നിലാവിന്റെ കൂട്ട്
(രചന: Shihab Vazhipara)
അയാൾ ശൂന്യതയിലേക്ക് നോക്കി ഒന്നും കാണുന്നില്ല മുന്നിൽ കൂരിരുട്ട് മാത്രം മനസ്സിൽ ചിരിച്ചുകൊണ്ട് അയാൾ ഇരുട്ടിലേക്ക് വീണ്ടും നടന്നു . കയ്യിൽ കരുതിയ ചെറിയ ടോർച്ച് ലൈറ്റ് അയാൾ ഇടയ്ക്ക് തെളിച്ചു നോക്കി നേരിയ വെളിച്ചം ഉണ്ട് .
അല്ലെങ്കിൽ എന്ത് വെളിച്ചം ഉൾകാഴ്ച്ച കൊണ്ട് അയാൾ വീടുകൾ ലക്ഷ്യമാക്കി നടന്നു നേരം കുറെ വൈകീട്ടും ആളുകൾ ഉറങ്ങീട്ടില്ലല്ലോ ഈ കാലം ശെരിയല്ല എന്ന് തോന്നുന്നുന്നു . ഞാൻ അകത്തായിട്ട് ഇപ്പൊ ഒരു ഇരുപത് വർഷം ഒക്കെ ആയിക്കാണും അതിൽ ഇത്രമാത്രം മാറ്റം സംഭവിച്ചോ നാടിന് . ? അയാൾ ആത്മഗതം പറഞ്ഞു .
ഇന്ന് ഏതായാലും ഇങ്ങനെ പോകട്ടെ നാളെ പുലർച്ചെ ഒരു രണ്ട് അല്ലെങ്കിൽ മൂന്ന് മണി ഒക്കെ ആകുമ്പോൾ ഇറങ്ങാം ഇപ്പൊ തൽകാലം വീട് അണയുന്നതാ ബുദ്ധി . ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ചിന്തിച്ചതായിരുന്നു ഇനി മുതൽ വല്ല ജോലിക്കും പോയി നല്ല മനുഷ്യനായി ജീവിക്കണം എന്ന് .ഒന്നിനും തോന്നുന്നില്ല ആ ജയിലിൽ നിന്നും ഇറങ്ങേണ്ടായിരുന്നു.
എന്ത് സുഖം ആയിരുന്നു രാവിലെ നേരത്തെ എണീക്കുക പ്രഭാത കർമം ഒക്കെ കഴിഞ്ഞാൽ ചായ റെഡി പാത്രവും ഗ്ലാസും എടുത്ത് പോയാൽ മതി പിന്നെ ജയിലിനകത്ത് തന്നെ യുള്ള ജോലികളിൽ ഏർപെടുകയായി ഒരു ഉച്ച ആകുമ്പോഴേക്കും നല്ല സാമ്പാറും ചോറും കുശാലായി പിന്നെ ഒരു മണിക്കൂർ ഉറങ്ങാം അല്ലെങ്കിൽ ഇരിക്കാം എന്തും ചെയ്യാം പക്ഷെ സമയം ആയാൽ പോകണം വീണ്ടും ജോലിക്ക് .
വൈകുനേരം ആയാൽ ഒരു ചെറുകടിയും ചായയും പിന്നെ കുളിച്ചു വസ്ത്രമൊക്കെ അലക്കി സെല്ലിൽ പോയി വിശ്രമിക്കാം ഒന്ന് മയങ്ങിയാൽ വീണ്ടും ബെല്ല് അടിക്കും ചപ്പാത്തിയും മീൻകറിയും കഴിച്ചു കഴിഞ്ഞാൽ വീണ്ടും നേരവും വെളുക്കുവോളം വിശാലമായി ഉറങ്ങാം എല്ലാം ഇപ്പൊ ആലോജിക്കുമ്പോൾ നഷ്ട്ടം തോന്നുന്നു .
അന്ന് ജയിലിൽ ക്ലാസ് എടുക്കാൻ വന്ന ആ പള്ളീലച്ചൻ പറഞ്ഞത് പോലെ നിങ്ങൾ വന്ന വഴി മറക്കുകയും പുതിയ നല്ല വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യണം എന്നായിരുന്നെല്ലോ .
പെണ്ണ് കെട്ടാത്തവർ ശിക്ഷ കഴിഞ്ഞു വീട്ടിൽ എത്തിയാൽ ഒരു കല്യാണം ഒക്കെ കഴിച്ച് ഒരു കുടുംബമൊക്കെ ആയി നല്ല രീതിയിൽ ജീവിക്കുക . പിന്നെ എല്ലാം ശെരിയാകും പുതിയ ജീവിത രീതിയും ചുറ്റുപാടും എല്ലാം ആകുമ്പോൾ ആളുകൾക്കിടയിൽ നിങ്ങൾക്ക് മതിപ്പ് ഉണ്ടാക്കും എല്ലാം നല്ല രീതിയിൽ ചിന്തിക്കുക .
അയാൾ ഒരു കവലയിൽ എത്തിയപ്പോൾ ഒരു സ്ത്രീ അവിടെ തനിച്ച് നിൽക്കുന്നുണ്ടായിരുന്നു അയാൾ ചിന്തിച്ചു . ആരായിരിക്കും അവൾ ? എന്തിനാ ഈ അസമയത്ത് ഇവിടെ ഇറങ്ങി നിൽക്കുന്നത് ? കയ്യിൽ ഒരു ബാഗും ഉണ്ട് ഇനി അതിൽ സ്വർണമോ മറ്റോ ആകുമോ ? ഒന്നും കിട്ടാത്ത സ്ഥിതിക്ക് അത് തട്ടി ഓടിയാലോ കിട്ടിയത് ആയി .അയാൾ മെല്ലെ അവളെ ലക്ഷ്യമാക്കി നടന്നു അവളുടെ അടുത്ത് എത്തിയ പ്പോൾ അവൾ അയാളെ കണ്ടു ഒട്ടും പേടിയില്ലാതെ അവൾ ചോദിച്ചു.
“പോകാം അല്ലെ ?”
അയാൾ ആശ്ചര്യത്തോടെ ചോദിച്ചു “എങ്ങോട്ട് ? ‘
‘നിങ്ങളുടെ വീട്ടിലേക്ക് .’
“എന്തിന് .. ?’
“പിന്നെ എന്തിനാ ഇയാൾ എന്റെ അടുത്തേക്ക് വന്നത് . ?”
“ഞാൻ ഒരു കള്ളനാണ് നിന്റെ ഈ ബാഗ് തട്ടിഎടുക്കലാണ് എന്റെ ലക്ഷ്യം .”
“നല്ല കള്ളൻ ! എടോ കോപ്പേ ഈ ബാഗിൽ നിനക്ക് വിറ്റാൽ ക്യാഷ് കിട്ടുന്ന ഒന്നും ഇല്ല പിന്നെ എന്റെ കയ്യിലും വിലപിടിപ്പ് ഉള്ള ഒന്നും ഇല്ല .”
”പിന്നെ താൻ എന്തിനാ ഈ അസമയത്ത് ഇവിടെ നിൽക്കുന്നത് ?”
അവൾ അയാളെ ആകെ ഒന്ന് നോക്കി എന്നിട്ട് ചോദിച്ചു ”താൻ ഒരു മണ്ടനാണോ ? എടൊ കോപ്പേ ഞാൻ മാന്യമായി മാനം വിറ്റു ജീവിക്കുന്നവളാ ഒരു രാത്രിക്ക് എനിക്ക് രണ്ടായിരം രൂപ മുതൽ കിട്ടും . ഇന്ന് വേണമെങ്കിൽ നിങ്ങളുടെ കൂടെ വരാം . എന്താ വേണോ ?”
“അയ്യോ വേണ്ട .. !”
“ഇയാൾ എന്താടോ ഒരു പെണ്ണിനെ ആദ്യമായി കാണുന്നപോലെ നോക്കുന്നത് .? താൻ ഇവിടെ ഇരിക്ക് എനിക്ക് ഒരു കൂട്ട് ആകുമെല്ലോ ഇന്ന് ഇനി ആരും വരും എന്ന് തോന്നുന്നില്ല”
”ഞാൻ വീട്ടിൽ പോകാൻ നിൽകുകയാ ഇനി ഇന്ന് ഒന്നും നടക്കില്ല .”
“ഇയാൾ എന്തൊരു പൊടിത്തൊണ്ടൻ ചുമ്മാ കള്ളൻമാരെ പറയിപ്പിക്കാൻ . എന്താ ഇന്ന് ഒന്നും തടഞ്ഞില്ല അല്ലെ .. തന്റെ മട്ടും ഭാവവും ഒന്നും ഒരു കള്ളന്റെ ലുക്കിൽ അല്ലല്ലോ താൻ ശെരിക്കും കള്ളനാണോ ? അതോ ഇനി വല്ല സി ഐ ഡി യോ മറ്റോ ആണോ ?”
“അവസാനം പറഞ്ഞത് കുറച്ചൊക്കെ ശെരിയാകും . കഴിഞ്ഞ ഒരു ഇരുപത് വർഷം ഞാൻ പോലീസിന്റെ ഒക്കെ ഒപ്പം ആയിരുന്നു ..അങ്ങ് സെന്റർ ജയിലിൽ .”
“ഇയാൾ ജയിലിൽ ഒക്കെ കിടന്നിട്ടുണ്ട് അല്ലെ ?”
“പിന്നെ നീണ്ട ഇരുപത് കൊല്ലം .”
”അപ്പൊ വെറുതെയല്ല . ഇപ്പൊ പഴയപോലെ ഒന്നും അല്ല കാര്യങ്ങൾ ഇപ്പൊ മിക്ക വീടുകളിലും കിടക്കാൻ സമയം ഒരു ഒന്നാ രണ്ടോ മണി ഒക്കെ ആകും എല്ലാവരും ഫോണിൽ കുത്തികളിച്ചുകോണ്ടിരിക്കും ഉറങ്ങില്ല . പിന്നെ
ഈ അടുത്ത കാലത്ത് ഫോണിൽ തന്നെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന കുറെ അവളുമാരും ഉണ്ട് ഏതൊക്കെ ആപ്പോ മറ്റോ ആണ് എന്ന് തോന്നുന്നു എല്ലാം ലൈവ് . അതോടെ എന്നെ പോലെയുള്ളവളുമാരുടെ മാർക്കറ്റും പോയി ആദ്യമൊക്കെ ഇവിടെ ഒന്ന് വന്നു നിന്നാൽ മതി കൊണ്ടുപോകാൻ ആളുകൾ വരുമായിരുന്നു . ഇപ്പൊ ആരെങ്കിലും വന്നാൽ വന്നു അതായി അവസ്ഥ .എന്നാ താൻ തന്റെ കഥ പറ ഏതായാലും നിന്റെയോ എന്റെയോ പണി നടന്നില്ല .”
”അപ്പൊ ചേച്ചി അതിന്റെ അയാളാണ് അല്ലെ ? ഞാനും അതായിരുന്നു ചിന്തിച്ചത് .”
“അപ്പൊ പിന്നെ താൻ ചെയുന്നത് പുണ്ണ്യപ്രവർത്തി ആണെല്ലോ അല്ലേ? .”
“ചൂടാവല്ലേ ചേച്ചി . ഞാൻ ഒരു കള്ളനായി ജനിച്ചതല്ല സാഹചര്യം എന്നെ കള്ളനാക്കി എന്ന് പറഞ്ഞാൽ അതൊരു തെറ്റാകും ചിലപ്പോൾ ശരിയുമാകും .
അച്ഛനോ അമ്മയോ ആരെന്ന് അറിയില്ല വളർന്നത് ഏതോ ഒരു അനാഥ മദിരത്തിൽ അവിടെ നിന്നും എങ്ങനെയോ ചാടി. ഞാൻ പിന്നെ ചെന്ന് പെട്ടത് ഒരു ബസ്റ്റാന്റിൽ ആയിരുന്നു വല്ലാതെ വിശന്ന് വയറ് കരിഞ്ഞപ്പോൾ ഞാൻ ഒരു പീടികയിൽ നിന്നും ഒരു പഴം മോഷ്ടിച്ചു ആരും അത് കണ്ടില്ല . എന്റെ വിശപ്പ് മാറി തുടങ്ങിയപ്പോൾ ഞാൻ എന്റെ ലക്ഷ്യ സ്ഥാനം ഇതാണെന്ന് മനസ്സിലാക്കി . വീണ്ടും
ചെറിയ ചെറിയ മോഷണങ്ങൾ ഞാൻ പതിവാക്കി ബസ്റ്റാന്റുകളും പിന്നെ തിരക്കുള്ള അങ്ങാടികളും പിന്നെ റയിൽവേ സ്റ്റേഷനുകളും ഒക്കെ ആയിരുന്നു എന്റെ മോഷണ സ്ഥലം പിന്നെ കുറെ കാലം അങ്ങിനെ ആയി നടന്നു ഒരിക്കൽ മോഷണ സമയത്ത് ഞാൻ ഒരു അമ്മയുടെ കരച്ചിൽ കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഒരു ആശുപത്രി വരാന്തയിൽ നിന്നും ആയിരുന്നു ആ ‘അമ്മ വിലപിക്കുന്നത് കണ്ടത് .
പൊതുവെ ആരുടെ കരച്ചിലും എന്നെ വിഷമിപ്പിച്ചിട്ടില്ലായിരുന്നു കാരണം എനിക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടോ ബുദ്ധിമുട്ടോ ഒന്നും അറിയില്ലായിരുന്നു അല്ലെങ്കിൽ ഞാൻ അത് കാണാൻ ശ്രമിച്ചിട്ടില്ലായിരുന്നു .
അന്ന് എന്തുകൊണ്ടോ എന്റെ മനസ്സലിഞ്ഞു അവരുടെ അടുത്ത് ഒരു കുഞ്ഞും ഇരുന്ന് കരയുന്നുണ്ടായിരുന്നു .ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു എന്തിനാ നിങ്ങൾ കരയുന്നത് എന്ന് .. അവർ കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു എന്നോട് പറഞ്ഞു എന്റെ മോന് തീരെ വയ്യ മരുന്ന് വാങ്ങാൻ എടുത്ത പണം ആരോ തട്ടിപ്പറിച്ചു ഓടി .. പിന്നാലെ ഓടാൻ എനിക്ക് കഴിയില്ലായിരുന്നു .
ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന പണം അവരെ ഏല്പിച്ചു എന്നിട്ട് പറഞ്ഞു ഇത് മതിയാകുമോ ? അവരുടെ കണ്ണുകൾ വിടർന്നു എന്നെ കെട്ടിപിടിച്ചു നറുകയ്യിൽ ചുംബിച്ചു ആ അമ്മയുടെ കണ്ണിൽ കണ്ട ആ സന്തോഷം ഞാൻ മനസ്സിലാക്കി ഇല്ല ഇനി ഒരിക്കലും ഞാൻ മോഷ്ടിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു .
ഞാൻ മോഷ്ട്ടിച്ച പണം ഇതുപോലെ പലരുടെയും ഒക്കെ പണം ആയിരിക്കും അവർ എന്തിനൊക്കെ വേണ്ടി സ്വരുക്കൂട്ടി വെച്ചതായിരിക്കും അല്ലെങ്കിൽ എന്തെങ്കിലും ആവശ്യം അവർക്കുണ്ടാകും എന്റെ കയ്യിൽ കിട്ടിയ പണം എല്ലാം ചിലപ്പോൾ ശാപം കിട്ടിയ പണം ആയിരിക്കും എന്ന് ഞാൻ കരുതി . പിറ്റേ ദിവസ്സം മുതൽ ഞാൻ റോട്ടിൽ വീണു കിടക്കുന്ന പ്ലാസ്റ്റിക്കുകളും മറ്റും പെറുക്കി അതെല്ലാം കിട്ടുന്ന വിലക്ക് വിറ്റു.
രണ്ട് നേരം ഭക്ഷണം കഴിക്കാൻ ഉള്ള വക കിട്ടി അങ്ങനെ അതൊരു തൊഴിലാക്കി മാറ്റി പക്ഷെ ഒരു നാൾ എനിക്ക് ഒരു അബദ്ധം പറ്റി റോട്ടിലൂടെ നടന്നു വരുമ്പോൾ ഒരാൾ മറ്റൊരാളെ കത്തി കൊണ്ട് അയാളുടെ കഴുത്തിൽ കുത്തി ഇറക്കുന്നു ഞാൻ ഓടിച്ചെന്ന് അയാളെ രക്ഷിക്കാൻ നോക്കി പക്ഷെ ആ നേരം പോലീസ് ജീപ്പ് അത് വഴി വരുന്നുണ്ടായിരുന്നു പോലീസ് ജീപ്പ് നെ കണ്ടതും കൊലയാളി ഓടി മറഞ്ഞു .
കണ്ടു നിന്ന പോലീസിന്റെ മുന്നിൽ കൊലയാളി ഞാനായി ഞാൻ അവരുടെ മുന്നിൽ കരഞ്ഞു പറഞ്ഞു നന്നല്ല ചെയ്തത് എന്ന് പക്ഷേ ഒരു തെരുവ് തെണ്ടിയായ എന്റെ വാക്കുകൾ അവർ കേട്ടില്ല . കൊല്ലപെട്ടയാൾ ഒരു പണക്കാരൻ ആയത് കൊണ്ടും ഇനി അയാൾ മരിക്കണം എന്ന് ആഗ്രഹമുള്ള ആരോ എനിക്കെതിരെ ആരോപണം ഉന്നയിച്ചു വന്നു .
എനിക്ക് പ്രായ പൂർത്തി ആവാത്തത് കൊണ്ട് എന്നെ പ്രായ പൂർത്തി ആകുന്നത് വരെ വിചാരണ തടങ്കലിൽ വെച്ചു .. എനിക്ക് പ്രായ പൂർത്തി ആയ അന്ന് വിചാരണ നടന്നു എന്നെ കൊലയാളിയാക്കി ചിത്രീകരിച്ചു പിന്നെ അയാളുടെ കയ്യിലെ പണം മോഷ്ട്ടിക്കാൻ ശ്രമിച്ചു എന്ന കുറ്റവും പിന്നെ മാരകായുധം കയ്യിൽ സൂക്ഷിച്ചു എന്ന കുറ്റവും എല്ലാം കൂടി ഇരുപത് വർഷം ഞാൻ അകത്തായിരുന്നു .
എനിക്ക് ഇപ്പോഴും തോന്നുന്നത് അയാൾ മരിക്കണം എന്ന് ആഗ്രഹമുള്ള ആരോ എനിക്ക് മേടിച്ചു തന്നതാണ് ഈ ശിക്ഷ എന്ന് .ഇന്നും കൂട്ടി എന്റെ മൂന്നാമത്തെ ദിവസ്സമാണ് ഇന്ന് ഞാൻ പുറത്ത് ഇറങ്ങീട്ട് . ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കിട്ടിയ കുറച്ച് രൂപകൊണ്ട് ഞാൻ ഒരു വീട് വാടകക്കെടുത്തു ഇനി നല്ല മനുഷ്യനായി ജീവിക്കാം എന്ന് കരുതി പക്ഷെ കാര്യമായ പണി ഒന്നും തരപ്പെട്ടില്ല ഈ ജയിൽ പുള്ളിക്ക് ആരെങ്കിലും പണി തരുമോ ഇല്ല .
അങ്ങനെ തൽകാലം ഒന്ന് പിടിച്ച് നിൽക്കാൻ വേണ്ടിയുള്ള ഓട്ടമായിരുന്നു ഇത് ഇതും നടന്നില്ല . വീണ്ടും പഴയ സാധനങ്ങൾ പൊറക്കി വിൽക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു .. ഇനി ഇയാൾ പറ നേരം വെളുക്കാൻ സമയം ഇനിയും ഉണ്ട് ..”
“എന്റെ കഥ കേൾക്കണം അല്ലെ .. ?”
അവൾ കാർമേഘം ഇരുണ്ട് മൂടികിടക്കുന്ന ആകാശം നോക്കി പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി
“ഞാൻ ജനിച്ചത് അച്ഛൻ ആരാണെന്ന് അറിയാതെയാണ് എന്റെ ‘അമ്മ വേശ്യാപണി ചെയ്തിരുന്നത്കൊണ്ട് നാട്ടിലെ ഏത് പകൽ മാന്യനും ആവാം ചിലപ്പോൾ എന്റെ അച്ഛൻ. അത് ശെരിക്കും അമ്മയ്ക്കും അറിയില്ലായിരുന്നു.
പക്ഷെ ‘അമ്മ ഞാൻ ജനിച്ചതെന്ന് ശേഷം പിന്നെ മോശപ്പെട്ട വഴിക്ക് പോയിട്ടില്ലായിരുന്നു ‘അമ്മ കൂലി പണി എടുത്തും വീട്ടുജോലികൾ ചെയ്തും എന്നെ വളർത്തി ഞാൻ പത്താം ക്ലാസ് കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന സമയം ആയിരുന്നു ഒരിക്കൽ അമ്മക്ക് വല്ലാത്ത ഒരു നെഞ്ച് വേദന വന്നു ആശുപത്രിയിൽ എത്തി ഡോക്റ്റർ വേദന മാറാനുള്ള മരുന്ന് ഒക്കെ തന്നു .
മൂന്ന് ദിവസ്സം കഴിച്ചിട്ടും കുറവില്ലെങ്കിൽ ഒന്ന് കൂടി വരണം എന്നും പറഞ്ഞു അങ്ങനെ വീണ്ടും ചെന്നു സ്കാനിങ് മറ്റ് ടെസ്റ്റുകളും ഒക്കെ കഴിഞ്ഞു ഡോക്ടർ പറഞ്ഞു അമ്മക്ക് ഉടൻ ഒരു ഓപ്പറേഷൻ വേണം എന്ന് .ഓപ്പറേഷൻ ന്ന് ഡേറ്റ് എടുത്ത് അവിടെന്നു പൊന്നു . ഞങളെ സംബിച്ചോടത്തോളം അതൊരു വലിയ സംഖ്യ തന്നെ ആയിരുന്നു . ഞാൻ പരിജയം ഉള്ള പലരോടും ചോദിച്ചു തിരിച്ചു താരാൻ
കഴിവില്ലാത്ത ഞങ്ങൾ പിന്നെ എങ്ങനെ മേടിച്ച പണം തിരികെ നൽകും എന്ന് കരുതി ആരും പണം തന്നില്ല .പക്ഷെ ചിലരൊക്കെക്കെ പറഞ്ഞു ഒരു രാത്രി കൂടെ വന്നാൽ ഞാൻ കുറച്ച് പണം തരാം എന്ന്. മറ്റൊരു നിവർത്തിയും ഇല്ലാതെ വന്നപ്പോൾ എനിക്ക് ആ മാർഗം സ്വീകരിക്കേണ്ടി വന്നു .
കയ്യിൽ പൈസ ഒക്കെ ആയപ്പോഴേക്കും അതിനൊന്നും കാത്തു നിൽക്കാതെ ‘അമ്മ പോയി .. പിന്നെ പിഴച്ചവൾ എന്ന മുദ്ര കുത്തി ഞാനും ജീവിച്ചു സ്വന്തമോ ബന്ധമോ ആയി ആരും ഇല്ലാത്തവളായി ഞാനും ആ നാട്ടിൽ അറിയപ്പെടുന്ന ഒരു വേശ്യയായി മാറി .
പക്ഷെ ഒരു കാര്യത്തിൽ എനിക്ക് സന്ദോഷം ഉണ്ടായിരുന്നു ഏത് നട്ടപാതിരാത്രിക്ക് വേണമെങ്കിലും പുറത്തിറങ്ങി നടക്കാം ആരും ഒന്നും ചെയ്യാൻ വരില്ല .. അല്ലെങ്കിലും ഇനി എന്ത് ചെയ്യാൻ മരിക്കാൻ ഉള്ള പേടി ഒന്ന് കൊണ്ട് മാത്രം ഇപ്പോഴും ജീവിക്കുന്നു എന്നുമാത്രം . ഇപ്പൊ കയ്യിലെ പണം തീരുമ്പോൾ രാത്രി ഇവിടെ വന്നു നിൽക്കും ആരെങ്കിലും ഒക്കെ കാണും .. അങ്ങനെ വീണ്ടും ജീവിച്ചു പോകുന്നു . ”
എല്ലാം പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
“അപ്പൊ നമ്മൾ രണ്ടു പേരും ഒരേ ദിശയിൽ സഞ്ചരിച്ചു പോകുന്നവരാണ് നേടാൻ സ്വപ്നങ്ങളോ കൊയ്യാൻ ആഗ്രങ്ങളോ ഇല്ലാതെ ജീവിക്കാൻ വിധിക്കപ്പെട്ടവർ അല്ലെ .?”
“അതെ നിങ്ങൾ പറഞ്ഞത് അക്ഷരം തെറ്റാതെ ശെരിയാണ് എന്ന് പറയാം ..”
“നമ്മുക്ക് ഇനിയുള്ള യാത്ര ഒന്നിച്ചായാലോ.? ജീവിതത്തിൽ നഷ്ടപെട്ട പലതും നമുക്ക് തിരിച്ചു പിടിക്കാൻ കഴിയും . നമ്മെ അറിയാത്ത നാം അറിയാത്ത ഭൂമിയുടെ ഏതെങ്കിലും ഒരു കോണിൽ ഒന്നിക്കാം .”
“നിങ്ങൾക് സമ്മതമാണെങ്കിൽ എനിക്കും സമ്മതമാണ് . ചിലപ്പോൾ ഇത് ദൈവത്തിന്റെ തീരുമാനം ആകും ജീവിതത്തിൽ ഇനിയും എന്തൊക്കെയോ നേടാൻ ഉള്ളതുപോലെ …”
“അതെ …”
അതുവരെ മൂടി നിന്ന കാർമേഘം മെല്ലെ മറനീക്കി കൂരിരുട്ടിനെ വകഞ്ഞുമാറ്റി ആ രാവിൽ നിലാവ് പെയ്തിറങ്ങി .. പാതി തെളിഞ്ഞ റോഡിലൂടെ ആ രണ്ടു പേരും പുതിയ ദിക്കിലേക്ക് പുതിയ കിനാവുകളുടെ മെല്ലെ നടന്നു നീങ്ങി ….
✍️ ശിഹാബ്