എന്റെ മൂന്നാമ്മത്തെ പ്രസവം
(രചന: ജോമോൻ ജോസഫ്)
” ആരാ അർച്ചയുടെ ഹസ്ബന്റ് ”
ലേബർ റൂമിന്റെ വാതിൽ തുറന്നു ഹെഡ് നേഴ്സ് പുറത്തേക്കു വന്നു ചോദിച്ചു.
കൂടി നിന്ന ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ രാജേഷ് ഡോറിന് അടുത്തേക്ക് ചെന്നു…
“ഞാൻ ആണ് സിസ്റ്റർ…”
” എന്താ ഇത്തിരി സന്തോഷം പോലും ഇല്ലാത്തെ ”
നേഴ്സു ചോദിച്ചു..
……………………………….
“രാജേഷേട്ടാ, ഒരു ഹാപ്പി ന്യൂസ് ഉണ്ട്……”
“എന്താ അച്ചു…. ടെൻഷൻ
അടിപ്പിക്കാതെ പറയടാ….”
“നമ്മുടെ ജീവിതത്തിൽ പുതിയൊരു ആൾ കൂടി വരാൻ പോകുന്നു…. രാജേഷേട്ടൻ ഒരു അച്ഛൻ ആകാൻ പോകുന്നു….”
രാജേഷ് അർച്ചനയുടെ അരികിലേക്ക് ചേർന്ന് നിന്നു… അവളുടെ വയറിനെ ചുറ്റിപ്പിടിച്ച് അവളുടെ നെറുകിൽ ചുംബിച്ചു……
” അച്ചനോടും അമ്മയോടും പറയട്ടെ ഈ സന്തോഷ വാർത്ത..”
രാജേഷ് അച്ഛനോടും അമ്മയോടും ഉറ്റ ചങ്ങാതിമാരോടും സന്തോഷവാർത്ത വിളിച്ചറിയിച്ചു.
ആദ്യ മാസം ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അർച്ചനയുടെ കയ്പിടിച്ചു രാജേഷ് ഡോക്ടറിന്റെ മുറിയിലേക്ക് കയറ്റി.
ഡോക്ടർ പറഞ്ഞത് അനുസരിച്ച് ആദ്യ മൂന്നു മാസങ്ങളിൽ ശരീരം അനങ്ങാതെ അവൾ വിശ്രമിച്ചു. ജോലി കഴിഞ്ഞു എത്തുന്ന നേരം മുതൽ അവളുടെ നിഴൽ പോലെ അവൻ ഉണ്ടായിരുന്നു.
രാജേഷേട്ടാ ദേ നോക്കിയേ 10 ആഴ്ച നമ്മുടെ കുഞ്ഞു ഇങ്ങനെയിരിക്കും, പതിനഞ്ചു ആഴ്ച ഇത്രയും ആയിക്കാണും….. ദേ 30 ആഴ്ച അവനു എല്ലാ അവയവങ്ങളും വന്നു കാണും….
അവൾ ഓരോ തവണയും ഇന്റർനെറ്റ് നോക്കി ഓരോരോ ആഴ്ചകളിലെ വളർച്ച രാജേഷിനെ കാണിച്ചു.
രാജേഷ് അവളുടെ നിറഞ്ഞ വയറിൽ തലവച്ചു താരാട്ട് പാടുമ്പോഴും വാർത്തമാനങ്ങൾ പറയുമ്പോഴും അകത്തുനിന്ന് കുഞ്ഞു കാലുകളാൽ ഒരു ചവിട്ടു ശീലമായിരുന്നു…..
ഒൻപതാം മാസം ലേബർ റൂമിലേക്ക് കയറ്റുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൻ അവളെ നോക്കി….
“ആരാ അർച്ചനയുടെ ആൾ….”
“ഞാനാണ്……”
രാജേഷും അമ്മയും കൂടി ലേബർ റൂമിന്റെ മുന്നിലേക്ക് കുതിച്ചു .
“കോൺഗ്രാജുലേ ഷൻസ്, ആൺ കുട്ടിയാണ്…. ദേ നോക്കിയേ… ”
അതു പറഞ്ഞു നഴ്സ് കുഞ്ഞിനെ രാജേഷിന്റെ നേരെ നീട്ടി…..
“അയ്യോ… അമ്മ വാങ്ങിച്ചോ….”
രാജേഷിന്റെ അമ്മ കുഞ്ഞിനെ വാങ്ങി നെറ്റിയിൽ ചുംബിച്ചു…. ഭൂമിയെ കുഞ്ഞു കണ്ണുകളാൽ ആദ്യമായി കാണുന്ന അവൻ ആകാംഷയിൽ ചുറ്റും ഒന്നു കണ്ണോടിച്ചു…..
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിൽ അവൻ അർച്ചനയെ കാണാൻ കൊതിയോടെ നോക്കി നിന്നു.
……………………………
“രാജേഷേട്ടാ……. പണിപാളിയെന്നാ തോന്നുന്നേ….”
“എന്തു പറ്റിയെടി…….”
രാജേഷ് ടെൻഷനോട് കൂടി ചോദിച്ചു…..
“എനിക്ക് ഇതുവരെ…..
…… എന്തായാലും നാളെ ഒന്നു ടെസ്റ്റ് ചെയ്തിട്ട് മതി വീട്ടിലുള്ളവരോട് പറയാൻ ….ചിലപ്പോൾ വെറുതെയാവും
യൂറിൻ തുള്ളികൾ ഒഴിച്ചു റിസൾട്ടിനായി രണ്ടുപേരും നോക്കിയിരുന്നു…. ചുവന്ന വരകൾ കണ്ട അവർ പരസ്പരം മുഖത്തോട് മുഖം നോക്കി…..
“ശേ… വേണ്ടായിരുന്നു…. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ…”
രാജേഷ് പറഞ്ഞു…
“അതിനെന്താ….. നമ്മുടെ മൂത്തവന് നാല് വയസു ആയില്ലേ….. അവനു ഒരു പെങ്ങളെ വേണ്ടേ…..”
അച്ചനോടും അമ്മയോടും അതു പറയുമ്പോൾ ആദ്യകുഞ്ഞിനായി കാണിച്ച വെപ്രാളവും, ആകാംഷയും രാജേഷിന്റെ വാക്കുകൾക്കും ഉണ്ടായില്ല,അതു കേട്ട അച്ച്ഛന്റെയും അമ്മയുടെയും മുഖത്തും ഉണ്ടായില്ല….
എന്നാലും അച്ഛൻ പറഞ്ഞു…..
“ആ.. കിച്ച്ചുവിന് ഒരു കൂട്ടു വേണ്ടേ…..”
ഓരോ മാസങ്ങൾ ഓരോ ദിവസം പോലെ കടന്നുപോയി… ഭക്ഷണം കഴിച്ചു ഓക്കാനിക്കുന്ന അച്ച്ചുവിനെ കണ്ടു രാജേഷ് പറഞ്ഞു….
“ആവശ്യം ഉള്ളത് കഴിച്ചാൽ പോരെ…”
ഓരോ ആഴ്ചത്തെ വളർച്ചകൾ അർച്ചന ഇന്റർനെറ്റിൽ നോക്കി വിലയിരുത്തുമ്പോഴും രാജേഷുമായി അതിനെ പറ്റി സംസാരിക്കാൻ കൂട്ടാക്കിയില്ല…
പാട്ട് പാടാത്ത, വയറിൽ തലോടാത്ത, അകലെനിന്നും അച്ച്ഛന്റെ ശബ്ദം കേട്ടു തുള്ളിച്ചാടി കുഞ്ഞു കാലുകളാൽ തൊഴിക്കുമ്പോൾ അർച്ചന പറയും… “വാവേട അച്ഛന് തിരക്കാട്ടോ…..”
ഒൻപതു മാസങ്ങൾ അവസാനിക്കാറായ ആഴ്ചയിൽ ലേബർ റൂമിലേക്ക് അവളെ കയറ്റുമ്പോൾ ഒട്ടും ടെൻഷൻ ഇല്ലാത്ത മുഖത്തോടെ രാജേഷ് അവളെ യാത്രയാക്കി……
“ആരാ അർച്ചനയുടെ ഹസ്ബണ്ട് ”
ഒരു നഴ്സ് പുറത്തേക്കു വന്നു……..
“ഇവിടുണ്ട് സിസ്റ്റർ….”
രാജേഷ് കയ് നീട്ടി
“ആൺ കുഞ്ഞാണ്…”
മുഖത്തു മുഴുവൻ ചിരി നിറഞ്ഞു നിന്നിരുന്ന രാജേഷ് ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നുപോയി…,….
“നിർത്തുന്നുണ്ടോ ”
എന്നു ഡോക്ടർ ചോതിച്ച്ചപ്പോൾ
“ഇല്ല എന്നു അർച്ചന മറുപടി പറഞ്ഞു…..
രാജേഷ് അവളുടെ മുഖത്തേക്ക് ഒന്നു നോക്കി.
……………………………………..
“അന്നേ നിർത്തിയാൽ മതിയായിരുന്നു….. നിനക്കല്ലേ ഒരു പെൺകുഞ്ഞു കൂടി വേണമെന്ന് ആഗ്രഹം… രണ്ടെണ്ണത്തിന്റെ കാര്യം തന്നെ ഇഴഞ്ഞു ഇഴഞ്ഞാണ് പോകുന്നത്….. എന്തായാലും… ഈ പ്രസവം ഗവണ്മെന്റ് ആശുപത്രിയിൽ മതി….”
രാജേഷ് രണ്ടാമത്തെ കുഞ്ഞിനെ തന്റെ മടിയിൽ ഇരുത്തി കൊണ്ട് അർച്ചനയോടു പറഞ്ഞു..
“അപ്പോൾ രാജേഷേട്ടനു വേണ്ടേ പെൺകുഞ്ഞിനെ…..”
“അതുപിന്നെ….. പെണ്ണാണെലും ആണാണെലും ദെ ഇതുകൊണ്ട് നിർത്തിയേക്കണം കേട്ടോ ”
രാജേഷ് ദേഷ്യത്തോടെ അതു പറഞ്ഞു പുറത്തേക്കു പോയി.
അർച്ചനയുടെ വയറ്റിൽ കിടന്നു ആ നിമിഷം കുഞ്ഞു കുതറി…
“ഹേയ് അച്ഛൻ ദേഷ്യപ്പെട്ടതല്ലാട്ടോ… മോളു പേടിക്കണ്ട…. പാവം അച്ഛൻ… എല്ലാത്തിനും ആ പാവം തന്നെ വേണ്ടേ ഓടി നടക്കാൻ…. പണത്തിനു പണവും വേണ്ടേ…. ”
“അതെ അർച്ചനക്ക് 2 യൂണിറ്റ് ബ്ലഡ് വേണ്ടിവരും…. വേഗം അറൈൻജ് ചെയ്യണം…..”
ബ്ലഡ് ബാങ്കിൽ നിന്നും 2 യൂണിറ്റ് ബ്ലഡ് വാങ്ങി നൽകി രാജേഷ് ലേബർ റൂമിനു പുറത്ത് കാവൽ നിന്നു…..
“ദൈവമേ അവൾക്കു ഒന്നും വരുത്തല്ലേ….”
മനസ് മുഴുവൻ ആ പ്രാർത്ഥനയായിരുന്നു.
“ചേട്ടാ എത്രാമത്തെയാ…”
അടുത്ത് നിന്ന ഒരാൾ ചോദിച്ചു..
“ഞങ്ങളുടെ മൂന്നാമത്തെ പ്രസവം….”
“ആരാ അർച്ചനയുടെ ഹസ്ബന്റ് ”
ലേബർ റൂമിന്റെ വാതിൽ തുറന്നു ഹെഡ്നേഴ്സ് പുറത്തേക്കു വന്നു ചോദിച്ചു.
“ഞാൻ ആണ് സിസ്റ്റർ….”
“എന്താ ഇത്തിരി സന്തോഷം പോലും ഇല്ലാത്തെ……ദേ നിങ്ങൾക്കു പെൺകുഞ്ഞാണ്…..”
അതു കേട്ടതും രാജേഷിന്റെ മുഖത്തു സന്തോഷത്തിന്റെ മന്ദഹാസം വിരിഞ്ഞു….
അവൻ കയ്കൾ കൊണ്ട് കുഞ്ഞിനെ വാരിയെടുത്തു.
“അർച്ചനയെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്….”
നേഴ്സ് പറഞ്ഞു. കുഞ്ഞിനെ അമ്മയുടെ കയ്കളിൽ ഏൽപ്പിച്ചു അർച്ചനയെ കാണാൻ രാജേഷ് മുകളിലേക്കു ഓടി….
“നീ പറഞ്ഞത് പോലെ നമുക്ക് മോളൂട്ടിയാണ്…”
കട്ടിലിൽ കിടക്കുന്ന അവളുടെ അരികിൽ ഇരുന്നു കൊണ്ട് രാജേഷ് അവളുടെ കയ്കളിൽ ചുംബിച്ചു പറഞ്ഞു.
അപ്പോഴേക്കും കുഞ്ഞിനേയും കൊണ്ട് നേഴ്സ് അവിടേക്കു എത്തിയിരുന്നു.
“അച്ചു നിനക്ക് ഒത്തിരി വേദനിച്ചോ……”
രാജേഷിന്റെ ചോദ്യം കേട്ട് അർച്ചന മുഖത്തേക്ക് ഒന്ന് നോക്കി…
“എന്റെ ആദ്യത്തെ രണ്ടു പ്രസവം കഴിഞ്ഞിട്ടും എന്നോട് ചോദിക്കാതിരുന്ന ചോദ്യം ആണല്ലോ….”
“ആരു ജനിച്ച്ചപ്പോൾ ആണ് നീ ഏറ്റവും ഹാപ്പി ആയതു…..?”
രാജേഷിന്റെ അടുത്ത ചോദ്യം കേട്ടു അർച്ചന ആ മുഖത്തേക്ക് ഒന്ന് നോക്കി..
” വേദന…. അതു ഒത്തിരി ഉണ്ടായിരുന്നു…. ശരീരം അനുഭവിക്കുന്ന വേദന പലപ്പോഴും ശമിക്കുന്നത് മനസ് അനുഭവിക്കുന്ന ആനന്ദത്താൽ ആണ്….. പക്ഷെ മനസുകൂടി വേദനിച്ച്ചാലോ…….
എന്റെ മൂന്നു മക്കൾ ജനിച്ച്ചപ്പോഴും എനിക്ക് സന്തോഷം ഒരുപോലെ തന്നെയായിരുന്നു രാജേഷേട്ടാ…. അതു എനിക്കെന്നല്ല, ഏതൊരു അമ്മയ്ക്കും…. നൂറു പ്രസവിച്ചാലും ഓരോ കുഞ്ഞു മുഖങ്ങൾ കാണുമ്പോഴും സന്തോഷം ഒരുപോലെ ആയിരിക്കും…….10 മാസം അനുഭവിച്ച വേദനകൾ ആ ഒരു കള്ളനോട്ടത്തിൽ എങ്ങോ പാറിപ്പറന്നു പോകും…….
രക്തം മുലപ്പാലായി ആ കുഞ്ഞു ചുണ്ടുകൾ വലിച്ച് കുടിക്കുമ്പോൾ മനസ് മുഴുവൻ അവന്റെ ശരീരം വളരുന്നത് ഓർത്ത് സന്തോഷിക്കുകയായിരിക്കും…… ”
“എന്തായി അർച്ചന,
പ്രസവം നിർത്തുവല്ലേ…. ”
ഡോക്ടർ അവരുടെ ഇടയിൽ വന്നു ചോദിച്ചു…
അർച്ചനയുടെ ചുണ്ടുകൾ എന്തോ പറയാൻ വെമ്പൽ കൊള്ളുമ്പോഴും അവൾ രാജേഷിന്റെ കണ്ണുകളിലേക്ക് നോക്കി….. ഒരുകണ്ണടച്ചു പുഞ്ചിരിയോടെ അവൻ അവളോട് ചേർന്ന് നിന്നു….
NB:- ആണായാലും പെണ്ണായാലും കുഞ്ഞു പൊന്നാണ്…