എനിക്കന്റെ അച്ഛൻ സ്വർണ്ണം മേടിച്ചുതന്നതെ എനിക്കണിയാനാണ് അല്ലാതെ കെട്ടിയോന്റെ ബാധിത തീർക്കാൻ വല്ല ബാങ്കിലും കൊണ്ട് ചെന്നു വെക്കാനല്ല…”

(രചന: Bibin S Unni)

 

” നീയെന്താ ഇത്ര രാവിലെ അതുമൊരു മുന്നറിയിപ്പുപോലുമില്ലാതെ… ”

 

രാവിലെ തന്നെ കെട്ടിച്ചു വിട്ട മകൾ ഒരു ബാഗുമായി വീട്ടിലേക്ക് കയറി വരുന്നത് കണ്ട അമ്മ റോസ്‌ലി അവളോട്‌ ചോദിച്ചു…

 

” അതെന്താ എനിക്കെന്റെ വീട്ടിലേക്ക് വരാൻ മുൻക്കൂട്ടി അറിയിക്കണോ… ”

 

വന്ന പാടെ ബാഗെടുത്തു ഡയനിങ് ടേബിളിലേക്ക് വച്ചു കൊണ്ട് അന്ന, അമ്മയോട് ചോദിച്ചു….

 

” ഓഹ്… ഞാൻ ചോദിച്ചന്നെയുള്ളെ… അല്ല സൈമൺ വന്നില്ലേ.. ”

 

അന്നയ്ക്കു കാപ്പിയെടുത്തു കൊണ്ട് റോസ്‌ലി ചോദിച്ചതും…

 

” ഓഹ്. ഇല്ല.. ”

 

അന്ന വല്ല്യ താല്പര്യമില്ലാത്ത പോലെ പറഞ്ഞു….

 

” നീയിനി അവിടെന്ന് വല്ല വഴക്കിട്ടാണോ വന്നെ. ”

 

” ദേ അമ്മച്ചി… ”

 

” അല്ല മോളേ സൈമണിപ്പോൾ ആകെ തകർന്നു നിൽക്കുവല്ലേ, ആ സമയം നോക്കി തന്നെ നീ ഒറ്റയ്ക്കു വന്നപ്പോൾ നിന്റെ സ്വഭാവം വച്ചു അമ്മച്ചി ചോദിച്ചന്നെയുള്ളൂ… ”

 

റോസ്‌ലിയൊരു ചിരിയോടെ പറഞ്ഞു… എന്നാൽ അതിന് മറുപടി പറയാതെ അന്ന അവളുടെ മുറിയിലേക്ക് പോയി… മോള് വന്നത് കൊണ്ട് അവൾക്കിഷ്ടമുള്ളതുണ്ടാക്കി കൊടുക്കാൻ അവർ അടുക്കളയിലേക്കും നടന്നു…

 

” അന്നേ… ടി…അന്നേ… ”

 

റോസ്‌ലി തന്റെ മകളെ ദേഷ്യത്തോടെ വിളിച്ചു….

 

” എന്താമ്മാ ഒന്നുറങ്ങാനും സമ്മതിക്കില്ലേ… ”

 

” ഞാനീക്കേട്ടതൊക്കെ ശെരിയാണോ… നീയവിടെന്ന് വഴക്കിട്ടിറങ്ങി പോന്നതാണോ… ”

 

റോസിലി ദേഷ്യത്തോടെ തന്നെ അന്നയോട് ചോദിച്ചു…

 

” ആഹ് അതേ… കട തുറക്കാഞ്ഞു കടം കേറി കടം കേറി, ഇപ്പോൾ ജപ്തി വക്കിലാ എല്ലാം… ബാങ്ക്കാര് വീടിന്റെ മുന്നിൽ ജപ്തി നോട്ടീസ് വരെ ഒട്ടിച്ചു…

 

ഇതൊക്കെ അറിഞ്ഞ എന്റെ ഫ്രണ്ട്സ് എന്നെ വിളിച്ചു പറഞ്ഞ കാര്യങ്ങൾ കേട്ടു മനുഷ്യന്റെ തൊലിയുരിഞ്ഞു പോയി… ”

 

അന്ന അതു പറയുമ്പോൾ അവളുടെ മുഖത്തു നിന്നു തന്നെയറിയാമായിരുന്നു സൈമിണിനോടുള്ള വെറുപ്പ്…

 

” ഇനി അവിടെ നിന്നിട്ടെന്തിനാ… മൂന്നു ദിവസം കൂടി കഴിഞ്ഞാൽ ബാങ്കുകാര് വന്നു ഇറക്കി വിടും… തെണ്ടാനായി പെരുവഴിയിലൊട്ടൊന്നും മിറങ്ങാനെനിക്ക് വയ്യാ… അതു കൊണ്ട് എനിക്ക് തന്ന എന്റെ സ്വർണ്ണവും കാറുമെടുത്തു ഞാനിങ്ങു പോന്നു…. ”

 

അന്ന ഒരു കൂസലുമില്ലാതെ പറഞ്ഞു…

 

” അപ്പോൾ അവൻ മേടിച്ചു തന്നതൊക്കെയോ.. ”

 

” അതും ഞാനെടുത്തു… കല്യാണത്തിന് കുറേ കാശായിട്ട് കൊടുത്തതല്ലേ ആ വകയിൽ അതു കൂട്ടാം… ”

 

” എടി നിന്റെ കുറച്ചു സ്വർണ്ണം പണയം വച്ചാൽ പോരെ അവന്റെ പ്രശ്നങ്ങളൊക്കെ തീരാൻ… ”

 

അമ്മ അവളുടെ അടുത്തേക്ക് വന്നു അന്നയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

 

” ഓഹ്.. പിന്നെ എനിക്കന്റെ അച്ഛൻ സ്വർണ്ണം മേടിച്ചുതന്നതെ എനിക്കണിയാനാണ് അല്ലാതെ കെട്ടിയോന്റെ ബാധിത തീർക്കാൻ വല്ല ബാങ്കിലും കൊണ്ട് ചെന്നു വെക്കാനല്ല…”

 

അന്ന അമ്മയെ നോക്കി പുച്ഛത്തോടെ പറഞ്ഞു…

 

“മോളേ നീയികാണിക്കുന്നതൊന്നും ഒട്ടും ശെരിയല്ല… അവനൊരു കഷ്ടകാലം വന്നുന്നുള്ളത് ശെരിയാ, എന്ന് വച്ചു ആ സമയം അവന്റെ കൂടെ നിന്ന് അവനു താങ്ങാവേണ്ടതിന് പകരം, അവന്റെ ഉള്ള സമ്പാദ്യവുമെടുത്തു അവനെ അവിടെ ഒറ്റയ്ക്കു വിട്ടു വന്നത് ശെരിയാണോ,

 

ഒന്നുല്ലേലും അവന്റെ ഭാര്യയല്ലേ നീ… ”

 

അമ്മ തന്റെയുള്ളിലെ ദേഷ്യം കടിച്ചമർത്തികൊണ്ടു പറഞ്ഞു…

 

” ഓഹ് പിന്നെ… കഷ്ടകാലം വന്നതോന്നുമല്ലല്ലോ വരുത്തി വച്ചതല്ലേ അമ്മയുടെ പുന്നാര മരുമോൻ…”

 

അന്ന വീണ്ടും പുച്ഛത്തോടെ തന്നെ പറഞ്ഞു…

 

” അവനെന്തു ചെയ്യുതൂന്നാ.. ഇത്രയും നാളും നിന്നെ പൊന്നു പോലെയല്ലേ അവൻ നോക്കിയത്… നിന്റെ എല്ലാം ആഗ്രഹങ്ങളും അവൻ സാധിച്ചു തന്നിട്ടില്ലേ…

 

ലോക്ക് ഡൌൺ വന്നപ്പോഴല്ലേ കട തുറക്കാൻ പറ്റാതെ അവനിങ്ങനെ കടത്തിലായത്… ”

 

” ആഹ്… അതൊന്നും എനിക്കറിയെണ്ട… എനിക്ക് പറയാനുള്ളതെല്ലാം അവിടെ പറഞ്ഞിട്ടു തന്നെയാണ് ഞാനവിടെന്നിറങ്ങിയത്…

 

എന്നിട്ടിപ്പോഴും അമ്മയ്ക്കിഷടം അമ്മയുടെ മരുമോനെ, സ്വന്തം മകൾ മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ടതൊന്നും അമ്മച്ചിക്കറിയണ്ടല്ലോ… ”

 

അത്രയും പറഞ്ഞു, അന്ന ദേഷ്യത്തോടെ തന്നെ തിരിച്ചു തന്റെ മുറിയിലേക്ക് പോയി… അന്ന് രാത്രിയിൽ അന്നയുടെ അച്ഛൻ ജോൺ വന്നപ്പോൾ റോസിലി എല്ലാ കാര്യവും അദ്ദേഹത്തോട് പറഞ്ഞു…

 

അതു കേട്ട് അയാൾ അൽപ്പ നേരമൊന്നു ആലോചിച്ചു നിന്നു ശേഷം മോളേ വിളിച്ചു…

 

അന്ന അപ്പച്ചനെ കണ്ടതും സന്തോഷം കൊണ്ടൊടി വന്നു അപ്പച്ചനെ കെട്ടിപിടിച്ചു അവളുടെ സന്തോഷം പ്രകടിച്ചു… പിന്നെ അവൾ അപ്പച്ചന്റെ കൂടെ ഹാളിലെ സോഫയിലേക്കിരുന്നു…

 

” മോളേ കാര്യങ്ങളെല്ലാം ഞാനറിഞ്ഞു, പക്ഷെ നീയി കാണിച്ചതൊട്ടും ശെരിയല്ല… ഭർത്താവിന്റെ സന്തോഷത്തിലും സുഖത്തിലും മാത്രമല്ല സങ്കടത്തിലും ദുരിതപ്പാടിലും അവന്റെ കൂടെ നിൽക്കണമെന്നല്ലേ ബൈ ബിൾ വചനം… ”

 

അച്ഛൻ അവളോട് പറഞ്ഞതും…

 

” അപ്പച്ചാ… ബൈ ബി ളിലങ്ങനെ പലതും പറയും.. അതുപോലെയൊക്കെയാണോ എല്ലാവരും ജീവിക്കുന്നത്… ഇതും അങ്ങനെ കരുതിയാൽ മതി… ”

 

അന്ന വല്ല്യ താല്പര്യമില്ലാത്ത പോലെ പറഞ്ഞു…

 

” മോളേ അവൻ നല്ലൊരു പയ്യനാണ്… പിന്നെ അവന്റെ ഇപ്പോഴുത്തെ അവസ്ഥ കുറച്ചു മോശമാണ് അതു അവന്റെ പിടിപ്പുകേടുകൊണ്ടാണോ…

 

എല്ലാവരുടെയും അവസ്ഥയൊക്കെ ഇപ്പോൾ ഏകദേശം അതുപോലെയൊക്കെ തന്നെയാണ്… ഈ എന്റെ അവസ്ഥ പോലും…

 

ഇപ്പോൾ അത്യാവിശ്യം നല്ലൊരു കടം തന്നെയാണ് അവനുള്ളത്… അതു വീട്ടാൻ ശ്രെമിക്കേണ്ടത് നിന്റെ കൂടെ കടമയല്ലേ..”

 

” അപ്പച്ചാ, എനിക്കീ കാര്യത്തിൽ കൂടുതലൊന്നും പറയാനില്ല… ഈ കടത്തിൽ നിന്നെല്ലാം അയാൾ സ്വയം കരകയറി വരട്ടെ അപ്പോൾ ആലോചിക്കാം ഞാൻ അങ്ങോട്ട്‌ പോകണോ വേണ്ടയൊന്നു… ”

 

” മോളേ അതു… ”

 

അന്ന പറഞ്ഞത് കെട്ട് ജോൺ അവളോടെന്തോ പറയാൻ തുടങ്ങിയതും…

 

” ആഹ്… എന്ന് വെച്ചു അപ്പച്ചൻ അയാളെ സഹായിക്കാനൊന്നും പോകണ്ട…

 

അയാളല്ലേ ആ കടമെല്ലാം വരുത്തി വെച്ചത്, അപ്പോൾ എങ്ങനെയാന്ന് വച്ചാൽ അയാൾ തന്നെ ആ കടം വീട്ടട്ടേ… അല്ലാതെ എന്റെ അപ്പച്ചനുണ്ടാക്കിയാതൊന്നും അയാൾക്ക്‌ കൊടുക്കേണ്ട ആവിശ്യമില്ലാ…

 

ഇനി ഞാനറിയാതെയെങ്ങാനും അപ്പച്ചൻ അയാൾക് പൈസ വല്ലതും കൊടുത്തൂന്നറിഞ്ഞാൽ പിന്നെ എന്റെ ശ വമേ കാണു… ”

 

അന്ന വീറോടെ പറഞ്ഞതും ആ അച്ഛനുമമ്മയും പരസ്പരം നോക്കി…

 

” നീ എന്താ മോളേ ഇങ്ങനെയൊക്കെ പറയുന്നേ… നിന്റെ പണം അവന്റെ പണമെന്നൊക്കെയുണ്ടോ… ”

 

അച്ഛൻ ചോദിച്ചു….

 

” അങ്ങനെയൊക്കെയുണ്ട്… ഞാനേറ്റ അപമാനത്തിന് ഇത്രയെങ്കിലും ഞാൻ തിരിച്ചു ചെയ്യേണ്ടേ… ”

 

അന്ന ദേഷ്യത്തോടെ ചോദിച്ചു…

 

” അല്ല അവൻ നിന്നോട് സ്വർണ്ണമോ പണമോ ഒന്നും അങ്ങനെയൊന്നും ചോദിച്ചില്ലേ.. ”

 

” ഇന്നെലെ എന്റെ സ്വർണ്ണം പണയം വെക്കാൻ ചോദിച്ചിരുന്നു… പക്ഷെ ഞാൻ കൊടുത്തില്ല… അതിന് ഇന്നലെ അവിടെ വഴക്കും നടന്നു.. അവസാനം എന്നെ ത ല്ലി… അതാ ഞാൻ രാവിലെ തന്നെയിങ്ങ് പൊന്നെ…

 

എനിക്കിനി അവിടെ വയ്യാ അപ്പാ,… ”

 

അന്ന ഇത്രയും പറഞ്ഞു തിരിഞ്ഞതും അവൾ ഒരു നിമിഷം നിശബ്ദയായി… അവൾ ഒന്നും മിണ്ടാതെ പകച്ചു നിൽക്കുന്നത് കണ്ടു നോക്കിയ അപ്പച്ഛനും അമമ്മച്ചിയും മുൻ വാതിലിൽ വിളറി വെളുത്തു നിൽക്കുന്ന സൈമണിനെയാണ് കണ്ടത്…

 

” ആഹ്.. മോനോ.. മോനേന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്.. ”

 

അന്നയുടെ അപ്പച്ചൻ പെട്ടെന്ന് മുഖത്തൊരു ചിരി വരുത്തികൊണ്ട് സൈമണിനോട്‌ ചോദിച്ചു…

 

” വേണ്ട… എന്റെ ഇപ്പോഴുത്തെ അവസ്ഥ ഞാൻ പറയാതെ തന്നെ എല്ലാവർക്കും മനസിലായി കാണുമല്ലോ… രണ്ടു ദിവസത്തിനുള്ളിൽ കാശ് അടച്ചില്ലേൽ മൊത്തത്തിൽ ജപ്തിയെന്നാ പറഞ്ഞത്… കുറച്ചു ദിവസമായി ആ കാശിനു വേണ്ടി തന്നെയുള്ള ഒട്ടത്തിലുമായിരുന്നു…

 

കൊ റോ ണ കാലമായത് കൊണ്ട് ചോദിക്കുന്നവരുടെ കൈയിലും പണമില്ല… ഇനി ഉണ്ടേൽ തന്നെ പലരും തരാൻ മടിക്കും…

 

പിന്നെ എവിടെ പോയാലും ഇവൾ സ്വർണ്ണത്തിൽ മുങ്ങിയല്ലേ നടപ്പ് അതു കൊണ്ട് എന്റെ കൈയിലുണ്ടായിട്ടും അതെടുക്കാതെ ഞാൻ കടം ചോദിക്കുന്ന പോലെ തോന്നി താരത്തവരുമുണ്ട്…

 

ഞാനും പെങ്ങളും ജനിച്ചു വളർന്ന വീടും സ്ഥലവുമല്ലേ അതു കൈ വിട്ടു പോകാതെയിരിക്കാനാ അന്നയോട് അവളുടെ സ്വർണ്ണമൊന്നു പണയം വെക്കാൻ ചോദിച്ചത്…

 

തരില്ലാന്നും തീർത്തവൾ പറഞ്ഞപ്പോൾ ആരോടൊക്കെയോ ഉള്ള ദേഷ്യവും വിഷമവും എല്ലാകൂടിയായപ്പോൾ എന്റെ നിയന്ത്രണം നഷ്ടമായി പോയി… ആവോരു നിമിഷത്തിലാ ഇന്നലെ ഇവളെ അ ടി ച്ച തും…

 

പണമന്വേഷിച്ചു ഇന്നും രാവിലെ തന്നെ പോയത് കൊണ്ട് ഇവൾ വീട്ടിൽ നിന്നും വന്നകാര്യമൊന്നും ഞാനറിഞ്ഞിരുന്നില്ല…

 

ഇപ്പോൾ വീട്ടിൽ ചെന്നു കയറിയപ്പോഴാ അറിഞ്ഞേ… അതാ പെട്ടെന്ന് തന്നെയിങ്ങ് ഓടി വന്നത്.. ഒരു സോറി അല്ലേൽ എന്നെയൊന്ന ടി ച്ചാൽ തീരുന്ന പ്രശ്നമേയുള്ളങ്കിൽ പറഞ്ഞു തീർക്കാമെന്ന് കരുതി…

 

പക്ഷെ ഇതു ഇത്രയും വല്ല്യ പ്രശ്നമാണെന്ന് ഞാനറിഞ്ഞില്ല… എന്നാ ഞാനിറങട്ടെ… ”

 

ഇത്രയും പറഞ്ഞു കണ്ണ് തുടച്ചു സൈമൺ അവിടെ നിന്നുമിറങ്ങാൻ തുടങ്ങിയതും…

 

” അതേ ഒന്നു നിന്നെ… എന്റെ ഒരു തരി സ്വർണ്ണം ഞാൻ തരില്ല, അതിപ്പോൾ നിങ്ങൾ മേടിച്ചു തന്നതാണേലും എന്റെ അച്ഛൻ തന്നതാണെലും…

 

പിന്നെ ഞാൻ കെട്ടികേറി വന്ന ആ വീട്ടിലേക്ക് മാത്രമേ ഞാനിനി തിരിച്ചു വരു… അല്ലാതെ ഏതെങ്കിലും വാടക വീട്ടിലേക്കെന്നും പറഞ്ഞു വിളിച്ചാലൊന്നും ഞാൻ വരില്ല… ”

 

അന്ന അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു… അതു കേട്ടൊരു വിളറിയ ചിരിയോടെ സൈമൺ ആ വീടിന്റെ പടികളിറങ്ങി…

 

” അപ്പോൾ അവൻ നിനക്ക് മേടിച്ചു തന്ന സ്വർണ്ണം പോലും നീയവന് തിരിച്ചു കൊടുത്തില്ലേ… ”

 

അന്ന പറഞ്ഞത് കേട്ട് ഞെട്ടി നിന്ന ജോൺ അവളോട്‌ ചോദിച്ചു…

 

” എന്തിന്.. എനിക്ക് മേടിച്ചു തന്ന സ്വർണ്ണം എനിക്കുള്ളതല്ലേ…”

 

അന്ന ചിരിയോടെ പറഞ്ഞു നിർത്തിയതും ജോണിന്റെ കൈയൊന്ന് അന്തരീക്ഷത്തിൽ ഉയർന്നുതാന്നു…

 

“എന്റെ കർത്താവെ, ഇതു പോലെയോരെണ്ണം എങ്ങനെ എന്റെ വയറ്റിൽ വന്നു പിറന്നു… ഇവൾക്ക് മുൻപ് എന്നിൽ മൊട്ടിട്ട മൂന്നു ജീവനുകളെ തിരിച്ചെടുത്ത പോലെ ഇവളെയുമങ്ങെടുത്താൽ പോരായിരുന്നോ. എന്തിന് നീയെനിക്കിവിളെ തന്നു…

 

ഇതിനും മാത്രം എന്ത് തെറ്റാണോ ഞാൻ ചെയ്തത്… ”

 

അന്ന പറഞ്ഞത് കേട്ട് റോസ്‌ലി കസേരയിലേക്കിരുന്നു കൊണ്ട് പതം പറഞ്ഞു…

 

അമ്മയുടെ കുറ്റപെടുത്തലും അച്ഛനിൽ നിന്നും ആദ്യമായി കിട്ടിയ അ ടി അവളിൽ സൈമണിനോടുള്ള ദേഷ്യവും വാശിയും കൂട്ടി… അവൾ എന്തോ ഒന്നുറപ്പിച്ച പോലെ തന്റെ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു,….

 

ദിവസങ്ങൾ പലതു കഴിഞ്ഞു പോയി… അതിനിടയിൽ സൈമൺ എങ്ങനെയൊക്കെയോ വീടിന്റെ ജപ്തി ഒഴിവാക്കിയെടുത്തു… സ്വന്തം ബിസിനസെന്ന് നോക്കാതെ അവൻ വേറെ തൊഴിലുകൾ കണ്ടെത്തി…

 

രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ലോ ക്ക് ഡൌ ൺ പൂർണമായും പിൻ വലിച്ചു…

 

സുഹൃത്തുക്കൾ വഴി വീണ്ടും ബാങ്ക് ലോൺ സങ്കടിപ്പിച്ചു സൈമൺ വീണ്ടും തന്റെ കട റിയോപ്പൺ ചെയ്തു പതിയെ പതിയെ കട മെച്ചപ്പെട്ടു വരാൻ തുടങ്ങി,

 

കടയിൽ നിന്നും കിട്ടുന്ന ലാഭത്തിൽ നിന്നും അവന്റെ കടങ്ങളും അവൻ പതിയെ വീട്ടി തുടങ്ങി, അതോടെ സൈമണിന്റെ ജീവിതവും വീണ്ടും പഴയ പോലെയായി…

 

അന്ന സൈമണിനേ വിട്ടു വന്നിട്ടു രണ്ടര വർഷത്തൊളം കഴിഞ്ഞു… ഈ കാലയാളവിലൊന്നും അന്നയോ സൈമണോ പരസ്പരം കോണ്ടാക്ട് ചെയ്തിരുന്നില്ല…

 

ലോക്ക് ഡൗണിൽ പിടിച്ചു നിൽക്കാൻ വേണ്ടി പലയിടത്തു നിന്നും പണം തിരിച്ചും മറിച്ചും നിന്ന അന്നയുടെ അപ്പച്ചനും കടക്കെണിയിലായി…

 

അവസാനം കേസും കൂട്ടവുമൊക്കെയായി ജെയിലിലാകുമെന്ന് കണ്ടപ്പോൾ അന്നയുടെയും റോസ്‌ലിയുടെയും സ്വർനാങ്ങൾ പണയ പെടുത്തിയും വിറ്റുമാണ് ജോൺ നേരെ നിന്നത്…

 

” ഇനി എന്താ നിന്റെ പരുപാടി.. ”

 

ഒരു ദിവസം രാവിലെ അടുക്കളയിലെ ജോലിക്കിടയിൽ റോസ്‌ലി അന്നയോട് ചോദിച്ചു…

 

” നീയെന്നാ സൈമണിന്റെ വീട്ടിലേക്ക് പോകുന്നതന്ന്… ”

 

അന്നയുടെ ഭാഗത്തു നിന്നും മറുപടിയൊന്നുമില്ലാന്ന് കണ്ടതും റോസ്‌ലി വീണ്ടും എടുത്തു ചോദിച്ചു…

 

” അതു… അവിടുന്നാരും വിളിച്ചില്ല…”

 

അന്ന പതിയെ പറഞ്ഞു…

 

” അവിടെന്നാരും പറഞ്ഞു വിട്ടിട്ടല്ലല്ലോ മോളിങ്ങു പോന്നത്… തന്നെ ഇറങ്ങി പൊന്നതല്ലേ.. അപ്പോൾ അതു പോലെയങ്ങു കേറി ചെന്നാൽ മതി…

 

അല്ല ഇപ്പോൾ നിന്റെ ഫ്രെണ്ടസൊക്കെ എന്തു പറയുന്നു ”

 

റോസിലി നിസാരമായി പറഞ്ഞു, അവസാന വാചകത്തിൽ പുച്ഛവും നിറഞ്ഞിരുന്നു… എന്നാൽ അതിന് മറുപടിയായി അന്ന തല താഴ്ത്തി നിൽക്കുക മാത്രമാണവൾ ചെയ്തത്, ആ കാലയളവിൽ അവളിൽ നിന്നും പഴയ വാശിയും അഹങ്കാരവുമൊക്കെ എങ്ങോ പോയി മറഞ്ഞിരുന്നു…

 

” ഇവിടെ ആരുമില്ലേ… ”

 

പെട്ടന്നാണ് പുറത്തു നിന്നും ആരോ വിളിക്കുന്നത് കേട്ടത്, അതു കേട്ടു പുറത്തേക്കു ചെന്ന അന്ന കാണുന്നത് ഒരു പോസ്റ്റ്‌മാനേയായിരുന്നു,…

 

” അന്ന ജോൺ . ”

 

പോസ്റ്റ്‌ മാൻ ചോദിച്ചതും, അന്ന പോസ്റ്റ്‌മാന്റെ അടുത്തേക്കിറങ്ങി ചെന്നു…

 

“ഒരു രെജസ്റ്റേടുണ്ടു… ഇവിടെയൊന്നൊപ്പിട്ടേര്… ”

 

ഇത്രയും പറഞ്ഞു ആ എൻവലപ്പും കൊടുത്തു പോസ്റ്റ്‌ മാൻ തിരികെ പോയി… അതു കണ്ടു അവളാ എൻവലപ്പ് തുറന്നു നോക്കിയതും അതിലെ വാക്കുകൾ കണ്ടു അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…

 

അപ്പോഴേക്കും അമ്മ വന്നു അവളുടെ കൈയിൽ നിന്നും ലെറ്റർ വാങ്ങി നോക്കി…

 

ഡിവോഴ്സ് നോട്ടീസ്…

 

അന്ന് വൈകുന്നേരം ജോൺ വന്നപ്പോൾ റോസ്‌ലി ഡിവോഴ്സ് നോട്ടിസിന്റെ കാര്യം ജോണിനോട്‌ പറഞ്ഞു… അപ്പോഴേക്കും അന്നയും അപ്പച്ചന്റെ അടുത്തേക്ക് വന്നിരുന്നു…

 

” ഇതു ഞാൻ നേരെത്തെ പ്രതീക്ഷിച്ചതാ… ”

 

ജോൺ പറഞ്ഞതും അന്ന ഞെട്ടലോടെ അപ്പച്ചനെ നോക്കി…

 

” നിങ്ങളെന്തു വർത്താനമായീ പറയുന്നേ… നിങ്ങൾ അവനെയൊന്നു വിളിച്ചേ നമുക്ക് സംസാരിക്കാം… ”

 

ജോൺ പറഞ്ഞത് കെട്ട് റോസിലി അൽപ്പം ദേഷ്യത്തോടെ ഭാർത്താവിനോട്‌ പറഞ്ഞു. അതു കെട്ട് ഭാര്യയെയും മകളെയൊന്നു നോക്കി ജോൺ സൈമണിന്റെ നമ്പർ ഡയൽ ചെയ്തു…

 

” ഹെലോ മോനേ ഞാൻ അന്നയുടെ അപ്പച്ചനാണ്… ”

 

” മനസിലായി അപ്പച്ചാ… എന്താ ഇത്രയും നാളുമില്ലാത്ത പെട്ടന്നൊരു വിളി… ”

 

സൈമൺ ചോദിച്ചു…

 

” അല്ല മോനേ.. നീ.. നീ അറിഞ്ഞോണ്ടാണോ ഡിവോഴ്സ് നോട്ടിസ് അയച്ചത്.. ”

 

റോസ്‌ലി അവനോടു ചോദിച്ചു…

 

” ആഹ്. അമ്മച്ചിയുമുണ്ടായിരുന്നൊ… അപ്പോൾ ഡിവോഴ്സ് നോട്ടീസ് കിട്ടിയല്ലേ… അതു ഞാനയച്ചത് തന്നെയാണ്… മ്യൂച്ചൽ ഡിവോഴ്സ് ആണേൽ പെട്ടെന്ന് കിട്ടുമെന്നാ വക്കീൽ പറഞ്ഞേ…

 

അതു കൊണ്ട് അന്നയോടും എത്രയും പെട്ടെന്ന് ഒപ്പിട്ടോളാൻ പറയണേ…

 

ആഹ് അവളുടെയൊരു സ്വഭാവം വച്ചു ഇപ്പോൾ അവൾ ഒപ്പിട്ട് കാണും…”

 

സൈമൺ പറഞ്ഞു …

 

” അല്ല മോനേ ഡിവോഴ്സ് എന്നൊക്ക പറയുമ്പോൾ… നിങ്ങൾ ചെറുപ്പമല്ലേ… ഇനിയും ജീവിതമുള്ളതല്ലേ നിങ്ങൾക്ക്… ”

 

റോസ്‌ലി സമാധാനത്തോടെ പറഞ്ഞു…

 

” അതേ അമ്മച്ചി.. ഇനിയും ഞങ്ങൾക്ക് ജീവിതമുള്ളതാണ്… അത്കൊണ്ടാണ് ഡിവോഴ്സ് നോട്ടീസ് അയച്ചതും… വെറുതെ ഇഷ്ടം അഭിനയിച്ചു ജീവിക്കുന്നതിലും നല്ലത് പിരിയുന്നതല്ലേ… ”

 

” അല്ല മോനേ ഒന്നൂടെ ആലോചിച്ചിട്ട്… ”

 

” ശെരിക്കും ആലോചിച്ചു അമ്മച്ചി… ഈ കഴിഞ്ഞ രണ്ടര വർഷവും ഞാൻ ശെരിക്കും ആലോചിച്ചു…

 

ഇനി അവൾ നാളെ ഇവിടെയ്ക്കു വന്നുന്നു വിചാരിക്കുക, ചിലപ്പോൾ കുറച്ചു നാൾ കഴിയുമ്പോൾ ചിലപ്പോൾ കട നഷ്ടത്തിലാകും വീടും സ്ഥലവും വീണ്ടും ജെപ്തി വക്കിലായെന്നും വരും… അപ്പോൾ അവൾ വീണ്ടും ഇതേ പോലെ ഇറങ്ങി പോയാൽ… ”

 

” മോനേ അതു… ”

 

” അപ്പച്ചാ, നമ്മൾ എന്തിനാ കല്യാണം കഴിക്കുന്നത്… വെറും ശാരിരിക സുഖത്തിനും പിള്ളേരെയുണ്ടാക്കാനും വേണ്ടി മാത്രമാണോ, അതിനുമപ്പുറം നമ്മുടെ സുഖത്തിലും സന്തോഷത്തിലും നമ്മുടെയാ സന്തോഷം പങ്കിടാനും …

 

നമുക്കൊരു തകർച്ചയുണ്ടാകുമ്പോൾ ഒരാശ്വാസവാക്കൊടെ… എല്ലാം ശെരിയാകും ഞാനില്ലേ കൂടെ എന്നൊരു വാക്ക് നമ്മൾ പ്രതീക്ഷിക്കില്ലേ നമ്മുടെ പങ്കാളിയിൽ നിന്ന്…

 

വയ്യാതാകുമ്പോൾ നമുക്കൊരു താങ്ങായി ഭാര്യ കൂടെയുണ്ടാകുമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ… അന്നയുടെ ഭാഗത്തു നിന്നും അങ്ങനെയൊന്നുമുണ്ടായില്ലാന്ന് മാത്രമല്ല…

 

പൈസക്ക് വേണ്ടി ഞാനോടി നടന്നപ്പോൾ എനിക്ക് പണം കിട്ടാനുള്ള പല വഴികലും ഒരു ഫോൺ കോളിൽ അവൾ അടച്ചു… ഇത്രയൊക്കെ ചെയ്തു കൂട്ടിയവളെ ഞാൻ വീണ്ടും കൂടെക്കൂട്ടാണോ… ”

 

സൈമൺ പറഞ്ഞു നിർത്തിയതും അന്ന ഞെട്ടലോടെ അപ്പച്ചനെയും അമ്മച്ചിയെയും നോക്കി…

 

” ഇങ്ങനെയൊരു ഭാര്യയുള്ളതിനെക്കാൾ നല്ലത്, ഒറ്റയ്ക്കു ജീവിക്കുന്നതല്ലേ…

 

കല്യാണം കഴിഞ്ഞു മൂന്നു വർഷവും കൂടെ കിടന്നിട്ടും ഒരു കുഞ്ഞിനെ പോലും അവളെനിക്ക് തന്നില്ല… ഇപ്പോഴേ പ്രെസവിച്ചാൽ അവളുടെ ഫ്രെണ്ട്സ് അവളെ കളിയക്കുമത്രേ… കല്യാണം കഴിഞ്ഞ അന്ന് മുതൽ കേൾക്കുന്ന എന്തുപറഞ്ഞാലുമവളുടെ ഫ്രെണ്ട്സ്…

 

അവൾക്കു വേണ്ടി എനിക്കിഷ്ടപ്പെട്ട ഒരു ഡ്രെസ്സ് എടുത്തു കൊടുത്താൽ എന്തെങ്കിലും ആഭരണം വാങ്ങിയാൽ അന്നേരെയവൾ ഫ്രണ്ട്സിനോട് ചോദിക്കും അവർക്കിഷ്ടപ്പെട്ടില്ലേൽ അന്ന് തന്നെയതു മാറ്റി വാങ്ങണം…

 

അല്ലേൽ അവൾക്കുറക്കമില്ലാ… അങ്ങനെ കുറേ ഞാൻ സഹിച്ചു ഇനി പറ്റില്ല… അവളെയെനിക്കിനി വേണ്ടാ…”

 

ഇത്രയും പറഞ്ഞു സൈമൺ ഫോൺ കട്ട്‌ ചെയ്തു… അതു കണ്ടു ആ മാതാപിതാക്കൾ പരസ്പരം നോക്കി എന്താ പറയേണ്ടതെന്നറിയാതെ…

 

ഇങ്ങനെയും സ്ത്രീകളുണ്ടോന്നായിരിക്കും നിങ്ങളിൽ പലർക്കുമിപ്പോഴുള്ള സംശയം… എന്നാൽ ഉണ്ടെന്ന് തന്നെയാണ് എന്റെ ഉത്തരം…

 

സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലും കൊടുക്കാഞ്ഞതിന്റെ പേരിലും ഒത്തിരി സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ വർത്തകളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും നമ്മൾ ഏവരും അറിയുന്നതാണ്…

 

പക്ഷെ ഇതു പോലെയുള്ളവരെ പറ്റി ആരേലും അറിയുന്നുണ്ടോ… ആണുങ്ങളുടെ ഇതുപോലെ സങ്കടങ്ങൾക്കും അവർ അനുഭവിക്കുന്ന വേദനകൾക്കും അതികം മാർക്കറ്റും റേറ്റിങ്ങുമില്ലാത്തത് കൊണ്ടും നാണക്കേട് ഭയന്നും ആരും അറിയില്ലാന്ന് മാത്രം…

 

സൈമൺ ഇവിടെ എടുത്ത തീരുമാനം ശെരിയാണോ? എന്താ നിങ്ങളുടെ അഭിപ്രായം?

Leave a Reply

Your email address will not be published. Required fields are marked *