ആ നെഞ്ചിന്റെ ചൂട് അനുഭവിച്ച ഒരേയൊരു പെണ്ണാണ് ഞാൻ…

(രചന: Binu Omanakkuttan)

 

“ലച്ചു…ഇതാരുടെ നമ്പറാണ്…?”

 

കട്ടിലിൽ കിടന്ന തുണി മടക്കി അലമാരയിലേക്ക് വയ്ക്കുന്ന ജോലിക്കിടയിൽ, ഞെട്ടിത്തിരിഞ്ഞുകൊണ്ട് ലക്ഷ്മി അരുണിനെ നോക്കി..

 

“ഏത്…?”

 

“തന്റെ ഡയറിയുടെ അവസാനത്തെ പേജിൽ മാഷെന്നെഴുതിയ നമ്പർ…

അതാരുടേതാണ്…? ”

 

“ഇതോ…??

ഇതെന്റെ മാഷിന്റെ നമ്പറാണ്..!!

എന്റെ ഫസ്റ്റ് lover….”

 

മുഖത്ത് നോവിന്റെ ചെറു ചിരിയോടെ അവൾ പറഞ്ഞു…

 

“ആഹാ…!!

ആരാണാവോ അദ്ദേഹം…?

എന്നോടിതെന്തേ നേരത്തെ പറഞ്ഞില്ല..? ”

 

“അതൊന്നും പറയാൻ തോന്നിയില്ല ഏട്ടാ…”

 

സംസാരം മതിയാക്കി ലക്ഷ്മി വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു…

 

അലമാരയുടെ ചില്ലുഗ്ലാസ്സിലൂടെ അരുൺ അവളുടെ മുഖം കണ്ടു…

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ…

 

“ടോ…. എന്ത് പറ്റി കാമുകന്റെ കാര്യം പറഞ്ഞപ്പോ ഇത്ര വിഷമം…? ”

 

മൗനം മാത്രം മറുപടികൊടുത്ത് ലക്ഷ്മി വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു…

 

മാഷിന്റെ കാര്യം ഓർക്കുമ്പോ തന്നെ കണ്ണ് നിറയുന്നു… എന്താ.. എന്താ എനിക്ക് പറ്റിയത്…?

അരുണേട്ടനെന്നെ പൊന്നുപോലെയാണ് നോക്കുന്നത് ഇന്നുവരെ ആ കയ്യോ മനസോ എന്നെ നോവിച്ചിട്ടില്ല..

 

കല്യാണം കഴിഞ്ഞു വർഷം അഞ്ച് കഴിഞ്ഞു, എന്റെ ഇഷ്ടം പോലെ ഒരു പെൺകുട്ടി തന്നെയാണ് ദൈവം തനിക്ക് തന്നത്…

 

പക്ഷെ ജീവിതത്തിൽ എന്തൊക്കെ സൗഭാഗ്യങ്ങൾ ലഭിച്ചിട്ടും മാഷിനെ മാത്രം കിട്ടാതെ പോയത്…

 

ആ അവസാന ദിവസത്തെ ഞാനിപ്പോഴും ശപിക്കാറുണ്ട്…

മാഷെന്നെ തനിച്ചാക്കിയ ആ ചുവന്ന രാത്രി…

 

അരുൺ പിറകിലൂടെ വന്നു തോളിൽ കൈവച്ചപ്പോഴാണ് കുറേ നേരമായി വാഷ് ബെയ്‌സനിലേക്ക് തലകുനിച്ച് പിടിച്ചിരുന്ന ലക്ഷ്മി തിരിഞ്ഞത്…

 

“ടി… ലച്ചു….എന്ത് പറ്റി പെട്ടെന്നൊരു മൂഡോഫ്…?

തൊണ്ടയിലേക്കും നെറ്റിത്തടത്തിലേക്കും മാറി മാറി കൈ അമർത്തി…

 

“ചൂടുണ്ടല്ലോ…

പനിക്കുന്നുണ്ടോ..?”

 

“വാ… ആശുപത്രിയിൽ പോയിട്ട് വരാം..”

 

“ഏയ്…കുഴപ്പമില്ല ഏട്ടാ…

ഏട്ടൻ വാ ഞാൻ കഴിക്കാനെടുക്കാം…”

 

അടുക്കളയിലേക്ക് നടന്നുകൊണ്ട് ലക്ഷ്മി പറഞ്ഞു….

 

അരുണും മോളും കൈ കഴുകി ഊണുമേശക്കരികിൽ ഇരുന്നു…

 

തന്റെ പ്രിയതമനും, പ്രാണനും വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പികൊടുക്കുമ്പോ അവൾ ചിരിക്കാൻ ശ്രമിച്ചിരുന്നു..

 

“നീ കഴിക്കുന്നില്ലേ.. ലക്ഷ്മി..?”

അരുൺ അവളോട്‌ ചോദിച്ചു…

 

“ഏയ്… എനിക്ക് നല്ല വിശപ്പില്ല..

പിന്നെ കഴിച്ചോളാം…”

 

ഭക്ഷണം കഴിച്ചു എഴുന്നേറ്റ് അരുൺ റൂമിലേക്ക് പോയ്‌…..

 

പാത്രങ്ങളൊക്കെ കഴുകിവച്ച് ലക്ഷ്മി

റൂമിലേക്ക് വന്നു…

ഫാനിന്റെ വേഗത കൂട്ടി, ലൈറ്റ് ഓഫ് ചെയ്തു കട്ടിലിന്റെ ഒരുവശത്തേക്ക് ഒതുങ്ങി കിടന്നു….

 

വിങ്ങിപിടഞ്ഞുനിന്ന ഹൃദയത്തിന്റെ സ്പന്ദനം കേട്ടിട്ടാവണം അരുൺ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നത്…

 

അയാളുടെ കരങ്ങൾ അവളുടെ അരക്കെട്ടിനുമുകളിൽ അമർന്നു…

കുറേക്കൂടി അടുത്തേക്ക് കിടന്നു…

വലതു കൈ അവളുടെ തോളിൽ പിടിച്ചു…

 

“എന്താ.. എന്താ… പറ്റിയെ എന്റെ ലച്ചുവിന്…? ”

 

“അരുണേട്ടാ…

എന്നെ ഇങ്ങനെ സ്നേഹിക്കരുത്…

പ്ലീസ്…”

 

“നീ എന്തൊക്കെയാ ലച്ചു ഈ പറയുന്നേ..?”

 

ലക്ഷ്മിയെ നെഞ്ചോട് ചേർത്ത് പിടിച്ചു അയാൾ അവളോട് കാര്യം തിരക്കി…

 

“ആരാണ് നിന്റെ മാഷ്…?

എവിടെയാ അയാളിപ്പോ…?

നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ്…?”

 

“എന്റെ മനസ് കീഴടക്കിയ ആദ്യത്തെ പുരുഷൻ…!!”

 

“ആ നെഞ്ചോട് ചേർത്ത് പിടിച്ചില്ലെങ്കിലും, ആ നെഞ്ചിന്റെ ചൂട് അനുഭവിച്ച ഒരേയൊരു പെണ്ണാണ് ഞാൻ…

എന്റെ എഴുത്തുകളിലൂടെ അയാളെ ഞാൻ പ്രണയിച്ചിട്ടുണ്ട്…

എന്റെ എഴുത്തിലൂടെ മാഷെന്നെ തലോടിയിട്ടുണ്ട്…

എഴുത്തിലൂടെ ഒരുമിച്ച് ജീവിച്ചിട്ടുണ്ട്…

ഇനി ഒരു ജന്മമുണ്ടെങ്കിൽ മാഷിന്റെ കൂടെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് ആഗ്രഹിച്ചിട്ടുണ്ട്…”

 

“വീട്ടുകാരുടെ ഇഷ്ടത്തിന്

ഒക്കെ വേണ്ടെന്ന് വച്ച്, നിങ്ങടെ മുന്നിൽ തലകുനിക്കുമ്പോ എന്റെ മനസ് കൊണ്ട് ഞാൻ മരിച്ചിരുന്നു…!!”

 

“മാഷിനെ ഞാൻ കണ്ടിട്ടില്ല,

മാഷിന്റെ ചുംബനത്തിലോ ചൂടിലോ ഒന്നുറങ്ങിയിട്ടില്ല, പക്ഷെ മനസ് കൊണ്ട് എന്നോ അയാളുടെ ഭാര്യയായിരുന്നു…!!”

 

അവളുടെ പ്രണയത്തിന്റെ നൊമ്പരം കേട്ട് അരുൺ ആകെ തളർന്നിരുന്നു…

 

“നിങ്ങളെന്നെ പെണ്ണ് കാണാൻ വന്ന ദിവസം ഓർമ്മയുണ്ടോ..?”

 

“ഡിസംബർ മാസത്തിലെ ആ ഞായറാഴ്ച ദിവസം…!!

അന്നെന്നോട് ചോദിച്ചില്ലേ താനെന്താ വല്ലാണ്ടിരിക്കുന്നതെന്ന്…?

അന്നെന്റെ മാഷ് അക്ഷരങ്ങളിലൂടെ ഉണ്ടായിരുന്നു…

അന്ന്, ഒരുമിച്ച് കരഞ്ഞതും ഒരുമിച്ച് ഉറങ്ങിയതും ഒക്കെ മാഷിന് വേണ്ടിയായിരുന്നു..

 

നമ്മുടെ കല്യാണത്തിന്റെ തലേ രാത്രി….

അവസാനമായ് എന്നോടയാൾ പറഞ്ഞിരുന്നു…..

 

” നിനക്കായ്‌ ഞാൻ കാത്തിരിക്കും….

നിന്റെ ഓർമകളുമൊത്ത്….

ഇനിയുള്ള ജന്മമെങ്കിലും നമുക്കായി ജീവിക്കാൻ….!!

 

നിലവിലില്ലാത്ത ആ നമ്പറിൽ എത്രയോ തവണ, ആ ശബദം ഒന്നു കേൾക്കാൻ വിളിച്ചിട്ടുണ്ട്… പക്ഷെ…??

 

അത്രയും പറഞ്ഞു കൊണ്ട് അവൾ അരുണിനെ, നോക്കി…

ദയനീയമായ ആ മുഖത്തേക്ക് നോക്കിയപ്പോൾ, ഉള്ളൊന്നു പിടഞ്ഞു…

 

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട്, അരുണിലേക്ക് അല്പം കൂടെ ചേർന്നു കിടന്നു….

 

“പലപ്പോഴും തുറന്നു പറയണം എന്ന്, ആഗ്രഹിച്ചിട്ടുണ്ട് ഞാൻ… പക്ഷെ ഓരോ തവണയും, സ്നേഹം കൊണ്ടെന്നെ വീർപ്പുമുട്ടിക്കുമ്പോൾ, അരുണേട്ടണെ വിഷമിപ്പിക്കാൻ തോന്നിയില്ല….

ഏതൊരാൾക്കും ആദ്യത്തെ പ്രണയത്തെ ഒരിക്കലും മറക്കാൻ സാധിക്കില്ല… അതൊരു നോവായി എന്നു മനസ്സിൽ കാണും… പക്ഷെ ഒരിക്കൽ പോലും അരുണേട്ടനെയോ, നമ്മുടെ മോളെയോ ഞാൻ സ്നേഹിക്കാതിരുന്നിട്ടില്ല… എന്റെ കഴുത്തിൽ ഈ താലി വീണ അന്നുമുതൽ, എല്ലാ അർത്ഥത്തിലും അരുണേട്ടന്റെ ഭാര്യ മാത്രമാണ് ഞാൻ….!!

ഡയറിയിലെ നമ്പർ ആരുടെതെന്ന് ചോദിച്ചപ്പോൾ കള്ളം പറയാൻ തോന്നിയില്ല…എന്നോട് ക്ഷമിക്കണം…!!

 

അവളുടെ വാക്കുകളിൽ ചെറുപുഞ്ചിരിയോടെ, ആ മൂർദ്ധാവിൽ ചുംബിക്കുമ്പോൾ, എപ്പോഴോ തോന്നിയ വിഷമം അരുണിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു….

 

നിറകണ്ണുകൾ അടച്ചു, ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ

മാഷ്ടെ വാക്കുകൾ ലക്ഷ്മിയുടെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു….

 

“ഇനിയും ഒരുമിക്കാൻ ഒരു ജന്മമുണ്ടെങ്കിൽ;

നിനക്കായ്‌ ആ ജന്മത്തിൽ മതി, എനിക്കിനി ജീവൻ..!!

 

മാഷ്…

Leave a Reply

Your email address will not be published. Required fields are marked *