(രചന: ഷാനുക്ക)
എന്താടോ നാട്ടിൽ പോകുന്ന ഒരു സന്തോഷം മുഖത്തു കാണുന്നില്ലല്ലോ എന്ന രാഘവേട്ടന്റെ ചോദ്യത്തിനു ഞാൻ ഒന്ന് ചിരിച്ച് കാണിച്ചെങ്കിലും , ഓളു പോയതിൽ പിന്നെ എന്നാ അവൻ ഒന്ന് ചിരിച്ച് കണ്ടതെന്ന് മറുപടി പറഞ്ഞത് റൂം മേറ്റ് ജാഫർക്കയായിരുന്നു…
മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ , സാമ്പത്തികം കുറവായത് കൊണ്ട് വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണു അവളെ കൂടെ കൂട്ടിയത്. മധുവിധുവും, കറക്കങ്ങളിലുമായി മനസ്സ് പെട്ടത്കൊണ്ടാകണം മൂന്ന് മാസത്തെ ലീവ് തീർന്നത് അറിയാഞ്ഞത്, പാതി മനസ്സുമായി ഫ്ലൈറ്റ് കയറുമ്പോൾ കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളായിരുന്നു മനസ്സ് മുഴുവൻ..
ജോലി തിരക്കിനിടയിലും ദിവസം കുറഞ്ഞത് രണ്ട് തവണയെങ്കിലും അവളുമായി സംസാരിക്കാറുണ്ടായിരുന്നു, അന്നും പതിവ് പോലെ ഡ്യുട്ടി കഴിഞ്ഞു രാത്രിയിൽ അവളെ ഫോൺ ചെയ്തപ്പോൾ എടുത്തത് അമ്മയായിരുന്നു, അമ്മേ അവൾ എവിടെ എന്ന ചോദ്യത്തിനു , എന്തിന്റെ കുറവായിരുന്നട അവൾക്ക് , ഒരു പാവമായ നിന്നെയും വഞ്ചിച്ചിട്ടു വേണമായിരുന്നോ അവൾക്ക് അപ്പുറത്തെ അപ്പുവുമായി എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴെക്കും അറിയാതെ എന്റെ കയ്യിൽ നിന്നും ഫോൺ താഴെ പതിച്ചിരുന്നു…
അനിയന്റെ കൂട്ടുകാരനായിരുന്നു എങ്കിലും അപ്പു അവൻ എനിക്ക് അനിയനായിരുന്നു, വീട്ടിൽ അനിയനെക്കാൾ സ്വാതന്ത്ര്യം അവനുണ്ടായിരുന്നു , അങ്ങനെയുള്ള അവൻ എന്നെ ചതിച്ചതിനെക്കാൾ വിഷമമായിരുന്നു ജീവന്റെ പാതിയെന്ന് കരുതിയവൾ… ഒന്നും ചിന്തിക്കാൻ നിൽക്കാതെ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു. ഈ നിമിഷം തന്നെ അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കാൻ പറഞ്ഞിട്ട്, കൂട്ടുകാരന്റെ സഹായത്തോടെ ഒരു വക്കിലിനെയും സംഘടിപ്പിച്ച് ഡിവോഴ്സിന്റെ കാര്യങ്ങളും പറഞ്ഞിട്ടാണു അന്ന് കിടന്നുറങ്ങിയത്..
ഇനിയും ഉറങ്ങിയാൽ ഫ്ലൈറ്റ് അതിന്റെ വഴിക്ക് പോകും എന്ന ജാഫറിക്കാന്റെ വാക്കാണു ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത്…
കുളിച്ച് റുമിലുള്ളവരോട് യാത്ര പറഞ്ഞു വണ്ടിയിൽ കയറുമ്പോഴെക്കും മനസ്സ് നാട്ടിലെത്തിയിരുന്നു.., കേസ് കോടതിയിൽ എത്തിയപ്പോഴാണു ഒരിക്കൽ അപ്പുവിന്റെ അച്ഛൻ എന്നെ വിളിക്കുന്നത് , മോനോട് അപ്പുവിനു എന്തോ സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ തികട്ടി വന്ന ദേഷ്യം ഉള്ളിലോതുക്കി സമ്മതിച്ചത്, അപ്പോഴും എന്റെ മനസ്സിൽ ആ കുഞ്ഞനിയന്റെ സ്ഥാനത്ത് അവനുള്ളത് കൊണ്ടായിരിക്കണം..
എല്ലാം എന്റെ തെറ്റാ… അമ്പലത്തിലെ ഉൽസവത്തിന്റെയന്ന് കഴിച്ച മദ്യത്തിന്റെ ലഹരിയിൽ പറ്റിപോയതാ ചേട്ടായി, എന്നിൽ നിന്നും കുതറിമാറിയതാ കണ്ടിട്ട് വീട്ടുകാർ ചേട്ടത്തിയെ തെറ്റിദ്ധരിച്ചാണെന്ന് അവൻ കരഞ്ഞ് കൊണ്ട് പറഞ്ഞപ്പോൾ , സംഭവത്തിനു ശേഷം കാരണം ഒന്ന് തിരക്കാൻ പോലും അവളെ വിളിക്കാത്തത് ഓർത്ത് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നു.. ഡിമാന്റുകൾ ഒന്നുമില്ലാതെ ഒഴിഞ്ഞു തരാൻ അവർ തയ്യാറാണെന്ന് വക്കിൽ പറഞ്ഞപ്പോഴും മനസ്സിൽ ഓടി വന്നത് നിസ്സഹയായ എന്റെ പെണ്ണിന്റെ ചുമന്ന് കലങ്ങിയ അവളുടെ കണ്ണുകൾ ആയിരുന്നു…
ഞാൻ വന്നിട്ട് മതി ബാക്കി എല്ലാം എന്ന് വീട്ടുകാരോട് പറഞ്ഞ് ലീവ് അടിച്ച് ഇപ്പോൾ നാട്ടിലെക്ക് പറക്കാനുള്ള കാരണവും ഇതാണ് , എയർപോർട്ടിൽ കയറും മുമ്പ് അവസാനമായി അവളെ ഒന്ന് വിളിച്ചു, ഒരൊറ്റ ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു, ആറുമാസമായി എന്റെ വിളിക്കായി കാത്തിരുന്ന എന്റെ പെണ്ണിന്റെ മനസ്സ് ..
മോളെ ഏട്ടൻ രാവിലെ 8.30 നു എയർപോർട്ടിൽ ഉണ്ടാകും, ഏട്ടനു ആദ്യം കാണണ്ടത് എന്റെ പെണ്ണിന്റെ മുഖമാണു, അവിടെ കാണണം എന്ന് പറഞ്ഞിട്ട് ഫോൺ കട്ടാകും മുമ്പ് അണപൊട്ടിയൊഴുകിയ അവളുടെ കരച്ചിലിൽ പാതി മരവിച്ച എന്റെ ശരീരവുമായി ഫ്ലൈറ്റിലേക്ക് കയറുമ്പോഴും മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു, അവളെ ഒന്ന് ചേർത്ത് പിടിക്കാൻ, ആ പാദങ്ങളിൽ തൊട്ട് ഒന്ന് മാപ്പ് അപേക്ഷിക്കൻ…..