(രചന: അച്ചു വിപിൻ)
അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടെ ……വേണ്ട ദേവാ നീയ് ഇനി ഒന്നും പറയണ്ട പ്രസവിക്കാൻ കഴിയാത്ത ഒരു പെണ്ണിനെ മരുമകൾ ആയി ഈ വീടിനു വേണ്ട …….. അവർ തീർത്തു പറഞ്ഞു….
അവൻ ഒന്നും പറയാൻ ആകാതെ നിസ്സഹായൻ ആയി മുറിയിൽ നിന്നും ഇറങ്ങി പോയി…..
ദേവേട്ടാ ……. ബാലയുടെ വിളികേട്ടു അവൻ തിരിഞ്ഞു നോക്കി…
ശ്രീബാല……
ഒരിക്കൽ തന്റെ സ്വപ്നം ആയിരുന്നവൾ…തോടിന്റെ വക്കത്തും,പാട വരമ്പത്തും,വാഴത്തോപ്പിലും വെച്ചു തനിക്കു പ്രണയം കൈമാറിയവൾ….സ്നേഹം കൊണ്ട് തന്നെ വീർപ്പു മുട്ടിച്ചവൾ…
ചെറുപ്പം മുതലേ ബാല ദേവനുള്ളതാ എന്ന് വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധം ഇതാ കൈവിട്ടു പോകുകയാണോ?വേദനയോടെ അവൻ ഓർത്തു….
ദേവേട്ടൻ എന്താ എന്നോട് ഇവിടെ വരാൻ പറഞ്ഞത്…. അവൾ ചോദിച്ചു…
ബാല അമ്മ എന്നെ വേറെ കല്യാണത്തിനു നിർബന്ധിക്കുന്നു…എനിക്ക് വയ്യ ബാല നീയില്ലാതെ ജീവിക്കാൻ…. നമുക്ക് എങ്ങോട്ടേലും ഓടി പോയാലോ?
ഓടി പോകാനോ എങ്ങോട്ടു?അമ്മായി പറഞ്ഞതാ അതിന്റെ ശരി.എനിക്ക് ഒരിക്കലും ദേവേട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല.. ഒരമ്മയാകാൻ കഴിയില്ല അവൾ പറഞ്ഞു….
ഗർഭപാത്രം എടുത്തു കളഞ്ഞത് നിന്റെ തെറ്റാണോ? ഇങ്ങനെ സംഭവിച്ചത് ഒക്കെ കല്യാണം കഴിഞ്ഞിട്ടായിരുന്നെങ്കിലോ? അന്നേരം നീ ഇത് പറയുമായിരുന്നോ ബാലാ..
എനിക്ക് ….എനിക്ക് അതിനുള്ള ഉത്തരമില്ല ദേവേട്ടാ …അമ്മായിടെ ആഗ്രഹം നടക്കണം ദേവേട്ടൻ എന്നെ മറക്കണം…
വേറേ കല്യാണം കഴിക്കണം.. ഇത് എന്റെ അപേക്ഷയാണ്..ഇനി ദേവേട്ടൻ എന്നെ കാണാൻ വരരുത്..വന്നാൽ ദേവേട്ടൻ പിന്നെ ഈ ബാലയെ കാണില്ല…ഞാൻ പോകുന്നു ദേവേട്ടാ…ദയവു ചെയ്തു എന്നെ പുറകിൽ നിന്നും വിളിക്കരുത് …ദേവട്ടന് നല്ലത് വരട്ടെ…..
അവൾ നടന്നകലുന്നതു തന്റെ ജീവിതത്തിൽ നിന്നാണ് എന്ന് അല്പം വൈകിയെങ്കിലും അവൻ തിരിച്ചറിഞ്ഞു … ഭൂമി പിളർന്നു അതിലേക്കു താണു പോയെങ്കിൽ എന്നവൻ ആശിച്ചു……
ദേവേട്ടാ…..ആ വിളി അവനെ ഓർമകളിൽ നിന്നും ഉണർത്തി…കയ്യിൽ ചായയുമായി പ്രഭ…തന്റെ ബാല ദാനം തന്ന ജീവിതം…….
എന്താ ദേവേട്ടാ ഇങ്ങനെ ആലോചിച്ചിരിക്കണത് അവൾ ചോദിച്ചു ….
ഏയ് ഞാൻ വെറുതെ ഓരോന്ന്…….
അതൊക്കെ പോട്ടെ തന്നോട് റസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞിട്ട് എനിക്ക് ചായേം ഉണ്ടാക്കി വന്നേക്കുവാണോ അവൻ ചോദിച്ചു…ഇതൊക്കെ അമ്മ ചെയില്ലേ..
പിന്നെ ഇതൊക്കെ ഇത്ര വല്യ ജോലിയാണോ?
പ്രഭ നിനക്കിതു ഒൻപതാം മാസം ആണ്.. റസ്റ്റ് വേണം..നിന്റെ വീട്ടിലേക്കു പോകില്ല എന്നു നീ വാശി പിടിച്ച കൊണ്ട ഇവിടെ നിർത്തിയത്…. അല്ലെങ്കിൽ…….
മ്മ് ഇനി ഒന്നും പറയണ്ട ഞാൻ ഒന്നും ചെയ്യുന്നില്ല…വെറുതെ ഇരുന്നിട്ട് ഒരു രസോമില്ല ദേവേട്ടാ അതാ ഞാൻ….അവൾ പറഞ്ഞു…
ദേവേട്ടൻ ഈ ചായ കുടിക്കു ഓഫീസിൽ പോകണ്ടേ…അവൾ അവന്റെ കവിളത്തു സ്നേഹത്തോടെ നുള്ളി…
ഈ പെണ്ണിന്റെ കാര്യം…അവൻ മനസ്സിൽ ഓർത്തു…
ഉച്ചക്ക് ഓഫീസിൽ ഫയൽ നോക്കുന്നതിനിടെ ആണ് അവന്റെ അമ്മയുടെ കാൾ വന്നത്…ഫോൺ എടുത്തു അവൻ ചെവിട്ടിൽ വെച്ചു…
മോനെ അമ്മയാ… പ്രഭ കുളിമുറിയിൽ തെന്നി വീണു..ഫ്ലൂയിഡ് മുഴുവൻ പോയി….ഞാൻ ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണ്… നീ ഒന്ന് വേഗം വാട മോനെ…..
കേട്ടപാതി അവൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു….
ഹോസ്പിറ്റലിൽ ചെന്നപ്പോ ബന്ധുക്കൾ എല്ലാരും ഉണ്ട്…ആദ്യം അടുത്ത് വന്നത് അമ്മാവൻ ആണ്..മോനെ പ്രഭ പ്രസവിച്ചു പെൺകുട്ടിയാണ്…..
ആ സന്തോഷവാർത കേട്ടതിനു പിന്നാലെ മറ്റൊരു ദുഃഖ വാർത്ത കൂടി അവനു കേൾക്കേണ്ടി വന്നു..
പ്രഭ നമ്മളെ വിട്ടുപോയി മോനെ….അമ്മാവൻ വിക്കി വിക്കി പറഞ്ഞു …
അവൻ തളർന്നു താഴേക്ക് ഇരുന്നു പോയി….
അമ്മ മരിച്ചതറിയാതെ പാലിന് വേണ്ടി ഉറക്കെ കരയുന്ന കൈകുഞ്ഞുമായി എന്ത് ചെയ്യണം എന്നു ഒരു എത്തും പിടിയും ഇല്ലാതെ അവന്റെ അമ്മയും ഒരു മൂലയിൽ ചാരി നിന്നു…
മരവിച്ച ശരീരവുമായി അവൻ ആ ആശുപത്രി വരാന്തയിൽ ഇരുന്നു കരഞ്ഞു…ഇടക്ക് എപ്പഴോ എണീറ്റ് കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ചു ഇരിക്കുമ്പോഴാണ് ദൂരെ നിന്നും വേഗത്തിൽ വരുന്ന ആളിനെ അവൻ കണ്ടത്… വിശ്വാസം വരാതെ അവൻ വീണ്ടുo നോക്കി….. ബാല…..അവന്റെ നാവ് അറിയാതെ മന്ത്രിച്ചു …..
കുഞ്ഞിന്റെ കരച്ചിൽ നിർത്താനാകാതെ എല്ലാവരും പാട് പെടുകയാണ് ആരെടുത്തിട്ടും കുഞ്ഞു കരച്ചിൽ നിർത്തുന്നില്ല…അത് അലറി കരഞ്ഞു കൊണ്ടിരുന്നു….
അമ്മായി കുഞ്ഞിനെ ഇങ്ങു തരു… ബാല കൈകൾ നീട്ടി…അവർ കുഞ്ഞിനെ അവളുടെ കയ്യിൽ കൊടുത്തു…..
അവൾ കരയുന്ന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി…..അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. കുഞ്ഞിനെ അവൾ മാറോടണച്ചു പിടിച്ചു… അത്ഭുതം എന്ന് പറയട്ടെ കുഞ്ഞു കരച്ചിൽ നിർത്തി…
അവന്റെ അമ്മയേ അത് ആശ്വാസത്തിന്റെ വക്കിൽ എത്തിച്ചു എന്ന് വേണം പറയാൻ….കുഞ്ഞിന്റെ അവസ്ഥ അത്രക്കും ദയനീയം ആയിരുന്നു…
ബാല എവിടെ നിന്നോ വാങ്ങിയ തുണി വെള്ളത്തിൽ മുക്കി അതിന്റെ വായിൽ ഇറ്റിച്ചു കൊടുത്തു…അത് ആർത്തിയോടെ വാ തുറന്നു കൊണ്ടേയിരുന്നു…
പ്രഭയെ തെക്കേ തൊടിയിൽ അടക്കം ചെയ്തു….കർമങ്ങൾ കഴിഞ്ഞു ദേവനും അമ്മയും കയ്യിൽ കുഞ്ഞുമായി ബാലയും ആ വീട്ടിൽ ബാക്കിയായി….
ബാലയെ കൊണ്ട് പോകാൻ അവളുടെ അച്ഛനെത്തി….ഇനി എന്ത് എന്ന ഭാവത്തിൽ അയാൾ ബാലയെ നോക്കി….
രാമാ നിനക്ക് വിരോധം ഇല്ലാച്ച ബാലയെ കുറച്ചു ദിവസം ഇവിടെ നിർത്തോ?ദേവന്റെ അമ്മ ചോദിച്ചു..
അച്ഛാ കുഞ്ഞിനെ നോക്കാൻ ആളില്ല… ഈ അവസ്ഥയിൽ ഇവരെ കയ്യൊഴിയുന്നതു ശരിയാണോ?
മോൾ പറഞ്ഞത് ശരിയാ..കുഞ്ഞു ഇവരുമായ് ഒന്ന് അടുക്കുന്ന വരെ മോൾ ഇവിടെ നിക്ക് അല്ലാതെന്തു ചെയ്യാൻ….അച്ഛൻ പോയിട്ട് വരാം……അയാൾ നടന്നു നീങ്ങി…
കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം ബാല തന്നെ നോക്കി….പ്രസവിക്കാതെ അവൾ അമ്മയായി….മോളെ രാവിലെ കുളിപ്പിക്കുക കണ്ണെഴുതിക്കുക പൊട്ടു തൊടീപ്പിക്കുക….. അങ്ങനെ എല്ലാം അവൾ സ്വയം അങ്ങ് ഏറ്റെടുത്തു… കുഞ്ഞിനെ അവൾ നന്ദ എന്ന് വിളിച്ചു….അങ്ങനെ മാസങ്ങൾ കടന്നു പോയി…
ഒരു വീട്ടിൽ ആണ് താമസം എങ്കിലും ദേവനും ബാലയും രണ്ടു ധ്രുവങ്ങളിൽ ആയിരുന്നു….ഇരുവരും സംസാരം നന്നേ കുറവായിരുന്നു….വല്ലപ്പഴും കുഞ്ഞിന്റെ കാര്യങ്ങൾ സംസാരിച്ചാലായി….
മോളുറങ്ങിയോ അവന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി…ഉറങ്ങിയന്ന് അവൾ തലയാട്ടി…
ബാല വരൂ എനിക്കല്പം സംസാരിക്കണം…അവൻ പറഞ്ഞു….അവൾ അവന്റെ പുറകെ നടന്നു….
ബാല….നന്ദമോൾക്ക് നീയില്ലാതെ പറ്റില്ല എന്നായിട്ടുണ്ട്…നിന്റെ ചൂടേറ്റാണ് അവൾ വളരുന്നത് …പറയുന്നതിൽ എനിക്ക് വിഷമം ഉണ്ട് ഇനിയും ഇത് തുടർന്നാൽ ഒരിക്കലും കുഞ്ഞിന് നിന്നെ പിരിയാൻ കഴിയില്ല…നീ ചെറുപ്പം ആണ് നിന്റെ ജീവിതം എന്റെ കുഞ്ഞിന് വേണ്ടി നീ കളയരുത്…അവൻ പറഞ്ഞു…
ദേവേട്ടൻ പറയുന്നത് എനിക്ക് മനസ്സിലായി ഞാൻ ഇവിടെ നിന്നും പോണo അല്ലെ…അല്ലെങ്കിലും അവളിൽ എനിക്കൊരു അവകാശൊമില്ല…
പ്രസവിക്കാൻ കഴിയാത്ത എനിക്ക് ഇനി ആരാണ് ദേവേട്ടാ ഒരു ജീവിതം തരുന്നത്….അവളെ ഞാൻ പ്രസവിച്ചതല്ല എങ്കിലും അവൾ എന്റെ മോളാണ് ദേവേട്ടാ…. എന്റെ മോൾ…അങ്ങനെയേ ഞാൻ കരുതീ ട്ടുള്ളൂ…ദേവേട്ടൻ പൊക്കോളാൻ പറഞ്ഞാൽ ഞാൻ എന്റെ മോളെ ഇട്ടിട്ടു പോണോ?
ഞാനില്ലാതെ അവൾ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ ദേവേട്ടന്….
എന്നെ പറഞ്ഞു വിടല്ലേ ദേവേട്ടാ…എനിക്ക് മോളെ പിരിയാൻ വയ്യ..ഞാൻ ഈ വീടിന്റെ ഏതേലും ഒരു കോണിൽ കഴിഞ്ഞോളം ….അവൾ വിതുമ്പി…
അവൻ അവളുടെ കയ്യിൽ പിടിച്ചു വേഗത്തിൽ അകത്തേക്ക് നടന്നു…
പ്രഭയുടെ ഫോട്ടോ വെച്ച മുറിയിൽ ചെന്നപ്പോൾ അവൻ അവളുടെ കയ്യിലെ പിടുത്തം വിടുവിച്ചു…
പ്രഭ നിന്റെ മുന്നിൽ വെച്ചു ഞാൻ ഒരു നല്ല കാര്യം ചെയ്യാൻ പോകുന്നു…എന്നെ സ്നേഹിക്കുന്നതിൽ നീ ഒരു വീഴ്ചയും വരുത്തിയിട്ടില്ല…നിന്നെ മറന്നിട്ടല്ല……നമ്മുടെ മോൾക്ക് വേണ്ടി ഞാൻ ഇത് ചെയ്തെ മതിയാകു ……
അവൻ പ്രഭയുടെ ഫോട്ടോയുടെ മുന്നിൽ വെച്ചിരുന്ന താലിമാല എടുത്തു ബാലയുടെ സമ്മതത്തിനു കാത്തുനിക്കാതെ അവൾടെ കഴുത്തിൽ അണിയിച്ചു …ബാല എന്താണ് സംഭവിച്ചതെന്ന് അറിയാതെ തരിച്ചു നിന്നുപോയി….
എന്റെ കുഞ്ഞു അമ്മയില്ലാതെ വളരേണ്ട… ബാല…അവൾക്കു ഒരു അമ്മയെ വേണം…എന്നു കരുതി നിന്നെ ഒരു വേലക്കാരി ആക്കാൻ എനിക്ക് വയ്യടി…ഒരിക്കൽ ഞാൻ കാരണം നിന്റെ ജീവിതം തകർന്നു…ഇനിയും ഞാൻ അതിനു സമ്മതിക്കില്ല..
എന്റെ മോൾ..അല്ല ഇനി മുതൽ നമ്മടെ മോളാണ് നന്ദ….അവളെ നിന്നെ പോലെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല…ഒരിക്കൽ നീ എന്നെ വിട്ടു പോയി ഇനിയും നിന്നെ വേദനിപ്പിക്കാൻ എനിക്ക് വയ്യ….എനിക്ക് വേണം നിന്നെ… എൻ്റെ ഭാര്യയായി എന്റെ മോളുടെ അമ്മയായി….അരുത് എന്ന് നീ പറയരുത്..
ഒരു പെണ്ണിന്റെ കൂടെ കിടക്കാൻ ഉള്ള കൊതി കൊണ്ടല്ല പെണ്ണെ…എന്റെ മോൾക്ക് വേണ്ടി ഇതല്ലാതെ വേറെ വഴിയില്ല ബാല…
ദേവേട്ടാ….അവൾ കരഞ്ഞു കൊണ്ട് അവന്റെ മുൻപിൽ കൈകൂപ്പി ഇരുന്നു…
എല്ലാം കണ്ടു നിന്ന അവന്റെ അമ്മ ഈറൻ അണിഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു..നന്നായി മോനെ ഒരിക്കൽ ഈ അമ്മ ചെയ്ത തെറ്റ് നീ തിരുത്തി…
മാസങ്ങൾ കടന്നു പോയി… അന്നും പതിവ് പോലെ അവൾ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു… ദേവൻ അതും നോക്കി കസേരയിൽ ചിരിച്ചു കൊണ്ട് ഇരിക്കുന്നുണ്ടു….അവൾ കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി ഉമ്മ വെച്ചു….
മ്മ….അമ്മ്മമ്മ…കുഞ്ഞു അവളുടെ നേരെ നോക്കി വിളിച്ചു…കണ്ടോ ദേവേട്ടാ മോൾ എന്നെ വിളിക്കുന്നത്….. എന്താടാ ചക്കരെ വിളിച്ചത്….അവൾ വിശ്വാസം വരാനാകാതെ
പിന്നെയും കുഞ്ഞിനെ നോക്കി ചോദിച്ചു….
കുഞ്ഞു ഉറക്കെ ഉറക്കെ കൈകൾ കൊട്ടി ചിരിച്ചു കൊണ്ട് പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു… മ്മാ മ്മ ….അമ്മ…..
ആ നാലു ചുവരിനുള്ളിൽ ‘അമ്മ ‘എന്ന വാക്കു മുഴങ്ങിക്കൊണ്ടെയിരുന്നു……..