(രചന: നിമിഷ)
” എന്താടി നീ വിചാരിച്ചേ.. ഇവിടുത്തെ പണിക്കാരന്റെ മകനുമായി വിവാഹം കഴിച്ചു സുഖമായി ജീവിക്കാം എന്നോ..? ഞാൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം അത് നടക്കും എന്ന് നീ പ്രതീക്ഷിക്കേണ്ട. ”
വാശിയോടെ അച്ഛൻ അത് പറയുമ്പോൾ കണ്ണീരോടെ നിൽക്കാൻ മാത്രമേ തനിക്ക് കഴിയുമായിരുന്നുള്ളൂ.
പക്ഷേ തന്റെ കണ്ണീര് അവരുടെ വിജയമാണ് എന്നറിയാവുന്നതു കൊണ്ടു തന്നെ അത് അടക്കി വയ്ക്കാൻ കഴിയുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു.
” അച്ഛൻ എന്തിനാണ് അച്ഛാ ഇങ്ങനെ വാശി പിടിക്കുന്നത്..? ഇവിടെ ജോലിക്ക് ഹരിയേട്ടന്റെ അച്ഛൻ വരുന്നുണ്ട് എന്ന് കരുതി അവർ മോശപ്പെട്ട ആളുകൾ ആകുന്നത് എങ്ങനെയാണ്..?
ഹരിയേട്ടന് ഇപ്പോൾ നല്ലൊരു ജോലിയില്ലേ..? ഞങ്ങളുടെ വിവാഹം നടത്തി തരുന്നതു കൊണ്ട് അച്ഛന് എന്താണ് നഷ്ടം..?”
ആ നിമിഷം എന്റെ കണ്ണിൽ ഉണ്ടായിരുന്നത് ഹരിയേട്ടൻ മാത്രമായിരുന്നു.
” എന്താണ് നഷ്ടമെന്നോ.. എനിക്ക് നഷ്ടം മാത്രമേ ഉള്ളൂ. ഇന്നലെ വരെ ഇവിടത്തെ പണിക്കാരനായി ഓച്ഛാനിച്ചു നിന്ന് എന്നെ മുതലാളി എന്ന് വിളിച്ചവൻ നാളെ ഇവിടെ എന്റെ ബന്ധുവായി വീടിനകത്തേക്ക് കയറി വരുന്നത് എനിക്കിഷ്ടമല്ല.”
അച്ഛന്റെ മനസ്സിൽ ഇപ്പോഴും പഴയ ജന്മിത്തം ആണെന്നറിയാമെങ്കിലും, ഇത്രത്തോളം ആണ് എന്ന് അറിയില്ലായിരുന്നു.
” ഈ രാജവാഴ്ചയും ജന്മിത്വവും ഒക്കെ പണ്ടുകാലത്ത് ആയിരുന്നില്ലേ..? അന്നല്ലേ വീട്ടിൽ ജോലി ചെയ്യുന്നവരെ അകത്തേക്ക് കയറ്റാതിരുന്നത്..? ഇപ്പോൾ അങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകൾ ഉണ്ടോ..? ”
ദേഷ്യവും സങ്കടവും ഒക്കെ നിറഞ്ഞ സ്വരത്തിലാണ് അത് ചോദിച്ചത്.
“നീ എന്നെ കൂടുതൽ പഠിപ്പിക്കാൻ വരണ്ട. എനിക്കറിയാം എന്ത് വേണമെന്ന്. നിനക്ക് എത്രയും പെട്ടെന്ന് തന്നെ ഒരു കല്യാണം നോക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.
നീയായിട്ട് ആരെയും കണ്ടുപിടിക്കേണ്ട. നിനക്ക് വേണ്ടി ഒരാളിനെ കണ്ടുപിടിക്കാനുള്ള ആരോഗ്യമൊക്കെ ഇപ്പോൾ എനിക്കുണ്ട്.”
കർശനമായി അത്രയും പറഞ്ഞു കൊണ്ട് അച്ഛൻ എഴുന്നേറ്റു പോകുമ്പോൾ ദേഷ്യവും സങ്കടവും വാശിയും ഒക്കെ തോന്നുന്നുണ്ടായിരുന്നു എനിക്ക്.
പിന്നീട് ഒരു നിമിഷം പോലും ഉമ്മറത്ത് നിൽക്കാതെ നേരെ മുറിയിലേക്ക് കയറി പോയി.
കട്ടിലിലേക്ക് ചെന്ന് വീഴുമ്പോൾ സങ്കടം അണ പൊട്ടി ഒഴുകുന്നുണ്ടായിരുന്നു.
ഹരിയേട്ടൻ.. അച്ഛൻ പറഞ്ഞതു പോലെ ഇവിടുത്തെ പണിക്കാരനായ മാധവൻ മാമയുടെ മകനാണ്. പണിക്കാരൻ എന്ന് പറഞ്ഞാൽ ഇവിടുത്തെ കാര്യസ്ഥനാണ്.
പണ്ടു മുതൽക്കേ മാധവൻ മാമയുടെ കൂടെ ഹരിയേട്ടൻ ഇവിടെയൊക്കെ വരാറുണ്ട്. ആളുടെ മുഖത്ത് എപ്പോഴും ഗൗരവം മാത്രമാണ്. ഇവിടെ വന്നാലും മാധവൻ മാമയുടെ കൂടെ ജോലി സ്ഥലത്തിരിക്കും എന്നല്ലാതെ ഒരിക്കൽ പോലും വീട്ടിലേക്ക് കയറി വന്നിട്ടില്ല.
ആളോട് കൂട്ടുകൂടാൻ ഞാൻ ശ്രമിച്ചാലും മിക്കപ്പോഴും ഒഴിഞ്ഞു മാറി പോവുകയാണ് പതിവ്. അതിന്റെ പ്രധാന കാരണം എന്റെ ഏട്ടൻ ആയിരുന്നു എന്ന് വളരെ വൈകിയാണ് ഞാനറിഞ്ഞത്. ഏട്ടനും ഹരിയേട്ടനും ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ചവരാണ്.
ഹരിയേട്ടൻ ഏട്ടനെക്കാൾ നന്നായി പഠിക്കുമായിരുന്നതു കൊണ്ടു തന്നെ ഏട്ടന് ഹരിയേട്ടനോട് അസൂയ ആയിരുന്നു. അതുകൊണ്ടു തന്നെ പറ്റുന്ന അവസരങ്ങളിൽ ഒക്കെ ഹരിയേട്ടനെ കുത്തി നോവിക്കാൻ ഏട്ടൻ ശ്രമിച്ചിട്ടുണ്ട്.
ഏട്ടന്റെ വീട്ടിലെ പണിക്കാരൻ ആണ് എന്ന് പറഞ്ഞു എത്രയോ വട്ടം ഹരിയേട്ടനെ സ്കൂളിൽ വച്ച് ഏട്ടൻ അപമാനിച്ചിട്ടുണ്ട്.
പക്ഷേ ഒരിക്കൽ പോലും അതിനു വാശി തീർക്കാനോ തല്ലു പിടിക്കാനോ ഹരിയേട്ടൻ വന്നിട്ടില്ല. എല്ലായിപ്പോഴും ഞങ്ങളിൽ നിന്നൊക്കെ ഒരു അകലം പാലിക്കുകയായിരുന്നു ആളുടെ പതിവ്.
പതിയെ പതിയെ എന്റെ കൗമാര കാലഘട്ടത്തിൽ വച്ച് എന്റെ പ്രണയം ഹരിയേട്ടൻ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അയാൾ ഇല്ലാതെ ഒരു നിമിഷം പോലും തള്ളി നീക്കാൻ കഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു.
ആ പ്രണയം തുറന്നു പറയാൻ പിന്നെയും വർഷങ്ങൾ എടുത്തു. കൃത്യമായി പറഞ്ഞാൽ ഞാൻ കോളേജിൽ പഠിക്കാൻ ചെന്ന സമയം. ആ സമയത്ത് കോളേജിലെ ഗസ്റ്റ് ലക്ചറർ ആയിരുന്നു ഹരിയേട്ടൻ.
അങ്ങോട്ട് ചെന്ന് ഇഷ്ടം പറഞ്ഞപ്പോൾ കണ്ണ് പൊട്ടുന്ന ചീത്തയാണ് മറുപടിയായി കിട്ടിയത്. പിന്നെ കുറെ ഉപദേശവും.
ഇതൊക്കെ പ്രായത്തിന്റെ പ്രശ്നമാണ്, ഞാനും നീയും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്, കുറച്ചു കൂടി കാലം കഴിയുമ്പോൾ ഇതൊക്കെ വെറും തമാശയായി നിനക്ക് തോന്നും..
അങ്ങനെ അങ്ങനെ ഹരിയേട്ടന് എന്നെ വേണ്ടെന്നു വയ്ക്കാൻ ഒരായിരം കാരണങ്ങൾ ഉണ്ടായിരുന്നു.
പക്ഷേ എനിക്ക് ഹരിയേട്ടൻ തന്നെ മതി എന്ന് പറയാൻ ഒരൊറ്റ കാരണമേയുള്ളൂ. ഹരിയേട്ടൻ എന്റെ ജീവശ്വാസമായി മാറിയിരുന്നു.
എന്റെ ശല്യം എന്നിട്ടും കുറയുന്നില്ല എന്ന് കണ്ടപ്പോൾ ഹരിയേട്ടൻ എന്നെ അവഗണിക്കാൻ തുടങ്ങി. ആ അവഗണനയും എന്നെ തളർത്തുന്നില്ല എന്നറിഞ്ഞപ്പോൾ പതിയെ പതിയെ ആളുടെ ഭാവം മാറി തുടങ്ങി.
ഒരു ദിവസം അമ്പലത്തിൽ പോയി വരുന്ന വഴിക്ക് ഇടവഴിയിലാണ് ഹരിയേട്ടനെ കണ്ടത്.
എല്ലാ ദിവസവും ഹരിയേട്ടനെ കാണുമ്പോൾ അങ്ങോട്ട് ഇടിച്ചു കയറി സംസാരിക്കുന്നതാണ് എന്റെ പതിവ്. ഇങ്ങോട്ട് മറുപടിയൊന്നും കിട്ടിയില്ലെങ്കിലും എനിക്ക് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞു തീർക്കാറുണ്ട്.
പക്ഷേ ഇത്തവണ പതിവ് തെറ്റിച്ച് ഹരിയേട്ടൻ എന്നോട് സംസാരിക്കാൻ ശ്രമിച്ചു.
“ശ്രീ.. നിനക്ക് എന്നോട് തോന്നിയ ഇഷ്ടം വെറുമൊരു തമാശയാണ് എന്നാണ് ഞാൻ കരുതിയിരുന്നത്.
പക്ഷേ അത് അങ്ങനെയല്ല എന്ന് എനിക്ക് ഇപ്പോൾ ബോധ്യമുണ്ട്. നിന്റെ ഉള്ളിൽ ഞാൻ കയറിക്കൂടുന്നതിനും ഒരുപാട് മുൻപ് തന്നെ എന്റെ ഉള്ളിൽ നീ സ്ഥാനം ഉറപ്പിച്ചതാണ്.
എന്നിട്ടും നമ്മൾ തമ്മിലുള്ള അന്തരത്തെ ഓർത്ത് മാത്രമാണ് ഞാൻ അത് മറച്ചു വെച്ചത്. പിന്നെ നിന്റെ ഇഷ്ടം എത്രത്തോളം ജനുവിനാണ് എന്നറിയില്ലല്ലോ..!പക്ഷേ ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് നീ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു.
അതേ ഇഷ്ടം അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മേലെ ഇഷ്ടം എനിക്ക് നിന്നോട് ഉണ്ട്. ഇപ്പോഴും എന്റെ മനസ്സിൽ ഉള്ള ഒരേയൊരു സംശയം നിന്നെ എനിക്ക് കിട്ടുമോ എന്നുള്ളതാണ്..”
ഹരിയേട്ടൻ അതു പറയുമ്പോൾ ഈ ഭൂമിയിലും ആകാശത്തിലും അല്ല ഞാൻ എന്നൊരു അവസ്ഥയിലായിരുന്നു.
” എന്റെ ആഗ്രഹങ്ങളെ ഒന്നും എന്റെ അച്ഛൻ എതിർക്കാറില്ല ഹരിയേട്ടാ. എന്തൊക്കെ സംഭവിച്ചാലും ഹരിയേട്ടൻ അല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. ”
അന്ന് ഞാൻ ആ വാക്ക് പറയുമ്പോൾ അത് മനസ്സിൽ ഉറപ്പിക്കുക കൂടിയായിരുന്നു ഞാൻ. അന്നുമുതൽ ഞങ്ങളുടെ പ്രണയകാലമായിരുന്നു.
നാട്ടിലോ വീട്ടിലോ ആരും അറിയാതെ ഞങ്ങൾ അത് കാത്തു സൂക്ഷിച്ചു. പക്ഷേ എല്ലാകാലവും രഹസ്യം മൂടിവയ്ക്കാൻ പറ്റില്ലല്ലോ. ഞങ്ങളുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു.
എങ്ങനെയാണെന്ന് അറിയില്ല ഞങ്ങളുടെ ബന്ധത്തിനെ കുറിച്ച് വീട്ടിൽ അറിഞ്ഞു. ഏട്ടന്റെ ഏതോ സുഹൃത്തുക്കൾ വഴി അറിഞ്ഞു എന്നാണ് പറയപ്പെടുന്നത്. അതിന്റെ ബാക്കി പത്രമാണ് താഴെ നേരത്തെ കണ്ടത്.
പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഹരിയേട്ടൻ അല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് തീരുമാനം ഞാൻ മാറ്റില്ല.
അതുകൊണ്ടു തന്നെയാണ് പഠിക്കാൻ എന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഒരുപാട് ദൂരേക്ക് ഞാൻ അഡ്മിഷൻ എടുത്തത്. കണ്ണകന്നാൽ മനസകലും എന്നുള്ള തിയറിയിൽ വിശ്വസിക്കുന്നത് കൊണ്ടായിരിക്കും അച്ഛനും ഏട്ടനും ഒക്കെ അത് സന്തോഷമുള്ള വാർത്തയായിരുന്നു.
ഇന്ന് വർഷങ്ങൾക്ക് ഇപ്പുറം ഞാൻ തറവാട്ടിലേക്ക് കാലു കുത്തുമ്പോൾ, എല്ലായിടത്തും എല്ലാവർക്കും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.
പഠിക്കാനായി പോയ ഞാൻ പഠനം കഴിഞ്ഞ് ജോലിയുമായി ആ നഗരത്തിൽ തന്നെ കൂടിയപ്പോൾ എന്റെ തീരുമാനം എന്താണെന്ന് വീട്ടുകാർക്ക് മനസ്സിലായിട്ടുണ്ടായിരുന്നു.
എന്റെ മനസ്സുമാറ്റാൻ അവരൊക്കെയും ഒരുപാട് ശ്രമിച്ചെങ്കിലും കല്ലുപോലെ ഉറച്ചതായിരുന്നു എന്റെ തീരുമാനവും നിലപാടുകളും.
ഒടുവിൽ പരാജയം സമ്മതിച്ച്, തറവാട്ടിലേക്ക് എന്നെ മടക്കി കൊണ്ടു വന്നതാണ് ഇപ്പോൾ..!
കൂടെ മറ്റൊരു സന്തോഷവാർത്തയും ഉണ്ട്..! അടുത്തയാഴ്ച എന്റെ കല്യാണമാണ്.. വരൻ മറ്റാരുമല്ല..എന്റെ പ്രിയപ്പെട്ട എന്റെ മാത്രം ഹരിയേട്ടൻ…!