ഇന്നൊരു മൂഡില്ല അനൂ, നാളെയാവട്ടെ” നെഞ്ചോടമർന്നു ഇറുകെ പുണർന്നു കിടക്കുന്ന അവളുടെ കൈകളിൽ മെല്ലെ തലോടി അത് പറയുമ്പോൾ

അവൾ

(രചന: സൗമ്യ സാബു)

 

“ഇന്നൊരു മൂഡില്ല അനൂ, നാളെയാവട്ടെ”നെഞ്ചോടമർന്നു ഇറുകെ പുണർന്നു കിടക്കുന്ന അവളുടെ കൈകളിൽ മെല്ലെ തലോടി അത് പറയുമ്പോൾ “ഇത് തന്നെയല്ലേ താൻ ഒരാഴ്ച്ചയായി എന്നും പറയാറു എന്ന്” അലക്സ് മനസ്സിലോർത്തു.

 

അലക്സിന് എന്താ പറ്റിയെ?? എന്തെങ്കിലും ടെൻഷൻ ഉണ്ടോ??“ഹേയ് ഒന്നുല, നീ കിടന്നോ” കുറച്ചു നേരം സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കികിടന്ന ശേഷം അനു കണ്ണുകൾ അടച്ചു.

ഇറുക്കിപിടിച്ച കൈകൾ പതിയെ അയഞ്ഞു. ഉറങ്ങിക്കിടക്കുന്ന അവളുടെ മുഖത്തേക്ക് അവൻ സംശയത്തോടെ നോക്കി.

“ഇത്രയും വഞ്ചന കാണിച്ചു എങ്ങനെ ഉറങ്ങുന്നു ഇവൾ?

“ഇപ്പോൾ തുടങ്ങിയോ അതോ നേരത്തെ ഉണ്ടായിരുന്നോ എന്നാണ് മനസ്സിലാകാത്തതു”

“എന്തായാലും ഒരു സംശയം പോലും തരാതെ എത്ര സമർത്ഥമായാണ് തന്നെ കബളിപ്പിക്കുന്നത്.”

അവളുടെ വാട്സ്ആപ്പിൽ നിന്ന് തന്റെതിലേക്ക് ഫോർവാർഡ് ചെയ്ത മെസ്സേജുകൾ അവൻ വീണ്ടും വായിച്ചു.

“അന്നാ”,, നീ അതൊക്കെ മറന്നു എന്ന് അറിയാം, ഇച്ചായനൊപ്പം സുഖിക്കുമ്പോൾ എന്നെ എങ്ങനെ ഓർക്കാനാ??

“നമ്മൾ ഒരുമിച്ച് എത്ര രാത്രികളിൽ.. സ്വർഗ്ഗം തീർത്തിട്ടുണ്ട്..

ഒരിക്കൽ കൂടി ബാക്കി വായിക്കാൻ അലക്സിന് കഴിഞ്ഞില്ല.. അതിന് മുൻപുള്ളതൊക്കെ ഡിലീറ്റ് ചെയ്തു കാണും.. ഇത് ചെയ്യാൻ മറന്നതാവും. ഉറക്കമില്ലാത്ത ഒരു രാത്രി കൂടി കടന്ന് പോയി.

 

പിറ്റേന്ന് അടുക്കളയിൽ..

 

“ഇതെന്താ, ഇന്നലെ ഒട്ടും ഉറങ്ങിയില്ലേ? കണ്ണൊക്കെ വീർത്തു വല്ലാതെ ഇരിക്കുന്നു”..

 

“ഇല്ല, ഇന്നലെ മാത്രമല്ല, ഒരാഴ്ചയായി ഉറങ്ങിയിട്ട്”

അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഗൗരവം.

 

അനുവിന്റെ മനസ്സിൽ അടക്കി വച്ച ഭയം പതിയെ മുള പൊട്ടിത്തുടങ്ങി . കർത്താവേ സംശയം ശരിയാവുകയാണോ?? ആ മെസ്സേജുകൾ കണ്ടു കാണുമോ??

 

അത് ഡിലീറ്റ് ചെയ്യാൻ മറന്ന നിമിഷത്തെ പഴിച്ച്

അലക്സിന്റെ മുഖത്ത് നോക്കാതെ അവൾ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്നു.

 

ആരാ ഈ അന്ന?? പെട്ടെന്നുള്ള അലക്സിന്റെ ചോദ്യം കേട്ട് അനു ഞെട്ടി, മുഖം വിളറി..കയ്യിലിരുന്ന പാത്രം താഴെ വീണു..

 

“അത്… അലക്സ്”….. അവൾ വിക്കി..

അവന്റെ ഭാവം കണ്ട് അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി. ഒരാശ്രയത്തിനായി സിങ്കിന്റെ മൂലയിൽ അമർത്തിപ്പിടിച്ചു നിന്നു.

 

“എത്രമാത്രം ഞാൻ നിന്നെ സ്നേഹിച്ചതാ അനൂ”

എന്നിട്ട് നീ….അവൻ തല കുടഞ്ഞു.

വേണ്ട,, അവൻ ആരാന്നോ എന്താന്നോ എനിക്കറിയണ്ട.. എന്നോട് എന്തിനാ ഇത് ചെയ്തത്??

 

“അലക്സ്?? ഞാൻ…

 

“കള്ളം പറയാമെന്നു നീ വിചാരിക്കണ്ട”, ദാ ഇത് കണ്ടോ?? അവൻ വാട്സ്ആപ്പ് ഓൺ ആക്കി കാണിച്ചു. നീയിതു ഡിലീറ്റ് ചെയ്യുന്നതിനു മുൻപേ ഞാനിങ്ങ് പൊക്കി.. ഇനി പറ..

 

ഞാൻ പറയാം, എല്ലാം പറയാം .. ഇനിയും എനിക്ക് വയ്യ, എല്ലാം ഒതുക്കിപ്പിടിച്ചു ശ്വാസം മുട്ടി മുട്ടി.. അവൾ പൊട്ടിക്കരഞ്ഞു പോയി.

 

“മതി പൂങ്കണ്ണീർ ഒഴുക്കിയത്”

 

ദേഷ്യത്തോടെ അവനത് പറയുമ്പോൾ തന്നോടുള്ള വെറുപ്പിന്റെ ആഴം അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

 

“അലക്സ് വിചാരിക്കുന്നത് പോലെ എനിക്കൊരു കാമുകൻ ഇല്ല.

 

അവൻ പുച്ഛത്തിൽ ചിറി കോട്ടി. അത് ശ്രദ്ധിക്കാതെ അനു തുടർന്നു..

 

“പക്ഷേ ആ മെസ്സേജുകൾ,, അത് സത്യമാണ്. “അന്ന” എന്ന് എന്നെ വിളിക്കുന്നത് ഒരു പുരുഷൻ അല്ല

 

“സ്ത്രീയാണ്

 

സ്ത്രീയോ??

 

“അതേ “ഡയാന”

 

ഓഹോ, അപ്പോൾ നീ ഒരു “ലെസ്ബിയൻ” ആണല്ലേ?? പിന്നെ എന്തിനായിരുന്നു ഈ കല്യാണം??

 

“അല്ല അലക്സ്, ഞാൻ “ലെസ്ബിയൻ” അല്ല. ചോദ്യഭാവത്തിൽ അവന്റെ നെറ്റി ചുളിഞ്ഞു.

 

“മാസ്റ്റർസ് ഡിഗ്രി ചെയ്യാനായി യു.എസ്സിൽ എത്തിയപ്പോൾ ആണ് കൗമാരം മുതൽ ഞാൻ തേടിക്കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത്. . എന്റെ സ്വത്വം എന്താന്നു മനസ്സിലായത്. ഒന്നും മനസ്സിലാകാതെ അലക്സ് അവളെ നോക്കി..

 

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്പരം ആകർഷണം തോന്നുന്നതു സാധാരണമാണ്. പക്ഷേ ഒരേ സമയം ആണിനോടും പെണ്ണിനോടും തോന്നിയാലോ??

 

അലക്സ് അവളെ മിഴിച്ചു നോക്കി.

 

“ഞാൻ ഒരു ബൈസെക്ഷ്വൽ ആണ് എന്ന് അങ്ങനെ അവിടെ വെച്ചാണ് മനസ്സിലാക്കുന്നത്.

 

വാട്ട്‌?? ബൈസെക്ഷ്വലോ??

 

അതേ അവിടെ എന്റെ റൂംമേറ്റ്‌ ആയിരുന്നു “ഡയാന”,

 

അമേരിക്കയിൽ ജനിച്ചു വളർന്നവൾ. അവൾ ഒരു ലെസ്ബിയൻ ആയിരുന്നു. സ്വഭാവികമായും ഞങ്ങൾ അടുത്തു.

 

അവിടെ അതൊരു സാധാരണമായ കാര്യമായതു കൊണ്ട് ആ ബന്ധം എല്ലാ അതിരുകളും ഭേദിച്ചു വളർന്നു. വീട്ടിൽ അറിഞ്ഞപ്പോൾ പ്രശ്നമായി.

 

അമേരിക്കയിൽ ആണെങ്കിലും നമ്മുടെ സമൂഹത്തിന്റെ പൊതുബോധത്തിന്റെ സ്വാധീനം മൂലം അവർക്ക് അത് അംഗീകരിക്കാൻ ആയില്ല. ഡാഡി എന്നെ നാട്ടിലേക്കു കൊണ്ട് വന്നു”.

 

“സത്യത്തിൽ അവളുടെ ഭ്രാന്തമായ സ്നേഹത്തിൽ നിന്നും എനിക്കതൊരു രക്ഷപെടൽ കൂടി ആയിരുന്നു”.

 

പിന്നീടാണ് അലക്സിന്റെ ആലോചന വരുന്നത്.

ആദ്യം ഞാൻ എതിർത്തെങ്കിലും എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. അലക്സിനെ ഇഷ്ട്ടപെടാതിരിക്കാൻ ഒരു കാരണവും ഉണ്ടായിരുന്നില്ല “.

 

കേട്ടത് വിശ്വസിക്കാനാവാതെ അമ്പരന്ന് നിൽക്കുകയാണ് അലക്സ്…

 

അത്തരം ആളുകളെ പറ്റി അവൻ കേട്ടിട്ടുണ്ട്. പക്ഷേ അതൊരു തെറ്റല്ലല്ലോ, ഗേയോ, ലെസ്ബിയനോ, ട്രാൻസ്ജെൻഡറോ ആവുന്നതു പോലെ തന്നെ ആർക്കും സ്വയം നിയന്ത്രിക്കാൻ ആവാത്ത കാര്യമാണതു.

 

അലക്സ്?? അനു അവന്റെ കൈകളിൽ കൂട്ടിപ്പിടിച്ചു.

 

“എന്നെ വിശ്വസിക്കണം, നിങ്ങളെന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം നിങ്ങൾ മാത്രമേ ഉള്ളൂ എന്റെ മനസ്സിൽ,

 

ജീവന് തുല്യം എന്നെ സ്നേഹിക്കുമ്പോൾ, ഒക്കെ തുറന്ന് പറയണമെന്ന് പലപ്പോഴും കരുതി. പക്ഷേ എനിക്ക് പേടിയായിരുന്നു,, ഈ സ്നേഹം നഷ്ട്ടപെടുമോ എന്ന്..

 

ഇനി അലക്സിനു തീരുമാനിക്കാം എന്താ വേണ്ടതെന്ന്..

 

അപ്പൊ ഈ മെസ്സേജുകളോ??

 

“ഡയാന ഇപ്പോൾ നാട്ടിൽ ഉണ്ട്,, നമ്മുടെ വിവാഹം കഴിഞ്ഞതറിഞ്ഞു വന്നതാണ്. അവൾക്കു ഞാനില്ലാതെ വയ്യെന്ന്.. പറഞ്ഞു മനസ്സിലാക്കാൻ പലവട്ടം ശ്രമിച്ചു”. പക്ഷേ അവൾ… ഇപ്പോൾ കാണണം എന്നാണ് ആവിശ്യം..

 

അലക്സ് കണ്ടാൽ തീർച്ചയായും തെറ്റിധരിക്കും എന്നറിയാവുന്നത് കൊണ്ട് അവളയച്ച മെസ്സേജുകൾ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു.

 

ഇത് മാത്രം ചെയ്യാൻ പറ്റിയില്ല അല്ലേ??

നീ ഇത് നേരത്തെ പറയണമായിരുന്നു..അനു, വിവാഹത്തിന് മുൻപ് പ്രണയം സാധാരണമാണ്. എനിക്കുമുണ്ടായിരുന്നു..

 

എന്നാൽ വിവാഹം കഴിഞ്ഞാൽ മറ്റു ബന്ധങ്ങൾ ഉണ്ടാവുന്നതാണ് കുഴപ്പം. അതിന് മുൻപുള്ളതിനെ ചൊല്ലി വഴക്കിടാൻ ഞാൻ അത്ര വിഡ്ഢിയാണോ?? ഇത്രയ്ക്കേ നീയെന്നെ മനസിലാക്കിയുള്ളോ??

 

അവൾ തല കുനിച്ചു. ഐ ആം സോ സോറി, അലക്സ് എങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഭയന്നു.

 

“പ്രണയത്തെ പറ്റി പറയണം എന്നല്ല, അറ്റ്ലീസ്റ്റ് നീ ബൈസെക്ഷ്വൽ ആണെന്ന് പറയാമായിരുന്നു. അങ്ങനെ ആയത് നിന്റെ തെറ്റല്ലല്ലോ,

 

ലൈംഗികപരമായ ഒരു സവിശേഷത അത്രേ ഉള്ളൂ, അതു സാധാരണമായ ഒരു ജീവിത അവസ്ഥ ആണെന്ന് മനസ്സിലാക്കാനുള്ള പൊതുബോധം എനിക്കുണ്ട്”.

 

“അതല്ല, ശാരീരികമായി ഞങ്ങൾ… അത് പൊറുക്കാൻ അലക്സിനു കഴിയുമോ എന്നായിരുന്നു എന്റെ പേടി”

 

അനൂ, ഇന്നത്തെ കാലത്ത് നൂറു ശതമാനം “വിർജ്ജിനിറ്റി” എന്നത് ആർക്കും ഉറപ്പ് പറയാൻ പറ്റില്ല.

 

അതൊക്കെ നോക്കിയിരിക്കുന്നവൻ മണ്ടൻ ആണെന്നെ പറയാൻ പറ്റൂ,പെണ്ണിന്റെ കാര്യത്തിൽ ഒന്ന് സൈക്കിൾ ചവിട്ടിയാൽ പോലും പോകാവുന്നതെ ഉള്ളൂ, നീ ഉദ്ദേശിക്കുന്ന പരിശുദ്ധി.

 

“ശരീരത്തിനല്ല,, മനസ്സിനാണ് പരിശുദ്ധി വേണ്ടത്. നീ ഇപ്പോൾ എല്ലാം തുറന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ നിന്നെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരു മനസ്സിലാക്കാൻ ആണ്?

 

മെസ്സേജുകൾ കണ്ടപ്പോൾ പെണ്ണിന്റെ പേരിൽ സേവ് ചെയ്തു നീ ചതിക്കുവാണ് എന്നാ വിചാരിച്ചതു..,

 

നിന്റെ സ്നേഹം വെറും അഭിനയം ആണോ എന്നോർത്ത് പ്രാന്ത് പിടിച്ച് പോയി.. നിന്നെയും കൊന്നു ചത്താലോ എന്ന് വരെ ചിന്തിച്ചു..

 

“ബിക്കോസ് ഐ ലവ് യു സോ മച്ച് ”

 

മനസ്സിൽ ഉമി പോലെ എരിഞ്ഞ കനൽ അണഞ്ഞ സന്തോഷത്തിൽ അനു കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു.ഇപ്പോഴാണ് സമാധാനമായത്, കൈവിട്ട് പോയി എന്ന് കരുതിയ ജീവിതമാണ്..

 

“നിന്നെ ഒരു ഡയാനയ്ക്കും കൊടുക്കില്ല പെണ്ണേ,, നീയെന്റെ ജീവനല്ലേ”

 

“അവൾക്കുള്ളത് നമ്മുക്ക് ഒരുമിച്ചു പോയി കൊടുക്കാം”.. ആശ്വാസം നിറഞ്ഞ ചിരിയോടെ അലക്സ് അവളെ ചേർത്തു നിർത്തി.

 

രണ്ടു ദിവസങ്ങൾക്ക് ശേഷം… എന്താ ഒരു ആലോചന??

 

“ഹേയ് ഒന്നുമില്ല അലക്സ്”

 

“അതേ,,ഡയാന, അവൾ ഇനി നമ്മുടെ ജീവിതത്തിൽ വേണ്ട .അവളെ നമ്മൾ സെറ്റിൽ ചെയ്തതല്ലേ,, ഇനി ഇവിടെ നിന്നങ്ങ് ഇറക്കി വിട്ടേര് ” അവനവളുടെ നെഞ്ചിൽ കുത്തി

 

“ഇനി ഇവിടെ ഞാൻ മതി”

 

പിന്നേ, ഒരാഴ്ചത്തെ കടം വീട്ടാനുണ്ട്.. കേട്ടോ.

 

അവൾ കുസൃതിയോടെ അവന്റെ നെഞ്ചിലേക്ക് വീണു.

 

വർഷങ്ങൾക്കു മുൻപ് എല്ലാവരും ചെയ്തത് കണ്ടു ഫേസ്ബുക് പ്രൊഫൈൽ ഫോട്ടോ മഴവിൽ വർണ്ണത്തിലാക്കി എന്നതല്ലാതെ “LGBTQ കമ്മ്യൂണിറ്റി “യെപ്പറ്റി ഒന്നുമറിയാത്ത ആളുകൾ ഇപ്പോഴും ഉണ്ട്.

 

മലയാളികൾക്ക് അവർ എപ്പോഴും ഹിജഡ, ഒൻപതു, അല്ലെങ്കിൽ ശിഖണ്ഡി മാത്രമാണ്.

 

LGBTQ – , ലെസ്ബിയൻ ,ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജൻഡർ , ക്വീർ ഓരോ വിഭാഗങ്ങളും മാനസികമായും ശാരീരികമായും ലൈംഗികപരമായും വ്യത്യസ്ത സവിശേഷതകൾ ഉള്ളവർ ആണ്.. അംഗീകരിച്ചില്ലങ്കിലും അവരെ നമ്മുക്ക് അവഹേളിക്കാതിരുന്നു കൂടെ??

 

ഈ കഥ വായിച്ചു ഒരാൾക്കെങ്കിലും മനോഭാവം മാറാനായാൽ അത് നല്ലതല്ലേ…

Leave a Reply

Your email address will not be published. Required fields are marked *