പെണ്ണ് അവിടെ ജോലിക്ക് നിൽക്കുന്ന ചെക്കന്റെ കൂടെ ഒളിച്ചോടി പോയി എന്ന്!!””

(രചന: ഹാരിസ്)

 

“”” അറിഞ്ഞോടി, വലിയ വീട്ടിലെ ആ പൊട്ടൻ ചെർക്കന്റെ ഭാര്യയില്ലേ ആ പെണ്ണ് അവിടെ ജോലിക്ക് നിൽക്കുന്ന ചെക്കന്റെ കൂടെ ഒളിച്ചോടി പോയി എന്ന്!!””

 

കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചുപോയി എല്ലാവരും അടക്കവും ഒതുക്കവും ഉള്ള കുട്ടി എന്ന് പറഞ്ഞിരുന്നവളാണ് ഇപ്പോൾ ഈ പണി ചെയ്തത്.

 

“”” അല്ല അവളെ പറഞ്ഞിട്ടും കാര്യമില്ല ഒരു പൊട്ടൻ ചെക്കനെ കല്യാണം കഴിച്ചു കൊടുത്തു കാര്യങ്ങൾ ഒന്നും കൃത്യമായി നടക്കുന്നുണ്ടാവില്ല അവൾക്കും ഇല്ലേ ആഗ്രഹങ്ങൾ!!”””

 

എന്ന് പെണ്ണുങ്ങൾ അടക്കം പറഞ്ഞു…

അവളുടെ മൊഞ്ചും മേനിയഴകും സ്വപ്നം കണ്ട് നടന്നിരുന്ന കുറെ ആളുകൾ പിന്നെയും പിന്നെയും അവളെ ദുഷിപ്പിച്ചു പറഞ്ഞു കിട്ടാത്ത മുന്തിരി പോലെ..

 

ഇതേ സമയം ദൂരെ ഒരിടത്ത്, ഒരു വാടക കെട്ടിടത്തിൽ സർവ്വതും മറന്ന് അവൾ കരയുകയായിരുന്നു അവളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഓർത്ത് ഒരിക്കലും ഇത്തരത്തിൽ ഒരു കാര്യം അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..

 

ഫൈസൽ അവളെ ഒരുപാട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു പക്ഷേ അയാളുടെ ഒരു വാക്കിനും അവളുടെ ഉള്ളിലെ സങ്കടത്തെ കുറയ്ക്കാൻ കഴിഞ്ഞില്ല…

 

“”” എന്റെ ഹബീബ നീ ഇങ്ങനെ കരഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടുമോ നാട്ടില് ഏതായാലും ഇത് ഒരു വിഷയം ആയിട്ടുണ്ടാവും. സത്യം എന്താണെന്ന് പോലും അറിയാതെ നാട്ടുകാർ മൊത്തം കുറ്റം നമ്മളെ പറയും അതിനൊന്നും നമ്മളെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല!!!””””

 

“””എന്റെ ഉപ്പ ഉമ്മി!!!!”””

 

അവൾക്ക് അതായിരുന്നു സങ്കടം സത്യം അറിയാതെ അവരെ ചതിച്ചു എന്ന് അവനും കരുതുമോ എന്ന്…

 

“”” അവരെ നിന്നെ ഒഴിവാക്കിയാൽ അങ്ങ് സഹിച്ചേക്കണം!!! അത്ര നല്ല കൂട്ടരോന്നും അല്ലല്ലോ പൈസ കിട്ടും എന്ന് തോന്നിയപ്പോൾ ബുദ്ധിവളർച്ചയില്ലാത്ത ഒരു ചെക്കന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചവരല്ലേ??? “””

 

ഫൈസലിന് അത് പറയുമ്പോൾ സ്വയം നഷ്ടപ്പെട്ടിരുന്നു തുമ്പപ്പൂ പോലൊരു പെണ്ണ് അതിന് ഇങ്ങനത്തെ ഒരു ഗതിവരുത്താൻ കാരണക്കാർ അവളുടെ വീട്ടുകാർ കൂടിയാണ് എന്തിന്റെ പേരിലായാലും ഇപ്പോൾ അവൾ അനുഭവിക്കേണ്ടിവന്നത് അവർ കാരണമാണ്…

 

“”” അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഞങ്ങളുടെ വീടും പറമ്പും ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ടുപോയേനെ… എന്റെ താഴെയുള്ള രണ്ട് അനിയത്തിമാരെയും കൂട്ടി എന്റെ ഉപ്പയും ഉമ്മയും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നേനെ!!!”””

 

“”” അങ്ങനെയാണെങ്കിൽ അങ്ങനെ വേണം!! അല്ലാതെ കുടുംബത്തിനും താഴെയുള്ളതുങ്ങൾക്കും വേണ്ടി മൂത്തമകളെ കുരുതി കൊടുക്കുകയല്ല വേണ്ടത്… അതോ അവരെ പറ്റി പൂർണ്ണമായും അന്വേഷിക്കുക പോലും ചെയ്യാതെ!!!””

 

ഫൈസലിന്റെ സംസാരം അവളുടെ കരച്ചിൽ ഉച്ചത്തിൽ ആക്കി എന്നല്ലാതെ ഒരു ഗുണവും ചെയ്തില്ല അതുകൊണ്ടുതന്നെ അവൻ പുറത്തേക്കിറങ്ങി..

 

വലിയ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നു തന്റെ ഉപ്പ.. ഉപ്പയുടെ കൂടെ പല കാര്യങ്ങൾക്കും അവിടെ പോകാറുണ്ട്…

 

നന്നായി പഠിക്കുമെങ്കിലും വലിയ വീട്ടിലെ പണത്തിന്റെ ഹുങ്കുള്ള കാരണവർ എന്നും ചോദിക്കുമായിരുന്നു ഉപ്പയോട് “”””എന്തിനാടാ ബഷീറേ നിന്റെ മോനെ ഇങ്ങനെ പഠിപ്പിക്കുന്നത്!! വലിയ മൈസ്രെട്ടാക്കാനാണോ എന്ന്!!””

 

അയാൾക്ക് അതിനോടെല്ലാം പുച്ഛം ആയിരുന്നു ഉപ്പ എതിർത്തു ഒന്നും പറയാതെ,

“””ഓൺ നല്ലോം പഠിക്കും പഠിക്കുന്നോടത്തോളം പഠിക്കട്ടെ എന്ന് വച്ച!!!!”

എന്ന് പറയും…

അന്നേ ദേഷ്യം ആയിരുന്നു അയാളോട്…

ഡിഗ്രി കഴിഞ്ഞതും,

ട്യൂട്ടോറിയലിൽ കുട്ടികളെ പഠിപ്പിക്കാൻ

പോവാൻ തുടങ്ങി എങ്കിലും അതും ഇതും ഒക്കെ പറഞ്ഞ് വലിയ വീട്ടിലെ ഓരോ ജോലിയും തന്നെ കൊണ്ട് തന്നെ ചെയ്യിപ്പിക്കും ആയിരുന്നു എന്തോ വീട്ടിലെ കാരണവർക്ക് അതിലൊരു മന

സുഖമുള്ളതുപോലെ തോന്നി….

 

നാല് ആൺമക്കളായിരുന്നു അയാൾക്ക് മൂന്നുപേരും വിദേശത്ത് അവരയക്കുന്ന പൈസ കൊണ്ട് സുഖിച്ചുള്ള ജീവിതം ഇളയ മകന് ബുദ്ധിവളർച്ച ഇല്ലായിരുന്നു..

 

എങ്കിലും പണം എറിഞ്ഞ് അവനെയും അയാൾ കല്യാണം കഴിപ്പിച്ചു അത് നല്ലൊരു കുട്ടിയെ…

 

ഹബീബയുടെ വീട്ടിൽ എന്നും പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നു അതിൽ നിന്നൊരു മോചനം കിട്ടാൻ വേണ്ടി കുരുതി കൊടുത്തത് പോലെയാണ്

നൗഫലിന് അവളെ വിവാഹം കഴിച്ചു കൊടുത്തത്…

 

കുടുംബക്കാരെല്ലാം രക്ഷപ്പെടുമല്ലോ എന്ന് കരുതി ആ ഭാവവും അതിന് നിന്നുകൊടുത്തു പക്ഷേ സംഗതികളുടെ കിടപ്പ് വശം മനസ്സിലായത് നൗഫലിന്റെ വീട്ടിൽ വന്ന് കയറിയത് മുതലായിരുന്നു അവളുടെ ദേഹത്ത് ആ കാരണവർക്ക് ഒരു കണ്ണ് ഉണ്ടായിരുന്നു…

 

ഒരിക്കൽ അവിടുത്തെ പെണ്ണുങ്ങളെല്ലാം എവിടെയോ കല്യാണത്തിന് പോയ ദിവസം അവിടെ നൗഫലും അയാളും ഹബീബയും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

 

തക്കം നോക്കിയിരിക്കുന്ന അയാൾക്ക് അതൊരു സുവർണാവസരം ആയി തോന്നി, അവളുടെ റൂമിൽ കേറി ചെന്നു അവളെ കയറി പിടിച്ചു. എന്തോ ഒരു ആവശ്യത്തിന് വന്ന ഫൈസൽ അവളുടെ കരച്ചിൽ കേട്ടാണ് അങ്ങോട്ടേക്ക് ചെന്നത് അപ്പോൾ കണ്ടത് സ്വന്തം അമ്മായിഅപ്പന്റെ കയ്യിൽ കിടന്നു കുതറുന്നവളെയാണ്..

 

അവളുടെ വസ്ത്രം മുഴുവൻ അയാൾ വലിച്ചു കീറിയിരുന്നു.. ഞങ്ങൾക്കിടയിൽ അർധ നഗ്നയായി നിന്ന് അവൾ അലമുറയിട്ടു കരഞ്ഞു..

 

പാവം തോന്നി അയാളുടെ നേരെ ചെന്നപ്പോഴേക്ക് കൗശലത്തിൽ അയാൾ എന്നെ അതിനുള്ളിൽ തള്ളി ഇട്ടു റൂം കുറ്റിയിട്ടിരുന്നു…

 

അയാൾ തന്നെയാണ് എല്ലാവരെയും വിളിച്ചുകൂട്ടി ഞങ്ങൾ തമ്മിൽ അവിഹിതമാണ് എന്ന് പറഞ്ഞത് മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെയാണ് അവളുടെ കൈയും പിടിച്ച് ആ വീട്ടിൽ നിന്ന് ഇറങ്ങിയത്…

 

പോകാൻ നേരത്ത് അവളുടെ ഉപ്പയെയും ഉമ്മയെയും എല്ലാം അയാൾ വിളിച്ചു വരുത്തിയിരുന്നു അവൾ കാരണം ഇപ്പോൾ നല്ല രീതിയിൽ ജീവിക്കുന്നവർ പോലും ആ നേരത്ത് അവളെ കൈയൊഴിഞ്ഞു അവർക്കാർക്കും ഇങ്ങനെയൊരു മകളില്ല എന്ന് പറഞ്ഞു. അതാണ് ആ പാവത്തിനെ കൂടുതൽ സങ്കടപ്പെടുത്തിയത്..

 

തന്റെയും അവസ്ഥ മറ്റൊന്നായിരുന്നില്ല വലിയ വീട്ടിലുള്ളവരോട് നന്ദികേട് കാണിച്ചവനെ ഉപ്പയും കയ്യൊഴിഞ്ഞു..

സത്യം പറയാൻ ചെന്നിട്ട് പോലും ഒന്ന് കേൾക്കാനുള്ള മനസ്സ് കാണിച്ചില്ല..

 

ഇനിയെന്തു വേണം എന്നറിയാതെ നിന്നു ഫൈസൽ…

ആകെക്കൂടെ ഡിഗ്രി വരെ പഠിച്ചിട്ടുള്ളൂ…

ഇനിയാ ട്യൂട്ടോറിയലേക്ക് ചെന്നിട്ടുണ്ടെങ്കിൽ തന്നെ അവിടെ കേറ്റില്ല…

അവിടെ നല്ല നാട്ടിൽ തന്നെ നിൽക്കാൻ വയ്യാത്ത അവസ്ഥയാണ് അതുകൊണ്ടാണ് അവളെയും കൊണ്ട് ദൂരെ ഒരിടത്തേക്ക് പോകുന്നത് ഒട്ടും പരിചയം ഇല്ല ഇവിടെ…

 

ഉള്ള പൈസ വച്ച് ഒരു വാടകവീട് നോക്കി…

 

ഇനി വേണ്ടത് ഒരു ചെറിയ ജോലിയാണ്..

 

ഹബീബയെയും കൂടുതൽ നേരം ഒറ്റയ്ക്കിരുത്താൻ വയ്യ അവൾ എന്തെങ്കിലും കടും കൈ ചെയ്യുമോ എന്നും ഭയമുണ്ട് ഒടുവിൽ അവിടെനിന്നും പരിചയപ്പെട്ട ഒരു ചേച്ചിയെ ഏൽപ്പിച്ചാണ് ജോലി അന്വേഷിക്കാൻ പോയത്..

ഒരു ടെക്സ്റ്റൈൽസിൽ കണക്ക് എഴുതാനുള്ള ജോലി കിട്ടിയപ്പോൾ അല്പം സമാധാനമായി…

 

വാടകയും വീട്ടു ചിലവും ഒക്കെ അത്യാവിശം കഴിഞ്ഞു പോകാനുള്ളത് കിട്ടും..

 

അവളും പഠിച്ചിരുന്നു തയ്യലും എംബ്രോയിഡറി വർക്കും എല്ലാം അതെല്ലാം മനോഹരമായി ചെയ്യും തൊട്ടടുത്തുള്ള ഗാർമെന്റ്സിൽ അവളും പോകാൻ തുടങ്ങി..

 

ഒരു ദിവസം ഞാൻ തന്നെയാണ് അവളോട് പറഞ്ഞത് ഏതായാലും നാട്ടുകാർ മൊത്തം വിചാരിക്കുന്നത് നമ്മൾ തമ്മിൽ ബന്ധമുണ്ട് എന്നാണ് പിന്നെ അതങ്ങ് സത്യമായിക്കോട്ടെ അല്ലേ… എന്ന്..

 

അവൾക്കും എതിർപ്പില്ലായിരുന്നു…

എന്റെ ജീവിതത്തിന്റെ മഹർമാലയണിഞ്ഞ് എന്റെ സ്നേഹത്തിന്റെ മൈലാഞ്ചിയിട്ട് അവളിന്നെന്റെ, പെണ്ണായി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു….

 

ഇനിയാ കണ്ണുകൾ ഒന്നിന്റെ പേരിലും നിറക്കില്ല എന്ന് ഞാനും തീരുമാനമെടുത്തിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *