തുളസി
രചന: Bhavana Babu. S.(ചെമ്പകം )
ഈ ഫോട്ടോയിൽ കാണുന്ന തുളസിയെ പറ്റി തന്നെയാണോ അഖിൽ നീയീ പറയുന്നതൊക്കെ?
വിശ്വാസമാകാതെ ഞാൻ അവനോട് വീണ്ടും ചോദിച്ചു.
സുധി, നീ ഇന്നലെ രാത്രി ഇവളെപ്പറ്റി പറഞ്ഞപ്പോൾ തന്നെ എനിക്ക് ആളെ ഏകദേശം പിടികിട്ടിയതാണ് . പിന്നെ ഇങ്ങനെയൊരു കാര്യം പറയുമ്പോൾ കൺഫേം ചെയ്യണമല്ലോ. അതാണ് ഫോട്ടോ കൊണ്ട് വരാൻ പറഞ്ഞത്…. ആള് ഇത് തന്നെ.
“എന്താ സുധി ഞാൻ പറയുന്നത് സത്യമല്ലെന്നാണോ നീ കരുതിയിരിക്കുന്നത് “തോളിൽ മെല്ലെ കൈവച്ചുകൊണ്ടവൻ ചോദിച്ചു.
“ഏയ് നീ എന്തൊക്കെയാടാ പറയുന്നത്. ഇന്നും, ഇന്നലേം തുടങ്ങിയ ബന്ധമാണോ നമ്മുടേത്.എന്നോട് ഇങ്ങനെയൊരു നുണ പറഞ്ഞിട്ട് പ്രത്യേകിച്ച് നിനക്ക് ഒന്നും നേടാനില്ലല്ലോ?”
അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ഞാൻ പറഞ്ഞു.
“സുധി, നീ തുളസിയെ പറ്റി പറഞ്ഞതെല്ലാം ശരിയാണ്, ഹാർഡ് വർക്കിങ്, ലോയൽ, പങ്ച്ചുവൽ.നിനക്കറിയോ, എന്റെ പുതിയ ഷോപ്പിലെ കാര്യങ്ങൾ വരെ ഞാനിവളെ ഏൽപ്പിക്കാൻ ഇരുന്നതാണ് അപ്പോഴാണ് ഇവൾ ഷോപ്പിൽ നിന്നും പതിനായിരം രൂപ കട്ടെടുക്കുന്നത്.
മുൻപും ചെറിയ ലോസ് ഒക്കെ ഞാൻ അറിഞ്ഞിരുന്നു. അന്ന് ഞാനത ത്ര കാര്യമാക്കിയില്ല . പക്ഷെ ഇതൊരു ബിഗ് എമൗണ്ട് അല്ലെ? ആദ്യം ഞാൻ ചോദിച്ചപ്പോൾ അവൾ ഏറ്റില്ല. ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അവൾ തെറ്റ് സമ്മതിച്ചത്. അങ്ങനെ ജോലിയിൽ നിന്നും ഞാനവളെ പുറത്താക്കി ”
അഖിൽ പറയുന്നതെല്ലാം ഞാൻ ക്ഷമയോടെ കേട്ടിരുന്നു.
“പോലീസിൽ ഏൽപ്പിക്കേണ്ട കേസാണ്. പക്ഷെ ഒന്നര വർഷം കൊണ്ട് ഇവൾ എന്റെ ഭാര്യ ജാസ്മിനെ കയ്യിലെടുത്തു.ആ ഒരു അറ്റാച്ച്മെന്റിന്റെ പുറത്ത് ഞാൻ ഇവളെ വേറെ ഒന്നും ചെയ്തില്ല.അതൊക്കെ പോട്ടെ,. തുളസിയെ ഇനിയും അവിടെ വച്ച് വാ ഴിക്കാനാണോ, നീയിരിക്കുന്നത് “?
മറുത്തൊന്നും പറയാതെ അഖിലിന്റെ ഷോപ്പിൽ നിന്നിറങ്ങിയപ്പോൾ എന്റെ മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു.തുളസിയുടെ കാര്യത്തിൽ എന്റെ കണക്കുകൂട്ടലുകൾ എവിടെയാണ് പിഴച്ചത്….? ഓരോന്ന് ചിന്തിച്ചു തലയ്ക്ക് വല്ലാത്തൊരു പെരുപ്പ് കേറി.
രാപ്പകൽ അധ്വാനിച്ചു പൈസ ഉണ്ടാക്കിയത് കൊണ്ടാകും അതിന്റെ വില ഞാൻ അറിഞ്ഞത്. വിവാഹാലോചനയുമായി ബ്രോക്കർമാർ സമ്പന്ന കുടുംബത്തിൽ നിന്ന് പെൺകുട്ടികളുടെ ഫോട്ടോ കൊണ്ട് വരുമ്പോൾ എനിക്ക് അതിലൊന്നും വലിയ താല്പര്യം തോന്നിയിരുന്നില്ല.
ഒറ്റ പെൺകുട്ടിയെയും ഇഷ്ടപ്പെടാതെ വന്നപ്പോൾ “എന്നാ പിന്നെ നമുക്കാ തുളസിയെ നിനക്ക് വേണ്ടി ആലോചിച്ചാലോ മോനെ “എന്ന് അമ്മ തമാശ മട്ടിൽ ചോദിച്ചപ്പോൾ ഞാനാകെ അന്തം വിട്ടു.
“അമ്മയ്ക്ക് തുളസിയെ എങ്ങനെ അറിയാം ”
അതിശയത്തോടെയുള്ള എന്റെ ചോദ്യം കേട്ട് അമ്മ ഊറിചിരിച്ചു
“അതൊക്കെയറിയാം…. നല്ല കുട്ടിയാ അല്ലെ ”
അതും പറഞ്ഞു കള്ളച്ചിരിയോടെ മുങ്ങാൻ നോക്കിയ അമ്മയെ ഞാൻ പിടിച്ചു നിർത്തി.
“അങ്ങനെയങ്ങു പോകാതെ…. അവളെ എങ്ങനെ അറിയാമെന്നു പറഞ്ഞിട്ട് പോയാൽ മതി എന്റെ ലക്ഷ്മിയമ്മ “.
“ഇടക്ക് ഞാൻ നീയറിയാതെ ഒന്ന് രണ്ട് പ്രാവശ്യം ഷോപ്പിൽ വന്നിരുന്നു. അങ്ങനെ തുളസിയെ കണ്ടു…. നല്ല ഐശ്വര്യമുള്ള പെൺകുട്ടി…. വിനയം നിറഞ്ഞ സ്വഭാവം.ആകെക്കൂടി എനിക്കങ്ങു ഇഷ്ടമായി. നിനക്ക് താല്പര്യം ഉണ്ടെങ്കിൽ നമുക്ക് ആലോചിക്കാം ”
എന്റെ സ്നേഹം നിറഞ്ഞ നിർബന്ധത്തിനൊ ടുവിലാണ് അമ്മ തുളസിയെപ്പറ്റി പറയുന്നത്.
“എന്റെ അമ്മേ, എന്റെ ഷോപ്പിലെ സ്റ്റാഫ് എന്നതിൽ കവിഞ്ഞു എനിക്ക് അവളെ പറ്റി ഒന്നും അറിയില്ല… പിന്നെ കുറച്ചു എഫിഷ്യന്റ് ആണെന്ന് തോന്നിയപ്പോൾ എനിക്ക് ഇഷ്ടമായി. പ്രത്യേകിച്ചും ക്യാഷ് കൗണ്ടറിലെ എന്റെ ടെൻഷൻ ഒഴിവായല്ലോ എന്നോർത്തിട്ട്.”
ഞാൻ പറഞ്ഞതെല്ലാം പൂർണമായി അമ്മ വിശ്വസിച്ചോ എന്നെനിക്ക് ആ മുഖം നോക്കിയപ്പോൾ ഉറപ്പില്ലായിരുന്നു. എന്നാലും ഞാൻ പറഞ്ഞതൊക്കെയും സത്യമായിരുന്നു.
പിറ്റേദിവസം ഷോപ്പിലേക്ക് ചെന്നപ്പോൾ എനിക്കവളെ ഫേസ് ചെയ്യാൻ ആകെയൊരു ചമ്മൽ…. വല്ലാത്തൊരു ഗൗരവം നിറഞ്ഞ ഭാവത്തോടെയാണ് ഞാനവളെ പാസ്സ് ചെയ്തു പോയത്…..
എന്റെ ക്യാബിനിൽ നിന്നും നോക്കിയാൽ അവളെയെനിക്ക് വ്യക്തമായി കാണാമായിരുന്നു. അമ്മ പറഞ്ഞതെല്ലാം ശരിയാണ്. ആകെമൊത്തം കൊള്ളാം.കള്ള ചിരിയോടെ കുറച്ചു നേരം ഞാൻ അവളെയും നോക്കിയിരുന്നു.
നാലഞ്ചു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാനെന്റെ ഉള്ളിലുള്ള സ്നേഹം തുളസിയോട് തുറന്നു പറയുന്നത്…. ആദ്യം കേട്ടപ്പോൾ ആകെയൊന്ന് അമ്പരന്നെങ്കിലും കുറച്ചു മിനിറ്റുകൾക്ക് ശേഷം അവളെന്നോട് എല്ലാം തുറന്നു പറഞ്ഞു….
“സർ, എനിക്ക് വിവാഹത്തിന് എതിർപ്പൊ ന്നുമില്ല. ഇപ്പോൾ ഞാൻ ഡിസ്റ്റൻസായി പി. ജി. ചെയ്യുകയാണ്. ഫൈനൽ ഇയറാണ് . അത് കഴിയുന്നത് വരെ എനിക്ക് ടൈം വേണം”
തുളസിയുടെ വാക്കുകൾ എന്റെ ഉള്ളിൽ അവളോട് വളരെയധികം മതിപ്പ് ഉണ്ടാക്കി.
“എടോ, ഞാൻ തന്നെ നാളെ വന്ന് കെ ട്ടിക്കൊണ്ട് പോകുകയൊന്നുമില്ല. അതൊക്കെ നമുക്ക് വളരെ സാവധാനം ആലോചിച്ചിട്ട് മതി. ഇതിപ്പോൾ അമ്മയുടെ സമാധാനത്തിനു ഒരു എൻഗേജ്‌മെന്റ് നടത്താം “.
“ഓക്കേ… അതിന് എനിക്ക് എതിർപ്പൊന്നുമില്ല. സർ വീട്ടിൽ വന്ന് ആലോചിച്ചാൽ മതി ”
തുളസിക്ക് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ഞാനാകെ ത്രില്ലടിച്ചു. മോഹിച്ചുപോയൊരു സ്നേഹത്തെ സ്വന്തമാക്കാനും വേണം ഒരു ഭാഗ്യം. ഉള്ളിൽ അലയടിച്ച സന്തോഷം ഒരു നറുപുഞ്ചിരിയായി ചുണ്ടിലേക്കെത്തിയതും തുളസി കാണാതെ ഞാനത് മറച്ചുപിടിച്ചു.
“തുളസിയുടെ വീട്ടിൽ ആരൊക്കെയുണ്ട് “?
“എന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചതാണ്. എനിക്ക് സഹോദരങ്ങൾ ഒന്നുമില്ല. അച്ഛനും, ഞാനും അടങ്ങുന്നതാണ് എന്റെ ലോകം.അച്ഛനെ ഒറ്റക്ക് ആക്കുന്നത് ആലോചിക്കുമ്പോഴാണ് എനിക്ക് സങ്കടം വരുന്നത്.വിവാഹം കഴിഞ്ഞാൽ ഇടയ്ക്കിടെ അച്ഛനെ കാണാൻ സർ എന്നെ അനുവദിക്കുമല്ലോ “?
തുളസിയുടെ ചോദ്യം കേട്ടതും ഞാൻ വല്ലാതെയായി. അവളുടെ മനസ്സിന്റെ ആശങ്ക അകറ്റേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്ന ബോധത്തോടെ ഞാനെന്റെ വാക്കുകൾ തുടർന്നു.
“വിവാഹത്തോടെ താൻ പൂർണ്ണമായും എന്റെ ഭാര്യ ആകണമെന്നോ, എന്റെ അമ്മയുടെ മരുമകൾ ആകണമെന്നോ ഞാൻ പറയില്ല. സ്നേഹത്തിനും, വിശ്വാസത്തിനും അപ്പുറം, തന്റെ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടി ഞാൻ തനിക്ക് തരികയാണ്.”
എന്റെ ആത്മവിശ്വാസമുള്ള വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞത് പോലെ…. അപ്പോഴാ ഭംഗി ഒന്നുകൂടി ഇരട്ടിച്ചത് പോലെയാണെനിക്ക് തോന്നിയത്.
സ്വയം മറന്ന് ഞാൻ തുളസിയെ സ്നേഹിച്ചു തുടങ്ങിയതാണ് അതിനിടയിലാണ് അഖിലിന്റെ വാക്കുകൾ….. അതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചു . തുളസിയെന്ന മനോഹര ശിൽപ്പത്തിന് എന്തോ ഉടച്ചിൽ സംഭവിച്ചത് പോലെ.
തുളസിയോട് ഞാനറിഞ്ഞ കാര്യങ്ങൾ നേരിട്ട് ചോദിച്ചാലോ എന്നാദ്യം തോന്നി. പിന്നെയത് വേണ്ടെന്ന് വച്ചു. എന്റെ സംശയം നിറഞ്ഞ ചോദ്യം കൊണ്ട് അവളെയെനിക്ക് നഷ്ടമായാലോ എന്ന ഭയമായിരുന്നു എന്റെയുള്ളിൽ…. കുറച്ചു ദിവസങ്ങൾ കൊണ്ട് അവളെനിക്ക് അത്രയേറെ പ്രിയപ്പെട്ടവൾ ആയിരിക്കുന്നു….
ഏറെ വൈകി വാടിതളർന്ന മുഖത്തോടെ വീട്ടിലെത്തിയ എന്നെ കണ്ടതും അമ്മയ്ക്ക് എന്തോ പന്തികേട് തോന്നി. രാത്രി ഫുഡ് വേണ്ട, പകരം ഒരു ഗ്ലാസ് പാൽ മതിയെന്ന് പറഞ്ഞപ്പോൾ മനസ്സിലുള്ള വിഷമം എന്താണെന്ന് ചോദിച്ചു അമ്മ പിന്നാലെ വന്നു.
അഖിൽ പറഞ്ഞതെല്ലാം അത്പോലെ ഞാൻ അമ്മയോട് പറഞ്ഞു….
മറിച്ചൊന്നും പറയാതെ അമ്മയും മൗനത്തിലായി.
“ഇതെന്താ ഒക്കെ കേട്ടിട്ട് അമ്മ മിണ്ടാതെ ഇരിക്കുകയാണോ? ഒന്നും പറയാനില്ലേ ”
ഒരൽപ്പം ദേഷ്യത്തോടെ ഞാൻ അമ്മയോട് ചോദിച്ചു.
“അഖിലിനിപ്പോ നിന്റടുത്ത് തുളസിയുടെ കാര്യത്തിൽ കള്ളം പറയേണ്ട ആവശ്യമില്ല. നാട്ടുകാരെയും, വീട്ടുകാരെയും വെറുപ്പിച്ചു തന്റേടത്തോടെ സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിച്ചു അന്തസ്സോടെ നോക്കുന്ന അവനു തുളസിയോട് മറ്റു താല്പര്യങ്ങൾ തോന്നേണ്ട കാര്യവുമില്ല ”
“അമ്മ ഇതൊക്കെയെന്തോന്ന് കാട് കേറി ചിന്തിക്കുന്നത്? നേരെ പോയിന്റിലേക്ക് വാ”
അക്ഷമയോടെ ഞാൻ പറഞ്ഞു.
“എടാ, അതാണ് ഞാൻ പറയുന്നത്. അഖിൽ പറയുന്നത് സത്യം തന്നെയാകുമെന്ന്.”
“അപ്പോ തുളസി പൈസ മോഷ്ടിച്ചെന്നാണോ അമ്മ പറഞ്ഞു വരുന്നത്?”
ടെൻഷൻ നിറഞ്ഞ എന്റെ ചോദ്യം കേട്ട് അമ്മ വല്ലാതെയായി.
“അതൊന്നും എനിക്ക് അറിയില്ല മോനെ. പക്ഷെ ഇതിന്റെ സത്യാവസ്ഥ നിനക്ക് തുളസിയോട് ചോദിച്ചുകൂടെ. അവൻ പറഞ്ഞത് ഇങ്ങനെ മനസ്സിലിട്ടു നടന്നാൽ നിങ്ങളുടെ ബന്ധത്തെ അത് വല്ലാതെ ബാധിക്കും. ഇപ്പൊ നീ ഉറക്കമിളച്ചു അസുഖം വരുത്തിവയ്ക്കാതെ നാളെ അവളെ നേരിൽ ചെന്ന് കണ്ടങ് ചോദിക്കണം.”
ഒടുവിൽ അമ്മയും എന്റെ മനസ്സിലുള്ളത് തന്നെയാണ് പറഞ്ഞതെന്നോർത്ത് എനിക്ക് വല്ലാത്ത സങ്കടമായി. പക്ഷെ അത് തന്നെയാണ് പ്രോബ്ലത്തിന്റെ യഥാർത്ഥ സൊല്യൂഷൻ എന്ന തിരിച്ചറിവോടെ ഞാൻ ഉറങ്ങാൻ കിടന്നു.
പിറ്റേദിവസം ഷോപ്പിലെത്തിയപ്പോൾ തുളസിയുടെ മുഖം ഒരൽപ്പം വിഷമിച്ചത് പോലെ എനിക്ക് പോയി…. എന്നെ കണ്ട് “ഗുഡ് മോർണിംഗ് “വിഷ് ചെയ്യുന്ന അവളുടെ വാക്കുകൾക്ക് വല്ലാത്തൊരു ഇടർച്ച.
ലഞ്ച് ടൈം ആയപ്പോൾ ഞാനവളെ എന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു.
അഖിൽ പറഞ്ഞ കാര്യം എങ്ങനെ ഇവളോട് ചോദിക്കും….
വല്ലാത്ത ഒരു പരുങ്ങലിൽ ഞാനെന്തൊക്കെയോ അവളോട് ചോദിച്ചു.
“സർ, എന്താണ് കാര്യം? കുറച്ചു നേരമായല്ലോ അവിടേം ഇവിടേം തൊടാതെ എന്തൊക്കെയോ ചോദിക്കുന്നു ”
“അത് പിന്നെ തുളസി, തനിക്കൊരു അഖിലിനെ അറിയാമോ. താൻ പണ്ട് ജോലിക്ക് നിന്ന സ്ഥലത്തെ ”
ആ പേര് കേട്ടതും അവളൊന്ന് വല്ലാതെയായോ എന്നെനിക്ക് സംശയം തോന്നി.
“അറിയാം സർ, അഖിൽ സാറിനെയും, ജാസ്മിൻ ചേച്ചിയെയും ഞാൻ എങ്ങനെ മറക്കാനാണ്?”
“കഴിഞ്ഞയാഴ്ച്ച ഞാൻ അഖിലിന് തുളസിയുടെ ഫോട്ടോ കാണിച്ചു കൊടുത്തിരുന്നു. അപ്പോൾ അവൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതൊന്ന് ക്ലിയർ ചെയ്യാനാണ് ഞാനിപ്പോ തന്നെ ഇങ്ങോട്ട് വിളിപ്പിച്ചത് ”
“സാറിനെന്നോട് എന്തും ചോദിക്കാമല്ലോ… പ്രത്യേകിച്ച് ഇങ്ങനെയൊരു മുഖവുരയുടെ ആവശ്യം പോലും വേണ്ട…..”
“ഒരു പതിനായിരം രൂപ മിസ്സിങ് ആയതിനെ കുറിച്ചാണ് എനിക്ക് ഇയാളോട് ചോദിക്കാനുള്ളത് ”
ധൈര്യം സംഭരിച്ചുള്ള എന്റെ ചോദ്യം കേട്ടിട്ടും അവളിൽ പ്രത്യേകിച്ചും ഭാവമാറ്റമൊന്നും ഉണ്ടായില്ല.
“അഖിൽ സർ പറഞ്ഞത് സത്യം തന്നെയാണ്. ആ രൂപ മിസ്സായി. പക്ഷെ ഇതിൽ കൂടുതലൊന്നും അതിനെപ്പറ്റി പറയാൻ ഞാനിപ്പോൾ ഒരുക്കമല്ല ”
ഒറ്റ വാക്കിലുള്ള അവളുടെ ഉത്തരം കേട്ട് ഞാനൊന്നമ്പരന്നു.തുളസിയോട് ഇനിയും അതിനെക്കുറിച്ചു എന്തെങ്കിലും ചോദിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് മനസ്സിലായി.
“ശരി, തുളസി പൊയ്ക്കോ ”
“എനിക്കറിയാം, സാറിന്റെ മനസ്സിലിപ്പോൾ എന്നെക്കുറിച്ചു ഒരുപാട് സംശയങ്ങൾ ഉണ്ടാകുമെന്ന്. സമയമാകുമ്പോൾ ഞാനെല്ലാം തുറന്നു പറയാം ”
പിന്തിരിഞ്ഞു പോകുന്ന തുളസി ഉത്തരം കിട്ടാത്ത ചോദ്യം പോലെ എന്റെ മനസ്സിൽ അവശേഷിച്ചു.
ഏകദേശം നാലു മണിയോടെയാണ് തുളസിക്കൊരു ഫോൺ കോൾ വരുന്നത്. ഒരൽപ്പം വെപ്രാളത്തോടെ എന്തൊക്കെയോ പറയുന്നതും, കൗണ്ടറിൽ നിന്നും കുറച്ചു പണമെടുക്കുന്നതും ഞാൻ ക്യാബിനിലിരുന്ന് കണ്ടു.
പെട്ടെന്നാണ് എന്റെ ഫോണിലേക്ക് അവളുടെ കോൾ വരുന്നത്.
“സർ . അത്യാവശ്യമായി ഞാനൊരു 5000 രൂപയെടുത്ത് പുറത്തേക്ക് പോകുകയാണ് ”
“എന്തു പറ്റി തുളസി? അച്ഛനെന്തെങ്കിലും “?
അവളുടെ പരിഭ്രമം കണ്ട് ഞാൻ ചോദിച്ചു.
“അച്ഛന് ഒരു കുഴപ്പവുമില്ല. കൗണ്ടർ ഞാൻ അജിത്തിനെ ഏൽപ്പിച്ചു ഇറങ്ങുകയാണ്.
ഫോൺ വച്ചതും ധൃതിയിൽ ഇറങ്ങിപ്പോകുന്ന തുളസിയെയാണ് ഞാൻ കണ്ടത്. വല്ലാത്ത ഒരാകാംഷയോടെ എനിക്കും അവളുടെ പിന്നാലെ പോകാൻ തോന്നി.
തുളസി കേറിയ ഓട്ടോയുടെ പിന്നാലെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. അപ്പോഴാണ് തൊട്ടു മുന്നിൽ അഖിൽ.
“എങ്ങോട്ടാടാ അസ്ത്രം വിട്ടത് പോലെ ”
അതൊക്കെ പറയാം. നീ കേറി വാ. ഫ്രണ്ടിലെ ഡോർ തുറന്നുകൊടുത്തിട്ട് ഞാൻ പറഞ്ഞു.
ഒറ്റ നിമിഷത്തിൽ നടന്നതെല്ലാം ഞാൻ അവനോട് പറഞ്ഞു.
“കള്ളി, ഇപ്പൊ നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസമായല്ലോ, ഇന്ന് അവളെ കൈയോടെ പൊക്കണം”
അവന്റെ ആവേശം കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.
“അഖി, അവളെന്നോട് ചോദിച്ചിട്ടാണ് ക്യാഷ് എടുത്തത് ”
“അവളെ നിനക്ക് അത്രക്ക് വിശ്വാസമുണ്ടെങ്കിൽ പിന്നെയെന്തിനാ അവളുടെ പിന്നാലെ ഇങ്ങനെ വച്ചു പിടിക്കുന്നത് “?
അവന്റെ ചോദ്യം ശരിയായിരുന്നു. തുളസിയെ ഞാൻ സംശയിക്കുന്നു എന്നല്ലേ അതിനർത്ഥം. ച്ചേ,മോശമായിപ്പോയി. തിരിച്ചു പോയാലോ “?
“എന്താടാ നിനക്ക് ഒരാലോചന.നീ നേരെ നോക്കി ഡ്രൈവ് ചെയ്യ്.അവൾ ദാണ്ടേ സൈഡിലുള്ള കോഫി ഷോപ്പിലേക്ക് കേറി പോകുന്നു ”
എന്തായാലും ഇതുവരെ വന്നു. ഇനിയിപ്പോ തുളസിയെ കണ്ടിട്ട് പോകാം…. മനസ്സിലുറപ്പിച്ചു ഞാൻ കാർ സൈഡാക്കി.
ഡോർ തുറന്നു ഞാനിറങ്ങിയതും, സെക്യൂരിറ്റി ഓടി വന്നു “സർ, ഇത് മെയിൻ റോഡാണ്. താഴെ പാർക്കിംഗ് ഏരിയ ഉണ്ട്. അവിടെ പാർക്ക് ചെയ്യണം.”
ഞാനാകെ വല്ലാത്ത അവസ്ഥയിലായി. ഈ സമയത്തിനുള്ളിൽ തുളസിയെങ്ങാനും മിസ്സ് ആകുമോ എന്നതായിരുന്നു എന്റെ ടെൻഷൻ.
എന്റെ മനസ്സറിഞ്ഞത് പോലെ അഖിൽ എന്റെ അടുക്കലേക്ക് വന്നു.
“സുധി, നീയങ്ങോട്ട് ചെല്ലാൻ നോക്ക്. വണ്ടി പാർക്ക് ചെയ്തിട്ട് ഞാൻ വന്നേക്കാം ”
കീ അവനെയെല്പിച്ചു ധൃതിയിൽ ഞാൻ കോഫി ഷോപ്പിനുള്ളിലേക്ക് പോയി.
അത്ര തിരക്കില്ലാത്തത് കൊണ്ട് തുളസിയെ വളരെ വേഗത്തിൽ ഞാൻ കണ്ടുപിടിച്ചു. അവളുടെ ഓപ്പോസിറ്റ് ആയിട്ട് ഒരു സ്ത്രീ ഇരിക്കുന്നു. ഒരൽപ്പം ദൂരെ ആയത് കൊണ്ട് അവരുടെ മുഖം എനിക്ക് വ്യക്തമായില്ല.
കുറച്ചു കഴിഞ്ഞതും, തുളസി പേഴ്‌സ് തുറന്ന് പണം അവരെയേൽപ്പിച്ചു. അപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടതും തുളസിയുടെ മുഖത്ത് വല്ലാത്ത ഒരു അമ്പരപ്പ്.
“സർ എന്താ ഇവിടെ? എന്നെ ഫോളോ ചെയ്തു വന്നതാണോ?”
ആ ചോദ്യത്തിന് മുന്നിൽ ഞാൻ വല്ലാതെ ചൂളിപ്പോയി.
അപ്പോഴാണ് ഞാൻ മറ്റേ സ്ത്രീയെ ശ്രദ്ധിച്ചത്. ജാസ്മിൻ…. അഖിലിന്റെ ഭാര്യ ജാസ്മിൻ.
“ജാസ്മിൻ അല്ലെ…. അമ്പരപ്പോടെ ഞാൻ ചോദിച്ചു ”
“ജാസി, നീയെന്താ ഇവിടെ? നിനക്കെന്താ ഇവളുമായുള്ള ബന്ധം?”
പിന്നിൽ നിന്നും അഖിലിന്റെ ചോദ്യം കേട്ടതും തുളസിയും, ജാസ്മിനും ഞെട്ടിയെഴുന്നേറ്റു.
“അഖിൽ, പതുക്കെ…. ഇതൊരു പബ്ലിക് പ്ലേ സാണ്…. ശബ്ദം താഴ്ത്തി ഞാൻ അവനോട് പറഞ്ഞു.
തുളസിയുടെ തൊട്ടടുത്തായി ഞാനിരുന്നു. ജാസ്മിനരികിലായി അഖിലും.
“ബ്യൂട്ടി പാർലറിലേക്കെന്നും പറഞ്ഞു നീ വീട്ടിൽ നിന്നും ഇറങ്ങിയത് ഈ പെരുംകള്ളിയെ കാണാൻ ആയിരുന്നോ?”
അഖിലിന്റെ വെറുപ്പ് കലർന്ന ചോദ്യം കേട്ടതും ജാസ്മിന്റെ തല കുനിഞ്ഞു.
“ഏട്ടൻ എന്നോട് ക്ഷമിക്കണം. സത്യത്തിൽ അന്ന് ഷോപ്പിൽ നിന്നും പൈസയെടുത്തത് തുളസി അല്ല. ഞാനായിരുന്നു. കാര്യമറിഞ്ഞപ്പോൾ തുളസി അത് സ്വയം ഏറ്റ താണ് ”
ജാസ്മിന്റെ വാക്കുകളെ ഉൾക്കൊള്ളാ നാകാതെ അഖിൽ അവളെ ശാസിച്ചു.
“ജാസി, നീ ഇവളെ രക്ഷിക്കാനല്ലേ ഇതൊക്കെ പറയുന്നത്? അല്ലെങ്കിൽ തന്നെ നിന്റെ കാര്യങ്ങളെല്ലാം ഞാൻ ഒരു മുടക്കവുമില്ലാതെ നോക്കുന്നുണ്ട്. പിന്നെയെന്തിനാണ് നിനക്ക് പൈസയുടെ ആവശ്യം “.?
“അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് ഒരു വാശിയോടെ ഏട്ടൻ എല്ലാം ഉണ്ടാക്കി. എന്നേം മക്കളെയും പൊന്നുപോലെ നോക്കുന്നുമുണ്ട്. എന്റെ വീട്ടുകാർ ഏട്ടനെ ഒത്തിരി ദ്രോഹിച്ചിട്ടുള്ളത് കൊണ്ട് ഞാനെന്റെ വീട്ടുകാരുമായി ഒരു ബന്ധവും പാടില്ലെന്ന് ഏട്ടനൊരിക്കൽ എന്നെ കൊണ്ട് സത്യം ചെയ്യിച്ചത് ഓർമ്മയുണ്ടോ”?
ജാസ്മിന്റെ ചോദ്യം ശരിയെന്ന മട്ടിൽ അഖിൽ തലയാട്ടി
“ഒരു ഭാര്യയുടെ മനസ്സുകാണാൻ ഏട്ടന് കഴിഞ്ഞു . പക്ഷെ അപ്പോഴുമെന്റെയുള്ളിൽ വിങ്ങികരയുന്ന മകളുടെ മനസ്സറിയാൻ ഏട്ടന് കഴിഞ്ഞില്ല. വാപ്പാക്ക് സുഖമില്ലെന്ന് പറഞ്ഞു അനിയത്തി വിളിച്ചപ്പോൾ എന്റെ ദേഷ്യവും, ഏട്ടന് ഞാൻ നൽകിയ വാക്കുമൊക്കെ മറന്ന് ഞാൻ അങ്ങോട്ടേക്ക് ഓടിച്ചെന്നു.”
“ജാസ്മിൻ, നീ ഇതൊന്നും എന്നോടിതുവരെ പറഞ്ഞില്ലല്ലോ ”
അഖിലിന്റെ നിരാശ കലർന്ന ചോദ്യം ജാസ്മിനെ സങ്കടപ്പെടുത്തി.
“അനുവാദം ചോദിച്ചാൽ ഏട്ടൻ എന്നെ അങ്ങോട്ടേക്ക് പോകുവാൻ സമ്മതിക്കുമോ? പൈസ ആവശ്യത്തിൽ അധികം ഉണ്ടെങ്കിലും എല്ലാറ്റിനും കണക്ക് ചോദിക്കുന്ന ഏട്ടന്റെ സ്വാഭാവം അറിയുന്നത് കൊണ്ട് തന്നെയാണ് വാപ്പയ്ക്കുള്ള ട്രീറ്റ്മെന്റിനുള്ള പൈസ ഞാൻ ഷോപ്പിൽ നിന്നെടുത്തത്. എല്ലാം നേരെയായിട്ട് പറയാമെന്നു വച്ചതാണ്. പക്ഷെ കാര്യങ്ങളൊക്കെ കൈവിട്ട് പോയി.അങ്ങനെ തുളസി എല്ലാവരുടെയും മുന്നിൽ തെറ്റുകാരിയുമായി.”
ജാസ്മിന്റെ വാക്കുകൾ ഞാനും തുളസിയും വിഷമത്തോടെയാണ് കേട്ടുനിന്നത്.എന്തൊക്കെ പറഞ്ഞാലും ചിലയിടത്തു ഭാര്യയുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് അപ്പോഴെനിക്ക് മനസ്സിലായി.
“ജാസ്മിൻ, നീയെന്തൊക്കെ മണ്ടത്തരങ്ങളാണ് ചെയ്തു വച്ചത്. വേറെ ഏതെങ്കിലും ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ ഞാൻ പറയുന്നതൊക്കെ വിശ്വസിച്ചു തുളസിയെ വേണ്ടെന്ന് വച്ചേനെ ”
അഖിലിന്റെ വാക്കുകൾ കേട്ട് തുളസി ആശ്ചര്യത്തോടെ എന്നെ നോക്കി.
“ഒക്കെ എന്റെ മാത്രം തെറ്റാണ് അഖിയേട്ടാ .. വീണ്ടും കുറച്ചു പൈസ കൂടി രാവിലെ ഉമ്മയെന്നോട് ചോദിച്ചു…. ഷോപ്പിൽ നിന്ന് അതും കൊണ്ട് വന്നതാണ് തുളസി…. എന്തായാലും എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കാനാണ് എനിക്കിപ്പോൾ തോന്നുന്നത് ”
“ജാസ്മിൻ, ആ പണം നീ തിരികെ തുളസിക്ക് കൊടുക്ക്, ഇനി നീ പണത്തിനു വേണ്ടി ആരുടെയും മുന്നിലും കൈനീട്ടരുത്. നമുക്ക് വാപ്പയെ നല്ലൊരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ട്രീറ്റ് ചെയ്യാം ”
“ഏട്ടാ, ഞാനീ കേൾക്കുന്നത് സത്യമാണോ “വിശ്വസിക്കാനാകാതെ ജാസ്മിൻ അഖിലിനോട് ചോദിച്ചു.
“നിനക്ക് വേണ്ടി, കൊല്ലാനും, ചാകാനും വരെ ഇറങ്ങിയതാണ് ഞാൻ…. എന്നാലും നീ എന്നെ മനസ്സിലാക്കിയില്ലല്ലോ ”
സങ്കടം നിറച്ച അഖിയുടെ വാക്കുകൾ ജാസ്മിനെ വല്ലാതെ കരയിപ്പിച്ചു. സോറിയും പറഞ്ഞു അവൾ അവന്റെ നെഞ്ചോട് ചേർന്നിരുന്നു .
അഖിയുടെയും, ജാസ്മിന്റെയും കെട്ടിപ്പിടുത്തവും, സ്നേഹപ്രകടങ്ങളും കണ്ട് ഞാനും തുളസിയും വല്ലാത്തൊരു ചമ്മലിലായി.
“അഖിയേട്ട, വാ നമുക്ക് വീട്ടിൽ പോകാം.ഇവരിവിടെയിരുന്നു പതുക്കെ കോഫിയൊക്കെ കുടിച്ചിട്ട് പൊയ്ക്കോട്ടേ.”
ജാസ്മിൻ ചെറിയ ഒരു ചിരിയോടെയാണ് അത് പറഞ്ഞത്.
“തുളസി, ഐ അം സോറി…. പോകാൻ നേരം അഖി പറഞ്ഞത് കേട്ട് തുളസി സതോഷത്തോടെ തലയാട്ടി.
അവർ പോയതും ഞങ്ങളുടെ ഇടയിൽ വല്ലാത്തൊരു നിശബ്ദതത പടർന്നു.
“ഒടുവിൽ അവരുടെ പ്രോബ്ലം സോൾവ് ആയി അല്ലെ ”
തുളസിയെ ആശ്വസിപ്പിക്കാൻ ഞാൻ പറഞ്ഞു.
“അവരുടെ മാത്രമല്ല, നമ്മുടേം ”
തുളസിയുടെ ചെറിയൊരു മുന വച്ചുള്ള സംസാരം എനിക്കപ്പോൾ അത്ര ഇഷ്ടമായില്ല.
“നമുക്കെന്ത് പ്രോബ്ലം “?
എന്റെ ചോദ്യം കേട്ടതും അവൾ മെല്ലെ തലയാട്ടി.
“ഉം…. ഒരു പ്രശ്നവുമില്ല. അതുകൊണ്ടാണല്ലോ എന്റെ പിന്നാലെ കാറോടിച്ചു വന്നത്?”
“തന്നെ എനിക്ക് ഡൌട്ട് ഒന്നുമില്ലായിരുന്നു. പിന്നെ ചെറിയൊരു ക്യൂറിയോസിറ്റി.”
“ജാസ്മിന്റേയും, അഖിലിന്റെയും ലൈഫ് കണ്ടപ്പോൾ, അത് പോലൊരു മിസ്സ് അണ്ട ർസ്റ്റാൻഡിങ് നമ്മുടെ ഇടയിൽ ഒരിക്കലും വരരുതെന്ന് എനിക്ക് തോന്നി ”
എന്താ തന്റെ അഭിപ്രായം?
“അത് ശരിയാണ്. അഖിൽ സാറിനോട് എല്ലാം തുറന്നു പറയാൻ ഞാൻ ചേച്ചിയോട് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പക്ഷെ പേടിയോ, സ്നേഹക്കൂടുതൽ കൊണ്ടോ ചേച്ചി എല്ലാം മറച്ചു വച്ചു ”
ജാസ്മിന്റെ മനസ്സ് തുളസി പറഞ്ഞത് പോലെ തന്നെയായിരുന്നു. പക്ഷെ എന്റെയും, തുളസിയുടെയും ജീവിതത്തിൽ ഇങ്ങനെയൊരു സങ്കടം ഒരിക്കലും വരാൻ പാടില്ലെന്നെനിക്ക് തോന്നി
” നമ്മൾ ഈ കോഫിഷോപ്പിനെ സാക്ഷിയാക്കി സത്യം ചെയ്യുന്നു നമ്മുടെ ഇടയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ നമ്മൾ ഓപ്പൺ ആയി പറയുമെന്ന്’…. അതും പറഞ്ഞു ഞാൻ അവൾക്കു നേരെ എന്റെ വലതു കരം നീട്ടി.
ഞാൻ അവൾക്കു നേരെ നീട്ടിയ കൈക്കു ള്ളിൽ അവൾ അവളുടെ കൈ ചേർത്തു വച്ചു….
“ജാസ്മിൻ ചേച്ചിയും സാറിന്റെ മുന്നിൽ പണ്ട് ഇതുപോലൊരു സത്യം ചെയ്തതാ….”
കുസൃതി ചിരിയോടെ അവൾ പറഞ്ഞു.
“ഇത് അങ്ങനെയുള്ള വാക്കല്ല മോളെ. ആ വിരലുകളെ സ്നേഹത്തോടെ മെല്ലെയൊന്ന മർത്തി ഞാനവളോട് പറഞ്ഞു.
എന്റെ നനുത്ത സ്പർശം കൊണ്ട് അവളുടെ കണ്ണുകൾ വല്ലാതെയൊന്ന് മിന്നിത്തിളങ്ങി.