(രചന: രജിത ജയൻ)
“മനുവിന്റെ അമ്മയ്ക്കിപ്പോ വീട്ടിലിരിക്കാനോ വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാനോ തീരെ സമയമില്ല ..
”എപ്പോഴും ഗിരി മാഷ്ടെ കൂടെ നടപ്പല്ലേ പണി ,അതിനിപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല .. ഏതു പാത്രിരാത്രി ആണേലും അങ്ങേര് വിളിക്കും അമ്മ പോവേം ചെയ്യും..
“ഇത്രയ്ക്ക് പിരിയാൻ പറ്റില്ല അവർക്കെങ്കിൽ അങ്ങട് കല്യാണം കഴിച്ചൂടെ രണ്ടാൾക്കും ,വെറുതേ ആളുകളെ കൊണ്ട് പറയിപ്പിക്കാതെ..
ഇരുൾ മൂടി കിടക്കുന്ന വീടും പരിസരവും കണ്ടപ്പോൾ മനുവിനോർമ്മ വന്നത് നന്ദ പറഞ്ഞ വാക്കുകളായിരുന്നു..
സമയം അർദ്ധരാത്രിയും കടന്നു പോയിരിന്നു അവൻ വീട്ടിലെത്തുമ്പോൾ
വരുന്ന കാര്യം ആരോടും പറഞ്ഞിട്ടുമില്ല ,
വീട്ടിൽ ആളനക്കം ഉള്ള ലക്ഷണമൊന്നും കാണാഞ്ഞിട്ടും അവനൊന്ന് ബെല്ലിൽ വിരലമർത്തി ഒപ്പം പുറത്തെ ലൈറ്റിന്റെ സ്വിച്ചിലും ,തനിക്ക് ചുറ്റും പരന്ന വെളിച്ചത്തിൽ അവനൊന്ന് ചുറ്റുപാട് നോക്കി .
മുറ്റത്താകെ കരിയില വീണു കിടക്കുന്നതവൻ കണ്ടു
അമ്മ വീട്ടിലുണ്ടെങ്കിൽ നല്ല വൃത്തിയിൽ കിടക്കുന്നയിടം ആണ് വീട്, അകത്തോ പുറത്തോ ഒന്നും സാധനങ്ങൾ വലിച്ചു വാരിയിടുന്നത് അമ്മയ്ക്കിഷ്ട്ടമില്ല, വീടിനകവും പുറവും എപ്പോഴും വൃത്തിയിലും ചിട്ടയിലും കിടക്കണമെന്നാണ് അമ്മയുടെ പക്ഷം.
അമ്മ ഒരു ടീച്ചറായിരുന്നു എന്നത് അമ്മയുടെ പല പ്രവർത്തികളിൽ കൂടിയും മറ്റുള്ളവർക്ക് എളുപ്പം മനസ്സിലാക്കാം എന്നോർത്തുമനു
ഉമ്മറത്തെ ചെടിച്ചട്ടിക്കിടയിൽ നിന്ന് താക്കോലെടുത്ത് വീടു തുറന്നനകത്തേക്ക് കയറിയതും മനുവിന്റെ മുഖമൊന്ന് ചുളിഞ്ഞു
വീടിനകത്താകമാനം സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നു ,സോഫക്കരികിലെ ടീപ്പോയ്ക്ക് മുകളിൽ കുടിച്ചു ബാക്കിയാക്കി വെച്ച ചായ ഗ്ലാസ്സിലും ബേക്കറി അവശിഷ്ട്ടങ്ങളിലും ഉറുമ്പുകൾ താമസം തുടങ്ങിയിരിക്കുന്നു .
കയ്യിലിരിന്ന ബാഗുമായ് ബെഡ് റൂമിലേക്ക് നടന്ന മനു അവിടെ നിരന്നു കിടന്ന സാധനങ്ങളൊന്ന് ഒതുക്കി വെച്ചതിനു ശേഷം ഒന്ന് ഫ്രഷായി അടുക്കളയിലേക്ക് നടന്നതും വൃത്തിഹീനമായ അടുക്കള കൂടികണ്ടതോടെ പിൻതിരിഞ്ഞ് പൂമുഖത്ത് വന്നു കിടന്നു
“മനു കുഞ്ഞായിരുന്നോ ..?
“കുഞ്ഞെപ്പോഴാ വന്നത്..? ഞാൻ ലൈറ്റു കണ്ടിട്ടു വന്നു നോക്കിയതാണ് ..
കാതിനരികെ ആരുടെയോ ശബ്ദം കേട്ട മനു ഉറക്കത്തിൽ നിന്നൊന്ന് ഞെട്ടി കണ്ണു തുറന്നു ,നേരം നന്നായ് വെളുത്തെന്ന് കണ്ടതും അവൻ ചുറ്റും ഒന്നു കൂടി നോക്കി, തനിക്കരിക്കിൽ നിൽക്കുന്ന മോഹനേട്ടനെ കണ്ടതും മനു വേഗം പടിയിൽ എഴുന്നേറ്റിരുന്നു
“മോനേട്ടാ…..,
അവൻ വിളിച്ചതും അയാൾ അവനരികിലിരുന്നു .
“കുഞ്ഞെപ്പോഴാ വന്നത്..? രാത്രിയിൽ ആണോ ..?
“ഞാൻ വന്നപ്പോ പാതിരാത്രി കഴിഞ്ഞിരുന്നു മോനേട്ടാ.. ഒറ്റയ്ക്ക് അകത്തു കിടക്കാൻ തോന്നീല അപ്പോൾ വെറുതെ ഇവിടെ വന്നിരുന്നതാണ് അതൊരു ഉറക്കത്തിലേക്കായ് …
”ഞാൻ ഈ ലൈറ്റ് കത്തി കിടക്കുന്നത് കണ്ടിട്ട് വന്നതാ മനൂ, സീതയെങ്ങാൻ
രാത്രി വന്നോന്ന് കരുതി.
” നേരോം കാലോം ഒന്നും നോക്കാത്ത ഓട്ടാണല്ലോ ഇപ്പോ അവൾക്ക് ..
”ആ ..,അതുകൊണ്ടെന്താ ഈ നാട്ടിലെ പാവപ്പെട്ട കുറച്ചതുങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും കിടന്നുറങ്ങാൻ പറ്റുന്നുണ്ട് ,ഒരു നേരമെങ്കിലും വിശപ്പകറ്റിയിരിക്കാൻ പറ്റുന്നുണ്ട്, ഇത്തിരി ഓടിയാലും അതിന്റെ പുണ്യം അവൾക്കെന്നും ഉണ്ടാവും ..
“ആരൊക്കെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും ഈശ്വരൻ കൂടെയുണ്ടാവും അവൾക്ക് ..അത്രയ്ക്ക് നല്ല മനസ്സാ അവളുടേത് ,പക്ഷെ പണത്തെ മാത്രം സ്നേഹിക്കുന്നവർക്കത് ഒരിക്കലും മനസ്സിലാവില്ല ..
പറഞ്ഞു നിർത്തി മോഹനേട്ടൻ മനുവിനെ നോക്കിയതും അവന്റെ മങ്ങിയ മുഖം അയാളിലൊരു നോവു തീർത്തു
“അയ്യോ കുഞ്ഞേ ഞാൻ കുഞ്ഞിനെ കുറ്റപ്പെടുത്തിയതല്ല, ഓരോന്നു പറഞ്ഞു വന്നപ്പോൾ അറിയാതെ വായിൽ നിന്നു വീണതാ..
” മോനെഎനിക്കറിയാലോ.. സീതയുടെ ഭാഗ്യം അല്ലേ നിന്നെ പോലൊരു മകൻ ,അമ്മയെ സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന ഈ മകൻ തന്നെയാണ് അവളുടെ ഏറ്റവും വലിയ ഭാഗ്യം ..
പറഞ്ഞു കൊണ്ട് മോഹനൻ അവനെ തന്റെ നെഞ്ചോടു ചേർത്തൊന്നമർത്തി ,ആ അമർത്തലിൽ ഉണ്ടായിരുന്നു അയാൾക്കവനോടുള്ള സ്നേഹവും കരുതലും
പക്ഷെ മനുവിന്റെ മനസ്സപ്പോഴും മോനേട്ടൻ പറഞ്ഞ ആ വാചകത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു
”അമ്മയെ മനസ്സിലാക്കുന്ന മകനെന്ന ആ വാക്കുകളിൽ … ,,,
അവനൊരു നിമിഷം തന്നോടുതന്നെയൊരു പുച്ഛം തോന്നി ,ഒരിക്കൽ മാത്രം തന്ന്റെ അമ്മയെ മനസ്സിലാക്കുന്നതിൽ താൻ പരാജയപ്പെട്ടു, അന്നത്തെ ആ പരാജയമാണ് തന്റെ ഇന്നുവരെയുള്ള സ്വസ്തത കുറവിനു കാരണം ഇനിയെങ്കിലും അതെല്ലാം തിരുത്തണം അവൻ മനസ്സിലുറച്ചു
“മോനെ, വാ .. വീട്ടിൽ പോയിട്ടെന്തെങ്കിലും കഴിച്ചു വരാം ,ഇന്നലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ ..?
മോഹനേട്ടൻ ചോദിച്ചു കൊണ്ടവന്റെ കയ്യിൽ പിടിച്ചതും ഒന്നു ഫ്രഷായി അവൻ അയാൾക്കൊപ്പം നടന്നു.
മനുവിന്റെ വീടിനടുത്തു തന്നെയാണ് മോഹനന്റെ വീട്
“എന്തെ ആരോടും പറയാതെ വന്നത്, അതോണ്ടല്ലേ വീട്ടിൽ ആരും ഇല്ലാതായത് ..?
നന്ദയോടും പറഞ്ഞില്ലേ വരുന്ന കാര്യം ..?
മനു ഭക്ഷണം കഴിക്കുന്നത് നോക്കിക്കൊണ്ട് മോഹനേട്ടന്റെ ഭാര്യ ചോദിച്ചതും അവനൊരു വിളറിയ ചിരി അവർക്ക് നൽകി, അതിലുണ്ടായിരുന്നു അവനു പറയാനുള്ളതും അവർക്കറിയാനുള്ളതും ..
അവൾ അവളുടെ അമ്മയുടെ കയ്യിലെ വെറും പാവയാണെന്ന സത്യം അവർക്കും അറിയുന്നതല്ലേ .
തന്നോടൊന്ന് പറയുക പോലും ചെയ്യാതെയാണ് നന്ദ ഇപ്രാവശ്യം എങ്ങോട്ടോ പോയിരിക്കുന്നത് .
ഒരു സൈഡിൽ നിന്നായ് മനു വീടൊന്ന് വൃത്തിയാക്കി തുടങ്ങിയതും മോഹനേട്ടനും ഭാര്യയും അവനൊപ്പം ചേർന്നു .
വാരിവലിച്ചിട്ടിരിക്കുന്ന നന്ദയുടെ വസ്ത്രങ്ങൾ ഒതുക്കി വെയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ അലക്കുക പോലും ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന നന്ദയുടെ മുഷിഞ്ഞ വസ്ത്രങ്ങൾക്കൊപ്പം അവളുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടതും മനു മോനേട്ടനും ഭാര്യയും അതെല്ലാം കാണുന്നതിനു മുമ്പായ് എല്ലാം വാരിയെടുത്ത് മെഷീനിൽ ഇട്ടു
ഓർമ്മ വെച്ച നാൾ മുതൽ അമ്മ മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത് , ഒരുപാടു കാലം പ്രണയിച്ച വസാനം വിവാഹം കഴിച്ചവരായിരുന്നു തന്റെ അച്ഛനും അമ്മയും .
അച്ഛനും അമ്മയും അധ്യാപകരായിരുന്നു, അവരുടെ പ്രണയസാക്ഷാത്ക്കാരമായ് താൻ അമ്മയുടെ ഉള്ളിൽ ജന്മം കൊണ്ട് കുറച്ചു നാൾ കഴിഞ്ഞായിരുന്നു തീരെ പ്രതീക്ഷിക്കാതെയൊരു ആക്സിഡണ്ടിലൂടെ അച്ഛനെ നഷ്ട്ടപ്പട്ടത് .
തകർന്നും തളർന്നും പോവാതെ അമ്മ മുന്നോട്ടു നീങ്ങി.
അന്ന് അമ്മയ്ക്ക് എന്തിനും ഒരു സഹായമായ് കൂടെയുണ്ടായിരുന്നത് മോഹനേട്ടനും വേണു മാഷുമായിരുന്നു ,അച്ഛന്റെ പ്രിയ മിത്രങ്ങൾ ..
അമ്മ എന്ന ലോകത്തിലൊതുങ്ങാതെ, തന്നെ സ്വപ്നം കാണാനും ആഗ്രഹങ്ങൾ നേടിയെടുക്കാനും തക്ക കാര്യപ്രാപ്തിയോടെ വളർത്തിയത് അമ്മ തന്നെയായിരുന്നു.
ആഗ്രഹങ്ങൾക്കനുസരിച്ച് വളർന്നു തുടങ്ങിയ നാളുകളിലെന്നോ ആണ് നന്ദയെ കാണുന്നതും കൂടെ കൂട്ടണമെന്നാഗ്രഹം ഉണ്ടാവുന്നതും ..
ഇഷ്ട്ടം ആദ്യം പറഞ്ഞതും അമ്മയോടായിരുന്നു ,എന്നും എപ്പോഴും തനിക്കൊപ്പം നിൽക്കുന്ന അമ്മ നന്ദയുടെ കാര്യത്തിൽ മാത്രം തനിക്കൊപ്പം നിന്നില്ല ,കാരണങ്ങൾ ഒന്നും പറയാതെ തന്നെ കഴിയുമെങ്കിൽ നന്ദ എന്ന ഇഷ്ട്ടത്തെ മറക്കാനും തന്നോടു പറഞ്ഞു
അന്നാദ്യമായ് താനമ്മയോട് എതിർത്തു സംസാരിച്ചു ,ജീവിതത്തിലൊരു പെണ്ണുണ്ടെങ്കിൽ അതു നന്ദ മാത്രമായിരിക്കുമെന്ന് വാശിപ്പിടിച്ചു .. തന്റെ വാശി ജയിച്ചു
ഒടുവിലവളെ താലിചാർത്തി കൂടെ കൂട്ടി കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ താൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു അമ്മയായിരുന്നു ശരിയെന്ന് ,കാരണം നന്ദഒരിക്കലും തന്നെയോ തന്റെ കുടുംബത്തെയോ മനസ്സിലാക്കാൻ ശ്രമിച്ചില്ല, അവളുടെ ഏതു കാര്യവും തീരുമാനിച്ചിരുന്നത് അവളുടെ അമ്മയായിരുന്നു ,അമ്മ പറയുന്നത് മാത്രം അനുസരിക്കുന്നൊരു മകളായിരുന്നു അവൾ
അവൾക്കെന്നും പരാതികളായിരുന്നു പലതും തന്റെ അമ്മയെ കുറിച്ചു തന്നെയാണ്..
അമ്മ വീട്ടുകാര്യങ്ങളെക്കാൾ കൂടുതലായ് നാട്ടുകാര്യങ്ങളിടപ്പെടുന്നെന്നു പറഞ്ഞായിരുന്നു പരാതികൾ ,അമ്മയെ താൻ കാണുന്ന കാലം മുതലമ്മ അങ്ങനെ തന്നെയായിരുന്നു സ്വന്തം കുടുംബം ഭദ്രമായ് കൊണ്ടു പോവുന്നതിനൊപ്പം തന്നെ
മറ്റുള്ളവരെയും അമ്മ തന്നാലാവും വിധം സഹായിച്ചിരുന്നു.പക്ഷെ നന്ദയുടെ നോട്ടത്തിൽ അതെല്ലാം അമ്മ അവളെ തോല്പിക്കാൻ വേണ്ടി ചെയ്യുന്നതായിരുന്നു..
ഇതിനിടയിൽ തനിക്ക് ജോലി മാറ്റം ലഭിച്ച് താനിവിടുന്ന് ബാംഗ്ലൂരിലേക്ക് മാറിയപ്പോൾ കൂടെ വരാൻ നന്ദ തയ്യാറായിരുന്നില്ല ആരെല്ലാം നിർബന്ധിച്ചിട്ടും അമ്മയ്ക്കൊപ്പം വീട്ടിൽ നിൽക്കുകയാണെന്ന തീരുമാനത്തിലവൾ ഉറച്ചു നിന്നു, ആ തീരുമാനത്തിനു പുറകിൽ അവളുടെ അമ്മയായിരുന്നു
ഒടുവിലെപ്പോഴോ അവൾക്ക് കൂട്ടിനെന്ന് പറഞ്ഞ് അവളുടെ അമ്മ കൂടി അവൾക്കൊപ്പം വന്നു താമസമാക്കിയതോടെ തങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം തന്നിൽ നിന്നും പൂർണ്ണമായും നഷ്ട്ടമായ്
നന്ദയുടെ ഏതു കാര്യവും തീരുമാനിക്കുന്നതവളുടെ അമ്മയായതോടെ വീട്ടിലെ വഴക്കുകൾ കൂടി .
തന്റെ അമ്മ പെൻഷനായപ്പോൾ അമ്മയ്ക്ക് ലഭിച്ച പണം അമ്മ പൊതു കാര്യങ്ങൾക്ക് ഉപയോഗിച്ച് അനാവശ്യമായ് കളയുന്നു എന്നതിനെ ചൊല്ലി വഴക്കുണ്ടായപ്പോൾ തങ്ങളുടെ വീട്ടിലെ തർക്കങ്ങൾ പുറത്തറിഞ്ഞു ,അന്ന് അമ്മയുടെ ഭാഗം ന്യായീകരിച്ച് സംസാരിച്ച ഗിരി മാഷിനെ പിന്നീടവർ തന്റെ അമ്മയുടെ കാമുകനാക്കി ,പൊതു പ്രവർത്തകയായ് അമ്മ നടക്കുന്നത് ഗിരി മാഷിനൊപ്പം നാടുചുറ്റാനാണെന്ന് പറഞ്ഞുണ്ടാക്കി.
ഇനിയും ഇതിലധികം സഹിക്കാൻ വയ്യ, എല്ലാ കാര്യങ്ങൾക്കുമൊരു തീരുമാനമുണ്ടാക്കണം മനു മനസ്സിൽ ഉറപ്പിച്ചു .
വീടൊരു വിധം വൃത്തിയാക്കി മനു ഉമ്മറത്തു വന്നിരുന്നപ്പോഴാണ് നന്ദയും അവളുടെ അമ്മയും കൂടി പടി കടന്നു വന്നത്
മനുവേട്ടാ …
ഒരു ചിരിയോടെ തനിക്കരിക്കിലേക്ക് ഓടാൻ തുനിഞ്ഞ നന്ദയുടെ കയ്യിൽ അവളുടെ മുറുകെ പിടിച്ചു നിർത്തുന്നത് കണ്ട മനുവിന്റെ ചുണ്ടിലൊരു പരിഹാസചിരി വിരിഞ്ഞു
“നീയെന്താ മനു ആരോടും പറയാതെ പെട്ടന്ന് വന്നത് ..?
നന്ദയുടെ അമ്മ ചോദിച്ചു കൊണ്ടുവനു മുന്നിലായ് കയറി നിന്നു
എനിക്കെന്റെ വീട്ടിലേക്ക് വരാനും പോകാനും നിങ്ങളുടെ അനുവാദം വേണമെന്ന് നിങ്ങളുടെ മകളെ ഞാൻ കല്യാണം കഴിക്കുമ്പോൾ നിങ്ങൾ പറഞ്ഞില്ലല്ലോ ..? പറഞ്ഞോ ..?
ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് മനു അവർക്ക് മുന്നിൽ നിന്നതും അവർ പതറി, കാരണം അവർക്കറിയുന്ന മനു വളരെ സാധുവായിരുന്നു
“എന്തേ നിങ്ങൾക്കൊന്നും പറയാനില്ലേ..? മനു വീണ്ടും ശബ്ദം ഉയർത്തി
എന്നാ ശരി ഞാനൊരു കാര്യം തിരിച്ചു ചോദിക്കട്ടെ, ഞാൻ നിങ്ങളുടെ മകളെ മാത്രമല്ലേ വിവാഹം കഴിച്ചത്..? പിന്നെ നിങ്ങളെത്തിനാ എന്റെ വീട്ടിൽ വന്നു താമസിക്കുന്നതും അധികാരം കാണിക്കുന്നതും …?
അവൻ ചോദിച്ചതും അവർ നന്ദയുടെ കയ്യിലെ പിടുത്തം മുറുക്കി ,വേദനിച്ചെന്ന വണ്ണം നന്ദ അമ്മയെ നോക്കി
“നന്ദേ..നിനക്ക് മനസ്സിലാവുന്ന വിധത്തിൽ ഞാൻ കാര്യങ്ങൾ വിശദീകരിച്ചു തരാം നീ ശരിയ്ക്കും കേൾക്കണം ,ഇതെന്റെ അമ്മയുടെ പേരിലുള്ള വീടാണ്, എന്റെ അച്ഛൻ അമ്മയ്ക്കായ് കരുതി വെച്ചത്.
“ഈ വീടുൾപ്പെടെ അമ്മയുടെ കയ്യിലുള്ളതെന്തും അമ്മ അധ്വാനിച്ച് നേടിയതാണ്, അല്ലാതെ നിന്റെ അമ്മയെ പോലെ മക്കളെ തമ്മിൽ തല്ലിച്ചും വേർപ്പെടുത്തിയും കൂടെ നിർത്തി അവരിൽ നിന്നൂറ്റിയെടുത്തതല്ല..
മനു പറഞ്ഞതു കേട്ട നന്ദ അവനെ മിഴിച്ചു നോക്കിയപ്പോൾ നാണക്കേടു കൊണ്ട് തല താഴ്ത്തി അവളുടെ അമ്മ
“നിങ്ങളെന്താണ് കരുതിയത് നിങ്ങളുടെ പ്രവർത്തിയൊന്നും ആരും അറിയില്ലെന്നോ ..?
സ്വന്തം മകനെയും ഭാര്യയും തമ്മിൽ തെറ്റിച്ച് അവരുടെ ജീവിതം നശിപ്പിച്ച നിങ്ങളുടെ അടുത്ത ശ്രമം ഞങ്ങളുടെ നേരെയാണോ ..?
“ഞാൻ സമ്പാദിക്കുന്നതു കൊണ്ടു എന്റെ ഭാര്യ ജീവിച്ചാൽ മതി, അവളുടെ അമ്മ ജീവിക്കണ്ട ..
”പിന്നെ ഞാനൊരു കഴിവുകെട്ടവനായതുകൊണ്ടല്ല നിങ്ങളുടെ സ്വഭാവം തിരിച്ചറിഞ്ഞും നിങ്ങളെ ഇവളുടെ കൂടെ നിർത്തിയത് ഞാനമ്മയെ സ്നേഹിക്കുന്ന ഒരു മകനായതുകൊണ്ടു മാത്രമാണ്..
” അല്ലായിരുന്നെങ്കിൽ എന്റെ ഭാര്യയ്ക്ക് എനിക്കൊപ്പം വന്നു കിടക്കണമെങ്കിൽ പോലും നിങ്ങളുടെ അനുവാദം വേണമെന്ന നിലയിലേക്ക് നിങ്ങളിവളെ മാറ്റിയ നേരം ഞാൻ നിങ്ങളെ ഇവളിൽ നിന്നും പറിച്ചെറിഞ്ഞേനെ എന്നേയ്ക്കുമായ്..
“ഇനിയൊരു കാര്യം കൂടി എന്റെ അമ്മയ്ക്ക് ഇനിയുള്ള ജീവിതത്തിലൊരു കൂട്ടു വേണമെന്ന് തോന്നിയാൽ അതമ്മ കണ്ടെത്തിക്കോളും നിങ്ങൾ ബുദ്ധിമുട്ടണ്ട..
“ഇപ്പോ ഈ നിമിഷം നിങ്ങളീ വീടിന്റെ പടിയിറങ്ങണം ,കൂടാതെ ഇനിയിവളെ കാണാനോ വിളിക്കാനോ പാടില്ല നിങ്ങൾ, ഇതു നന്ദയ്ക്കും ബാധകമാണ് അനുസരിക്കാൻ പറ്റുമെങ്കിൽ ഇവിടെ നിൽക്കാം ഇല്ലെങ്കിൽ അമ്മയ്ക്കൊപ്പം പോവാം, തടയില്ല ഞാൻ ..
മനു പറഞ്ഞു നിർത്തിയതും നന്ദയുടെ കയ്യിലെ പിടുത്തം മുറുക്കി കൊണ്ടവളുടെ അമ്മ അവളുമായ് അവിടെ നിന്ന് പിന്തിരിയാനൊരുങ്ങിയപ്പോൾ അമ്മയുടെ കൈകളെ തന്നിൽ നിന്ന് പിടിച്ചകറ്റിയിട്ട് നന്ദ മനുവിനരികിലായ് പോയ് ചേർന്നു നിന്നു
അന്നേരം മനുവിന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു അല്പം വൈകിയാണെങ്കിലും സ്വന്തം ജീവിതം തിരിച്ചു പിടിച്ചൊരുത്തന്റെ വിജയ ചിരി