ഈ കൈയില്ലാത്ത ഉടുപ്പൊക്കെ ഇട്ട് നടക്കാൻ നാണാവില്ലേ പെണ്ണേ…..
ദേവിക മകൾ വേദയോട് ചോദിച്ചു.
എന്തിനാ നാണിക്കുന്നത്..??വസ്ത്രസ്വാതന്ത്രവും എനിക്കില്ലേ….??
കൈ മുഴുവൻ കാണൂലെ മോളെ.. അതാ അമ്മ പറഞ്ഞത്.
കൈ കണ്ടെന്നോർത്ത് എന്താമ്മേ..??
മോളെ.. അമ്മയുടെയൊക്കെ ചെറുപ്പത്തിൽ..
അയ്യോ വേണ്ടായേ.. അതൊന്നും പറയണ്ട. വേദ ചെവി പൊത്തി.
അമ്മയുടെ ചെറുപ്പത്തിൽ പാട്ടുപാവാടയും ബ്ലൗസും, ചുരിദാറും സാരിയുമൊക്കെയായിരുന്നുവേഷം. അതൊക്കെ ഇട്ടാൽ ഒരു പ്രത്യേക ഭംഗിയാണ് എന്നൊക്കെയല്ലേ അമ്മ പറയാൻ പോകുന്നത്.
ആഹ്.. അത് തന്നെയാ… ന്റെ കുട്ടി ഇത്തിരി കാണാൻ ചന്തമൊക്കയുള്ള കൂട്ടത്തിലാ.
ഇനി അവിടേം ഇവിടേം കാണിച്ചുള്ള ഡ്രസ്സ് ഒന്നും ഇടണ്ട. പോ പോയ് ഇത് മാറ്റ്..
അമ്മാ… ഇതിനെന്താ കുഴപ്പം??
ഇതിന് ഒരു കുഴപ്പവുമില്ല അതുകൊണ്ട്
ഇത് മോള് വീട്ടിലിട്ടോ, പുറത്തേക്കു പോകുമ്പോൾ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ഇടണ്ട.
അമ്മേ…ഇന്നൊരു ദിവസം പ്ലീസ്..
പോ.. പെണ്ണേ പറഞ്ഞത് ആദ്യം അനുസരിക്ക്…
ദേവിക ദേഷ്യപ്പെട്ടു…
വേദ അമ്മയോട് പിണങ്ങി അകത്തേക്ക് പോയി…
ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റി , ചുരിദാർ ഇട്ടു.
കോളേജിലേക്ക് പോകുമ്പോൾ അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. കോളേജിൽ എല്ലാവരും മോഡേൺ ഡ്രസ്സ് ഇട്ടാണ് വരുന്നത്. ഇവിടെ അമ്മ മോഡേൺ ഡ്രസ്സ് ധരിക്കാൻ സമ്മതിക്കില്ല.
ഇടാൻ കൊതിയാകുന്നു എന്ന് പറയുമ്പോൾ വാങ്ങിത്തരും. പക്ഷേ, വീട്ടിലിടാനെ അനുവദിക്കൂ…
അമ്മ വെറും പഴഞ്ചനാണ്….
അമ്മക്ക് കുറച്ചുകൂടെ അപ്ഡേറ്റ് ആയിക്കൂടെ.. അതെങ്ങനാ…
അമ്മയും അമ്മയുടെ ചിന്തകളും പഴയകാലത്തെയാണ്..കാലം മാറിയതൊന്നും അറിയാത്ത ആളാണ് അമ്മ….
നോക്കിക്കോ ഒരൂസം കോളേജിൽ ഞാൻ
സ്ലീവ് ലസ്സ് ഡ്രസ്സ് ധരിച്ചു പോകും.
വേദ തീരുമാനിച്ചു…
കോളേജിൽ പോയിട്ട് തിരികെ വന്നപ്പോഴും അവളുടെ മുഖം,കാർമേഘം നിറഞ്ഞ ആകാശം പോലെ ഇരുണ്ടുമൂടിയിരുന്നു..
വേദ, അമ്മയോട് പിണക്കമാണോ?
ദേവിക അവളുടെ അരികിലേക്ക് വന്നു…
അതെ പിണക്കമാണ്.
മോള് മോഡേൺ ഡ്രസ്സ് ധരിക്കുന്നതിൽ അമ്മയ്ക്ക് ഇഷ്ടക്കേടൊന്നും ഉണ്ടായിട്ടല്ല.
പക്ഷേ നീ കോളേജിൽ പോകുന്ന കുട്ടിയല്ലേ പഠനമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ ആയിക്കഴിയുമ്പോൾ നിനക്ക് ഇഷ്ടമുള്ള രീതിയിൽ നിനക്ക് നടക്കാം.
സ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണ്.
പക്ഷേ മാന്യമായിട്ട് വേണം.
ഒരാളുടെ മാന്യത അളക്കേണ്ടത് വസ്ത്രം നോക്കിയാണോ അമ്മേ.???
ആണെന്ന് ഞാനൊരിക്കലും പറയില്ല.
പക്ഷേ ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ കുറച്ചൂടെ നല്ലതാണ്… അത്രേ ഞാൻ പറഞ്ഞുള്ളൂ…
അമ്മ ഉടുക്കുന്ന സാരി നല്ലതാണെന്നാണോ അമ്മയുടെ വിചാരം?? വയറിന്റെ ഭാഗം കാണുന്നില്ലേ, മാത്രമോ ശരീരവടിവുകൾ ഒന്നൂടെ എടുത്തുകാണിക്കുന്ന വസ്ത്രമല്ലേ സാരി, അതിനെക്കുറിച്ച് അമ്മയ്ക്ക് പരാതിയൊന്നുമില്ലേ…??
ദേവിക മറുപടിയൊന്നും പറഞ്ഞില്ല…
അമ്മ പൊട്ടക്കിണറ്റിലെ തവള തന്നെ…
വേദ അടുക്കളയിലേക്ക് പോയി..
കുക്കിംഗ് അവൾക്ക് വലിയ ഇഷ്ട്ടമാണ്..
സ്വന്തം കൈകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാനാണ് അവൾക്ക് കൂടുതൽ ഇഷ്ട്ടം..
അതുകൊണ്ട് ദേവികക്ക് വലിയ പണികളൊന്നുമില്ല വീട്ടിൽ….
അല്ലെങ്കിലും അടുക്കളപ്പണിയുമായി ഒതുങ്ങി കഴിയുന്ന ആളുമല്ല ദേവിക.
ടൗണിൽ ഓട്ടോ ഓടിക്കുകയാണ് ദേവിക.
ഭർത്താവ് അവിനാശ് മരിച്ചതോടെ ഭർത്താവിന്റെ വീട്ടിൽ തുടരാനാവാത്ത സാഹചര്യം വന്നപ്പോൾ മകളുമായി അവിടെ നിന്നും ഇറങ്ങിയതാണ്.
ദേവികയുടെ വീട്ടിൽ അച്ഛനും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് ഉള്ളത്.
ആർക്കും ഒരു ബാധ്യതയുമാകരുതെന്ന ചിന്ത ഉള്ളിലുള്ളത് കൊണ്ട്, മകളുമായി വാടകയ്ക്കാണ് താമസം.
വേദയെ നല്ല നിലയിൽ എത്തിക്കണം എന്നൊരു ചിന്ത മാത്രേ ദേവികയ്ക്കുള്ളൂ….
അച്ഛനില്ലാത്ത കുട്ടിയായതുകൊണ്ട്
നിയന്ത്രണങ്ങളോടെയാണ് ദേവിക മകളെ വളർത്തുന്നത്…
രാത്രിയിൽ പഠിക്കാനിരുന്ന സമയത്താണ്
വേദയുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്..
അവൾ ഫോൺ എടുത്തു നോക്കി..
അവളുടെ കവിളുകൾ അരുണാഭമായി…
തന്റെ പ്രിയപെട്ടവനാണ് വിളിക്കുന്നത്.
അവൾ വാതിലിനു നേർക്ക് നോക്കി.
അമ്മ ഹാളിൽ ഇരുന്ന് ജോലിയിലാണ്.
വീട്ടിൽ വന്നാൽ അമ്മ മാലകളും കമ്മലും ഒക്കെ ഉണ്ടാക്കും.
അടുത്തുള്ള ഫാൻസി സ്റ്റോറുകാർ അമ്മയുടെ സാധനങ്ങൾ വാങ്ങും…
വെറുതെയിരിക്കാൻ അമ്മയ്ക്ക് തീരെ ഇഷ്ടമില്ല…
അമ്മ അതിൽ ശ്രദ്ദിച്ചിരിക്കുകയാണ്..
അവൾ കാൾ അറ്റൻഡ് ചെയ്തു…
ഹലോ… അവളുടെ ശബ്ദം തരളിതമായി..
ഹലോ… എന്താ ഇത്ര നേരമായിട്ടും വിളിക്കാത്തത്…??
അമ്മ ഉറങ്ങിയില്ല കുഞ്ഞാ…
വേദ ശബ്ദം താഴ്ത്തി പറഞ്ഞു..
എനിക്ക് നിന്നോട് സംസാരിക്കാതിരിക്കാനാവില്ല…..
അതിന് ഞാൻ വിളിക്കാതിരിക്കുമോ, അമ്മ ഉറങ്ങിയിട്ട് വിളിക്കാനിരിക്കുവാരുന്നു.
അപ്പോൾ ഒത്തിരി നേരം നമുക്ക് സംസാരിക്കാമല്ലോ….
നിനക്കിപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല…
ഒന്ന് പോ കുഞ്ഞാ…. ഞാൻ പിണങ്ങും കേട്ടോ…
അയ്യോ പിണങ്ങല്ലേ… ഇന്നാളത്തെ പിണക്കം തീർക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടതാ.
എങ്കിൽ ഇനി എന്നോട് ഇങ്ങനൊന്നും പറയരുത്…
ഇല്ല….
എന്നാൽ ഒരു ഫോട്ടോ അയച്ചു താ..
ഇന്നലെ തന്നതല്ലേ…അവൾ ചോദിച്ചു.
അത് ഇന്നലെയല്ലേ,ഇന്നത്തെ താ….
ഞാൻ വാട്സ്ആപ്പിൽ ഇട്ടേക്കാം..
ഉം…എന്നാൽ ഗുഡ് നൈറ്റ്…
ശരി…
അവൾ കാൾ കട്ടാക്കി…
അവൾ രാവിലെ എടുത്ത ഫോട്ടോ വാട്സ്ആപ്പിൽ അവനയച്ചു കൊടുത്തു.
അവൾ ബുക്കിന് മുകളിലേക്ക് തല ചായ്ച്ചു വച്ചു
കോളേജിനടുത്തുള്ള വർക്ക്ഷോപ്പിലെ പണിക്കാരനാണ് നീരവ്.
താൻ കുഞ്ഞാ എന്നാണ് വിളിക്കുന്നത്…
തന്നേക്കാൾ അഞ്ചുവയസ്സിന് മൂത്തതാണ്
എന്നാലും താൻ, കുഞ്ഞാ എന്നേ വിളിക്കൂ..
കുഞ്ഞാ എന്ന് വിളിക്കുമ്പോൾ അവന്റെ ഒരു നോട്ടമുണ്ട്… അവന്റെ മിഴികൾ കാണാൻ എന്ത് രസമാണെന്നോ…
മുൻപ് താടിയൊന്നും വളർത്തില്ലായിരുന്നു..
തനിക്ക് കുഞ്ഞൻ താടി വളർത്തി കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിൽ പിന്നെ, താടിയും മീശയും വളർത്താൻ തുടങ്ങി.
അവനെ കാണാൻ എന്ത് രസമാണെന്നോ…
കൂട്ടുകാരികൾ പറയും വർക്ക്ഷോപ്പ് പണിക്കാരനെയല്ലാതെ വേറെ ആരെയെങ്കിലും സ്നേഹിച്ചു കൂടെയെന്ന്..
അവർക്കെന്തറിയാം??
അവന്റെയുള്ളം മുഴുവൻ തന്നോടുള്ള സ്നേഹമാണ്… മരിക്കുവോളം
അവനോടൊപ്പം ചേർന്നിരിക്കണമെന്ന് മാത്രമാണ് തന്റെ ആഗ്രഹം….
താനും കുഞ്ഞനും മാത്രമുള്ള ഒരു ലോകം… അതാണ് തന്റെ സ്വപ്നം…
അവൾ ഫോൺ എടുത്ത് ഇൻസ്റ്റഗ്രാം ഓണാക്കി, അവന്റെ അക്കൗണ്ടിൽ കയറി ഫോട്ടോസ് ഒക്കെ നോക്കിക്കൊണ്ടിരുന്നു..
തനിക്ക് പത്തൊൻപത് വയസ്സായി നീരജിന്.
ഇരുപത്തിനാലും..
അവന്റെ വീട്ടിൽ അമ്മയും അച്ഛനും ഉണ്ട്.
രണ്ടാളും പഞ്ചപാവങ്ങളാണെന്നാണ് നീരജ് പറഞ്ഞിട്ടുള്ളത്. ഫോട്ടോയിൽ താനവരെ കണ്ടിട്ടുണ്ട്…
അവൾ ഹാളിലേക്ക് ഒളിഞ്ഞു നോക്കി..
അമ്മ തിരക്കിലാണ്….
അവൾ ബുക്ക് തുറന്ന് പഠിക്കാൻ തുടങ്ങി…
പക്ഷെ പറ്റുന്നില്ല… ഓർമ്മകളിൽ അവൻ വന്ന് നിറയുകയാണ്…
അവൾ ടേബിളിലേക്ക് തല ചേർത്തുവെച്ചു.
അവനെയോർത്ത് കിടന്ന് അവൾ എപ്പോഴോ മയങ്ങിപ്പോയി.
ദേവിക അവസാനത്തെ മാലയും ഉണ്ടാക്കി കഴിഞ്ഞു..
പച്ചയും ചുവപ്പും മുത്തുകൾ പിടിപ്പിച്ച ആ മാല സാരിക്കൊപ്പം ധരിക്കാൻ അനുയോജ്യമാണ്…
ഇത് മോൾക്ക് കൊടുക്കാം…
അല്ലെങ്കിലും നല്ലതെന്തെങ്കിലും കണ്ടാൽ അത് തന്റെ മകൾക്ക് എന്ന് കരുതി കാത്തുവെക്കാൻ ഏതമ്മമാർക്കും തോന്നുമല്ലോ…
മോളെ…. ദേ…ഈ മാല ഒന്ന് നോക്കിക്കേ…
ദേവിക എഴുന്നേറ്റ് മുറിയിലേക്ക് ചെന്നു..
വേദ ടേബിളിലേക്ക് മുഖം ചേർത്തു വച്ച് ഉറങ്ങുകയാണ്.
ദേവിക വാത്സല്യത്തോടെ മകളുടെ മുഖത്തേക്ക് നോക്കി.
അവളുടെ മുഖത്തേക്ക് മുടിയിഴകൾ വീണു കിടപ്പുണ്ട്..
ഫാനിന്റെ നേർത്ത കാറ്റിൽ മുടിയിഴകൾ ഇളകുന്നുണ്ട്.
ദേവിക അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചു.നെറ്റിയിൽ അരുമയായി ചുംബിച്ചു..
തന്റെ മകളാണ്, തന്റെ ജീവനാണ്…
ഇവൾക്ക് വേണ്ടി മാത്രമാണ് താനിപ്പോഴും ജീവിക്കുന്നത്.
ഭർത്താവിന്റെ വീട്ടുകാർ നിഷ്കരുണം തങ്ങളെ ഒഴിവാക്കിയതാണ്. അതാകുമ്പോൾ
സ്വത്തുക്കൾ അവർക്ക് മാത്രമായി പങ്കിട്ടെടുക്കാമല്ലോ…
അന്ന് മോളെയും കൊണ്ട് ആ വീടിന്റെ പടിയിറങ്ങുമ്പോൾ തന്റെ മകൾ ഒരിടത്തും തലകുനിക്കാൻ പാടില്ലെന്ന് താൻ നിശ്ചയിച്ചിരുന്നു.
അതിനു വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാനും താൻ തയ്യാറായിരുന്നു…
ഇത് വാടക വീടാണെങ്കിലും, താൻ ഓടിക്കുന്ന ഓട്ടോറിക്ഷ തന്റെ സ്വന്തമാണ്….
അതുള്ളതുകൊണ്ട് ആരുടെയും മുന്നിൽ കൈ നീട്ടാതെ തന്റെ മകളുടെ കാര്യങ്ങൾ നടത്തിക്കൊടുക്കാൻ തനിക്ക് കഴിയുന്നുണ്ട്..
ഇനി ഒരു വീട് സ്വന്തമാക്കണം…
നേരത്തെ പഞ്ചായത്ത് മെമ്പർ പറഞ്ഞതായിരുന്നു വീടിന് അപേക്ഷ വയ്ക്ക് അനുവദിക്കും എന്നൊക്കെ. അപേക്ഷയും വച്ചതാണ്.അതാകുമ്പോൾ എവിടെയെങ്കിലും സ്ഥലം മാത്രം വാങ്ങിയാൽ മതിയല്ലോ എന്നൊക്കെ കരുതിയിരുന്നു.
പക്ഷെ ഇപ്പോൾ അങ്ങനെ ഒരു പദ്ധതി ഇല്ലെന്നാണ് മെമ്പർ പറയുന്നത്.
ആഹ്…കുറച്ച് നാൾ കൂടെ കഴിയട്ടെ,
എങ്ങനെയെങ്കിലും ഒരു ചെറിയ വീട്
ഉണ്ടാക്കണം.
അപ്പോഴേക്കും മോളുടെ പഠനമൊക്കെ കഴിഞ്ഞ് അവൾക്കും ഒരു ജോലി ആകുമല്ലോ.
തങ്ങൾ രണ്ടാളും കൂടി ശ്രമിച്ചാൽ അതൊക്കെ ഉണ്ടാക്കാവുന്നതേയുള്ളൂ…
മോളെ…. ദേവിക അവളുടെ തോളിൽ തട്ടി വിളിച്ചു.
എണീറ്റ് കട്ടിലിൽ കിടന്നേ… മോളെ…
വേദ എഴുന്നേറ്റ് കട്ടിലിലേക്ക് കിടന്നു..
ദേവിക അവളെ നന്നായി പുതപ്പിച്ച്, ഫാനിന്റെ സ്പീഡ് കുറച്ചിട്ടു….
ദേവിക മുറിയിൽ നിന്ന് പുറത്തിറങ്ങി, അടുക്കള വാതിലും ജനാലകളും അടച്ചോ എന്ന് ഉറപ്പ് വരുത്തി…
പുറത്തെ ലൈറ്റും ഹാളിലെ ലൈറ്റും ഓഫ് ആക്കിയിട്ട് വേദയുടെ അരികിൽ വന്ന് കിടന്നു..
ഒരു കൈ കൊണ്ട് അവളെ കെട്ടിപ്പിടിച്ചു…
രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി…
അവളുടെ കോളേജിൽ ക്രിസ്മസ് സെലിബ്രേഷൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
കോളേജിലെ കൂട്ടുകാർ ചേർന്ന്,
വെള്ളയിൽ ചുവന്നപൂക്കൾ ഉള്ള സാരിയും, ചുവപ്പ് ബ്ലൗസും ധരിക്കാൻ തീരുമാനിച്ചു.
ദേവികയോട് പറഞ്ഞപ്പോൾ,
മോൾക്ക് റെഡ് കളർ ചുരിദാർ ഉണ്ടല്ലോ
അത് പോരേ…
ഈ ഒറ്റ ദിവസത്തിന് വേണ്ടി വെറുതെ സാരിയും ബ്ലൗസും മേടിക്കണ്ട കാര്യമില്ല. പിന്നീട് മോൾ ആ സാരി ഉയോഗിക്കുകയും ഇല്ലല്ലോയെന്ന് പറഞ്ഞു.
അത് കേട്ടപ്പോൾ അവൾക്ക് അമ്മയോട് വല്ലാത്ത നീരസം തോന്നി…..
എന്തിനുമേതിനും തടസ്സങ്ങൾ ഉന്നയിക്കാൻ മാത്രമേ അമ്മയെ കൊണ്ട് കഴിയുകയുള്ളൂ…
എന്ത് ചോദിച്ചാലും വേണ്ട വേണ്ട
എവിടെയും അരുതുകൾ…
ഒരു സ്വാതന്ത്ര്യവുമില്ല…..
തന്റെ ഇഷ്ടങ്ങൾക്ക് അമ്മ തെല്ലും മുൻഗണന നൽകുന്നില്ല
അവൾക്ക് കരച്ചിൽ വന്നു…
രാത്രിയിൽ നീരവ് വിളിച്ചപ്പോൾ അവൾ കരയുകയായിരുന്നു.
അവൻ കാരണം അന്വേഷിച്ചു.
അവൾ കാര്യം പറഞ്ഞു.
നിന്റെ അമ്മ മാത്രമെന്താ ഇങ്ങനെ??
നിനക്ക് ഒരു സ്വാതന്ത്ര്യവും തരില്ലല്ലോ.
നീ ഇങ്ങ് പോരെ, നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.
നിന്റെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കാത്ത നല്ലൊരു ഭർത്താവാകാൻ എനിക്ക് കഴിയും.
നീ പിന്നെ എന്തിനാണവിടെ കടിച്ചു
തൂങ്ങി നിൽക്കുന്നത്..
നിന്റെ അമ്മയ്ക്ക് കുശുമ്പാണ്.
അവർക്ക് കിട്ടാത്ത സുഖവും സന്തോഷവുമൊന്നും നിനക്കും കിട്ടാൻ പാടില്ല.
അവർക്കില്ലാത്ത സ്വാതന്ത്ര്യം നീയും അനുഭവിക്കരുത്… ഉള്ളത് പറയാമല്ലോ
നിന്റെ അമ്മയുടേത് ഒരു മോശം മനസ്സാണ്..
നീയിങ്ങു പോരെ പൊന്നേ…..
അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ എടുത്തു വച്ചോ.. എന്നിട്ട് നാളെ കോളേജിലേക്കാണെന്ന് പറഞ്ഞു പോന്നാൽ മതി…
അത് വേണോ കുഞ്ഞാ…?? വേദ ചോദിച്ചു.
വേണം. ഇനിയും നീ വിഷമിക്കുന്നത് കാണാനുള്ള കരുത്തെനിക്കില്ല.
ഇങ്ങ് പോരെ… കേട്ടോ…
ഉം..
ദേവിക കാണാതെ അവൾ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒക്കെ ബാഗിൽ എടുത്തുവച്ചു.
പിറ്റേന്ന് ദേവികയോടൊപ്പം വേദയും അതിരാവിലെ എഴുന്നേറ്റു..
ഇന്നെന്താ മോളെ നേരത്തെ ഉണർന്നത്?? ദേവിക വേദയോട് ചോദിച്ചു.
ഒന്നുമില്ലമ്മേ വെറുതെ…
എന്തായാലും നേരത്തെ എഴുന്നേറ്റതല്ലേ നമുക്കൊന്ന് അമ്പലത്തിൽ പോയാലോ??
കോളേജിൽ പോകാനിനിയും ഒരുപാട് സമയമുണ്ടല്ലോ…
ഉം… പോകാം…
എന്നാൽ മോള് പോയി
പല്ലൊക്കെ തേച്ച് കുളിച്ചിട്ട് വാ, അപ്പോഴേക്കും അമ്മ അരി തിളപ്പിച്ച് റൈസ് കുക്കറിലേക്ക് ഇറക്കി വയ്ക്കാം. അതാവുമ്പോൾ മോൾ കോളേജിലേക്ക് പോകാറാകുമ്പോഴേക്കും ചോറാകുമല്ലോ.
ശരിയമ്മേ…അവൾ അപ്പുറത്തേക്ക് പോയി.
ദേവിക അടുക്കളപ്പണികൾ ഓരോന്നായി പെട്ടെന്ന് ഒതുക്കിയിട്ട്
ഓടിപ്പോയി കുളിച്ച്, ഒരു ചുരിദാറും ധരിച്ചു…
മോളെ നീ റെഡിയായില്ലേ ഇതുവരെ ? ദേവിക ചോദിച്ചു.
ദാ വരുന്നമ്മേ… വേദ മുറിയിൽ നിന്നും ഇറങ്ങി വന്നു.
സെറ്റ് സാരിയാണ്
അവൾ ഉടുത്തിരിക്കുന്നത്…
ഇന്നെന്താ മോളെ നീ സെറ്റ് സാരിയുടുത്തത്??
ചുമ്മാ തോന്നിയപ്പോൾ ഉടുത്തതാ. നന്നായിട്ടുണ്ടോ, ഞാൻ സെറ്റ് സാരി ഉടുത്തിട്ട്…??
കുറച്ചുകൂടെ ശരിയാകാനുണ്ട്,
ദേവിക അവളെ നന്നായി സാരി ഉടുപ്പിച്ചു.
കൊള്ളാം ഇപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട്…
പെട്ടെന്ന് വേദ കുനിഞ്ഞ് അമ്മയുടെ കാലിൽ തൊട്ടു തൊഴുതു…
ഹേയ്… എന്താ മോളെ ഇത്? ദേവിക മകളെ പിടിച്ചെഴുന്നേൽപ്പിച്ചു…
ദേവിക മകളെ കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു….
ഇന്ന് താൻ നീരവിനൊപ്പം പോകുകയാണ്.
അതുകൊണ്ടാണ് അമ്മയുടെ അനുഗ്രഹം വാങ്ങിയത്….
ഭാഗ്യം അമ്മയ്ക്ക് തന്നെ സംശയമൊന്നും ഇല്ല…
അവർ വാതിലടച്ച് പുറത്തേക്കിറങ്ങി.
അടുത്തുതന്നെയാണ് അമ്പലം.
ഏറി വന്നാൽ ഒരു പത്തുമിനിറ്റ് നടക്കണം
അത്രയേ ഉള്ളൂ…..
അവർ അങ്ങോട്ട് നടന്നു.
ചെറിയ ക്ഷേത്രമാണ്.
അവർ മനം നിറയെ ഭഗവാനു മുന്നിൽ തൊഴുതു നിന്നു…
പുറത്ത് കുറച്ചു മാറി വലിയൊരു
ആൽ മരമുണ്ട്.
അതിന് താഴെ പുഴയും…
പുഴയിലേക്ക് രണ്ടുമൂന്നു പടികൾ കെട്ടിയിട്ടുണ്ട്.
ബലിതർപ്പണം പോലുള്ള ചടങ്ങുകൾക്കും
മറ്റുള്ള ചടങ്ങുകൾക്കും ഒക്കെയായി പുഴയിലേക്ക് ഇറങ്ങുവാനായി പുതുതായി കെട്ടിയ പടികളാണവ..
ഇന്നെന്തോ മനസ്സ് തുറന്ന് പ്രാർത്ഥിച്ചതിനു ശേഷം മനസ്സ് ശാന്തമായത് പോലെ തോന്നുന്നു. മോൾക്ക് അങ്ങനെ തോന്നുന്നുണ്ടോ??ദേവിക ചോദിച്ചു.
ഉം…
നമുക്ക് കുറച്ചുനേരം ആ പടിക്കെട്ടിൽ ഇരുന്നാലോ..
ഉം…
ദേവിക ഇരുന്നു. അതിനടുത്തായി വേദയും.
ദേവിക മകളുടെ അരികിലേക്ക് കുറച്ചുകൂടി ചേർന്നിരുന്നു.
മോള് അമ്മമ്മയെ ഓർക്കുന്നുണ്ടോ??
ഉണ്ട്..
ഉം… ഓർമ്മയുണ്ടാകും, മോൾക്ക്
പത്തു വയസ്സുള്ളപ്പോഴാണ് അമ്മമ്മ പോയത്.
കുട്ടിക്കാലത്ത് ഞാൻ അമ്മയുടെ സാരിപ്പിറകിൽ നിന്നും മാറില്ലായിരുന്നു. അത്രയ്ക്കും ഇഷ്ടമായിരുന്നു എനിക്കെന്റെ അമ്മയെ..
അമ്മയെ മാത്രമല്ല അച്ഛനെയും എന്റെ സഹോദരനെയുംഒക്കെ എനിക്കൊത്തിരി ഇഷ്ടമാണ്.എന്നാലും അമ്മയോട് ഇത്തിരി അടുപ്പം കൂടുതലുണ്ട്.
ഈ ലോകത്തിൽ അമ്മ എന്ന് പറയുന്നത് നമ്മുടെ ഏറ്റവും വലിയ കരുത്താണ്, പ്രത്യേകിച്ചും പെണ്മക്കളുടെ..
ഉം…വേദ മൂളി…
മറ്റൊരു കുടുംബത്തിലേക്ക് കയറി ചെന്നപ്പോഴും, എനിക്ക് നല്ലൊരമ്മയെ തന്നെയാണ് കിട്ടിയത്.
മോളുടെ അച്ഛമ്മയും നല്ലവൾ ആയിരുന്നു.
പക്ഷേ നിന്റെ അച്ഛന്റെ മരണത്തോടെ അച്ഛന്റെ സഹോദരങ്ങൾ, സ്വത്തുക്കൾ അവർക്ക് കിട്ടാൻ വേണ്ടി,നമ്മളെ അവിടെ നിന്നും ഇറക്കിവിട്ടു.
മാക്സിമം ഞാൻ പൊരുതി നോക്കിയതാണ് അവിടെത്തന്നെ പിടിച്ചുനിൽക്കാൻ.
അവിനാശിന്റെ അമ്മ എന്റെ പക്ഷത്തായിരുന്നു,
പക്ഷേ മറ്റുള്ളവർ എന്തൊക്കെയോ പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കി അമ്മയെ എന്നിൽ നിന്നകറ്റി.
ഞാൻ മോളെയും കൊണ്ട് അവിടെ നിന്നിറങ്ങുമ്പോൾ എന്റെ കൈയിൽ ആകെ ഉള്ള സമ്പാദ്യം ഒരു മാലയും കമ്മലും മൂവായിരം രൂപയുമായിരുന്നു.
എന്റെ സ്വർണ്ണമൊക്കെ ഓരോരോ ആവശ്യങ്ങൾക്ക് മോളുടെ അച്ഛൻ നേരത്തെ തന്നെ വിറ്റിരുന്നു..
വേദ അമ്മയുടെ മുഖത്തേക്ക് നോക്കി..
അമ്മ ഇന്നേവരെ ഒരു വിഷമവും പറഞ്ഞിട്ടില്ല…
തനിക്ക് ഓർമ്മയുറച്ച കാലം മുതൽ അമ്മയും താനും ഒരു വാടക വീട്ടിലാണ്….അമ്മ ഇത്രയേറെ വിഷമിച്ചതൊന്നും ഇതിന് മുൻപ് പറഞ്ഞിട്ടില്ല…
മാല പണയം വച്ചാണ് വാടകയ്ക്ക് വീട് എടുത്തത്. അഡ്വാൻസ് കൊടുത്തതിനൊപ്പം നാലു മാസത്തെ വാടകയും ഒരുമിച്ചു കൊടുത്തു..
കൈയ്യിലുള്ള പണം തീർന്നാൽ പിന്നെ വാടക കൊടുക്കാൻ ഒന്നുമുണ്ടാവില്ലല്ലോ എന്നോർത്താണ് അമ്മ അന്നങ്ങനെ ചെയ്തത്…
നിന്നെ സ്കൂളിൽ വിട്ടിട്ട് ഞാൻ പല വീട്ടിലും അടുക്കളപ്പണിക്ക് വരെ പോയിട്ടുണ്ട്…
മോളുടെ കോളേജിലേക്ക് പോകുന്ന വഴി ഒരു വലിയ റിസോർട്ട് കാണത്തില്ലേ, ആ റിസോർട്ടിൽ ബാത്റൂം ക്ലീനിങിന് വരെ അമ്മ പോയിട്ടുണ്ട്…
ദേവികയുടെ ശബ്ദം ഇടറി…
വേദയ്ക്കും സങ്കടം വന്നു..
അന്നൊക്കെ അമ്മ ഓർത്തിട്ടുണ്ട് പഠിച്ച് ഒരു ജോലി വാങ്ങിയിരുന്നെങ്കിൽ വല്ലയിടത്തും ക.ക്കൂ.സും കഴുകി ജീവിക്കേണ്ടി വരില്ലായിരുന്നല്ലോ എന്ന്…
പതിനെട്ടു വയസ്സിൽ കല്യാണം കഴിഞ്ഞതാ…
അന്ന് ജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ല…
എനിക്ക് ഒരു കെട്ടിയോനെ കിട്ടും
അവൻ എന്നെ പൊന്നുപോലെ നോക്കും എന്നൊക്കെയാ എന്റെ ചിന്ത…
പക്ഷെ, ഞാൻ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല ജീവിതം…
ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു ജീവിക്കമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്…
മോൾ ഓർക്കുന്നുണ്ടോ മോളുടെ കൂട്ടുകാരിയുടെ വീട്ടിൽ അമ്മ അടുക്കളപ്പണിക്ക് ചെന്നുവെന്ന് പറഞ്ഞ് കൂട്ടുകാരി കളിയാക്കി, ഞാനിനി സ്കൂളിൽ പോകില്ല എന്നും പറഞ്ഞ് മോൾ കരഞ്ഞുകൊണ്ട് വന്ന ദിവസം….
ഉം…വേദയുടെ ശബ്ദം താഴ്ന്നിരുന്നു…
എന്റെ വീട്ടുകാരും എന്നെ പലപ്പോഴും
കൈ അയച്ചു സഹായിച്ചിട്ടുണ്ട്. എന്നാലും എല്ലാത്തിനും ഒരു പരിധിയില്ലേ, കാരണം അവരും കഷ്ടപ്പെട്ട് ജീവിക്കുന്നവരാണല്ലോ..
ചെയ്യാൻ പറ്റുന്ന എല്ലാ ജോലികളും ചെയ്താണ് അമ്മ സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങിയത്.
അതിൽ പിന്നെ എനിക്ക് ആരുടെയും മുമ്പിൽ കൈ നീട്ടേണ്ടി വന്നിട്ടില്ല….
മോൾക്കും ആരുടേയും മുന്നിൽ തല കുനിക്കേണ്ടി വന്നിട്ടില്ല അല്ലേ…
ഉം… അവളുടെ കണ്ണുകൾ തുളുമ്പി…
ഈ അമ്പലത്തിൽ വന്ന് മനസ്സ് നിറയെ തൊഴുതു കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായത് പോലെ തോന്നി. അതാ ഇക്കാര്യങ്ങളൊക്കെ ഞാൻ മോളോട് പറഞ്ഞത്….
നമുക്ക് പോകാം, മോൾക്ക് കോളേജിൽ പോകാനുള്ളതല്ലേ….
ഉം.. പോകാം…
അവർ എഴുന്നേറ്റു…
വീട്ടിൽ എത്തിയതും വേദ സെറ്റ് സാരി മാറ്റി.
ചുരിദാർ ധരിച്ചു…
ദേവിക അടുക്കളയിൽ ആയിരുന്നു..
മോൾക്ക് കൊണ്ടുപോകാനുള്ള കറി ഉണ്ടാക്കുകയാണ്.
എന്റെ മോള് കരുതിയത്, ഈ അമ്മ അവളുടെ ഒരു കാര്യങ്ങളും അറിയില്ലെന്നാണ്..
പക്ഷെ മോളെ ഞാൻ നിന്റെ അമ്മയാണ്. നിന്റെ ചെറിയ മാറ്റം പോലും അമ്മയ്ക്കറിയാം. ഇന്ന് നീ സെറ്റ് സാരി ഉടുത്തതും, അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയതും എന്തിനാണെന്നും അമ്മയ്ക്കറിയാം.
ആ പയ്യനെയും അമ്മയ്ക്കറിയാം….
എന്റെ ലോകം തന്നെ നീയാണെന്നിരിക്കെ എന്നെ പറ്റിക്കാമെന്ന് കരുതിയോ കുഞ്ഞേ നീ..
അങ്ങനെ പാതിവഴിയിൽ നശിപ്പിച്ചു കളയാനുള്ളതല്ല നിന്റെ ജീവിതം..
അതിന് ഈ അമ്മ സമ്മതിക്കില്ല…
ദേവിക മനസ്സിൽ പറഞ്ഞു.
ബാഗിലേക്ക് ബുക്കുകൾ എടുത്ത് വയ്ക്കുകയായിരുന്ന വേദയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു..
അവൾ ഫോണെടുത്തു നോക്കി..
നീരവാണ്…
അവൾ അടുക്കളയിലേക്ക് എത്തി നോക്കി.
അമ്മ കറി ഉണ്ടാക്കുന്ന തിരക്കിലാണ്.
അവൾ കാൾ എടുത്തു.
അവിടുന്ന് പോന്നോ…??
അധികം സാധനങ്ങൾ ഒന്നും എടുക്കണ്ട.
നിന്റെ അമ്മയ്ക്ക് സംശയമൊന്നും തോന്നരുത്. നീരവ് പറഞ്ഞു…
വേദ മറുപടിയൊന്നും പറഞ്ഞില്ല.
ഹേയ്…. നീയെന്താ ഒന്നും മിണ്ടാത്തത്…??നീരവ് ചോദിച്ചു.
ഞാൻ വരില്ല നീരവ്…
വരില്ലെന്നോ, അതെന്താ ഇപ്പോഴങ്ങനെ പറയുന്നത്?? എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ.
പ്രശ്നമൊന്നും ഉണ്ടായിട്ടല്ല.
പക്ഷേ ഞാനിപ്പോൾ വന്നാൽ ശരിയാവില്ല.
ആദ്യം എന്റെ പഠനം കഴിയട്ടെ
ഞാൻ നല്ലൊരു ജോലി സമ്പാദിക്കട്ടെ.
എന്നിട്ട് നമുക്കെല്ലാവരുടെയും സമ്മതത്തോടെ വിവാഹം കഴിക്കാം.
നീയെന്താ എന്നെ കളിയാക്കുകയാണോ..?
അല്ല കുഞ്ഞാ, എനിക്കിപ്പോഴും ഇഷ്ട്ടമാണ്…
പഠനം നിർത്തി ഞാനിറങ്ങി വന്നാൽ ശരിയാവില്ല.
അതിന് പഠനം നിർത്തണമെന്നാര് പറഞ്ഞു.
ഇവിടെ വന്നാലും പഠിക്കാൻ പോകാവുന്നതല്ലേ ഉള്ളൂ…
ഞാൻ പഠിപ്പിച്ചോളാം.
ഇവിടെ നിന്നാലും പഠിക്കാവുന്നതേയുള്ളൂ.. ഞാനെന്തായാലും ഇപ്പോൾ വരില്ല.
അത് ഞാൻ തീരുമാനിച്ചുറപ്പിച്ച കാര്യമാണ്.
എന്നാണോ ഞാനൊരു ജോലി നേടുന്നത്
അപ്പോൾ മാത്രമേ ഞാനൊരു വാഹത്തെക്കുറിച്ച് ചിന്തിക്കൂ… വേദ പറഞ്ഞു.
ഇനി മേലിൽ നീയെന്നെ വിളിച്ചേക്കരുത്.
നീ വഞ്ചകിയാണ്, കാര്യത്തോടടുത്തു കഴിഞ്ഞപ്പോൾ നിന്റെ തനി സ്വഭാവം പുറത്തുവന്നല്ലോ, സന്തോഷം.
അയാൾ ദേഷ്യത്തോടെ ഫോൺ കട്ടാക്കി…
അടുക്കളയിൽ പാചകത്തിലായിരുന്ന ദേവികയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു..
ദേവിക മകൾക്കുള്ള ലഞ്ച് എടുത്തു വച്ചു..
അമ്മേ… ഞാൻ പോകുവാണെ…
ദാ.. മോളെ, ചോറ്…
അവൾ ലഞ്ച് ബോക്സ് വാങ്ങി ബാഗിൽ വച്ചു..
ദേവിക മകളുടെ നെറ്റിയിൽ ചുംബിച്ചു..
ചെല്ല് പോയി നന്നായി പഠിക്ക്..
അവൾ മുറ്റത്തേക്കിറങ്ങി…
അവൾ പോകുന്നത് ദേവിക നോക്കി നിന്നു.
വർഷങ്ങൾ അതിവേഗം കടന്നു പോയി…
അതേ… മുഹൂർത്തത്തിനുള്ള സമയമായി..
താലി കെട്ടിക്കോളൂ…
വരൻ താലി വാങ്ങി ദേവികയുടെ കഴുത്തിൽ കെട്ടി…
വേദ നിറഞ്ഞ മനസ്സോടെ അത് നോക്കി നിന്നു.
തനിക്കായ് മാത്രം ജീവിച്ച അമ്മയാണ്. ആരുടേയും സഹായമില്ലാതെ വളരെ കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ചു..
ഒരു സ്ഥിരവരുമാനം തന്റെ ലക്ഷ്യമായിരുന്നു.
താനിപ്പോൾ ഹൈസ്കൂൾ അധ്യാപികയാണ്.
കഴിഞ്ഞവർഷം, തന്റെയാ വർക്ക്ഷോപ്പ് പണിക്കാരനെ താനങ്ങ് സ്വന്തമാക്കി…
അമ്മയെ ഒറ്റയ്ക്കാക്കാൻ തീരെ മനസ്സ് അനുവദിക്കാത്തത് കൊണ്ട്
ഇവിടേം,നീരജിന്റെ വീട്ടിലും മാറി മാറിയാണ് വേദ നിൽക്കുന്നത്.
ദേവിക ഇപ്പോഴും ഓട്ടോ ഓടിക്കാൻ പോകുന്നുണ്ട്…
മ.രി.ക്കണത് വരെ അധ്വാനിച്ച് ജീവിക്കണം എന്നൊരാഗ്രഹം മാത്രേ ദേവികയ്ക്കുണ്ടായിരുന്നുള്ളൂ.
അമ്മ ഓട്ടോ ഓടിക്കുന്ന സ്റ്റാൻഡിൽ തന്നെ, ഓട്ടോ ഓടിക്കുന്ന മുരളി അമ്മയെ ജീവിതത്തിലേക്ക് ക്ഷണിച്ചതാണ്…
അമ്മ ആദ്യം ഒഴിഞ്ഞു മാറി..
പക്ഷെ അമ്മയുടെ ഉള്ളിലും നേരിയ ഇഷ്ട്ടം ഉണ്ടെന്ന് വേദക്ക് തോന്നി.
എത്രയോ വർഷങ്ങളായി അദ്ദേഹത്തെ പരിചയമുള്ളതാണ്. നന്മ നിറഞ്ഞ ഒരു മനുഷ്യനാണ് മുരളി.
ഇനി ഈ പ്രായത്തിൽ ഒരു കൂട്ട് വേണ്ടാ എന്നൊക്കെ ദേവിക പറഞ്ഞെങ്കിലും
വേദ സമ്മതിച്ചില്ല…
തനിച്ചാകുക എന്ന വേദന മനുഷ്യന് താങ്ങാൻ കഴിയില്ല..
കൗമാരത്തിന്റെ പ്രസരിപ്പിലോ,യൗവനത്തിലോ ഒക്കെ
ഒറ്റയ്ക്ക് ജീവിക്കാനുള്ള ധൈര്യവും ആരോഗ്യവും ഉണ്ടായേക്കാം..
പക്ഷെ പ്രായമേറുമ്പോൾ ഒരു കൂട്ട് വേണം.
വേറൊന്നിനുമല്ല…
കാത്തിരിക്കാൻ ഒരാളുണ്ടാകുക എന്നത്
ജീവിതത്തിലെ ഭാഗ്യം തന്നെയാണ്…
സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു മനുഷ്യൻ ഇനിയെന്നും കൂടെയുണ്ടാകുമെന്നുള്ള സന്തോഷം,
ദേവികയുടെ മുഖത്തും തെളിഞ്ഞു കാണാമായിരുന്നു.
✍️Anju Thankachan
