ആദ്യരാത്രി കിടപ്പുമുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ ഒരു കുറ്റവാളി തെറ്റ് ഏറ്റ് പറയും പോലെ അയാൾ പറഞ്ഞു.

(രചന: അംബിക ശിവശങ്കരൻ)

 

“ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്. എന്റെ സമ്മതമില്ലാതെയാണ് വീട്ടുകാർ ഈ വിവാഹം തീരുമാനിച്ചത്. ഗംഗയെ ഒരു ഭാര്യയായി അംഗീകരിക്കാൻ എനിക്കാവില്ല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങുകയല്ലാതെ മറ്റൊരു വഴി എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ഗംഗ എന്നോട് ക്ഷമിക്കണം.”

 

ആദ്യരാത്രി കിടപ്പുമുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ ഒരു കുറ്റവാളി തെറ്റ് ഏറ്റ് പറയും പോലെ അയാൾ പറഞ്ഞു. വലിയൊരു പൊട്ടിത്തെറി ആയിരുന്നു പ്രതീക്ഷിച്ചതെങ്കിലും അവൾ കരഞ്ഞില്ല പകരം എല്ലാം അംഗീകരിക്കും മട്ടിൽ നിന്നു.

 

ജീവനായി സ്നേഹിച്ചവൻ വഞ്ചിച്ചതോടെയാണ് തനിക്കും ഈ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നത്. “ഞങ്ങളെ ധിക്കരിച്ച് അവന്റെ കൂടെ നടന്നിട്ട് ഇപ്പോൾ എന്തായെടി.. വേറൊരുത്തിയെ കിട്ടിയപ്പോൾ കറിവേപ്പില പോലെ നിന്നെ അവൻ വേണ്ടെന്നു വെച്ചില്ലേ? ഇനി പ്രേമം കോപ്പെന്നും പറഞ്ഞു വന്നാൽ ഉണ്ടല്ലോ കൊന്ന് കുഴിച്ചുമൂടും ഞാൻ… ഞങ്ങൾ ഒരുത്തനെ കണ്ടുപിടിച്ചു അങ്ങ് തരും മര്യാദയ്ക്ക് അവനെയും കെട്ടി അടങ്ങി ഒതുങ്ങി ജീവിച്ചോണം..” അച്ഛന്റെ താക്കീതിനു മുന്നിൽ മൗനം പാലിക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. ഒരു വിവാഹത്തിനോ കുടുംബജീവിതത്തിനോ തന്റെ മനസ്സും പാകപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ തന്നെ സ്നേഹം നടിച്ചു വഞ്ചിച്ചവനോട് തോന്നിയത്ര വെറുപ്പ് ഇയാളോട് തോന്നുന്നില്ല ഒന്നുമില്ലെങ്കിലും ഇയാൾ അയാളുടെ പ്രണയത്തോട് ഒരല്പമെങ്കിലും നീതി കാണിച്ചല്ലോ.. അപ്പോൾ താൻ കരുതിയ പോലെ എല്ലാ ആണുങ്ങളും ചതിയന്മാരല്ല.

 

” ഗംഗ എന്താ ചിന്തിക്കുന്നത്? ”

 

” ഒന്നുമില്ല. ” അവൾ തലയാട്ടി.

 

” ഗംഗയുടെ മനസ്സ് എനിക്ക് വായിച്ചെടുക്കാവുന്നതേയുള്ളൂ.. ഒരുപാട് സ്വപ്നങ്ങൾ കണ്ട് വന്നെത്തിയ ഒരു നിമിഷം ഇങ്ങനെയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല അല്ലേ? തനിക്ക് വേണമെങ്കിൽ എല്ലാം വീട്ടുകാരോട് തുറന്ന് പറയാം.. നാളെ തന്നെ ഈ താലി ഉപേക്ഷിക്കാം.അല്ലെങ്കിൽ ഈ മുറിക്കുള്ളിൽ മാത്രം അന്യരെപ്പോലെ കഴിഞ് നമുക്ക് കുറച്ചുനാൾ തള്ളിനീക്കാം ശേഷം എന്തെങ്കിലും കാരണം പറഞ്ഞ് മ്യൂച്ചൽ ഡിവോഴ്സിനുള്ള കാര്യങ്ങൾ നോക്കാം..”

 

എത്ര നിസ്സാരമായി അയാൾ ഇതൊക്കെ പറയുന്നത് എന്ന് അവൾ ഓർത്തു. ഏതായാലും എല്ലാം വീട്ടുകാർ അറിഞ്ഞാലും വേറൊരുത്തന്റെ താലിയിൽ ഉടനെ തന്നെ ബന്ധിക്കും. ഇതാകുമ്പോൾ ശരീരമെങ്കിലും സ്വതന്ത്രമാക്കി വയ്ക്കാമല്ലോ… അവൾ ദീർഘമായി നിശ്വസിച്ചു.

 

” ഗംഗ ആലോചിച്ച് ഒരു തീരുമാനമെടുത്താൽ മതി. അന്ന എന്നാണ് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ പേര്. ഞങ്ങളുടെ റിലേഷനെ പറ്റി വീട്ടിൽ അറിയാം. അന്ന ക്രിസ്ത്യൻ ആണ് എന്നതാണ് അവർ കണ്ടെത്തിയ കുറ്റം. പേരുകേട്ട ഒരു നായർ തറവാട്ടിലേക്ക് അന്യമതത്തിൽ പെട്ട പെൺകുട്ടിയെ കയറ്റാൻ അവർക്ക് സമ്മതമല്ലത്രെ.. പിന്നെ അമ്മയുടെ ആത്മഹത്യാ ഭീക്ഷണിക്കു മുന്നിൽ എനിക്ക് വഴങ്ങേണ്ടിവന്നു. എങ്കിലും ഞാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും അന്നയുടേത് മാത്രമായിരിക്കും എന്ന് അവൾക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. ”

 

തന്റെ ജീവിതം പെരുവഴിയിൽ ആക്കിയെങ്കിലും ഗംഗയ്ക്ക് എന്തോ അയാളോട് ഒരു ബഹുമാനം തോന്നി.

 

രാത്രി ഗംഗ തറയിലും അയാൾ കട്ടിലിലും ആണ് കിടന്നത്. രാത്രി ഏറെ വൈകിയും അയാളുടെ ഫോൺ റിങ്ങ് ചെയ്തുകൊണ്ടിരുന്നു. അപ്പോഴൊക്കെയും അന്നയാണെന്ന് പറഞ്ഞ് അയാൾ ഫോണുമായി പുറത്തേക്ക് പോയി അവൾ പിന്നീട് അത് ചെവിയോർത്തതും ഇല്ല. എങ്കിലും എന്തുകൊണ്ടോ കണ്ണടയ്ക്കാൻ അവൾക്ക് കഴിഞ്ഞില്ല.മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു. ഒരിക്കൽ ഈ ഒരു ദിനം ഏറെ സ്വപ്നം കണ്ടിരുന്നവൾ ആണ് താനും. പക്ഷേ വിധി എല്ലാം തകിടം മറിച്ചു. അയാൾ മുറിയിലേക്ക് വരുന്നതിനു മുന്നേ തന്നെ അവൾ ഉറക്കം നടിച്ചു.

 

പിറ്റേന്ന് അതിരാവിലെ കുളി കഴിഞ്ഞ് അവൾ അമ്മയോടൊപ്പം അടുക്കളയിൽ കയറി. അമ്മയും മറ്റു കുടുംബാംഗങ്ങളും ഒക്കെ നല്ല രീതിയിൽ തന്നെയായിരുന്നു പെരുമാറ്റം. അതുതന്നെ അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. നേരം പുലർന്ന് തന്റെ ഭർത്താവിന് ചായയുമായി മുറിയിൽ എത്തിയപ്പോഴും അയാൾ ഫോണിൽ അടക്കിപ്പിടിച്ച് സംസാരിക്കുകയായിരുന്നു അന്നെ ആയിരിക്കും എന്ന് അറിയാവുന്നതുകൊണ്ട് തന്നെ ചായ ടേബിളിലേക്ക് വെച്ച് അവൾ മുറിവിട്ട് ഇറങ്ങി. കുളിച്ച് മുണ്ടും നേര്യതും ഉടുത്ത് ചന്ദനക്കുറിയും സിന്ദൂരവും അണിഞ്ഞ അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് അയാൾക്ക് തോന്നി.

 

മുറിക്ക് പുറത്തും, തീൻ മേശയുടെ മുമ്പിലും,മറ്റുള്ളവരുടെ സാന്നിധ്യത്തിലും എല്ലാം അവർ ഉത്തമ ഭാര്യ ഭർത്താക്കന്മാരായിരുന്നു.എല്ലാവരുടെ മുന്നിലും അവരങ്ങനെ അഭിനയിച്ചു എന്ന് പറയുന്നതാകും ശരി. പക്ഷേ മുറിക്കുള്ളിൽ മാത്രം അവർ തികച്ചും അന്യരായിരുന്നു പരസ്പരം സ്നേഹിക്കാത്ത, സംസാരിക്കാത്ത അപരിചിതർ. വീട്ടുകാർ വിളിക്കുമ്പോഴും തങ്ങളുടെ ദാമ്പത്യത്തിലെ വിള്ളലുകളെ പറ്റി ഒന്നും അവൾ സംസാരിച്ചിരുന്നില്ല. അവരും കരുതിയത് തങ്ങളുടെ മകൾ ഭർത്താവിനോടൊപ്പം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുന്നു എന്നാണ്.

 

അങ്ങനെ ആഴ്ചകൾ കടന്നുപോയി. അയാളുടെ നോട്ടത്തിലും സംസാരത്തിലും എല്ലാം തന്നോട് ഉള്ള പ്രണയം കടന്നുവരുന്നുണ്ടോ എന്ന് അവൾക്ക് ഒരു സംശയം തോന്നിത്തുടങ്ങി. താൻ അടുത്തുള്ളപ്പോൾ ഫോണിൽ സംസാരിക്കാറില്ല, താൻ ഉറങ്ങിയെന്ന് കരുതി തന്നെ നോക്കി കിടക്കുക, മറ്റുള്ളവരുടെ മുൻപിൽ ആണെങ്കിൽ പോലും തന്നെ ചേർത്തുപിടിച്ച് സംസാരിക്കുക എന്നിങ്ങനെയുള്ള അയാളുടെ മാറ്റങ്ങൾ കാണുമ്പോൾ അന്നയുടെ സ്ഥാനത്ത് അയാൾ തന്നെ പ്രതിഷ്ഠിച്ചു തുടങ്ങിയോ എന്ന് പോലും അവൾ ഭയപ്പെട്ടു. അങ്ങനെയെങ്കിൽ ഒരിക്കലും അവളുടെ ശാപം തന്റെ മേൽ വന്നു പതിക്കരുത് എന്ന് അവൾ ആശിച്ചു.

 

അന്ന് രാത്രി ഏറെ വൈകി ഫോൺ ചെയ്തു മുറിയിൽ എത്തിയപ്പോഴേക്കും ഗംഗ നല്ല ഉറക്കത്തിലായിരുന്നു. താഴെക്കിടക്കുന്ന ഗംഗയുടെ മേൽ കാൽ തട്ടാതിരിക്കാൻ ആണ് അയാൾ മൊബൈലിന്റെ ഫ്ലാഷ് അടിച്ചത്. അന്നേരമാണ് ആ കാഴ്ച അയാളുടെ കണ്ണിലുടക്കിയത്.ചരിഞ്ഞു കിടന്നുറങ്ങുന്ന അവളുടെ വയറിന്റെ ഭാഗത്തുനിന്ന് വസ്ത്രം ഒരല്പം മാറി കിടക്കുന്നു.നല്ല ഭംഗിയുള്ള അവളുടെ പൊക്കിൾ ആ ഇരുണ്ട വെളിച്ചത്തിൽ കണ്ടതും അയാളുടെ കണ്ണ് തള്ളി. എന്തൊരു ഭംഗി!. അന്നേരം യാതൊന്നും ചിന്തിക്കാൻ ഇടയില്ലാതെ അയാൾ അവളുടെ ആ ഭംഗിയാർന്ന വയർ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ് ഇത്ര ദിവസമായെങ്കിലും ഇന്നിപ്പോൾ ആദ്യമായാണ് ഇത്രയടുത്ത് താലികെട്ടിയവളുടെ ശരീരം കാണുന്നത്. തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ആ കിടപ്പ് കണ്ടതും അയാളുടെ നിയന്ത്രണം കൈവിട്ടു.തന്റെ കൈ കൊണ്ട് അവളുടെ വയറിൽ തലോടിയതും ശരീരത്തിലൂടെ എന്തോ ഇഴയുന്ന പ്രതീതി അനുഭവപ്പെട്ടപ്പോൾ അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. തന്റെ അരികത്ത് അയാളെ കണ്ടതും അവൾ ഒന്നുകൂടി ഞെട്ടി ശരീരത്തിൽ നിന്ന് മാറി കിടക്കുന്ന വസ്ത്രം വേഗം വലിച്ചിട്ടു.

 

“പേടിക്കേണ്ട ഞാൻ വരുമ്പോൾ ഗംഗ കിടന്ന് കിടുകിട വിറക്കുന്നു.പുതപ്പ് വിരിച്ചു തരാൻ നിന്നതാണ് ഞാൻ.” അയാൾ ഒന്നും സംഭവിക്കാത്ത മട്ടിൽ പറഞ്ഞു അയാൾ തനിക്ക് നേരെ നീട്ടിയ പുതപ്പ് വേഗം തല വഴി ഇട്ടവൾ മൂടിപ്പുതച്ച് കിടന്നു.അപ്പോഴും എന്തെന്നറിയാതെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. എങ്കിലും അവൾ അയാളെ സംശയിച്ചില്ല.

അയാൾ വേഗം തന്നെ കട്ടിലിൽ വന്നു കിടന്നു അപ്പോഴും തന്റെ കണ്ണിന് കുളിർമയേകിയ ആരംഗം അയാളുടെ മനസ്സിൽ മായാതെ നിന്നു. അന്നേരം അന്നയുടെ കോൾ വന്നെങ്കിലും അയാൾ ഫോൺ സൈലന്റ് ആക്കി വെച്ചു.

 

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അയാൾ അവളോട് മുറിക്കുള്ളിലും സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി.അവൾക്കും അയാളോട് ഉള്ളിന്റെയുള്ളിൽ എവിടെയൊക്കെയോ സ്നേഹം തോന്നിത്തുടങ്ങിയിരുന്നുവെങ്കിലും അത് പ്രകടമാക്കാൻ അവൾക്ക് പേടിയായിരുന്നു അപ്പോഴൊക്കെയും താൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത ഒരു പെൺകുട്ടിയെയാണ് ഓർമ്മ വരിക. ‘അന്ന’.

അന്ന ഇല്ലായിരുന്നെങ്കിൽ തന്റെ ഭർത്താവായി എല്ലാംകൊണ്ടും താൻ അയാളെ എന്നെ അംഗീകരിച്ചേനെ എന്ന് അവൾക്കറിയാമായിരുന്നു. അത്രമാത്രം അയാൾ തന്റെ മനസ്സിൽ എവിടെയൊക്കെയോ ഇടം പിടിച്ചു കഴിഞ്ഞിരുന്നു.

 

അന്നൊരു മഴയുള്ള ദിവസമായിരുന്നു പുതച്ചുമൂടി കിടക്കാൻ നല്ല സുഖം തോന്നിയതുകൊണ്ട് അയാൾക്ക് എഴുന്നേൽക്കാനേ മടി തോന്നി. അന്നേരമാണ് പതിവ് ചായയുമായി ഗംഗ മുറിയിലേക്ക് വന്നത്. എന്നത്തേയും പോലെ ചായ ടേബിളിൽ വച്ച് അവൾ തലയിൽ കെട്ടിയിരുന്ന തോർത്ത് കസേരയിൽ വിരിച്ചിടുന്ന നേരമാണ് പുറകിൽ നിന്ന് ഒരു പിടുത്തം വീണത്. സാരിയുടെ വിടവിലൂടെ കൈ അമർന്ന് വയറിലാണ് അന്നേരം തന്നെ അയാളുടെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിലും പതിച്ചു. ഒരു നിമിഷം സുഖം കൊണ്ട് അവൾ പിടഞ്ഞു പോയെങ്കിലും എന്തോ ഓർമ്മ വന്നതുപോലെ പെട്ടെന്ന് അയാളെ അടർത്തിമാറ്റി.

 

“എന്താ ഈ കാണിക്കുന്നത്?” തലനിവർത്താതെ അവൾ ചോദിച്ചു.

 

“നീ എന്റെ ഭാര്യയാണ് എനിക്ക് നിന്നെ ചേർത്തുനിർത്താൻ അവകാശമില്ലേ?”അയാളുടെ ചോദ്യം കോരിത്തരിപ്പിക്കുന്നത് ആയിരുന്നെങ്കിലും അവൾ വഴങ്ങിയില്ല.

 

“അപ്പോൾ അന്ന?”

 

അയാൾ ഒരു നിമിഷം മൗനം പാലിച്ചു പിന്നെ എന്തോ ചിന്തിക്കും മട്ടിൽ സങ്കടത്തോടെ പറഞ്ഞു.

 

“അവൾ പോയി ഗംഗ.. ഒരു പണച്ചാക്കിനെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച് അവൾ പോയി.. ഞാൻ തന്നോട് പറയാതിരുന്നതാണ്. എനിക്കിനി താൻ മാത്രമുള്ളൂ ഗംഗ..എല്ലാ അർത്ഥത്തിലും ഇനി എനിക്ക് തന്റേത് മാത്രമാകണം.”

 

അതും പറഞ്ഞ് അയാൾ അവളെ ചേർത്തു നിർത്തുമ്പോൾ അവളുടെ മനസ്സും കുളിരണിഞ്ഞു… മാത്രവുമല്ല തന്നെപ്പോലെ വഞ്ചിക്കപ്പെട്ട അയാളോട് മനസ്സിൽ സഹതാപവും തോന്നി. ഇനി അന്ന എന്ന പേര് മറക്കാം ആ ശാപം ഇനി തലയിൽ വീഴും എന്ന ഭയം വേണ്ട. അവൾ അയാളെയും സ്നേഹത്തോടെ പുണർന്നു.

 

“മതി മതി..ഇനിയും വൈകിയാൽ ഓഫീസിൽ പോകാൻ ലേറ്റ് ആകും ബാക്കിയൊക്കെ രാത്രി…” അയാളെ തള്ളി മാറ്റിക്കൊണ്ട് നാണിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് ഓടി. അന്നേരം ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അയാൾ കട്ടിലിലേക്ക് കിടന്നു.

 

അടുക്കളയിൽ പണിയെടുക്കുമ്പോഴും അവൾക്ക് അടിവയറ്റിൽ ഒരു കുളിര് അനുഭവപ്പെട്ടുകൊണ്ടിരുന്നു. ഇന്നാണ് ശരിക്കും തങ്ങളുടെ ആദ്യരാത്രി അതോർക്കുമ്പോൾ അവൾക്ക് നാണം തോന്നി.

 

തന്റെ ഭർത്താവിനെ യാത്രയാക്കി പത്ത് മിനിറ്റ് കഴിഞ്ഞതും അയാളുടെ ഫോൺ മുറിയിൽ റിംഗ് ചെയ്ത ശബ്ദം കേട്ടപ്പോഴാണ് ഫോൺ എടുക്കാൻ മറന്ന കാര്യം അവൾ അറിഞ്ഞത്. ഓടിച്ചെന്ന് ഫോൺ നോക്കുമ്പോൾ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു.

 

‘അന്ന’.

 

“ദൈവമേ ഇവൾ എന്തിനാണ് വീണ്ടും വിളിക്കുന്നത്?”

 

അവൾ ഫോൺ എടുത്ത് ചെവിയിലേക്ക് വെച്ചതും ഒരു പുരുഷന്റെ ശബ്ദമാണ് കേട്ടത്.

 

“ഈശ്വരാ അന്നയുടെ ആങ്ങള ആയിരിക്കുമോ? ഇനി ഇവരുടെ റിലേഷനെ പറ്റി എന്തെങ്കിലും?”

 

” ഹലോ.. ” അവൾ ശബ്ദിച്ചു.

 

“ഗംഗയാണോ?” തന്റെ പേര് അയാൾക്ക് എങ്ങനെ അറിയാം എന്ന് അവൾ അത്ഭുതപ്പെട്ടു.

 

” അതെ. ”

 

“ഞാൻ അരുൺ. ഞാനും അജയും വർഷങ്ങളായി ഇഷ്ടത്തിലാണ്. ഇഷ്ടമെന്ന് പറഞ്ഞാൽ എല്ലാ തരത്തിലുമുള്ള ബന്ധവുമുണ്ട്. ഈയിടെ അവൻ എന്നോട് ഒരു അകൽച്ച കാണിച്ചു തുടങ്ങുന്നുണ്ട്. നിങ്ങൾ തമ്മിൽ യാതൊരു ഫിസിക്കൽ റിലേഷനും ഉണ്ടാകില്ലെന്ന് ഉറപ്പു തന്നിട്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ രണ്ടിനെയും ഞാൻ വെച്ചേക്കില്ല.അവൻ എന്റെയാണ് എന്റെ മാത്രം.” അതും പറഞ്ഞ് ആ ഫോൺ കട്ടായി.

 

ഭൂമി പിളർന്നു പോകുന്നത് പോലെ തോന്നി അവൾക്ക്.

 

” അപ്പോൾ അന്ന വെറുമൊരു കള്ളമായിരുന്നോ?. “അവൾ ഫോൺ എടുത്ത് അന്ന എന്ന് സേവ് ചെയ്ത ചാറ്റ് ലിസ്റ്റ് തിരഞ്ഞു.

 

അതെടുത്തു നോക്കിയതും തലയിൽ ഒരു അടി കിട്ടിയതുപോലെ തോന്നി അവൾക്ക്.പരസ്പരം പങ്കുവെച്ചേക്കുന്ന ശരീരഭാഗങ്ങളുടെ ചിത്രങ്ങളും അശ്ലീല മെസ്സേജുകളും… അവൾ അത് വേഗം സ്ക്രീൻഷോട്ട് എടുത്ത് തന്റെ നമ്പറിലേക്ക് അയച്ചു. ശേഷം ഫോൺ വലിച്ചെറിഞ് നിലത്തേക്ക് തന്നെ ഇരുന്നു പോയി. അന്നേരം അയാളുടെ ബൈക്കിന്റെ സൗണ്ട് കേട്ടു. ഫോൺ മറന്ന വെപ്രാളത്തിൽ വന്നതാണെന്ന് അവൾക്ക് മനസ്സിലായി.

 

അവളുടെ നോട്ടം കണ്ടതും എല്ലാം മനസ്സിലാക്കിയെന്ന് അയാൾക്കും ബോധ്യമായി.

 

“ഗംഗ ഞാൻ..”

 

എന്തെങ്കിലും പറയും മുന്നേ മുഖമടച്ച് ഒന്ന് കൊടുത്തു അവൾ. അടിയിൽ കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്നത് പോലെ തോന്നി അയാൾക്ക്.

 

“ഇനി നമുക്ക് കോടതിയിൽ വച്ച് കാണാം…അന്ന എന്നൊരു കള്ളം പറഞ് എന്നേ പറ്റിച്ചതിനും എല്ലാം അവസാനിച്ചെന്നു പറഞ്ഞു വിശ്വാസവഞ്ചന കാണിച്ചതിനും.”

 

അവൾ ആ മുറി വിട്ടിറങ്ങുമ്പോൾ ന്യായീകരിക്കാൻ പോലും ആകാതെ അയാൾ നിന്നു അപ്പോഴും ഫോണിൽ അന്ന എന്ന് സേവ് ചെയ്ത കോൾ വന്നുകൊണ്ടേയിരുന്നു…തനിക്ക് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ മിസ്റ്റേക്ക് എന്നുള്ള കുറ്റബോധത്തിൽ അയാൾ ആ ഫോൺ സകല കലിയോടും കൂടി ആഞ്ഞൊരു ഏറു കൊടുത്തു.. അതോടെ ആ ശബ്ദം നിലച്ചു.. അപ്പോഴേക്കും വീട്ടിൽ ഉള്ളവരെയൊക്കെ കാര്യം അറിയിച് അവൾ ആ പടിയിറങ്ങിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *