അന്യന്റെ ജീവിതം വിറ്റ് കാശാക്കാൻ നടക്കുന്നു. നാണമില്ലേ നിനക്കൊന്നും. എന്റെ ജീവിതമങ്ങനെ

പവിത്ര

(രചന: അഭിരാമി അഭി)

 

വനിതാജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഹൃദയമെന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു.

 

അറിഞ്ഞോ അറിയാതെയോ ഏതൊക്കെയോ ചെളിക്കുണ്ടുകളിൽ വീണ് ഹോമിക്കപ്പെട്ട ഒരുപാട് പെൺജീവിതങ്ങളുടെ നെടുവീർപ്പുകളലിഞ്ഞുചേർന്ന

 

ആ തണുത്ത കൽച്ചുവരുകളിലൂടെ വെറുതേ വിരലോടിച്ച് മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ഭാരം ഹൃദയത്തിൽ ചേക്കേറിയിരുന്നതവളറിഞ്ഞു.

 

അവൾ ചെല്ലുമ്പോൾ ചുവരിൽ ചാരിയിരുന്നേതോ ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു അവർ.

 

പവിത്രയെന്ന വേറിട്ട പെണ്ണ്….. താൻ വന്നത് പോലുമറിയാതെ നിസംഗമായിരിക്കുന്ന ആ സ്ത്രീയെ നോക്കി നിൽക്കുമ്പോൾ അവൾ ദീർഘമായൊന്ന് നിശ്വസിച്ചു.

 

പിന്നെ പതിയെ ഒന്ന് മുരടനക്കി. ആ സ്വരം കാതിലെത്തിയതും അവർ പതിയെ മുഖം തിരിച്ചവളെ നോക്കി. അതുവരെ പ്രത്യേകിച്ച് ഭാവങ്ങളേതുമില്ലാതിരുന്ന ആ മുഖത്തേക്ക് ര ക്തമിരച്ചുകയറി. ദേഷ്യം കൊണ്ട് ആ മുഖം വലിഞ്ഞുമുറുകി.

 

” എന്തിനാ ദിവസവുമിവിടിങ്ങനെ കേറിയിറങ്ങുന്നത്…..??? ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും പറയാനില്ലെന്ന്. ഈ തടവറയിലെങ്കിലും എനിക്കിത്തിരി സമാധാനം തന്നൂടെ….

 

അന്യന്റെ ജീവിതം വിറ്റ് കാശാക്കാൻ നടക്കുന്നു. നാണമില്ലേ നിനക്കൊന്നും. എന്റെ ജീവിതമങ്ങനെ ആർക്കും പിച്ചിക്കീറി പ്രദർശിപ്പിക്കാനുള്ളതല്ല…. പൊക്കോ എന്റെ മുന്നീന്ന്. ”

 

സെല്ലിന്റെ ഇരുമ്പുകമ്പിയിൽ ആഞ്ഞടിച്ച് കലിപൂണ്ടവരലറുകയായിരുന്നു.

 

പക്ഷേ അപ്പോഴും ഒരുവാക്ക് പോലുമവൾ തിരിച്ചുപറയാൻ മുതിർന്നില്ല. അവരുടെ നരച്ച സാരിയിലും നര പാകിയ മുടിയിഴകളിലുമൊക്കെയായി ഒഴുകി നടക്കുകയായിരുന്നു അവളുടെ മിഴികൾ.

 

” ഞാൻ….. ”

 

” പറഞ്ഞില്ലേ എന്റെ മുന്നിൽ വരരുതെന്ന്….. പൊയ്ക്കോ ”

 

പറഞ്ഞതും നിലത്തുനിന്നെണീറ്റ് ആ ഇരുമ്പുകട്ടിലിലേക്ക് കയറി ചുവരിനഭിമുഖമായി തിരിഞ്ഞുകിടന്നിരുന്നു ആ സ്ത്രീ. അല്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട് അവൾ പതിയെ തിരിഞ്ഞുനടന്നു.

 

” ഇവിടെയും സമാധാനം തരില്ലെന്ന് വച്ചാലെന്ത്‌ ചെയ്യും. പിശാചുക്കൾ…. ”

 

മുന്നോട്ട് നടക്കുമ്പോഴും പിന്നിൽ നിന്നും പവിത്രയുടെ ശബ്ദം അവളെ പിൻതുടർന്നുകൊണ്ടിരുന്നു.

 

” ആഹാ ഇന്നും കൃത്യമായി അവളുടെ വായിലിരിക്കുന്നത് കേൾക്കാൻ ആളെത്തിയല്ലോ…. ”

 

പുറത്തേക്ക് വരുമ്പോൾ ജയിലിന്റെ പുറത്തുണ്ടായിരുന്ന പോലീസുകാരൻ ചിരിയോടെ ചോദിച്ചു. മറുപടിയായി മുഖത്തെ വാട്ടം മറച്ചുകൊണ്ട് മീരയുമൊന്ന് ചിരിച്ചു.

 

” ആവശ്യമെന്റെയായിപ്പോയില്ലേ സാറെ…. ”

 

അവൾ ചിരിച്ചു.

 

” നിനക്കിതെന്തിന്റെ കേടാ കൊച്ചേ….??? അയലോക്കക്കാരന്റെ അതിര് മാന്തിയെന്നുള്ളതല്ല അവൾക്കെതിരെയുള്ള കേസ്.

 

ഒരുകുടുംബത്തിലെ നാലുപേരെ അതും സ്വന്തം തന്തയുൾപ്പെടെ വെ ട്ടി നു റുക്കി തെരുവുപട്ടികൾക്കിട്ടുകൊടുക്കാൻ ചങ്കുറപ്പ് കാണിച്ചവളാ അവൾ.

 

എന്നിട്ടോ കാരണമാണെങ്കിൽ ബഹുകേമം. അവൾക്ക് ഭ്രാന്താ….. കൊച്ചിനറിയോ ഇവിടെ വന്നിട്ടിതുവരെ അവളെ ആ സെല്ലിൽ നിന്നും പുറത്തേക്ക് വിട്ടിട്ടില്ല. സത്യം പറഞ്ഞ ഇവിടെല്ലാർക്കും അവളെയൊരു പേടിയില്ലാതില്ല.

 

അങ്ങനെയുള്ളൊരുത്തിയോട് സംസാരിക്കാനാ ദിവസവും നീയിങ്ങനിവിടെ കേറിയിറങ്ങുന്നത്. സൂസൻ മാഡത്തിന് കൊച്ചിനോടൊരു താല്പര്യമുള്ളോണ്ടാ എന്നും ഇവിടിങ്ങനെ കേറിയിറങ്ങാൻ പറ്റുന്നത്.

 

എന്നുവച്ച് ഈ സ്വാധീനവും സമയവുമൊക്കെ വേറെ വല്ല പണിക്കും ഉപയോഗിച്ചൂടെ കൊച്ചേ. ചുമ്മാ എന്നാത്തിനാ അവളെപ്പോലൊരു പ്രാന്തിടെ പുറകെയിങ്ങനെ നടക്കുന്നേ….. ”

 

” ഞാൻ പറഞ്ഞില്ലേ സാർ സമൂഹത്തിന്റെ നാനാതുറയിൽ പെട്ട വ്യത്യസ്തങ്ങളായ പെൺജീവിതങ്ങളെ കൂട്ടിയിണക്കിക്കൊണ്ട്‌ ഞാനൊരു ഡോക്യുമെന്ററി ചെയ്യുന്നുണ്ട്.

 

അതിലൊരു സ്ത്രീ ഈ പവിത്രയാണ്. അവരുടെ ഈ ചെയ്തികൾക്ക് പിന്നിലൊരു കാരണമുണ്ടെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു.

 

ആ കാരണം തേടിയുള്ള അലച്ചിലിലാ ഇപ്പൊ ഞാൻ. അവരുള്ളിൽ കുഴിച്ചുമൂടിയിരിക്കുന്ന ആ ഇരുണ്ട അധ്യായങ്ങൾ ഞാൻ കുഴിമാന്തിയെടുക്കുക തന്നെ ചെയ്യും. അതിനല്ലേ എന്നും ഞാനിങ്ങനിവിടെ കേറിയിറങ്ങുന്നത്. ”

 

അയാളത് പറഞ്ഞപ്പോഴും വെറുതേയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തുകൊണ്ട് അവൾ പറഞ്ഞു.

 

” അവരുടെ ശിക്ഷയിൽ ഇളവെന്തെങ്കിലും കാണുമോ സാർ…??? ”

 

” ഓഹ് ഇനിയെന്തോന്ന് ഇളവാ കൊച്ചേ….. ഇപ്പൊ തന്നെ വർഷം പതിനെട്ടുകഴിഞ്ഞു. ശിക്ഷയുടെ മുക്കാൽ ഭാഗത്തിൽ കൂടുതൽ അവളനുഭവിച്ച് തീർത്തുകഴിഞ്ഞു. ഇനിയിപ്പോ ഇളവ് ചെയ്തിട്ടാർക്കെന്ത് കാര്യം….

 

പവിത്രയെ കോടതിയിൽ കൊണ്ടുവന്ന ദിവസം എനിക്കിന്നും ഓർമയുണ്ട്. അവൾക്ക് വേണ്ടി ഒരു വക്കീല് പോലും ഹാചരുണ്ടായിരുന്നില്ല. പിന്നെ കോടതി തന്നെ ഒരു വക്കീലിനെ ഏർപ്പാടാക്കിയതാ.

 

പക്ഷേ എന്ത് കാര്യം… അവൾക്ക് രക്ഷപെടേണ്ടായിരുന്നു. അവൾ കല്ല് പോലെ നിന്ന് പറഞ്ഞുകളഞ്ഞില്ലേ ചുമ്മാ ഇരുന്നപ്പോ ആ നാലെണ്ണോം തെരുവ്പട്ടികൾക്ക് വിശപ്പ് മാറ്റാനുള്ളതാണെന്ന് തോന്നിയെന്ന്. ”

 

അവളെ കോടതിയിൽ വിചാരണയ്ക്കായി കൊണ്ടുവന്ന ദിവസമോർത്തുകൊണ്ട് അയാൾ പറഞ്ഞു. ഇരുകൈകളും ചേർത്ത് വിലങ്ങുവച്ചകത്തേക്ക് കൊണ്ടുവരുമ്പോഴും അവളുടെ അധരങ്ങളിലൊരു നിർവൃതിയുടെ പുഞ്ചിരി തത്തിക്കളിച്ചിരുന്നു..

 

ആ മുഖം ശാന്തമായിരുന്നു. കുറ്റാരോപിതയായി കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ ഏതൊരു സാധാരണക്കാരന്റെയും മുഖത്തുണ്ടാകാവുന്ന ഒരു ഭാവങ്ങളും അവളിൽ കാണാനുണ്ടായിരുന്നില്ല.

 

ഇത്രയും വലിയ ഒരു പാതകം ചെയ്തവളെയൊരുനോക്ക് കാണാൻ തടിച്ചുകൂടിയവരിൽ നിന്നുതിർന്ന ഓരോ വാക്കുകളും അവളെ വല്ലാതെ ഹരം കൊള്ളിച്ചിരുന്നത് പോലെ തോന്നുമായിരുന്നു അവളുടെ മുഖഭാവത്തിൽ നിന്നും.

 

” എന്താ പേര്… ???? ”

 

” പവിത്ര….. ”

 

സ്ഥായിയായ പുഞ്ചിരിയോടെ….. ദൃഡസ്വരത്തിൽ അവൾ പറയുമ്പോൾ ജഡ്ജി പോലും ഒരുനിമിഷമൊന്നമ്പരന്ന് അവളെ നോക്കി.

 

” നിങ്ങളുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം….. ”

 

” അത് ഞാൻ ചെയ്തത് തന്നെയാണ് സാർ….. ഞായറാഴ്ച എല്ലാവീട്ടിലും ഇറച്ചിക്കറി വെക്കുന്ന പതിവുണ്ടല്ലോ. എനിക്ക് പക്ഷേ അന്ന് അവറ്റോളെ കൊ ത്തി നു റുക്കാനാ തോന്നിയത്.

 

ആ ഏരിയയിലെ പട്ടികളൊക്കെ വല്ലാതെ ക്ഷീണിച്ചുപോയിരുന്നു. അതുകൊണ്ടാ നാലെണ്ണത്തിനെ കൊ ത്തി നു റുക്കിയങ്ങിട്ടുകൊടുത്തത്. ”

 

വക്കീലിന്റെ ചോദ്യത്തേ മുഴുവനാക്കാനനുവധിക്കാതെ നേർത്ത ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞത് കേട്ട് ആ കോടതിമുറിയൊന്നാകെ സ്തംഭിച്ചുപോയിരുന്നു.

 

പലരുടെയും മുഖം വിളറിവെളുത്തു. പക്ഷേ അവളിൽ മാത്രം കൂസലേതുമുണ്ടായിരുന്നില്ല. അവളപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.

 

” അപ്പൊ അവർക്ക് ഭ്രാന്താണോ….??? ”

 

ആ മനുഷ്യൻ പറയുന്നത് കേട്ട് ആകാംഷ സഹിക്കാതെ മീര ചോദിച്ചുപോയി.

 

” ഏയ് അങ്ങനാ ആദ്യം എല്ലാവരും കരുതിയത്. പക്ഷേ പിന്നീട് നടത്തിയ പരിശോധനയിൽ അവൾക്കൊരു കുഴപ്പവുമില്ലെന്ന് മനസ്സിലായി.

 

അതോടെ മനഃപൂർവം നാലുജീവനെടുത്ത അവൾക്ക് കോടതി വധശിക്ഷ വിധിച്ചു. പക്ഷേ പിന്നീടതിളവുചെയ്ത് ഇരട്ടജീവപര്യന്തമാക്കി.

 

ഇപ്പൊ വർഷം പതിനെട്ടുകഴിഞ്ഞു. പുറംലോകവുമായി ഒരുബന്ധവുമില്ലാതെ….. ആരോടുമൊരുവാക്ക് മിണ്ടാതെ….. അവളിങ്ങനെ. ഇപ്പൊ കുറച്ചുനാളെയായുള്ളു ഇങ്ങനെ.

 

അതിനുമുൻപ് ജീവിതത്തിലേ എല്ലാ കർത്തവ്യങ്ങളും നിർവഹിച്ചുതീർന്നത് പോലൊരു സംതൃപ്തി അവളിൽ ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ…. വളരെ അപൂർവമായി മാത്രം കണ്ണ് തുടയ്ക്കുന്നതും കാണാമായിരുന്നു. എന്തിനാണെന്ന് അവൾക്കും ദൈവത്തിനും മാത്രമറിയാം. ”

 

അയാളത് പറയുമ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റലുണർന്നുവോ….. അറിയില്ല.

 

പതിയെ പുറത്തേക്ക് നടന്നു. നാളെയും വരാനുറച്ചുതന്നെ. ഒരോ ദിവസവും ആ ജയിലിന്റെ കവാടം കടക്കുമ്പോൾ ഒരായിരം പ്രതീക്ഷകൾ ഹൃദയത്തിൽ കൂടുകൂട്ടിയിരിക്കും.

 

ഇന്നെങ്കിലും അവർ മനസ് തുറക്കുമെന്ന് വെറുതേ പ്രതീക്ഷിക്കും. പക്ഷേ അവരൊരിക്കലും പതിവുകൾ തെറ്റിക്കാറുണ്ടായിരുന്നില്ല. കണ്ടാലുടനെ കിടക്കയിൽ പുറം തിരിഞ്ഞുകിടക്കാറായിരുന്നു പതിവ്.

 

ഓർത്തുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ കരട് പോയിട്ടോ എന്തോ ഇരുമിഴികളും നിറഞ്ഞിരുന്നു. ഉച്ചിയിലേക്ക് ആഴ്ന്നിറങ്ങിത്തുടങ്ങിയ വെയിലിനെ അവഗണിച്ചുകൊണ്ട് മുന്നോട്ട് നടക്കുമ്പോഴും ഉള്ളിലവർ മാത്രമായിരുന്നു പവിത്ര.

 

റോഡിലേക്കിറങ്ങിയതും കിട്ടിയ ഓട്ടോ കൈ കാണിച്ചുനിർത്തി അതിലേക്ക് കയറി.

 

” കുരിശുപള്ളി ജംഗ്ഷൻ….. ”

 

പറഞ്ഞിട്ട് പുറംകാഴ്ചകളിലേക്ക് വെറുതേ മിഴിപായ്ച്ചിരുന്നു.

 

” ഇന്നും പതിവ് തെറ്റിയില്ലല്ലേ…. ”

 

സ്നേഹതീരമെന്നെഴുതിവച്ച തുരുമ്പിച്ച കവാടം കടന്നകത്തേക്ക് വരുമ്പോൾ തിരുവസ്ത്രമണിഞ്ഞ പ്രായമായ ആ സ്ത്രീ ചോദിച്ചു. സിസ്റ്റർ മേരി സെബാസ്റ്റ്യൻ അതായിരുന്നു അവരുടെ പേര്. അവൾ മേരിമ്മാ എന്ന് വിളിച്ചിരുന്ന സ്ത്രീ.

 

” ഇല്ല മേരിമ്മാ….. ഒരുനോട്ടം പോലും എനിക്കായ് തന്നില്ല. ആഹ് പിന്നെ ഇന്നൊരു വ്യത്യാസമുണ്ടായിരുന്നു . പതിവിലുമേറെ പൊട്ടിത്തെറിച്ചു. പക്ഷേ…..

 

പക്ഷേയൊരുദിവസം ഈ പതിവുകളൊക്കെ തെറ്റും. എന്നെ നോക്കും. ഞാനനറിയാൻ കാത്തിരിക്കുന്ന ആ കഥയെന്നോട് പറയും. നിഗൂതകളുറങ്ങുന്ന പവിത്രയുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഞാനിറങ്ങിചെല്ലും. ”

 

അവളുടെ വാക്കുകൾക്ക് വല്ലാത്തൊരു ദൃഡത കൈവന്നിരിക്കുന്നത് സിസ്റ്റററിഞ്ഞു.

 

” മോളെ മീരാ….. ”

 

” വേണ്ട മേരിമ്മാ….. എനിക്ക് വിഷമമൊന്നുല്ല. ഞാൻ തോറ്റുപിന്മാറുകയുമില്ല. ”

 

പറഞ്ഞിട്ട് അവൾ നേരെ അകത്തേക്ക് നടന്നു. വർഷങ്ങളായി അനാഥത്വത്തിന്റെ നെടുവീർപ്പുകളലിഞ്ഞുചേർന്ന ആ ചെറിയ ചുവരുകൾക്കുള്ളിലേക്ക് കടന്നതും ആശ്രയമറ്റവളുടെ മിഴികളിൽ തങ്ങി നിന്നിരുന്ന രണ്ടുതുള്ളി കണ്ണുനീർ അവളുടെ മാറിലേക്കിറ്റുവീണു.

 

” ഒന്ന് മിണ്ടാൻ…. വെറുതേയൊന്ന് കാണാൻ പിന്നെ എന്തിനായിരുന്നു ഇതൊക്കെയെന്നൊന്നറിയാൻ….

 

അതിനായിരുന്നു ഒരുകാലത്ത് നാടിനെ നടുക്കിയ , നിഗൂഡതകൾ നിറഞ്ഞ പവിത്രയെന്ന പെണ്ണിന്റെ ജീവിതം വച്ചൊരു ഡോക്യുമെന്ററിയെന്ന നുണക്കഥയുമായി ആ ജയിലിലോരോ ദിവസവും കയറിയിറങ്ങിയത്. പക്ഷേ…..”

 

ഓർത്തുകൊണ്ട് തന്റെ സ്റ്റഡി ടേബിളിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു. നിവർത്തിയും മടക്കിയും എപ്പോഴൊക്കെയോ വീണ കണ്ണീരിന്റെ ഉപ്പും ചേർന്ന് വല്ലാതെ മുഷിഞ്ഞ ഒരു പഴയ പത്രത്തിൽ ആ കണ്ണുകൾ ഉടക്കിനിന്നു.

 

പതിനെട്ട് കൊല്ലം മുൻപുള്ള ആ പത്രത്തിലെ അക്ഷരങ്ങളിലൂടൊരുനിമിഷം മിഴികളോടിച്ച് അവളത് നെഞ്ചോട് ചേർത്തുപിടിച്ചു.

 

” മേരിമ്മാ ഞാനിറങ്ങാട്ടോ….. ” രാവിലെ പുറപ്പെടാനൊരുങ്ങി വരുമ്പോൾ അകത്തേക്ക് നോക്കി മീര വിളിച്ചുപറഞ്ഞു.

 

” മോളെ….. ”

 

” എന്താ മേരിമ്മാ….??? ”

 

” മതിയാക്കിക്കൂടേ നിനക്കീ അലച്ചിൽ…. മേരിമ്മക്കറിയാവുന്നതൊക്കെ പറഞ്ഞുതന്നിട്ടില്ലേ ഞാൻ. പിന്നെന്തിനാ ഇനിയാ നാവിൽ നിന്നുതന്നെ കേൾക്കണമെന്നൊരു വാശി….???? ”

 

ആ സ്ത്രീയുടെ സ്വരത്തിൽ വേദന നിഴലിച്ചിരുന്നു.

 

” ഇത് വാശിയല്ല മേരിമ്മാ….. ശെരിയാണ് മേരിമ്മക്കറിയാവുന്നതൊക്കെ മേരിമ്മ എന്നോട് പറഞ്ഞു. പക്ഷേ എനിക്കറിയേണ്ടത് മേരിമ്മക്കറിയാത്ത ആ സത്യങ്ങളാണ്. ഇങ്ങനെയൊക്കെയാകാൻ പവിത്രയെ പ്രേരിപ്പിച്ച ആ കാരണങ്ങളാണ്. അതെനിക്കറിഞ്ഞേമതിയാവൂ മേരിമ്മാ…. ”

 

പറഞ്ഞിട്ട് പ്രായം ചുളിവുകൾ വീഴ്ത്തിയ അവരുടെ വലംകയ്യിലൊന്ന് ചുംബിച്ചിട്ട് അവൾ വേഗത്തിൽ പുറത്തേക്ക് നടന്നു.

 

“””””” ആ അനാഥക്കൊച്ചല്ലേ…. ”

 

” അപ്പനും അമ്മയും ആരാണെന്നാർക്കറിയാം…. “””””””””

 

രാവിലത്തെ ചൂടേറിയ വെയിലിനെ തഴഞ്ഞുകൊണ്ട് മുന്നോട്ട് നടക്കുമ്പോൾ ആ വാക്കുകൾ മറ്റൊലിക്കൊള്ളുകയായിരുന്നു അവളുടെ ഉള്ള് നിറയെ. കുഞ്ഞിലേ മുതൽ കേട്ടുതഴമ്പിച്ച ആ വാക്കുകൾ.

 

“”” അനാഥ “””””

 

അവൾ വെറുതെയൊന്നുരുവിട്ടു. കാലുകൾക്ക് വേഗമേറും പോലെ. ജയിക്കണമെന്ന വാശി ഉള്ളിലൂറിയുറയ്ക്കും പോലെ. ആ വലിയ ഇരുമ്പുകവാടത്തിലെ ചെറിയ വാതിൽ കടന്നകത്തേക്ക് കയറുമ്പോൾ പ്രതീക്ഷകൾ വീണ്ടും വാനോളമുയർന്നിരുന്നു.

 

” ആഹാ പതിവ് തെറ്റിയില്ലല്ലോ…. ചെല്ല് ചെല്ല്….. ”

 

അവളെ കണ്ടതും ആ പോലീസുകാരൻ പതിവുപുഞ്ചിരിയോടെ പറഞ്ഞു. മറുപടിയൊരു പുഞ്ചിരിയിൽ മാത്രമൊതുക്കി വരാന്തയിലേക്ക് കയറി പതിയെ നടന്നു.

 

പതിവ് സന്ദർശകയായത് കൊണ്ടാവാം പല സെല്ലുകളിലും വിഷാദം കലർന്നൊരു പുഞ്ചിരി അവൾക്കായി മാറ്റിവയ്ക്കപ്പെട്ടത്. ഒടുവിൽ ലക്ഷ്യത്തിലെത്തുമ്പോൾ പതിവുപോലെ ആ അഴികളിൽ ചാരി അവരുണ്ടായിരുന്നു. പവിത്ര….

 

പിന്നിൽ കാലടി ശബ്ദമുയർന്നുകേട്ടതും പതിയെ തല ചരിച്ചു നോക്കി. പക്ഷേ പതിവ് കലിയില്ലവിടെ. പകരം ആ മിഴികൾ നനഞ്ഞിരുന്നു. ഓർമകളുടെ ചിതയിന്നും കെട്ടടങ്ങാഞ്ഞിട്ടാവാം മിഴികൾ ജ്വലിച്ചിരുന്നു.

 

” ഞാൻ….. ”

 

” എന്താ അറിയേണ്ടത്….??? ”

 

ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ആ ചോദ്യം. അതുകൊണ്ട് തന്നെ മീരയൊരുനിമിഷമൊന്നമ്പരന്നു. ഉള്ളിലൊരു കടലിളകിമറിയുന്നതവളറിഞ്ഞു. ഒന്ന് പൊട്ടിക്കരയാൻ ഹൃദയം വാശിപിടിച്ചു.

 

പക്ഷേ എല്ലാം എവിടെയോ കുഴിച്ചുമൂടി അവൾ പതിയെ ആ വെറും നിലത്തേക്കിരുന്നു. ആ ഇരുമ്പഴികൾ ഇടയ്ക്കൊരു തടസം തീർത്തിരുന്നുവെങ്കിലും അവരുടെ തൊട്ടടുത്ത് ഒരു വിരൽപ്പാടകലെ അവളും.

 

” ഒന്ന് മാത്രമേയുള്ളൂ അറിയാൻ കാരണങ്ങൾ…. അതുമാത്രം. ”

 

അവൾ പറഞ്ഞതും ചോദ്യഭാവത്തിൽ പവിത്രയവളെ തുറിച്ചുനോക്കി. പക്ഷേ മീരയിൽ പതർച്ചയൊട്ടും തന്നെയുണ്ടായിരുന്നില്ല.

 

” സ്വന്തം അച്ഛനേയും ഭർത്താവിനെയും ഉൾപ്പെടെ നാലുപേരെ കൊത്തിനുറുക്കി തെരുവിലേക്ക് വലിച്ചെറിയാൻ പ്രേരിപ്പിച്ച കാരണം……

 

നൊന്തുപെറ്റ സ്വന്തം കുഞ്ഞിനെ ഒരനാഥാലയത്തിന്റെ ഇരുണ്ട ചുവരുകൾക്കുള്ളിലേക്ക് വലിച്ചെറിയാൻ കാണിച്ച ഉറച്ച മനസ്സിന്റെ കാരണം….. ”

 

അവളിൽ നിന്നും ആ വാക്കുകളുതിർന്നുവീഴവേ പവിത്രയുടെ മിഴികളൊന്ന് പിടഞ്ഞു. മീരയത് തിരിച്ചറിയുകയും ചെയ്തു.

 

” ഇത്….. ഇതെങ്ങനെ….. ”

 

” ഞാൻ പറഞ്ഞില്ലേ വെറുതേ ഒരുദിവസം ഒരു തോന്നലിൽ ഇങ്ങോട്ട് കയറിവന്നവളല്ല ഞാൻ.. പവിത്രയെന്ന പെണ്ണിനെ അറിഞ്ഞിട്ട് തന്നെ വന്നവളാണ്. എന്നിട്ടും വീണ്ടുമിവിടെ കയറിയിറങ്ങിയത്….. എനിക്ക് ഞാൻ അറിഞ്ഞതിന്റെയൊക്കെ കാരണങ്ങളറിയണമായിരുന്നു. ”

 

” എന്റെ മകൾ….. ”

 

അത് പറയുമ്പോൾ പവിത്രയുടെ സ്വരം വല്ലാതെ കല്ലിച്ചിരുന്നു. മീരയുടെ പുരികക്കൊടികൾ ചുളിഞ്ഞു. മനസ്സിലാവാത്തത് പോലെ അവൾ ആ സ്ത്രീയെ ചൂഴ്ന്നുനോക്കി.

 

” നീ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കുമായി എനിക്ക് നൽകാൻ ഒരുത്തരമേയുള്ളൂ. എന്റെ മകൾ…. ഇന്നത്തെ പവിത്രയുണ്ടാവാനുള്ള ഏകകാരണം. ”

 

അത്രയും പറഞ്ഞപ്പോഴേക്കും വല്ലാതെ കിതച്ചുപോയിരുന്നു അവർ. ആ മിഴികൾ ചുവന്നുകലങ്ങി.

 

” എനിക്ക് ആറുവയസുള്ളപ്പോഴായിരുന്നു അച്ഛൻ മരിക്കുന്നത്. പിന്നെയും മൂന്നുവർഷങ്ങൾക്ക് ശേഷമായിരുന്നു എന്റെ രണ്ടാനച്ഛന്റെ വേഷം കെട്ടി അയാൾ ഞങ്ങടെ വീടിന്റെ അധികാരമേറ്റെടുത്തത്.

 

ആദ്യം മുതലേ എന്നോടയാൾക്കുണ്ടായിരുന്ന അതിരുകവിഞ്ഞ സ്നേഹപ്രകടനങ്ങളുടെയൊക്കെ അർഥം തിരിച്ചറിയാൻ കാലങ്ങൾ വേണ്ടിവന്നു.

 

അതോടെ ഞാനയാളിൽ നിന്നും അകന്നുമാറിക്കൊണ്ടേയിരുന്നു. എങ്ങനെയൊക്കെയോ ജീവിതം മുന്നോട്ട് നീങ്ങി. പതിനഞ്ചാമത്തെ വയസിൽ അമ്മയും പോയി. അതോടെ ഞാൻ വീട്ടിൽ നിൽക്കാറേയില്ലെന്നായി.

 

തുണിക്കടകളിലൊക്കെ ജോലിക്ക് നിന്നിരുന്നത് ആ വീട്ടിൽ നിന്നുമൊരു രക്ഷപെടൽ മാത്രം മുന്നിൽകണ്ടായിരുന്നു. അങ്ങനെയിരിക്കെ ആയിരുന്നു അയാളുടെ ഒരു കൂട്ടുകാരന്റെ മകനുമായി എന്റെ വിവാഹമുറപ്പിച്ചു എന്നുപറഞ്ഞയാൾ വന്നത്.

 

ഇരുപത്തിമൂന്നുകാരിക്ക് മുപ്പത്തിയെട്ടുകാരൻ ഭർത്താവ്. എങ്കിലും സ്വസ്ഥമായി ഒരു കൂരയ്ക്ക് കീഴിലുറങ്ങാൻ ഒരാൺതുണയുണ്ടാകുമെന്ന പ്രതീക്ഷയിൽ ഞാനതിന് വഴങ്ങി.

 

ഭർത്താവും അച്ഛനും അമ്മയും ആയിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ ആദ്യദിവസം രാത്രി തന്നെ ആ വീട്ടിലെ രീതികൾ കണ്ട് ഞാൻ വല്ലാതെ തകർന്നുപോയിരുന്നു.

 

സന്ധ്യയോടെ അച്ഛനും മകനും എന്റച്ഛനെന്ന വൃത്തികെട്ടവനും ചേർന്ന് അഴിഞ്ഞാടാനുള്ള ഒരു സങ്കേതം മാത്രമായിരുന്നു ആ വീട്. എല്ലാത്തിനും സപ്പോർട്ട് ആയി അമ്മായിയമ്മയും.

 

വിവാഹരാത്രിയിൽ മണിയറയിൽ കാത്തിരുന്ന പെണ്ണിനരികിലേക്ക് ഭർത്താവും അയാളുടെ അച്ഛനും സ്വന്തമച്ഛന്റെ സ്ഥാനത്തുള്ളവനും ഒരുമിച്ച് കടന്നുവരുന്ന അവസ്ഥ ഒരു പെണ്ണിന് ചിന്തിക്കാനെങ്കിലും കഴിയുമോ….???? പക്ഷേ അതുമനുഭവിച്ചവളാണ് ഞാൻ.

 

രാവ്പുലരും വരെ ആ മൂന്ന് നായ്ക്കളും ചേർന്ന് എന്നിലെ പെണ്ണിനെ കടിച്ചുകുടഞ്ഞു. ഒരാഴ്ച ആ പതിവ് തുടർന്നു.

 

ഒടുവിൽ ഒരുരാത്രിയാ വീട്ടിൽ നിന്നും രക്ഷപെട്ടിറങ്ങിയോടുമ്പോൾ എങ്ങോട്ടെന്നൊരു ധാരണയുമുണ്ടായിരുന്നില്ല. രണ്ടുമൂന്ന് ദിവസത്തെ അലച്ചിലിനൊടുവിൽ എങ്ങനെയൊക്കെയോ ജോലി ചെയ്തിരുന്ന ആ തുണിക്കടയിൽ തന്നെ ഞാൻ ജോലിക്ക് കയറി.

 

ജീവിതത്തിന്റെ പോക്കെങ്ങോട്ടെന്ന് പോലുമറിയാതെ ദിശയറിയാതെ തുഴഞ്ഞുതുടങ്ങിയ ആ സമയത്തായിയിരുന്നു അവകാശിയെ ഉറപ്പിക്കാൻ കഴിയാത്ത ഒരു ജീവൻ കൂടിയെന്റുള്ളിൽ തുടിച്ചുതുടങ്ങിയതറിഞ്ഞത്.

 

കൊല്ലാൻ മനസ് വന്നില്ല. അതിന് വേണ്ടിയായിരുന്നു പിന്നീടുള്ള ജീവിതം. പ്രസവം കഴിഞ്ഞു. മോൾക്ക് മൂന്നുവയസാകും വരെ പ്രശ്നങ്ങളൊന്നുമില്ലാതെ ശാന്തമായി കടന്നുപോയി.

 

അങ്ങനെയിരിക്കെയാണ് എന്നെത്തേടി വീണ്ടുമയാളെത്തിയത്. എന്റെ ഭർത്താവ്. ഞാൻ കാണുമ്പോൾ അരക്ക് താഴെ തളർന്ന അവസ്ഥയിലായിരുന്നു അയാൾ. കെട്ടിടം പണിക്കിടെ താഴേക്ക് വീണങ്ങനെയായതായിരുന്നു അയാൾ.

 

ഇപ്പോൾ വീട്ടിൽ ഒറ്റയ്ക്കാണ് അമ്മ മരിച്ചിട്ട് നാള് കുറച്ചായി എല്ലാം മറന്ന് കുഞ്ഞിനേയും കൊണ്ട് ഒപ്പം ചെല്ലണമെന്നും പറഞ്ഞ് അയാൾ കരഞ്ഞപ്പോ ഒറ്റക്കെന്റെ മോളെയും കൊണ്ട് തുഴഞ്ഞുതളർന്നതിനാലാവാം ഞാൻ വീണ്ടും….

 

അവിടെ പറഞ്ഞത് പോലെ അയാൾ മാത്രമേയുണ്ടായിരുന്നുള്ളു. വെറുപ്പ് ഉള്ളിൽ പതഞ്ഞിരുന്നുവെങ്കിലും ഞാൻ വീണ്ടും ആ വീടിനോടിണങ്ങാൻ തുടങ്ങിയിരുന്നു.

 

നാളുകൾ കൊഴിഞ്ഞുതീർന്നുകൊണ്ടിരുന്നു. ഒരുദിവസം ഞാൻ ജോലി കഴിഞ്ഞുവരുമ്പോൾ ഞാൻ ഭയന്നിരുന്ന രണ്ട് ചെന്നായ്ക്കളും വീട്ടിലുണ്ടായിരുന്നു.

 

എന്റെ മോളെ മടിയിൽ വച്ച് അവളുടെ ശരീരത്തുകൂടി ഇഴയുന്നുണ്ടായിരുന്നു എന്റെ തന്തയെന്ന് പറയുന്ന ആ പിഴച്ചവന്റെ കൈകൾ. ഞാനോടിച്ചെന്ന് മോളെ വാങ്ങുമ്പോൾ എന്റെ ശരീരത്തെയും അവന്മാർ കൊത്തിവലിച്ചുകൊണ്ടിരുന്നു.

 

പിന്നെ ആ വരവ് പതിവായിത്തുടങ്ങി. അവസരം കിട്ടുമ്പോഴൊക്കെ എനിക്കും ഇച്ചിരിയില്ലാത്ത എന്റെ കുഞ്ഞിനും നേർക്ക് അവന്മാരുടെ കണ്ണുകൾ ആർത്തിയോടെ പാഞ്ഞടുത്തു.

 

ആദ്യമൊക്കെയുള്ള എന്റെ ചെറുത്തുനിൽപ്പിന്റെ ബലം കുറയുന്നത് ഞാനറിഞ്ഞു. അതോടെ ഭയം വീണ്ടുമെന്നിൽ കൂടുകൂട്ടി.

 

പക്ഷേ എത്രയൊക്കെ തടയാൻ ഞാൻ ശ്രമിച്ചിട്ടും ഒരുദിവസം എന്റെ കുഞ്ഞിനേയുമാ ചെന്നായ്ക്കൾ….. പിന്നീട് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെയാണ് മോളെയും കൊണ്ട് ഞാൻ സ്നേഹതീരമെന്ന അനാഥാലയത്തിലേക്ക് പോയത്.

 

അവിടുത്തെ സിസ്റ്റർമാരുടെ കാലുപിടിച്ച് കുഞ്ഞിനെയവരെയേൽപ്പിച്ചു. ഒരിക്കലും എന്റെ മകൾ ജീവിച്ചിരിക്കുന്നുവെന്ന സത്യം പുറത്ത് വരരുതെന്ന് ഞാനവരോടപേക്ഷിച്ചു.

 

കാരണം പറഞ്ഞാൽ എന്റെ ലക്ഷ്യം നടക്കില്ലെന്നറിയാവുന്നത് കൊണ്ട് ഈ കഥകളൊന്നും ഞാനവരെ അറിയിച്ചില്ല. പകരം എന്റെ നിവർത്തികേട് ഞാനവരെ ബോധിപ്പിച്ചു. ഒടുവിൽ എന്റെ കുഞ്ഞിനെ ഏറ്റെടുക്കാൻ അവർ തയാറായി…. ”

 

” എന്തിന്….???? ”

 

അതുവരെ ശ്വാസം വിലങ്ങിയിട്ടെന്നപോലെ ഇരുന്നിരുന്ന മീര പെട്ടന്ന് ചോദിച്ചുപോയി.

 

” ഞാൻ ചെയ്യാനുറച്ചിരുന്ന കാര്യം ചെയ്തുകഴിയുമ്പോൾ ഞാനനുഭവിച്ചതെല്ലാം മറനീക്കി പുറത്തുവന്നേക്കാമെന്നെനിക്ക് തോന്നി.

 

ആ നേരത്ത് എന്റെ മകളൊരിക്കലും ഒരു കൊലപാതകിയുടെ മകളെന്നൊ അല്ലെങ്കിൽ അച്ഛന്റെ സ്ഥാനത്ത് ഒന്നിലധികം പേരുള്ളവളെന്നൊ സമൂഹം ചൂണ്ടിനിർത്തപെടരുതെന്ന് ഞാൻ കരുതി.

 

അതിലും ഭേദം അവൾക്ക് അനാഥയെന്ന മേൽവിലാസമാണെന്ന് ഞാനുറപ്പിച്ചു. അന്ന് ഒരു ശെനിയാഴ്ചയായിരുന്നു.

 

അന്ന് രാത്രി മ ദ്യ പിച്ച് ബോധം നശിച്ചുകിടന്ന അച്ഛനേയും അമ്മായിയച്ഛനേയും ഒരു ദാക്ഷിണ്യവും കൂടാതെ ഞാൻ കൊ ത്തി നു റു ക്കിയൊരു മൂലയ്ക്ക് കൂട്ടി.

 

അപ്പോഴാണ് കട്ടിലിൽ കിടക്കുന്ന പാതി ചത്തശവവും നീതിയർഹിക്കുന്നില്ലെന്നെനിക്ക് തോന്നിയത്. അവനെയും ഞാൻ കൊ ത്തി നു റുക്കി. രാത്രി തന്നെ ആ ഭാഗത്ത് പട്ടികൾ കൂടാറുള്ള വേസ്റ്റ് കൂനകൂട്ടിയിരുന്ന സ്ഥലത്തേക്ക് ആ ശവങ്ങൾ ഞാൻ കൊണ്ടിട്ടു.

 

പിറ്റേദിവസം നേരം പുലർന്നത് സ്വന്തം പിതാവിനേയും ഭർത്താവിനെയും അയാളുടെ അച്ഛനേയും പിന്നെ നൊന്തുപെറ്റ കുഞ്ഞിനേയും കൊ ത്തി നു റുക്കി തെരുവിലെറിഞ്ഞ പവിത്രയെന്ന ഭ്രാന്തിയുടെ കഥ പാടിക്കൊണ്ടായിരുന്നു.

 

ഒന്നും നിഷേധിച്ചില്ല. എനിക്ക് രക്ഷപെടുകയും വേണ്ടായിരുന്നു. ഒന്ന് മാത്രമേ എനിക്ക് നിർബന്ധമുണ്ടായിരുന്നുള്ളു….. എന്റെ മകൾ ജീവിച്ചിരിക്കുന്നുവെന്ന സത്യം പുറംലോകമറിയരുതെന്ന് മാത്രം. അത് ഞാൻ സാധിച്ചു. ”

 

വല്ലാത്തൊരുന്മാദത്തോടെ അവർ പറഞ്ഞവസാനിപ്പിക്കുമ്പോൾ വല്ലാത്തൊരുഭാവത്തിൽ ആ സ്ത്രീയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു മീര. അവളുടെ മിഴികൾ പെയ്യാൻ വെമ്പിയിരുന്നു.

 

മാ റിടങ്ങൾ വല്ലാതെ ഉയർന്നുതാഴ്ന്നിരുന്നു. അത് ശ്രദ്ധിച്ചപ്പോൾ പവിത്ര നേർമയായൊന്ന് പുഞ്ചിരിച്ചു. പിന്നെ അഴികൾക്കിടയിലൂടെ കൈ നീട്ടി അവളുടെ തോളിൽ പതിയെ ഒന്ന് തൊട്ടു.

 

” എന്റെ മകൾക്കിപ്പോൾ നിന്റെ പ്രായമുണ്ടാകും….. ”

 

വർഷങ്ങൾക്ക് ശേഷം ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ മാതൃവാത്സല്യത്തോടെ അവളുടെ മുടിയിലൂടൊന്ന് തലോടിക്കൊണ്ട് അവർ പറഞ്ഞു.

 

” അമ്മ….. ”

 

പെട്ടന്ന് എന്തോ നാവിൽ നിന്നുതിർന്ന ആ രണ്ടക്ഷരത്തിന് മുന്നിൽ മീരയൊന്ന് തരിച്ചുനിന്നു. പക്ഷേ പവിത്ര പുഞ്ചിരി തൂകുക തന്നെയായിരുന്നു.

 

” അമ്മ….. ആ വിളി കേട്ടിട്ട് വർഷം പതിനെട്ട് കഴിഞ്ഞു. കൊതിയില്ലാഞ്ഞല്ല. വേണ്ടെന്ന് വച്ചിട്ടാ.

 

ഇപ്പോൾ ആരെന്ന് പോലുമാറിയാത്ത നിന്നിലൂടെ അത് കേൾക്കാനുള്ള ഭാഗ്യം ഈശ്വരനീ പാപിക്ക് തന്നല്ലോ. പൊക്കൊളു…. ഇനിയെന്നെ തേടി വരരുത്. പറയാൻ എന്നിൽ കഥകളൊന്നും ബാക്കിയില്ല. ”

 

ശാന്തമായിരുന്നു അവരുടെ സ്വരം. പതിയെ നിലത്ത് കയ്യൂന്നിയെണീക്കുമ്പോൾ കുഴഞ്ഞുവീഴുമോ എന്ന് പോലും ഭയന്നുപോയിരുന്നു മീര.

 

” എന്താ മോൾടെ പേര്….??? ”

 

തിരിഞ്ഞുനടക്കാനൊരുങ്ങവേയായിരുന്നു ആ ചോദ്യം.

 

” മീര…. സ്നേഹതീരത്തെ സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ മകൾ മീര…. ”

 

പറഞ്ഞിട്ട് അവൾ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ തിരിഞ്ഞുനടക്കുമ്പോൾ ഒരേങ്ങലോടെ നിലത്തേക്ക് കുഴഞ്ഞുവീണ പവിത്രയിൽ നിന്നും ദേഹിയകന്നതവളറിഞ്ഞില്ല.

 

” മീരാ…… ”

 

അവസാനമായി ആ കൊരുത്തുപോയ പല്ലുകൾക്കിടയിലൂടെ അവളാ പേരുച്ഛരിച്ചു. അപ്പോഴും തുറിച്ചുതന്നെയിരുന്ന ആ മിഴികളിൽ നിന്നുമൊരു തുള്ളിയിറ്റ് നിലത്തേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *