ആദ്യരാത്രിയിൽ അവൻ സുമയോടാവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു,

റോൾ മോഡൽ

രചന: Jayaraj Vasu

 

ഒരു ഞായറാഴ്ച ദിവസമായിരുന്നു സുദീപിന്റെ വിവാഹം. ആർഭാടങ്ങളൊന്നുമില്ലാതെ സുമ അവന്റെ ജീവിത സഖിയായി. ആദ്യരാത്രിയിൽ അവൻ സുമയോടാവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു,

 

“എനിക്ക് അച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല അമ്മയാണെന്റെ എല്ലാം എന്നെ പഠിപ്പിച്ച് ഈ നിലയിലാക്കിയതിനു പിന്നിൽ അവരുടെ കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കഥകളേറെയുണ്ട്, അവരെ നന്നായി നോക്കണം സ്വന്തം അമ്മയെ പോലെ”

 

ഒക്കെ എനിക്കറിയാം ഏട്ടാ, ഞാൻ നോക്കിക്കൊള്ളാം പുഞ്ചിരിച്ചുകൊണ്ടുള്ള അവളുടെ മറുപടി സുദീപിന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ചു.

 

സുദീപ് ആഗ്രഹിച്ചതിലും ഒത്തിരി മേലെയായിരുന്നു സുമയുടെ രീതികൾ. ശരിക്കും കുടുംബത്തിന്റെ വിളക്ക്. പുതു പെണ്ണിന്റെ സ്വാധീനത്തിൽ അമ്മയോടുള്ള ഇഷ്ടം കുറഞ്ഞു പോയെന്ന തോന്നലുണ്ടാവാതിരിക്കാൻ അവൻ അമ്മയുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങി.

 

അവനെ അത്ഭുതപ്പെടുത്തിയത് സുമയായിരുന്നു, അമ്മയുടെ കൂടെ എപ്പോഴും അവളുണ്ടായിരുന്നു. ജോലികൾ ഒന്നൊന്നായി സുമ ഏറ്റെടുത്തു. അടിച്ചുവാരൽ പൈക്കളുടെ കാര്യം നോക്കൽ കോഴിക്കൂടു വൃത്തിയാക്കൽ പച്ചക്കറി തോട്ടം നനയ്ക്കൽ മുതലായവ മടി കൂടാതെ അവൾ ചെയ്തു.

 

ഒരു സമയത്തും അവൾ വെറുതെയിരിക്കില്ലായിരുന്നു. സന്ധ്യാദീപം കത്തിച്ച് നാമം ജപിക്കുന്ന അവൾ കുടുംബത്തിനു ചേർന്ന മരുമകൾ തന്നെ, പാചകം മാത്രം അമ്മയുടെ മേൽനോട്ടത്തിലായിരുന്നു.

 

“ഒക്കെ പറഞ്ഞു തന്നാൽ മതി ഞാൻ ചെയ്തോളാം അമ്മേ” എന്നവൾ പറഞ്ഞതു കേട്ട് , അമ്മ അവളുടെ നെറുകയിൽ ചുംബിക്കുന്നതു കണ്ട് സുദീപിന്റെ കണ്ണു നിറഞ്ഞു.

 

ഇതിനിടയിൽ വിരുന്നു പോക്കും മധുവിധുവും മുറയ്ക്കു നടന്നു.

” ഒരാഴ്ച രണ്ടാളും കറങ്ങിയിട്ടു വരൂ ഇഷ്ടമുള്ള സ്ഥലത്തേക്കൊരു യാത്ര പൊയ്ക്കൊള്ളൂ” നിർദ്ദേശം വെച്ചത് അമ്മയാണ്. വേണ്ടമ്മേ അമ്മയെ തനിച്ചാക്കി ഇപ്പോൾ ഞങ്ങൾ എവിടെയും പോകുന്നില്ല, അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടവൾ പറഞ്ഞു.

 

രാത്രിയിൽ തന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുന്ന അവളുടെ മുടിയിൽ വിരലോടിച്ചു കൊണ്ട് സുദീപ് പറഞ്ഞു, നമുക്ക് യാത്ര പോകാമായിരുന്നു എനിക്കും അത് തോന്നിയിട്ടുണ്ട്.

 

രണ്ട് കാരണങ്ങൾ കൊണ്ടാണ് ഏട്ടാ ഇപ്പോൾ വേണ്ട എന്നു ഞാൻ പറഞ്ഞത്, അമ്മ തനിച്ചാകും എന്നതു മാത്രമല്ല ഏട്ടന്റെ ഓഫീസിൽ ഓഡിറ്റിംഗ് നടക്കുന്ന സമയമല്ലേ..!

ഇപ്പോൾ നീണ്ട അവധിയെടുക്കുന്നത് ശരിയാണോ..?

 

തനിക്കു കിട്ടിയ പുണ്യത്തെ സുദീപ് സൂക്ഷിച്ചു നോക്കി അവളെ ചേർത്തണച്ചു.

 

” നമുക്ക് അഴ്ചാവസാനം എന്റെ വീട്ടിലൊന്നു പോയാലോ ഏട്ടാ..? രണ്ടു ദിവസത്തേയ്ക്ക്? അവരെ കാണാൻ തോന്നുന്നു.

 

സുമയുടെ ആഗ്രഹമാണ്,

പിന്നെന്താ..! ഉടൻ സമ്മതം മൂളി, കല്യാണ ശേഷം ഒരാഗ്രഹവും പറഞ്ഞതായി ഓർക്കുന്നില്ല.

 

“പുരുഷനെ ഏറ്റവും നന്നായി മനസ്സിലാക്കുന്ന സ്ത്രീ ആരാണ്..? അമ്മയോ അതോ ഭാര്യയോ..? അവന്റെ മനസ്സിൽ ഒരു ചോദ്യം അവശേഷിച്ചു.

 

ഭംഗിയുള്ള നാടാണ് സുമയുടേത് പുഴയുടെ അരികിലാണ് വീട്. ഗ്രാമീണ നന്മകൾ ഒട്ടും ചോരാത്ത നാടും നാട്ടുകാരും. പകൽ മുഴുവൻ പുഴയ്ക്കരുകിൽ സമയം ചിലവഴിച്ചു.

 

ആതിഥ്യ മര്യാദയിൽ ഒട്ടും പിന്നിലല്ലാത്ത വീട്ടുകാർ, കെട്ടിച്ചമയലുകളില്ലാതെ ഉള്ളു തുറന്നാണവർ പെരുമാറുന്നത്. സുമയുടെ പെരുമാറ്റത്തിന്റെ ക്വാളിറ്റി എങ്ങനെയാണ് രൂപപ്പെട്ടതെന്ന് അയാൾക്കു പെട്ടന്നു മനസ്സിലായി.

 

തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റ് വീശിയടിക്കുന്നു, സുമ അമ്മയോടൊപ്പം അടുക്കളയിൽ അത്താഴത്തിനുള്ള തയാറെടുപ്പിലാണ്. കിടപ്പുമുറി ചെറുതാണെങ്കിലും ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. ഇടതു വശത്തുള്ള ഷെൽഫിൽ പുസ്തകങ്ങളുടെ ചെറിയ ശേഖരം, വെറുതെ ചിലതെടുത്തു മറിച്ചു നോക്കി.

 

അതിലൊന്നിൽ നിന്നും അവനൊരു ഫോട്ടോ കിട്ടി, സുമുഖനായ ഒരു യുവാവ് കൂടെ നാലായി മടക്കിയ ഒരെഴുത്തും. സുദീപിന്റെ ഹൃദയമിടിപ്പിന് വേഗത കൂടി. വിറക്കുന്ന കൈകളോടെ അയാളതു തുറന്നു വായിച്ചു, പ്രണയ ലേഖനമാണ് മുഴുവൻ പൈങ്കിളി. എന്നാൽ വർണ്ണന തന്റെ സുമയെ കുറിച്ചാണ് എന്നത് അയാളെ അസ്വസ്ഥനാക്കി.

 

പെട്ടന്ന് സുമ കടന്നു വന്നു, അത്താഴം ആയിട്ടുണ്ട് വരൂ ഏട്ടാ..! അപ്പോഴാണവൾ തന്റെ കൈയിലെ തുറന്നു വച്ച പുസ്തകവും എഴുത്തും കണ്ടത്, അടുത്തുവന്നു നോക്കി.

 

ഓ..! ഇതോ..? അത്ഭുതത്തോടെ അവൾ പറഞ്ഞു. ഇതിപ്പോഴും ഇവിടുണ്ടായിരുന്നോ..?

പഠിക്കുന്ന സമയത്ത് ഒരു പുസ്തകത്തിനുള്ളിൽ വച്ച് ഒരാൾ തന്നതാണ്, ചിരിച്ചു കൊണ്ടാണവൾ പറഞ്ഞത്. മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ല.

വരൂ ഏട്ടാ ഭക്ഷണം കഴിക്കാം, സുമ അടുക്കളയിലേക്കു പോയി.

 

സുദീപിന്റെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു. അവൾ എന്തിനാണ് ഇപ്പോഴും ആ എഴുത്ത് സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്ന ചോദ്യം അവനെ അലട്ടി..

പിറ്റേ ദിവസം രാവിലെ തന്നെ ഓഫിസിലെ ഒരു അസൈൻമെന്റ് തീർക്കാനുണ്ടെന്നു പറഞ്ഞ് സുമയേയും കൂട്ടി അയാൾ വീട്ടിലേക്കു മടങ്ങി.

 

അനാവശ്യ ചിന്തകൾക്ക് ഇടം കൊടുത്ത അയാളുടെ മനസ്സിലെ അസ്വസ്ഥതകൾ പെരുമാറ്റത്തിലും പ്രതിഫലിച്ചു തുടങ്ങി. തൊട്ടതിനും പിടിച്ചതിനും ദേഷ്യം കാണിച്ചു, നിസ്സാര കാരണമുണ്ടാക്കി സുമയെ വഴക്കു പറഞ്ഞു.

 

സുദീപിന്റെ മാറ്റം കണ്ടവൾ അമ്പരന്നു. അവൾ ക്ഷമയോടെ അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ സുദീപ് യാതൊരു ഒത്തു തീർപ്പിനും തയ്യാറായിരുന്നില്ല.

 

രാത്രിയിൽ ജോലിയൊക്കെ തീർത്ത് സുമ മുറിയിലെത്തി. എന്താവാം സുദീപിന്റെ മാറ്റമെന്നതിനെകുറിച്ച് അവൾക്ക് ഊഹമുണ്ടായിരുന്നു. കട്ടിലിന്റെ അരികിൽ ഒരു വശം ചരിഞ്ഞ് സുദീപ് കിടക്കുന്നുണ്ടായിരുന്നു.

 

അവൾ അരികിലിരുന്ന് പതിയെ പറഞ്ഞു തുടങ്ങി, ഏട്ടന് എന്നോടെന്തിനാണു ദേഷ്യം..? എന്താണെങ്കിലും ഏട്ടന് തുറന്നു സംസാരിക്കാമല്ലോ..?

 

എന്റെ വീട്ടിൽ നിന്നും കിട്ടിയ കത്താണ് വിഷയമെങ്കിൽ, സത്യാവസ്ഥ ഏട്ടൻ മനസ്സിലാക്കണം. ഞാനത് വാങ്ങിയത് എന്റെ അറിവോടെയല്ല..! ഒരു പുസ്തകത്തിനുള്ളിൽ വച്ചാണ് എനിക്കത് കിട്ടിയത്, ആ സംഭവമൊഴിച്ചാൽ എനിക്കതുമായി ഒരു ബന്ധവുമില്ല.

 

പുസ്തകം കിട്ടി നാളുകൾക്കു ശേഷമാണ് ഞാനതു കണ്ടതു തന്നെ. പിന്നീടിന്നു വരെ ഞാനയാളെ കണ്ടിട്ടില്ല. എഴുത്ത് നശിപ്പിച്ചു കളയാൻ മറന്നു എന്നതു മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. ഏട്ടൻ എന്നോടു പിന്നങ്ങരുത്, എനിക്കതു സഹിക്കില്ല, അവൾ യാചിച്ചു.

 

ഒക്കെ കേട്ട ശേഷവും അയാൾ പ്രതികരിച്ചില്ല. സുമ അയാളുടെ കൈയിൽ സ്പർശിച്ചു.

 

“തൊടരുതെന്നെ” സുദീപിന്റെ ശബ്ദമുയർന്നു. അവൾ ഭയന്ന് പിൻവാങ്ങി, കല്യാണം കഴിഞ്ഞ ശേഷം ആദ്യമായി സുമ കരഞ്ഞു, ഒത്തിരി വേദനയോടെ..!!

 

സുമ തെറ്റുകാരിയല്ലെന്ന് അയാൾക്കറിയാമായിരുന്നു. രാത്രിയിലെ അവളുടെ വാക്കുകൾ കേട്ടപ്പോൾ അത് പൂർണ്ണ ബോധ്യവുമായി. എന്നാൽ പെട്ടന്ന് അവളുടെ മുന്നിൽ കീഴടങ്ങാൻ അവന്റെ മനസ്സ് അനുദിച്ചില്ല.

 

പ്രണയലേഖനത്തിലെ മധുര വാക്കുകൾ ഓരോന്നും കൂരമ്പുകളായി അയാളുടെ ഹൃദയത്തിൽ തറച്ചിരുന്നു. ഒരു ദിവസം താനനുഭവിച്ച സംഘർഷം അവൾക്കും പകർന്നു കൊടുക്കാനുള്ള വ്യഗ്രതയായിരുന്നു അയാൾക്ക്.

 

രണ്ടു മൂന്നു ദിവസമായി അയാൾ സുമയോട് ശരിക്കൊന്ന് മിണ്ടിയിട്ട്, സുമ ആകെ തകർന്നിരുന്നു. ഒരുമിച്ചു ഭക്ഷണം കഴിക്കാനിരുന്നാൽ ന്യൂസ് കാണാനെന്ന വ്യാജേന പ്ലയ്റ്റുമായി നടന്നു നീങ്ങുന്ന അയാൾ അവളുടെ നിറകണ്ണുകൾ കണ്ടില്ലെന്നു നടിച്ചു.

 

മനപൂർവ്വം അവർക്കിടയിൽ ഒരകലം സൃഷ്ടിക്കുകയായിരുന്നു അയാൾ. തന്റെ പിറന്നാൾ ദിവസം സദ്യയൊരുക്കി കാത്തിരുന്നവരെ അവഗണിച്ച് അന്നയാൾ പതിവിലും വൈകിയാണ് വീട്ടിലെത്തിയത്.

 

മേശപ്പുറത്ത് ഒക്കെ അടച്ചു വെച്ചിരിക്കുന്നു. അന്ന് ആ വീട്ടിൽ ആരും ഒന്നും കഴിച്ചിട്ടില്ലെന്ന് സുദീപിന് മനസ്സിലായി, ഒഴിഞ്ഞ വയറോടെ തന്റെ കട്ടിലിന്റെ ഒരറ്റത്ത് അന്യയെ പോലെ കിടക്കുന്ന സുമയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ അയാളുടെ ഹൃദയത്തെ കുത്തി നോവിച്ചു.

 

കുറ്റബോധം അയാളെ തളർത്തി. ദിവസങ്ങൾ കഴിയുന്തോറും ഇതെങ്ങനെ അവസാനിപ്പിക്കും എന്നറിയാതെ സുദീപ് കുഴങ്ങി. സുമയോട് മാപ്പു പറയാൻ അയാൾക്ക് ജാള്യത തോന്നി.

 

അടുത്ത ദിവസം അമ്മ സുദീപിനോടു ചോദിച്ചു, എന്താ നിങ്ങൾക്കിടയിൽ..? ഇവിടെന്താ നടക്കുന്നത്..?

ഒന്നുമില്ല.. അമ്മ ഇതിലിടപെടേണ്ട എന്നു പറഞ്ഞയാൾ നടന്നു നീങ്ങി, ഇന്നു ഞായറാഴ്ചയല്ലേ.. നീ എവിടെ പോകുന്നു..? അമ്മ വിടാൻ ഉദ്ദേശമില്ല..! ഇപ്പൊ വരാം എന്നു മാത്രം പറഞ്ഞ് ബൈക്ക് സ്റ്റാർട്ടു ചെയ്ത് മുന്നോട്ടു നീങ്ങി. ഉച്ചക്ക് ഉണ്ണാൻ വരണം ഇന്ന് സുമയുടെ പിറന്നാളാണ് അമ്മ വിളിച്ചു പറഞ്ഞു.

 

അയാൾ നേരെ പോയത് മനുവിന്റെ അടുത്തേക്കായിരുന്നു. അവനേയും കൂട്ടി സിറ്റിയിലേക്കു പോയി, ഒരു ബാറിലാണ് ആ യാത്ര അവസാനിച്ചത്. തന്റെ പ്രശ്നങ്ങൾക്ക് മനു ഒരു പരിഹാരം കാണുമെന്ന് സുദീപിന് ഉറപ്പായിരുന്നു. മദ്യം കഴിക്കുന്നതി നിടയിൽ മനുവിനെ വിവരങ്ങൾ ധരിപ്പിച്ചു. ഒക്കെ കേട്ടു കഴിഞ്ഞപ്പോൾ മനുവിന്റെ ഭാവം മാറി. അവൻ സുദീപിനെ ശകാരിച്ചു.

 

” അവൾ നിന്റെ ഭാര്യയാണ്, ആ വാക്കിന്റെ അർത്ഥമറിയുമോ നിനക്ക്..? സുമയുടെ ഭാഗത്ത് തെറ്റില്ല..! ഒക്കെ നീ കാട്ടിക്കൂട്ടിയ അബദ്ധങ്ങൾ മാത്രം. പഠിക്കുന്ന സമയത്ത് നീ എത്ര പേരുടെ പുറകെ നടന്നിരിക്കുന്നു. എത്ര പേർക്ക് കത്ത് കൊടുത്തിട്ടുണ്ടാവും, സുമ അതൊക്കെ അന്വേഷിക്കുന്നുണ്ടോ.?

 

കല്യാണത്തിനു മുൻപുള്ള കാര്യങ്ങൾ ചികയുന്നത് ആണുങ്ങൾക്കു ചേർന്ന പണിയല്ലെടാ..!! ”

 

സുദീപ് മനുവിനെ ദയനീയമായി നോക്കി, ഒന്നിനും അയാൾക്ക് ഉത്തരമില്ലായിരുന്നു. കുറ്റബോധത്താൽ നീറി പുകയുകയായിരുന്നു അയാൾ. വാ എണീക്ക് മനു പോകാനിറങ്ങി. ഈ നിമിഷം തന്നെ സുമയോട് മാപ്പ് പറയാമെന്ന് അവൻ മനുവിന് വാക്കു കൊടുത്തു.

 

സുദീപ് വീട്ടിലെത്തിയപ്പോൾ നാലു മണി കഴിഞ്ഞിരുന്നു. ഒരു പിറന്നാൾ സമ്മാനം അവൻ സുമക്കായി കരുതിയിരുന്നു. അത് ഭദ്രമായി മുറിയിൽ വച്ചശേഷം സുമയെ അന്വേഷിച്ചു നടന്നു. എങ്ങും അവളെ കണ്ടെത്താനായില്ല, അയാൾക്ക് അങ്കലാപ്പു തോന്നി. അടുക്കളയിൽ അമ്മയുണ്ട്, ചോദിക്കാനുള്ള മടികൊണ്ട് വീണ്ടും മുറിയിൽ വന്നു. മേശപ്പുറത്ത് സമ്മാനപൊതിക്കടുത്തായി നാലായി മടക്കിയ ഒരു പേപ്പർ കണ്ടു, അയാൾ അതു തുറന്നു നോക്കി..

 

“ഏട്ടന് എന്നോടു ദേഷ്യമാണെന്നറിയാം, ഞാനായിട്ട് ഏട്ടന്റെ സന്തോഷം നശിപ്പിക്കില്ല. തത്ക്കാലം ഈ അവസ്ഥയിൽ നിന്നും എനിക്കു മാറി നിന്നേ പറ്റൂ, ഇല്ലെങ്കിൽ എനിക്കു ഭ്രാന്തു പിടിക്കും. അമ്മയെ സാവധാനം പറഞ്ഞു മനസ്സിലാക്കണം..”

 

കണ്ണുകളിൽ ഉരുണ്ടു കൂടിയ നീർ തുള്ളികൾ സുദീപിന്റെ കാഴ്ച മറച്ചു. അവൻ തളർന്നു കസേരയിലിരുന്നു.

 

ആത്മനിന്ദയും ഭയവും അയാളെ പിടികൂടി. അമ്മയുടെ അടുക്കൽ ചെന്ന് സുമയെ അന്വേഷിച്ചു.

 

അവൾ പുറത്തു പോയി, അമ്മയുടെ സ്വരം കനത്തിരുന്നു.

അവളെ ഇപ്പോൾ വിടേണ്ടായിരുന്നു അയാൾ പിറുപിറുത്തു.

“പിന്നെ..! ഇവിടെ നടക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്, ഇനിയവളെ പുറത്തു പോകാൻ അനുവദിക്കാതെ ഇവിടെ കെട്ടിയിടണോ..?

 

അമ്മയുടെ രൂക്ഷമായ ചോദ്യത്തിന് മറുപടിയില്ലാതെ തല താഴ്ത്തിയവൻ പുറത്തേക്കു നടന്നു. സുമ പോയിട്ട് ഏകദേശം രണ്ടു മണിക്കൂറോളമായിട്ടുണ്ട് എത്രയും പെട്ടന്ന് അവളെ കണ്ടു പിടിക്കണം. അവൻ ബൈക്കുമെടുത്ത് പുറത്തിറങ്ങി, മനുവിനെ വിളിച്ചു.

 

അമ്മ ഒക്കെ അറിയുന്നതിനു മുൻപ് എനിക്കവളെ തിരിച്ചു കൊണ്ടുവരണം, സുഹൃത്തിനു മുമ്പിലവൻ കെഞ്ചി..

മനുവിന്റെ നിർദേശപ്രകാരം സുമയുടെ വീട്ടിലേക്കു വിളിച്ചു. അവിടെ ചെന്നിട്ടില്ലെന്നറിഞ്ഞതോടെ ഫോൺ കട്ടു ചെയ്തു.

 

അവർ ഇരുവരും അന്വേഷിക്കാവുന്നിടത്തൊക്കെ പോയി, ബസ്റ്റാന്റിലും റെയിൽവേ സ്‌റ്റേഷനിലും ലേഡീസ് ഹോസ്റ്റലുകളും കയറിയിറങ്ങി. സമയം കഴിയുന്തോറും സുദീപിന്റെ ഭയം വർദ്ധിച്ചു. ഇടക്ക് വീട്ടിലേക്ക് വിളിച്ച് സുമ എത്തിയോ എന്നന്വോഷിച്ചു കൊണ്ടിരുന്നു. സുദീപ് മാനസികമായി തളർന്നിരുന്നു.

 

നീയ് വീട്ടിലേക്കു ചെല്ല് സമയം പതിനൊന്നു കഴിഞ്ഞു, അമ്മ തനിയെയല്ലേ മനു പറഞ്ഞു,

ഇല്ല.. അവളില്ലാതെ ഞാൻ പോവില്ല, അമ്മയോടു ഞാനെന്തു പറയും.? നമുക്കു പോലീസ് സ്‌റ്റേഷനിൽ പോവാം..

 

വേണ്ട..! ഒഫിഷ്യലായി പരാതി കൊടുക്കുന്നതു നാളെ മതി, എനിക്കു പോലീസിൽ സുഹൃത്തുക്കളുണ്ട് ഞാൻ അവരുമായി ഒന്നാലോചിക്കട്ടെ. മനു നിർബന്ധിച്ച് അവനെ വീട്ടിൽ കൊണ്ടു വിട്ടു.

 

പൂമുഖത്ത് അമ്മയിരിപ്പുണ്ട്, അവനെ കണ്ടിട്ടും അമ്മ ഒന്നും മിണ്ടിയില്ലെന്നു മാത്രമല്ല ശ്രദ്ധിച്ചതേയില്ല, ആകെ തളർന്നിരുന്ന അയാളുടെ തകർച്ച അതോടെ പൂർണ്ണമായി. അയാൾ അമ്മയുടെ കാൽക്കലിരുന്നു.

 

എനിക്കു തെറ്റുപറ്റിയമ്മേ, അമ്മയുടെ കാലിൽ സ്പർശിച്ചു കൊണ്ടയാൾ പറഞ്ഞു. കൊച്ചു കുട്ടിയെ പോലെ വിതുമ്പി. അയാൾ പറഞ്ഞതു മുഴുവൻ ഭാവഭേദമില്ലാതെ അവർ കേട്ടിരുന്നു.

 

“മോനേ ഭാര്യഭർതൃ ബന്ധം എന്നാൽ എന്താന്നു നീ മനസ്സിലാക്കിയിരിക്കുന്നത്.? ഭാര്യയെ മാനസികമായി പീഡിപ്പിക്കുകയും അതു കണ്ട് ആനന്ദിക്കുകയും ചെയ്യാനുള്ള മനസ്സ് എന്റെ മകനെവിടുന്നു കിട്ടി..? നിന്നെ ഞാൻ വളർത്തിയത് എന്റെ ജീവിതം മാതൃക കാട്ടിയാണ്.

 

നിനക്കു മുന്നിൽ കാണിച്ചു തരാൻ കഴിയാതിരുന്നത് ഭാര്യയും ഭർത്താവും എങ്ങനെ ആയിരിക്കണമെന്നതു മാത്രമാണ്, അതു പറയുമ്പോൾ അമ്മയുടെ കണ്ണുകൾ അച്ഛന്റെ ചില്ലിട്ട ചിത്രത്തിലായിരുന്നു,. ഒരു തുള്ളി ചുടു കണ്ണീർ അവരുടെ കണ്ണിൽ നിന്നും ഇറ്റുവീണു. അമ്മ കരയുന്നത് അയാൾ ആദ്യമായി കാണുകയായിരുന്നു.

 

കസേരയിൽ കണ്ണുകളടച്ച് ഇരുന്ന അയാളുടെ കൈയിൽ സുമയുടെ എഴുത്ത് മുറുകെ പിടിച്ചിരുന്നു. അവൾക്ക് ആപത്തൊന്നും വരരുതേയെന്ന പ്രാർത്ഥനയായിരുന്നു മനസ്സു നിറയെ. അടുത്തെവിടെയോ അവൾ ഉണ്ടെന്നു ‘തോന്നി. ഏട്ടാ എന്ന വിളി കാതുകളിൽ മുഴങ്ങിയതു പോലെ. വീണ്ടും അതേ ശബ്ദം കേട്ടു കുറച്ചു കൂടി ഉറക്കെ.

 

അയാൾ ഞെട്ടി തിരിഞ്ഞു, കണ്ണുനീർ തുള്ളികൾ പാതി മറച്ച കാഴ്ചയിലൂടെ തന്റെ പിന്നിൽ നിൽക്കുന്ന സുമയെ അയാൾ കണ്ടു. കണ്ണു തുടച്ചയാൾ വീണ്ടും നോക്കി, സുമയുടെ ഇരു തോളുകളിലും പിടിച്ചുലച്ചു കൊണ്ടയാൾ പുലമ്പി, എവിടെയായിരുന്നു ഇതുവരെ..? വികാര വിക്ഷോഭം നിയന്ത്രിക്കാൻ അയാൾക്കായില്ല.

 

പ്രതികരണമേതുമില്ലാതെ സാകൂതം അയാളെ വീക്ഷിക്കുകയായിരുന്നു അപ്പോഴവൾ. ചെറുപുഞ്ചിരിയോടെ അനുഭവിച്ചറിയുകയായിരുന്നു യഥാർത്ഥത്തിലുള്ള അയാളെ.

 

സുമയെ നെഞ്ചോടടക്കി കിടക്കുമ്പോൾ അയാൾ ചോദിച്ചു, ഞാൻ ഈ വീടു മുഴുവൻ തിരഞ്ഞപ്പോൾ എവിടെയായിരുന്നു നീയ്..?

 

സുമ ചിരിച്ചു, ഇവിടെ തന്നെ ഉണ്ടായിരുന്നു. അമ്മയുടെ മുറിയിൽ, ഏട്ടൻ കാണാതെ മറഞ്ഞു നിൽക്കുകയായിരുന്നു.

 

ഓഹോ..!! ഈ ബുദ്ധി എവിടുന്നു കിട്ടി..? അവന്റെ ആകാംഷ വർദ്ധിച്ചു.

 

“അമ്മയുടെയാ ”

 

സുദീപ് ഞെട്ടി..!

 

നമുക്കിടയിൽ സംഭവിച്ചതെല്ലാം അമ്മയ്ക്കറിയാം. ഒക്കെ ഞാൻ അമ്മയോടു പറയാറുണ്ടായിരുന്നു.

 

‘അവനെ അങ്ങനെ വിടാൻ പാടില്ല ഇതൊരു ചെറിയ ഷോക്കിലൂടെ മാറ്റിയെടുക്കാമെന്നാണ് അമ്മ പറഞ്ഞത്. കത്തെഴുതിയതും മറഞ്ഞിരുന്നതും ഒക്കെ അമ്മ പറഞ്ഞിട്ടാണ്.

 

മാത്രമല്ല എന്നെ അന്വോഷിച്ച് ഏട്ടൻ പുറത്തു പോയപ്പോൾ തന്നെ അമ്മ മനുവിനെ വിളിച്ച് വിവരമെല്ലാം പറഞ്ഞു, ഏട്ടനെ സമാധാനിപ്പിച്ച് തിരികെ വീട്ടിൽ എത്തിക്കണമെന്നും പറഞ്ഞു,. സുദീപ് സ്തബ്ധനായി കേട്ടിരുന്നു.

 

അയാളുടെ നെഞ്ചിൽ തല ചായ്ച് സുമ ഉറങ്ങിയിരുന്നു. അയാളുടെ മനസ്സിലപ്പോൾ അമ്മയായിരുന്നു. അമ്മയുടെ മാസ്റ്റർ പ്ലാനായിരുന്നു.

 

“ഇത്രയും എന്നെ മനസ്സിലാക്കാൻ നിനക്കു പോലും കഴിയില്ലപെണ്ണേ..! അയാൾ മനസ്സിൽ പറഞ്ഞു.”

 

മനസ്സിൽ അവശേഷിച്ചിരുന്ന ചോദ്യത്തിന് ഉത്തരം ഉരുത്തിരിഞ്ഞു വന്നതായി തോന്നി.

 

അമ്മ തനിക്കിന്നും ഒരത്ഭുതമാണ്, മാതൃകയാണ്, ശരിക്കും റോൾ മോഡൽ..!!

Leave a Reply

Your email address will not be published. Required fields are marked *