(രചന: Sumayya Beegum T.A)
വെണ്ണ പോലെ വെന്ത കപ്പയിലേക്ക് വെളിച്ചെണ്ണയിൽ മൂപ്പിച്ച കടുകും ചുവന്നുള്ളിയും വത്തൽ മുളകും ചേർത്ത് പാകത്തിന് മഞ്ഞളും ഉപ്പും കൂടിയിട്ട് ഇളക്കി പിന്നെ അതിലേക്ക് ഒന്നാന്തരം പോത്തിന്റെ എല്ല് നെയ്യ് തെളിഞ്ഞു വെന്തിരിക്കുന്നത് കൂടിയിട്ട് കുഴച്ചു.
മൂന്നുകിലോ എല്ലും അത്ര തന്നെ കപ്പയും കുഴച്ചത് അടുപ്പിൽ നിന്നും വാങ്ങി ചേച്ചിമാരെ കഴിക്കാൻ വിളിക്കാൻ ചെന്നപ്പോൾ കേൾക്കാം അമ്മച്ചിയുടെ പരാതി..
നിങ്ങളെ കാണുമ്പോഴേയുള്ളു മക്കളെ അമ്മച്ചിക്ക് ഒരു മനസുഖം. ഭരണം മൊത്തം അവളല്ലേ. എന്നെകൊണ്ട് ഒന്നിനും വയ്യല്ലോ. ആട്ടും തുപ്പും കേക്കുന്നില്ല എന്നേയുള്ളു ഉള്ളിൽ അതും ചെയ്യുന്നുണ്ടാവും. അപ്പച്ചൻ ഉണ്ടാക്കിയത് ഒക്കെ അനുഭവിക്കാൻ വല്ലയിടത്തും കിടന്നവൾക്കാണല്ലോ ദൈവമേ യോഗം.
എന്നാ കണ്ടിട്ടാണ് ചേച്ചി ഇവളെ സാംകുട്ടിക്ക് ആലോചിച്ചതെന്നു അപ്പച്ചന്റെ ഇളയ അനിയത്തി സാറ കുട്ടി എത്ര വട്ടം എന്നോട് ചോദിച്ചതാ. ആ പറ്റിപ്പോയി പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ല.
റിൻസി വാതിൽക്കൽ നിന്ന് ഇത്രയും കേട്ടു ഇനി കേൾക്കാൻ ഉള്ള സഹനശക്തി ഇല്ല അതുകൊണ്ട് തന്നെ അവൾ റൂമിലേക്ക് കേറിച്ചെന്നു.
പെട്ടന്ന് റിൻസിയെ കണ്ടപ്പോൾ അമ്മച്ചിയുടെയും നാത്തൂന്മാരുടെയും മുഖം കടലാസുപോലെ വിളറി.
അതൊന്നും ശ്രദ്ധിക്കാതെ റിൻസി അവരെ കഴിക്കാനായി ക്ഷണിച്ചു.
മേശയ്ക്ക് വട്ടം ഇരുന്നു കഴിക്കുന്നതിനിടയിൽ അമ്മച്ചിക്കു മൂത്ത നാത്തൂൻ കപ്പ ബിരിയാണി എടുത്തു കൊടുക്കുന്നത് കണ്ടിട്ടും റിൻസി ഒന്നും മിണ്ടിയില്ല.
ഗോതമ്പ് ചപ്പാത്തിയും എണ്ണ കുറച്ചുചേർത്ത മുട്ടക്കറിയും വിളമ്പിയ പ്ലേറ്റ് കൈകൊണ്ടു തട്ടിമാറ്റി അമ്മച്ചി ചിരിച്ചോണ്ട് കപ്പ പാത്രം വാങ്ങി കഴിപ്പ് തുടങ്ങി.
സ്റ്റെല്ലേ നിന്റെ അമ്മച്ചിക്ക് ഷുഗറു നാന്നൂറ് കടന്നു അടുത്ത തവണ വരുമ്പോൾ ഭിത്തിയിൽ ചിരിച്ചോണ്ടിരിക്കുന്നത് കാണേണ്ടി വരും കേട്ടോ.റിൻസിയുടെ കെട്ടിയോൻ അമ്മച്ചിയുടെ ഒരേയൊരു ആൺ തരി മൂത്തപ്പെങ്ങളോട് കണ്ണടച്ച് കാട്ടി പറഞ്ഞു.
മിണ്ടാതെടാ കുരുത്തം കെട്ടവനെ അറം പറ്റുന്ന വർത്താനം പറയാതെ അമ്മച്ചി അതുകേട്ടു സാംകുട്ടിയെ ചീത്ത വിളിച്ചു.
സാം കുട്ടി ചിരിച്ചോണ്ട് കഴിപ്പ് തുടർന്നു.
ചാച്ചന് പ്രഷർ ചേച്ചിക്ക് കൊളെസ്ട്രോൾ അമ്മച്ചിക്ക് ഷുഗർ എന്നൊക്കെ പറഞ്ഞു എപ്പോഴും നിയന്ത്രണമല്ലിയോ വല്ലകാലത്തും വായ്ക്ക് രുചിക്ക് ഇത്തിരി കഴിച്ചോണ്ട് ഒന്നും വരാൻ പോകുന്നില്ല. അല്ലെങ്കി തന്നെ അമ്മച്ചി ഇനി ഇതൊക്കെ നോക്കിയിട്ട് എന്നാതിനാ.
ഇളയ നാത്തൂൻ സെലിൻ ആണ്.സാംകുട്ടിയും വിട്ടുകൊടുത്തില്ല.
രണ്ടുമാസം മുമ്പ് അമ്മച്ചിയെ നീ ഒരു അഴ്ച്ച കൊണ്ടുപോയി നോക്കിയിട്ട് ഇവിടെ കൊണ്ട് വന്നുവിട്ടതൊക്കെ എനിക്ക് നല്ല ഓർമയുണ്ട് സെലിൻ മോളെ. പിന്നെ രണ്ടാഴ്ച ആശുപത്രിയിൽ കിടന്നിട്ടാണ് അമ്മച്ചി കട്ടിലിൽ നിന്ന് എഴുന്നേറ്റത്.
പിള്ളേരെയും കൊണ്ട് എക്സാമിന് പോകുന്ന അന്ന് ഹോസ്പിറ്റലിൽ ഒരു ദിവസത്തേക്ക് നിൽക്കാൻ നിന്നെ റിൻസി വിളിച്ചപ്പോൾ നിനക്ക് പറ്റില്ലായിരുന്നു എന്നിട്ടാണ് ഇപ്പോഴത്തെ ഡയലോഗ്.
അതുപിന്നെ ഹോസ്പിറ്റൽ കണ്ടാൽ എനിക്ക് തലകറങ്ങും ഉറക്കം കളഞ്ഞാൽ ഇയർ ബാലൻസ് ഉള്ളതുകൊണ്ട് എന്നെ നോക്കാൻ ആരേലും നിൽക്കേണ്ടിവരും ചാച്ചാ അതുകൊണ്ടല്ലേ?
സംസാരം നിർത്തി എല്ലാരും കഴിക്കെന്ന് റിൻസി പറഞ്ഞപ്പോൾ പിന്നെ ആരും കൂടുതൽ ഒന്നും ചികയാതെ അവരവരുടെ പാത്രങ്ങളിലേക്ക് തല കുനിച്ചു.
ഞായറാഴ്ച്ച പതിവുപോലെ വണ്ടികഴുകലും പറമ്പിലെ മേൽനോട്ടവും ഒക്കെയായി സാംകുട്ടി തിരക്കിലായി.
റിൻസി പാത്രങ്ങളൊക്കെ പെറുക്കി സിങ്കിലിട്ടു ഇളം ചൂടുവെള്ളത്തിൽ നെയ്യ് കളഞ്ഞു വൃത്തിയാക്കാൻ തുടങ്ങി.
കൊച്ചേ നീ അതൊക്കെ പെരക്കകത്തിട്ടു കഴിക്കാതെ വെളിയിൽ കൊണ്ടുപോയി നല്ല പോലെ ഉരച്ചു കഴുകാൻ മേലാരുന്നോ. അമ്മച്ചി പണ്ട് ഞങ്ങളെ കൊണ്ട് അങ്ങനെ ഒക്കെ ചെയ്യിപ്പിക്കുമായിരുന്നു ഇല്ലെങ്കിൽ നല്ല പെട കിട്ടും.
എങ്കിൽ ചേച്ചി കഴുകിക്കോ ഞാൻ അലക്കാനുള്ള തുണി മെഷിനിലിടട്ടെ.അതുപറഞ്ഞു റിൻസി തിരിഞ്ഞതും സ്റ്റെല്ല പിടിച്ചുനിർത്തി.
അയ്യോ ഞാൻ പാത്രം കഴുകാറില്ല സോപ്പ് അലർജി ആണ് വീട്ടിൽ അതിനൊക്കെ ഒരു പെണ്ണ് വരുന്നുണ്ട്.നീ ഓർക്കുന്നില്ലേ?
മ് എന്നാൽ ചേച്ചി പോയി അമ്മച്ചിയുടെ അടുത്തിരിക്കു ഞാൻ ഇതൊന്നു കഴുകട്ടെ.
ഓ ഞാൻ പറഞ്ഞത് നിനക്ക് പിടിച്ചില്ല അല്ലേ ഞാൻ പോയേക്കാം.
റിൻസി കേട്ടോട്ടെ എന്നുകരുതി തന്നെ പിറുപിറുത്തോണ്ടവർ അടുക്കള മുറ്റത്തേക്കിറങ്ങി.
പാത്രമെല്ലാം കഴുകി അമ്മച്ചിക്ക് മരുന്ന് കൊടുക്കാൻ ചെന്നപ്പോൾ മൊബൈലിൽ കുത്തി സെലിൻ അമ്മച്ചിയുടെ അടുത്തുള്ള കട്ടിലിൽ ചാഞ്ഞു കിടപ്പുണ്ട്.
ചേച്ചി ഉച്ചക്കത്തെ ചോറും കറിയും ഉണ്ടാക്കാൻ ഞാനും കൂടി സഹായിക്കാം.
വേണ്ട സെലിൻ ചോറും മുളകരച്ച മീൻകറിയും രാവിലെ ആയി. മോരു കറി ഇരിപ്പുണ്ട് ഇനി ഒരു പയർ മെഴുക്കുപുരട്ടി അതിപ്പോ ആവും.
അല്ലെങ്കിൽ തന്നെ ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് എന്നാ പണി ആണ്. ഞങ്ങടെ ഒക്കെ നല്ല പ്രായത്തിൽ പാതിരാ വരെ വെപ്പും പെരുമാറ്റവും. ഒന്നിരിക്കാൻ കൊതിച്ചിട്ടുണ്ട് അതുവല്ലതും ഇന്നത്തെ അവളുമാർക്ക് ഉണ്ടോ? എന്തിനും ഏതിനും സഹായിക്കാൻ നട്ടെല്ലില്ലാത്ത കെട്യോന്മാരും അതിനനുസരിച്ചു അഹങ്കാരം കൂടുവല്ലേ.
മരുന്ന് കൊടുക്കുന്നതിനിടയിൽ അമ്മച്ചി തന്നെ കൊണ്ട് ആകുന്ന പോലെ റിൻസിയെ കുത്തികൊണ്ടിരുന്നു അതൊക്കെ കേട്ട് ഊറിയ ചിരിയോടെ ഫോണിൽ നോക്കി സെലിനും.
വൈകുന്നേരം കാപ്പികുടിയും കഴിഞ്ഞു നാത്തൂന്മാർ പോകാനിറങ്ങിയപ്പോൾ സ്റ്റെല്ല റിൻസിയെ അടുത്തേക്ക് വിളിച്ചു. മോളെ എനിക്ക് നിന്നെക്കാൾ പത്തുപതിനഞ്ചു വയസ്സ് മൂപ്പുണ്ട് ആ സ്വാതന്ത്ര്യം വെച്ചുപറയുക പ്രായമായവർ എന്തേലും പറഞ്ഞാൽ കണ്ടില്ലെന്ന് വെച്ചേക്കണം നീ അമ്മച്ചിയെ കുറച്ചു കൂടി ശ്രദ്ധിക്കണം. ഇടയ്ക്കൊക്കെ നിങ്ങൾക്കൊപ്പം ഞങ്ങളുടെ വീട്ടിലൊക്കെ കൊണ്ടുവരണം പുറത്തൊക്കെ ഇറങ്ങുമ്പോൾ അമ്മച്ചിക്ക് ഒരു ഉഷാറൊക്കെയാകും പിന്നെ സാംകുട്ടി പറയുന്നതൊന്നും കാര്യമാക്കണ്ട ഇനി എത്ര നാളെന്നു വെച്ചാ നീ അമ്മച്ചി ചോദിക്കുന്നതൊക്കെ കൊടുത്തേക്ക്. പിന്നെ ആഴ്ചയിൽ ഒരിക്കൽ കുഴമ്പിട്ട് കുളിപ്പിക്കണം ഇടയ്ക്കൊക്കെ ചൂട് വെച്ചാൽ കാല് വേദന ഒക്കെ ശമിക്കും.
ആ മറന്നു അമ്മച്ചിയുടെ തുണി മെഷിനിൽ ഇടേണ്ട കേട്ടോ കല്ലിൽ നന്നായി തല്ലി അലക്കി കൊടുക്ക് അപ്പൊ അമ്മച്ചിക്ക് നിന്നോടുള്ള ദേഷ്യമൊക്കെ മാറും. റിൻസി നീ അമ്മച്ചിയെ നിന്റെ സ്വന്തം അമ്മച്ചിയെ പോലെ കരുതി സ്നേഹിക്കണം.
ഞാൻ പോട്ടെ മോളെ.
നിൽക്കു ചേച്ചി എനിക്കും ചേച്ചിയോട് ചിലത് പറയാനുണ്ട്.
നിങ്ങടെ അമ്മച്ചിയെ ഞാൻ അങ്ങനെയേ പറയു കാരണം സ്വന്തം വീട്ടുകാരിൽ നിന്നെല്ലാം അകന്നു പെട്ടന്നൊരുനാൾ ഇങ്ങോട്ട് വന്നപ്പോൾ എന്റെ അമ്മച്ചിയെ പോലെ ഞാൻ കണ്ടത് നിങ്ങടെ അമ്മച്ചിയെ ആയിരുന്നു പക്ഷേ ആ അമ്മച്ചി പറഞ്ഞത് നീ എനിക്ക് ആരുമല്ല എനിക്ക് എന്റെ പെണ്മക്കൾ കഴിഞ്ഞേ ഉള്ളു വേറെയാരും എന്നാണ്. അതും നിസാര കാര്യത്തിന് ഒരുപാടു ചീത്ത വിളിച്ചപ്പോൾ സഹികെട്ടു ഞാനും അമ്മച്ചിയുടെ മോളെ പോലെ അല്ലേ എന്ന് ചോദിച്ചപ്പോ കിട്ടിയ മറുപടി ആണ്.
അന്ന് ഞാനും കുറിച്ചു ഇതെന്റെ അമ്മച്ചി അല്ലെന്നു ചേച്ചി ഞാൻ പറയാൻ വന്നത് നിങ്ങടെ അമ്മച്ചിക്ക് വേണ്ട മരുന്ന് ഭക്ഷണം ഒക്കെ ഞാൻ കൊടുക്കുന്നുണ്ട്. എനിക്ക് പറ്റുന്ന പോലെ തുണിയും നനച്ചു വയ്യായ്ക വന്നാൽ ആശുപത്രിയിലും കൊണ്ടുപോയി നോക്കുന്നുണ്ട്. അതിലപ്പുറം ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കണ്ട. അതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ ചേച്ചി കൊണ്ടുപോയി നോക്കിക്കോ ഇല്ലേൽ ചേച്ചി ഇവിടെ ഒരാഴ്ച വന്നു നിന്ന് നോക്കിക്കോ.
വാക്ക് കൊണ്ട് പോലും നിങ്ങടെ അമ്മച്ചിയെ ഞാൻ വേദനിപ്പിക്കില്ല പക്ഷേ സ്നേഹിക്കാൻ പറഞ്ഞാൽ എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. ഒരിക്കൽ പോലും എനിക്ക് കിട്ടിയിട്ടില്ലാത്തത് തിരിച്ചു കൊടുക്കാൻ എനിക്കും അറിയില്ല.
സെലിൻ അക്ഷമയോടെ പോകാൻ ധൃതി കൂട്ടിയപ്പോൾ സ്റ്റെല്ല ദാ വരുന്നു എന്നുപറഞ്ഞു കാറിനടുത്തേക്ക് നടന്നു.
ഇവളൊക്കെ ഇതിനനുഭവിക്കും അനുഭവിക്കാതെ എവിടെ പോകാനാ പോകുന്ന വഴി പ്രാകുന്ന കേട്ടിട്ടും റിൻസി കേട്ടതായി നടിച്ചില്ല..
തൊടിയിൽ പുതുതായി കായ്ച്ച ഞാവൽ മരത്തിനു ചോട്ടിൽ ചെന്ന് കുറച്ചു ഞാവൽപഴം പെറുക്കിയെടുത്തു സാംകുട്ടി പണിയിച്ച പുൽത്തകിടിയിലെ സിമെന്റ് ബെഞ്ചിൽ ചാരിയിരുന്നു.
മധുരവും ചവർപ്പും പുളിയും ഒക്കെക്കൂടിയ ആ പഴത്തിനും ജീവിതത്തിനും ഒരു രുചിയാണെന്ന് തോന്നി.
പുറത്തു പോകുന്നതിനു, ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാകുന്നതിനു, കളിചിരികൾക്ക്, പാചകത്തിലെ ചെറിയ വീഴ്ചകൾക്ക് കേൾക്കേണ്ടി വന്നിരുന്ന പരിഹാസങ്ങൾ ഓർമയിലെത്തി ശരിക്കും ഒരു റാഗിംഗ് ആയിരുന്നു കല്യാണം കഴിഞ്ഞങ്ങോട്ടുള്ള വർഷങ്ങൾ..
വേദനിക്കുന്നത് കണ്ടു രസിക്കുന്ന അമ്മച്ചി തന്റെ ചിരികൾക്ക് വരെ പൂട്ടിട്ടപ്പോൾ ജീവിതത്തോട് തന്നെ നിസംഗത ആയിപോയി.
എന്നാലും അവരോട് വെറുപ്പില്ല അവരിലെ ശക്തയായ സ്ത്രീയോട് ബഹുമാനവുമുണ്ട് കാരണം ഏതു പ്രതിസന്ധിയിലും തളരാതെ അടുക്കും ചിട്ടയുമായി ജീവിതത്തെ വാർത്തെടുക്കാൻ പഠിച്ചത് അവരിൽ നിന്നാണ്.
പക്ഷേ ഈ കാര്യങ്ങൾ ഒക്കെത്തന്നെ ഒരല്പം സ്നേഹം കലർത്തി പറഞ്ഞു തന്നിരുന്നെങ്കിൽ നരകത്തുല്യമായ ആ വർഷങ്ങൾ എത്ര സന്തോഷത്തോടെ ആസ്വദിക്കാമായിരുന്നു. പേടിച്ചും കരഞ്ഞും നല്ല പ്രായം നശിപ്പിച്ചിട്ട് ഇനിയെന്തൊക്കെ നേടിയാലും എന്ത് പ്രയോജനം.
അതുകൊണ്ട് അമ്മച്ചി ഞാൻ നിങ്ങളെ ഒരിക്കലും സ്നേഹിക്കില്ല ഒരിക്കലും.. കയ്യിലെ വയലറ്റ് നിറത്തിലേക്ക് കൗതുകത്തോടെ നോക്കി റിൻസി കൊച്ചു കുട്ടിയെ പോലെ ചിരിച്ചു ആരെയും പേടിക്കാതെ..