ഏതെങ്കിലും പയ്യനുമായി ആഘോഷിച്ചതാവും ല്ലേ അതിന്റെ ബാക്കിപത്രം ആവും ഈ വയറ്റിൽ കിടക്കുന്നത്

(രചന: J. K)

 

അടുത്ത ആൾ എന്ന് സിസ്റ്റർ വിളിച്ചു പറഞ്ഞപ്പോൾ ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിന് അകത്തേക്ക് കയറി ഷെറിൻ…

 

പുറത്ത് ആശാ വാര്യർ ഗൈനക്കോളജിസ്റ്റ് എന്ന വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിരുന്നു…

 

അകത്തേക്ക് കയറിയതും ഡോക്ടർ അമ്പരന്നു. കാരണം സാധാരണ തന്നെ കാണാൻ വരുന്ന രോഗികളുടെ കൂട്ടത്തിൽ ആരെങ്കിലും ഒക്കെ ഉണ്ടാവാറുണ്ട്…..

 

ഇത് ഒരു പത്തു പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി അതും തനിച്ച്… അവളോട് ഇരിക്കാൻ പറഞ്ഞു ഡോക്ടർ….

 

അവളിരുന്നു….

 

എന്താണ് എന്ന് ചോദിച്ച് അവൾക്കെന്താണ് പറയാനുള്ളത് എന്നത് അറിയാൻ വേണ്ടി ഡോക്ടർ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി…

 

“”” ഡോക്ടർ ഞാൻ ഗർഭിണിയാണ് എനിക്ക് അബോർഷൻ വേണം””

 

അല്പം പോലും ചലിക്കാത്ത മിഴികളോടെ അവൾ ഉത്തരം പറഞ്ഞു അത് കേട്ട് ചെറിയൊരു ഞെട്ടൽ ഡോക്ടറിൽ ഉണ്ടായി എന്നത് സത്യമാണ് ഡോക്ടർ അവളെ തന്നെ തറപ്പിച്ചു നോക്കി…

 

“”‘ ഭർത്താവിനെയും കൂട്ടി വരൂ എങ്കിലേ പറ്റൂ””

 

ഇത്തിരി പരുഷമായിട്ട് തന്നെയാണ് അവളോട് പറഞ്ഞത് അവൾക്ക് യാതൊരു കുലുക്കവും കണ്ടില്ല അതിന് മറുപടിയായി അവൾ പറഞ്ഞു,

 

“”” എന്റെ വിവാഹം കഴിഞ്ഞിട്ടില്ല ഞാൻ കോളേജിൽ പഠിക്കുകയാണ് “”..

എന്ന്..

 

“” ഓഹോ.. കോളേജിൽ ഏതെങ്കിലും പയ്യനുമായി ആഘോഷിച്ചതാവും ല്ലേ അതിന്റെ ബാക്കിപത്രം ആവും ഈ വയറ്റിൽ കിടക്കുന്നത് എന്നിട്ടിപ്പോ അബോർഷൻ വേണമെന്ന്….

 

അപ്പൊ ഒന്നും ആലോചിച്ചില്ലേ ഇത് ഇങ്ങനെയൊക്കെ വരുമെന്ന് ചെറിയ കുട്ടി ഒന്നുമല്ലല്ലോ ഇതിനെപ്പറ്റിയൊക്കെ നിങ്ങൾക്കും ധാരണ കാണുമല്ലോ.. ധാരാളം മുൻകരുതലുകൾ ഉണ്ടല്ലോ??? “””

 

പരിധി വിട്ടു തന്നെയാണ് ഡോക്ടറും സംസാരിച്ചത് കാരണം അവളുടെ കൂസലില്ലായ്മയും ആവശ്യവും അവരെ അത്രമേൽ ചൊടിപ്പിച്ചിരുന്നു…

 

“””” മുൻകരുതൽ എടുക്കാൻ അത് ഉഭയ സമ്മതപ്രകാരമുള്ള ഒന്നല്ലായിരുന്നു അക്ഷരാർത്ഥത്തിൽ അതൊരു ബലാത്സംഗം ആയിരുന്നു “””

 

അത് കേട്ടപ്പോൾ ഡോക്ടർ ആകെ ഒന്ന് ആറി തണുത്തു അവളുടെ കണ്ണിലേക്ക് തന്നെ ഉറ്റുനോക്കി ആ മിഴികളിൽ ചെറുതായി ഒരു നനവ് വന്നുവോ…

ഉവ്വ്….

 

ആ മനസ്സിനെ വല്ലാതെ പിടിച്ച എന്തോ നടന്നിട്ടുണ്ട് അത് അവൾ മനസ്സിൽ ഒതുക്കി പുറമേക്ക് ധൈര്യം അഭിനയിക്കുന്നത് ആകാം….

 

“”” എന്താ ഉണ്ടായത് കുട്ടി തുറന്നു പറയൂ”””

ഡോക്ടർ മയത്തിൽ ചോദിച്ചു….

 

“”” എന്നും കോളേജിലേക്ക് പോകുമ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞ ഒരാൾ പുറകെ നടക്കുമായിരുന്നു…. എനിക്ക് പക്ഷേ അയാളോട് യാതൊരു ഇഷ്ടവും തോന്നിയിരുന്നില്ല… അത് ഞാൻ മറുപടിയായി തന്നെ പറഞ്ഞതാണ്…

 

പക്ഷേ അയാൾ പുറകിൽ നിന്ന് മാറാൻ ഒരുക്കമല്ലായിരുന്നു…. അതുകൊണ്ടുതന്നെ വീട്ടിൽ പറഞ്ഞു… വീട്ടുകാർ പോലീസിലും… പോലീസ് അയാളെ പിടിച്ച് വാണിംഗ് കൊടുത്തു വിട്ടു. അത് അയാളുടെ മനസ്സിൽ ഏറെ ദേഷ്യം നിറച്ചു…

 

കുറച്ചു നാളത്തേക്ക് അയാളുടെ ശല്യം ഇല്ലാതായപ്പോൾ ഞാൻ കരുതി എല്ലാം അവസാനിച്ചു എന്ന് പക്ഷേ ഒരു തക്കതിനായി അയാൾ കാത്തിരിക്കുകയായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു..

 

കോളേജിലെ ആർട്സ് ഡേയ്ക്ക് ഞങ്ങൾ ഡാൻസിന് പങ്കെടുക്കുന്നുണ്ടായിരുന്നു…

 

അതുകൊണ്ടുതന്നെ ക്ലാസ്സ് കഴിഞ്ഞ് കുറച്ചുനേരം പ്രാക്ടീസ് ചെയ്തിട്ടാണ് വീട്ടിലേക്ക് മടങ്ങാറ്. അന്ന് തുടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ കുറച്ചു കൂടുതൽ നേരം ഞങ്ങൾ പ്രാക്ടീസ് ചെയ്തു….

 

അത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ നേരം ഇരുട്ടിയിരുന്നു കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ ആങ്ങള എന്നെ ഞങ്ങളുടെ വീടിനടുത്തുള്ള സ്റ്റോപ്പ്‌ വരെ കൊണ്ട് ചെന്നാക്കി…

 

അവിടെ നിന്നും ഒറ്റപ്പെട്ട റോഡ് ആണ് കുറച്ച് നടക്കാനും ഉണ്ട് വീട്ടിലേക്ക്…

അയാൾ വഴിയിൽ കാത്തു നിന്നിരുന്നു… എന്ത് വേണം എന്നറിയാതെ ഞാൻ നിന്നു….

 

ഒരു ആശ്രയത്തിനായി അടുത്തെങ്ങും ആരും ഇല്ലായിരുന്നു ഉറക്കെ നിലവിളിച്ചാൽ പോലും ആരും വരാനില്ല…. എന്നിട്ടും ഉറക്കെ നിലവിളിച്ച് തിരിഞ്ഞു ഓടി…

 

പക്ഷേ അയാൾ പുറകെ വന്ന് എന്നെ അടുത്തുള്ള ഒരു പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലേക്ക് വലിച്ചുകൊണ്ടുപോയി … അവിടെ വച്ച്….. “””

 

അത്രയും പറഞ്ഞപ്പോഴേക്ക് അവൾ കിതയ്ക്കുന്നുണ്ടായിരുന്നു ആകെക്കൂടെ ഒരു പരവേശം ഉള്ളപോലെ…. പാവം തോന്നി എനിക്ക് അവളോട്…

 

സിസ്റ്ററിനോട് പറഞ്ഞു അവൾക്ക് വെള്ളം എത്തിച്ചു കൊടുത്തു

 

“”” കറക്റ്റ് ആണ് എനിക്ക് പീരീഡ്സ്… അത് തെറ്റിയപ്പോഴാണ് സംശയം തോന്നിയത് ഉടൻ ഞാൻ പരിശോധിച്ചു നോക്കി…അപ്പോ….”””

 

“””കുട്ടി ഇത് വീട്ടിൽ ആരോടും പറഞ്ഞില്ലേ??.. ഇത്രയും കാത്തു നിൽക്കണ്ടായിരുന്നു അപ്പോൾ തന്നെ പല മാർഗങ്ങളുമുണ്ട്… വിത്ത്‌ ഇൻ സം ഹവേഴ്സ്…ചെയ്താൽ ഒന്നും സംഭവിക്കില്ലായിരുന്നു…””

 

“”” എനിക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു…. ആകെ കൂടെ ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു… റേപ്പ് നടന്ന വിവരം ഞാൻ വേണ്ടപ്പെട്ടവരെ അറിയിച്ചതാണ്… “””

 

“”എന്നിട്ട്???””””

 

എന്ന് ചോദിച്ചപ്പോൾ പുച്ഛത്തോടെ അവളൊന്നു ചിരിച്ചു..

 

“”” എനിക്ക് ഉമ്മയല്ലാതെ ആരുമില്ല ഡോക്ടർ!! എന്റെ ഉപ്പ എന്റെ ചെറുപ്പത്തിലെ മരിച്ചതാണ്…. ബന്ധുക്കൾ ആരും ഞങ്ങളുടെ കാര്യങ്ങളിൽ ഒന്നും ഇടപെടില്ല..

 

ഇല്ലാത്ത സമയത്ത് എന്തെങ്കിലും സഹായിക്കേണ്ടി വന്നാലോ… അത് തന്നെയാണ് ഇത്തരത്തിൽ എന്നോട് പെരുമാറാൻ അയാൾക്ക് ധൈര്യമുണ്ടായത്…

 

ഉമ്മയോട് പറഞ്ഞാൽ… എനിക്കറിയില്ലായിരുന്നു ഉമ്മ എങ്ങനെ എടുക്കും എന്ന്.. എന്നിട്ടും ഞാനത് തുറന്നു പറഞ്ഞു ഉമ്മ ഒരു സഹായത്തിനായി വീട്ടിൽ അവരുടെ ആങ്ങളമാരോട് പറഞ്ഞു…

 

അവൻ അവളെ ചീത്തയാക്കിയെങ്കിൽ അയാളെ കൊണ്ട് തന്നെ എന്നെ കെട്ടിക്കാം എന്നതായിരുന്നു അവർ നിർദേശിച്ചത്…..”””

 

അവളത് പറഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞിരുന്നു നിസ്സഹായതയുടെ കണ്ണുനീർ…

 

“”ഉടനെ ആയാൽ പ്രശ്നം ഇല്ല എന്ന് ഒരു സുഹൃത്ത് പറഞ്ഞു… അതുകൊണ്ടാണ് ഞാൻ തന്നെ വന്നത്… ഇനിയും ആരോടും പറയാനുള്ള ധൈര്യം ഇല്ല ഡോക്ടർ ഒരു പക്ഷേ എന്നെ അയാളുടെ തലയിൽ കെട്ടിവെച്ചെക്കും… അതിലും ഭേദം ഞാൻ…”””

 

എന്തു പറയണം എന്നറിയാതെ ഡോക്ടർ ഇരുന്നു…

 

“”” എനിക്ക് അബോഷൻ ചെയ്തേ പറ്റൂ ഡോക്ടർ… അയാൾ ഇപ്പോഴും സമൂഹത്തിൽ നല്ല പിള്ളയായി നടക്കുന്നുണ്ട്…

 

അയാളോടുള്ള പ്രതികാരം ഞാൻ തീർക്കും… വരുന്ന വഴിക്ക് പോലീസിൽ കേസ് ഫയൽ ചെയ്തിട്ടാണ് വരുന്നത്…സമൂഹം അപ്പോഴും എനിക്ക് ഭ്രഷ്ട് കൽപ്പിക്കും…

 

എങ്കിലും കുഴപ്പമില്ല അയാളുടെ മാന്യതയുടെ മുഖംമൂടി എനിക്ക് വലിച്ച് കീറണം… നാളെ ഇതേപോലെ ഉണ്ടാകുന്ന പെൺകുട്ടികൾക്ക് പ്രതികരിക്കാൻ മുന്നേ നടന്നു ഒരു വഴി വെട്ടണം..

 

പക്ഷേ അതുവരേക്കും കാത്തു വക്കാൻ പറ്റുന്നതല്ലല്ലോ ഇത്… ഒരു ജീവൻ നശിപ്പിക്കുന്നത് തെറ്റാണെന്ന് എനിക്ക് ബോധ്യമുണ്ട്… പക്ഷേ ഇത്…. ഈ പാവത്തിന്റെ വിത്തും പേറി എനിക്ക് നടക്കാൻ മനസ്സില്ല ഡോക്ടർ…. “””

 

ആ കണ്ണുകളിൽ കണ്ട തീ.. അയാളെ ചുട്ടെരിക്കാൻ പാകത്തിന് ഉള്ളതായിരുന്നു..

 

ഉമ്മയെ കൂട്ടി വരാൻ നിർദ്ദേശിച്ച് അവളെ പറഞ്ഞു വിട്ടു… ഒപ്പം കൂടെ എന്തിനും ഞാൻ ഉണ്ടാകും എന്നൊരു വാക്കും… കാരണം അവളായിരുന്നു ശരി…

Leave a Reply

Your email address will not be published. Required fields are marked *