(രചന: ജ്യോതി കൃഷ്ണകുമാര്)
“”അവന് അന്നൊരു അബദ്ധം പറ്റി എന്ന് വച്ച്.. നമ്മൾ പെണ്ണുങ്ങൾ വേണ്ടെടീ എല്ലാം ക്ഷമിക്കാൻ “”
അമ്മായി ആണ്.. ഏറെ ലോകപരിജയം ഉള്ളത് പോലെ ഉപദേശിക്കാൻ വന്നതാണ്…
കുറെ നേരം കേട്ടിരുന്നു… അതല്ലേലും അങ്ങനെ ആണല്ലോ… ഉപദേശിക്കാൻ എത്രയോ പേര് കാണും,
അതും മറ്റുള്ളവരുടെ ജീവിതത്തിൽ ഇടിച്ചു കേറി.. അവരുടെ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ അവരവർക്ക് കഴിയും എന്നത് പോലും ഓർക്കാതെ..
എല്ലാം ഒന്നും മിണ്ടാതെ കേട്ടിരുന്നു…
”ആ ചെക്കൻ, മിഥുൻറെ കാര്യം ഓർത്താൽ പാവം തോന്നും.. ഊണില്ല ഉറക്കമില്ല… പ്രാന്തനെ പോലെ… നീ ഒന്ന് മനസ്സ് വച്ചാൽ ആ ചെക്കനും ജീവിക്കും മനുഷ്യന്മാരെ പോലെ “””
അതിനും മറുപടി ഒന്നും പറയാത്തതിനാലാവം പുച്ഛത്തോടെ ഒരു ദീർഘനിശ്വാസവും എടുത്ത് അവർ അവിടെ നിന്നും നടന്നകന്നു…
അവർ പോയെങ്കിലും പറഞ്ഞതൊക്കെ ചെവിയിൽ പ്രതിധ്വനിച്ചു…
“””നീയൊന്നു മനസ്സ് വച്ചാൽ ആ ചെക്കൻ മനുഷ്യൻമാരെ പോലെ ജീവിക്കും എന്ന്..””
ഓർമ്മകൾ മുന്നോട്ട് പോയി… ഒരു നാല് വർഷം മുന്നോട്ട്…
“”സ്വപ്നേ…. മിഥുൻ നാളെ അല്ലെ വരണത്… നീ വരുന്നില്ലേ??””
മിഥുവേട്ടന്റെ ചേച്ചിയാണ്… വീട്ടിൽ ഒരാഴ്ച നിൽക്കാൻ പോയതായിരുന്നു ഞാൻ…
“”ആ.. വരാം ചേച്ചീ….. ഇന്ന് വൈകീട്ട്… ഞാൻ… ഞങ്ങൾ വരാനിരിക്കുകയാ….”””
ഫോൺ വച്ചതും മിഴികൾ നിറഞ്ഞ് ഒഴുകി, കാരണം സ്വന്തം ഭർത്താവ് വിദേശത്ത് നിന്നു ലീവിന് വരുന്നത് അറിയാത്ത ആദ്യത്തെ ഭാര്യയാവും ഞാൻ…
പ്രണയ വിവാഹം ആയിരുന്നു.. മിഥുവേട്ടനുമായി, വീട്ടിൽ എല്ലാർക്കും എതിർപ്പായിട്ടും എന്റെ നിർബന്ധം കൊണ്ടാണ് എല്ലാരും സമ്മതിച്ചത്…
പക്ഷെ വിവാഹം കഴിഞ്ഞപ്പോൾ മിഥുവേട്ടനെ എല്ലാർക്കും ഇഷ്ടായി… വളരെ സ്നേഹം ആയിരുന്നു എല്ലാരോടും…
നാട്ടിൽ ഓട്ടോ ആയിരുന്നു..
പെങ്ങളുടെ കല്യാണത്തിന് വന്ന കട ബാധ്യതയാണ് കല്യാണം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ ഓട്ടോ ഉപേക്ഷിച്ചു ഗൾഫ് എന്ന മഹാരാജ്യത്തേക്ക് മിഥുവേട്ടനെ പറിച്ചു നട്ടത്…
ഇതിനിടക്ക് ഞങ്ങൾക്ക് ഒരു മോളും പിറന്നിരുന്നു… ഞങ്ങടെ ലെച്ചുട്ടി…. ജീവനായിരുന്നു മിഥുവേട്ടന്….
ഗൾഫിലേക്ക് എന്നെയും മോളെയും ഇട്ടിട്ട് പോകുക എന്നത് തന്നെ ഏട്ടനെ കൊല്ലുന്നതിനു സമം ആയിരുന്നു…
ഞങ്ങക്കും…. പ്രാണൻ പറിച്ചെടുക്കുന്ന വേദനയോടെയാണ് തമ്മിൽ പിരിഞ്ഞത്…
അവിടെ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു ജോലി പറഞ്ഞത്…
ആദ്യം ആദ്യം ജോലി തിരക്ക് ഉണ്ടെങ്കിൽ കൂടി ഇടക്കിടക്ക് വിളിക്കുമായിരുന്നു…
കൂടെ ഇല്ല എന്ന തോന്നൽ ഇല്ലാത്ത വിധം… പിന്നെ പിന്നെ ജോലി തിരക്ക് എന്ന് പറഞ്ഞ് വിളികളുടെ എണ്ണം കുറഞ്ഞു..
അങ്ങോട്ട് വിളിക്കുമ്പോഴും, നീ പിന്നെ വിളിക്ക് തിരക്കാ എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും..
ഒരു ദിവസം നേരിട്ട് ചോദിച്ചതാ,
“”ന്നെ ഒഴിവാക്കുകയാണോ മിഥുനേട്ടൻ എന്ന്…. മോളെ പറ്റി കൂടെ ഒന്ന് ചോദിക്കുന്നില്ലല്ലോ എന്ന്….”””
“”അല്ലെങ്കിലേ ജോലിയുടെ ടെൻഷൻ ആണ്… ഇനി നിന്റെ വക കൂടെ വേണ്ട എന്ന് “””
അത്രയും പറഞ്ഞ് വായടപ്പിച്ചതിനു ശേഷം പിന്നെ അത്തരത്തിൽ ഒരു വർത്തമാനം എന്റെ വായിൽ നിന്നും ഉണ്ടായില്ല…
ജോലിതിരക്കാവും… എന്ന് വിശ്വസിച്ചു…
ഇതിനിടയിൽ അച്ഛന് വയ്യ എന്ന് പറഞ്ഞപ്പഴാണ് ഒരാഴ്ച്ച വീട്ടിലേക്ക് പോന്നത് അപ്പഴാ ചേച്ചി വിളിച്ചു പറഞ്ഞെ മിഥുവേട്ടൻ വരണുണ്ട് എന്ന്…
എന്നെ ഒന്ന് വിളിച്ചു പറയാൻ പോലും സമയം കിട്ടിയില്ലേ…??
കരഞ്ഞു കുറെ നേരം പിന്നെ വേഗം മിഥുവേട്ടന്റെ വീട്ടിലേക്ക് തിരിച്ചു… മിഥുവേട്ടൻ പോകുമ്പോ ആറുമാസം ആയിരുന്നു ലച്ചുട്ടിക്ക്… ഇപ്പോ മൂന്നര വയസ്സായി ..
അവളേം കൊണ്ട് മിഥുവേട്ടന്റെ വീട്ടിൽ എത്തി…. വരണതിന്റെ അന്ന് ഇഷ്ടം ഉള്ളതൊക്കെ ഒരുക്കി വച്ചു…
ഒന്ന് കാണാൻ കൊതിയായിരുന്നു… വന്നപ്പോൾ ഒന്ന് നോക്കുക കൂടെ ചെയ്തില്ല… എന്നെ മാത്രമല്ല മോളെയും…..
അതായിരുന്നു എന്നെ കൂടുതൽ വിഷമിപ്പിച്ചത്… വന്നത് രാത്രി ആയ കാരണം അവൾ ഉറങ്ങിയിരുന്നു…
മുറിയിൽ കിടക്കുന്ന സ്വന്തം കുഞ്ഞിനെ പോലും ഒന്ന് നോക്കാതെ പോകുന്ന മനുഷ്യനോട് ആദ്യമായി ദേഷ്യം തോന്നി…. ഒപ്പം അകൽച്ചയും…
കൊണ്ട് വന്ന സാധനങ്ങൾ വീതിക്കുമ്പോഴും എനിക്കും കുഞ്ഞിനും ഒന്നും ഇല്ലായിരുന്നു…
ഒന്ന് രണ്ട് മിട്ടായി അല്ലാതെ…
അത് കുഞ്ഞിന് പോലും കൊടുക്കാതിരുന്നു വാശിക്ക്…. പെങ്ങളുടെ കുട്ടികൾക്ക് മിഥുവേട്ടൻ നീട്ടിയ കലിപ്പാട്ടങ്ങൾ, ഓരോന്ന് കണ്ടിട്ട് അവളുടെ കുഞ്ഞി കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു…
നെഞ്ചിൽ കത്തി കൊണ്ട് കുത്തും പോലെ ഉണ്ടായിരുന്നു അത് കണ്ടപ്പോൾ…
പരിചയക്കുറവ് മൂലം അവൾ എന്റെ തോളത്തു നിന്നും ഇറങ്ങിയില്ല…
“”നിങ്ങക്കുള്ളത് റൂമിലുണ്ടാവും ല്ലേ “”
എന്ന് വെറും കയ്യുമായി നിൽക്കുന്ന എന്നോട് മിഥുവേട്ടന്റെ ചേച്ചി ചോദിച്ചു…
നിറമില്ലാത്ത ഒരു പുഞ്ചിരി പകരം നൽകി.. എന്തിന്റെ പേരിൽ ആണ് ഈ അവഗണന എന്ന് അറിയണം എന്ന് ഉണ്ടായിരുന്നു…
കാത്തിരിക്കാൻ ആണ് മനസ്സ് പറഞ്ഞത് ..
ദൈവമായിട്ട് തന്നെ അതെനിക്ക് കാണിച്ചു തന്നു…. മിഥുവേട്ടന്റെ അടക്കി പിടിച്ചുള്ള ഫോൺ സംഭാഷണത്തിലൂടെ….
അവിടെ കൂടെ ജോലി ചെയ്യുന്നവളും ആയി മിഥുവേട്ടന് ബന്ധം ഉണ്ടെന്നും, വിവാഹ ബന്ധം വേർപെടുത്താനാണ് ഈ വരവ് എന്നും അറിഞ്ഞപ്പോ,
തകർന്നു പോയിരുന്നു ഞാൻ…
ഒന്നും അറിയാതെ ഉറങ്ങുന്ന കുഞ്ഞിനെ കണ്ടപ്പോൾ ചങ്കു പൊട്ടി പോയി…
ഏതോ ഒരുത്തിക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വരെ അവഗണിച്ച അയാളോട് വെറുപ്പല്ലാതെ മറ്റൊന്നും അന്നേരം ഇല്ലായിരുന്നു…
ഇല്ലാത്ത പ്രശ്നം ഉണ്ടാക്കി എന്നെ ഒഴിവാക്കാൻ ഉള്ള അവസരം ഞാനായിട്ട് കൊടുത്തില്ല…
ഇറങ്ങി പോന്നു… ഡയാവോഴ്സ് ഫയൽ ചെയ്ത് അയാൾ തിരികെ പോയി…..
പെട്ടെന്ന് പെരുവഴിയിൽ ആയ ഒരമ്മ തന്റെ കുഞ്ഞിന് വേണ്ടി എന്തുമാത്രം ശക്തയാവും എന്ന് തിരിച്ചറിയുകയായിരുന്നു അതിൽ പിന്നെ…
അയാളോടുള്ള ദേഷ്യം ആയിരുന്നു എന്റെ നിലനിൽപിന് ആധാരം…. ഡയവോർസ് കിട്ടുന്ന വരെ അയാൾ വന്നു പോയി…
എന്നെ അത് ബാധിച്ചിരുന്നില്ല…. ഞാൻ എന്റെ ഭാവി ഭദ്രമാക്കുന്നതിൽ മാത്രം ശ്രെദ്ധിച്ചു… മനസ്സിൽ അയാളെ എന്നെ ഉപേക്ഷിച്ചതാണ്.
പി എസ് സി, എഴുതി കിട്ടി വില്ലേജ് ഓഫീസർ ആയി ആ സീറ്റിൽ ഇരിക്കുമ്പോൾ അഭിമാനം മാത്രം ആയിരുന്നു….
അതിനിടക്ക് അറിഞ്ഞു അയാൾ ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ടുണ്ട് എന്ന്…. കൂടെ ഉള്ള പെണ്ണും ഇട്ടിട്ട് പോയി എന്ന്.. കർമ്മഫലം പോലെ……
ഒരു തവണ ഓഫീസിലും വന്നു..
സംസാരിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞ് ഒഴിവാക്കി… അതാവണം അമ്മായിയെ പറഞ്ഞ് വിട്ടത്…
എല്ലാത്തിനും എന്റെ കൂടെ നിന്ന അമ്മയും അച്ഛനും പറഞ്ഞിരുന്നു,
മോൾക്ക് ശരി എന്ന് തോന്നുന്നത് എന്താണോ അത് ചെയ്യൂ എന്ന്… ഞങ്ങൾ കൂടെ കാണും എന്ന്…””””
ആ വാക്കുകൾ മതിയായിരുന്നു…. അത് മാത്രം മതിയായിരുന്നു, മാധ്യസ്ഥത്തിനായി വന്നവരോട് എന്റെ ജീവിതത്തിൽ അയാൾ ഇനി വേണ്ട “””
എന്ന് തറപ്പിച്ചു പറയാൻ….
അഹങ്കാരി എന്നും തന്റെടി എന്നും പേരുകൾ കിട്ടി…അതിനെതിരെ മൗനം പാലിച്ചു…
ചില ആരോപണങ്ങൾക്ക് മൗനം തന്നെ ആണ് മറുപടി…. എന്റെ കുഞ്ഞിന് അവളുടെ അമ്മയുണ്ട് എല്ലാമായി…
ഏച്ചു കെട്ടി മുഴച്ചു വികൃതമായി ഒരച്ഛൻ എന്തിനാ….. ആ അധ്യായം അതോടെ അവസാനിച്ചു…
ഉറപ്പോടെ നിന്നത് കൊണ്ട് ഉപദേശികളും ഉപേക്ഷിച്ചു…. ഇപ്പോ സന്തോഷം മാത്രമാണ്… ജീവിതം ഇങ്ങനെയും ജീവിക്കാം നട്ടെല്ലുള്ള പെണ്ണായി…..