(രചന: ആവണി)
” ഇനി.. നമ്മളൊരിക്കലും കാണില്ലായിരിക്കും.. അല്ലെ…!”
കണ്ണീർ തളം കെട്ടി നിൽക്കുന്ന മുഖത്തോടെ പ്രവീണ അത് ചോദിക്കുമ്പോൾ മറുപടി ഇല്ലാതെ രഞ്ജു തല താഴ്ത്തി.
” നീ.. പറഞ്ഞിട്ടല്ലേ ഞാൻ.. ”
വാക്കുകൾ അവന്റെ തൊണ്ടയിൽ കുടുങ്ങി. അത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. സ്വയം പരിഹസിച്ചു കൊണ്ടുള്ള ഒരു ചിരി..
” ശരിയാ.. ഞാൻ പറഞ്ഞിട്ടാ.. എനിക്ക് വിഷമം ഒന്നൂല്ലേടാ.. പിന്നെ.. എന്തൊക്കെയോ ഓർക്കുമ്പോൾ ചെറിയൊരു വേദന.. അത്രേ ഉള്ളൂ..”
അവളുടെ ആ വാക്കുകളിൽ അവൾ മറച്ചു പിടിച്ചിരിക്കുന്നത് എത്ര വല്യ വേദന ആണെന്ന് അവനു മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
അല്ലെങ്കിലും കഴിഞ്ഞ കുറെ വർഷത്തെ പ്രണയം ഒരു വാക്കിനു മേൽ ഇല്ലാതാവുമ്പോൾ ഇങ്ങനെ അല്ലാതെ എങ്ങനെ പ്രതികരിക്കാനാണ്..!
മാളുവും അരവിന്ദും. അത്രത്തോളം പരസ്പരം സ്നേഹിച്ചവർ. പരസ്പരം ഒന്നിക്കാൻ വിധി അനുവദിക്കാതെ പോയ രണ്ടുപേർ..!
ആ ഗ്രാമത്തിലെ പൂവിനും പുൽകൊടിക്കും പോലും അറിയാവുന്നതായിരുന്നു മാളുവിന്റെയും അരവിന്ദന്റെയും പ്രണയം. ചെറുപ്പം മുതൽക്കേ ഒന്നിച്ച് കളിച്ചു വളർന്നവർ ആയിരുന്നു അവർ.
അതിനെക്കാൾ ഏറെ അയൽവക്കത്ത് തന്നെയായിരുന്നു അവരുടെ താമസം. അതുകൊണ്ടുതന്നെ പരസ്പരം കാണുന്നതിനോ മിണ്ടുന്നതിനു ഒന്നും യാതൊരു തരത്തിലുള്ള തടസ്സങ്ങളും അവർക്കിടയിൽ ഉണ്ടായിരുന്നില്ല.
ചെറുപ്പകാലത്ത് അവർ തമ്മിൽ സൗഹൃദം മാത്രമായിരുന്നു നിലനിന്നിരുന്നത്.
പക്ഷേ അവർ ഇരുവരും ഹൈസ്കൂളിലേക്ക് എത്തിക്കഴിഞ്ഞപ്പോൾ അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു സൗഹൃദത്തിനപ്പുറം മറ്റൊരു ഭാവം തങ്ങൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന്.
ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് അവരിൽ ഒരാൾ പോലും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ പരസ്പരം അവർ അത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അവർക്ക് ഇരുവർക്കും വ്യക്തമായി അറിയുകയും ചെയ്യാം.
അവരുടെ ഇഷ്ടത്തെക്കുറിച്ച് അവരുടെ വീട്ടുകാർക്കും അറിയാമായിരുന്നു. അത് ഒരിക്കലും അവരായി തുറന്നു പറഞ്ഞതല്ല. വീട്ടുകാർക്ക് സ്വയം ബോധ്യപ്പെട്ടതാണ്.
പ്രണയം പോലും പരസ്പരം തുറന്നു പറഞ്ഞിട്ടില്ലാത്ത അവർ ഒരിക്കലും തങ്ങൾക്ക് വിവാഹം കഴിക്കണമെന്ന് വീട്ടിൽ പറയില്ലല്ലോ.പക്ഷേ അവർ തമ്മിൽ ഇങ്ങനെ ഒരു ഒളിച്ചു കളി നടക്കുന്നുണ്ട് എന്ന് വീട്ടുകാർ വളരെ പെട്ടെന്ന് തന്നെ കണ്ടുപിടിച്ചു.
” കുട്ടികൾക്ക് അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ അതുതന്നെ നടക്കട്ടെ. അവരുടെ ഇഷ്ടത്തിനനുസരിച്ച് വേണമല്ലോ അവർ ജീവിക്കാൻ. അപ്പോൾ നമ്മുടെ കണ്ണിനു മുന്നിൽ തന്നെ അവർ രണ്ടുപേരും ഉണ്ടാകും. ഒരിക്കലും നമുക്ക് നമ്മുടെ മക്കളെ പിരിയേണ്ടി വരില്ല. ”
അവരുടെ ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ രണ്ട് മാതാപിതാക്കൾക്കും പറയാനുണ്ടായിരുന്നത് അത് തന്നെയായിരുന്നു. അതിനോടൊപ്പം അവർ മറ്റൊരു തീരുമാനം കൂടി എടുത്തിരുന്നു.
” കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക്, നമുക്ക് ഒരു കാര്യം ചെയ്യാം. അവരുടെ ഇഷ്ടം അവർ നമ്മളോട് തുറന്നു പറയുമോ എന്ന് നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം. ”
അരവിന്ദന്റെ അമ്മ അങ്ങനെ ഒരു ആശയം മുന്നോട്ടു വയ്ക്കുമ്പോൾ മറ്റു മൂന്നു പേർക്കും അത് സമ്മതം തന്നെയായിരുന്നു. തങ്ങൾക്ക് മുന്നിൽ ചമ്മി നിൽക്കുന്ന മക്കളെ കാണണമെന്ന് അവർക്ക് വല്ലാതെ ആഗ്രഹം തോന്നി.
വീട്ടുകാർ തമ്മിൽ ഇങ്ങനെയൊരു ചർച്ച നടന്നതോ തങ്ങളുടെ വിവാഹം നടത്താൻ തീരുമാനിച്ചതോ ഒന്നും അവർ രണ്ടുപേരും അറിഞ്ഞിരുന്നില്ല.
ദിവസങ്ങൾ കടന്നു പോയി. രണ്ടുപേരും വിദ്യാഭ്യാസം പൂർത്തിയാക്കി.രണ്ടുപേർക്കും തരക്കേടില്ലാതെ ജോലി കിട്ടുകയും ചെയ്തു.
കാര്യങ്ങളൊക്കെ നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾ തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയാലോ എന്നൊരു ചിന്ത അവർക്ക് ഉണ്ടാകാതെ ഇരുന്നില്ല.
പക്ഷേ പെട്ടെന്നൊരു ദിവസം മാളുവിന്റെ അച്ഛൻ അവളോട് ഒരു കാര്യം ആവശ്യപ്പെട്ടു.
” നാളെ നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. അതുകൊണ്ട് മോള് നാളെ കോളേജിൽ പോകണ്ട. ”
അത് കേട്ടപ്പോൾ അവൾക്ക് ആകെ സങ്കടവും ദേഷ്യവും ഒക്കെ തോന്നി. ഇന്നുവരെ അവളുടെ ജീവിതത്തിൽ അവളുടെ സമ്മതമില്ലാതെ ഒരു തീരുമാനം പോലും അവളുടെ അച്ഛൻ എടുത്തിട്ടില്ല.
അങ്ങനെയുള്ളപ്പോൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത് അവൾക്ക് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
എന്നിട്ടും തനിക്കു വേണ്ടി കഷ്ടപ്പെട്ട് അച്ഛനോട് എതിർത്തു പറയാനും അവൾക്ക് കഴിയില്ലായിരുന്നു. അവൾ ഈ കാര്യം അരവിന്ദനോട് തുറന്നു പറഞ്ഞു.
അവളെ തനിക്ക് നഷ്ടപ്പെടുമോ എന്നൊരു ചിന്തയാണ് ആ നിമിഷം അവനുണ്ടായത്. എന്തുവന്നാലും തങ്ങളുടെ ഇഷ്ടം വീട്ടിൽ തുറന്നു പറയണമെന്ന് ആ നിമിഷം അരവിന്ദൻ ഉറപ്പിച്ചു.
അന്ന് വൈകുന്നേരം രണ്ട് വീട്ടുകാരെയും ഒന്നിച്ച് വിളിച്ചു ചേർത്ത് അരവിന്ദൻ അത് തുറന്നു പറയുക തന്നെ ചെയ്തു.
“ഞങ്ങൾക്ക് രണ്ടാൾക്കും നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. എല്ലാം കേട്ട് കഴിയുമ്പോൾ ഞങ്ങൾ നിങ്ങളെ വഞ്ചിച്ചു എന്നൊന്നും നിങ്ങൾക്ക് ഒരിക്കലും തോന്നരുത്.
കാരണം നിങ്ങളെ ആരെയും പറ്റിക്കണമെന്നും എല്ലാം മറച്ചു വയ്ക്കണം എന്നൊന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ സാഹചര്യം കൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു പോയതാണ്.”
അരവിന്ദൻ ആമുഖം പോലെ പറയുമ്പോൾ തന്നെ അവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മറ്റുള്ളവർക്ക് മനസ്സിലായിരുന്നു. എന്നിട്ടും അത് അറിഞ്ഞില്ല എന്നൊരു ഭാവത്തിലാണ് അവരൊക്കെയും ഇരുന്നത്.
” എനിക്ക് മാളുവിനെയും മാളുവിനു എന്നെയും ഇഷ്ടമാണ്. ഒന്നിച്ച് ജീവിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെയൊക്കെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും വേണം അത് നടക്കാൻ എന്ന് ഞങ്ങൾക്ക് അതിയായ മോഹമുണ്ട്.
അത് സാധിച്ചു തരണം. ഇതുവരെയും ഞങ്ങൾ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല. നിങ്ങളോടാണ് ഞങ്ങൾ ആദ്യമായി ഈ കാര്യം പറയുന്നത്. ”
അരവിന്ദൻ പറഞ്ഞു കഴിഞ്ഞപ്പോൾ നാലുപേരുടെയും മുഖം ഗൗരവത്തിൽ ആയി. അതോടെ അവർക്ക് ആർക്കും താൻ പറഞ്ഞ കാര്യം ഇഷ്ടപ്പെട്ടിട്ടില്ല എന്ന് അരവിന്ദന് ഉറപ്പായി.
അവനും മാളുവിനും വല്ലാത്ത വിഷമം തോന്നി. ഇരുവരുടെയും മുഖം വാടിയത് കണ്ടപ്പോൾ വീട്ടുകാർ പൊട്ടിച്ചിരിച്ചു.
” നിങ്ങളുടെ ഈ ഇഷ്ടമൊക്കെ മുന്നേ തന്നെ ഞങ്ങൾ കണ്ടുപിടിച്ചതാണ്. പിന്നെ നിങ്ങളായിട്ട് തുറന്നു പറയട്ടെ എന്ന് കരുതി ഇതൊന്നും ഇതുവരെ ഇവിടെ അവതരിപ്പിച്ചില്ല എന്ന് മാത്രം.”
മാളുവിന്റെ അച്ഛൻ പറഞ്ഞപ്പോൾ രണ്ടുപേർക്കും വല്ലാതെ ചമ്മൽ തോന്നി.
എന്തായാലും ഒരു കുഴപ്പവുമില്ലാതെ കല്യാണം ഉറപ്പിക്കുന്നു എന്നൊരു കാര്യം കേട്ടപ്പോൾ രണ്ടു പേർക്കും സന്തോഷം തോന്നുന്നുണ്ടായിരുന്നു.
കല്യാണം മുഹൂർത്തം കുറയ്ക്കുന്നതിന്റെ ഭാഗമായി മാളുവിന്റെയും അരവിന്ദന്റെയും ജാതകങ്ങൾ തമ്മിൽ പൊരുത്തം നോക്കാൻ അരവിന്ദന്റെ അമ്മ തീരുമാനിച്ചു.
അതുമായി ജ്യോത്സ്യന്റെ അടുത്ത് പോയപ്പോഴാണ് അവരുടെ ജീവിതം തന്നെ മാറിമറിയുന്ന പ്രവചനങ്ങൾ ഉണ്ടായത്.
മാളുവിന് ഒരിക്കലും ഭർത്താവ് വാഴില്ലത്രേ..അവളെ വിവാഹം കഴിക്കുന്ന പയ്യൻ, ആയുസ്സ് എത്താതെ മരണപ്പെടും എന്ന് ജ്യോത്സ്യൻ പ്രവചിച്ചതോടെ, എങ്ങനെയും അവർ തമ്മിൽ ഒരുമിക്കരുത് എന്ന് മാത്രമാണ് അരവിന്ദന്റെ അമ്മയ്ക്ക് തോന്നിയത്.
അവർ കാര്യങ്ങളൊക്കെ മാളുവിനോടും മാതാപിതാക്കളോടും തുറന്നു പറഞ്ഞു. അതോടൊപ്പം മാളുവിന് മുന്നിൽ കൈകൂപ്പി അവർ അപേക്ഷിച്ചു.
“കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നാണല്ലോ പറയുക.എനിക്കും എന്റെ മോൻ വളരെ പ്രധാനപ്പെട്ടതാണ്.നിന്നെയും എനിക്കിഷ്ടമാണ്.
പക്ഷേ നിങ്ങൾ തമ്മിലുള്ള വിവാഹം നടത്തി തന്ന് എന്റെ മകന്റെ ആയുസ്സ് വെട്ടി കുറയ്ക്കാൻ എനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് ദയവു ചെയ്ത് ഈ ബന്ധത്തിൽ നിന്ന് മോള് പിന്മാറണം. വേണമെങ്കിൽ അമ്മ നിന്റെ കാലു പിടിക്കാം.”
കരഞ്ഞു കൊണ്ട് കൈകൂപ്പി അവർ അത് പറയുമ്പോൾ നിർവികാരതയോടെ നിൽക്കുകയായിരുന്നു മാളു.
എന്തൊക്കെ വന്നാലും അരവിന്ദനെ മരണത്തിന് വിട്ടുകൊടുക്കാൻ മാളു തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് മാളു അരവിന്ദനെ നിർബന്ധിച്ചു.
ആദ്യം ഒന്നും അവൻ അ തിന് തയ്യാറായില്ലെങ്കിലും, അമ്മയുടെയും മാളുവിന്റെയും നി രന്തരമായ നിർബന്ധം നിമിത്തം അവ ൻ തയ്യാറാവുകയായിരുന്നു.
അതിന്റെ തൊട്ടു പി ന്നാലെ തന്നെ അരവിന്ദന് മറ്റൊരു വിവാഹാലോചന അരവിന്ദന്റെ അമ്മ ശരിയാക്കി. അധികം വൈകാതെ അരവിന്ദന്റെ വിവാഹവും ഉണ്ടാകും.
വിവാഹത്തിന് മുൻപ് അരവിന്ദൻ മാളുവിനെ ഒന്ന് കാണാൻ വന്നതായിരുന്നു അന്ന്. അവളുടെ കരഞ്ഞ മുഖം കാണുമ്പോൾ അവനും ആകെ വിഷമം തോന്നുന്നുണ്ടായിരുന്നു.
അവനെ പറഞ്ഞു മനസ്സിലാക്കി വീട്ടിലേക്ക് അയക്കുമ്പോൾ, അവളുടെ മനസ്സിൽ ഒരു ഉറച്ച തീരുമാനം ഉണ്ടായിരുന്നു.
പിറ്റേന്ന് അരവിന്ദന്റെ കല്യാണപ്പുലരിയിൽ, മാളുവിന്റെ വീട്ടിൽ നിന്നുള്ള നിലവിളി കേട്ടു കൊണ്ടാണ് നാട് ഉണർന്നത്.
പ്രിയപ്പെട്ടവനോടൊപ്പം അല്ലാതെ ഒരു ജീവിതം തനിക്ക് സാധ്യമാകില്ല എന്ന് ഉറപ്പായപ്പോൾ അവൾ സ്വയം ദേ ഹം വെ ടിഞ്ഞു.
അവളുടെ മരണവാർത്ത അരവിന്ദൻ അറിയാതിരിക്കാൻ അരവിന്ദന്റെ അമ്മ ശ്രമിച്ചിരുന്നു. അവനെ മുറിയിൽ നിന്ന് പുറത്തിറക്കാതിരിക്കാൻ അവർ ശ്രമിച്ചു.
പക്ഷേ നേരം ഒരുപാട് പുലർന്നിട്ടും അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ഒരു ശ്രമം പോലും നടത്തുന്നില്ല എന്ന് കണ്ടപ്പോഴാണ് അവർക്ക് സംശയം തോന്നിയത്.
അവന്റെ മുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് അകത്തേക്ക് നോക്കുമ്പോൾ, അവന്റെ ദേഹ ത്തെ ഉപേക്ഷിച്ച് ദേഹി പറന്നകന്നു പോയിരുന്നു.