ശലഭം
(രചന: Gopi Krishnan)
രാവിലെ കുളി കഴിഞ്ഞു ഭക്ഷണം കഴിക്കാനിരുന്ന ദേവന്റെ മുഖത്ത് എന്തോ വല്ലായ്മ കണ്ടപ്പോൾ ശാരദമ്മ അവന്റെ അരികിൽ വന്നിരുന്നു…
” എന്ത് പറ്റി മോനെ നിന്റെ മുഖമാകെ വല്ലാതിരിക്കുന്നു…
രാവിലെ ഉണർന്നപ്പോ മുതലേ ഞാൻ ശ്രദ്ധിക്കുവാ… എന്താ നിന്റെ പ്രശ്നം “…
” ഞാനിന്നലെ ശ്രീക്കുട്ടിയെ സ്വപ്നം കണ്ടമ്മേ ”
ചുവരിൽ വെച്ച ശ്രീക്കുട്ടിയുടെ ചിത്രത്തിലേക്ക് നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ദേവനത് പറഞ്ഞപ്പോൾ ഒരുനിമിഷം ശാരദമ്മയുടെ കണ്ണും നിറഞ്ഞു….
” സ്വപ്നത്തിൽ അവളെന്നോട് പറയുവാ കൃഷ്ണമംഗലം എന്ന സ്ഥലത്തേക്ക് പോകാൻ അവിടൊരു വീട്ടിൽ എന്തൊക്കെയോ എന്നെ കാത്തിരിക്കുന്നുണ്ട് എന്ന് രാത്രി ഞാൻ ഞെട്ടിയുണർന്നു പിന്നെ ഉറങ്ങാനും കഴിഞ്ഞില്ല”
“അവള് നമ്മളെ വിട്ടു പോയിട്ടിപ്പോ ഒത്തിരി കാലമായി അല്ലേടാ… നീയൊന്ന് പോയിനോക്ക്….. കൃഷ്ണമംഗലം അത്ര ദൂരത്തൊന്നും അല്ലല്ലോ ഇനിയെന്തേലും ഉണ്ടെങ്കിലോ..
നീയൊരു പോലീസുകാരനല്ലേ എവിടേം പോകാമല്ലോ പലപ്പോഴും കേസിന്റെ ആവശ്യങ്ങൾക്കായി വെറുതെ പലയിടത്തും പോകേണ്ടി വരാറില്ലേ അങ്ങനെ അങ്ങ് കരുതിയാൽ പോരെ ”
തലയാട്ടിക്കൊണ്ട് യൂണിഫോമിന്റെ ബട്ടൻസ് ഇട്ട് ദേവൻ ഫോണെടുത്തു അമീറിനെ വിളിച്ചു…
” ഡാ നീയിന്ന് ഫ്രീയല്ലേ… ഒന്നിങ്ങുവാ നമുക്കൊരു യാത്രയുണ്ട് ചെറിയൊരു ആവശ്യമുണ്ട് നീ വന്നിട്ട് പറയാം”
അര മണിക്കൂറിനകം പത്രപ്രവർത്തകനായ അമീർ കാറുമായി എത്തി… അമ്മയോട് യാത്രപറഞ്ഞിട്ട് രണ്ടുപേരും.. യാത്ര തുടങ്ങി…. വണ്ടിയിലിരുന്നു ദേവന്റെ സംസാരം കേട്ടപ്പോൾ അമീർ പറഞ്ഞു…
“കൃഷ്ണമംഗലമല്ലേ അവിടെ കുറച്ചു ദിവസം മുന്നേ ഒരു വീട്ടിൽ ഒരു പെണ്ണ് കാമുകന്റെ കൂടെ ഒളിച്ചോടിയിരുന്നു നാലഞ്ചു വയസുള്ള ഒരു പെൺകുട്ടി ഉണ്ട് അതിനെയാണേൽ കാണാനുമില്ല..അമ്മു എന്നാണ് പേര്…. നമുക്ക് ആ വഴിക്കൊന്ന് പോയി നോക്കിയാലോ ”
ആ വഴി ഉറപ്പിച്ച മട്ടിൽ വണ്ടി മുന്നോട്ട് കുതിച്ചു…… ചപ്പും ചവറും വീണു വൃത്തികേടായ ഒരു പഴയ വീടിന്റെ മുറ്റത്ത് ആ വണ്ടി നിന്നു….
വണ്ടിനിർത്തി പുറത്തേക്കിറങ്ങി അവർ ആ പരിസരം മൊത്തം ഒന്ന് നടന്നു…
ആ വീടിന്റെ പിറകുവശത്തെ കോണിപ്പടി കണ്ടപ്പോൾ അങ്ങോട്ട് നോക്കി ദേവൻ പകച്ചുനിന്നു … ഓടിവന്ന അമീർ എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ അങ്ങോട്ട് ചൂണ്ടി ദേവൻ പറഞ്ഞു……
” ഈ സ്ഥലമാ സ്വപ്നത്തിൽ കണ്ടത് ഇവിടെ നിന്നാ അവളെന്നോട് പറഞ്ഞത് ”
കുറേനേരം അവിടെല്ലാം തിരഞ്ഞു ഒത്തിരിനേരത്തെ ശ്രമങ്ങൾക്ക് ശേഷം കോണിപ്പടിക്കു അരികിലായി ഒരു ചെറിയ മുറി അവർ കണ്ടെത്തി… പൂട്ടിയിട്ട ആ മുറി അവർ പൂട്ടു പൊളിച്ചു തുറന്നു ….
ആ മുറിക്കുള്ളിൽ നാലഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി തളർന്നു കിടന്നിരുന്നു….അമ്മു
അവളെ വാരിയെടുത്തു വണ്ടിയിൽ കയറ്റി അവർ ആശുപത്രിയിലേക്ക് കുതിച്ചു….
ഏറെനേരത്തെ കാത്തിരിപ്പിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു…
” ദൈവാനുഗ്രഹം കൊണ്ട് രക്ഷപെട്ടു ആ കുട്ടി കുറെ ദിവസമായി പട്ടിണി കിടന്നതല്ലേ അതിന്റെ ക്ഷീണം ആണ് . ഒരുപക്ഷെ ആ മുറിയിൽ പൂട്ടിയിട്ടായിരിക്കും അതിന്റെ അമ്മ ഒളിച്ചോടിയത്….
ഇത്ര ചെറിയ കുഞ്ഞിനോടൊക്കെ ഇങ്ങനെ ചെയ്യുന്ന ഓരോ പെണ്ണുങ്ങൾ…. ഇതിനെയൊക്കെയാ കൊന്നു കളയേണ്ടത്…..കുറച്ചു ദിവസത്തിനുള്ളിൽ പോകാം ”
ദിവസങ്ങൾക്കു ശേഷം ആ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും തേടിപിടിച്ചു നിയമം അനുസരിച്ചു ശിക്ഷിച്ചു….
ആരുമില്ലാതെയായ ആ കുഞ്ഞിനെ ദേവൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു…. കുഞ്ഞുപ്രായത്തിൽ നഷ്ടപ്പെട്ട സഹോദരിയുടെ പകരം ആ കുഞ്ഞു ചിത്രശലഭം അവരുടെ വീടിനെ സ്വർഗ്ഗമാക്കി….
ഒരുനാൾ അമ്മയുടെ മടിയിൽ കിടന്നു ദേവൻ പറഞ്ഞു…..
” എന്നാലും എങ്ങനെയാ ശ്രീക്കുട്ടി സ്വപ്നത്തിൽ വന്നത് അതിനൊരു ഉത്തരം മാത്രം എത്ര ചിന്തിച്ചിട്ടും കിട്ടുന്നില്ല ”
” സ്നേഹം കൊതിക്കുന്ന പ്രായത്തിൽ നമ്മളെവിട്ടു കിണറ്റിൽ വീണു മരിച്ചതല്ലേ എന്റെ കുഞ്ഞ്…..
ആ പ്രായത്തിലുള്ള ഒരാൾ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ അവൾക്കു സഹിച്ചു കാണില്ല ഈ ആത്മാവ് എന്നൊക്കെ പറയുന്നത് ഒരുതരത്തിൽ സത്യമാ മോനെ ”
ആയിരിക്കുമെന്ന മട്ടിൽ തലയാട്ടി അമ്മയുടെ മടിയിൽ കിടക്കുമ്പോഴാണ്… അവന്റെ തലക്കൊരു അടിയും കൊടുത്ത് അമ്മു ഓടിയത്…
പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിയ ആ കുഞ്ഞു ശലഭത്തിന് പിറകെ ദേവൻ അവളെ പിടിക്കാനോടി…. അവരുടെ കളി കണ്ടു ശാരദമ്മ പുഞ്ചിരിയോടെ ഉമ്മറത്തിരുന്നു….
ആത്മാവ് ഉണ്ടോ എന്നൊന്നും എനിക്കറിയില്ല…
പക്ഷെ സ്നേഹം കൊതിക്കുന്ന പ്രായത്തിൽ മറ്റൊരു ലോകത്തേക്ക് മടങ്ങിചെല്ലേണ്ടി വരുന്ന ശലഭങ്ങൾ എപ്പോളും ഈ ഭൂമിയിൽ പറന്നു നടക്കുന്നുണ്ടാവും…..
ഒത്തിരി ഉയരത്തിൽ പറക്കാൻ കൊതിച്ചിട്ട്.. ചിറകു തളർന്നുപോയ ശലഭങ്ങൾക്കായി സമർപ്പിക്കുന്നു….