“സ്വന്തം ഏടത്തി അമ്മയെ പേടിച്ച് നീ വീട്ടിൽ കയറുന്നില്ലാന്ന് കേൾക്കുമ്പോൾ സത്യം പറയാലോ നിധിനേ എനിയ്ക്ക് അത്ഭുതമാണ്…. സത്യം പറഞ്ഞാൽ നീയ്യി പറയുന്നതൊക്കെ ഉള്ളതാണോടാ നിധീ….?
സമയം രാത്രി പത്തുമണിയായിട്ടും വീട്ടിൽ പോവാതെ ക്ലബ്ബിൽ തന്നെ അലസം ഫോൺ നോക്കി കിടക്കുന്നവനെ ഒന്ന് തട്ടിവിളിച്ച് ചോദിയ്ക്കുമ്പോൾ ശരത്തിൻ്റെ ശബ്ദത്തിൽ നിറഞ്ഞുനിന്നത് അമ്പരപ്പും അത്ഭുതവും ആണെങ്കിൽ അത് കേട്ട നിധിൻ്റെ ഉള്ളിലാകെയൊരു വല്ലായ്മയും വേദനയും ആണ്…
തൻ്റെ ചോദ്യത്തിന് മറുപടി ഒന്നും നൽകാതെ അലസം വീണ്ടും ഫോണിൽ നോക്കി കിടക്കുന്നവനെ നോക്കി ശരത്ത്..
ഗൗരവം നിറഞ്ഞു നിൽക്കുന്നുണ്ട് നിധിൻ്റെ മുഖത്തെങ്കിലും അവൻ്റെ കണ്ണുകൾ നിറഞ്ഞിട്ടാണ് ഉള്ളതെന്നും താനത് കാണാതെ ഇരിക്കാനാണ് ഫോണിൽ നോക്കിയുള്ള അവൻ്റെ ഈ കിടപ്പെന്നും എളുപ്പം തിരിച്ചറിഞ്ഞു ശരത്ത്…
ഉള്ളു പിടഞ്ഞു ശരത്തിനും …കാരണം അങ്ങനെ പെട്ടന്നൊന്നും ഒന്നിൻ്റെ പേരിലും തളർന്നും തകർന്നും പോകുന്ന ഒരാളല്ല ശരത്തിനറിയുന്ന നിധിൻ… കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വളർന്നവരാണവർ….
ഇക്കാലത്തിനിടയ്ക്ക് അവൻ്റെ നിറഞ്ഞ കണ്ണുകൾ അപൂർവ്വമായ് മാത്രമേ ശരത്ത് കണ്ടിട്ടുമുള്ളു… അതും അവൻ്റെ അച്ഛനും അമ്മയും മരിച്ചതു പോലുള്ള അപൂർവ്വ ചില സന്ദർഭങ്ങളിൽ…
“നിധിനേ… എടാ നീ എഴുന്നേറ്റേ ആദ്യം….എന്നിട്ടു പറഞ്ഞേ എന്താ വീട്ടിൽ ഉണ്ടായതെന്ന്…?
പറയുന്നതിനൊപ്പം നിധിനെ കിടക്കുന്നിടത്തു നിന്ന് വലിച്ചുയർത്തി ഇരുത്തുക കൂടി ചെയ്തു ശരത്ത്
“എന്താടാ നിനക്ക് സത്യത്തിൽ പറ്റിയത്….?
നീ പറയുന്നതെല്ലാം ഉള്ളതു തന്നെയാണോ….?നിന്റെ സ്വപ്നമോ തോന്നലോ ഒന്നും അല്ലെന്നുറപ്പല്ലേ നിനക്ക്…?
സംശയിച്ചു,സംശയിച്ചു ശരത്ത് ചോദിച്ചതും തന്റെ ചുമലിൽ വെച്ച അവന്റെ കൈ തട്ടിയകറ്റി അവനെ രൂക്ഷമായിട്ടൊന്നു നോക്കി നിധിൻ…
‘ചുമ്മാ സ്വപ്നം കാണാനും വെറുതെ തോന്നാനും പറ്റിയ കാര്യമാണല്ലോ അല്ലേടാ ഇത്…?
ജീവിതമാണെടാ എന്റെ മാത്രമല്ല എന്റെ പാവം ഏട്ടന്റേം…ഞാനും ഏടത്തി അമ്മയും എന്റെ ഏട്ടന് ഏട്ടന്റെ പ്രാണനെക്കാൾ വിലയേറിയവരാണ്… അങ്ങനെ ഉള്ള ഏട്ടൻ ഇതറിഞ്ഞാൽ….”
ഉള്ളിൽ നിന്ന് തികട്ടി വന്നൊരു തേങ്ങലിനെ ഒതുക്കി നിർത്തി പറയുമ്പോൾ നിധിന്റെ കണ്ണിൽ തെളിഞ്ഞ വേദന അതവന്റെ ഏട്ടനെ മാത്രം ഓർത്താണെന്ന് തിരിച്ചറിഞ്ഞു ശരത്തും…
“നീ ചുമ്മാ പറഞ്ഞതല്ല ഇത്രയും വലിയൊരു സംഭവമെന്ന് എനിയ്ക്കറിയാടാ….
വിശ്വസിക്കാൻ പ്രയാസം തോന്നിയത് മറുവശത്തുള്ളത് നമ്മുടെ ഏടത്തിയമ്മ ആയതു കൊണ്ടാണെടാ.. നിന്നെ പോലെ ഞാനും അവരെ കണ്ടത് എന്റെ സ്വന്തം ആയിട്ടല്ലേടാ… അതാണെനിയ്ക്ക് വിശ്വസിക്കാൻ….”
ശരത്ത് നിധിന്റെ ദേഷ്യം കുറയ്ക്കാനായ് കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞതും അവനെ നോക്കി തലയിളക്കി
നിധിൻ….
“നിധീ…. എടാ സത്യത്തിൽ നിന്നോട് ഏടത്തിഅമ്മ എന്താണ് പറഞ്ഞത്….നിന്നെ ഇഷ്ടമാണെന്നാണോ…അതോ ഏട്ടൻ ഗൾഫിലായതു കൊണ്ട് അവർക്ക് നിന്നോട് ശരീരം കൊണ്ടിഷ്ടം തോന്നുന്നുണ്ടെന്നാണോ….?
ഒന്നു സംശയിച്ച് അറച്ചറച്ച് ശരത്ത് ചോദിച്ചതും വല്ലാതെയായ് നിധിൻ….
അത് ശരീരം കൊണ്ട്….. ഏട്ടനില്ലല്ലോ….
ഒന്ന് മടിച്ചു നിന്നെങ്കിലും പിന്നീട് പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കിയില്ല നിധിൻ… പക്ഷെ അവൻ പറയാൻ വന്നതെന്താണെന്ന് തിരിച്ചറിഞ്ഞു ശരത്ത്….
ആദ്യം ഞെട്ടിയ ശരത്തിന്റെ കണ്ണുകൾ പിന്നീട് നിധിനെ അടിമുടി ഒന്നുഴിഞ്ഞു…
എൻജീനീയറിംഗ് അവസാന വർഷ വിദ്യാർത്ഥിയാണ് നിധിൻ.,.. ഇരിപത്തി മൂന്നാണ് അവന്റെ വയസ്സെങ്കിലും രൂപത്തിലും ഭാവത്തിലും ഏതൊരു പെണ്ണും മോഹിക്കും വിധം ഒത്തൊരു പുരുഷനാണവൻ….
അവന്റെ ഏടത്തി അമ്മ ആണെങ്കിലും പത്തിരുപത്താറ് വയസ്സേ ഉള്ളു കവിതയ്ക്കും… കാണാൻ ശരീരം കൊണ്ടും രൂപം കൊണ്ടും സുന്ദരി….
അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ എട്ടന്റെ തണലിൽ ജീവിയ്ക്കുന്ന നിധിന് ഏട്ടനും ഏട്ടത്തി അമ്മയും സത്യത്തിൽ അച്ഛനമ്മമാരുടെ സ്ഥാനത്താണ്….
നിധിന്റെ ഏട്ടൻ നിവേദ് പ്രവാസിയായതു കൊണ്ട് വീട്ടിൽ അവനും ഏടത്തിഅമ്മ കവിതയും മാത്രമാണ് താമസം…
“ഞാൻ ഇപ്പോഴിനി വീട്ടിലേക്കില്ലെടാ… കുറച്ചു കൂടി സമയം കഴിഞ്ഞിട്ടേയുള്ളു… നീ ചെല്ല്… ഞാൻ വന്നേക്കാം….
ശരത്തിനോട് പറഞ്ഞ് നിധിൻ വീണ്ടും ക്ലബിന്റെ പടിയിലേക്ക് നീണ്ടുനിവർന്നു കിടന്നതും അവനെകൂടുതൽ ശല്യപ്പെടുത്താതെ അവിടെ വിട്ട് വീട്ടിലേക്ക് നടന്നു ശരത്ത്….
അടുത്തടുത്താണ് നിധിന്റേം ശരത്തിന്റേം വീടുകൾ…. ഒന്നു വിളിച്ചാൽ കേൾക്കുന്ന അത്ര അടുത്ത്…
സ്വന്തം വീടിനടുത്തെത്തിയതും ഒന്ന് നിന്നു ശരത്ത്…. അവൻ്റെ കണ്ണുകൾ സ്വന്തം വീടിനു നേർക്കും നിധിൻ്റെ വീടിനു നേർക്കും ഒരേസമയം പാളി വീണു…
സമയം രാത്രി പത്തര കഴിഞ്ഞിരിയ്ക്കുന്നു,. നിശബ്ദമാണെങ്ങും….
തൻ്റെ വീട്ടിലാണെങ്കിലും അച്ഛനും അമ്മയും ചേച്ചിയും ഉൾപ്പെടെ എല്ലാവരും ഈ സമയം ഫോണിലാവും… ഒരാൾ ഉറക്കെ വിളിച്ചാൽ പോലും കേൾക്കില്ലവരൊന്നും അന്നേരം….അതോർത്തതും കുടിലത നിറഞ്ഞാരു ചിരി തെളിഞ്ഞു ശരത്തിൻ്റെ മുഖത്ത്…
തൻ്റെ വീട്ടിലേക്ക് ഒന്നുകൂടി നോക്കി പുറത്താരും ഇല്ലെന്നുറപ്പിച്ച് ശരത്ത് വേഗം ഇരുട്ടിന്റെ മറപറ്റി നിധിൻ്റെ വീട്ടിലേക്ക് നടന്നു….
ഏടത്തി അമ്മേ…..
ശരത്ത് വിളിച്ചതും നിധിനെ പ്രതീക്ഷിച്ച് ഉറങ്ങാതെ കാത്തിരുന്ന അവൻ്റെ ഏടത്തി അമ്മ കവിത വേഗം വാതിൽ തുറന്നു പുറത്തിറങ്ങി….
ശരത്തായിരുന്നോ……?
നിധിനെവിടെ…നിൻ്റെ കൂടെ വന്നിട്ടില്ലേ അവൻ…?
നിങ്ങളൊരുമ്മിച്ചല്ലായിരുന്നോ ക്ലബിൽ….
ശരത്തിനോടു ചേദിച്ച് നിധിനെ തിരഞ്ഞ് നാലു ചുറ്റും കവിത കണ്ണുകൾ പായിക്കുമ്പോൾ ആർത്തിയോടെ കവിതയുടെ ശരീരമാകെ കണ്ണോടിക്കുകയായിരുന്നു ശരത്ത്…..
“ഒത്ത വണ്ണത്തിലും നീളത്തിലും ആരെയും മോഹിപ്പിയ്ക്കും വിധത്തിലൊരു സുന്ദരി…..
“ഞാൻ ചോദിച്ചത് കേട്ടില്ലേടാ ചെക്കാ നീ… നിധിനെവിടെ…?
തൻ്റെ ചോദ്യങ്ങൾക്കൊന്നിനും ശരത്ത് മറുപടി നൽകുന്നില്ല എന്നായതും ശരത്തിനു നേരെ തിരിഞ്ഞു ചോദിച്ചു കവിത…… അപ്പോഴും ശരത്തിൻ്റെ നോട്ടം കവിതയുടെ തുടുത്ത് ഉലഞ്ഞചുവന്ന ചുണ്ടിലേക്കാണ്…
അവൻ്റെ ആ നോട്ടമറിഞ്ഞതും ഒരു പരിഭ്രമവും പതർച്ചയും ഉണ്ടായി കവിതയുടെ മുഖത്തും..
“നീയെന്താ ശരത്തേ എന്നെ ഇങ്ങനെ ആദ്യം കാണും പോലെ നോക്കുന്നത്…?
എന്താ ഇതുവരെ കാണാത്ത പുതിയ വല്ലതും ഉണ്ടോഎ ന്റെ മുഖത്ത്…?
പതർച്ച മറച്ചു വെച്ച് തിരക്കി കവിത…
“നിങ്ങളിലെ ഇങ്ങനെയൊരു ഏടത്തിഅമ്മയെ ഞാനാദ്യം കാണുകയാണ്… ഞാനിതുവരെ കണ്ടു ശീലിച്ച ആ പാവം ഏടത്തി അമ്മയല്ല ഇപ്പോഴെൻ്റെ മുന്നിൽ ഈ നിൽക്കുന്നത്….അതാണ് ഞാനും നിങ്ങളെ ഇങ്ങനെ നോക്കുന്നത്… എന്നാലും എൻ്റെ ഏടത്തി അമ്മേ നിങ്ങളാള് കൊള്ളാലോ…. ഞാൻ കരുതിയ പോലൊന്നും അല്ല നിങ്ങൾ……”
ആവശ്യത്തിലധികം അത്ഭുത ഭാവങ്ങൾ മുഖത്തു വാരിവിതറി പറയുന്നനെ ഞെട്ടലോടെ നോക്കി കവിത
“ഇത്രയ്ക്കു വലിയ ഞെട്ടലൊന്നും വേണ്ട ഏടത്തി അമ്മേ… നിധിനെല്ലാം പറഞ്ഞു എന്നോട്…നിങ്ങളുടെ സംസാരത്തിലവനാകെ പേടിച്ചു പോയിട്ടുണ്ട്…
സത്യം പറഞ്ഞാൽ നിങ്ങളെ പേടിച്ചിട്ടാണവൻ ഇപ്പോൾ ഇവിടേക്ക് വരാത്തത്….. ഒരാണിന്റെ ചൂടും ചൂരും നിങ്ങളാഗ്രഹിയ്ക്കുന്നത് എനിയ്ക്ക് മനസ്സിലാവും…അതിന് നിങ്ങളെ ഞാൻ കുറ്റം പറയുകയുമില്ല… ഭർത്താവ് കൂടെ ഇല്ലാത്ത ചെറുപ്പക്കാരിയായ ഏതൊരു പെണ്ണിനും തോന്നുന്നതേ നിങ്ങൾക്കും തോന്നിയിട്ടുള്ളു… നിങ്ങൾക്കു തെറ്റുപറ്റിയത് പക്ഷെ നിങ്ങളുടെ ആഗ്രഹങ്ങൾ തീർക്കാൻ നിങ്ങൾ കണ്ടെത്തിയ ആളിലാണ്…
“സ്വന്തം ഏട്ടന്റെ ഭാര്യയായ നിങ്ങളെ ഒരിക്കലും അവന് അങ്ങനൊന്നും കാണാൻ പറ്റില്ല…. നിങ്ങളെ എന്നല്ല എന്റെ അറിവിൽ ഒരു പെണ്ണിനെയും മോശമായ് കാണുന്നവനല്ല നിധിൻ….അതറിയില്ലായിരുന്നോ നിങ്ങൾക്ക് ഇത്രയും കാലമായിട്ട്….?
ശരത്ത് വെട്ടിത്തുറന്ന് ചോദിച്ചതും അവനുമുന്നിൽ പതറി വിറച്ചു നിന്നു കവിത…
തനിയ്ക്ക് മുമ്പിലുള്ള അവരുടെയാ പതർച്ചയും വെപ്രാളവുമെല്ലാം ഇടം കണ്ണാൽ നോക്കി കണ്ടാസ്വദിച്ചു ശരത്തും….
“അത്…ഞാൻ… എനിയ്ക്ക്…..”
എന്തവനോടു പറയുമെന്നോർത്ത്
വാക്കുകൾക്കായ് തപ്പിതടഞ്ഞു നിന്നവനു മുമ്പിൽ കവിത….
“എനിയ്ക്ക് മനസ്സിലാവും ഏടത്തി അമ്മേ നിങ്ങളെ… അതുപോലെ നിങ്ങളെ സഹായിക്കാനും പറ്റുമെനിയ്ക്ക്…”
ശരത് പറഞ്ഞതും അവനെ പ്രതീക്ഷയോടെ നോക്കി കവിത
“നിങ്ങളുടെ ഭാഗത്ത് തെറ്റു വരാത്ത വിധം നിധിനെ കാര്യങ്ങൾ പറഞ്ഞ് ഞാൻ മനസ്സിലാക്കിച്ചോളാം… എനിയ്ക്കതിനു പറ്റും… അതുപോലെ നിധിനോട് നിങ്ങളാവശ്യപ്പെട്ടത് നിങ്ങൾക്ക് ഞാൻ തരും… എൻ്റെ പൂർണ്ണ സമ്മതത്തോടെ… എത്രക്കാലം വേണമെങ്കിലും… നിങ്ങള് സമ്മതിച്ചാൽ മാത്രം മതി… ”
ആവേശം പൂണ്ട് ശരത്ത് വിളിച്ചു പറഞ്ഞതും അവനെ ഇമ ചിമ്മാതെ നോക്കി കവിത…
“എൻ്റെ എത്ര കാലത്തെ മോഹമാണ് നിങ്ങളെ ഒരു വട്ടമെങ്കിലും ഒന്നറിയുക എന്നതെന്ന്
നിങ്ങൾക്കറിയ്യോ…?
“എന്റെ സ്വപ്നങ്ങളിലെ പെണ്ണെന്ന രൂപം തന്നെ നിങ്ങളാണ്…. നിങ്ങളെ ഓർത്ത്… നിങ്ങളെ സ്വപ്നം കണ്ട് എത്രയെത്ര രാത്രികൾ ഞാൻ ഉറങ്ങാതിരുന്നിട്ടുണ്ടെന്നറിയ്യോ…..
നിങ്ങളെ കൺനിറയെ കാണാൻ വേണ്ടി മാത്രമാണ് ഞാനിവിടെ നിധിനെ കാണാനെന്നു പറഞ്ഞു വന്നിരിക്കുന്നത്… എന്റെ മോഹമാണ്, സ്വപ്നമാണ് നിങ്ങളെ, നിങ്ങളുടെ ശരീരത്തെ അറിയുന്നതും ആസ്വദിക്കുന്നതും….”
“അതുകൊണ്ടാണോടാ നീയെന്റെ ഏടത്തി അമ്മയുടെ മുറിയിൽ ഫോൺ ക്യാമറ വെച്ചത്….?
ഉന്മാദം പിടിപ്പെട്ടതു പോലെ ശരത്ത് ഓരോന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നതും തൊട്ടു പുറകിൽ നിന്നു കേട്ട ചോദ്യത്തിൽ ഞെട്ടി തിരിഞ്ഞു നോക്കി
നിധിൻ….ഒപ്പം കുറച്ചപ്പുറത്തായ് തന്റെ അമ്മയും ചേച്ചിയും ഉൾപ്പെടെ വീട്ടിലുള്ളവരെല്ലാമുണ്ട്….
നിന്ന നിൽപ്പിൽ ജീവൻ പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയ് ശരത്…. താനിവിടെ കവിതയോട് പറഞ്ഞതെല്ലാം അവർ കേട്ടെന്ന് അവരുടെ മുഖത്തെ ഭാവത്തിൽ നിന്നറിഞ്ഞ ശരതിന് പിന്നീടൊന്നു മുഖമുയർത്താനുള്ള ധൈര്യം ഉണ്ടായില്ല….
“ഞാൻ ചോദിച്ചതു കേട്ടില്ലേടാ നീ…. എന്റെ ഏടത്തി അമ്മ ഡ്രസ് മാറുന്ന വിഡിയോ മുറിയിൽ ക്യാമറ വെച്ച് എടുത്തതും അത് കാണിച്ച് കഴിഞ്ഞ രണ്ടാഴ്ചയോളമായ് അവരെ ഭീഷണിപ്പെടുത്തുന്നതും നീയ്യല്ലേടാ…..?
നിധിന്റെ ചോദ്യത്തിനൊന്നും മറുപടി ഇല്ല ശരത്തിന്…..
” നീ പറഞ്ഞതു പോലെ അത് ഇവനാണ് നിധീ… കവിത സംശയം പറഞ്ഞപ്പോഴേ ഞാനിവന്റെ മുറിയിൽ നോക്കിയിരുന്നു…. ദാ ഈ ഫോണിലുണ്ട് അതെല്ലാം…”
ശരത്തിന്റെ ചേച്ചി ശാരിക കയ്യിലുള്ള ഫോൺ നിധിന് നൽകി പറഞ്ഞതും നിധിന്റെ കൈ ശരത്തിന്റെ മുഖമടച്ചു വീണ് കഴിഞ്ഞിരുന്നു….
“കൂടപിറപ്പായ് കൂടെ കൊണ്ടു നടന്നപ്പോൾ കൂടെനിന്ന് ചതിക്കുന്നോടാ നായേ….. എനിയ്ക്കറിയായിരുന്നു നിനക്കൊരവസരം ഞാനിട്ടു തന്നാൽ നീ കൃത്യമായ് വന്നിവിടെ കൊത്തുമെന്ന്… വന്നു വീണില്ലേ നീ… ഇനി ഞങ്ങളുടെ ജീവിതത്തിൽ നീയില്ലെടാ ചെറ്റേ….”
പറഞ്ഞതും ശരത്തിന്റെ കഴുത്തിന് പിടിച്ച് പുറത്തേക് തള്ളിയവൻ… സ്വന്തം അമ്മയുടെയും ചേച്ചിയുടെയും കാൽ ചുവട്ടിലവൻ മുഖമടച്ചു വീണതും അവനെ അവിടെ ഇട്ട് അടിച്ചവർ അവന്റെ പ്രായം പോലും നോക്കാതെ…
അതൊന്നും നോക്കി നിൽക്കാതെ നിധിൻ തന്റെ ഏടത്തി അമ്മയെ ചേർത്തുപിടിച്ച് വീട്ടിനകത്തേയ്ക്ക് കയറി……അപ്പോഴും ശരത്തിനുള്ള ശിക്ഷ അവന്റെ വീട്ടുകാർ അവിടെ തുടർന്നു കൊണ്ടേയിരുന്നു… തുടരട്ടെ അത്…..
✍️RJ
