ശരീരം അനുവദിക്കുന്നില്ല .. കഴിഞ്ഞ മാസം കൂടെ ജോലി ചെയ്യുന്ന രവി മരണപ്പെട്ടതോടെ

സ്വർഗ്ഗത്തിൻ്റെ താക്കോൽ

(രചന: Vandana M Jithesh)

 

എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങി അയാൾ നാലുപാടും നോക്കി.. പേരറിയാത്തൊരു അസ്വസ്ഥത വന്ന് മൂടുന്നത് അയാൾ അറിഞ്ഞു ..

 

” അച്ഛാ… ” വിളി കേട്ടിടത്തേയ്ക്ക് അയാൾ ആർത്തിയോടെ നോക്കി.. നാലു വയസ്സുകാരൻ ഒരു മിടുക്കൻ ചാടിത്തുള്ളുന്നതും ഒരു ചെറുപ്പക്കാരൻ അവനെ വായുവിയുയർത്തി പൊക്കുന്നതും അയാൾ നോക്കി നിന്നു..

 

തന്നെ കൂട്ടാൻ ആരും വരില്ലെന്നുണ്ടോ? കഴിഞ്ഞ തവണ വരെ വീട്ടിൽ നിന്നും കൂട്ടാൻ വരുന്നവരുടെ മത്സരമായിരുന്നു ..

 

താൻ ലീവിന് വരുന്നത് കാത്തിരിക്കുന്ന പെങ്ങന്മാർ .. അളിയന്മാർ .. ഭാര്യ.. മക്കൾ .. ഇത്തവണ എല്ലാം നിർത്തി വരികയാണെന്ന് അറിയിച്ചപ്പോൾ ആർക്കും വിചാരിച്ച സന്തോഷം കണ്ടില്ല…

 

എട്ടന് കുറച്ചു കൂടി നിൽക്കാമായിരുന്നു എന്ന് അനിയത്തിമാർ രണ്ടാളും ഒരേ സ്വരത്തിൽ പറഞ്ഞു.. ഇതു വരെയില്ലാത്തൊരു മൂർച്ഛ അതിലുണ്ടായിരുന്നോ? അറിയില്ല .. ചിലപ്പോൾ തോന്നിയതാവാം.

 

“നന്നായി.. ഇനിയെന്നും കാണാലോ”

 

അതു മാത്രമാണ് അവൾ പറഞ്ഞത് .. പിന്നെ വരുന്നതിനെ പറ്റി ഒന്നും ചോദിച്ചില്ല..

 

” അമ്മ പറഞ്ഞത് നേരാണോ അച്ഛാ.. ”

 

മൂത്തവൻ ചോദിച്ചപ്പോൾ അതേയെന്ന് പറയുവാൻ മടി തോന്നി.. അവന് ജോലി കിട്ടിയതേയുള്ളൂ.. അവൻ്റെ മേൽ ഭാരങ്ങൾ ഏൽപ്പിക്കുകയാണെന്ന് തോന്നിക്കാണുമോ? ഇളയവൻ പഠിക്കുകയാണ്..

 

അവന് കൂടി ജോലിയൊക്കെ ആവുന്നത് വരെ എങ്ങനെയെങ്കിലും പിടിച്ച് നിൽക്കണമായിരുന്നു ..

 

പക്ഷേ വയ്യ ശരീരം അനുവദിക്കുന്നില്ല .. കഴിഞ്ഞ മാസം കൂടെ ജോലി ചെയ്യുന്ന രവി മരണപ്പെട്ടതോടെ മനസ്സും പതറാൻ തുടങ്ങിയിരിക്കുന്നു ..

 

എത്ര നാളായി ഒറ്റയ്ക്കിങ്ങനെ പത്തൊമ്പതാം വയസ്സിൽ തുടങ്ങിയ കഷ്ടപ്പാടാണ്.. അച്ഛൻ്റെ അസുഖം .. മരണം .. വീടുപണി .. പെങ്ങന്മാരുടെ വിവാഹം .. പ്രസവം.. .. അവരുടെ ആവശ്യങ്ങൾ ..

 

അതിനിടയിൽ ഭാമയുമായി വിവാഹം .. മക്കളുടെ ജനനം..

 

ഒന്നിനു മേൽ ഒന്നായി അവിടെ തുടരാൻ കാരണങ്ങൾ ഉണ്ടായി.. അതിനിടയിൽ മക്കളെ ശെരിക്കൊന്ന് കൊഞ്ചിച്ചിട്ട് കൂടിയില്ല..

 

അവർക്ക് അടുപ്പം അവളോടാണ്.. അതിഥിയായ അച്ഛനോട് അവർക്ക് എങ്ങനെ അടുപ്പം തോന്നാനാണ്? ഫോൺ വിളി തന്നെ വിരളമാണ്.. അവൾ വഴിയാണ് സംസാരം..

 

അവളേയും ശരിക്കൊന്ന് സ്നേഹിച്ചിട്ടുണ്ടോ? വിട്ടു പിരിയുമ്പോൾ സങ്കടം കൂടാതിരിക്കാൻ എന്നും ഒരു അകലം വെച്ചു .. അവളൊരിക്കലും ഒന്നിനും പരിഭവിച്ചിട്ടില്ല… തന്നേക്കാൾ തന്നെ അറിഞ്ഞവളാണ്..

 

അവളേയും മക്കളേയും കണ്ടും കേട്ടും ഒരിക്കലും കൊതി തീർന്നിട്ടില്ല .. വയ്യ ഇനി.. ആ കൊതിയോടെ ഈ ലോകത്ത് നിന്ന് പോവേണ്ടി വന്നാലോ? ആ ഓർമ്മ പോലും അയാളുടെ ഉള്ളു പൊള്ളിച്ചു..

 

നിർത്തിപ്പോന്ന ശേഷം എല്ലാവർക്കും ഭാരമായിത്തീരുന്ന പ്രവാസികളുടെ കഥകൾ അയാളുടെ ഉള്ളുലച്ചു .. കൂടെ ഉണ്ടായിരുന്ന ബാവൂട്ടിക്ക പറയാറുള്ളത് മനസ്സിൽ തികടി വന്നു..

 

” റിട്ടയറ് ചെയ്ത പോലീസുകാരനും നിർത്തിപ്പോന്ന ഗൾഫുകാരനും പുല്ലു വെലയാണെടാ. അതല്ലേ എത്ര വയ്യാഞ്ഞിട്ടും ഞാൻ പോവാത്തത് ”

 

” അതിന് തനിക്ക് ബാധ്യത ഒന്നുമില്ലല്ലോ ഇനി നാട്ടിൽ വേണമെങ്കിൽ ജോലി നോക്കാലോ ” സ്വയം സമാധാനിക്കുമ്പോഴും

അയാൾക്ക് ഹൃദയത്തിൻ്റെ ഭാരം കൂടുന്നതായി തോന്നി..

 

പിറകിൽ നിന്നാരോ ചുറ്റിപ്പിടിച്ചപ്പോഴാണ് അയാൾ ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നത്..

 

” അച്ഛനിത് ഏത് സ്വപ്ന ലോകത്താ? എത്ര നേരമായി കൈ കാട്ടി വിളിച്ചു കൂവുന്നു? ”

 

കെട്ടിപ്പിടിച്ച് ചിരിച്ച് കൊണ്ട് ചോദിക്കുന്ന മൂത്ത മകനെ അയാൾ ഉറ്റുനോക്കി..

 

ഇത്രയും അടുത്ത് അവനെ ആദ്യമായി കാണുകയാണ് .. ജോലിക്കാരനൊക്കെ ആയപ്പോൾ തലമുടിയൊക്കെ ഒതുക്കി വെട്ടിയിട്ടുണ്ട് .. അവൻ ഒരു യുവാവായി മാറിയിരിക്കുന്നു ..

 

തന്നെ ചേർത്ത് പിടിച്ച് എന്തൊക്കെയോ പറഞ്ഞ് കൊണ്ടു പോകുന്ന മകനെ അയാൾ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ നോക്കി.. തൻ്റെ അതേ പകർപ്പാണവനെന്ന് അയാൾ അഭിമാനത്തോടെ ഓർത്തു ..

 

” അച്ഛൻ എന്താണിങ്ങനെ ആലോചിക്കുന്നേ? ”

 

ബാഗ് കാറിലേയ്ക്ക് വയ്ക്കുമ്പോൾ അവൻ ചോദിച്ചു..

 

” അച്ഛന് വല്ല അറബിക് സുന്ദരിമാരേയും മിസ് ചെയ്യുന്നുണ്ടാവും ഏട്ടാ”

 

ഇളയവൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് വിളിച്ചു പറഞ്ഞു .. അവൻ ചിരിക്കുമ്പോൾ താടിയിൽ നുണക്കുഴി വിരിയുന്നു.. അവളെപ്പോലെ…

 

” പോടാ..” അയാൾ നിറഞ്ഞു ചിരിച്ചു..

 

കാറിൽ കളി ചിരികൾ നിറഞ്ഞു .. മക്കളുടെ കൂടെ ഇത്രയും അടുത്തിടപഴകുന്നത് ആദ്യായിട്ടാണ് .. അയാൾ അവരുടെ കൂടെ ആ യാത്ര ആസ്വദിച്ചു ..

 

കാറ് മുറ്റത്തേക്ക് വന്നതും അവൾ മുറ്റത്തേയ്ക്ക് ഓടിയിറങ്ങി വന്നു.. അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു.. അവളുടെ നിറഞ്ഞ കണ്ണുകൾ ചിരിക്കുന്നുണ്ടായിരുന്നു … ഇരുവരും ഒന്നും മിണ്ടാതെ വാചാലരായി ..

 

” അമ്മേ , അച്ഛൻ വന്നു.. ഇനി ബാക്കി തീരുമാനിക്കാലോ”

 

ഇളയവൻ പറഞ്ഞത് കേട്ട് അയാൾ ചോദ്യഭാവത്തിൽ നോക്കി..

 

” അച്ഛൻ അകത്തേക്ക് കയറടെ ടാ .. ”

 

അവൾ അവനെ ശാസിച്ചു..

 

” എന്തായാലും ഇനി അച്ഛൻ പോവും എന്ന് പേടിക്കണ്ടല്ലോ.. അത് മതി .. ”

 

ഏറെ കാലങ്ങൾക്ക് ശേഷം നാലുപേരും ഒന്നിച്ചു ഭക്ഷണം കഴിച്ചു.. മക്കളൊക്കെ മാറിയപ്പോൾ പുറത്തെ വരാന്തയിൽ അവൾ ചുമര് ചാരിയിരുന്നു .. അയാൾ അവളുടെ മടിയിൽ തല വെച്ച് കിടന്നു. അയാളുടെ മുടിയിഴകളിൽ അവളുടെ വിരലുകൾ ഓടി നടന്നു..

 

” കിച്ചൻ എന്താ തീരുമാനങ്ങൾ എടുക്കുന്ന കാര്യം പറഞ്ഞേ? ”

 

അയാൾ കണ്ണുകളച്ച് കൊണ്ട് തന്നെ ചോദിച്ചു..

 

” നിർത്തി വരുന്ന കാര്യം അറിഞ്ഞപ്പൊ തുടങ്ങിയതാ.. അച്ഛനെ ഇനി പണിക്കൊന്നും വിടണ്ടാ … ഇവിടെ പറമ്പും കൃഷിയും ഒക്കെ മതി.. എന്നൊക്കെ..

 

പിന്നെ അച്ഛനും അമ്മയും ഒറ്റയ്ക്ക് ടൂറ് പോണം.. അടിച്ച് പൊളിയ്ക്കണം.. കിച്ചൻ്റെ പരീക്ഷ കഴിഞ്ഞ് ഒന്നിച്ച് ടൂർ പോണം… ഞാൻ ദേഷ്യപ്പെടും.. അധികം ഓരോന്ന് ആശിച്ചാൽ ഒന്നും നടക്കില്ലെന്ന് പറഞ്ഞിട്ട്.. ”

 

അവൾ ചിരിയോടെ നിർത്തി.. അയാളുടെ കണ്ണും മനസ്സും നിറഞ്ഞിരുന്നു.. അയാൾ അവളുടെ മടിയിലേയ്ക്ക് മുഖം പൂഴ്ത്തി വിങ്ങിക്കരഞ്ഞു.. അയാളുടെ മനസ്സറിഞ്ഞെന്ന പോലെ അവൾ മൃദുവായി പുറത്ത് തട്ടിക്കൊണ്ടിരുന്നു…

 

“പിള്ളേര് കണ്ട് വന്നാൽ കളിയാക്കുട്ടോ”

 

അവൾ പറഞ്ഞത് കേട്ട് അയാൾ മുഖമുയർത്തി ..

 

” അപ്പൊ എന്നാ ടൂറ് പോണ്ടേ? ” അയാൾ കുസൃതിയോടെ ചോദിച്ചു.. അവൾ നാണത്തോടെ കണ്ണുകൾ താഴ്ത്തി ..

 

” അയ്യടാ. ഫാമിലി ടൂറ് കഴിഞ്ഞു മതി സെക്കൻ്റ് ഹണിമൂൺ.. ”

 

ഇളയവൻ അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു .. മൂത്തവനും ചിരിച്ചു കൊണ്ട് അയാളെ പുണർന്നു .. ഭാര്യയുടെ മടിയിൽ മക്കളെ ഇരുകയ്യാലും ചേർത്തു പിടിച്ച് അയാൾ നിറഞ്ഞു ചിരിച്ചു..

 

തന്നെ അത്രമേൽ സ്നേഹത്തോടെ കാത്തിരുന്ന തൻ്റെ കുടുംബം .. ഇതിൽപ്പരം ഇനിയെന്ത് വേണം?

 

ഈ ആയുസ്സിൽ ഇനി വേറൊന്നും സമ്പാദിക്കാനില്ല… ഇതാണ് പുണ്യം .. ഇതാണ് സ്വർഗ്ഗം…

Leave a Reply

Your email address will not be published. Required fields are marked *