അറിവില്ലാത്ത പ്രായത്തിൽ അച്ഛനെയും തന്നെയും ഉപേക്ഷിച്ച് പോയ അമ്മയോടെന്നും വെറുപ്പായിരുന്നു…

ഗൗരീ നന്ദനം

(രചന: Anandhu Raghavan)

 

” ദേ മഴ വരുന്നുണ്ട് , നന്ദേട്ടൻ വേഗം പൊയ്ക്കോ .. ഞാൻ പോവ്വാണേ.. ”

 

മറുപടിക്ക് കാക്കാതെ ഗൗരി ധൃതിയിൽ നടന്നു തുടങ്ങി…

 

ഉടൻ തന്നെ മഴ ചെറുതായി ചാറി തുടങ്ങി.. കയ്യിൽ കിട്ടിയ ഒരു ചേമ്പില പിഴുത് തലക്കു മുകളിൽ ചൂടിക്കൊണ്ട് ഗൗരി ഒടുന്നതും നോക്കി ആ ഇടവഴിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു നന്ദൻ…

 

ഒന്നല്ല ഒരു നൂറു വട്ടം ഗൗരിയോട് എന്റെ ഇഷ്ടം തുറന്നു പറയാൻ ശ്രമിച്ചതാണ് ഞാൻ… അന്നെല്ലാം ബോധപൂർവം അവൾ എന്നിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടെ ഉള്ളു…

 

വാ തോരാതെ അവൾ തന്നോട് സംസാരിക്കും , അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളുമെല്ലാം തന്നോട് പങ്കു വെക്കും.. അതെല്ലാം കേട്ടുകൊണ്ട് താൻ ആ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കും…

 

താനാ മുഖത്തുനിന്നും കണ്ണെടുക്കുന്നില്ലെന്ന് മനസ്സിലാവുമ്പോൾ ഗൗരി ദേഷ്യപ്പെടും ” ഇതെന്താ വല്ലോ പൊട്ടനും ആണോ.. ?? അല്ല ഞാൻ ആരോടാ ഇതൊക്കെ പറയുന്നത്.. ? ”

 

അപ്പോൾ എന്റെ മനസ്സിൽ തോന്നാറുണ്ട് അവളെ ചേർത്ത് പിടിച്ച് എന്നെന്നും ഗൗരിക്കുട്ടി ഈ നന്ദന്റെ സ്വന്തമാണെന്ന് പറയണമെന്ന്…

 

ഗൗരി എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലാത്തത് കൊണ്ട് ഞാനതെല്ലാം മനസ്സിൽ തന്നെ കുഴിച്ചു മൂടും…

 

എപ്പോഴെങ്കിലും ഒരവസരം കിട്ടുമ്പോൾ തന്റെ ഇഷ്ടം തുറന്നു പറയാമെന്ന് കരുതി നന്ദൻ കാത്തിരിക്കുകയാണ്… പക്ഷെ അവസരങ്ങൾ പലതുണ്ടായിട്ടും അവൾ ഒഴിഞ്ഞു മാറുകയാണ്. അതൊരിക്കലും തന്നെ ഇഷ്ടമില്ലാത്തതുകൊണ്ടല്ല… അവളുടെ സാഹചര്യം കൊണ്ടാണ്…

 

അതുകൊണ്ട് തന്നെ ഗൗരിയോടുള്ള തന്റെ ഇഷ്ടത്തിന് ഒരിക്കലും മങ്ങലേൽക്കുകയില്ല..

 

പാവം ഗൗരി.. നന്ദന്റെ മനസ്സൊന്ന് തേങ്ങി..

 

വെള്ളൂർ പുഴയുടെ പാലവും കടന്നവൾ അതിവേഗം വീട്ടിലേക്കോടി.. ഉമ്മറത്തെത്തുമ്പോൾ തോർത്തുമായി അച്ഛൻ പടിക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു…

 

രാവിലെ പോകാൻ നേരം കുട എടുത്തോണ്ട് പോവാൻ അച്ഛൻ പറഞ്ഞതാണ്.. അപ്പോൾ താനാണ് ഇന്നലെ മഴ പെയ്തത് കൊണ്ട് ഇന്ന് മഴ പെയ്യില്ല എന്ന പ്രവചനവും പ്രഖ്യാപിച്ചുകൊണ്ട് കുട എടുക്കാതെ കോളേജിലേക്ക് പോയത്…

 

തോർത്ത് കൊടുത്തുകൊണ്ട് ഗൗരിയുടെ അച്ഛൻ മാധവൻ പറഞ്ഞു ” പ്രവചനമൊക്കെ കിറു കൃത്യം ആണല്ലോ , ന്റെ പൊന്നുമോൾ മഴയും നനഞ്ഞ് പനിയും പിടിപ്പിച്ച് വീട്ടിൽ ഇരിക്കാനാണോ പ്ലാൻ.. ”

 

” ന്റെ അച്ഛേ ഈ ഒരു മഴ നനഞ്ഞാലൊന്നും അച്ഛന്റെ ഗൗരിക്കുട്ടീടെ അടുത്തൂടെ പോലും ഒരു പനിയും വരില്ല.. ”

 

” ആ ബാഗ് ഇങ്ങ് താ.. ” നനഞ്ഞു തുടങ്ങിയ ബാഗ് നോക്കി മാധവൻ അവളോട് പറഞ്ഞു

 

ഗൗരി ബാഗ് ഊരി അച്ഛന്റെ കയ്യിൽ കൊടുത്തിട്ട് ആ കവിളിൽ നുള്ളി അകത്തേക്ക് കയറിപ്പോയി…

 

ഈ പെണ്ണിന്റെ ഒരു കാര്യം… മാധവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ചിരിച്ചിട്ട് ഗൗരിയോട് വിളിച്ചു പറഞ്ഞു “ആകെ നനഞ്ഞില്ലേ.. മോള് പോയി കുളിച്ചിട്ട് വാ..”

 

കുളി കഴിഞ്ഞ് സിറ്റൗട്ടിലേക്കെത്തിയ ഗൗരി ആ കാഴ്ച കണ്ട് ഞെട്ടി…

 

‘ നന്ദേട്ടൻ ‘

 

സിറ്റൗട്ടിൽ അച്ഛനോടൊപ്പം വർത്താനം പറഞ്ഞിരിക്കുകയാണ് നന്ദേട്ടൻ.. ഗൗരിയുടെ മനസ്സിൽ ഒരു തീയാളി..

 

എന്തിനാവും നന്ദേട്ടൻ ഈ സമയത്ത്‌ വീട്ടിൽ വന്നത്.. ?? ഗൗരി അച്ഛന്റെ മുഖത്തേക്ക് നോക്കി , ഇല്ല ആ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല…

 

ഉള്ളിലെ പേടി മറച്ചുവെച്ചവൾ അച്ഛന്റെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു ” ഇതാര് നന്ദേട്ടനോ.. ?? ”

 

” മോൾ കുളികഴിഞ്ഞ് വന്നോ.. ?? നിന്നെക്കാണാനാണ്‌ നന്ദൻ വന്നിരിക്കുന്നത്.. ”

 

” എന്നെയോ.. ?? എന്തിന് ..?

 

വീണ്ടും ഒരു ഞെട്ടൽ ഗൗരിയിൽ ഉണ്ടായി… ഇനിയെങ്ങാൻ അച്ഛന്റെ മുൻപിൽ വച്ച് തന്നെ ഇഷ്ടമാണെന്ന് പറയാനാണോ നന്ദേട്ടൻ വന്നിരിക്കുന്നത്.. ??

 

ന്റെ കൃഷ്ണാ.. അങ്ങനൊന്നും ഉണ്ടാവരുതേ.. അച്ഛന് വിഷമം ഉണ്ടാക്കുന്നതൊന്നും ഈ ജന്മം തന്നെക്കൊണ്ട് ചെയ്യാനാവില്ല..

 

അതോടൊപ്പം നന്ദേട്ടൻ നിരാശനായി ഈ വീടിന്റെ പടിയിറങ്ങുന്നതും തനിക്ക് സഹിക്കാനാവുകയില്ല… ഷർട്ടിന്റെ പോക്കറ്റിൽ നിന്നും നന്ദൻ ഒരു കൊലുസ്സ് എടുത്തുയർത്തി..

 

നന്ദന്റെ കയ്യിൽ തൂങ്ങിയാടുന്ന കൊലുസ്സ് കണ്ടപ്പോൾ ഗൗരിയുടെ കണ്ണുകൾ പ്രകാശിച്ചു… കുളിക്കുന്നതിനിടയിലാണ് വലതുകാലിലെ കൊലുസ്സ് നഷ്ടപ്പെട്ടെതവളുടെ ശ്രദ്ധയിൽ പെടുന്നത്…

 

കോളേജിൽ വച്ചായിരിക്കുമോ നഷ്ടപ്പെട്ടത്..?? അതോ ബസിൽ വച്ചാണോ.. ?? എത്രയാലോചിച്ചിട്ടും അവൾക്കൊരെത്തും പിടിയും കിട്ടിയില്ല…

 

കഴിഞ്ഞ വർഷത്തെ പിറന്നാളിന് അച്ഛൻ സമ്മാനിച്ചതാണ് ആ സ്വർണ്ണക്കൊലുസുകൾ… തന്റെ കാലിൽ കിടന്നിരുന്ന വെള്ളിക്കൊലുസുകൾക്ക് പകരം അച്ഛൻ തന്നെയാണ് അത് അണിയിച്ചു തന്നതും…

 

നഷ്ടപ്പെട്ടെന്ന് കരുതിയ ആ കൊലുസ്സാണ് നന്ദേട്ടന്റെ കയ്യിലിരിക്കുന്നത് .. എന്റെ മനസ്സിൽ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതായിരുന്നില്ല..

 

കൊലുസ്സ് ഗൗരിയുടെ കയ്യിൽ കൊടുത്തുകൊണ്ട് നന്ദൻ പറഞ്ഞു ” ചാറ്റൽ മഴയത്ത് ഗൗരി ഓടിയപ്പോൾ വഴിയിൽ വീണതാ.. , കൊളുത്ത് അല്പം അയവാണ്… ”

 

ന്റെ കൃഷ്ണാ.. നീ എന്റെ പ്രാർത്ഥന കേട്ടല്ലോ.. നന്ദേട്ടന്റെ രൂപത്തിൽ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ശരിക്കും നീ തന്നെ അല്ലെ..??

 

അല്ലെ കൃഷ്ണാ… ഒരിക്കൽ കൂടി ഗൗരി മനസ്സിൽ ചോദിച്ചു..

 

പൊടുന്നനെ ഒരു ചിരി ഉയർന്നു…

 

എല്ലാം മറന്ന് നിൽക്കുകയായിരുന്ന ഗൗരിക്ക് ആ ചിരി എവിടെ നിന്നാണെന്ന് മനസ്സിലായില്ല…

 

ആകാംക്ഷയോടെ ശ്വാസമടക്കിപ്പിടിച്ചവൾ കാതോർത്തിരുന്നപ്പോൾ വീണ്ടും ആ ചിരി മുഴങ്ങി… ഇത്തവണ ഗൗരിയത് വ്യക്തമായി കേട്ടു.. അച്ഛനോടെന്തോ പറഞ്ഞ് നന്ദേട്ടൻ ചിരിക്കുകയാണ്…

 

ന്റെ കൃഷ്ണാ നീ പരീക്ഷിക്കുകയാണോ.. ??

 

ഗൗരി ഒന്നു നെടുവീർപ്പെട്ടു..

 

അത്താഴം കഴിച്ചു കഴിഞ്ഞ് ടിവി കാണുന്നതിനിടയിൽ ആണ് മാധവൻ ഗൗരിയോടത് ചോദിച്ചത്…

 

” നമ്മുടെ നന്ദനെപ്പറ്റി എന്താ മോളുടെ അഭിപ്രായം.. ?? ”

 

” അതെന്താ അച്ഛൻ അങ്ങനെ ചോദിച്ചത്.. ?? ” അച്ഛൻ എന്തോ മനസ്സിൽ വച്ചാണ് ചോദിക്കുന്നതെന്ന് ഗൗരിക്ക് മനസ്സിലായി…

 

ഇല്ലച്ചാ… അച്ഛന്റെ ഗൗരിക്കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല… അവളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു..

 

” പ്രൈവറ്റ് സ്ഥാപനത്തിലാണെങ്കിലും തരക്കേടില്ലാത്ത ഒരു ജോലിയുണ്ട് , നല്ല പെരുമാറ്റവും… അച്ഛന് ഇഷ്ടമായി , മോളുടെ അഭിപ്രായം അറിയാൻ ചോദിച്ചതാ.. ”

 

” നന്ദേട്ടൻ പാവമല്ലേ.. ?? ആർക്കാ നന്ദേട്ടനെ ഇഷ്ടപ്പെടില്ലാത്തത്.. ?? ”

 

” അപ്പോൾ മോൾക്ക് ഇഷ്ടമാണല്ലേ.. ?? ”

 

എന്താണ് അച്ഛൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി മനസ്സിലായില്ലെങ്കിലും ഉറച്ച മനസ്സോടെ ഗൗരി പറഞ്ഞു …

 

“നല്ലൊരു സൗഹൃദമല്ലാതെ മറ്റൊരു തരത്തിലുമുള്ള ഇഷ്ടം എനിക്ക് നന്ദേട്ടനോട് ഇല്ലച്ഛാ.. അങ്ങനെ ഉണ്ടാവാൻ പാടില്ലെന്ന് അച്ഛന്റെ ഗൗരിക്കുട്ടിക്ക് അറിയാം.. ”

 

” എനിക്കറിയാം എന്റെയീ ഗൗരിക്കുട്ടിക്ക് അച്ഛന്റെ സന്തോഷത്തേക്കാളും വലുതായി മറ്റൊന്നുമില്ലെന്ന്…

 

നന്ദൻ എന്നോട് എല്ലാം പറഞ്ഞു.. കൂടെ നിന്നെ ഇഷ്ടമാണെന്നും..

 

ന്റെ ഗൗരിക്കുട്ടിയുടെ സന്തോഷമാണ് ഈ അച്ഛന്റെ സന്തോഷം.. എനിക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നീ മാത്രമല്ലേ ഉള്ളു.. ”

 

ഒന്നും പറയാനാവാതെ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞ് ഗൗരി വിതുമ്പി..

 

പണ്ടുതൊട്ടേ ഗൗരി അങ്ങനെയാണ് സങ്കടമായാലും സന്തോഷമായാലും അച്ഛന്റെ നെഞ്ചിലേക്കത് പെയ്തൊഴിയും.. തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു നോക്കി , ഗൗരിക്കെന്തോ അന്ന് ഉറക്കം വന്നില്ല…

 

നന്ദേട്ടൻ തന്റെ സ്വന്തമാകുമെന്ന് സ്വപ്നത്തിൽ പോലും താൻ വിചാരിച്ചിരുന്നില്ല… പക്ഷെ നന്ദേട്ടൻ മറ്റൊരാളുടെ സ്വന്തമാകുന്നതിൽ ഒരു കുശുമ്പ് മനസ്സിൽ ഒളിഞ്ഞു കിടന്നിരുന്നു…

 

ഒരുപക്ഷേ മനസ്സിൽ ഒരിഷ്ടം ഉള്ളതുകൊണ്ടാവാം അത്…

 

രാവിലെ ഒരു ഗ്ലാസ് ചൂട് കട്ടൻ കാപ്പിയുമായി അച്ഛന്റെ മുറിയിലേക്ക് എത്തിയ ഗൗരി അച്ഛനെ വിളിച്ചു…

 

അച്ഛനിൽ നിന്നും പ്രതികരണമൊന്നുമുണ്ടാകാത്തത് അവളെ അമ്പരപ്പിച്ചു…

 

ഗൗരി മെല്ലെ അച്ഛനെ തട്ടി വിളിച്ചു…

 

അച്ഛാ…. ഗൗരിയുടെ ശബ്ദം ആ മുറിയാകെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു…

 

മുറ്റവും പരിസരവുമെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു…

 

തങ്ങൾക്കെല്ലാം പ്രിയപ്പെട്ടവനായിരുന്ന മാധവേട്ടനെ അവസാനമായി ഒരു നോക്ക് കാണുവാൻ ആ ഗ്രാമം മുഴുവൻ എത്തിയിരുന്നു…

 

ചിലർ വട്ടം കൂടി നിന്ന് പരിതപിച്ചുകൊണ്ടിരുന്നു , ഹൃദയാഘാതമാണത്രെ മരണ കാരണം… ഇനിയാ കൊച്ചിന് ആരുണ്ട്.. ?? കഷ്ടം തന്നെ..

 

എല്ലാ മുഖങ്ങളിലും ഒരു വിഷാദം നിഴലിച്ചിരുന്നു… അപ്പോൾ എല്ലാ കാര്യങ്ങൾക്കും നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് നന്ദൻ അവിടെത്തന്നെ ഉണ്ടായിരുന്നു…

 

എത്രയടക്കി പിടിച്ചിട്ടും ഇടക്കെല്ലാം നന്ദന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…

 

ഇന്നലെയും കൂടി മാധവേട്ടൻ തന്നോട് ഒരുപാട് സംസാരിച്ചതാണ്… ഗൗരിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ സ്നേഹ വാത്സല്യങ്ങളോടെ തന്റെ കൈപിടിച്ച്‌ മാധവേട്ടൻ പറഞ്ഞതാണ് , ഗൗരിയെ ഇനി നിന്റെ കൈപിടിച്ച്‌ തന്നിട്ട് വേണം എനിക്ക് സമാധാനമായി ഒന്ന് കണ്ണടക്കുവാൻ…

 

എന്തിനാ മാധവേട്ടാ ഗൗരിയെ തനിച്ചാക്കി പോയത്.. ??

 

ഓർക്കും തോറും നന്ദന്റെ കണ്ണുകളിൽ നീർച്ചാലുകൾ ഒഴുകിക്കൊണ്ടിരുന്നു… വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്ന അച്ഛന്റെ മൃതദ്ദേഹത്തിനരികെയിരുന്ന് രാവിലെ മുതൽ തുടങ്ങിയ കരച്ചിലാണ് ഗൗരി…

 

അവളുടെ കൂട്ടുകാരെല്ലാവരും അവിടെത്തന്നെയുണ്ടായിരുന്നു… എന്തു പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അവർക്കും അറിയില്ലായിരുന്നു…

 

അച്ഛനില്ലാത്ത ഒരു ദിവസത്തെപ്പറ്റി ഗൗരി ചിന്തിച്ചിരുന്നിട്ടു കൂടി ഇല്ല… അവളുടെ മനസ്സിലും സ്വപ്നങ്ങളിലുമെല്ലാം അച്ഛനായിരുന്നു , അച്ഛൻ മാത്രമായിരുന്നു…

 

അന്ത്യ കർമ്മങ്ങൾക്കായി മൃതശരീരം പുറത്തേക്ക് ഇറക്കി…

 

ദർഭ മൂന്ന് ഇഴ ചേർത്ത് കെട്ടിയ പവിത്രം ( മോതിരം ) കയ്യിലണിഞ്ഞ് കർമ്മി പറഞ്ഞു കൊടുക്കുന്ന മന്ത്രങ്ങൾ ഏറ്റുപറഞ്ഞ് അച്ഛന് ബലി തർപ്പിക്കുമ്പോൾ ഗൗരി വിങ്ങിപ്പൊട്ടുകയായിരുന്നു…

 

മാധവന്റെ മൃതശരീരം ചിതയിലേക്കെടുക്കാൻ നേരമാണ് ഒരു സ്ത്രീ അവിടേക്ക് കടന്നു വന്നത്…

 

കൂടി നിന്നവർ എല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കി…

 

ശ്യാമള…

 

പതിനാല് വർഷങ്ങൾക്ക് മുൻപ് മാധവനെയും ഗൗരിയേയും ഉപേക്ഷിച്ച് മറ്റാരുടെയൊ ഒപ്പം പോയ മാധവന്റെ ഭാര്യ , ഗൗരിയുടെ അമ്മ…

 

മാധവന്റെ മൃതശരീരത്തിന് മുൻപിൽ അല്പനേരം മൗനമായി നിന്നു ശ്യാമള… പിന്നെയാ കാൽക്കൽ തൊട്ട് നമസ്കരിച്ചു…

 

ചിലരുടെയൊക്കെ മുഖങ്ങളിൽ പുച്ഛവും ദേഷ്യവും നിഴലിച്ചു കാണാമായിരുന്നു…

 

ഗൗരിയുടെ ഉടലാകെ വിറ കൊള്ളുകയായിരുന്നു… മാധവന് പുത്രന്മാരും മറ്റ് ബന്ധുക്കളാരുമില്ലാത്തതിനാൽ ചിതക്ക് തീ കൊളുത്തേണ്ടത് ഗൗരിയാണ്…

 

മൺകുടത്തിന് അരിവാൾ കൊണ്ട് ചെറിയൊരു സുഷിരം ഇട്ടു കൊടുത്തുകൊണ്ട് കർമ്മി പറഞ്ഞ പ്രകാരം ചിതക്ക് മൂന്ന് പ്രാവിശ്യം വലംവച്ച് തെക്കു വശത്തായി മൺകുടം പിന്നോട്ടെറിഞ്ഞുടച്ചശേഷം ചിതക്ക് തീ കൊളുത്തി പൊട്ടിക്കരഞ്ഞു ഗൗരി…

 

തന്റെ കണ്ണുകളിലാകെ ഇരുട്ട് പടരുന്നതുപോൽ ഗൗരിക്ക് തോന്നി … നിമിഷനേരത്തിനുള്ളിൽ ബോധരഹിതയായ് അവൾ നിലത്തേക്ക് വീണു…

 

വെള്ളം ശക്തിയായ് മുഖത്ത് പതിച്ചപ്പോൾ ഗൗരി മെല്ലെ മിഴികളുയർത്തി…ഗൗരിക്ക് ചുറ്റും കൂട്ടുകാരും ഒപ്പം നന്ദനും ഉണ്ടായിരുന്നു… ആളുകളെല്ലാം ഒരു സംശയം ബാക്കിയാക്കി പോയ്‌തുടങ്ങിയിരുന്നു…

 

അതേ സംശയം നന്ദനിലും ഉണ്ടായിരുന്നു… ഇത്രയും കാലം ഒരു നോക്ക് കാണുവാൻ പോലും വരാത്ത ആ സ്ത്രീ എന്തിനാണ് ഇപ്പോൾ വന്നത്…??

 

കൂട്ടുകാരെല്ലാം ഗൗരിയെ അശ്വസിപ്പിച്ച ശേഷം പോയിതുടങ്ങിയിരുന്നു… ഗൗരിയുടെ വീടിന് തൊട്ടടുത്തുള്ള ചിലരും നന്ദനും മാത്രമായ് അവിടെ…

 

എന്തു പറയണം എന്തു ചെയ്യണം എന്നറിയാതെ നന്ദന്റെ മനസ്സും നീറുകയായിരുന്നു…

 

ഈ അവസ്ഥയിൽ താൻ എന്തു പറഞ്ഞാലും അതൊന്നും അവളിൽ ആശ്വാസ വാക്കുകൾ ആയിരിക്കില്ല.. അവളെ കൂടുതൽ വേദനിപ്പിക്കുകയെ ഉള്ളെന്ന് നന്ദന് അറിയാമായിരുന്നു….

 

കാരണം അത്രമേൽ അവൾ അച്ഛനെ സ്നേഹിച്ചിരുന്നു… അച്ഛനില്ലാത്ത ഒരു ദിവസം ആദ്യമായാണ് അവളുടെ ജീവിതത്തിൽ…

 

എല്ലാം ഉൾക്കൊണ്ട് അവളുടെ മനസ്സ് ഒന്ന് ശാന്തമാകട്ടെ… പിന്നെ എത്രയൊക്കെ ആയാലും സ്വന്തം അമ്മയല്ലേ കൂടെയുള്ളത്… ആ ഒരു വിശ്വാസത്തിൽ നന്ദനും വീട്ടിലേക്ക് നടന്നു….

 

രാവിലെ ഒരു ഗ്ലാസ് കാപ്പി ടേബിളിൽ കൊണ്ട് വച്ചിട്ട് ശ്യാമള ഗൗരിയോട് പറഞ്ഞു ” മോളെ കാപ്പി കുട്ടിക്ക്… ”

 

ഗൗരി അത് ശ്രദ്ധിക്കാൻ പോയില്ല… തനിക്ക് അറിവില്ലാത്ത പ്രായത്തിൽ അച്ഛനെയും തന്നെയും ഉപേക്ഷിച്ച് പോയ അമ്മയോടെന്നും വെറുപ്പായിരുന്നു… ഒരു ദിവസംകൊണ്ടൊന്നും മാറുന്നതല്ലത്… ഇത്രയും നാളും മനസ്സിൽ കിടന്ന് ആ വെറുപ്പ് കൂടിയിട്ടെ ഉള്ളു…

 

ഗൗരിയുടെ നിഷേധം കണ്ടിട്ട് അധികാര സ്വരത്തിൽ ശ്യാമള പറഞ്ഞു ” ഞാൻ നിന്റെ അമ്മയാണ്.. ”

 

” അമ്മ.. പ്രസവിച്ചതുകൊണ്ട് മാത്രം ഒരു സ്ത്രീ അമ്മയാവില്ല.. അമ്മയെന്ന് പറയാനുള്ള എന്ത് അർഹതയുണ്ട് നിങ്ങൾക്ക്… ചെറു പ്രായത്തിൽ ഒരു പെൺകുഞ്ഞിനെ അച്ഛന്റെയടുത്ത് ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോയ നിങ്ങൾക്ക് അമ്മയെന്ന പദം ചേരില്ല… ”

 

സങ്കടം സഹിക്കാൻ പറ്റാതെ ഗൗരി മുഖം പൊത്തി കരഞ്ഞു…

 

ശ്യാമള ആരോടൊ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ഗൗരി സിറ്റൗട്ടിലേക്ക് ചെന്ന് നോക്കിയത്… സിറ്റൗട്ടിലെ കസേരയിലിരിക്കുന്ന അപരിചിതനായ പുരുഷനെ ഗൗരിക്ക് മനസ്സിലായില്ല…

 

ഗൗരിക്ക് ആളെ മനസ്സിലായില്ലെന്ന് അറിയാമായിരുന്ന ശ്യാമള പറഞ്ഞു ” ഇത് എന്റെ ഭർത്താവാണ് , ഇനി മുതൽ നിന്റെ അച്ഛനും… ” വെറുപ്പോടെ ഗൗരി ഇരുവരെയും മാറി മാറി നോക്കി…

 

“ഇതാണോ ശ്യാമെ നിന്റെ മോൾ..?? , ഞാൻ വിചാരിച്ചതിലും വലുതായിപ്പോയല്ലോ ഇവൾ.. ”

 

” ഇങ്ങ് വന്നേ മോളെ… ” ഗൗരിയുടെ ശരീരത്തിൽ കാമാർത്തിയോടെ കണ്ണുകളോടിച്ചുകൊണ്ട് അയാൾ അവളെ അടുത്തേക്ക് വിളിച്ചു…

 

ദുഷിച്ച കണ്ണുകൾകൊണ്ട് തന്റെ ശരീരമാകെ ഊറ്റിക്കുടിക്കുന്ന അയാളെ ആരാധനയോടെ നോക്കുന്ന ആ സ്ത്രീയെ മനസ്സിൽ ഒരായിരം വട്ടം കല്ലെറിഞ്ഞുകൊണ്ട് ഗൗരി പുറത്തേക്കോടി…

 

ഇതാണോ ഒരു സ്ത്രീ… ?? ഇതാണോ ഒരമ്മ.. ?? ഇതാണോ ഒരമ്മ മകൾക്ക് കൊടുക്കേണ്ട സുരക്ഷിതത്വം..??

 

സ്വന്തം മകളുടെ മാനത്തിനു പോലും വിലയിടുന്ന ഈ ഭൂമിയിൽ ഇനിയൊരു പെൺകുഞ്ഞും പിറക്കാതിരിക്കട്ടെയെന്നവൾ പ്രാർത്ഥിച്ചു പോയ്‌…

 

അച്ഛന്റെ ചിത കത്തിയെരിഞ്ഞതിനടുത്തിരുന്ന് ഗൗരി വിങ്ങിപ്പൊട്ടി….താനൊരിക്കലും ഇവിടെ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഗൗരിയെ ഭയപ്പെടുത്തിയിരുന്നു…

 

മനസ്സിൽ എന്തോ നിശ്ചയിച്ചുറപ്പിച്ച് ഗൗരി മെല്ലെ പുറത്തേക്ക് നടന്നു.. വെള്ളൂർ പുഴയുടെ പാലത്തിലൂടെ അവൾ അതിവേഗം നടന്നു…

 

പാലത്തിന്റെ നടുക്കെത്തിയതും അവൾ താഴേക്ക് നോക്കി.. നല്ല ഒഴുക്കുള്ള പുഴയിൽ അച്ഛന്റെ മുഖം പ്രതിഫലിച്ചു കാണുന്നതുപോലെ ഗൗരിക്ക് തോന്നി…

 

പാലത്തിന്റെ കൈവരിയിൽ പിടിച്ചു കൊണ്ട് താഴേക്കു നോക്കിയപ്പോൾ പാലത്തിന്റെ മറുകരയിൽ നിന്നും ഒരു വിളി കേട്ടു…

 

” ഗൗരീ….?? ”

 

ഗൗരി മുഖം തിരിച്ചു നോക്കി..

 

നന്ദേട്ടൻ…

 

” ഗൗരി എന്താ ഇവിടെ നിക്കുന്നത്.. ?? ”

 

മറുപടിയില്ലാരുന്നു… പകരം നിറഞ്ഞു നിന്നിരുന്ന മിഴികളിൽ നിന്നും നീർത്തുള്ളികൾ താഴേക്ക് പതിച്ചു…

 

“കരയല്ലേ ഗൗരീ.” നന്ദൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

 

” എനിക്ക്.. എനിക്കവിടെ നിക്കാൻ വയ്യ നന്ദേട്ടാ… ” വീട്ടിൽ ഉണ്ടായ സംഭവം ഗൗരി നന്ദനോട് പറഞ്ഞു…

 

“അതിന് നീ നിന്നെ തന്നെ ശിക്ഷിക്കുകയാണോ ഗൗരീ വേണ്ടത്.. ??”

 

ഗൗരിയുടെ കൈപിടിച്ച് നന്ദൻ വീട്ടിലേക്ക് നടന്നു.. ഗൗരിയുടെ കയ്യും പിടിച്ച് ഞാൻ വരുന്നത് ദൂരെ നിന്നെ അമ്മയും അച്ഛനും കണ്ടിരുന്നു…

 

പടിക്കലെത്തിയതും അമ്മ പറഞ്ഞു “വലതുകാൽ വച്ച് കയറ് മോളെ… ”

 

ഗൗരീ നന്ദന്റെ മുഖത്തേക്ക് നോക്കി…

 

ഗൗരിയുടെ കൈപിടിച്ച് നന്ദൻ അമ്മയുടെ കയ്യിൽ കൊടുത്തു… അമ്മയുടെ കൈപിടിച്ച് വലതുകാൽ വച്ച് ഗൗരി അകത്തേക്ക് കയറി…

 

” കർമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷം നാട്ടുകാരെയും കൂട്ടുകാരെയും എല്ലാം വിളിച്ച് കൃഷ്ണന്റെ അമ്പലത്തിൽ വച്ചൊരു താലി കെട്ടാം…”

 

നന്ദന്റെ അച്ഛനത് പറഞ്ഞപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

 

” അച്ഛനും അമ്മയും നിന്നെ കെട്ടാൻ സമ്മതിച്ചത് അടുക്കളക്കാരിയായ് ഇവിടെ തളച്ചിടാനല്ല പെണ്ണേ… നീ ആഗ്രഹിച്ചതുപോലെ നിന്റെ പഠിത്തം പൂർത്തിയാക്കി ഒരു ടീച്ചർ ആവണം… നിന്റെ സ്റ്റുഡന്റ്‌സ് അഭിമാനത്തോടെ പറയണം ഗൗരി ടീച്ചർ പൊളിയാണെന്ന്…”

 

നിറഞ്ഞ കണ്ണുകളാൽ ഗൗരി നന്ദന്റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ ഇരു കൈകളാലും നന്ദൻ അവളെ ചേർത്തു പിടിച്ചു…

 

ആ നിമിഷം ഗൗരിക്ക് ഓർമ വന്നത് അച്ഛനെയാണ്… അച്ഛൻ തന്നെ ചേർത്തുപിടിക്കാറുള്ളതുപോലെ സുരക്ഷിതമായ കൈകളിലാണ് താനിപ്പോൾ….

Leave a Reply

Your email address will not be published. Required fields are marked *