(രചന: അംബിക ശിവശങ്കരൻ)
ഹോസ്റ്റലിൽ നിന്നെത്തിയതും അപർണ പതിവുപോലെ അടുക്കളയിലേക്കാണ് ഓടിയത്.
മൺചട്ടിയിൽ നെയ്യ് തെളിഞ്ഞു നിൽക്കുന്ന മാങ്ങയിട്ടു വെച്ച തലേ നാളത്തെ മീൻകറിയും, തനിക്ക് ഏറെ പ്രിയമുള്ള വാഴക്കുടപ്പൻ കൊത്തിയരിഞ്ഞ് തേങ്ങയിട്ടു ചിക്കിയ തോരനും,
വെളിച്ചെണ്ണയുടെ വാസന മുൻതൂക്കം നിൽക്കുന്ന ചെറിയ കുമിളകൾ ഉള്ള പപ്പടവും, കടുമാങ്ങ അച്ചാറും കണ്ടപ്പോൾ തന്നെ അവളുടെ നാവിൽ ഒരു കുടം വെള്ളമൂറി.
ജോലി കിട്ടി വീട് മാറി നിൽക്കേണ്ടി വന്ന ശേഷം ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് അമ്മയുടെ കൈകൊണ്ട് വെച്ചുണ്ടാക്കിയ ഭക്ഷണമാണ്.
ഹോസ്റ്റലിലെ ടൈംടേബിൾ ഫുഡ് കഴിച്ചു മടുക്കുമ്പോൾ ഒക്കെയും അമ്മയുടെ ഭക്ഷണത്തിന്റെ സ്വാദ് നാവിലേക്ക് ഓടി എത്താറുണ്ട്.
ജോലി പോയാലും സാരമില്ല വീട്ടിൽ പോയി നിന്നാലോ എന്ന് വരെ ഇടയ്ക്ക് തോന്നാറുണ്ടെങ്കിലും കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുത്ത ജോലിയാണല്ലോ എന്നോർക്കുമ്പോൾ ആ തോന്നൽ അങ്ങ് ഉപേക്ഷിക്കും.
” നീ ആദ്യം പോയി മേല് കഴുകി വാ അപ്പു… ഇത്ര ദൂരം യാത്ര ചെയ്തു വന്നതല്ലേ എന്നിട്ട് ആവാം ഭക്ഷണമൊക്കെ. ”
കയ്യിലിരുന്ന ബാഗ് എല്ലാം അമ്മയുടെ തോളിൽ തൂക്കി അവൾ തോർത്തുമായി ബാത്റൂമിലേക്ക് നടന്നു.
” ബസ്സിൽ ഞാൻ മാത്രം ഉണ്ടമ്മേ മാസ്കും വെച്ചിരിക്കുന്നത്.. ഇനിയിപ്പോ എല്ലാരും കരുതി കാണുമോ ആവോ എനിക്ക് എന്തോ അസുഖം ഉണ്ടെന്ന്… അല്ല.. എല്ലാവരും എന്നെ അങ്ങനെയാ നോക്കിയത്. ”
അവളുടെ പറച്ചിൽ കേട്ടപ്പോൾ അമ്മയ്ക്ക് ചിരി വന്നു.
” അല്ല അമ്മേ നമ്മുടെ കഥാനായകൻ എവിടെ? ഞാൻ വിളിച്ചിരുന്നു അച്ഛനെ പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു. ”
“ആഹ്… ഫോണിൽ ചാർജ് ഇല്ലെന്ന് പറയുന്നുണ്ടായിരുന്നു. നമ്മുടെ തൈക്കാട്ട് കൃഷ്ണേട്ടനെ അറിയില്ലേ നീയ് ”
“ഉം ”
അവൾ തലയാട്ടി.
” കൃഷ്ണേട്ടന്റെ അറുപതാം പിറന്നാൾ ഈ വരുന്ന ഇരുപത്തിയാറിന് ആണ് വലിയ ആഘോഷമാക്കി നടത്ത്ണ് ണ്ടത്രേ..
അപ്പോ പറമ്പിലെ പുല്ലൊക്കെ ചെത്തി വെടിപ്പാക്കണം എന്ന് പറഞ്ഞ് അച്ഛനെ വിളിച്ചോണ്ട് പോയതാ രാവിലെ തന്നെ. ഉച്ചയ്ക്ക് ഉണ്ണാൻ വരാന്ന് പറഞ്ഞിട്ടാ പോയെ.. ”
“മ്മ്… ഞാൻ കുളിച്ചിട്ട് വരാം ”
ബാത്റൂമിൽ കയറി കിണറ്റിലെ നല്ല തണുത്ത വെള്ളം തലയിലൂടെ കോരി ഒഴിക്കുമ്പോൾ ശരീരവും മനസ്സും ഒരുപോലെ തണുത്തു.
” അച്ഛൻ വരുമ്പോൾ ഉണ്ടോളും നീ വന്ന് കഴിക്ക് അപ്പൂ… യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ… ”
” വേണ്ട വേണ്ട… എനിക്ക് അത്രയ്ക്ക് വിശപ്പ് ഒന്നുമില്ല. അച്ഛൻ വന്നിട്ട് മൂന്നാൾക്കും ഒരുമിച്ചിരുന്ന് കഴിക്കാം. ”
ചോറ് വിളമ്പാൻ തുനിഞ്ഞ അമ്മയെ അവൾ തടഞ്ഞു.
” അമ്മുവേച്ചിയും ചിന്നു ചേച്ചിയും പിള്ളേരും ഒക്കെ വന്നിട്ട് എങ്ങനെ ഉണ്ടായി അമ്മേ… ”
വീടിന്റെ ഉമ്മറത്ത് അച്ഛനായി കാത്തിരിക്കുന്നതിനിടയ്ക്ക് അവർ വിശേഷങ്ങൾ പങ്കുവെച്ചു.
” കുട്ടികൾ വന്നപ്പഴാ ഇതൊരു വീടായത്. നീയും കൂടി ഇല്ലാതായപ്പോൾ വീട് ശരിക്കും ഉറങ്ങിയപ്പൂ… കുട്ടികളുടെ കളിയും ചിരിയും ഒക്കെ കണ്ടപ്പോൾ ചെറുപ്പത്തിൽ നീയും അമ്മുവും ചിന്നുവും കൂടി ഈ മുറ്റത്ത് ഓടി നടന്നതാ എനിക്ക് ഓർമ്മ വന്നത്.
മ്മ്…. എത്ര വേഗാ കാലം പോണത്… ഇപ്പോ മക്കളും വലുതായി അച്ഛനും അമ്മയും ഒറ്റയ്ക്കാവൂം ചെയ്തു. ”
അമ്മയ്ക്ക് മക്കൾ അടുത്തില്ലാത്തതിൽ നല്ല വിഷമം ഉണ്ടെന്നു അവൾക്ക് മനസിലായി.അമ്മയോട് എന്ത് പറയണം എന്നറിയാതെ വിഷമിച്ചു നിന്നപ്പോഴാണ് അച്ഛൻ വന്നത്.
അച്ഛാ എന്ന് വിളിച്ച് അരികിലേക്ക് ഓടി ചെന്നു. പതിവുപോലെ കവിളിൽ ഒരു മുത്തവും വാങ്ങി. കയ്യിൽ ഉണ്ടായിരുന്ന കൈക്കോട്ട് കഴുകി വയ്ക്കുമ്പോൾ ഒക്കെയും അവൾ തന്റെ അച്ഛനെ തന്നെയാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്.
മുടിയിഴകളിൽ നരയുടെ തോത് വർദ്ധിച്ചിരിക്കുന്നു. ശരീരം നന്നെ ക്ഷീണിച്ചിരിക്കുന്നു. ദേഹത്തെ എല്ലുകളെല്ലാം വ്യക്തമായി ദൃശ്യമാകും വിധത്തിൽ എഴുന്നേറ്റ് നിൽക്കുന്നു. കണ്ണുകളിലെ ശോഭയും മങ്ങിയിരിക്കുന്നു. അച്ഛന് പ്രായമേറി വരുന്നു.
ഓർമ്മവച്ച നാൾ മുതൽക്കേ അച്ഛൻ വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല. മൂന്ന് പെൺമക്കൾ ആയതുകൊണ്ടാവാം അച്ഛന്റെ മുഖത്ത് എന്നും ഒരു വേവലാതി നിറഞ്ഞു നിന്നിരുന്നു.
കുട്ടികൾ ആയിരിക്കെ ഞങ്ങളുടെ പഠനത്തിനു വേണ്ടി ആയിരുന്നെങ്കിൽ പ്രായപൂർത്തിയായപ്പോൾ ചേച്ചിമാരുടെ കല്യാണത്തിനു വേണ്ടിയായി.
പിന്നീട് പ്രസവം നൂലുകെട്ട് പിറന്നാൾ എന്ന പേരിൽ അച്ഛന്റെ തോളിലേക്ക് ബാധ്യതകൾ ഓരോന്നായി വീണുകൊണ്ടിരുന്നപ്പോഴും ഒരു വിശ്രമം അച്ഛൻ ആഗ്രഹിച്ചു കാണില്ലേ?
ഒരു ആൺകുഞ്ഞ് ജനിച്ചിരുന്നെങ്കിൽ എന്ന് അച്ഛൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകുമോ? ഇന്നും അച്ഛൻ വിശ്രമമില്ലാതെ പണിയെടുക്കുന്നു അതും ഞങ്ങൾ മക്കൾക്ക് വേണ്ടി.
ആഹാരം കഴിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്നും ഒരുരുള ചോറ് വാങ്ങി ഉണ്ണാൻ എന്നത്തേ പോലെയും അവൾ മറന്നില്ല.
” അച്ഛൻ എന്തിനാ ഇനി ജോലിക്ക് പോണത്? ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ഞാനിപ്പോൾ ജോലിക്ക് പോകുന്നുണ്ടല്ലോ… ഇനി അച്ഛൻ കുറച്ച് വിശ്രമിക്ക്. ”
ഭക്ഷണം ഒക്കെ കഴിച്ച് മൂവരും കൂടിയ നേരമാണ് അവൾ അത് പറഞ്ഞത്.
” നീയെന്താടി എന്നെ വയസ്സൻ ആക്കി ഒരു മൂലയ്ക്ക് ഇരുത്തുവാണോ… ”
അവളുടെ ഗൗരവമേറിയ ആവശ്യം അയാൾ അത്ര കാര്യമാക്കിയില്ല.
” തമാശ കളയ് അച്ഛാ… ഇത്രയും നാൾ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടതല്ലേ അച്ഛൻ… അച്ഛൻ വെറുതെയിരുന്ന് ആരോഗ്യം നശിപ്പിക്കണമെന്ന് ഞാൻ പറയുന്നില്ല.
നമ്മുടെ പറമ്പിൽ കൃഷി ചെയ്യാലോ… അച്ഛനത് മനസ്സിന് ഒരു സന്തോഷവും ആകും ശരീരത്തിന് ഒരു ആയാസവും ആകും. ”
” എന്റെ അപ്പു…. പതിനെട്ടാമത്തെ വയസ്സിൽ തുടങ്ങിയതാ ഞാൻ ഈ പണി. ഇതൊരു ഭാരമായി ഇന്നുവരെ എനിക്ക് തോന്നിയിട്ടില്ല. സ്വന്തമായി അധ്വാനിച്ച് ഉണ്ണുന്നതിന്റെ മഹത്വം അത് വേറെ തന്നെയാണ്… ”
അവളുടെ മൗനത്തിന്റെ തീവ്രത വർദ്ധിച്ചപ്പോൾ അയാൾക്ക് മനസ്സിലായി അവൾ പിണക്കത്തിൽ ആണെന്ന്. അവളോട് ചേർന്നിരുന്നു കൊണ്ടായാൾ തന്റെ മകളെ നെഞ്ചോട് ചേർത്തു.
” അച്ഛന് വിശ്രമിക്കാൻ സമയമായിട്ടില്ല അപ്പൂ… നിന്റെ രണ്ട് ചേച്ചിമാരെയും അച്ഛൻ നല്ല രീതിയിൽ വിവാഹം കഴിച്ച് അയച്ചു. അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞപ്പോഴേക്കും എന്റെ മോൾക്ക് കരുതി വെച്ചതൊക്കെ കഴിഞ്ഞുപോയി.
അച്ഛന് സമാധാനമായി വിശ്രമിക്കണമെങ്കിൽ നിന്റെ കല്യാണം കൂടി ഭംഗിയായി നടക്കണം. അതിനിനി അച്ഛൻ ഇനിയും പണിയെടുത്തല്ലേ പറ്റൂ… എന്റെ മക്കൾക്ക് വേണ്ടി പണിയെടുക്കുമ്പോൾ അതെങ്ങനെയാ മോളെ എനിക്ക് ഭാരമാവുക.
ഞാൻ മാത്രമല്ല ലോകത്തുള്ള ഭൂരിഭാഗം അച്ഛനമ്മമാരും ഇങ്ങനെയൊക്കെയാണ്. ”
അയാളുടെ നെഞ്ചിൽ നിന്നും തല ഉയർത്തി അവൾ തന്റെ അച്ഛനെ നോക്കി.
” എനിക്കറിയാം അച്ഛന്റെ ഉള്ളിൽ എന്താണെന്ന്. ചേച്ചിമാർക്ക് വേണ്ടി ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടതല്ലേ അച്ഛൻ നൽകിയത്. സമ്പാദ്യം മുഴുവനും മക്കൾക്ക് വേണ്ടി ചെലവാക്കിയിട്ട് നിങ്ങളുടെ ആവശ്യങ്ങൾക്ക് എന്താ ചെയ്യുക? ”
” ഞങ്ങൾക്കിനി എന്ത് ആവശ്യം മോളെ.. ”
അച്ഛന്റെ വാക്കുകൾ അമ്മയും ശരിവെച്ചു.
” നിങ്ങൾക്ക് നിങ്ങളുടെ സ്വസ്ഥമായ ജീവിതം തുടങ്ങുന്നത് ഇനിയല്ലേ… കടമകൾ എല്ലാം പൂർത്തിയാക്കി രണ്ടാളും മാത്രമുള്ള ജീവിതം.
അത് ഇഷ്ടമുള്ളത് പോലെ ജീവിക്കണം ഇഷ്ടമുള്ളടങ്ങളിൽ യാത്രകൾ ചെയ്യണം. അതിനൊക്കെ കയ്യിൽ പണം വേണ്ടേ?
എന്റെ കല്യാണത്തിനെന്നും പറഞ്ഞു വല്ലതും മാറ്റി വെച്ചിട്ടുണ്ടേൽ അത് മുഴുവൻ നിങ്ങളുടെ ഇനിയുള്ള ലൈഫ് എൻജോയ് ചെയ്യാൻ മാറ്റി വെച്ചേക്ക് ട്ടോ…
ചേച്ചിമാരുടെ കാര്യം നോക്കാൻ അവരുടെ കെട്ട്യോന്മാർ ഉണ്ട് അച്ഛനും അമ്മയും ചെയ്യേണ്ടതൊക്കെ ഭംഗിയായി ചെയ്തില്ലേ.. പിന്നെ എന്റെ കാര്യം ഞാൻ നോക്കിക്കോളാം.. ”
” അപ്പോ നീ സന്യസിക്കാൻ തീരുമാനിച്ചോ അപ്പു… ”
അവളുടെ കവിളിൽ നുള്ളി അയാൾ കളി പറഞ്ഞു.
” അയ്യടാ… മൂപ്പിന്നിന്റെ മനസ്സിലിരിപ്പ് കൊള്ളാം. ഒന്നല്ല രണ്ട് കല്യാണം കഴിച്ചാലോ എന്ന ഞാൻ ആലോചിക്കുന്നെ… ”
“ഡീ… ഡീ.. വേണ്ട ”
അടിക്കാൻ കയ്യോങ്ങി വന്ന തന്റെ ഭാര്യയെ അയാൾ തടഞ്ഞ് കൊണ്ട് കണ്ണുറക്കി കാണിച്ചു.
” അവരൊന്നും വെറുതെ കെട്ടിക്കൊണ്ട് പോവില്ല അപ്പു… നല്ല ചെക്കനെ കിട്ടണേൽ നല്ല പണത്തൂക്കവും കൊടുക്കേണ്ടി വരും.
” എന്റെ രവിയേട്ടാ നിങ്ങടെ പഴഞ്ചൻ കാലം അല്ല ഇത്. വീട്ടുകാർ പറയുന്നത് അപ്പാടും വിഴുങ്ങി പെണ്ണുകാണാൻ വരുന്ന കിഴങ്ങന്മാരെ അന്നുണ്ടായുള്ളൂ. ഇന്നത്തെ പയ്യന്മാരെ നല്ല നട്ടെല്ലുള്ളവരാ.. സ്വന്തം നിലപാടും.
എന്നെ കാണാൻ വരുന്ന ചെക്കനോട് മുഖത്തുനോക്കി ഞാൻ പറയും എനിക്ക് എന്റെ വീട്ടുകാർ നല്ലപോലെ വിദ്യാഭ്യാസം തന്നിട്ടുണ്ട്. നല്ലൊരു ജോലിയും ഞാൻ സമ്പാദിച്ചിട്ടുണ്ട്.
ഒരു രൂപ സ്ത്രീധനം ഇവിടുന്ന് പ്രതീക്ഷിക്കരുത്. സൗകര്യമുണ്ടേൽ കെട്ടിയാൽ മതിയെന്ന്. ”
“ഉം…. എന്നാപ്പിന്നെ വന്നവര് ആ വഴിക്ക് അങ്ങ് പോകും.”
” അതൊന്നുമില്ല എന്റെ അച്ഛാ.. ഇനി നിങ്ങൾ കണ്ടുപിടിക്കണ ചെക്കനും കിഴങ്ങനാണേൽ നല്ലൊരു ചൊങ്കൻ ചെക്കനെ ഞാൻ അങ്ങ് കണ്ടുപിടിച്ചു തരും. അന്നേരം പറ്റില്ല എന്നും പറഞ്ഞു വന്നേക്കരുത് കേട്ടല്ലോ… ”
” എന്താ ഇനി ആരേലേം കണ്ടു വച്ചിട്ടുണ്ടോ ആവോ., ”
സംശയരൂപണ അമ്മ ചോദിച്ചു.
” നിലവിൽ ഇല്ല ഉണ്ടെങ്കിൽ പറയാട്ടോ… ”
അതും പറഞ്ഞവൾ ചിരിച്ചുകൊണ്ട് മുറിയിലേക്ക് ഓടി തിരികെ വരുമ്പോൾ കയ്യിൽ ഒരു സമ്മാനപൊതിയും ഉണ്ടായിരുന്നു.
” എന്താടി ഇത്?? ”
കൗതുകത്തോടെ അയാൾ അതു വാങ്ങി
” നിൽക്ക് നിൽക്ക്… രണ്ടാളും ചേർന്ന് തുറന്നു നോക്ക്. ”
മാറിനിന്ന അമ്മയെയും അവൾ ആ കർമ്മത്തിൽ പങ്കെടുപ്പിച്ചു.
മനോഹരമായ ഫ്രെയിം ചെയ്ത ഇരുവരുടെയും ഫോട്ടോ കണ്ടതും രണ്ടുപേരുടെയും മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം അലയടിച്ചു.
” എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ദിനാശംസകൾ”
രണ്ടാളുടെയും കവിളിൽ മാറിമാറി ചുംബിച്ചവൾ ആശംസകൾ നേർന്നു.
” ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയുള്ള കാലം എങ്കിലും നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുക…
അച്ഛൻ പറഞ്ഞില്ലേ സ്വന്തമായി അധ്വാനിച്ച് ഉണ്ണുന്നതിന്റെ മഹത്വം വേറെ തന്നെയാണെന്ന് അതുപോലെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് കല്യാണം കഴിക്കുന്ന സുഖം ഞാനും അറിയട്ടെ അച്ഛാ…
എങ്കിൽ അഭിമാനത്തോടെ മാത്രമായിരിക്കും ഞാൻ ഇവിടെ നിന്ന് പോകുന്നത് .
വിവാഹം കഴിഞ്ഞ് പടിയിറങ്ങുന്നത് സ്വന്തം അച്ഛനെയും അമ്മയെയും ബാധ്യതകളുടെ നടുവിലേക്ക് തള്ളിയെറിഞ്ഞുകൊണ്ട് ആകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.”
അവളുടെ തീരുമാനത്തിന് മുന്നിൽ അടിയറവ് പറയാനേ അവർക്ക് കഴിഞ്ഞുള്ളൂ. തന്റെ മകളെ നെഞ്ചോട് ചേർത്തുനിർത്തുമ്പോൾ ഇങ്ങനെയൊരു മകൾക്ക് ജന്മം നൽകിയതിൽ മനസ്സുകൊണ്ട് അവർ ഇരുവരും അഭിമാനംകൊണ്ടു.
ഭാവി തലമുറ എങ്കിലും മാറി ചിന്തിക്കട്ടെ. മക്കൾക്ക് നൽകേണ്ടത് വിദ്യാഭ്യാസമാണ് അതിലൂടെ അവർ സ്വയം സമ്പാദിക്കട്ടെ…