ഒരു പുഞ്ചിരി മാത്രം
(രചന: Muhammad Ali Mankadavu)
വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയതിന്റെ പിറ്റെന്നാൾ ‘പുതിയപെണ്ണിനെ’ കാണാനും പരിചയപ്പെടാനും അയൽപക്കത്തുള്ള പെണ്ണുങ്ങൾ ഓരോരുത്തരായി എത്തി.
ഷംസുവിന്റെ പെണ്ണിനെ കണ്ടവരെല്ലാം ആശീർവദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
ചിലർ ഷംസുവും രഹനയും ഒരുമിച്ചു നിൽക്കെ തന്നെ തങ്ങളുടെ മനസ്സിലുള്ളത് തുറന്നു പറയുകയും ചെയ്തു “ഷംസുവിന് യോജിക്കുന്ന , മാച്ചായ പെണ്ണ് തന്നെ”,
ഷംസു മറുപടി പുഞ്ചിരിയിലൊതുക്കിയപ്പോൾ രഹന നാണത്തോടെ ഷംസുവിന് നേരെ കടക്കണ്ണെറിഞ്ഞു.
ജാനുവേടത്തിയും ലീലച്ചേച്ചിയും രഹ്നയെ കാണാനെത്തി, കുശലം പറഞ്ഞു. വാർദ്ധക്യത്തിന്റെ വയ്യായ്ക വകവെക്കാതെ ഗോപാലേട്ടനുമെത്തി.
“ശംസൂ, ഇന്നലെ കല്യാണദിവസം എനിക്ക് തീരെ വയ്യാത്തതിനാൽ വരാൻ പറ്റിയില്ല , നിന്റെ പെണ്ണിനെയെങ്കിലും ഒരു നോക്ക് കാണാൻ വരണമെന്ന് തോന്നി, നീ എന്നോട് അത്രക്ക് സ്നേഹം കാണിക്കുന്നോനല്ലെടാ “.
ഷംസു ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയാൽ ഗോപാലേട്ടനെ വീട്ടിൽ ചെന്ന് കാണുകയും എന്തെങ്കിലും സമ്മാനങ്ങൾ നൽകുകയും ചെയ്യും.
ബാപ്പയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഗോപാലേട്ടൻ. പിന്നെ എത്തിയത് മറിയുമ്മത്താത്തയാണ്.
മറിയുമ്മത്താത്തയെ കണ്ടതേ ഷംസുവിന്റെ മുഖമൊന്നു പരുങ്ങി! ഇനി എന്താണ് ആ നാവിൽ നിന്നും പുറത്ത് വരുകയെന്ന് പ്രവചിക്കാനേ വയ്യ! നല്ല വാക്ക് ആ നാവിൽ നിന്നും വരാൻ സാധ്യത വളരെ കുറവാണ്.
ഇവരെ പരിചയപ്പെട്ടു കഴിഞ്ഞാൽ രഹന എന്തായിരിക്കും പറയുക ? മറിയുമ്മത്താത്ത തുടങ്ങി “ശംസൂന്റെ കെട്ടിയോളെ ഒന്ന് ശരിക്ക് കാണാൻ വന്നതാ , ഇന്നലെ കല്യാണ വേഷത്തിലല്ലേ ,
അത് പിന്നെ എങ്ങനെയുള്ള പെണ്ണും കല്യാണ ദിവസം അണിഞ്ഞൊരുങ്ങിയാൽ മൊഞ്ചുണ്ടാകുമല്ലോ, ഞാനൊന്ന് നോക്കട്ട് നമ്മളെ ശംസൂന് പറ്റിയ പെണ്ണ് തന്നെയാണോന്ന്”..
മറിയുമ്മത്താത്ത രഹനയെ അടിമുടിയൊന്ന് നോക്കി, എന്തെങ്കിലും കമന്റ് ഒഴിവാക്കാൻ വേണ്ടി ഷംസു അവിടെ നിന്നും അൽപ്പം മാറി നിന്നു.
രഹനയോട് മറിയുമ്മത്താത്ത പറഞ്ഞു “നിനക്ക് ഓനെ കിട്ടിയത് വല്യ ഭാഗ്യാ , കൊറച്ച് വാശിക്കാരനാണെങ്കിലും ഓനെക്കാളും നല്ല ചെക്കനെ നിനക്കെന്തായാലും കിട്ടൂല” രഹന ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
മറിയുമ്മത്താത്ത അവളുടെ കഴുത്തിലും കാത്തിലുമൊക്കെയുള്ള ആഭരണങ്ങളിലേക്ക് സൂക്ഷ്മമായി കണ്ണോടിച്ചു എല്ലാം ഒപ്പിയെടുത്തു , താത്തയുടെ മുഖത്ത് വലിയ സന്തോഷമൊന്നുമില്ല.
“ങ്ഹും സുഖം തന്നെയല്ലേ, എന്നാ ഞാനിപ്പം പോകുകയാ , പിന്നെ വരാം”
താത്ത തന്റെ വീട്ടിലേക്ക് പോകാനായി അടുക്കളഭാഗത്തേക്ക് പോയി. താത്തയുടെ ‘പിടിയിൽ’ നിന്നും ‘രക്ഷപ്പെട്ട’ രഹന വേഗം ഷംസുവിന്റെ അരികിലെത്തി ആശ്വാസം കൊണ്ടു.
“വാ നമുക്കൊന്ന് വെറുതെ വളപ്പിലൊന്ന് കറങ്ങാം , നമ്മുടെ വീടിന് മുന്നിലുള്ള വയലുകളിലൊന്ന് പോകാം വെറുതെയങ്ങനെ ഇരിക്കാൻ” ഷംസു രഹനയോട് പറഞ്ഞു.
വയലിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൻ മുകളിലിരിക്കാൻ മറിയുമ്മത്താത്തയുടെ വീടിനു മുന്നിലൂടെ നടക്കുമ്പോൾ താത്ത ആരോടോ സംസാരിക്കുന്നത് കേട്ടു
“ഷംസൂന് കണക്കായ പെണ്ണേ അല്ല ഓള് , ഓൻ എത്ര സുന്ദരനായ ചെക്കനാണ് , ഓക്ക് ഓനെക്കാളും പ്രായം തോന്നുന്നുണ്ട് ,
കാണാനും തീരെ പോര , പിന്നെ ഓളെ ബെല്യ പൊര കണ്ടിറ്റ് ഓന്റെ ഉപ്പേം ഉമ്മേം കൊണ്ടുപോയി കെട്ടിച്ചതാ”
ഈ സംസാരം കേട്ടു കൊണ്ട് നടന്ന ഷംസുവും രഹനയും അന്ധാളിച്ചു പോയി!! ഇപ്പോൾ പുറമെ കുറെ പഞ്ചാര പുരട്ടിയ വാക്കുകളുമായി നമ്മുടെ വീട്ടിൽ നിന്നും ഇറങ്ങിയ സ്ത്രീ !!
രാത്രി ഉറങ്ങാൻ കിടക്കവേ രഹന മറിയുമ്മത്തയുടെ ആ വാക്കുകൾ വീണ്ടുമോർത്തു , തന്നെ നേരിൽ കണ്ടു സംസാരിച്ച്, വീട്ടുകാർ പരസ്പരം ആലോചിച്ച് സമ്മതം മൂളിയിട്ടാണ് ഷംസു വിവാഹം കഴിച്ചത് ,
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ തന്നെ ഇത്തരം വാക്കുകൾ കേൾക്കേണ്ടി വന്നത് അവളെ വല്ലാതെ സങ്കടപ്പെടുത്തുകയും ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ഭയപ്പാടോടെ ചിന്തിക്കാൻ തുടങ്ങുകയും ചെയ്തു . നവവധുവിന്റെ സന്തോഷമെല്ലാം പെട്ടെന്ന് ഇല്ലാതായി.
പിറ്റേ ദിവസം ഉച്ചഭക്ഷണത്തിന് ബന്ധുവീട്ടിലെ സൽക്കാരം കഴിഞ്ഞ് ഷംസുവും രഹനയും ബീച്ചിൽ സമയം ചെലവഴിക്കാനായി ഇരുന്നു. അവളുടെ മുഖം പ്രസന്നമല്ലാതായത് ഷംസു മനസ്സിലാക്കിയിരുന്നു.
“രഹനാ നിനക്കെന്ത് പറ്റി ? ഒരു സന്തോഷമില്ലല്ലോ ?, എന്റെ വീടും ആൾക്കാരെയൊന്നും നിനക്കിഷ്ടമായില്ലേ ? ആരെങ്കിലും എന്തെങ്കിലും നിനക്കിഷ്ടമില്ലാത്തത് പറഞ്ഞോ ? ”
അങ്ങനെയൊരു സാദ്ധ്യതയില്ലെന്ന് ഷംസുവിനറിയാമെങ്കിലും അവൻ ചോദിച്ചു .
“അത് .. അത് പിന്നെ ഇക്കാ, ഏയ്, അങ്ങനെയൊന്നുമില്ല, പിന്നെ, ഞാനിന്നലെ ഒരു സ്വപ്നം കണ്ടു “, എന്ത് സ്വപ്നം ? “അത് നമ്മളെ ആരോ അകറ്റാൻ നോക്കുന്നത് പോലെ “,
“ഇക്ക എന്നെ ഇഷ്ടപ്പെട്ടിട്ട് കെട്ടിയത് തന്നെയല്ലേ ? അല്ലാതെ , വേറെ എന്തെങ്കിലും ആഗ്രഹിച്ച്… ”
അവൾ അവിടെ നിർത്തിയെങ്കിലും അവളുടെ വാക്കുകളിലെ തുടർച്ച എന്തായിരിക്കുമെന്ന് ഊഹിക്കാനായി. ഷംസു പറഞ്ഞു “നീ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട”.
“അതല്ല ആ മറിയുമ്മത്താത്തയെ കണ്ടപ്പോളേ എനിക്കെന്തോ അത്ര പിടിച്ചില്ല, കൂടാതെ അവരുടെ ശരിയല്ലാത്ത സംസാര രീതിയും, വാക്കുകളും , പിന്നെ ഞങ്ങളിന്നലെ അവരുടെ വീടിന് മുന്നിലൂടെ പോകുമ്പോ കേട്ടതും .. ആകെക്കൂടി ഒരു വിഷമം..”
“രഹനാ , മറിയുമ്മത്താത്തയുടെ വാക്കുകളൊന്നും നീ അത്ര കാര്യമാക്കണ്ട, കുശുമ്പ് പറയുന്നതല്ല, ഈ സാഹചര്യത്തിൽ എനിക്ക് ഇത്രയും പറഞ്ഞേ മതിയാകൂ അവരുടെ രണ്ടാണ്മക്കൾ കല്യാണം കഴിഞ്ഞവരാണ് ,
എന്നാലും അവർ ഉദ്ദേശിക്കുന്ന രീതിയിലുള്ള ബന്ധം അല്ല പോലും, എപ്പോളും അവരുടെ ഭാര്യമാരെക്കുറിച്ചും, അവരുടെ വീട്ടുകാരെക്കുറിച്ചും പരാതിയാണ്, അവരുടെ സ്വഭാവം അങ്ങനെയാണ്, എപ്പോഴും കുശുമ്പിന്റെ വർത്തമാനമേ പറയൂ..
അതിലാണ് അവരുടെ സംതൃപ്തി. നമ്മൾ വിദ്യാഭ്യാസമുള്ളവരല്ലേ, നമ്മളത് മനസ്സിലാക്കി പെരുമാറുക, കേൾക്കുന്നതെല്ലാം ചിന്തകളിലേക്കെടുത്ത് മനസ്സ് കലുഷിതമാക്കേണ്ട “, വിട്ടു കള “.
ഷംസു തുടർന്നു, “പിന്നെ നിന്നെ കെട്ടിയത്, ഞാനാകെ ഒരു പെണ്ണിനെയെ കാണാൻ കൂട്ടാക്കിയുള്ളൂ, അത് നീയാണ് , നിന്റെ വീട്ടുകാരെക്കുറിച്ചും നന്നായി അന്വേഷിച്ച് തന്നെയാണ് കല്യാണം ഉറപ്പിച്ചതും.
പടച്ചോന്റെ നാമത്തിൽ നികാഹ് ചൊല്ലിയാണ് നിന്നെ ജീവിത സഖിയാക്കിയത് , ഇനി അത് പിരിക്കാൻ പടച്ചോൻ വിചാരിച്ചാൽ മാത്രമേ സാധിക്കൂ, പിരിക്കാൻ ഇഷ്ടമല്ലാത്ത പടച്ചോൻ അത് ചെയ്യുകയുമില്ല,
കാരണം വിവാഹ ബന്ധം വേർപെടുത്തൽ പടച്ചോൻ ഏറ്റവും വെറുക്കുന്ന കാര്യവുമാണ് അറിയുമായിരിക്കും അല്ലെ ?”,
എന്റെ വാപ്പ , നമ്മൾ ആണ്മക്കളോട് ഉപദേശിക്കാറുണ്ട് “സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് , ഞാനതിന് ശ്രമിക്കുന്നുമുണ്ട് ,
എന്റെ ഓഫിസിലെ അബ്ദുള്ളക്ക പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞിരുന്നു “ഷംസൂ, വിവാഹമെന്നാൽ മരിച്ച് പിരിയേണ്ടത് മാത്രമായ കാര്യമാണ്., നിനക്ക് നല്ലൊരു കുടുംബത്തിൽ നിന്നും നല്ലൊരു പെണ്ണിനെ തന്നെ ലഭിക്കട്ടെ !!”,
ഷംസു തുടർന്നു “നമ്മൾ തമ്മിൽ അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്, അതായത് നീ എന്നെക്കാളും അഞ്ച് വയസ്സിന് ഇളയത്.
മറിയുമ്മത്താത്ത വരുന്നതിന് മുൻപ് വന്നവർ നിനക്ക് സന്തോഷം നൽകുന്ന വാക്കുകൾ കേൾപ്പിച്ചു ശരിയല്ലേ ? അപ്പോൾ അത് പോസിറ്റിവ് ആയി എടുക്കുക.
മറിയുമ്മത്താത്തയെ പോലെയുള്ളവർ നെഗറ്റിവ് സമീപനമുള്ളവരാണ് , അവർ ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ സന്തോഷം കെടുത്താനാണ്.
അതിനായി കരുതിക്കൂട്ടി തന്നെ ഇങ്ങനെ ഓരോന്ന് പറയാൻ അവർ തയ്യാറാകും , നെഗറ്റിവ് ആറ്റിറ്റ്യൂഡുമായി വരുന്നവരെ നമുക്ക് അൽപ്പം അകലത്തിൽ നിർത്താം.,
സത്യത്തിൽ സ്ത്രീകൾക്ക് പാരയായി മാറുന്നത് ഇങ്ങനെ പെരുമാറുന്ന സ്ത്രീകൾ തന്നെയാണ് ശരിയല്ലേ ?
ഞാൻ വീട്ടിൽ കയറുമ്പോൾ പൂമുഖവാതിൽക്കൽ സ്നേഹം വാരി വിതറുന്ന ഭാര്യയായി നിൽക്കണമെന്നൊന്നും ഞാൻ ആവശ്യപ്പെടുന്നുമില്ല, എന്നെ കണ്ടാൽ ഒരു പുഞ്ചിരി, അത്രമാത്രം,
കാരണം മനസ്സിൽ സ്നേഹമുള്ളവർക്ക് ആ പുഞ്ചിരി സ്വാഭാവികമായി വന്നുകൊള്ളും അപ്പോൾ അതിലെല്ലാം അടങ്ങിയിട്ടുണ്ടാകും.
ദേ , എന്റെ ഭാഗത്ത് നിന്നും ഒരു പുഞ്ചിരി എന്നുമുണ്ടാകും എത്ര വിഷമിച്ചാണ് വീട്ടിൽ വരുന്നതെങ്കിലും ഞാൻ പുഞ്ചിരിക്കും ഉറപ്പ് ”
“എന്റെ കൂടെ ജീവിക്കേണ്ടവൾ നീയാണ് , തന്റെ ബൈക്ക് ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു, ഈ ബൈക്കിന്റെ പിറകിൽ എന്റെ കൂടെയിരിക്കേണ്ടവൾ നീയാണ് , എന്റെ കൂടെ ഉറങ്ങേണ്ടവളും നീ തന്നെ.
മറിയുമ്മത്താത്തയോ കുശുമ്പ് പറയുന്ന മറ്റുള്ളവരോ അല്ല, എനിക്ക് തോന്നാത്ത കുറച്ചിൽ ആർക്ക്തോന്നിയാലും എനിക്കൊരു പ്രശ്നമേ അല്ല, ഇക്കാര്യത്തിൽ വേറെ ആരെയും ഞാൻ വകവെക്കുകയുമില്ല.
നിന്നെ ഞാൻ നികാഹ് ചൊല്ലി സ്വീകരിച്ചതാണ്, നീ എന്നും എന്റേത് മാത്രമായിരിക്കും. നമുക്ക് നല്ല കൂട്ടുകാരായി ജീവിക്കാൻ ശ്രമിക്കാം”, ഷംസു നിർത്തി.
ഇക്കാലത്ത് സ്ത്രീയെ മനസ്സിലാക്കുന്ന, അവൾക്ക് ആശ്വാസവും കരുതലും നൽകുന്ന ഒരു ചെറുപ്പക്കാരനെ ഭർത്താവായി കിട്ടിയതിൽ രഹന അഭിമാനം കൊണ്ടു, പടച്ചോന് സ്തുതിയോതി..
സന്തോഷത്താൽ രഹനയുടെ കണ്ണുകൾ നിറഞ്ഞു, ഷംസുവിനെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിയെങ്കിലും പരിസരബോധം അതിൽ നിന്നും അവളെ തടഞ്ഞു.
സന്ധ്യമയങ്ങിയ നേരം അവർ ബീച്ചിൽ നിന്നും ഐസ്ക്രീം പാർലറിലേക്ക് പുറപ്പെട്ടു,
ബൈക്കിന്റെ പിറകിലിരുന്ന രഹന ഷംസുവിനെ തന്റെ കരങ്ങളാൽ വരിഞ്ഞു മുറുക്കി .. അടുത്ത പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി അവർ കേട്ടു “അല്ലാഹു അക്ബർ അല്ലാഹു അക്ബർ”…