യാത്ര
രചന: ഭാവനാ ബാബു
ഇടവപ്പാതിയിൽ തോരാതെ പെയ്ത മഴവെള്ളം മുറ്റവും കഴിഞ്ഞ് സിറ്റ് ഔട്ട് വരെ എത്തിയിരിക്കുന്നു മഴ തോർന്നിട്ടും ഇല തുമ്പിൽ നിന്നും ഇപ്പോഴും വെള്ളം പതിയെ ഇറ്റിറ്റു വീഴുന്നുണ്ട്.ആ കാഴ്ചകളിൽ കണ്ണും നട്ട് കുളിരു പെയ്യുന്ന മനസ്സുമായി ഞാനിപ്പോഴും സിറ്റ് ഔട്ടിൽ തന്നെ ഇരിക്കുകയാണ്.
“സായിയേട്ടാ ന്തൊരു മഴയാ ല്ലേ…. അയയിൽ വിരിച്ചിട്ട തുണിയൊക്കെ നനഞ്ഞു…. ടെറസ്സിൽ ഉണക്കാനിട്ട മുളക് എടുക്കാൻ മറന്നെന്നും പറഞ്ഞു അമ്മ കാവ്യെച്ചിയോട് ഒരേ സങ്കടം തന്നെ…. ന്നാലും വേണ്ടില്ല ചൂടിനൊരു കുറവുണ്ടാകുമല്ലോ”.
നിഷിത പറയുന്നതൊക്കെ ഞാൻ മൂളി കേട്ടുവെങ്കിലും എന്റെ മനസ്സ് അവിടെയെങ്ങും അല്ലായിരുന്നു….
“ഏട്ടാ, രാവിലെ മുതൽ ഒരു കവറും കൈയിൽ പിടിച്ച് ഒരേ ഇരുപ്പാണല്ലോ.? ഇതെന്താ രജിസ്റ്റേർഡ് പോസ്റ്റ് ആണോ?
നിഷിതയുടെ ചോദ്യം കേട്ട് ഞാനവളെ വെറുതെയൊന്ന് നോക്കി. ഇതെന്റെ ഫ്രണ്ടിന്റെ മോളുടെ വെഡിങ് ലെറ്ററാണ്…..
“ന്നിട്ട് പോണുണ്ടോ “?“ആ പോണം…. പറ്റുമെങ്കിൽ ഇന്നു തന്നെ. ഞാൻ ഇന്നലെ രാത്രി നിന്നോടീ യാത്രയെ പറ്റി പറഞ്ഞതാണല്ലോ.അതൊക്കെ പോട്ടെ ഞാനിപ്പോ നമ്മുടെ ഫസ്റ്റ് ഹണി മൂൺ ട്രിപ്പ് ഇല്ലേ? കൊടൈക്കനാലിലേക്കുള്ള, അതും ഓർത്ത് ഇരിക്കുകയായിരുന്നു.”
റൂമിലെ സ്റ്റാൻഡിൽ തുണികളൊക്കെ അടുക്കി വയ്ക്കുകയായിരുന്ന നിഷിത, ഞാൻ പറയുന്നത് കേട്ട് ആശ്ചര്യത്തോടെ എന്നെ പുറം തിരിഞ്ഞൊന്ന് നോക്കി.
“എന്റെ സായിയേട്ടാ, അതൊന്നും എന്നെ ഓർമ്മിപ്പിക്കല്ലേ. അറിയാതെ പോലും ഞാനാ ദിവസം ഓർക്കാറില്ല ”
അതും പറഞ്ഞു പരിഭവിച്ചു പോയ അവളെ ഞാൻ ചെറിയൊരു മന്ദഹാസത്തോടെ നോക്കി.
എന്റെ മനസ്സിലപ്പോൾ ആ ദിവസം തെളിഞ്ഞു വന്നു. കല്യാണം കഴിഞ്ഞ് അഞ്ചാമത്തെ ദിവസമാണ് ഞാനും, നിഷിതയും കൊടൈക്കനാലിലേക്ക് ഹണി മൂൺ ട്രിപ്പ് പ്ലാൻ ചെയ്യുന്നത്. ആദ്യ സമാഗമത്തിന്റെ മധുര സ്വപ്നങ്ങളും മനസ്സിലേറ്റി, വല്ലാത്തൊരാവേശത്തോടെ ഞാൻ കാറിൽ നിഷിതയെ കാത്തിരുന്നത്…..
നേരമേറെ കഴിഞ്ഞിട്ടും അവളെ കാണാനില്ല. അതോടെയെന്റെ ക്ഷമ നശിക്കാൻ തുടങ്ങി.
“നിച്ചു, നീ ഇതെവിടെയാ….. പത്തു പന്ത്രണ്ട് മണിക്കൂർ നിർത്താതെ ഡ്രൈവ് ചെയ്താലേ നമ്മളവിടെയെത്തൂ.മനസ്സിൽ നൂറാവർത്തി പറഞ്ഞുകൊണ്ട് ഞാൻ നിർത്താതെ ഹോണടിച്ചു
എന്റെ വെപ്രാളവും, ബഹളവും കേട്ടാണ് ഒടുവിൽ അവൾ റെഡി ആയി വന്നത്. മഞ്ഞ ചുരിദാർ ആയിരുന്നു അവളുടെ വേഷം. ആ നിറം അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി.ഗൂഢമായ എന്റെ നോട്ടം കണ്ടതും എന്തൊരു തിടുക്കമാ ചെക്കാ നിനക്ക് എന്നൊരു ഭാവമായിരുന്നു അവളുടെ ഉള്ളിലെന്നെനിക്ക് തോന്നി.
“റൂമിൽ ചെന്നിട്ട് ഇടാൻ ഉള്ളതൊക്കെ എടുത്തു വച്ചല്ലോ ല്ലേ “? കുസൃതി നിറഞ്ഞ എന്റെ നോട്ടം കലർന്ന ചോദ്യം കേട്ടപ്പോൾ തന്നെ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
“ഒന്ന് മിണ്ടാതിരിക്ക് ഏട്ടാ…. ദേ കാവ്യേച്ചി വരുന്നുണ്ട് ”
എന്റെ വയറിൽ മെല്ലെ നുള്ളിക്കൊണ്ടവൾ പറഞ്ഞു.
കാവ്യെച്ചിയോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ചേച്ചി എന്തോ നിഷിതയുടെ ചെവിയിൽ സ്വകാര്യം പറയുന്നതും, അത് കേട്ട് അവൾ നാണത്തോടെ ചേച്ചിയെ തള്ളുന്നതും ഞാൻ കണ്ടു…..
കാറിൽ പകുതിയോളം ദൂരം പിന്നിട്ടപ്പോഴാണ് ഏട്ടനോട് യാത്ര പറഞ്ഞില്ലല്ലോ എന്ന് ഞാനോർത്തത്…..
“നീ ഇറങ്ങുമുന്നേ ഏട്ടനോട് പറഞ്ഞിരുന്നോ? “നിഷിതയോട് ഞാൻ ചോദിച്ചു…
“ആ പറഞ്ഞു… പതിവ് പോലെ ഒരു മൂളൽ മാത്രം…. എന്നാലും ഏട്ടനെ സഹിക്കുന്ന കാവ്യേച്ചിയെ സമ്മതിക്കണം ”
നിഷിത പറയുന്നത് ശരിയാണെന്നു എനിക്കും തോന്നി. കാവ്യേച്ചി ഇല്ലായിരുന്നെങ്കിൽ നിഷിതയും, ഞാനും തമ്മിലുള്ള കല്യാണം പോലും നടക്കില്ലായിരുന്നു. എന്തൊക്കെ പറഞ്ഞാലും, അച്ഛൻ മരിച്ചതിൽ പിന്നെ ഏട്ടനാണ് പിന്നെയെല്ലാം…. പുറത്തേക്ക് കാണിച്ചില്ലെങ്കിലും ഉള്ളിൽ എന്നോടുള്ള സ്നേഹം എന്നുമാ മനസ്സിലുണ്ട്.
മുന്നോട്ടുള്ള യാത്രയിൽ ഞാനും നിഷിതയും വളരെ സന്തോഷത്തിലായിരുന്നു. ആളൊഴിഞ്ഞ വഴികളിൽ, കെട്ടിപ്പിടിച്ചും , ഉമ്മ വച്ചും, നല്ല ഫോട്ടോസ് എടുത്തും ഞങ്ങൾ ത്രില്ലിലായി.
പകൽ പിന്നിട്ട് നേരം ഏകദേശം രാത്രിയായി തുടങ്ങിയിരുന്നു. ഇനിയും മൂന്നാലു മണിക്കൂർ യാത്രയുണ്ട്. ഒറ്റക്ക് ഡ്രൈവ് ചെയ്ത് നടുവിന് ലേശം വേദന തോന്നിത്തുടങ്ങി. “ഏട്ടൻ തളരുമ്പോൾ ഞാൻ ഡ്രൈവ് ചെയ്യാമെ” എന്ന് പറഞ്ഞു ഒരു കാറ്റടിച്ചപ്പോൾ തന്നെ ഫ്ലാറ്റ് ആയ നിഷിതയെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു ഞാനെന്റെ യാത്ര തുടങ്ങി.
പെട്ടെന്നാണ് ആരോ കാറിനു മുന്നിലേക്ക് എടുത്തു ചാടിയെന്ന് ഞെട്ടലോടെ ഞാൻ അറിയുന്നത്. തൊട്ടടുത്ത നിമിഷം . ഞാൻ വണ്ടി സഡൻ ബ്രെക്കിട്ടു. ആ കുലുക്കത്തിൽ നിഷിത ചാടിപ്പിടഞ്ഞെഴുന്നേറ്റു.
“എന്ത് പറ്റി സായിയേട്ടാ…. “? അന്തം വിട്ടുകൊണ്ടവൾ ചോദിച്ചു….
“ആരോ വണ്ടിയുടെ അടിയിൽ പെട്ടിട്ടുണ്ട് “പരിഭ്രമത്തോടെ സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ട് ഞാൻ കാറിൽ നിന്നും ചാടിയിറങ്ങി. തൊട്ട് പിന്നാലെ നിഷിതയും…
റോഡിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലായിരുന്നു. മൊബൈൽ ഫോണിന്റെ അരണ്ട വെളിച്ചത്തിലാണ് ഞാനാ കാഴ്ച കണ്ടത്. ഏകദേശം പത്ത് വയസ്സുള്ള ഒരു പെൺകുട്ടി വണ്ടിയുടെ മുന്നിൽ കിടക്കുന്നു. അവളുടെ നെറ്റി ചെറുതായി പൊട്ടി ചോര ഒലിക്കുന്നുണ്ട്. ഞാനാ കുഞ്ഞിനെ തട്ടി വിളിച്ചു.അപ്പോഴാണ് അവൾക്ക് ബോധം നഷ്ടപ്പെട്ടെന്ന സത്യം ഞാനറിയുന്നത് . നിഷിതയുടെ മുഖം ഭയം കൊണ്ട് വിളറി വെളുത്തു.
“നിഷിതേ , നമുക്ക് ഈ കുഞ്ഞിനെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം. നീ വണ്ടിയിൽ കേറ് …..”
ഞാൻ കുഞ്ഞിനെ ബാക്കിലെ സീറ്റിൽ കിടത്തി. ഗൂഗിളിൽ തൊട്ടടുത്ത ഹോസ്പിറ്റൽ സെർച്ച് ചെയ്തു. ഇനിയും അര കിലോമീറ്റർ പോകണം. ഞാൻ കാർ സ്പീഡിൽ ഡ്രൈവ് ചെയ്തു. മിനിറ്റുകൾക്കകം ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.നടന്ന കാര്യങ്ങളെല്ലാം ഞങ്ങൾ ഡോക്ടറോട് ഡീറ്റൈൽ ആയിട്ട് പറഞ്ഞു.
ഡ്യൂട്ടി ഡോക്ടർ അവളെ വിശദമായി പരിശോധിച്ചു. ഇൻജെക്ഷനും, ഡ്രിപ്പും ഒക്കെ കൊടുത്തപ്പോൾ അവൾക്ക് പെട്ടെന്ന് തന്നെ ബോധം വന്നു.
ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഡോക്ടർ ഞങ്ങളോട് അവളുടെ കണ്ടിഷൻ പറയുന്നത്.
“കുഞ്ഞിന് മെന്റലി നല്ല ഷോക്ക് ഉണ്ടായിട്ടുണ്ട്. അത് കാരണം സംസാരശേഷി താത്കാലികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. എത്രയും വേഗം കുഞ്ഞിന്റെ പേരെന്റ്സിനെ കണ്ടുപിടിച്ചു ഏൽപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കുറച്ചു വേഴ്സ്റ്റ് ആകാൻ സാധ്യതയുണ്ട്.”.
നേരം പുലർന്നപ്പോൾ ഒ. പി കാർഡിൽ മെഡിസിനെഴുതി ഡോക്ടർ അവളെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഞാൻ വല്ലാത്തൊരവസ്ഥയിലായിരുന്നു. ഹണി മൂണിന്റെ മധുര സ്വപ്‌നങ്ങൾ ഉള്ളിലൊതുക്കി യാത്ര തുടങ്ങി, ഒടുവിൽ തൊട്ടു മുന്നിൽ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചതറിഞ്ഞപ്പോൾ ഞാൻ കടുത്ത നിരാശയിലായി .സങ്കടം നിറഞ്ഞ മുഖത്തോടെയിരിക്കുന്ന നിഷിതയപ്പോൾ പൊട്ടി കരയുമോ എന്നു പോലും ഞാൻ ഭയന്നു
“സോറി നിച്ചു, നമുക്ക് നാട്ടിലേക്ക് തിരിച്ചു പോയേ പറ്റൂ “.
ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
ആ കുഞ്ഞിന്റെ മുഖത്തേക്ക് ചെറിയൊരു നീരസത്തോടെയൊന്ന് നോക്കി, ശരിയെന്ന് പറഞ്ഞുകൊണ്ടവൾ തലയാട്ടി.
ഏറെ വൈകി വീട്ടിലെത്തിയ ഞങ്ങളെ കണ്ട് അമ്മയും, ഏട്ടത്തിയും വല്ലാതെ പരിഭ്രമിച്ചു. ഏട്ടനപ്പോൾ ബിസിനസ് മീറ്റിംഗുമായി കോഴിക്കോടായിരുന്നു . ഒരു കണക്കിന് അത് നന്നായെന്ന് എനിക്ക് തോന്നി. ഒറ്റ നോട്ടത്തിൽ തന്നെ കാവ്യേച്ചിക്ക് അവളെ ഇഷ്ടമായി.”ഇങ്ങു വാ മോളെ “എന്ന് കൈയാട്ടി വിളിച്ചപ്പോഴേക്കും അവൾ ഏട്ടത്തിയുടെ അടുത്തേക്ക് പോയി.
പിറ്റേ ദിവസം രാവിലെ ഞാൻ ഏട്ടനെ വിളിച്ച് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു.ഏട്ടൻ പറഞ്ഞതനുസരിച്ച് ഞാൻ കുട്ടിയേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ ഹാജരാ യി.കുട്ടിയുടെ കൈയിൽ ബാഗൊ, പേഴ്സൊ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് മാത്രം അവർ ചോദിച്ചു. അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞപ്പോൾ വിവരങ്ങൾ എല്ലാം എഴുതി എടുത്ത് അവർ ഞങ്ങളെ പറഞ്ഞയച്ചു.
ഒന്ന് രണ്ട് ദിവസം കൊണ്ടു തന്നെ ഏട്ടത്തിയ്ക്ക് അവളെ വിട്ട് പിരിയാൻ വയ്യാതൊരു അവസ്ഥയിലായി.”നോക്ക് ഏട്ടാ, ആ കുട്ടിക്ക് ഏടത്തിയുടെ ചെറിയ ഛായ ഉണ്ടല്ലേ “നിഷിത പറഞ്ഞത് കേട്ട് ഞാനും, അമ്മയും ചിരിച്ചെങ്കിലും ഏടത്തിയുടെ മുഖത്ത് ചെറിയൊരു വിഷാദം പോലെ.
“മോനെ സായി ഇവളെ നമുക്ക് വളർത്താമെടാ”. ഒരു ദിവസം വൈകുന്നേരം ചായ കപ്പുമായി മുന്നിലെത്തി ഏടത്തി പറഞ്ഞു. എനിക്കും ആ പറഞ്ഞത് ഇഷ്ടമായെങ്കിലും, കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും കുറിച്ചോർത്തപ്പോൾ അത് ശെരിയല്ലെന്ന് എനിക്ക് തോന്നി.ഏട്ടന് പക്ഷെ ആ കുട്ടിയെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്നുള്ളൊരു മാനസികാവസ്ഥയിലാരുന്നു.
ഒരാഴ്ച കഴിഞ്ഞിട്ടും, പോലീസിന്റെ ഭാഗത്തു നിന്ന് ഒരു ഇൻഫർമേഷനും കിട്ടാതായപ്പോഴാണ് ഞാനെന്റെ വഴിക്ക് ചിലത് അറിയാൻ ശ്രമിച്ചത്. അതിനു എന്നെ സഹായിച്ചത് ആക്സിഡന്റ് നടന്ന സമയത്ത് അവൾ ഇട്ടിരുന്ന ഷർട്ട് ആണ്. അതിൽ അത് തയ്‌പ്പിച്ച ഷോപ്പിന്റെ പേരും, ഫോൺ നമ്പറും ഉണ്ടായിരുന്നു.
പിറ്റേ ദിവസം ഓഫീസ് ടൂർ എന്ന കളവ് പറഞ്ഞു ഞാൻ പാലക്കാടെക്ക് യാത്ര തിരിച്ചു. കുറേ അന്വേഷണത്തിനൊ
ടുവിലാണ് ഞാനാ ടൈലറിങ് ഷോപ്പ്
കണ്ടു പിടിച്ചത്. ആ ഗ്രാമത്തിലെ കുറച്ചു ഭേദപ്പെട്ട വർക്കിങ് പ്ലേസ് അതാണെന്നെനിക്ക് തോന്നി. ഷോപ്പിനുള്ളിൽ മൂന്നു തൊഴിലാളികൾ ഉണ്ടായിരുന്നു.
അതിൽ ഓണർ എന്നെനിക്ക് തോന്നിയ ആളോടാണ് ഞാൻ വിവരങ്ങൾ അന്വേഷിച്ചത്. ആ ഷർട്ടിന്റെ ഫോട്ടോ കാണിച്ചെങ്കിലും അയാൾക്ക് അതാരുടേതാണെന്ന് ഓർമ്മ കിട്ടിയില്ല. അപ്പോഴാണ് എന്റെ ഫോണിൽ സേവ് ചെയ്തിരുന്ന കുട്ടിയുടെ ഫോട്ടോ ഞാന യാളെ കാണിച്ചത്.
“ഇത് നമ്മുടെ സുകുവിന്റെ മോളല്ലേ”? “അശ്ചര്യത്തോടെ അയാൾ സ്വയം ചോദിച്ചു. ഈ കുട്ടിയെ കുറച്ചു ദിവസമായിട്ടു കാണാനില്ലെന്നും, അത് കാരണം അതിന്റെ അമ്മ വിഷമിച്ചിരിക്കുകയാണെന്നും അയാൾ പറഞ്ഞപ്പോൾ ഞാൻ തേടി വന്ന കുഞ്ഞിന്റെ വിവരങ്ങൾ തന്നെയാണ് അയാൾ പറയുന്നതെന്നെനിക്ക് ഉറപ്പായി.
ആ ടെയിലർ പറഞ്ഞ അഡ്രസ്സും തേടിയായി പിന്നെ എന്റെ യാത്ര. അവരുടെ വീടിന്റെ മുന്നിലേക്ക് കാർ പോകില്ലെന്ന് അയാൾ പ്രത്യേകം പറഞ്ഞത് കൊണ്ട് വണ്ടി സൈഡിൽ ഒതുക്കി വച്ചു ഞാൻ ധൃതിയിൽ നടക്കാൻ തുടങ്ങി. ആ യാത്ര അവസാനിച്ചത് ഒരു ചെറിയ വീടിന്റെ മുന്നിലാണ്. മതിലോ, ഗേറ്റോ ഒന്നും ആ വീടിന് ഇല്ലായിരുന്നു. ചാരി വച്ച കതകിനിടയിലൂടെ ചെറിയൊരു നിലവിളക്കിന്റെ വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്.
“ഇവിടെ ആരുമില്ലേ “? ഒരൽപ്പം പരുങ്ങലോടെ ഞാൻ ചുറ്റിലുമൊന്ന് നോക്കികൊണ്ട് ചോദിച്ചു.
കുറച്ചു സമയത്തിന് ശേഷം ആരാ എന്ന് ചോദിച്ചു കൊണ്ട് ഒരു സ്ത്രീ വീടിന് പുറത്തേക്ക് ഇറങ്ങി വന്നു. അവരെ കണ്ടാൽ ഏറിയാൽ മുപ്പത്തിനാല് വയസ്സ് തോന്നിക്കും. നരച്ചു തുടങ്ങിയ സാരി കഴുത്തിലൂടെ ചുറ്റി മുന്നോട്ട് ഇട്ടിരിക്കുന്നു. ആകെ വിഷമിച്ചു ദൈന്യത നിറഞ്ഞതായിരുന്നു അവരുടെ നോട്ടം.
“ആരാ, എന്ത് വേണം “? സംശയവും, പേടിയും നിറഞ്ഞ ശബ്ദത്തിൽ അവരെന്നോട് ചോദിച്ചു.
കൂടുതൽ ഒന്നും ചോദിക്കാനോ, പറയാനോ നിൽക്കാതെ, ഞാനെന്റെ ഫോണിലുള്ള കുട്ടിയുടെ ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തു. അത് കണ്ടതും ഫോണും തട്ടിപ്പറിച്ച് നിലവിളിച്ചും കൊണ്ട് അവരാ മുറ്റത്ത് കുനിഞ്ഞിരുന്നു.
“എന്റെ മോളെവിടെയാ സാറേ…. നിങ്ങളുടെ അടുത്താണോ എന്റെ മോൾ…. പറ സാറേ അവളെവിടെ “? അവരുടെ നിർത്താതെയുള്ള ഏങ്ങലടി കേട്ട് ഞാൻ വല്ലാത്തൊരവസ്ഥയിലായി.
“എനിക്കൊരു ഗ്ലാസ് വെള്ളം തരുമോ “? അവരുടെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാനെ ന്നോണം ഞാൻ ചോദിച്ചു.
എന്റെ ചോദ്യം കേട്ടതും അവർ കണ്ണും തുടച്ചു കൊണ്ട് അകത്തേക്കൊരു ഓട്ടം. തൊട്ടടുത്ത നിമിഷം ഒരു ഗ്ലാസിൽ വെള്ളവുമായി അവരെന്റെ മുന്നിലെത്തി.
“എനിക്കൊന്ന് ഇരിക്കണമായിരുന്നു “മുറ്റത്തേക്ക് ഒരു ചെയർ ഇട്ടിരുന്നെങ്കിൽ.
മകളെ പറ്റി അറിയാനാണ് ആ അമ്മയുടെ ഉള്ളം തുടിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും അതൊക്കെ അവഗണിച്ചു കൊണ്ട് അവരുടെ മനസ്സൊന്നു നേരെയാകാൻ ഞാനോരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
“ഇനിയും എനിക്ക് ക്ഷമിക്കാൻ വയ്യ സർ, എന്റെ മോളെവിടെ? ഏഴെട്ട് ദിവസങ്ങളായി ഞാൻ അവളെയൊന്നു കണ്ടിട്ട്. എന്റെ മാനസികാവസ്ഥ സാറൊന്നു മനസ്സിലാക്കണം”.
കണ്ണീർ പൊഴിച്ചു കൊണ്ടുള്ള അവരുടെ വാക്കുകൾക്ക് മുന്നിൽ ഒടുവിൽ ഞാൻ കീഴടങ്ങി.
.
“എനിക്കാദ്യം അറിയേണ്ടത്, അന്ന് രാത്രി മോൾ എങ്ങനെ ഞങ്ങളുടെ കാറിന്റെ അടിയിൽ പെട്ടെന്നാണ് “?
എന്റെ ചോദ്യം കേട്ടതും അവർ നടുങ്ങി ത്തരിച്ചു
“അയ്യോ, എന്റെ ശിവൂനു ആക്സിഡന്റ് പറ്റിയോ. എന്നിട്ട് ഇപ്പോൾ എങ്ങനെയുണ്ട് സാറേ “?
“ശിവു…. അതാണോ അവളുടെ പേര്? അപ്പോൾ നിങ്ങളുടെ പേരോ?”
“എന്റെ പേര് ദക്ഷ… മോളുടെ പേര് ശിവദ. അന്ന് മോളെ നഷ്ടപ്പെട്ട ആ രാത്രി എനിക്കോർക്കാൻ കൂടി വയ്യ. എന്റെ ഭർത്താവ് കള്ളും കുടിച്ച് തല്ലും പിടിയുമായി ആരെയോ കുത്തി. അങ്ങനെ അവരുടെ ഗ്യാങ് പകരം വീട്ടാൻ വന്നപ്പോൾ ഭയന്നു വിറച്ച ഞാൻ മോളെ പിൻവാതിലിലൂടെ രക്ഷപ്പെടുത്തി. കുറച്ചു സമയത്തിന് ശേഷം നാട്ടുകാരെല്ലാം ഓടിക്കൂടിയാണ് എന്നെ രക്ഷപ്പെടുത്തിയത്.
അപ്പോൾ നിങ്ങളുടെ ഭർത്താവ്?
“അയാളെ പോലീസ് അപ്പോൾ തന്നെ അറസ്റ്റ് ചെയ്തു. ഇപ്പോൾ റിമാൻഡിലാണ്.”
“ഇതൊക്കെ എത്രയോ നാളായി ഞാൻ അനുഭവിക്കുന്നതാണ്. ഇപ്പോൾ ഞാന തൊന്നും ഓർക്കാറ് പോലുമില്ല. എന്റെ ശിവു എവിടെയാ സാറെ. എനിക്ക് അവളെ ഇപ്പോൾ കാണണം.”
അവരെന്റെ മുന്നിൽ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
“ശിവദ ഇപ്പോൾ എന്റെ വീട്ടിൽ സുഖമായിരിക്കുന്നു. പോലീസ് സ്റ്റേഷൻ വഴി മാത്രമേ നിങ്ങൾക്ക് അവളെ കൊണ്ട് പോകാൻ കഴിയുള്ളു.”
ഞാൻ പറയുന്നത് കേട്ട് അവരൊരു നിമിഷം തരിച്ചിരുന്നു.
സാറിന്റെ വീടെവിടെയാ? എന്തോ ഓർത്തു കൊണ്ട് അവരെന്നോട് ചോദിച്ചു.
“എറണാകുളം….”
“അയ്യോ സാറെ, അതിവിടുന്ന് ഒത്തിരി ദൂരത്തല്ലേ?.”
“അതെ. ഇന്ന് രാത്രി ഞാനിവിടെ ഏതെങ്കിലും ഹോട്ടലിൽ റസ്റ്റ് എടുത്തിട്ട് നാളെ രാവിലെ ഞാൻ നാട്ടിലേക്ക് തിരിക്കും. എന്നെ വിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്കെന്റെ ഒപ്പം വരാം. അതല്ലെങ്കിൽ അവിടെ എത്തിയിട്ട് എന്നെ വിളിച്ചാൽ മതി. ഞാനെന്റെ കാർഡ് അവർക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
“എന്റെ മോളെ എനിക്കൊപ്പം കിട്ടാൻ ഈ രാത്രി പുലരണം അല്ലെ സാറേ. വിതുമ്പൽ അടക്കി കൊണ്ട് അവർ ചോദിച്ചു.”
“ഞാനങ്ങു വന്നേക്കാം സാറെ. ചോരയൊലി പ്പിച്ച എന്റെ മുഖം കണ്ട് ഓടിപ്പോയതാണ് എന്റെ പൊന്നുമോൾ. എന്തായാലും ആപത്തൊന്നും കൂടാതെ അവൾ സുഖമായിരിക്കുന്നല്ലോ “ഈശ്വരന് നന്ദി പറഞ്ഞു കൊണ്ട് അവർ സ്നേഹത്തോടെ എന്നെ നോക്കി.
അന്ന് രാത്രി ഹോട്ടലിൽ തങ്ങി പിറ്റേദിവസം ഞാൻ നാട്ടിലെത്തി. വീട്ടിലെത്തിയ ഉടനെ ഞാൻ അമ്മയോടും, നിഷിതയോടും നടന്നതൊക്കെ വിശദമായി പറഞ്ഞു. കാവ്യേച്ചിയെ സമ്മതിപ്പിക്കാനായിരുന്നു ഞങ്ങൾ ഏറെ കഷ്ടപ്പെട്ടത്. നിഷിതയ്ക്കും അവളെ പിരിയുന്നതിൽ ചെറിയൊരു സങ്കടമുണ്ടെന്നെനിക്ക് തോന്നി.
നാല് മണിയോടെയാണ് ശിവദയുടെ അമ്മയുടെ കോൾ എന്നെ തേടി വരുന്നത്. ആദ്യം വീട്ടിലേക്ക് വിളിച്ചാലോ എന്ന് തോന്നിയെങ്കിലും പിന്നെ അത് വേണ്ടെന്ന് വച്ചു. അങ്ങനെയാണ് ഞാൻ അവർക്ക് പോലീസ് സ്റ്റേഷനിലെ അഡ്രെസ്സ് കൊടുത്തത്. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്ന അവരെ ഞാൻ സാന്ത്വനിപ്പിച്ചു.
അര മണിക്കൂറിനുള്ളിൽ ഞാൻ എത്താമെന്ന് ഉറപ്പ് നൽകിയപ്പോഴാണ് അവരൊന്ന് സമാധാനിച്ചത് . കാർ സ്റ്റാർട്ട് ചെയ്യാനായി ഡോർ തുറന്നപ്പോൾ കാവ്യേച്ചി മോളെയും കൊണ്ട് വന്നു . അവൾക്ക് വേണ്ടി വാങ്ങിയ, കളിപ്പാട്ടവും ഡ്രെസ്സുമൊക്കെ ഏട്ടൻ കാറിന്റെ ഡിക്കിയിൽ വച്ച് മോളെ പിൻ സീറ്റിലിരുത്തി ഏട്ടൻ ഫ്രണ്ടിൽ കയറി.ഏട്ടനായിരുന്നു കാർ ഡ്രൈവ് ചെയ്തത്.
ഏട്ടൻ എന്റെ ഒപ്പം വരുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. പറഞ്ഞ സമയത്ത് തന്നെ ഞങ്ങൾ സ്റ്റേഷനിലെത്തി.ഞാൻ മോളുടെ കൈയും പിടിച്ച് പുറത്തിറങ്ങി.കുറച്ചകലെ നിന്ന ദക്ഷയെ കണ്ടതും അമ്മേ എന്നുറക്കെ വിളിച്ചു കൊണ്ട് ശിവദ അവളെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അത് വരെ ഒരക്ഷരം സംസാരിക്കാൻ കഴിയാതെയിരുന്ന ശിവദയുടെ മാറ്റം എന്നെ വല്ലാതെ അമ്പരപ്പിച്ചു.
അവരുടെ കരച്ചിലും, സ്നേഹ പ്രകടന ങ്ങളും കണ്ട് കാറിനുള്ളിൽ ഇരുന്ന ഏട്ടന്റെ മുഖം വല്ലാതെയാകുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആദ്യമായിട്ടായിരുന്നു ഏട്ടനിൽ അങ്ങനെയൊരു ഭാവമാറ്റം ഞാൻ കാണുന്നത്.
സ്റ്റേഷനിലെ എല്ലാ ഫോർമാലിറ്റിസും പൂർത്തിയാക്കി, എന്നോട് നന്ദിയും പറഞ്ഞു തിരിഞ്ഞു പോകാൻ തുടങ്ങിയ ദക്ഷ “ശിവദയുടെ അച്ഛൻ ആരാണെന്ന” എന്റെ ചോദ്യം കേട്ട് പൊടുന്നനെ തരിച്ചു നിന്നു.
“സുകുവിനെ പറ്റി ഞാനെല്ലാം സാറിനോട് പറഞ്ഞിരുന്നല്ലോ “?എന്തോ ഒളിപ്പിക്കാനുള്ള പെട്ടെന്നുള്ള ദക്ഷയുടെ വ്യഗ്രത കണ്ടതും അവർ പറയുന്നത് നുണയാണെന്നെനിക്ക് മനസ്സിലായി.
ശിവദയുടെ കൈയിലെ മറുകും, അവരുടെ നാട്ടിലെ ടൈലർ പറഞ്ഞ കാര്യങ്ങളും ചേർത്തു വച്ചപ്പോൾ സുകു അല്ല ശിവദയുടെ അച്ഛനെന്ന് എനിക്ക് നേരത്തെ മനസ്സിലായിരുന്നു .
“എന്റെ കുഞ്ഞിന്റെ അച്ഛൻ ആരായാലും സാറിനെന്താ “?
നെറ്റിയിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പുത്തുള്ളികളെ സാരിത്തലപ്പു കൊണ്ട് തുടച്ചും കൊണ്ട് ദക്ഷ ചോദിച്ചു.
ശിവദ അപ്പോൾ കുറച്ചകലെ ചില കുട്ടികൾക്കൊപ്പം ഓടിച്ചാടി കളിക്കുകയായിരുന്നു.തികഞ്ഞ ഉത്സാഹത്തിലായിരുന്നു അവളപ്പോൾ.
“മോളുടെ അച്ഛൻ എന്റെ ഏട്ടൻ ശിവപ്രകാശ് ആണോ എന്നു മാത്രം എനിക്കറിഞ്ഞാൽ മതി.
മുഴക്കമുള്ള എന്റെ വാക്കുകൾ അവരെ ചുട്ടു പൊള്ളിച്ചു.അത് കേട്ടതും ദക്ഷ പിന്നിലെ ചുമരിലേക്ക് ചാരി എന്തോ ഓർത്തു കൊണ്ട് നിന്നു.
ദക്ഷയെ കണ്ടപ്പോഴുള്ള ഏട്ടന്റെ വെപ്രാളവും, പരവേശവും ഞാൻ ശ്രദ്ധിച്ചിരുന്നു.ഒന്നും പറയാതെ കാറും കത്തിച്ചുള്ള പോക്ക് കണ്ടപ്പോഴാണ് എന്റെ സംശയം സത്യമാകരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചത്.
” ശിവന്റെ അനിയൻ സായി പ്രകാശ്
അല്ലെ “?
ദക്ഷയുടെ ചോദ്യം എന്നെ വല്ലാതെ അശ്ചര്യപ്പെടുത്തി.
“സായി ചിന്തിച്ചതൊക്കെ സത്യമാണ് “. ശിവദ, ശിവപ്രകാശിന്റെ മകളാണ്.
എറണാകുളത്തുള്ള ഏട്ടനും, പാലക്കാട് ബോർഡറിൽ ഉള്ള ശിവദയും എങ്ങനെ പരിചയപ്പെട്ടു? അപ്പോൾ ഞാനതാണ് ചിന്തിച്ചത്.
ഏട്ടനും, നിങ്ങളും പിന്നെ ശിവുവും…. ഇതെങ്ങനെ സംഭവിച്ചു ? മടിച്ചു മടിച്ചു ഞാൻ ചോദിച്ചു.
ഒരു നിമിഷം അവരുടെ ഓർമ്മകൾ കുറെ പിന്നിലേക്ക് സഞ്ചരിക്കുന്നത് പോലെ എനിക്ക് തോന്നി. പറയാൻ തുടങ്ങിയതും ആ ശബ്ദമൊന്ന് ഇടറിയത് പോലെ.
“ശിവ എഞ്ചിനീയറിങ്ങിനു ചേരാൻ വന്നത് തിരുവനന്തപുരത്തായിരുന്നു . ഹോസ്റ്റലിലായിരുന്നു അവന്റെ താമസം. കോളേജ് ക്യാന്റീനിൽ എന്റെ അച്ഛനെ സഹായിക്കാൻ വന്നതായിരുന്നു ഞാൻ. അങ്ങനെയാണ് ഞാൻ ശിവയെ കാണുന്നത്. ആരോടും സംസാരിക്കാത്ത, കൂട്ട് കൂടാത്ത ഒരു ചെറുപ്പക്കാരൻ.അതായിരുന്നു ഞാൻ അവനെ ശ്രദ്ധിക്കാനുള്ള കാരണം.
എന്നാൽ ഫ്രഷേസ് ഡേ യുടെ തലേന്ന് ഹോസ്റ്റലിലെ പിള്ളേർ ഒപ്പിച്ചൊരു തമാശ അവന്റെ ജീവൻ തന്നെ പോകുമെന്ന നിലയിലായി.അച്ചനായിരുന്നു മുക്കലും മൂളലും ഞെരക്കവും കേട്ട് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടിയ അവനെയാദ്യം കാണുന്നത്. അപ്പോൾ തന്നെ ഞാനും അച്ഛനും കൂടി അവനെ തൊട്ടടുത്ത ഡോക്ടറുടെ വീട്ടിലെ ത്തിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് അവൻ തിരികെ ബോധാവസ്ഥയിലെത്തിയത്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കം.
മറ്റാരും അറിയാതെ ഞങ്ങൾ ഗാഡ്ഢമായി പ്രണയിക്കാൻ തുടങ്ങി . കോളേജിലെ അവസാനദിവസം സങ്കടത്തോടെയാണ് അവനെന്നെ കാണാൻ വന്നത്. അന്ന് അച്ചൻ നാട്ടിൽ പോയിരിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ഉച്ച കഴിഞ്ഞ് ക്യാന്റീനും അടച്ചു . അവനെ നഷ്ടപ്പെടുമോ എന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവന്റെ സ്നേഹവും, അവനില്ലാതെയാകുന്ന ശൂന്യതയും എന്നെ അവനിലേക്ക് വലിച്ചടുപ്പിച്ചു.
കുറച്ചു മണിക്കൂറുകൾ കൊണ്ട് ഞങ്ങൾ സ്വയം മറക്കുകയും, ശരിയുടെ വേലി യേറ്റങ്ങൾ ഭേദിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോഴാണ് ചെയ്തതിനെ കുറിച്ച് എനിക്ക് ബോധം വന്നത്. ഒരു ചെറു പുഞ്ചിരിയോടെ അവനെന്നെ മാറിലേക്ക് വലിച്ചടുപ്പിച്ചപ്പോൾ ഹൃദയത്തിൽ കുളിരു മഴ പെയ്യുന്നത് പോലെയാണെനിക്ക് തോന്നിയത് .
അവൻ യാത്ര പറഞ്ഞു പോയതോടെ എനിക്ക് ഒന്നിനും ഉത്സാഹം ഇല്ലാതെയായി. ക്ഷീണവും, തളർച്ചയും കൂടി വന്നു. അപ്പോഴാണ് ഞാനാ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത്. എന്റെ ഉദരത്തിൽ ശിവയുടെ കുഞ്ഞു ജീവൻ വളരുന്നു. അവനെ ഞാൻ അപ്പോൾ തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചു.ഞാൻ ഗർഭിണി ആണെന്നറിഞ്ഞതോടെ അവനാകെ പകച്ചു പോയി .
ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ഒരു കുഞ്ഞിന്റെ അച്ഛനാകുക എന്നത് ആർക്കും ചിന്തിക്കാൻ കൂടി കഴിയാത്ത ഒരു കാര്യമാണ്. ആ സത്യം ഉൾക്കൊണ്ടു കൊണ്ട് , അവനെ കാത്തിരിക്കാൻ ഞാൻ ഒരുക്കമായിരുന്നു. പക്ഷെ അവനെന്നെ തീർത്തും കൈയൊഴിഞ്ഞു. കുടുംബത്തിന്റെ അഭിമാനം അതായിരുന്നു അവനെയോരോ നിമിഷവും അലട്ടിയിരുന്നത്.
വിവാഹം കഴിക്കാതെ മകൾ ഗർഭിണി ആയെന്നറിഞ്ഞതോടെ എന്റെ അച്ഛൻ തളർന്നു വീണു . ആ അവസ്ഥ അച്ഛനെ വൈകാതെയൊരു കിടപ്പ് രോഗിയാക്കി. അച്ഛന്റെ നിർബന്ധം കാരണമാണ് ഞങ്ങൾ തിരുവനന്തപുരം വിട്ട് പാലക്കാട്ടേക്ക് താമസം മാറിയത് . അങ്ങനെ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി.
കുഞ്ഞിന്റെ ഒരു കാര്യങ്ങളും അവൻ അന്വേഷിച്ചില്ല. ജനിച്ചത് മോളാണോ അതോ മോനാണോ എന്ന് പോലും അവൻ ചോദിച്ചില്ല. എന്റെ വിഷാദം നിറഞ്ഞ മുഖം അച്ഛനെ കൂടുതൽ സങ്കടപ്പെടുത്തി കൊണ്ടിരുന്നു .
അങ്ങനെ ശിവദയുടെ അഞ്ചാം പിറന്നാളിന്റെ അന്ന് ശിവയെ വിളിച്ചപ്പോൾ, ഒരാഴ്ച കൂടി കഴിഞ്ഞാൽ അവന്റെ വിവാഹമാണെന്നും, ഇനി അവനെ ശല്യപ്പെടുത്തരുതെന്നും പറഞ്ഞു. അത് കേട്ടതോടെ എനിക്കെന്നോട് തന്നെ പുച്ഛം തോന്നി. ഒരു നിമിഷം കൊണ്ട് അവനെന്റെയുള്ളിൽ വെറുക്കപ്പെട്ടവനായി മാറി.
ജീവിതത്തിൽ ഇനിയൊരു പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് മരിച്ചാലോ എന്ന് തോന്നിയ നിമിഷം. പക്ഷെ ശിവദായുടെ മുഖം ഓർത്തുപ്പോൾ ജീവിക്കണമെന്നൊരു വാശി തോന്നി.
അച്ഛന്റെ ഭീഷണിക്ക് വഴങ്ങി, സുകു എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ മനസ്സിന് വല്ലാത്തൊരു മരവിപ്പായിരുന്നു. ഏറെ വൈകാതെ അച്ഛനും മരിച്ചു. നരക തുല്യമായിരുന്നു സുകുവിനോപ്പമുള്ള ജീവിതം. മദ്യപിച്ചു ലക്ക് കെട്ട് വന്ന് ഞങ്ങളെ എന്നും ദേഹോപദ്രവം ചെയ്തു കൊണ്ടിരുന്നു .
ഒരു നെടുവീർപ്പോടെ അവൾ സ്വന്തം ജീവിതാനുഭവങ്ങൾ എന്നോട് പറഞ്ഞപ്പോൾ ഞാൻ വല്ലാത്തൊരവസ്ഥയിലായി.
ദക്ഷയുടെ വേദന നിറഞ്ഞ ജീവിതം എന്റെ മനസ്സിനെയാകെ ഉലച്ചു . അച്ഛനോളം ഞാൻ ബഹുമാനിച്ചിരുന്ന ഏട്ടനെന്ന വിഗ്രഹം ഒരു നിമിഷം കൊണ്ട് ഉടഞ്ഞു തീരുന്നത് ഞാൻ സങ്കടത്തോടെ തിരിച്ചറിഞ്ഞു . അപ്പോഴത്തെ എന്റെ സങ്കടം ദക്ഷയെ എങ്ങനെ അശ്വസിപ്പിക്കണമെന്നോർത്ത് മാത്രമായിരുന്നു.
“സായി, ശിവയ്ക്ക് മോളോട് സ്നേഹമാണോ? അയാൾക്ക് ഇവളെ കണ്ടപ്പോൾ സ്വന്തം മോളാണെന്ന് തോന്നിയോ “?
ആകാംഷ നിറഞ്ഞ ദക്ഷയൂടെ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പരുങ്ങി. ഏട്ടൻ ഒരു നിമിഷം പോലും സ്നേഹത്തോടെ അവളെ ഒന്ന് നോക്കിയിട്ട് പോലുമില്ലെന്നോർത്തപ്പോൾ എന്റെ ഹൃദയം വേദനിച്ചു.
എന്റെ മുഖഭാവം കണ്ടിട്ടാകണം ദക്ഷ പിന്നെയൊന്നും ചോദിച്ചില്ല. കടുത്ത നിരാശ നിറഞ്ഞൊരു നിഴൽ അവളുടെ മുഖം മറച്ചത് പോലെയെനിക്ക് തോന്നി
പെട്ടെന്നാണ് ശിവദ ഓടി വന്നെന്റെ കാലിൽ ചേർത്തു പിടിച്ചത്. ഞാനവളെ കോരിയെടുത്ത് എന്റെ മാറോടു ചേർത്തണച്ചു. എന്റെ ഏട്ടന്റെ മകൾ…. കുടുംബത്തിലെ ആദ്യത്തെ കണ്മണി. ഓർത്തപ്പോൾ സന്തോഷം കൊണ്ട് ശ്വാസം മുട്ടുന്നത് പോലെയെനിക്ക് തോന്നി.
“ഇനി മോളെയും കൊണ്ട് ആ വൃത്തി കെട്ടവന്റെ അടുത്തേക്ക് നിങ്ങൾ പോകേണ്ട. നിങ്ങൾക്ക് രണ്ടാൾക്കും ജീവിക്കാനുള്ളത് ഞാൻ ചെയ്തു തരാം ”
ഉറച്ച വാക്കുകൾ ആയിരുന്നു എന്റേത്.
അത് കേട്ടതും മോളെ എന്റെ കൈയിൽ നിന്നും വാങ്ങി ദക്ഷ പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു.
“ഏട്ടന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയാണോ അനിയൻ “?
മൂർച്ചയേറിയ അവളുടെ ചോദ്യം കേട്ടതും ലജ്ജ കൊണ്ടെന്റെ തല കുനിഞ്ഞു.
“അങ്ങനെ തിരുത്താൻ കഴിയുന്ന തെറ്റല്ല നിന്റെ ഏട്ടൻ എന്നോട് ചെയ്തത്. അതിൽ ഞാനും കൂടി പങ്കാളിയാണ്. പക്ഷെ സ്വന്തം കുഞ്ഞിനെ തീർത്തും അവഗണിച്ചു കൊണ്ട് ഒരു മനസാക്ഷിയുമില്ലാതെ മറ്റൊരു ജീവിതം തേടി പോയ അവന്റെ കുടുംബത്തിന്റെ ഒരു സഹായവും എനിക്കോ എന്റെ മകൾക്കോ വേണ്ട.
ശീല പോലെ ഉറച്ചതായിരുന്നു ആ വാക്കുകൾ.
“പിന്നെ നിങ്ങൾ എങ്ങനെ ജീവിക്കും.?”
ആശങ്കയോടെ ഞാൻ ചോദിച്ചു.
എഞ്ചിനീയറിങ് ഒന്നുമില്ലെങ്കിലും ജീവിക്കാൻ വേണ്ട വിദ്യാഭ്യാസമൊക്കെ എന്റെ അച്ഛൻ എനിക്ക് നൽകിയിട്ടുണ്ട് .ഡിഗ്രിയോടൊപ്പം ഞാൻ ഫാഷൻ ടെക്‌നോളജി ഡിപ്ലോമ കംപ്ലീറ്റ് ചെയ്തു. ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്ന എന്റെ ഫ്രണ്ട് ആതിരയാണ് എനിക്കവിടെയൊരു ജോബ് ഓഫർ നൽകിയത്. മോളെ നഷ്ടപ്പെ ട്ടതോടെഎന്റെ ധൈര്യമെല്ലാം ചോർന്നു.നശിച്ച ഓർമ്മകളെല്ലാം കുഴിച്ചു മൂടി മോളുടെ ഒപ്പം പുതിയൊരു ജീവിതം.അതാണിപ്പോൾ എന്റെ ലക്ഷ്യം.
ദക്ഷയുടെ പ്രത്യാശ നിറച്ച വാക്കുകൾ കേട്ടപ്പോൾ എനിക്കും സന്തോഷമായി. ഏതൊരവസ്ഥയിലും ആ കാലുകൾ ഇടറില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
“ദക്ഷ, ശിവു നിങ്ങളുടെ മകൾ ആയിരിക്കാം. പക്ഷെ അവളെന്റെ ഏട്ടന്റെ ചോരയാണ്. എന്റെ ജീവന്റെ അംശം. അവളെ ഞങ്ങളിൽ നിന്നും അകറ്റി നിർത്താൻ ദക്ഷയ്ക്ക് ഒരു അവകാശവുമില്ല.” തൊണ്ട ഇടറികൊണ്ട് ഞാൻ പറഞ്ഞു.
“സായി, ഞാൻ നിന്നെ സങ്കടപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല. അവളെ ഒറ്റക്ക് വളർത്തണം എന്നത് എന്റെ വാശിയാണ്. അല്ലാതെ നിന്നോടെനിക്ക് ദേഷ്യമോ, വെറുപ്പോ ഇല്ല. എന്നെ തോൽപ്പിക്കരുത് എന്നൊരു അപേക്ഷ മാത്രമേ എനിക്കുള്ളൂ”.
യാത്ര പറഞ്ഞ് ദക്ഷ ശിവദയെയും കൊണ്ട് നടന്നു നീങ്ങിയപ്പോൾ വല്ലാത്തൊരു കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി വിധിയുടെ നിസ്സഹായാവസ്ഥയിൽ ഞാൻ പകച്ചു നിന്ന നിമിഷമായിരുന്നു അതെന്നെനിക്ക് തോന്നി.
തിരികെ വീട്ടിലേക്ക് പോകുമ്പോൾ ഏട്ടനൊന്നും സംസാരിച്ചില്ല. സംഘർഷം കൊണ്ട് ആ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.
പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദക്ഷ ശിവദയെയും കൊണ്ട് ബാംഗ്ലൂരിലേക്ക് പോയി. പോകാൻ നേരം കുറച്ചു പൈസ നിറച്ചൊരു കവർ ഞാൻ അവരെ നിർബന്ധിച്ചേൽപ്പിച്ചു. ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ അത് വാങ്ങി “കടമാണ്, ഞാൻ തിരിച്ചു തരും “പുഞ്ചിരി നിറഞ്ഞൊരു ഓർമ്മപ്പെടുത്തലോടെ ദക്ഷ പറഞ്ഞു.
പെട്ടെന്നാണ് ഒരു ഫുട് ബാൾ എന്റെ മുഖത്തു വന്നടിച്ച് എന്റെ കൈയിലെ കവർ താഴേക്ക് വീണത്.ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന് ഞാൻ ചുറ്റിലും നോക്കി.
“സോറി അച്ഛാ “. സരയുവിന്റെ കുറുമ്പ് നിറച്ച മുഖം കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞു.
പത്ത് വയസ്സായിട്ടും ഇവളുടെ കുസൃതി മാറിയില്ലല്ലോ എന്നോർത്തപ്പോൾ കുട്ടിത്തം മാറാത്ത നിഷിതയെ ഓർത്ത് ഞാൻ ചെറുതായൊന്ന് നിശ്വസിച്ചു.
പതിനഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാൽ ശിവുവിന്റെ വിവാഹമാണ്. ഒപ്പം പഠിച്ച ഡോക്ടറെ തന്നെയാണ് അവൾ തന്റെ പങ്കാളിയായി തിരഞ്ഞെടുത്തത്.
“ചെറിയച്ചാ ഓർമയുണ്ടല്ലോ, വിവാഹത്തിന് മുൻപ് ഒരേ ഒരു വട്ടം അച്ഛനെ എന്റെ മുന്നിൽ കൊണ്ട് നിർത്തണം ആ മുഖം കാണാനുള്ള കൊതി കൊണ്ടോ, അനുഗ്രഹം നേടാനോ ഒന്നുമല്ല വെറുതെയൊന്ന് കാണാൻ.
വലിച്ചെറിഞ്ഞു പോയിട്ടും ദക്ഷയുടെ മകൾ അച്ഛനൊപ്പം എത്തിയെന്നു വെറുതെ ഒന്ന് അറിയിക്കാൻ. കുറ്റബോധം കൊണ്ട് താഴ്ന്ന ആ മനുഷ്യനെ കണ്ട് സന്തോഷിച്ച് നിർവൃതി അടയാൻ.ഈ ലൈഫിൽ ഒരിക്കലെങ്കിലും എനിക്കൊന്ന് ജയിക്കണം ചെറിയച്ചാ”
ഫോണിലൂടെ അവൾ പറഞ്ഞ വാക്കുകൾ മനസ്സിലിപ്പോഴും മായാതെ കിടപ്പുണ്ട്. അവളാകെ ആവശ്യപ്പെട്ട ഒരാഗ്രഹം എനിക്ക് സാധിപ്പിച്ചു കൊടുക്കണം. അങ്ങനെയാണ് ഞാൻ റൂമിലേക്ക് നടന്ന്,ചുവരിൽ തൂക്കിയിട്ട ഏട്ടന്റെ ഫോട്ടോ പൊടി തട്ടി അടുക്കി വച്ച ഡ്രെസ്സിനൊപ്പം എടുത്തു വച്ചത്. ആ നിമിഷം അറിയാതെ തുളുമ്പിയ മിഴിനീരിനൊപ്പം മനസ്സും ശൂന്യമായിരുന്നു .
ദക്ഷയെയും, സ്വന്തം മകളെയും തിരിച്ചറിഞ്ഞ ആ സായാഹ്നത്തിൽ തന്നെ ഏട്ടൻ മനസ്സു കൊണ്ട് മരിച്ചിരുന്നു. ഒടുവിൽ ആർക്കുമൊന്നു തോൽപ്പിക്കാൻ പോലും കഴിയാതെ ഏട്ടനെങ്ങോ മാഞ്ഞു പോയി. തിരിച്ചു കിട്ടാത്ത ചില ആഗ്രഹങ്ങൾ കനൽ പോലെ മനസ്സിനെയെന്നും നീറ്റുമെന്ന തിരിച്ചറിവോടെ ശിവുവിനെ കാണാൻ ഞാനെന്റെ യാത്ര തുടങ്ങി……