നിഴൽ ജീവിതങ്ങൾ
(രചന: Neeraja S)
ബാറിലെ ഇരുണ്ടമൂലയിലിരുന്നു അയാൾ ‘പതിവ്’ അകത്താക്കുന്ന തിരക്കിലായിരുന്നു.. ഒപ്പം കൂട്ടുകാർ.എല്ലാവരും കാശിന്റെ ധാരാളിത്തത്തിൽ ജീവിതം ആസ്വദിക്കുന്നവർ.. ഭാര്യയുടെ കുറ്റങ്ങൾ ഓരോരുത്തരും അവർക്കാകുന്നതുപോലെ പറഞ്ഞുചിരിച്ചു.
“ശവം… എന്ത് പറഞ്ഞാലും കരയും.. അവൾക്കു മദ്യപിക്കുന്നവരെ ഇഷ്ടമല്ല പോലും..”
“എന്നാൽ പിന്നെ ഇഷ്ടപ്പെടുത്തിയിട്ട് തന്നെ കാര്യമെന്ന് ഞാനുംകരുതി… പത്തുവർഷം ആകുന്നു.. ഇപ്പോഴും നിന്നിടത്തു തന്നെ.. ഞാൻ കുടിക്കും അവൾ കരയും.. രണ്ടിനും മാറ്റമില്ല.. ”
പിന്നെയും ഏറെ നേരം കഴിഞ്ഞ് കുഴഞ്ഞ നാവും കാലുകളുമായി അയാൾ ആടിയാടി ബാറിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറിയിരുന്നു… എവിടെ നിന്നോ ഡ്രൈവർ ഓടിവന്നു കാർ സ്റ്റാർട്ട് ചെയ്തു.
പോകുന്ന വഴിയ്ക്ക് അയാൾ അവ്യക്തമായി പാട്ടുകൾ മൂളിക്കൊണ്ടിരുന്നു.. ചിലപ്പോൾ കുണുങ്ങി ചിരിച്ചു..
“ജോസേ.. നമുക്ക് വണ്ടി വഴി തിരിച്ചു വിട്ടാലോ.. മ്മ്‌ടെ പാറുന്റെ വീട്ടിലേക്കു… ”
അയാൾ ഉറക്കെ ചിരിച്ചു കൊണ്ടിരുന്നു..
“വേണ്ട സാറേ… നേരം പാതിരാത്രിയായി.. ഇനി ആ ഏരിയയിൽ പോകുന്നത് ശരിയാവില്ല.. ”
“നിന്റെ ഇഷ്ടം പോലെ… ഇപ്പോൾ നീയാണ് എന്റെ മുതലാളി… നീ വിട്ടോ.. നിനക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക്.. ”
തുറന്നുകിടന്ന ഗേറ്റിലൂടെ കാർ പോർച്ചിൽ നിന്നു..
“ഹൊ… ഈ നരകമാണോ നിനക്ക് ഇഷ്ടമുള്ള സ്ഥലം. ”
ഭാര്യയും കുട്ടികളും നോക്കിനിൽക്കെ അയാൾ ഭിത്തിയിൽ പിടിച്ച് അകത്തേക്ക് നടന്നു.. ഇടയ്ക്ക് വീഴാൻ പോയപ്പോൾ ഒരു തെറിവാക്ക്… ഷൂസ് രണ്ടും ഊരി നിന്നിടത്തുനിന്ന് എറിഞ്ഞു.. സെറ്റിയിലേക്ക് കിടന്നുകൊണ്ട് ഏതോ പഴയ പാട്ടുകൾ മൂളിക്കൊണ്ടിരുന്നു.. ഇടയ്ക്ക് മുന്നിൽ ആരോ ഉള്ളതുപോലെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു….
കുട്ടികൾ കുറച്ചുനേരം നോക്കിനിന്നിട്ട് തിരികെ പോയി.. അവൾ മാത്രം കഠിനവേദനയോടെ അയാളെനോക്കി വെറുതെയിരുന്നു..
നേരം വെളുക്കാറായപ്പോൾ അയാൾ ഉണർന്നു.. കലശലായ മൂത്രശങ്ക കൂടാതെ തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു… പതുക്കെ എഴുന്നേറ്റിരുന്നു.. അടുത്തുള്ള ടീപ്പോയിൽ വെള്ളമിരിക്കുന്നു.. എടുത്ത് പകുതിയോളം കുടിച്ചു.. തലയ്ക്കു വല്ലാത്ത ഭാരം… ബാത്‌റൂമിൽ ഒരുതരത്തിൽ പോയിവന്നു… നെഞ്ചിൽ മിന്നലുപോലെ ഒരുവേദന… നേരിയ തണുപ്പിലും വിയർക്കുന്നു.
അയാൾ നെഞ്ചിൽ പതുക്കെ തടവി.. ഇനി വല്ല അറ്റാക്കും വരാൻ ആയിരിക്കുമോ..? അയാൾക്ക് ചെറുതായി പേടിതോന്നി… നാൽപതു വയസ്സാകുന്നതേയുള്ളൂ. ജീവിതം ഒന്നുമായിട്ടില്ല.. അയാൾ പെട്ടെന്ന് തന്റെ കുഞ്ഞുങ്ങളെക്കുറി ച്ചോർത്തു..
അയാൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു.. ആരോടോ ഉള്ള വാശിക്ക് തന്റെ ജീവിതം താൻ ജീവിക്കാതെ വെറുതെ നശിപ്പിച്ചോ…? ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു.. എന്നും രാവിലെ ഇതൊക്കെ തന്നെയാണ് താൻ ചിന്തിക്കാറുള്ളത്…
പെട്ടെന്നാണ് ആരോ പതിയെ ചിരിക്കുന്നത് പോലൊരു ശബ്‌ദം കേട്ടത്.. തന്നെക്കൂടാതെ ആരാണ് ഇവിടെയുള്ളത്.. ചുറ്റും നോക്കി… പിന്നിലെ കസേരയിൽ ആരോ ഇരിക്കുന്നു..
“ആരാണ്..? ”
അയാൾ ഒച്ചയുയർത്തി ചോദിച്ചു.. കസേരയിൽ ഇരുന്നയാൾ പതുക്കെ എഴുന്നേറ്റ് അടുത്തേക്ക് വന്നു.. വെളുത്ത വസ്ത്രംധരിച്ച ഉയരമുള്ള ചെറുപ്പക്കാരൻ.. കണ്ണുകൾ വൈരംപോലെ തിളങ്ങുന്നു.. ശാന്തമായ മുഖം..
“ആരാണ് നിങ്ങൾ.. ഇവിടെ.. ”
ഇനി അവളുടെ സ്വന്തക്കാർ ആരെങ്കിലും. ആരെയും തനിക്കു പരിചയമില്ലല്ലോ എന്നയാൾ ഓർത്തു.. അവളുടെ വീട്ടിലേക്കു താൻ പോകാറില്ല.. മക്കളും അവളും തനിച്ചാണ് എപ്പോഴും പോകുന്നത്.
അയാൾ പതുക്കെ നടന്ന് മുൻപിൽ വന്നുനിന്നു.
“ഞാൻ… മരണദൂതൻ.. ”
അയാൾ ഒന്നുഞെട്ടി.. ചില സിനിമകളിലും കഥകളിലുമൊക്കെ.. കാണുന്നതുപോലെ.. തന്റെ മരണം അടുത്തിരിക്കുന്നോ..? കൂട്ടിക്കൊണ്ടു പോകാൻ ദൈവം അയച്ചതായിരിക്കുമോ…?
അയാൾ ദയനീയമായി മുൻപിൽ നിൽക്കുന്ന കരുണനിറഞ്ഞ കണ്ണുകളിലേക്കു യാചനയോടെ നോക്കി…
“ഇനി ഏഴുനാൾ…. ”
പെട്ടെന്ന് അയാൾ കണ്ണ് തുറന്നു…
“ങേഹ്.. എല്ലാം സ്വപ്നം ആയിരുന്നോ…? ”
അയാൾക്ക് പക്ഷെ ആ സ്വപ്നം ഒരു സൂചന പോലെ തോന്നി… തന്റെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നല്ലേ സ്വപ്നത്തിന്റെ അർത്ഥം.. അതും വെളുപ്പാൻകാലത്തു കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കുമെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്.
അയാൾ വിഷണ്ണനായി തറയിലേക്ക് നോക്കിയിരുന്നു.. പെട്ടെന്നാണ് ഓർത്തത് മരണദൂതൻ പറഞ്ഞിരിക്കുന്നത് ഏഴുദിവസം എന്നാണ്… അതായത് തനിക്കു ഇനി ഈ ഭൂമിയിൽ ഏഴുദിവസം മാത്രം ആയുസ്സ്..
അയാൾക്ക് നെഞ്ചിൽ വേദന കൂടുന്നത്പോലെ തോന്നി… എഴുന്നേറ്റ് റൂമിനു നേർക്കു നടന്നു. ചാരിയിട്ടിരുന്ന വാതിൽ പതിയെ തുറന്നു… കട്ടിലിൽ അവളും കുട്ടികളും… കുറച്ചു നേരം അവരെ നോക്കി നിന്നു.. താനൊരു നല്ല അച്ഛനോ ഭർത്താവോ ആയിരുന്നില്ല..
അവൾ എഴുന്നേറ്റപ്പോൾ കട്ടിലിൽ കുട്ടികളുടെ കാലുകൾ ചേർത്തു പിടിച്ച് അതിൽ കവിൾ ചേർത്തുവച്ചു അയാൾ ഉറങ്ങുന്നുണ്ടായിരുന്നു..
അവൾ അതിശയത്തോടെ കുറച്ചുനേരം നോക്കി നിന്നു…
പതിവുപോലെ മേശയിൽ വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാതെ അവളെയൊന്നു നോക്കുക പോലും ചെയ്യാതെ അയാൾ ഓഫീസിലേക്ക് യാത്രയായി… എന്നത്തേയും പോലെ അന്നും അവൾ സിറ്റ്ഔട്ടിന്റെ തൂണിൽ ചാരി അയാളുടെ കാർ ഗേറ്റ് കടന്നുപോകുന്നത് നോക്കിനിന്നു..
ബാറിലെ ഇരുണ്ടമൂലയിൽ അന്നും പതിവ് ആവർത്തിച്ചു… ഇടയ്ക്ക് അയാളുടെ തൊട്ടുപിന്നിൽ നിന്നും ഒരു മൃദുസ്വരം കേട്ടു..
“ഇനി ആറുനാൾ… ”
അയാൾ പിടഞ്ഞെഴുന്നേറ്റ് ചുറ്റിനും നോക്കി.. ആരുമില്ല… പിന്നെ അവിടെ തുടരാൻ അയാൾക്കായില്ല.. പാതി പിന്നിട്ട ‘പതിവ്’ മുഴുവനാക്കാതെ അയാൾ യാത്രപറഞ്ഞിറങ്ങി.
വീടെത്തുംവരെ അയാൾ കാറിൽ നിശബ്ദനായിരുന്നു.. ഡ്രൈവർ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി..
“എന്തു പറ്റി സാർ… ”
” ഒന്നുമില്ല ജോസേ… വെറുതെ ഓരോന്ന് ഓർത്തിരുന്നതാ… ഇന്നലെ കാണുന്നവനെ ഇന്ന് കാണുന്നില്ല… എത്ര പെട്ടെന്നാണ് ചിലർ കാണാമറയത്തേയ്‌ക്ക് പോകുന്നത്.. ”
“ശരിയാ സാറേ… എന്റെ അടുത്ത ചങ്ങാതി… വെറും മുപ്പത് വയസ്സ്.. കഴിഞ്ഞയാഴ്ച മരിച്ചു… അറ്റാക്ക് ആയിരുന്നു.പാവം അവന്റെ ഭാര്യയെയും പൊടിക്കുഞ്ഞിനെയും കാണുമ്പോഴാ… ”
നെഞ്ചിൽ വലിയൊരു ഭാരം കയറ്റിവച്ചപോലെ അയാൾക്ക് വേദനതോന്നി… താൻ പോയാൽ അവൾ എങ്ങനെ മക്കളെയും കൊണ്ട്.. ജീവിക്കും.. പൊട്ടിപ്പെണ്ണ്.. കല്യാണം കഴിഞ്ഞതിൽ പിന്നെ പുറംലോകം കണ്ടിട്ടില്ല.. കാണിച്ചിട്ടില്ലെന്ന് പറയാം..
അയാൾ അവശതയോടെ സീറ്റിലേക്ക് ചാരിയിരുന്നു..
പോർച്ചിൽ കാറ് നിർത്തി ഇറങ്ങുമ്പോൾ പതിവുപോലെ അവളും മക്കളും കാത്തിരിക്കുന്നുണ്ടായിരുന്നു… മക്കൾ അമ്മയ്ക്ക് കൂട്ടിരിക്കുന്നതാണ്… അയാൾ കയറിചെന്നപ്പോൾ മക്കൾ തിരിഞ്ഞു നടക്കാനാഞ്ഞു..
അയാൾ കൈനീട്ടി അവരെ ചേർത്തു പിടിച്ചു.
“മിണ്ടാതെ പോകുവാണോ.. ഭക്ഷണം കഴിച്ചോ..? ”
കുഞ്ഞു കണ്ണുകളിൽ സന്ദേഹം..
അയാൾ അന്ന് മക്കളുടെ കൂടെ അവരെ ചേർത്തുപിടിച്ചാണ് ഉറങ്ങിയത്…
രാവിലെ എഴുന്നേറ്റ്… കണ്ണാടിയിൽ നോക്കി പല്ലുതേയ്ക്കുമ്പോൾ പതിഞ്ഞ ശബ്‌ദം കാതിൽ വീണു..
“ഇനി അഞ്ചു നാൾ.. ”
കണ്ണാടിയിൽ പിന്നിലായി അയാൾ… തിരിഞ്ഞു നോക്കിയപ്പോൾ പിന്നിലാരും ഉണ്ടായിരുന്നില്ല… അയാൾ ആലോചനയോടെ പതിയെ പല്ലുതേച്ചു… എന്തായാലും തനിക്കു ഈ ഭൂമിയിൽ ഇനി അഞ്ചു ദിനങ്ങൾ കൂടി… ഇനി പ്ലാൻ ചെയ്യാതെ നീങ്ങിയാൽ.. ഇത്രയും മുന്നറിയിപ്പ് കിട്ടിയപ്പോൾ ബുദ്ധിപരമായിട്ട് നീങ്ങണം.
ആദ്യം ധൈര്യത്തോടെ നേരിടാൻ ഉള്ള വിവേകമാണ് വേണ്ടത്… അയാൾ ഓഫീസിൽ വിളിച്ച് ഒരാഴ്ചത്തെ എമർജൻസി ലീവ് എടുത്തു..
പല്ലുതേച്ചുകഴിഞ്ഞിട്ട് അന്ന് ആദ്യമായി അയാൾ അടുക്കളയിൽ ജോലിചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് നടന്നു അവൾ അമ്പരന്നു നോക്കി.. ചായയെടുത്തു കൈയ്യിൽ തന്നപ്പോൾ നീ കുടിച്ചോ എന്ന് ചോദിക്കാൻ മറന്നില്ല… അവൾ തുറന്ന വായ് അടക്കാൻ മറന്നു നോക്കിനിന്നു.. ചെറു ചിരിയോടെ കുട്ടികളെ ഉണർത്താനായി റൂമിലേക്ക് നടന്നു.
എല്ലാവരും ഒന്നിച്ചിരുന്നായിരുന്നു അന്നത്തെ ബ്രേക്ഫാസ്റ്റ്… മക്കളും ഭാര്യയും അത്ഭുതത്തോടെ നോക്കുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു..
“ഞാൻ ഓഫീസിൽ നിന്നും ഒരാഴ്ചത്തെ ലീവ് എടുത്തു… അച്ഛന്റെ തെറ്റുകൾ അച്ഛന് മനസ്സിലായി.. എന്റെ പൊന്നുമക്കൾ അച്ഛനോട് പൊറുക്കണം.. നല്ല ഒരു അച്ഛനും ഭർത്താവും ഒക്കെയായി ഒരു ദിവസമെങ്കിലും സന്തോഷത്തോടെ ജീവിക്കണം.. ”
“ഇത്രയും നാൾ എന്റെ സുഖം മാത്രം ഞാൻ നോക്കിയുള്ളൂ… ഇനി എനിക്ക് എന്നൊരു വാക്കില്ല.. നമുക്ക് അതുമതി.. ”
കണ്ണുകൾ നിറച്ചുകൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ ഭാര്യയും മക്കളും കൂടെക്കരഞ്ഞു.. ഇനി അയാൾക്ക് എന്തെങ്കിലും മാറാരോഗം പിടിപെട്ടോയെന്നു ഭാര്യ സംശയിച്ചു..
“ഏട്ടന്റെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം… ഞങ്ങൾക്കു പരാതിയൊന്നും ഇല്ല. ” അവൾ തേങ്ങൽ അടക്കിക്കൊണ്ടു പറഞ്ഞു…
രാവിലെ തന്നെ അവളെ ഒരു ജോലിയും ചെയ്യാൻ സമ്മതിക്കാതെ… എല്ലാവരും ഒരുങ്ങി യാത്രയായി.. യാത്ര അവസാനിച്ചത് അവളുടെ വീട്ടുമുറ്റത്ത് ആയിരുന്നു. അവളുടെ അച്ഛനും അമ്മയും സഹോദരനും ഭാര്യയുമെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു.. ആ ദിനം അയാൾ അവിടെ താമസിച്ചു..
വൈകുന്നേരം എല്ലാവരുടെയും കൂടെ കളിച്ചു വർത്തമാനം പറഞ്ഞ് മതിയാവോളം ചിരിച്ച്… അയാൾ എല്ലാം മറന്നൊരു മനുഷ്യനായി… ഭാര്യയുടെ അമ്മയെ കാണുമ്പോഴെല്ലാം അയാൾ മറ്റൊരമ്മയെ ഓർത്തു കണ്ണു നിറച്ചു.. അവൾ എന്താണ് സംഭവിക്കുന്നതെന്നറിയാതെ.. ചിരിച്ചും കരഞ്ഞും കൂടെക്കൂടി..
പിറ്റേ ദിവസം പകൽ മുഴുവൻ കുട്ടികൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലൂടെ കറങ്ങി… ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്.. അവളുടെ കയ്യിൽ കൈ കോർത്തു നടന്നു… സന്ദേഹത്തോടെ നോക്കുന്ന അവളുടെ മിഴികളിൽ നോക്കി ഒന്നുമില്ലെന്ന് കണ്ണടച്ച് കാട്ടി…
തിരിച്ചു രാത്രിയിൽ വീട്ടിൽ വന്നു കയറുമ്പോൾ ഉമ്മറത്ത് കസേരയിൽ ഇരുന്നു ബുക്ക് വായിക്കുന്നുണ്ടായിരുന്നു….
“ഇനി മൂന്ന് നാൾ.. ”
അയാൾ ഓർമിപ്പിച്ചു.. സങ്കടത്താൽ ചിതറി നിൽക്കുമ്പോൾ അയാൾ മാഞ്ഞുപോയി… ശാന്തമായി ഉറങ്ങുന്ന ഭാര്യയെയും കുട്ടികളെയും നോക്കി…. ശബ്‌ദമില്ലാതെ അയാൾ വിങ്ങിക്കരഞ്ഞു.. ഉറക്കം വന്നില്ല… ഇനിയുള്ള മൂന്നുനാൾ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചോർത്തുകൊണ്ടിരുന്നു..
തന്റെ പേരിൽ ഇൻഷുറൻസ് എടുത്തില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടു.. ഭാര്യയുടെ പേരിലാണ് ലൈഫ് ഇൻഷുറൻസ് ചേർന്നത്… നോമിനി താനും… തിരിച്ചായിരുന്നു എങ്കിൽ നല്ലൊരു തുക താൻ പോയ്ക്കഴിയുമ്പോൾ അവൾക്കു കിട്ടുമായിരുന്നു.. അയാൾ തനിക്കുള്ള സമ്പാദ്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി… പലർക്കും കടം കൊടുത്തിട്ടുണ്ട്.. അതൊന്നും അവൾക്ക് അറിയില്ല. പറയാൻ താല്പര്യമില്ലായിരുന്നു…
ഗവണ്മെന്റ് ജോലി ആയതുകൊണ്ട് താൻ മരിച്ചാൽ തന്റെ ജോലി അവൾക്കു കിട്ടും.. മോൾക്ക് നാട്ടിലെ തറവാടും സ്ഥലവും.. ഇപ്പോൾ താമസിക്കുന്നത് മോനും അവൾക്കും..
അടുത്ത ലിസ്റ്റിൽ ഓഫീസിൽ ചെയ്തു തീർക്കാനുള്ളവ.. പലരോടും മോശമായി പെരുമാറിയിട്ടുണ്ട്.. താഴെയുള്ള സ്റ്റാഫുകളോട് പുച്ഛമായിരുന്നു.. എല്ലാവരോടും മാപ്പ് പറയണം… ആരുടെയും ഉള്ളിൽ തന്നോട് ഒരു വിരോധവും പാടില്ല…
പിറ്റേദിവസം രാവിലേ കുട്ടികളെയും അവളെയും കൂട്ടി അടുത്തുള്ള ആരാധനാലയങ്ങൾ സന്ദർശിച്ചു.. അറപ്പോടും വെറുപ്പോടും പരിഗണിച്ചിരുന്ന പാവങ്ങൾക്കെല്ലാം അയാൾ കനിവോടെ ദാനം കൊടുത്തു… നടന്ന വഴികളിലൊന്നും അയാൾ അവളുടെ കൈയ്യിൽ നിന്നും പിടുത്തം വിട്ടില്ല…
രാത്രിയിൽ സിനിമ കണ്ട് പുറത്ത് നിന്നും ഭക്ഷണം കഴിച്ചു തിരിച്ചെത്തി… അങ്ങനെ ഒരു ദിനം കൂടി..
എല്ലാവരും ഉറങ്ങിയപ്പോൾ അയാൾക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി… ഉറക്കമില്ലാതെ വെപ്രാളത്തോടെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു… ശരീരം വിറയ്ക്കുന്നു…. ജീവിതത്തിന്റെ താളം, ഭംഗി ഒക്കെ അയാളെ മോഹിപ്പിച്ചു… പാഴാക്കിക്കളഞ്ഞ നല്ല നാളുകൾ ഓർത്തയാൾ വിങ്ങിക്കരഞ്ഞു..
രാവിലെ കുട്ടികളെയും കൂട്ടി നടക്കാനിറങ്ങി… പുലർക്കാലത്തിന്റെ മനോഹാരിത അയാൾ ആദ്യമായി കാണുകയായിരുന്നു.. ഭൂമി ഉണരുന്നത് എത്ര കണ്ടാലും മതിയാകില്ല എന്നയാൾക്ക് തോന്നി. വഴിയിലെ ചെറിയ ചായക്കടയിൽ നിന്നും അയാളും മക്കളും ചൂട് ചായ ഊതിക്കുടിച്ചു.. നടന്ന വഴികളിലെല്ലാം അയാൾക്ക് സൗഹൃദങ്ങളെ കിട്ടി.
ചർച്ച ചെയ്യാൻ പുതുമയുള്ള കാരണങ്ങൾ.. എല്ലാവരും അയാളെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചു… അയാൾ ജീവിക്കുകയായിരുന്നു ഒരു മനുഷ്യനായി… അച്ഛനായി… നല്ല ഭർത്താവായി…
ഭാര്യയുടെ കൂടെ അടുക്കളയിൽ സഹായിച്ചു. പുതിയതരം വിഭവങ്ങൾ.. എല്ലാം അയാളുടെ പരീക്ഷണങ്ങൾ…. മക്കൾ എല്ലാം കണ്ട് സന്തോഷത്തോടെ ചിരിച്ച് കൊണ്ട് അവിടെല്ലാം ഓടി നടന്നു..
പതിവുപോലെ എല്ലാവരും ഉറക്കമായപ്പോൾ അയാൾ ചങ്കുപൊട്ടി കരഞ്ഞു.. കുറച്ചുനാൾകൂടി എന്ന് കേണു പ്രാർത്ഥിച്ചു… മക്കളുടെ കാലുകളിൽ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് ഉറങ്ങാതെ… ഒരു രാത്രി കൂടി..
രാവിലെ നടക്കാൻ ഇറങ്ങുമ്പോൾ റോഡരുകിൽ അയാൾ…
ഒരുനാൾ കൂടി..
അയാൾ വിരൽ ഉയർത്തിക്കാണിച്ചു.
ആ ഓർമ്മപ്പെടുത്തലിനെ പുഞ്ചിരിയോടെ അയാൾ സ്വീകരിച്ചു. അന്നു നടക്കാൻ മക്കൾക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു… അവൾക്കും വലിയ അത്ഭുതമായിരുന്നു.. ധാരാളം സ്ത്രീകൾ പുലർകാലത്ത് നടക്കാൻ പോകുന്നത് കണ്ട് അവൾ അത്ഭുതംകൂറി.. അവരുടെ അയഞ്ഞ പാന്റിലും സ്ലീവ് ലെസ്സ് ബനിയനിലും നാണത്തോടെ കണ്ണോടിച്ചു… ഭർത്താവിന്റെ കരം പിടിച്ച് ഓരോ കാഴ്ചയും മനസ്സിലേക്ക് ഒപ്പിയെടുത്തുകൊണ്ട്… സന്തോഷത്തോടെ..
ഇടയ്ക്ക് എപ്പോഴൊക്കെയോ അവളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ അവളെ ചേർത്തുനിർത്തി കണ്ണുനീർ തുടച്ചു. ഇനി കരഞ്ഞാൽ തല്ല് കൊള്ളുമെന്ന് വെറുതെ ഭീക്ഷണിപ്പെടുത്തി…
അന്നത്തെ ദിവസം മുഴുവൻ അയാൾ അവളുടെ കൂടെ വിട്ടുമാറാതെ നടന്നു..
വൈകുന്നേരം സാരിയുടുത്ത്, സീമന്തരേഖയിൽ സിന്ദൂരം തൊട്ട്, ചിരിയോടെ അവൾ വന്നപ്പോൾ അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. നാളെ സിന്ദൂരം മായ്ക്കപ്പെടും, ചുണ്ടിലെ പുഞ്ചിരി കരച്ചിലിന് വഴിമാറും… സ്നേഹത്തിന്റെ പെരുമഴയിൽ നിന്നും ഒറ്റപ്പെടലിന്റെ മരുഭൂമിയിലേക്ക്…
എല്ലാത്തിനും അവൾക്കു ദൈവം ശക്തി കൊടുക്കട്ടെയെന്നു മൂകമായി പ്രാർത്ഥിച്ചു. രാത്രിയിൽ എല്ലാവരും ഉറങ്ങുന്നതിനു മുൻപ്… വെളിയിലെ പൂന്തോട്ടത്തിനരികിൽ തീ കൂട്ടി.. ചുറ്റിനുമിരുന്നു.. വാങ്ങിയ ഭക്ഷണങ്ങൾ ഒന്നിച്ചുകഴിച്ചു. ആടിയും പാടിയും ഉറക്കം വരുന്നതുവരെ.
കുട്ടികൾക്ക് ഉറക്കം വന്നപ്പോൾ അവൾ അവരെയും കൂട്ടി അകത്തേക്ക് പോയി.
കത്തിച്ച തീ വെള്ളമൊഴിച്ചു കെടുത്തുമ്പോൾ മുന്നിലൊരാൾ…
“സമയം തീരാറായി…. ”
“പോകാം എനിക്ക് സന്തോഷമേ ഉള്ളൂ… ചെയ്യേണ്ടതെല്ലാം ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്…. ”
അയാൾ ഒന്നും മിണ്ടാതെ തിരികെ നടന്ന്.. മാഞ്ഞുപോയി..
ഇനിയും സമയം ബാക്കി ഉണ്ടാകും.. റൂമിലെത്തി മക്കളെയും ഭാര്യയെയും ചേർത്തുപിടിച്ചു ശാന്തമായി ഉറങ്ങി.
ആരോ വിളിക്കുന്നതുകേട്ട് അയാൾ ചാടി എഴുന്നേറ്റു. ദൈവമേ താൻ മരിച്ചില്ലേ..? എല്ലാം തന്റെ തോന്നൽ ആയിരിക്കുമോ.. അയാൾ ആശ്വാസത്തോടെ മകന്റെമുഖത്തേക്ക് നോക്കി. അവനാണ് തന്നെ വിളിച്ച് എഴുന്നേല്പിച്ചത്..
“അച്ഛാ… അമ്മ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല. അച്ഛൻ ഒന്നു വിളിച്ചേ… ”
അയാൾ വേഗം അവളെ കുലുക്കി വിളിച്ചു. എത്ര വിളിച്ചിട്ടും ഉണരാത്ത ഉറക്കം.. അയാൾ വിളിച്ചാൽ വിളികേൾക്കാത്ത ഒരിടത്തേക്ക് അവൾ പോയിരുന്നു.
‘മരണദൂതൻ ദിനങ്ങൾ എണ്ണപ്പെട്ടത് ആരുടെയാണെന്ന് പറഞ്ഞിരുന്നില്ല. ‘
കുട്ടികളെ ചേർത്തുപിടിച്ചു നിസ്സഹായതയോടെ, ഹൃദയം നുറുങ്ങുന്ന വേദനയോടെ അയാൾ ഓർത്തു.