താൻ വേലക്കാരിയെ പോലെ എല്ലാം ചെയ്ത് കൊടുക്കണം.

(രചന: ശിവ)

 

നാളെ ശരത്തേട്ടൻ ഗൾഫിൽ നിന്ന് വരുന്നുണ്ട്. വീട് നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഏട്ടന്റെ രണ്ട് പെങ്ങന്മാരും ഭർത്താവിനേം മക്കളേം കൂട്ടി വന്നിട്ടുണ്ട്.

 

എല്ലാവർക്കും ഓടി നടന്ന് ഓരോന്ന് ഉണ്ടാക്കി കൊടുക്കാൻ ഞാൻ ഒരുത്തി മാത്രം ഉണ്ട്.

 

ഒരെണ്ണത്തിനും ഇങ്ങോട്ട് വന്ന് സഹായിക്കാൻ വയ്യ. അവിടെ ഇരുന്ന് ഓർഡർ ചെയ്താൽ മാത്രം മതിയല്ലോ. താൻ വേലക്കാരിയെ പോലെ എല്ലാം ചെയ്ത് കൊടുക്കണം.

 

ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ട് ഇവിടെ ഉള്ളവർക്ക് തന്നോട് എന്തും ആവാം എന്നാണ് വിചാരം.

 

രണ്ട് വർഷം മുൻപാണ് അനാഥയായ എന്നെ ശരത്തേട്ടൻ വിവാഹം കഴിച്ചു കൊണ്ട് വന്നത്. അച്ഛനും അമ്മയും ഒരു ആക്‌സിഡന്റ് ൽ മരിച്ച ശേഷം അമ്മായിടെ വീട്ടിൽ വേലക്കാരിയെ പോലെ കഴിഞ്ഞു വരുകയായിരുന്നു. ഒരു തുണിക്കടയിൽ ബില്ലിംഗ് ജോലിയും ഉണ്ടായിരുന്നു. ഒരിക്കൽ കടയിൽ വന്ന് ശരത്തേട്ടൻ എന്നെ കണ്ട് ഇഷ്ടപ്പെട്ടിട്ട് അമ്മായിയോട് വന്ന് പെണ്ണ് ചോദിച്ചു.

 

കല്യാണം നടത്തി തരാനുള്ള പൈസ ഒന്നും ഇല്ലെന്ന് പറഞ്ഞ് അമ്മായി ഒഴിഞ്ഞു. വേണോങ്കി സ്വന്തം ചിലവിൽ കെട്ടികൊണ്ട് പൊക്കോന്ന് പറഞ്ഞപ്പോൾ ശരത്തേട്ടൻ എന്നെ രജിസ്റ്റർ മാര്യേജ് ചെയ്തു.

 

അഷ്ടിക്ക് വിലയില്ലാത്ത എന്നെ കെട്ടിയത് ഏട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും ഒന്നും ഇഷ്ടമായില്ല. ഏട്ടന് ഗൾഫിൽ നല്ല ശമ്പളമുള്ള ജോലിയാണ്. നല്ല സ്ത്രീധനം കിട്ടുന്ന വീട്ടിൽ നിന്ന് ഏട്ടനെ പെണ്ണ് കെട്ടിക്കാൻ ആയിരുന്നു ഇവിടെ എല്ലാവർക്കും ഇഷ്ടം. പക്ഷേ എന്നെ മതിയെന്ന് ഏട്ടൻ ഒരേ വാശിയിൽ നിന്നു.

 

ശരത്തേട്ടന്റെ അച്ഛൻ മരിച്ചുപോയി. അമ്മയും രണ്ട് പെങ്ങന്മാരും ആണ് ഉള്ളത്. ഞങ്ങളെ കല്യാണം കഴിഞ്ഞു ഒരു മാസത്തെ അവധി തീർന്നപ്പോൾ തിരിച്ചു പോയതാണ് ഏട്ടൻ. രണ്ട് വർഷം കഴിഞ്ഞുള്ള വരവാണ്. മൂന്നു മാസത്തെ ലീവിനാണ് വരുന്നത്.

 

വീഡിയോ കാളിൽ എന്നും കാണുമെങ്കിലും നേരിൽ കാണാൻ പറ്റാത്ത സങ്കടം രണ്ടാൾക്കും ഉണ്ട്.

 

ശരത്തേട്ടൻ പോയപ്പോൾ മുതൽ ഇവിടെ ഉള്ളവർ എന്നെ ഒരു വേലക്കാരിയെ പോലെയാണ് കാണുന്നത്. ഒന്നും ഏട്ടനെ അറിയിച്ചു ഞാൻ സങ്കടപ്പെടുത്തിയിട്ടില്ല.

 

രാവിലെ എഴുന്നേറ്റ് അമ്മയ്ക്കും എനിക്കുമുള്ള ആഹാരമൊക്കെ ഉണ്ടാക്കി എല്ലാ ജോലിയും തീർത്തിട്ടാണ് ജോലിക്ക് പോകുന്നത്. കല്യാണം കഴിഞ്ഞിട്ടും ഞാൻ ജോലി വിട്ടിട്ടില്ല. അമ്മയ്ക്ക് ഇഷ്ടമില്ലെങ്കിലും അത് മാത്രം ഞാൻ കാര്യമാക്കിയില്ല. അതിന്റെ മുറുമുറുപ്പുണ്ട്.

 

ശാരിക്ക് കടുപ്പത്തിൽ ഒരു ചായ വേണം. അവൾക്ക് നല്ല തലവേദന ഉണ്ട്.

 

അമ്മായി അമ്മ ഭവാനി അടുക്കള വാതിൽക്കൽ വന്ന് പറഞ്ഞു.

 

ഇപ്പോ എടുക്കാം.

 

അത് കഴിഞ്ഞു സിന്ധുന്റേം ശാരിയുടെയും പിള്ളേർക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കണം. പിള്ളേർക്ക് വിശക്കും.

 

ശരി അമ്മേ.

 

ശാരിക്ക് ചായ ഇട്ട് കൊടുത്തു. സിന്ധും ശാരിയും ഏട്ടന്റെ സഹോദരിമാരാണ്. അവരെ പിള്ളേർക്ക് പഴം പൊരി ഉണ്ടാക്കി കൊടുത്തു. അത് കണ്ടപ്പോൾ എല്ലാർക്കും വേണോന്നായി.

 

ഒരാൾക്ക് ചായ ഒരാൾക്ക് കാപ്പി ഒരാൾക്ക് കട്ടൻ ഒരാൾക്ക് പാല് ഒരാൾക്ക് മധുരം കൂട്ടി ഓരോരുത്തരും ഓരോ ടേസ്റ്റ്. വെറുതെ ഇരുന്ന് ഓർഡർ ഇട്ടാൽ മതി അവർക്ക്. പട്ടിയെ പോലെ പണിയെടുക്കാൻ ഞാൻ മാത്രം. ചോദിക്കാനും പറയാനും ആരുമില്ല, കൈയ്യിൽ പൈസയുമില്ല. അതുകൊണ്ട് എല്ലാർക്കും എന്തും പറയാനും വിഷമിപ്പിക്കാനുമുള്ള ചെണ്ടയാണ് ഞാൻ.

 

ശരത്തേട്ടൻ വരുമ്പോ ഈ കഷ്ടപ്പാട് കുറച്ചു കുറയും. അതാണ് ആശ്വാസം. ഏട്ടൻ കൊണ്ട് വരുന്ന പെട്ടിയിലുള്ളത് പങ്കിട്ടു എടുത്തു കൊണ്ട് പോകാനാണ് ഈ വരവ്. പിന്നെ എനിക്കെന്തൊക്കെ കൊണ്ട് വന്നെന്ന് അറിയാനും.

 

ഗൾഫിൽ നിന്ന് ഏട്ടൻ അമ്മയ്ക്കും എനിക്കും വെവ്വേറെ പൈസ അയച്ചാലും എനിക്ക് അയക്കുന്നത് കൂടി അമ്മ പിടിച്ചു വാങ്ങി വയ്ക്കും. അതൊന്നും ഏട്ടനോട് ഞാൻ പറയാറില്ല. അല്ലെങ്കിലും എനിക്ക് ഏട്ടന്റെ പൈസ വേണ്ട. ഞാൻ ജോലി ചെയ്യുന്നുണ്ടല്ലോ എനിക്ക് എന്തെങ്കിലും വാങ്ങാൻ ആരോടും കൈ നീട്ടണ്ടല്ലോ.

 

ഏട്ടൻ ഇന്ന് വൈകുന്നേരം എത്തും. അതുകൊണ്ട് ഞാൻ ഇന്ന് ജോലിക്ക് പോയില്ല. ഏട്ടന് ഇഷ്ടമുള്ള എല്ലാം ഉണ്ടാക്കി വച്ച് കാത്തിരുന്നു. അളിയന്മാർ രണ്ട് പേരും കൂടിയാണ് എയർപോർട്ടിൽ വിളിക്കാൻ പോയേക്കുന്നത്.

 

സന്ധ്യ കഴിഞ്ഞപ്പോൾ ഏട്ടൻ എത്തി. വലിയ പെട്ടികൾ അളിയന്മാർ തന്നെ താങ്ങി കൊണ്ട് അകത്തു വച്ചു.

 

ഞാൻ കണ്ണ് നിറച്ച് ഏട്ടനെ നോക്കി നിന്നു. പോയ പോലെ തന്നെ. ഒരു മാറ്റവും ഇല്ല.

 

എല്ലാവരും ഏട്ടന്റെ ചുറ്റും കൂടിയിട്ടുണ്ട്. നന്നായി ഒന്ന് കൺ കുളിർക്കേ കാണാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല.

 

അപ്പോ ഇനി സംസാരം കുളിച്ചിട്ടാവാം. മീനു… എനിക്ക് തോർത്തും മുണ്ടും എടുത്തു താ.

 

ഏട്ടൻ എന്നെ നോക്കി ആരും കാണാതെ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

 

മോൻ പോയി കുളിച്ചു വാ. അപ്പോഴേക്കും ഞാൻ ചായയും പലഹാരവുമൊക്കെ എടുത്തു വയ്ക്കാം.

 

ഭവാനി അമ്മ പറഞ്ഞു.

 

ശരത്തേട്ടൻ മുറിയിലേക്ക് പോയി. പിന്നാലെ ഞാനും. അലമാരയിൽ നിന്ന് ഏട്ടനുള്ള തോർത്ത് എടുക്കുമ്പോൾ ഏട്ടൻ വന്നെന്റെ പിന്നിലൂടെ കെട്ടിപിടിച്ചു.

 

എത്ര നാളായി പെണ്ണെ നിന്നെ ഒന്ന് കണ്ടിട്ട്.

 

പിൻകഴുത്തിൽ ഉമ്മ വച്ച് കൊണ്ട് ഏട്ടൻ എന്നെ കെട്ടിപിടിച്ചു.

 

ആ സ്നേഹ ചൂടിൽ ഞാനും ലയിച്ചു പോയി. തിരിഞ്ഞു ഏട്ടന്റെ നെഞ്ചിൽ മുഖം ചേർക്കുമ്പോ ഞാൻ കരഞ്ഞു പോയി.

 

എന്തിനാ മീനു കരയണേ.

 

സന്തോഷം കൊണ്ട ഏട്ടാ.

 

നീ ഒരുപാട് മെലിഞ്ഞു പോയി.

 

ഏട്ടൻ പോയത് പോലെ തന്നെ.

 

ശരത് അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. മീനുവിന്റെ പിടയ്ക്കുന്ന മിഴികളിൽ നോക്കി ആ ചുണ്ടിൽ അരുമയായി ചുംബിച്ചു. ഒത്തിരി നാളുകൾക്ക് ശേഷമുള്ള കണ്ട് മുട്ടൽ ആയതു കൊണ്ട് ഇരുവരും ഗാഡമായി പുണർന്നു ആവേശത്തോടെ പരസ്പരം ചുണ്ടുകൾ നുകർന്നു. അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ തഴുകി തലോടി. മാറിൽ അമർത്തി ഞെരിച്ചും ഇടുപ്പിൽ കയ്യമർത്തി നഗ്നമായ വയറിൽ നുള്ളി അവളെ അവൻ ചെറുതായി വേദനിപ്പിച്ചു.

 

കഷ്ടിച്ച് ഒരു മാസത്തെ മധുവിധു കഴിഞ്ഞു പിരിഞ്ഞവരാണ്. വികാരമടക്കി കാത്തിരുന്നത് എല്ലാം കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ അവൾ വിട്ട് മാറി.

 

ഏട്ടാ… വിട്ടേ… അവിടെ എല്ലാരും ഉണ്ട്. എന്നെ അങ്ങോട്ട്‌ കണ്ടില്ലെങ്കിൽ തെറ്റിദ്ധരിക്കും. ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.

 

കുറച്ചു കഴിഞ്ഞു പോകാം.

 

അവൻ അവളെ പിടിച്ചു വച്ചു.

 

കുളിച്ചു വാ… എല്ലാം ഇനി രാത്രി മതി. ഇനി നിന്നാൽ ശരിയാവില്ല.

 

ഏട്ടനെ തള്ളി മാറ്റി ഞാൻ അടുക്കളയിലേക്ക് ഓടി.

 

അവിടെ ചെല്ലുമ്പോ അമ്മേം പെങ്ങന്മാരും കൂടി എല്ലാം അവരാണ് ചെയ്തതെന്ന ഭാവത്തിൽ മേശപ്പുറത്തു നിരത്തുകയാണ്.

 

ഏട്ടൻ കുളിച്ചു വന്ന് ഇരുന്നപ്പോൾ അമ്മ ചായ കൊണ്ട് കൊടുത്തു. പെങ്ങന്മാർ രണ്ടും അപ്പുറം ഇപ്പുറം നിന്ന് പലഹാരങ്ങൾ മത്സരിച്ചു കൊടുക്കുന്നുണ്ട്.

 

ഏട്ടൻ വരുന്നത് അറിഞ്ഞു ഞങ്ങളും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ് എല്ലാം. സിന്ധു പറഞ്ഞു.

 

രുചി ഉണ്ടോ ഏട്ടാ. ശാരി ചോദിച്ചു.

 

എന്റെ ഭാര്യ ഉണ്ടാക്കിയത് കഴിച്ചാൽ എനിക്ക് അറിഞ്ഞൂടെ. അവൾ എന്ത് ഉണ്ടാക്കിയാലും. മോശമാവില്ലല്ലോ.

 

ശരത്തേട്ടൻ സ്നേഹത്തോടെ എന്നെ നോക്കിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.

 

അമ്മയും പെങ്ങന്മാരും നാണം കെട്ടുപോയി.

 

പെട്ടി പൊട്ടിക്കുന്നില്ലേ അളിയാ.

 

രാത്രി ഏട്ടൻ കിടക്കാൻ ഒരുങ്ങിയപ്പോ സിന്ധുവിന്റെ ഭർത്താവ് ചോദിച്ചു.

 

അത് നാളെ പൊട്ടിക്കുന്നുള്ളു. കുപ്പി ഒന്നും ഇത്തവണ കൊണ്ട് വന്നില്ല. അതോണ്ട് അളിയന്മാർ അതും നോക്കിയാണ് നിന്നെങ്കിൽ പോയി കിടന്ന് ഉറങ്ങിക്കോ. എന്റെ കല്യാണം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഇടയ്ക്കുള്ള വെള്ളമടി നിർത്തി. മീനുവിനും അത് ഇഷ്ടമല്ല.

 

ശരത് പറഞ്ഞ കേട്ട് അളിയന്മാരെ മുഖം ഇരുണ്ടു.

 

നീ ഇപ്പഴേ അച്ചി കോന്തൻ ആയോ. വല്ലപ്പോഴും കുടിച്ചൂന്ന് വച്ച് ഒന്നും സംഭവിക്കാൻ പോണില്ല.

 

അമ്മയാണ്.

 

ഏട്ടൻ കുപ്പി കൊണ്ട് വന്നില്ലെങ്കിൽ സാരമില്ല… ഇവർക്ക് ഇവിടുന്ന് മേടിച്ചു കൊടുക്ക്. വന്നിട്ട് ഇത്രയെങ്കിലും ചെയ്യ്.

 

ഈ വീട്ടിൽ ഇനി ആരും കുടിക്കേം വലിക്കേം ഒന്നും വേണ്ട. അതെല്ലാം ഞാൻ ഒഴിവാക്കിയത.

 

അത് കേട്ട് എല്ലാവരും നിരാശരായി.

 

ഞങ്ങൾക്ക് എന്താ ഏട്ടൻ കൊണ്ട് വന്നേ. അതെങ്കിലും എടുത്ത് താ.

 

നിങ്ങളൊക്കെ ഞാൻ ഇത്രയും കാലം കൊണ്ട് വന്നതൊക്കെ വാങ്ങി പോയ പിന്നെ അടുത്ത വരവിൽ അല്ലെ ഇങ്ങോട്ട് വരുന്നത്. എല്ലാർക്കും എന്റെ പണവും ഞാൻ കൊണ്ട് വരുന്നതും മതിയെന്ന് നേരത്തെ തന്നെ എനിക്ക് മനസ്സിലായത് ആണ്. അതുകൊണ്ട് ഇത്തവണ ആർക്കും ഞാൻ ഒന്നും കൊണ്ട് വന്നിട്ടില്ല. അതിനുള്ളിൽ എന്റെ ഡ്രെസ്സുകൾ മാത്രം ഉള്ളു. ഇനി ഞാൻ അങ്ങോട്ട്‌ പോണില്ല. ഇവിടെ ഒരു ബിസിനസ്‌ തുടങ്ങാമെന്ന് വച്ചു. അതുകൊണ്ട് വെറുതെ ഓരോന്നു വാങ്ങി കാശ് കളയാൻ നിന്നില്ല. നിങ്ങളൊക്കെ എന്റെ കയ്യിൽ നിന്ന് കുറെ വാങ്ങിയതല്ലേ. ഇനി ഇങ്ങോട്ട് കുറച്ചൊക്കെ സഹായിക്കേണ്ടി വരും.

 

പിന്നെ ഞാൻ എന്റെ ഭാര്യയ്ക്ക് അയച്ചു കൊടുക്കുന്ന പൈസയൊക്കെ അമ്മ വാങ്ങി വച്ചിട്ടുണ്ടാവുമല്ലോ. അതൊക്കെ ഇങ്ങ് തന്നേക്ക്. ആവശ്യം വരും എനിക്ക്.

 

അത്രയും പറഞ്ഞ് ശരത് മുറിയിൽ പോയി. അവന്റെ തീരുമാനം അറിഞ്ഞു മീനുവിന് ഒത്തിരി സന്തോഷം തോന്നി. താൻ ഒന്നും പറയാതെ തന്നെ തന്റെ ഭർത്താവ് തന്നെ മനസ്സിലാക്കിയതിൽ മീനു സന്തോഷിച്ചു.

 

പിറ്റേന്ന് രാവിലെതന്നെ ഭാര്യമാരെയും കൂട്ടി അളിയന്മാർ സ്ഥലം വിട്ടു. എങ്ങാനും സഹായിക്കേണ്ടി വന്നാലോ എന്ന് കരുതി മുങ്ങിയതാണ്.

 

ഭവാനി അമ്മയും അതോടെ ഒതുങ്ങി.

 

ജീവിതം സന്തോഷത്തോടെ പോകാൻ തുടങ്ങിയപ്പോൾ മീനുവിനും സമാധാനമായി. പ്രിയപ്പെട്ടവൻ ഒപ്പമുണ്ടല്ലോ…

 

ശിവ

Leave a Reply

Your email address will not be published. Required fields are marked *