പിച്ചാത്തി രാകാനുണ്ടോ?
(രചന: Nisha Pillai)
കനത്ത മീന ചൂട്. സൂര്യൻ നട്ടുച്ചക്ക് അഗ്നി പോലെ ജ്വലിക്കുന്ന സമയത്താണ് അന്നമ്മ ചേട്ടത്തിയും നേഹ മോളും പട്ടണത്തിൽ നിന്ന് തിരിച്ചു വരുന്നത്.
വിശപ്പും ദാഹവും കൊണ്ട് വലഞ്ഞു. ബസ് ഇറങ്ങി നടക്കുന്നതിനിടയിലും അന്നമ്മ ചേട്ടത്തി നേഹയോട് കത്തിക്കയറുകയാണ്.
“കുരുത്തകെട്ടവൾ,ഞാൻ പറഞ്ഞതാ വെയിൽ താന്നിട്ടു പോയാൽ മതിയെന്ന്.വിയർത്തൊലിച്ചു കരുവാളിച്ചു എന്തൊരു കോലമാടി!!!, അടുത്തമാസം കല്യാണമാണ് .
ജോസിന്റെ വീട്ടുകാരോട് എന്തോ പറയും.ഒന്നാമത്തെ ആ നാത്തൂൻ പെണ്ണിന് ഇത്തിരി തൊലി വെളുപ്പിന്റെ അഹങ്കാരമുണ്ട്.ഇതും കൂടി ആകുമ്പോൾ ഭേഷാകും .”
“അതൊക്കെ ഫേഷ്യൽ ചെയ്യുമ്പോൾ മാറും അമ്മച്ചി .”
കുന്നിൻ ചരിവിലാണ് വീട്.അത് കൊണ്ട് ബസ് ഇറങ്ങി ഒരു കയറ്റം കയറാനുണ്ട്.
വിയർത്തൊട്ടിയ സാരി ഒരു വിധം പൊക്കി പിടിച്ചു ,നേഹയുടെ കുടകീഴിൽ വല്ല വിധേനയും നടക്കുവാണ് അന്നമ്മച്ചി.അപ്പോഴാണ് ഒരു ബംഗാളി കുന്നിറങ്ങി വരുന്നത്.
“പിച്ചാത്തി,കത്തി,വെട്ടുകത്തി മൂർച്ചയിടാനുണ്ടോ.”
“ഇവന്മാർ മലയാളം പഠിച്ചോ,എന്നാലും ഇവൻ ആ വശത്തു എന്തിനാ പോയെ ? അവിടെ വേറെ വീടുകളില്ലല്ലോ .നമ്മുടെ വീട് മാത്രമല്ലെ അവിടെയുള്ളൂ.”
“അയാൾ ബംഗാളിയോന്നുമല്ലമ്മച്ചി, തമിഴനാ. എല്ലാം ഒരേ പോലെ ഇരിക്കുന്നതാ. ഇവന് കുറച്ചു നിറമുണ്ട് . അതുകൊണ്ട് തോന്നുന്നതാ.”
മൂർച്ചയിടുന്ന ഒരു മെഷീൻ അവൻ ഇടത്തെ തോളിൽ തൂക്കിയിട്ടിരിക്കുന്നു.വലത്തേ തോളിൽ അവന്റെ സഞ്ചി.കയ്യിൽ ഒരു കുപ്പി വെള്ളം.
“അല്ലെടി പെണ്ണെ .നമ്മള് ഫ്രിഡ്ജിൽ വെള്ളം വയ്ക്കുന്ന കുപ്പിയല്ലിയോ അവന്റെ കയ്യിൽ.”
“അത് പോലെ വേറെ കാണില്ലേ അമ്മച്ചി. കടയിലൊക്കെ ഒരേപോലെ എത്രയെണ്ണം കാണും. ഈ അമ്മച്ചീടെ ഒരു കാര്യം.” നേഹയ്ക്കു ദേഷ്യം വന്നു.
“ടാ ചെറുക്കാ,ഈ കുപ്പി എവിടുന്നാടാ .നീ എന്തിനാ ആ വീട്ടിൽ പോയത്.?അവിടെ ആരുമില്ലല്ലോ?”
“അത് ആ വീട്ടിലെ അപ്പച്ചൻ തന്നതാ.രണ്ടു പിച്ചാത്തിയും വെട്ടുകത്തിയും മൂർച്ചയിട്ടു .ഞാൻ എൺപതു രൂപ ചോദിച്ചു .
അപ്പച്ചൻ അൻപതേ തന്നുള്ളൂ .കഴിക്കാൻ ഒരു കേക്ക് തന്നു.പിന്നെ ഒരു കുപ്പി വെള്ളവും തന്നു.”
“എന്റെ ഈശോയെ ,എന്തൊരു കള്ളമാ ചെറുക്കാ ,അവിടെയെവിടെയാടാ അപ്പച്ചൻ.നീ വാ ഞങ്ങളെ കാണിച്ചു താ.അല്ലേൽ ഞാനിപ്പോൾ പോലീസിനെ വിളിക്കും .”
അവനെയും കൂട്ടി അവർ കുന്നു കയറി.വീട് പൂട്ടി തന്നെ കിടക്കുന്നു.അന്നമ്മച്ചി വീട് തുറന്നു പരിശോധിച്ചു.ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
മേശപ്പുറത്തു വച്ച പാത്രത്തിൽ അടച്ചു വച്ചിരുന്ന എണ്ണ കേക്കിൽ ഒന്ന് നഷ്ട്ടമായിരിക്കുന്നു. ജോസിന്റെ അപ്പനും അമ്മയും വരുമ്പോൾ കൊടുക്കാൻ വച്ചിരുന്നതാ .
ഫ്രിഡ്ജിലിരുന്ന കുപ്പിയും വെള്ളവും കാണുന്നില്ല. അടുക്കളയിൽ രണ്ടു കത്തിയും ഒരു വെട്ടുകത്തിയും മൂർച്ച കൂടി തിളങ്ങുന്നുണ്ടായിരുന്നു .അമ്പതു രൂപ എവിടുന്നു കിട്ടിയവന്.
“ടാ നീയെങ്ങനെ വീടിനകത്തു കയറി.പൂട്ടൊന്നും പൊളിക്കാതെ.ഞാനിപ്പോൾ ആളിനെ വിളിച്ചു കൂട്ടുവേ ,വേഗം സത്യം പറഞ്ഞോ.”
“അമ്മ ഞാൻ സത്യമാ പറഞ്ഞത്.ദേ ആ ഫോട്ടോയിൽ കാണുന്ന അപ്പച്ചനാ .മുൻപ് രണ്ടു പ്രാവശ്യം വന്നപ്പോഴും അപ്പച്ചൻ എനിക്ക് കഴിക്കാനും കുടിക്കാനും തന്നിരുന്നു.എന്നെ വല്യ കാര്യമായിരുന്നു.”
അന്നമ്മച്ചി അന്തം വിട്ടു.കഴിഞ്ഞ വർഷം കുഴഞ്ഞു വീണു മരിച്ചു പോയ തന്റെ കെട്ടിയോൻ.അവർ കസേരയിൽ ഇരുന്നു പോയി.
“അമ്മച്ചി അയാളെ വിട്ടേക്ക് .അയാൾക്ക് തോന്നിയതാകും.”
“അല്ല ചേച്ചി ,അപ്പച്ചൻ പറഞ്ഞു വെയിലത്ത് നടക്കുമ്പോൾ എപ്പോഴും കയ്യിൽ വെള്ളം കരുതണമെന്നു.
അല്ലേൽ നിർജ്ജലീകരണമുണ്ടായി കുഴഞ്ഞു വീണു മരിക്കുമെന്ന്. എന്നെ നിർബന്ധിച്ചു കേക്കും കഴിപ്പിച്ചു ,വെള്ളവും തന്നു വിട്ടു .”
ഉമ്മറത്തെ ഭിത്തിയിൽ മാലയിട്ടു വച്ചിരിക്കുന്ന അപ്പച്ചന്റെ ഫോട്ടോ നോക്കി നേഹമോൾ ഒരു നിമിഷം നിന്നു.
“അയാള് പറഞ്ഞത് സത്യമായിരിക്കും അമ്മച്ചി.അയാള് പൊയ്ക്കോട്ടേ .ഇതുപോലെ ഒരു വേനൽക്കാലത്തു പോസ്റ്റിൽ കയറാൻ പോയ അപ്പച്ചൻ ഇങ്ങനേല്ല കുഴഞ്ഞു വീണു മരിച്ചത്.”
“അപ്പച്ചൻ മരിച്ചോ.”
അയാള് ഞെട്ടി തരിച്ചു നിന്നു.കയ്യിൽ മടക്കി വച്ചിരുന്ന അൻപതിന്റെ നോട്ടു അയാൾ ഉമ്മറത്ത് വച്ചിട്ട് അയാൾ തിരിച്ചു നടന്നു.
“അപ്പച്ചൻ നമ്മുടെ കൂടെ ഉണ്ടല്ലോ അമ്മച്ചി.” നേഹമോൾ അന്നമ്മച്ചിയുടെ തോളിൽ പിടിച്ചു .
“എന്നാലും എന്റെ നേഹ മോളെ ,ആ ദുഷ്ടൻ എന്നെ വിട്ടു പോകുന്നില്ല.കെട്ടിയ അന്ന് മുതൽ തുടങ്ങിയതാ അങ്ങേർക്കെന്നെ സംശയം . പിന്നെങ്ങനെയാ എന്നെ വിട്ടു പോകുന്നതു.”
നേഹമോൾ തലയിൽ കൈ വച്ചങ്ങിരുന്നു പോയി…