നിനക്ക്, എന്തിനാ ഈ അകൽച്ച. ഇനിയും കാത്തിരിക്കുന്നു, നിന്റെ വരവും കാത്ത്…”

 

“കുറച്ചൂടെ കാത്തിരിക്കൂ പെണ്ണേ നമുക്ക് ഒന്നു ചേരാൻ സമയമായി എന്നു തോന്നുന്നു. വക്കീലിനോട് ഞാൻ സംസാരിച്ചിരുന്നു. അവളുടെ ഇപ്പോഴത്തെ നിലവെച്ചു കൊണ്ടു വിവാഹബന്ധം വേർപെടുത്താൻ സാധിക്കും എന്ന് ഉറപ്പു തന്നു അദ്ദേഹം…”

 

വീട്ടിലോട്ടു തിരിച്ചതും ഡ്രൈവിങ്ങും എല്ലാം ഏതോ സ്വപ്നലോകത്തിലൂടെ ആയിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ച വിവാഹവും,

 

യാമി ജീവിതത്തിലോട്ടു കടന്നു വന്നതും, നാടൻ പെണ്കുട്ടി എന്നതിൽ ഉപരി എന്റെ ഇഷ്ടങ്ങൾ ഉൾകൊള്ളാൻ കഴിയാത്തവൾ ആണെന്ന് തിരിച്ചറിവും എന്നെ വല്ലാതെ തളർത്തി.

 

എഴുത്തുകളും വായനയും അത്രമേൽ ഇഷ്ടപെട്ട എന്നിലേക്ക്, അതിലൂടെ എന്നെത്തേടി വന്ന ബന്ധങ്ങളിലേക്ക്, ഒന്നിലും യാമി വന്നു ചേർന്നില്ല. അതിനിടയിലേക്കാണ് ഇതുപോലെ തന്നെ ഇഷ്ടം ഇല്ലാത്ത ജീവിതം മുന്നോട്ടു നയിക്കുന്ന ഷാനി കടന്നു വന്നത്.

 

ഒരുനാൾ ഒട്ടും പ്രതീക്ഷിക്കാതെ തുടങ്ങിയതാണ് യാമിയുടെ മാനസികരോഗം. ഒന്നു ചേർന്നുപോവാൻ കഴിയില്ലെന്ന സത്യം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത്,

 

എങ്ങനെ എങ്കിലും ഒഴിവാക്കാൻ വേണ്ടി അവളിൽ നിന്നും ഒരു ഒളിച്ചോട്ടം നടത്താൻ തീരുമാനിച്ച അന്ന് തന്നെ ഒരു കാരണം ഉണ്ടാക്കി തന്നപോലെ…

 

അവളുടെ ഓരോ സാധനങ്ങളും പെറുക്കി കൂട്ടി ഒരു ബാഗിലോട്ട് മാറ്റുമ്പോൾ അറിയാതെ കൈതെറ്റി ഒരു ഡയറി താഴോട്ടു വീണു. അതിൽ നിന്നും കുറേ വിവാഹഫോട്ടോകൾ താഴെ വീണു ചിതറി..

 

ചിരിച്ച മുഖത്തോടെ നിൽക്കുന്ന യാമിയും ഞാനും കല്യാണ ദിവസം ചേർന്നെടുത്ത ഒരുപാട് ചിത്രങ്ങൾ.

 

ഏതോ ശക്തിയുടെ പ്രേരണപ്പോലെ അവളുടെ കൈപ്പടം പതിഞ്ഞ ആ പുസ്തകത്താളുകളിലേക്ക് ഞാനും ആകർഷിക്കപെടുന്നപോലെ. വലിയ താൽപര്യം ഇല്ലെങ്കിലും മറച്ചു നോക്കിക്കൊണ്ടിരുന്നു. ഓരോ വരികളും …

 

“ഏട്ടന്റെ പെണ്ണായി മാറണം വൈകാതെ മരണത്തിനു പോലും വിട്ടുകൊടുക്കാതെ ചേർന്നു നിൽക്കണം എന്നെന്നും… ആ തൂലികയിൽ നിന്നും പിറവി കൊള്ളുന്ന ഓരോ കഥാപാത്രങ്ങൾ ആയി മാറണം…

 

എന്നും നിഴലുപോലെ ഏട്ടന്റെ കൂടെ… ഈ വൃതവും പൂജകളും ഒക്കെ ഏട്ടന് വേണ്ടി ആണെന്ന് ഒരുനാൾ അറിയുമ്പോൾ ഇപ്പൊൾ എന്നോടുള്ള ഈ മുഷിച്ചിൽ ഒക്കെ മാറും.”

 

“ഒരുപാട് കൊതിച്ചിരുന്നു ഏട്ടന്റെ വായിൽ നിന്നും കേൾക്കാൻ ഇഷ്ടപെട്ട ഏട്ടന്റെ കഥയിലെ ഒരു കാന്താരി പെണ്ണിന്റെ പേര്, അതിനി ആരും അറിയണ്ട അങ്ങനെ മാഞ്ഞു പോവട്ടെ. ഏട്ടന്റെ ഇഷ്ടം ആണ് എനിക്കും വലുത്.”

 

“ഏട്ടാ എന്നെ അമ്മുക്കുട്ടീന്ന് വിളിച്ചാ മതീട്ടോ… എനിക്കിഷ്ടം അതാ”

 

“നീ എന്താ പറയുന്നേ ‘’യാമീ, അതൊക്കെ പഴഞ്ചൻ പേരല്ലേ… ഈ കാലത്ത് ആരേലും കേട്ടാൽ കളിയാക്കും.” എന്ന വാക്കിനാൽ ഒരുനാൾ അവളെ അവഗണിച്ചു പോയത് ഓർമ്മവന്നു….

 

“നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നതാവണം ഞാനെന്ന തൂലികയും, അതിൽ പിറവികൊള്ളുന്ന വരികളും… നിന്നിൽ നിന്നും പ്രാണനും ശ്വാസവും ഉൾക്കൊണ്ട്… നിൻ നിഴൽ പോലെ…”

 

കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത പോലെ… എനിക്ക് വേണ്ടി കുറിച്ച വരികൾ ഓരോന്നും കാണുമ്പോൾ…

 

ഓരോ വരികൾക്കും മനസ്സിനെ പിടിച്ചമർത്തി വായിപ്പിക്കുന്ന പോലെ… എന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും മാത്രമാണ് അവൾ മുൻതൂക്കം കൊടുത്തതെന്ന തോന്നൽ മനസ്സിൽ നിറയുന്ന പോലെ…

 

പിന്നെയും താളുകൾ മറിഞ്ഞു… അവസാനമായി അവളെഴുതിയ വരികൾ…. വായിക്കാൻ കഴിയാതെ നിന്നു പോയി.

 

“എന്നിൽ നിന്നും കിട്ടാത്ത, നീ തിരിച്ചറിയാത്ത സ്നേഹം തേടി, മറ്റൊരുവൾക്ക് ആ ഹൃദയത്തിൽ സ്ഥാനം നൽകി…

 

ഞാൻ ഇപ്പൊ നിന്നിൽ നിന്നും മരിച്ചു പോയല്ലേ സായ്, കണ്ണുനീർ തുള്ളികളാൽ പരന്നുപോയ അക്ഷരങ്ങൾ പാതി തിളക്കത്തിൽ നിൽക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. നീയാണെന്ന് കരുതി അവൾ എന്നോട് പറഞ്ഞ മധുര വാക്കുകൾ…

 

ഇല്ല സായ് നീ എന്റേത് മാത്രം ആണ്… എന്റേത് മാത്രം…

 

ആ വരികൾക്ക് ശേഷം നിറയെ കുത്തിവരകൾ മാത്രം… എഴുത്തുകൾ ഒന്നും തന്നെയില്ല… എന്തു ചെയ്യണം എന്നറിയാതെ നിന്നു വിയർത്തു…

 

മൊബൈൽ റിംഗ് ഒന്നു രണ്ടുവട്ടം കഴിഞ്ഞപ്പോൾ ആണ് ഓർമ്മയിൽ നിന്നും ഉണർന്നത്. ഷാനി… എന്നെ കൊതിക്കുന്നവൾ… എനിക്ക് വേണ്ടി കാത്തിരിക്കുന്നവൾ…

 

മറ്റൊരാളുടെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയും… ഇനിയുള്ള ജീവിതം ഇഷ്ടം പോലെ ജീവിക്കാൻ കൂടെ നിൽക്കാം എന്ന് ഉറപ്പുതന്നവൾ…

 

“ഷാനി ഞാൻ ഇല്ല നിന്റെ കൂടെ. നമ്മൾ ചെയ്യുന്നത് തെറ്റാണ്. ഈ ബന്ധം കാരണം തകർന്ന ഒരുവൾ ഉണ്ട്. അവളെ കൂടെ നിർത്തണം. ഇനിയെന്നും നിഴലുപോലെ… ചെയ്തു പോയ തെറ്റിന് പരിഹാരം എന്ന പോലെ…”

 

“മിസ്റ്റർ സായ് നിങ്ങൾ വലിയൊരു റിസ്‌ക് ആണ് എടുക്കാൻ പോവുന്നത്. നല്ലോണം ആലോചിച്ചു ചെയ്താൽ മതി. യാമി നിങ്ങളോട് എങ്ങനെ പെരുമാറുമെന്നോ എന്തു ചെയ്യുമെന്നോ പറയാൻ പറ്റില്ല…”

 

“ഇവൾ എന്റെ ഭാര്യയാണ് സർ. എന്തു വേണേലും സഹിക്കാൻ ഞാൻ തയ്യാറാണ്. ഒന്നിന് വേണ്ടിയും ഇവളെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല.”

 

“വെൽഡൻ സായ്… ഇങ്ങനെയുള്ള ഭർത്താക്കന്മാർ ആണ് ഇന്നത്തെ തലമുറയിൽ വേണ്ടത്. ഇവരുടെ പാതി അസുഖം മാറ്റുന്നത് തന്നെ ഇതുപോലുള്ള കാഴ്ചപ്പാടുകൾ ആണ്…”

 

“സായ് ഈ സ്ഥിതിയിൽ നിന്നും യാമിക്ക് ഒരു മോചനം നേടാൻ ഒരു വഴിയേ ഇനി കാണുന്നുള്ളു… പക്ഷേ അത് വളരെ വിഷമം പിടിച്ച ഒന്നുകൂടി ആണ്.”

 

“സർ അതിനെത്ര ചിലവോ ബാധ്യതയോ വന്നാലും ഞാൻ തയ്യാറാണ്… അത് എന്തു തന്നെ ആയാലും…”

 

“യാമി പെട്ടന്ന് തന്നെ ഒരു അമ്മയായി മാറണം. ഈ സാഹചര്യത്തിൽ അത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അതേ ഇനി വഴി കാണുന്നുള്ളു. ഞാൻ ഗൈനകോളജിസ്റ്റ് dr വിനീതയുമായി സംസാരിച്ചിരുന്നു ഈ കാര്യം. അവരും കൂടെ നിൽക്കാം എന്നു പറഞ്ഞു.”

 

എല്ലാവരുടെ എതിർപ്പും അവഗണിച്ചു കൊണ്ട് ഞാനും യാമിയും അവളുടെ അമ്മയും ഞങ്ങളുടെ വീട്ടിലോട്ട് പോന്നു. ഒരു കുഞ്ഞിനെ നോക്കുന്നപോലെ അവളെ നോക്കി…

 

ഒന്നും അറിയാതെ എന്റെ കുഞ്ഞിനെ ഉദരത്തിൽ പേറി യാമി. ഇടക്ക് അവളിൽ വരുന്ന രോഗത്തിന്റെ ഭാഗമായി അവൾ സ്വയം മുറിവേല്പിക്കാൻ തുടങ്ങി. എസ് എന്ന എന്റെ പേരിന്റെ ആദ്യാക്ഷരം ആയിരുന്നു എപ്പോഴും അവൾ എഴുതാൻ ശ്രമിക്കുക…

 

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ പലപ്പോഴും അവൾ നല്ല കുട്ടിയായി നിന്നെങ്കിലും, ഒരുനാൾ വീർത്ത വയറിൽ മുറിവേല്പിക്കാൻ വാശി ഏറി…

 

അവൾക്ക് മുന്നിൽ എന്റെ ഷർട്ട് താഴ്ത്തി നിന്നു കൊടുത്തു കൊണ്ടു എഴുതി കൊള്ളാൻ പറഞ്ഞപ്പോൾ ഒരു കുഞ്ഞിന്റെ വികൃതി പോലെ, പൊട്ടിയ വളപൊട്ടുകൾ കൊണ്ട് നെഞ്ചിൽ മുറിവേല്പിച്ചു കൊണ്ടിരുന്നു… രക്തം പൊടിയുന്ന വരെ…

 

അവളുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു ഇതൊക്കെ കാണുമ്പോൾ… ദേഹം വേദനയിൽ മുറുകുമ്പോഴും അവളുടെ മുഖത്തു വന്ന ഒന്നും അറിയാതെയുള്ള പുഞ്ചിരി എന്നിലെ നൊമ്പരങ്ങൾ മായ്ച്ചു കളഞ്ഞു…

 

കാത്തിരുന്ന ആ നാൾ ആ മുഖത്തെ പുഞ്ചിരി മാഞ്ഞു. പ്രസവ വേദനയിൽ അവൾ തേങ്ങി. പ്രാണൻ പോകുന്ന വേദനയിൽ അവൾ കിടന്നു പുളഞ്ഞു…

 

ഒരു സുന്ദരൻ ചെക്കനെ എനിക്ക് സമ്മാനിച്ച് അവൾ മയങ്ങി കിടക്കുകയാണ്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവളുടെ കണ്ണുകൾ തുറക്കാൻ വേണ്ടി… പഴയ യാമിയായി തിരികെ വരാൻ വേണ്ടി…

 

എല്ലാവരും കാത്തു നിന്ന നിമിഷം വന്നെത്തി. പക്ഷേ അവളിൽ ഒരു മാറ്റവും വന്നില്ല. സ്വന്തം കുഞ്ഞിനെ പോലും തിരിച്ചറിയാതെ അവൾ പെരുമാറി. നിറകണ്ണുകളോടെ എല്ലാവരും തളർന്നു നിന്നു…

 

പൊന്നോമനയെ ചേർത്തു പിടിച്ചു കരയുമ്പോഴും സത്യത്തിൽ അറിയില്ലായിരുന്നു ഇവനെ എങ്ങനെ നോക്കി വലുതാക്കും എന്ന്. യാമിയേയും മോനെയും ഒരുപോലെ നോക്കി കൊണ്ടിരുന്നു ഓരോ നാളും…

 

അവരെ രണ്ടുപേരെയും അമ്മയെ നോക്കാൻ ഏല്പിച്ചുകൊണ്ട് പുറത്തുപോയി വന്ന ഞാൻ ഒരു നിമിഷം തരിച്ചു നിന്നു.

 

എന്റെ കുഞ്ഞിന് അമ്മിഞ്ഞ പകരേണ്ട മറിടത്തിലും അവൾ ചിരിച്ചും കൊണ്ട് അമർത്തി എഴുതി തുടങ്ങുന്ന എന്റെ ആദ്യാക്ഷരം…

 

അവളുടെ കയ്യിലുള്ള പേന തട്ടി തെറിപ്പിച്ചു കൊണ്ട് ആ കവിളിൽ ആദ്യമായി എന്റെ കൈകൾ പതിഞ്ഞു. നിറ കണ്ണുകളോടെ അവൾ നിന്നു തേങ്ങി. ആ നിമിഷം അവളുടെ കാലിൽ വീണു പൊട്ടിക്കരഞ്ഞു പോയി.

 

“യാമീ എനിക്ക് നിന്നെ വേണം എന്റെ പെണ്ണായി… നമ്മുടെ മോന്റെ അമ്മയായി… പൊറുക്കു എന്നോട്… ഇനിയും എന്നെ തളർത്തല്ലേ… മാപ്പ്…”

 

കൈകളിലോട്ട് പൊഴിഞ്ഞു വീഴുന്ന കണ്ണുനീർ തുള്ളികൾ കണ്ടു മുഖമുയർത്തി നോക്കുമ്പോൾ പൊട്ടി കരയുന്ന യാമി…

 

“ഏട്ടാ ഞാൻ… എനിക്കെന്താ പറ്റിയെ… എന്നെ വിട്ടിട്ടു പോകുമോ… ഇനിയും വേണ്ട ട്ടോ…”

 

നെഞ്ചോരം അവൾ ഒരു തൊട്ടാവാടിയെ പോലെ കരഞ്ഞുകൊണ്ട് ചേർന്നപ്പോൾ നെഞ്ചകം വേദനിച്ചപ്പോൾ അല്പം പിറകോട്ട് മാറി. സംശയം തോന്നി ഷർട്ട് അവൾ താഴ്ത്തി നോക്കി…

 

അവൾ സമ്മാനിച്ച കുറെ മുറിപ്പാടുകൾക്ക് കൂടെ ഇടനെഞ്ചിൽ പച്ചകുത്തിയ…. “എന്റെ അമ്മുക്കുട്ടിയുടെ മാത്രം”

 

എന്ന വരിയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ അവൾ മൊഴിയുന്നുണ്ടായിരുന്നു… “നീ എന്റേതാണ് സായ് എന്റേത് മാത്രം ആർക്കും വിട്ടു കൊടുക്കില്ല ഞാൻ…”

Leave a Reply

Your email address will not be published. Required fields are marked *