ഞാൻ തരുന്നതിൻ്റെ സുഖമൊന്നും പോരാഞ്ഞിട്ടാണോടീ അവൻ്റെ അടുത്തേക്ക് ഉടുത്തൊരുങ്ങിയുള്ള ഈ പോക്ക്.

(രചന: RJ)

 

” ഞാൻ തരുന്നതിൻ്റെ സുഖമൊന്നും പോരാഞ്ഞിട്ടാണോടീ അവൻ്റെ അടുത്തേക്ക് ഉടുത്തൊരുങ്ങിയുള്ള ഈ പോക്ക്.

 

ഇറുകിയ ചുരിദാറിൻ്റെയുള്ളിൽ ഒതുങ്ങിയ അവളുടെ അഴക് കണ്ട് സജീവന് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല.

 

അവൻ്റെ ആ കത്തുന്ന നോട്ടത്തിൽ മേശയിൽ കിടന്ന ഷാളെടുത്ത് മാറ് മറച്ചുകൊണ്ട് നിഷ ബാഗെടുത്തു.

 

“ഞാൻ ചോദിച്ചത് നീ കേട്ടില്ലേ, ഇന്നും അവനെ കുളിപ്പിച്ച് ഒരുക്കി കിടത്താനോ പോകുന്നതെന്ന്.

 

” എല്ലാ കാര്യങ്ങളും സജീവേട്ടനോടും കൂടി പറഞ്ഞിട്ടല്ലേ ഏജൻസിക്കാര് ഹോം നഴ്സായി എന്നെ അവിടേക്ക് അയച്ചത്. പിന്നെന്താ ഇപ്പോ ഇങ്ങനെ ?

 

അവൾക്ക് സങ്കടം വന്നിരുന്നു.

 

മുപ്പത് വയസ്സിനടുത്ത് പ്രായമുള്ള അൽപ്പം തടിച്ച പ്രകൃതമാണ് നിഷയ്ക്ക്. സജീവന് കൂലിപ്പണിയാണ്. അതിൽ നിന്ന് കിട്ടുന്നതു കൊണ്ട് മിച്ചം പിടിക്കാനില്ലാതെ പലപ്പോഴും കടം വാങ്ങിയാണ് അവളുടേയും മക്കളുടേയും കാര്യങ്ങളും ചിലവും കഴിഞ്ഞു പോകുന്നത്.

 

സെയിൽഗേളായും മറ്റും പോയി നോക്കിയെങ്കിലും വിശ്രമമില്ലാത്ത ഡ്യൂട്ടിയും ലീവ് ഇല്ലാതെയുള്ള പോക്കും

അതിനനുസരിച്ചില്ലാത്ത ശമ്പളവും കാരണം ആ ജോലി മതിയാക്കിയുരുന്നു അവൾ. മറ്റു ജോലിയെ കുറിച്ച് അന്വേഷിക്കുന്ന

സമയത്താണ് വീടിന് അടുത്തുള്ള വലിയ വീട്ടിലെ അമ്മ വീണ് ഹോസ്പിറ്റലിൽ ആവുന്നത്. മക്കളെല്ലാം വിദേശത്തായതുകൊണ്ട് ഹോസ്പിറ്റലിൽ കൂട്ട് നിൽക്കാനായി ആളെ കിട്ടാതെ വന്നപ്പോൾ അയൽവാസിയായ ചേച്ചിയാണ് നിഷയോട് നിനക്ക് നിൽക്കാമോ എന്ന് ചോദിക്കുന്നതും , കടം കൊടുക്കാനുള്ളവർ വീട്ടുമുറ്റത്തെത്തി ചീത്തവിളി തുടങ്ങിയതു കൊണ്ടുതന്നെ നിഷയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

 

ഡിസ്ചാർജ് ആകുന്നത് വരെ പോയാൽ മതി എന്നത് കൊണ്ടും നല്ലൊരു തുക അവർ പ്രതിഫലം പറഞ്ഞതുകൊണ്ടും സജീവൻ്റെ സമ്മതം വാങ്ങി നിഷ ആ ജോലി ഏൽക്കുകയായിരുന്നു.

 

പിന്നെയാണ് അവൾക്ക് ഇതൊരു വരുമാന മാർഗ്ഗമായി തന്നെ കണ്ടാലോ എന്ന ചിന്ത തോന്നിയത്. രാത്രിയും പകലും ഉള്ള നിൽപ്പ് സജീവന് അത്ര ഇഷ്ടമായിരുന്നില്ല.

 

രാത്രികളിൽ എത്ര വൈകിയാലും അവളുടെ ദേഹത്തിൻ്റെ മദിപ്പിക്കുന്ന ഗന്ധവും ചൂടും തട്ടാതെ കിടക്കാൻ അയാൾക്ക് പറ്റുമായിരുന്നില്ല. എങ്കിലും കിട്ടാൻ പോകുന്ന തുകയുടെ വലിപ്പമോർത്ത് അയാൾ സമ്മതം മൂളുകയായിരുന്നു.

 

നിഷയ്ക്കാണെങ്കിൽ എന്നുമുള്ള സജീവൻ്റെ പരാക്രമങ്ങളെ മടുത്തു തുടങ്ങിയിരുന്നു.

അവളുടെ ഇഷ്ടങ്ങളെ പരിഗണിക്കാതെ അയാളുടെ കാമം മാത്രം തീർക്കുന്നതിൽ വിയോജിപ്പുണ്ടായിരുന്നെങ്കിലും കിടന്നു കൊടുത്തില്ലെങ്കിൽ ഉണ്ടാവുന്ന ചീത്തയും തെറി വാക്കുകളും മക്കൾ കൂടി കേൾക്കുമല്ലോ എന്നോർത്ത് വഴങ്ങുകയാണ് പതിവ്.

അതുകൊണ്ട് തന്നെ ആ ജോലി ഒരു രക്ഷപ്പെടലായി കൂടി കരുതി അവൾ.

ഇടയ്ക്കിടെയൊന്ന് ശ്രദ്ധിക്കണമെന്നേ ഉള്ളു സമാധാനമായി ഒന്നുറങ്ങാമല്ലോ .

 

അമ്മയെ വളരെ നന്നായി തന്നെയാണ് നോക്കിയത്, ഡിസ്ചാർജ് ചെയ്ത് വീട്ടിലാക്കിയിട്ടും കുറച്ചു നാൾ കൂടി പറ്റാവുന്ന രീതിയിൽ സജീവനറിയാതെ പരിചരിച്ചിരുന്നു അവൾ. ആ സന്തോഷത്തിൽ പറഞ്ഞു വച്ച തുകയേക്കാൾ കൂടുതൽ അമ്മയുടെ മക്കൾ അവൾക്ക് നൽകുകയും അവരുടെ അറിവിലുള്ള ഏജൻസിയിലേക്ക് റെക്കമെൻ്റ് ചെയ്യുകയും ചെയ്തു.

 

ഒന്ന് രണ്ട് പേരെ നോക്കുന്നതിനായി പോവുകയും അവർക്കെല്ലാം അവളുടെ പെരുമാറ്റം ഇഷ്ടപ്പെടുകയും ചെയ്തതിനാൽ ഏജൻസിയിൽ നിന്ന് നല്ല അഭിപ്രായമായിരുന്നു അവൾക്കുണ്ടായിരുന്നത്. നല്ല ആളുകളുടെ പരിചരണത്തിനായി അവർ അവളെ വിളിക്കാനും തുടങ്ങി.

 

അത്തവണ ഏജൻസിയിൽ നിന്ന് ഹോസ്പിറ്റലിൽ കിടക്കുന്ന അമ്പത്തിയഞ്ചുകാരനായ ഒരാളെ പരിചരിക്കാനാണ് വിളിച്ചത്.

 

രണ്ടാഴ്ചയാണ് കാലാവധി എന്നും പതിനയ്യായിരം രൂപ ശമ്പളം എന്നും കൃത്യമായി സജീവനോട് പറഞ്ഞ് സമ്മതിച്ചായിരുന്നു ഏറ്റെടുത്തതും.

 

പക്ഷേ എന്തോ അത്യാവശ്യത്തിനായി ഹോസ്പിറ്റലിൽ എത്തിയ സജീവൻ കാണുന്നത് ദേഹം തുടച്ച് വൃത്തിയാക്കി അയാളെ വസ്ത്രം ധരിപ്പിക്കുന്ന നിഷയെ ആണ്. കട്ടിലിൽ എഴുന്നേൽപ്പിച്ചിരുത്തിയ അയാളുടെ മുഖത്ത് അവളുടെ മാറ് തട്ടുന്നുന്നതും സജീവൻ ശ്രദ്ധിച്ചു.

 

അന്ന് തുടങ്ങിയതാണ് ഈ ചീത്ത പറച്ചിലുകൾ.

 

ഇന്നതിന് കാരണവും ഉണ്ട്. തലേ ദിവസം രാത്രി നല്ല തലവേദനയുമായാണ് നിഷ വന്നത്. വന്ന പാടെ ജോലികളൊക്കെ ഒതുക്കി മക്കൾക്ക് ആഹാരവും കൊടുത്ത് ഉറക്കി കയറി കിടന്നതാണ്.

 

അവളുടെയാ കിടപ്പ് കണ്ട് സജീവൻ്റെ ഉള്ളിലെന്തോ തിളച്ചുമറിഞ്ഞതും ചുരിദാറിനുള്ളിലൂടെ അരിച്ചുകയറിയ കൈകൾ പെട്ടന്നവൾ തട്ടി മാറ്റി. അയാളുടെ നിർബദ്ധത്തിന് ഇന്ന് വയ്യ എന്ന് പറഞ്ഞുകൊണ്ട് നിഷ മക്കളുടെ മുറിയിലേക്ക് പോയി കിടന്നു.

 

അതിൻ്റെ ദേഷ്യമാണ് സജീവൻ രാവിലെ മുതൽ അവളോട് തീർക്കുന്നത്.

 

” കിളവനാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല,

ഇത്തരം കാര്യങ്ങൾക്കൊന്നും പ്രായമൊന്നുമില്ല .

 

തൊട്ടും പിടിച്ചുമുള്ള പണിയൊന്നും വേണ്ട.

നാളെ മുതൽ വരില്ല എന്ന് പറഞ്ഞേക്ക്.

 

പോകാൻ ഒരുങ്ങി നിൽക്കുന്ന നിഷയോട് ആജ്ഞ പോലെയാണ് അവനത് പറഞ്ഞത്.

 

” അതെങ്ങനെയാ സജീവേട്ടാ, പെട്ടന്ന് പറ്റില്ല എന്ന് പറഞ്ഞ് വരാൻ പറ്റുമോ? മാത്രമല്ല ആ പൈസ കിട്ടിയാൽ സേവ്യറിൻ്റെ കയ്യീന്ന് സജീവേട്ടൻ വാങ്ങിയ പൈസ തിരികെ കൊടുക്കാമെന്ന് വാക്ക് പറഞ്ഞ് നിർത്തിയിരിക്കുകയല്ലേ.

 

അവൾക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

 

” അഴിഞ്ഞാടി നടന്ന് കിട്ടുന്നത് കൊണ്ട് നീ അങ്ങനെ പൈസ ഉണ്ടാക്കണ്ട ടീ , അവളുടെ ഒരു ജോലിം, പൈസേം. ത്ഫൂ.

 

അവൻ നീട്ടിയൊന്ന് തുപ്പി.

 

അതെങ്ങനാ നീയും നല്ലോണം സുഖിക്കുന്നുണ്ടാകും അതുകൊണ്ടാണല്ലോ നമ്മളെയൊന്നും വേണ്ടാത്തത്. കിളവനാണെങ്കിലും തടിക്ക് കേടൊന്നും ഇല്ലല്ലോ.

 

സജീവൻ്റെ വാക്കുകൾ കേട്ട് നിഷക്ക് കരച്ചിലും ദേഷ്യവും ഒന്നായിട്ടാണ് വന്നത്.

 

മക്കൾ സ്കൂളിൽ പോയത് ഭാഗ്യം.

 

” അനാവശ്യം പറയരുത്

 

അവളുടെ ശബ്ദം ഉയർന്നു.

 

ഓ… അവനെ പറഞ്ഞപ്പോ നിനക്ക് നൊന്തോ ? അതിനും മാത്രം ആയോ രണ്ടാളും തമ്മിലുള്ള ബന്ധം. അതെങ്ങനാ ദേഹം മുഴുവൻ തുടയ്ക്കലും തിരുമ്മലും….

 

സജീവൻ പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപേ തന്നെ നിഷയുടെ വിരലുകൾ അയാളുടെ മുഖത്ത് പതിഞ്ഞിരുന്നു.

 

ടീ …….

 

ദേഷ്യം കൊണ്ട് അവൾക്കരികിലേക്ക് നീങ്ങിയ സജീവനെ തള്ളി എറിഞ്ഞു നിഷ.

 

” പെണ്ണ് എന്ന് പറയുന്നത് കൂടെ കിടക്കാനും ആണത്വം തീർക്കാനുമുള്ള ശരീരം മാത്രമാണെന്ന് കരുതുന്ന തന്നെ പോലുള്ളവർക്ക് അതല്ല അതിനപ്പുറവും തോന്നും.

 

ഞാൻ ചെയ്യുന്നത് എൻ്റെ ജോലിയാണ്. അതെങ്ങനെ ചെയ്യുന്നു എന്നത് എനിക്കാരെയും ബോധിപ്പിക്കണ്ട കാര്യമില്ല. അയാളെ ഞാനെൻ്റെ അച്ഛൻ്റെ സ്ഥാനത്താ കാണുന്നത് തിരിച്ചും അതേ പരിഗണനയാണ് കിട്ടുന്നതും.

 

ഭർത്താവാണ് എന്നു കരുതി എന്തും ക്ഷമിച്ച് ജീവിക്കാൻ വയ്യ, വളർന്നു വരുന്ന ആൺമക്കൾ എനിക്കുമുണ്ട്.

 

നാളെ നിങ്ങളെ കണ്ട് പഠിച്ച് പെണ്ണിനെ വില കുറച്ച് ശരീരമായി മാത്രം കാണും അവരും. അത് വേണ്ട,

ഇന്നത്തോടെ തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം.

 

പെണ്ണ് എന്നാൽ ഒരു വീടിൻ്റെ നിറവാണെന്ന് തിരിച്ചറിവുണ്ടാകുമ്പോൾ നിങ്ങൾക്ക് തിരിച്ചുവരാം.

 

നിഷയുടെ വാക്കുകൾക്ക് മൂർച്ചയുണ്ടായിരുന്നു തീരുമാനിച്ചുറപ്പിച്ച മട്ടിൽ തലകുനിച്ച് നിൽക്കുന്ന സജീവനെ കടന്ന് മാറിനെ മൂടി കിടന്ന ഷാൾ വലിച്ചെറിഞ്ഞ് ആത്മവിശ്വാസത്തോടെ അവൾ ബാഗുമായി വീടിന് പുറത്തേക്കിറങ്ങി

തൻ്റേടത്തോടെ…

Leave a Reply

Your email address will not be published. Required fields are marked *