ആ ചെക്കനെ ഏതോ പെൺകുട്ടി പ്രേമിച്ച് പറ്റിച്ചുന്ന് ചെക്കൻ കുറെനാൾ ചാകാൻ ഒക്കെ നടന്നതാണത്രെ..

(രചന: അംബിക ശിവശങ്കരൻ)

 

” മോളെ ഇന്നും ആ കുഞ്ഞേലി ഏടത്തി വന്നിരുന്നു. കഴിഞ്ഞതവണ കൊണ്ടുവന്ന ആലോചനയും ആയിട്ട് തന്നെയാ വന്നത്.

 

എന്തായി നമ്മുടെ തീരുമാനമെന്ന് ചോദിച്ചു മോൾ ഒന്നും പറയാതെ ഞാനെങ്ങനെയാ അവർക്ക് വാക്ക് കൊടുക്കാ…

 

സിറ്റൗട്ടിൽ എന്തൊക്കെയോ ആലോചനകളിൽ മുഴുകിക്കൊണ്ടിരുന്ന മൃദുലയെ ഉണർത്തിയത് അമ്മയുടെ ശബ്ദമാണ്.

 

” അമ്മയോട് ഞാൻ പറഞ്ഞതല്ലേ അവരോടിനി ഈ കാര്യം പറഞ്ഞ് ഇങ്ങോട്ട് വരരുതെന്ന് പറയണമെന്ന്. ” അവളുടെ ശബ്ദം കടുത്തു.

 

” നല്ല ആലോചനയാണ് എന്നാ അവര് പറഞ്ഞത് ഇക്കുറി സ്വത്തും പണവും ഇത്തിരി കുറഞ്ഞാലും ചെക്കന്റെ സ്വഭാവം കാര്യായി നോക്കണം എന്ന് ഞാൻ ഏടത്തിയോട് പറഞ്ഞിട്ടുണ്ട്.

 

“നല്ല ആലോചനയാണെന്ന് പറഞ്ഞു തന്നെയല്ലേ ഇതിനുമുന്നും ഒരെണ്ണം കൊണ്ടുവന്നത് ആവശ്യത്തിന് സ്വത്തും പണവും ഗൾഫിൽ നല്ലൊരു ജോലിയും.

 

അത് കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടാണല്ലോ ഇപ്പോൾ വർഷം രണ്ട് തികയുന്നതിന് മുൻപ് എനിക്ക് ഇവിടെ വന്നിരിക്കേണ്ടി വന്നത് ഇനിയും ഞാൻ ഒരു പരീക്ഷണ വസ്തു ആകണമെന്നാണോ?”

 

അവളുടെ ശബ്ദം ഉയർന്നപ്പോൾ അവർ മൗനം പാലിച്ചു. കുറച്ചുനേരത്തെ മൗനത്തിനു ശേഷമാണ് എന്തോ ഓർമ്മ വന്ന പോലെ അവർ തുടർന്നത്.

 

“ആഹ്… നിന്നോട് ഒരു കാര്യം പറയാൻ മറന്നു കുഞ്ഞേലി ഏടത്തിയുടെ വടക്കേല് താമസിക്കുന്ന ശങ്കരേട്ടന്റെ മോനെ നിനക്കറിയില്ലേ നിന്റെ കൂടെ പഠിച്ചതല്ലേ ആ കുട്ടി അവന് സർക്കാർ ജോലി കിട്ടിയെന്ന് റവന്യൂ വിഭാഗത്തിൽ എന്തോ ആണ് ”

 

ആ ചെക്കനെ ഏതോ പെൺകുട്ടി പ്രേമിച്ച് പറ്റിച്ചുന്ന് ചെക്കൻ കുറെനാൾ ചാകാൻ ഒക്കെ നടന്നതാണത്രെ…. പിന്നെ എന്തോ ദൈവകുരുത്തം കൊണ്ട് പഠിച്ച വലിയ നിലയിൽ ആയി പോലും.

 

ഇതൊന്നും പുറത്താർക്കും അറിയില്ല ഏടത്തി എന്നോട് മാത്രമായി പറഞ്ഞതാ നീയും മനസ്സിൽ വെച്ചാൽ മതി കേട്ടോ… കൂട്ടുകാരോടൊന്നും പറയാൻ നിൽക്കണ്ട.

 

എന്നാലും അതൊരു പാവം കുട്ടിയല്ലേ അതിനെ പ്രേമിച്ച് ചതിക്കാൻ മാത്രം മനസ്സിൽ ദുഷ്ട്ടത്തരവും കൊണ്ട് നടക്കുന്നവൾ ആരാണാവോ….

 

അവളൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല. നേരത്തെ ഇവിടെ വന്ന് ചോദിച്ചതാണേൽ കണ്ണും പൂട്ടി ഞാൻ നിന്നെ അവനെ ഏൽപ്പിച്ചേനെ…

 

അത്രയ്ക്ക് സ്വഭാവഗുണമുള്ള കുട്ടിയാണെന്ന ആ കുഞ്ഞേലി ഏടത്തി പറഞ്ഞത്. എന്നാലും ആ പെണ്ണിന്റെയൊക്കെ കണ്ണീർ തോരാതെ പോവുകയുള്ളൂ… ”

 

ശാപവാക്കുകളും ചൊരിഞ്ഞു കൊണ്ട് അവർ അകത്തേക്ക് പോയതും അവളുടെ സിരകളിലൂടെ ഒരു തീനാളം പാഞ്ഞു കയറി.

 

അമ്മയീ ശാപവാക്കുകൾ മുഴുവനും ചൊരിഞ്ഞത് സ്വന്തം മകളുടെ നെറുകയിൽ ആണെന്ന് ആ പാവം അറിയുന്നുണ്ടോ?

 

” അതേ അമ്മേ… അമ്മ പറഞ്ഞപോലെ മനസ്സിൽ ദുഷ്ടതയുള്ള ആ പെൺകുട്ടി ഞാൻ തന്നെയാണ് ആ പാവത്തിനെ ചതിച്ചതിനുള്ള ശിക്ഷയാണ് ഇന്ന് ഞാൻ കുടിച്ചു കൊണ്ടിരിക്കുന്ന കണ്ണീരത്രയും

 

ഒഴിഞ്ഞു മാറി നിന്ന ഹരികൃഷ്ണനെ മനപ്പൂർവ്വം ഈ പ്രണയബന്ധത്തിലേക്ക് വലിച്ചിഴച്ചത് താനായിരുന്നു മനോഹരമായി പാട്ടുപാടാൻ കഴിവുണ്ടായിരുന്ന ഹരിക്ക് സ്വാഭാവികമായും ആരാധകർ ഏറെയായിരുന്നു.

 

സുഹൃത്തുക്കളുടെ മുന്നിൽ ആളാവാൻ വേണ്ടി മാത്രമായിരുന്നു ഹരിയെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കണമെന്ന് വാശി പിടിച്ചത്.

 

ഒടുക്കം ഹരി തന്നെ പ്രണയിച്ചത് ആത്മാർത്ഥമായിട്ടായിരുന്നെങ്കിൽ തനിക്കത് വെറുമൊരു നേരമ്പോക്ക് മാത്രമായിരുന്നു.

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹരിയെ പോലുള്ള ഒരാളുടെ കൂടെയുള്ള ജീവിതം അപ്പോഴൊക്കെ തനിക്ക് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു.

 

അതുകൊണ്ടുതന്നെയാണ് നാട്ടിൽ ആരും അറിയാതെ ഈ പ്രണയബന്ധം രഹസ്യമാക്കി വയ്ക്കണമെന്ന് ഹരിയെ കൊണ്ട് സത്യം ചെയ്യിച്ചതും.

 

ഗൗതമിന്റെ വിവാഹാലോചന തന്നെ തേടിയെത്തിയതോടെയാണ് ഹരി എന്ന വ്യക്തി പിന്നീട് ഒരു ശല്യമായി മാറിയത്.

 

ഓരോ കാരണങ്ങൾ പറഞ്ഞു മനപ്പൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചപ്പോഴൊക്കെയും വിട്ടുപോകാതെ പിന്നെയും പുറകെ വന്നത് തന്നോടുള്ള ഇഷ്ട കൂടുതൽ കൊണ്ട് മാത്രമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം അന്നില്ലാതെ പോയി.

 

അല്ല…. ഗൗതമിന്റെ പണത്തിന്റെയും അന്തസ്സിന്റെയും ത്രാസിലിട്ട് തൂക്കിയപ്പോൾ ഹരിയുടെ സ്നേഹത്തിന് അന്ന് താൻ നൽകിയത് വെറും പുല്ലുവിലയായിരുന്നു.

 

ആദ്യമായി ഒരു പുരുഷന്റെ കണ്ണ്നീർ തന്റെ മുന്നിൽ വീണപ്പോഴും മനസ്സലിവില്ലാത്തവളായി നിന്നത് ആർഭാട ജീവിതത്തോടുള്ള അത്യാർത്ഥി മൂലമായിരുന്നു.

 

അമ്മയുടെ ശാപത്തേക്കാൾ നൂറു മടങ്ങ് ശക്തിയിൽ ഹരിയുടെയും ഹരിയുടെ അമ്മയുടെയും ശാപം തന്റെ തലയ്ക്കു മീതെ വന്നു പതിച്ചിട്ടുണ്ടാകും.

 

അതുകൊണ്ടാവാം തന്റെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ വീണതും ഭർത്താവിന്റെ മറ്റു ബന്ധങ്ങൾ കൺമുന്നിൽ കാണേണ്ടി വന്നതും.”

 

കുറ്റബോധം കൊണ്ട് വെന്തു നീറിയ മനസ്സ് അവളെ വല്ലാതെ അസ്വസ്ഥയാക്കി കൊണ്ടിരുന്നു

 

ഹരിയോട് ഒന്ന് സംസാരിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ഫോണെടുത്ത് ബ്ലോക്ക് ചെയ്തു വച്ചിരുന്ന നമ്പർ വീണ്ടും അൺബ്ലോക്ക് ആക്കി ഡയൽ ചെയ്തത്.

 

മൂന്നാമത്തെ റിങ്ങിനു ശേഷം മറുതലക്കൽ മുഴങ്ങിയ ശബ്ദം കേട്ടതും അവളുടെ ദേഹമാസകലം തളരുന്നത് പോലെ തോന്നി.

 

“ഹലോ ”

 

മറുപടി ഇല്ലാതായപ്പോൾ വീണ്ടും അത് ആവർത്തിച്ചു.

 

” ഹലോ ആരാണ്? ”

 

“ഞാൻ.…. ഞാൻ മൃദുവാണ്.”

 

ഒരു നിമിഷത്തെ മൗനത്തിനുശേഷം വീണ്ടും മറുതലക്കൽ ശബ്ദമുയർന്നു.

 

“ആഹ് പറയു മൃദു..”

പഴയ നമ്പർ അല്ലാത്തതുകൊണ്ട് എനിക്ക് മനസ്സിലായില്ല.

 

” എനിക്ക് ഹരിയെ ഒന്ന് കാണണമെന്നുണ്ട് കുറച്ചു സംസാരിക്കാൻ ഉണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ നമുക്കൊന്ന് കാണാൻ പറ്റുമോ? ”

 

മുൻപ് തന്നെ കാണേണ്ട എന്ന് പറഞ്ഞ അതേ നാവു കൊണ്ട് തന്നെ കാണാൻ പറ്റുമോ എന്ന് ചോദിക്കേണ്ട അവസ്ഥയിലേക്ക് കാലം കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു.

 

” എന്താ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ? ”

 

“ഇല്ല ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം.…”

 

അവൾ നിർത്തി.

 

“ഓക്കേ… നാളെ ഞാൻ ഫ്രീയാണ് പത്ത് മണിക്ക് നേതാജി പാർക്കിൽ എത്തിയാൽ നമുക്ക് കാണാം.”

 

“ഹ്മ്മ് ഞാൻ വരാം.”

 

” ശരി മൃദു നേരിൽ കാണാം ബൈ. ”

 

സംഭാഷണം അവസാനിച്ചതും അവൾ തലയിണയിലേക്ക് മുഖമമർത്തി മൗനമായി കിടന്നു.

 

രാവിലെ നേരത്തെ തന്നെ അവൾ പാർക്കിൽ എത്തിയിരുന്നു. കുറച്ചുസമയത്തേക്ക് കാത്തിരിപ്പിന് ശേഷമാണ് ഹരി അവിടെയെത്തിയത്.

 

തന്റെ മുന്നിലെത്തി ആത്മവിശ്വാസത്തോടെ നിൽക്കുന്ന ഹരിയുടെ കണ്ണിലേക്ക് നോക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല.

 

” എന്തൊക്കെയുണ്ട് മൃദു വിശേഷം? സുഖമാണോ? ”

 

വെറുമൊരു പരിചിതനോടെന്ന മട്ടിലുള്ള അവന്റെ ചോദ്യത്തിന് അതേ എന്ന് അവൾ തലയാട്ടി.

 

” എന്താ കാണണമെന്ന് പറഞ്ഞത്?. ”

 

മുഖത്ത് നോക്കാതെയാണ് അവൾ പറഞ്ഞു തുടങ്ങിയത്.

 

“മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ഹരിയോട് ചെയ്തതെന്ന് എനിക്കറിയാം. ഒരിക്കലും ആ പാപം എന്നിൽ നിന്ന് മാഞ്ഞു പോകില്ല.

 

ഹരി എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഈ ലോകത്ത് ഹരി മാത്രമേ എന്നെ അത്ര ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളൂ. എന്നിട്ടും….

 

സമ്പത്തിനോടുള്ള അത്യാഗ്രഹം മൂലം ഹരിയെ ഞാൻ ഒരുപാട് വേദനിപ്പിച്ചു ഹരിയുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ചു ഹരിയുടെ കണ്ണീരിന്റെ ശാപമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.

 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

 

” ഹേയ്… എന്താ മൃദു അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ഇനി അതൊക്കെ ഓർത്തിട്ട് എന്താ കാര്യം? താൻ അതൊക്കെ മറന്നേക്കു എന്നിട്ട് സന്തോഷമായി ജീവിക്ക്”

അവനവളെ ആശ്വസിപ്പിച്ചു

 

“എനിക്ക്…. എനിക്കതിന് പ്രായശ്ചിത്തം ചെയ്യണമെന്നുണ്ട്. ഇപ്പോഴും… ഇപ്പോഴും മനസ്സിൽ എന്നോട് പഴയ ഇഷ്ടം ബാക്കിയുണ്ടെങ്കിൽ കൂടെ ജീവിക്കാൻ ഞാൻ തയ്യാറാണ്.

 

പറഞ്ഞു നിർത്തിയതും അവൾ ഒന്നു കിതച്ചു അപ്പോഴും അവന്റെ മുഖത്ത് ഒരു ചിരി മായാതെ നിന്നു.

 

” ഇല്ല മൃദു… ഈ പറഞ്ഞത് ഇനിയൊരിക്കലും സംഭവിക്കില്ല”

 

പറഞ്ഞത് അവിവേകമായി എന്ന മട്ടിൽ അവൾ തലകുനിച്ചു.

 

” അത് ഒരിക്കൽ തന്റെ വിവാഹം കഴിഞ്ഞതുകൊണ്ടോ ഭർത്താവ് ഉപേക്ഷിച്ചത് കൊണ്ടോ ഒന്നുമല്ല.

 

ഇന്നലെ ഞാൻ മൃദുവിന് യോഗ്യനല്ലായിരുന്നത് എനിക്ക് അന്തസ്സില്ലാത്തതുകൊണ്ടായിരുന്നു. എന്നെക്കാൾ മികച്ച ഒരാൾ വന്നപ്പോൾ എന്റെ സ്നേഹം കണ്ടില്ലെന്നു നടിച്ച് മൃദു പോയി.

 

എനിക്കൊരു നിലയായപ്പോൾ തിരികെ വന്ന മൃദു നാളെ എന്നെക്കാൾ മികച്ച ഒരാളെ കിട്ടിയാൽ പോകില്ലെന്ന് എന്താണ് ഉറപ്പ്?

 

അവന്റെ ചോദ്യത്തിന് മുന്നിൽ തന്റെ ആത്മാഭിമാനം മാഞ്ഞു പോകുന്നതുപോലെ അവൾക്ക് തോന്നി.

 

” മൃദു പറഞ്ഞില്ലേ എന്റെ കണ്ണീരിന്റെ ശാപമാണ് എന്ന്. മൃദു പോയതിനുശേഷം ഞാൻ കരഞ്ഞിട്ടുണ്ട്.. ആൺകുട്ടികൾ കരയാൻ പാടില്ലത്രേ… അതുകൊണ്ട് ആരും കാണാതെ പൊട്ടിപ്പൊട്ടി കരഞ്ഞിട്ടുണ്ട്.

 

ഉറക്കമില്ലാതെ തലയിണ കടിച്ചമർത്തി ഉള്ളിലെ വിഷമം ആരും കാണാതെ കൊണ്ട് നടന്നിട്ടുണ്ട്. അപ്പോഴും മനസ്സുകൊണ്ട് പോലും ഞാൻ തന്നെ ശപിച്ചിട്ടില്ല എനിക്കതിന് കഴിയുമായിരുന്നില്ല.

 

ഒരു ഭ്രാന്തനെ പോലെ മുറിക്കുള്ളിൽ അലയുന്ന മകനെ കണ്ട് എന്റെ അമ്മയും അച്ഛനും എത്ര രാത്രി കണ്ണീർ വാർത്തിട്ടുണ്ടെന്നോ..

 

സ്വയം മുറിവേൽപ്പിച്ച് ആശ്വാസം കണ്ടിരുന്ന ഞാൻ പിന്നീട് രണ്ടുവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജയപ്പെട്ടതോടെയാണ് ഉറക്കമില്ലാതെ പാവങ്ങളായ എന്റെ അച്ഛനും അമ്മയും എനിക്ക് കാവൽ ഇരിക്കാൻ തുടങ്ങിയത്.

 

പിന്നീട് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിക്കാൻ തുനിഞ്ഞ എന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞ അമ്മയുടെ മുഖമാണ് എന്നെ വീണ്ടും ജീവിതത്തിലേക്ക്തിരികെ കൊണ്ടുവന്നത്.

 

ജന്മം നൽകിയ അമ്മ തന്റെ മകന്റെ കാൽക്കൽ വീണ് കേണപേക്ഷിക്കുന്നത് കാണേണ്ടി വരുന്നത്ര ഒരു വേദനയും ഈ ലോകത്തിൽ ഇല്ലെന്ന് അന്നെനിക്ക് തിരിച്ചറിവുണ്ടായി.

 

അന്ന് ഞാൻ മനസ്സിൽ ശപഥം എടുത്തതാണ് എന്നെ ഇത്രയേറെ സ്നേഹിക്കുന്ന എന്റെ മാതാപിതാക്കളുടെ കണ്ണീർ ഇനി ഞാൻ കാരണം മണ്ണിൽ വീഴാൻ കാരണമാകില്ലെന്ന്.

 

പിന്നീട് ഒരുതരം വാശിയായിരുന്നു ജീവിതത്തോട് അതിന്റെ ഭാഗമായിരുന്നു പഠനവും ഈ ജോലിയും പിന്നീടും ഒരുവട്ടം കൂടി ഞാൻ എന്റെ അമ്മയുടെ കണ്ണുനിറഞ്ഞു കണ്ടു. അത് എന്റെ അപ്പോയിൻമെന്റ് ഓർഡർ കയ്യിൽ വെച്ച് കൊടുത്തപ്പോഴുള്ള സന്തോഷം കൊണ്ടായിരുന്നു.

 

ഒരുപക്ഷേ താൻ നൽകിയ വേദനയാണ് പിന്നീട് എനിക്ക് ജീവിക്കാൻ ഊർജ്ജം നൽകിയത് ഒന്നുമല്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ തന്റെ മുന്നിൽ എന്തെങ്കിലും ആയിത്തീരുമെന്ന് ഞാൻ എന്റെ മനസ്സാക്ഷിക്ക് കൊടുത്ത വാക്കാണ്. അത് ഞാൻ പാലിച്ചു.

 

ഇനി എന്റെ ഭാവിവധുവിനെ എന്റെ അച്ഛനും അമ്മയും കണ്ടു പിടിക്കട്ടെ അവർക്ക് ഒരിക്കലും പിഴക്കില്ല എനിക്ക് പിഴച്ചത് പോലെ…

 

എന്നാൽ ശരി മൃദു പോയിട്ട് കുറച്ച് തിരക്കുണ്ട്.”

 

അവളെ മറികടന്ന് മുന്നിലേക്ക് നടക്കുമ്പോൾ എന്തെല്ലാമോ ഭാരങ്ങൾ ഇറക്കി വെച്ചതുപോലെ അവന് തോന്നി. ചിലപ്പോഴൊക്കെ നഷ്ടങ്ങൾ നല്ലതാണ് മികച്ചതൊന്ന് വന്നുചേരാൻ വേണ്ടി.

Leave a Reply

Your email address will not be published. Required fields are marked *