ഭാര്യ വേറൊരുത്തന്റെ കൂടെ ഒളിച്ചോടിയിട്ടുണ്ടെങ്കിൽ ആ പയ്യന് എന്തോ കുഴപ്പമുണ്ട് എന്നല്ലേ അർഥം.

(രചന: ഞാൻ ഗന്ധർവ്വൻ)

 

“ന്റെ ബ്രോക്കറേ, ഈ കല്യാണക്കാര്യം ശരിയാവില്ലാട്ടോ. നാലഞ്ച് മാസം കൂടെക്കഴിഞ്ഞ ഭാര്യ വേറൊരുത്തന്റെ കൂടെ ഒളിച്ചോടിയിട്ടുണ്ടെങ്കിൽ ആ പയ്യന് എന്തോ കുഴപ്പമുണ്ട് എന്നല്ലേ അർഥം.

 

നല്ലൊരു ഭർത്താവായിരുന്നു അവനെങ്കിൽ ഒരിക്കലും ഒരു പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോവില്ല. എന്തായാലും അവനെപ്പോലുള്ള ഒരുത്തന്റെ കൂടെ പറഞ്ഞയച്ച് ന്റെ മോളെ കഷ്ടപെടുത്താൻ ഞാനില്ല”

 

ജിഷാറിന് കല്യാണം നോക്കിയിരുന്ന ബ്രോക്കർ എല്ലാ വീട്ടിൽ നിന്നും കേട്ടിരുന്ന സ്ഥിരം പല്ലവി ആയിരുന്നു ഇത്. ജിഷാറിന്റെ രണ്ടാംകെട്ട് ആണിത്. ആദ്യത്തെ ഭാര്യ കല്യാണം കഴിഞ്ഞ് നാല് മാസം ആയപ്പോഴേക്കും ഫേസ്ബുക്ക് ഫ്രണ്ടിന്റെ കൂടെ ഒളിച്ചോടി പോയി.

 

ആ ഒരു സംഭവത്തിന് ശേഷം ജിഷാർ ആകെ തകർന്നു. പൊന്നുപോലെ ആയിരുന്നു അവൻ ഭാര്യയെ നോക്കിയിരുന്നത്. പക്ഷേ അവൾ സോഷ്യൽ മീഡിയ അഡിക്റ്റ് ആയിരുന്നു. മീശ പിരിച്ച കലിപ്പൻ എട്ടായിമാരെ കണ്ടാൽ അപ്പോ അവൾക്ക് ക്രഷ് അടിക്കും. അങ്ങനെ ഒരു കട്ട കലിപ്പൻ എട്ടായിയുടെ കൂടെ അവളങ്ങ് പോയി.

 

ഭാര്യ പോയതിൽ പിന്നെ ഇനിയൊരു വിവാഹമേ വേണ്ടാ എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവൻ നിന്നിരുന്നത്. പക്ഷേ വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ പറ്റാതായപ്പോഴാണ് അവൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്.

 

ഭാര്യ ഇട്ടേച്ച് പോയതിൽ പിന്നെ നാട്ടുകാരുടേയും വീട്ടുകാരുടേയും ഇടയിൽ ഒരു പരിഹാസ കഥാപാത്രമായി മാറി അവൻ. പലരും രഹസ്യമായി പറഞ്ഞു

 

“ഓന് ഒരു പെണ്ണിനെ തൃപ്തി പെടുത്താനുള്ള ശേഷിയൊന്നും ഇല്ലാന്നേ… ഓനെ കണ്ടാൽ അറിയില്ലേ ആണത്തമില്ലാത്ത മുയന്താണെന്ന്. എത് പെണ്ണാണ് ഇങ്ങനൊരു ഭർത്താവിനെ ആഗ്രഹിക്കുക”

 

മറ്റുചിലർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു

 

“അവനൊരു പകൽ മാന്യനാണ്. അവന് മറ്റൊരു പെണ്ണുമായി അടുപ്പം ഉണ്ടെന്ന് ആ പാവം ഭാര്യ അറിഞ്ഞപ്പോൾ അത് ചോദ്യം ചെയ്ത അവളെ നിരന്തരം മൃഗീയമായി തല്ലാറുണ്ടായിരുന്നു. ഏത് ഭാര്യയാ ഇങ്ങനെ പീഡനം സഹിച്ച് നിക്കാ… പാവം”

 

വേറെ ചിലർ പറഞ്ഞത് മറ്റൊരു കഥയാണ്

 

“ന്റെ മോനേ, ഓന്റെ ഉമ്മ ഉണ്ടല്ലോ… ഏതാ സാധനം അറിയോ അത്. ആ തള്ളയുടെ പീഡനം സഹിക്കാൻ പറ്റാഞ്ഞിട്ടാണ് ആ പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോയത്. ആ പാവം പെണ്ണിന് ഒരു മനസമാധാനം കൊടുത്തിട്ടില്ല ആ തള്ള”

 

അങ്ങനെ അവരവരുടെ വായിൽ വരുന്നത് ഓരോരുത്തർ പറഞ്ഞുകൊണ്ടിരുന്നു. ഇതൊക്കെ ജിഷാറിന്റെ കാതിലും എത്തുന്നുണ്ടായിരുന്നു. ഇതൊക്കെ കേട്ട് ദയനീയമായി പുഞ്ചിരിക്കാനേ അവന് സാധിച്ചൊള്ളൂ.

 

നാട്ടുകാരും കുടുംബക്കാരും തന്നെക്കുറിച്ച് ഉണ്ടാക്കിയ കഥകൾ കാരണം പല കല്യാണ ആലോചനകളും മുടങ്ങി തുടങ്ങിയപ്പോൾ അവൻ ഉമ്മയോട് തന്റെ തീരുമാനം അറിയിച്ചു

 

“ന്റെ പൊന്നുമ്മാ, എനിക്ക് ഇനീം നാണം കെടാൻ വയ്യ. എന്നെ ഇപ്പോ അങ്ങാടിയിലുള്ള പലരും ബേക്കറി തീനി എന്നാ വിളിക്കാറ്, അറിയോ…? പെണ്ണ് വീട്ടിലേക്ക് പോവാൻ തന്നെ ഇപ്പോ മടിയായി. അവരുടെ കുത്തികുത്തിയുള്ള ഓരോ ചോദ്യങ്ങൾ കേൾക്കുമ്പോൾ തരിച്ച് വെരും എനിക്ക്”

 

“ആഹാ, എന്നുകരുതി എന്റെ മോൻ പെണ്ണൊന്നും കെട്ടാതെ ജീവിക്കാൻ പോവണോ…? ഞങ്ങൾക്കേ ആണായിട്ട് നീ മാത്രമേ ഒള്ളൂ. അത് നീ മറക്കേണ്ട. നീ ഇങ്ങനെ നിരാശനായി നടക്കും എന്നറിഞ്ഞിരുന്നേൽ ഞങ്ങൾ അന്നേ ഒന്നൂടെ ട്രൈ ചെയ്തേനെ.

 

ഇനിയിപ്പോ അതിന് പറ്റില്ലല്ലോ, വയസ്സായില്ലേ ഞങ്ങൾക്ക്. അതുകൊണ്ട് ന്റെ മോനെകൊണ്ട് തന്നെ ഞങ്ങൾ പെണ്ണ് കെട്ടിക്കും. ഏതോ ഒരുത്തി ഇട്ടേച്ച് പോയന്ന് കരുതി ഇങ്ങനെ സെന്റി അടിച്ച് നടക്കാനാണ് പ്ലാനെങ്കിൽ, അതിനുള്ള വെള്ളം അങ്ങ് മാറ്റി വെച്ചേക്ക് ട്ടോ”

 

ജിഷാറിന്റെ മുഖം ചുവന്നു

 

“ഉമ്മാക്ക് എന്ത് പറഞ്ഞാലും തമാശയാ. എന്റെ അവസ്ഥ എനിക്കേ അറിയൂ. എന്നെ ഇട്ടേച്ച് പോയ ഭാര്യയെ ആലോചിച്ച് ഒന്നുമല്ല ഞാൻ ഇപ്പോൾ കല്യാണം വേണ്ടാ എന്ന് പറഞ്ഞേ. അവൾ പോയപ്പോൾ നാട്ടുകാരും കുടുംബക്കാരും എന്നെകുറിച്ച് പറയുന്ന കഥകൾ കേട്ടിട്ടാ. അതൊന്നും ഉമ്മാക്ക് പറഞ്ഞാൽ മനസ്സിലാവില്ല”

 

ഉമ്മ അവനെ വാത്സല്യത്തോടെ നോക്കി

 

“ന്റെ മോന് രാജകുമാരിയെ പോലെ ഒരു പെണ്ണിനെ കിട്ടും. അവളെ കിട്ടാനാ ഈ തടസ്സങ്ങൾ എല്ലാം. നീ നോക്കിക്കോ”

 

ജിഷാർ ഉമ്മയെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു. ഉമ്മ അവന്റെ മുടിയിൽ മെല്ലെ തലോടി. അപ്പോഴാണ് അവന്റെ മൊബൈൽ ശബ്ദിച്ചത്. നോക്കിയപ്പോൾ കൂട്ടുകാരൻ ആയിരുന്നു

 

“ടാ ഒരു കുട്ടിയുണ്ട്. നിനക്ക് ഓക്കേ ആണോ…?”

 

“നീയിപ്പോ ബ്രോക്കർ പണിയും തുടങ്ങിയോ…?”

 

“കൂട്ടുകാരൻ ഇങ്ങനെ പുരനിറഞ്ഞ് നിക്കുമ്പോൾ സ്നേഹമുള്ള ഏത് ചങ്കും ബ്രോക്കറായിപ്പോകും. നീ ഇത് പറ, ഓക്കേ ആണോ…?”

 

“കുട്ടിയെ കാണാൻ എങ്ങനാ…?”

 

“അതല്ല പൊട്ടാ, പെണ്ണിന് ഒരു കുട്ടിയുണ്ട്. അതുകൊണ്ട് വല്ല കുഴപ്പോം ഉണ്ടോ എന്ന്…?”

 

“കുട്ടീന്നൊക്കെ പറയുമ്പോൾ…?”

 

“മൂന്ന് വയസേ ആയിട്ടുള്ളൂ. നീ പേടിക്കേണ്ട. കുട്ടിയെ അവളുടെ വീട്ടുകാർ നോക്കിക്കോളും. ഓക്കേ ആണേൽ പറ. അവർക്ക് നിന്റെ കുടുംബത്തെ കുറിച്ച് അറിയാം. കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലാന്നാ അവര് പറയുന്നേ…”

 

“എന്റെ കുടുംബത്തെ കുറിച്ച് അവർക്ക് എങ്ങനെ അറിയാം…?”

 

“എന്റെ ഭാര്യയുടെ കസിനാണ്. ഭർത്താവ് ഒരു കാർ അപകടത്തിൽ മരിച്ചുപോയി”

 

അങ്ങനെ ആ കല്യാണം അങ്ങ് ഉറപ്പിച്ചു. പാട്ടും ഡാൻസുമായി കല്യാണവും നടന്നു.

 

ആദ്യരാത്രി…

 

നല്ല മണമുള്ള അത്തറും പൂശി മണിയറയിലേക്ക് വലതുകാൽ എടുത്തുവെച്ച് ചെന്ന ജിഷാറിനെ നോക്കി അവൾ ആദ്യം പറഞ്ഞത് ഇതായിരുന്നു

 

“ഇക്കാ, എന്റെ പഠിത്തം തീരാൻ ഇനി രണ്ട് വർഷം കൂടി ഉണ്ട്. അതുവരെ…”

 

“അതുവരെ…?”

 

“അതുവരെ, ഫാമിലി പ്ലാനിങ് ഒന്നും വേണ്ടാ… എനിക്ക് ഒരു ജോലിയൊക്കെ ആയിട്ടേ ഇനിയൊരു കുട്ടിയെ പറ്റി ചിന്തിക്കാൻ സാധിക്കൂ. ഇങ്ങള് എന്റെ കൂടെ നിക്കില്ലേ…?”

 

ഇത് കേട്ടതും കല്യാണം പ്രമാണിച്ച് കൂട്ടുകാരൻ വഴി പ്രത്യേകമായി കൊണ്ടുവന്ന ജെല്ലിട്ട് കുത്തനെ നിർത്തിയിരുന്ന ജിഷാറിന്റെ മുടി ഒറ്റ താഴലായിരുന്നു…

 

“പിന്നേ… ഞാൻ ഉണ്ടാകും കൂടെ. ഇനി നിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്റേം കൂടിയല്ലേ”

 

ഒന്നര വർഷത്തിന് ശേഷം…

 

ജിഷാറും ഭാര്യയും അങ്ങാടിയിൽ കൂടി ബൈക്കിൽ പോവാണ്. ഇതുകണ്ട നാട്ടുകാരിൽ ഒരാൾ

 

“ഇങ്ങനെ ഒരു മൊയന്തിന്റെ കയ്യിലാണല്ലോ ആ പൂവൻ പഴം പോലിരിക്കുന്ന പെണ്ണിനെ കൊടുത്തത് … കല്യാണം കഴിഞ്ഞ് രണ്ട് കൊല്ലം ആവാനായി, ഇപ്പോഴും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ആ പെണ്ണിന് കൊടുത്തില്ല”

 

ഇതുകേട്ട മറ്റൊരു നാട്ടുകാരൻ

 

“എടോ അതിന് ആ പെണ്ണിന് ആദ്യ കെട്ടിൽ ഒരു കുട്ടിയുണ്ട്”

 

“അത് തന്നെയാടോ ഞാനും പറഞ്ഞേ… ഇവനെ കൊണ്ടൊന്നും പറ്റത്തില്ല. വെറുതെയല്ല ആദ്യ ഭാര്യ ഇട്ടിട്ട് പോയത്”

 

അല്ലേലും ചില നാട്ടുകാർക്ക് സ്വന്തം വീട്ടിൽ വെടികെട്ട് നടക്കുന്നുണ്ടെങ്കിലും അപ്പുറത്തെ വീട്ടിൽ ഓലപ്പടക്കം പൊട്ടുന്നത് കേട്ടാലേ ചെവി പൊത്താൻ തോന്നൂ… ചെറ്റകൾ…

Leave a Reply

Your email address will not be published. Required fields are marked *