ജനിച്ചുവളർന്ന സ്വന്തം വീട്ടിലേക്ക് ചെന്ന എനിക്ക് മുന്നിൽ അനിയത്തി വാതിൽ വലിച്ചടച്ചു… ഒരുനിമിഷം ഞാനെന്ത് വേണമെന്നറിയാതെ അങ്ങനെ നിന്നു…..

ജനിച്ചുവളർന്ന സ്വന്തം വീട്ടിലേക്ക് ചെന്ന എനിക്ക് മുന്നിൽ അനിയത്തി വാതിൽ വലിച്ചടച്ചു…

ഒരുനിമിഷം ഞാനെന്ത് വേണമെന്നറിയാതെ അങ്ങനെ നിന്നു…

ജനിച്ചതും, വളർന്നതും, ഇരുപത്തിയാറു വയസ്സ് വരെ ജീവിച്ചതും ഈ വീട്ടിലാണ്.

ഇപ്പോൾ ഇവിടമെനിക്ക് നിഷേധിച്ചിരിക്കുകയാണ്…

തിരിച്ചു പോകും മുൻപ് ഞാനൊന്നു കൂടെ വീട്ടുമുറ്റത്തും തൊടിയിലുമൊക്കെ നോക്കി…

ഒരിക്കൽ ഇതായിരുന്നു എന്റെ സ്വർഗം.

അച്ഛന്റെ മരണത്തോടെ വീടും പറമ്പും അനിയത്തിയുടെ മാത്രം അവകാശമാണ്.

എന്നെ വിവാഹം ചെയ്തയച്ചത് നാല്പത് സെന്റ്‌ സ്ഥലം വിറ്റിട്ടാണ്..
ബാക്കി അറുപതുസെന്റ് അവൾ എഴുതി വാങ്ങിയിരുന്നു..

എനിക്കതിന് ഇനി ഒന്നും വേണ്ടാ.. ഒരിത്തിരിനേരം ഇവിടെ വന്ന്,ഓർമ്മയുടെ കുളിരിൽ മനസ്സൊന്നു തണുപ്പിച്ചിട്ട് മടങ്ങിപോകണമെന്ന് മാത്രമേയുള്ളൂ…

പക്ഷെ…ആ വീട്ടിലേക്ക് കയറാൻ അനിയത്തി സമ്മതിക്കുന്നില്ല.

എങ്ങനെയാണ് കൂടെപ്പിറപ്പിനെ തള്ളിക്കളയാൻ കഴിയുന്നതെന്നെനിക്ക് തോന്നി….

ജീവിതത്തിന്റെ പാതിയും പിന്നിട്ട ഞാൻ സമ്പത്തിനേക്കാൾ വിലകല്പിച്ചിരുന്നത്
എന്നും സ്നേഹത്തിനായിരുന്നു…
അതുകൊണ്ടുതന്നെ ജീവിതത്തിൽ പലപ്പോഴും ഞാൻ തോറ്റു പോയിട്ടുണ്ട്.
അതിലൊന്നും എനിക്ക് വിഷമമില്ല. ഞാൻ സ്നേഹിക്കുന്നവരുടെ മുൻപിലാണല്ലോ തോറ്റത് എന്ന് കരുതി സ്വയം ആശ്വാസിക്കും. എനിക്ക് അങ്ങനെയേ കഴിയൂ…

അമ്മ ചെറുപ്പത്തിലെ മരിച്ച എനിക്ക് അനിയത്തിക്കും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ….
ഇല്ലായ്മകളിലും ഞങ്ങളെ നന്നായി വളർത്താൻ അച്ഛൻ ശ്രമിച്ചിരുന്നു

ഞാൻ ചെറിയൊരു ജോലി സ്വന്തമാക്കിയതിനു ശേഷം അച്ഛൻ എന്നെ വിവാഹം കഴിപ്പിച്ചയച്ചു..

അച്ഛൻ പറഞ്ഞ ആളെയാണ് ഞാൻ എന്റെ ജീവിതപങ്കാളിയാക്കിയത്, അല്ലെങ്കിലും അച്ഛൻ പറയുന്നതിനപ്പുറം ഒന്നും ചെയ്യാൻ എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല…

നാല്പത് സെന്റ് സ്ഥലംവിറ്റ് ചെറിയ രീതിയിൽ ആണെങ്കിലും മാന്യമായി അച്ഛനെന്റെ കല്യാണം നടത്തി…

അച്ഛന് സുഖമില്ലാതായ സമയത്ത് അനിയത്തി നേഴ്സിംഗിന് ബാംഗ്ലൂരിൽ പഠിക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ അച്ഛനെ നോക്കാനുള്ള ഭാഗ്യം എനിക്കാണ് കിട്ടിയത്…

അച്ഛൻ പണ്ട് ഞങ്ങളെ നോക്കിയതുപോലെ
ഏറെ കരുതലോടെ സ്നേഹത്തോടെ എനിക്കച്ഛനെയും പരിപാലിക്കാൻ കഴിഞ്ഞു.

അച്ഛൻ സുഖമില്ലാതെ കിടന്ന രണ്ടുമാസത്തോളം ഞാൻ എന്റെ വീട്ടിൽ തന്നെയായിരുന്നു…

ആ സമയത്ത് എന്റെ മോന്റെ കാര്യവും വീട്ടുകാര്യങ്ങളും എന്റെ ഭർത്താവ് നല്ല രീതിയിൽ നടത്തി.
അതുകൊണ്ട് എന്റെ കുടുംബത്തെക്കുറിച്ച് എനിക്ക് വിഷമം ഒന്നുമില്ലായിരുന്നു.

ഞാനും അച്ഛനും മാത്രമുള്ള
ആ ദിവസങ്ങളിൽ ഞാൻ അച്ഛന്റെ രക്ഷിതാവും, അച്ഛൻ എന്റെ മകനുമായി…

അച്ഛന്റെ ചില നേരങ്ങളിലെ ദുർവാശികളെ,
ചില നേരങ്ങളിലെ പരിഭവകണ്ണുനീരുകളെ,
ചില നേരങ്ങളിലെ അമിത സ്നേഹത്തെ,
ഒക്കെയൊരമ്മയെപ്പോലെ നോക്കിക്കാണാനായി എനിക്ക് പറ്റി…

ഒടുവിൽ എന്റെ കൈയിൽ നിന്നും വെള്ളം
വാങ്ങി കുടിച്ച്‌, എന്റെ കൈകളിൽ കിടന്ന് എന്നെ നോക്കിയാണ് എന്റെ അച്ഛൻ എന്നേക്കുമായി കണ്ണടച്ചത്..

ചടങ്ങുകളും, കർമ്മങ്ങളും ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് മടങ്ങി. അനിയത്തി പഠനം തുടരാനായി അവളുടെ ഹോസ്റ്റലിലേക്കും മടങ്ങി.

കുറേ നാൾ ആ വീട് പൂട്ടിക്കിടന്നു…

അച്ഛനില്ലാത്ത ആ വീട്ടിലേക്ക് കയറി ചെല്ലാൻ എനിക്ക് വല്ലാത്ത മടിയായിരുന്നു.

എങ്കിലും വല്ലപ്പോഴും പോയി അടിച്ചു വാരിയിടും, കുറെ നേരം ഓർമ്മകളെ താലോലിച്ചങ്ങനെ മിഴിനിറഞ്ഞിരുന്നിട്ട് മടങ്ങിപ്പോരും.

ആയിടക്കാണ് കൂടെ ജോലി ചെയ്യുന്ന ഒരുവനുമായി അനിയത്തി പ്രണയത്തിലായതും, അവനെ വിവാഹം കഴിച്ച്‌, പഠനം പോലും പൂർത്തിയാക്കാതെ തിരികെ വന്ന് ഞങ്ങളുടെ വീട്ടിൽ താമസമാക്കിയതും…

വിവരമറിഞ്ഞപ്പോൾ പഠനം പൂർത്തിയാകാത്തതിന് ഒരു ചേച്ചി എന്ന നിലയിൽ ഞാനവളെ ശകാരിച്ചു
എന്നുള്ളത് നേരാണ്.

ഒരു ജോലി നേടിയിട്ട് ഏതവനെ വേണമെങ്കിലും നിനക്ക് വിവാഹം കഴിക്കാമായിരുന്നല്ലോ, ചേച്ചി നിനക്ക് എല്ലാത്തിനും സപ്പോർട്ട് ആയിരുന്നല്ലോ എന്ന് പറഞ്ഞു.

അതിൽ പിന്നെ അവൾ എന്നോട് പിണങ്ങി.

ഇടയ്ക്കൊക്കെ ഞാൻ ചെല്ലുമ്പോൾ
അവൾ ഇഷ്ടക്കേട് കാണിച്ചുതുടങ്ങി.

ഞാനങ്ങോട്ട് ചെല്ലുന്നതിൽ അവൾക്ക് താല്പര്യമില്ലെന്ന് എനിക്ക് മനസ്സിലായി.

പിന്നെപ്പിന്നെ ഞാൻ അങ്ങോട്ട് പോകാതായി.

ഇപ്പോൾ രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാനാ വീട്ടിലേക്ക് ചെന്നു…

അച്ഛൻ എരിഞ്ഞമർന്ന ആ സ്ഥലവും, പണ്ട് അമ്മയെ അടക്കിയ സ്ഥലവും ഒന്ന് വൃത്തിയാക്കി തെല്ലുനേരമവിടെ ഇരിക്കണം…അത്രേ വേണ്ടൂ….

പക്ഷെ അനിയത്തി വീട്ടിൽ കയറ്റിയില്ലെന്ന് മാത്രമല്ല, ആ പറമ്പിൽ നിൽക്കാൻ പോലും അനുവദിച്ചില്ല…

കുട്ടിക്കാലത്ത് ഓടിച്ചാടി കളിച്ചു നടന്ന
ആ പറമ്പും,
ഊഞ്ഞാലുകെട്ടി അടാൻ ആ വീട്ടിൽ
കുട്ടികൾ ഉണ്ടാകുമെന്നറിഞ്ഞിട്ടെന്നവണ്ണം
മരക്കൊമ്പുകൾ ചായ്ച്ച് വളർത്തിയ മാമരങ്ങളേയും, എല്ലാത്തിനെയും ഒന്ന് കൺനിറയെ കാണാനുള്ള കൊതി സഹിക്കാൻ പറ്റാതായപ്പോഴാണ് അങ്ങോട്ട് ചെന്നത്…

കണ്ണുനീരോടെ തിരിച്ചുപോരുമ്പോൾ
കരയല്ലേ മോളെയെന്ന് അച്ഛൻ പറയുന്നത് പോലെ എനിക്ക് തോന്നി…

പിന്നീട് മാസങ്ങൾക്ക് ശേഷം ഞാനറിഞ്ഞു, അനിയത്തി ആ വീടും സ്ഥലവും വിറ്റ് അവിടെ നിന്നും താമസം മാറിയെന്ന്.

സഹിക്കാൻ കഴിഞ്ഞില്ല…
എന്റെ അച്ഛനും, അമ്മയും ഉറങ്ങുന്ന മണ്ണാണത്…

അന്ന് ഞാൻ അലറി കരഞ്ഞു…

എന്റെ അച്ഛൻ എന്റെ മടിയിൽ കിടന്ന് മരിച്ച ആ ദിവസത്തിലേതുപോലെ ഞാനാകെ തളർന്നു പോയി…

ഒരുനാൾ ഞാൻ ജീവനറ്റ്, വെറുമൊരു ജഡമാകുന്ന കാലത്ത്, ആ മണ്ണിൽ അലിഞ്ഞുചേരാൻ കൊതിച്ചതാണ്…

രണ്ടുമൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ
എന്റെ ഭർത്താവ്, എന്റെ കൈയിൽ കുറേ പേപ്പറുകൾ വച്ചുതന്നു…

തുറന്നു നോക്കാൻ പറഞ്ഞു…..

ഞാനതു തുറന്നു നോക്കി…

അച്ഛനും അമ്മയും ഉറങ്ങുന്ന,
എന്റെ ബാല്യം മുതൽ ഇരുപത്തിയാറു
വയസ്സ് വരെ ഞാൻ ജീവിച്ച മണ്ണ്,
അത് എന്റെ ഭർത്താവെനിക്ക് വാങ്ങി നൽകിയിരിക്കുന്നു…

അനിയത്തി മറ്റാർക്കോ വിറ്റതാണ്.

അവരിൽ നിന്ന്, അതെന്റെ ഭർത്താവ് വാങ്ങിയിരിക്കുന്നു..

ഒന്ന് മാത്രം എനിക്കറിയാം..

ഞാൻ എത്രമാത്രമാ മണ്ണിനെ സ്നേഹിച്ചിരുന്നോ, അത്രയേറെ അതെന്നെയും ആഗ്രഹിച്ചിരുന്നു… സ്നേഹിച്ചിരുന്നു…..

അതുകൊണ്ട് അതെന്നിലേക്ക് തിരികെ വന്നിരിക്കുന്നു..

മനസ്സ് കലങ്ങുന്ന നേരങ്ങളിൽ,
എനിക്കിനി അവിടെ പോയിരിക്കാം.

ഒരു കാറ്റായി….മഞ്ഞായി… മഴയായി…
എന്റെ അച്ഛനും അമ്മയും ആയിരം കൈകൾ കൊണ്ടെന്നെ തഴുകാനോടിയെത്തുമെന്നെനിക്കുറപ്പാണ്….

അതുമതി….അത് മാത്രംമതിയെനിക്ക്…..

എന്റെ അച്ഛനും അമ്മയും അലിഞ്ഞു ചേർന്ന ആ മണ്ണിൽ തന്നെ അലിഞ്ഞു ചേരാൻ ഞാനേറെ കൊതിക്കുന്നു…

ജനിച്ചുവളർന്ന മണ്ണിന്റെ ഗന്ധം പോലെ ഹൃദയത്തെ ഇത്രമേലാഴത്തിൽ തൊടുന്ന മറ്റൊരു ഗന്ധമില്ല.
എവിടെ ജീവിച്ചാലും, എത്ര ദൂരം പോയാലും ഓർമ്മകൾ നമ്മെ തിരികെ വിളിക്കുന്നത് ആ മണ്ണിലേക്കാണ്.

കാലമെത്രയെത്ര വഴികളിലൂടെ
നമ്മെ നടത്തിച്ചാലും,
ജീവിതമെത്ര നഗരങ്ങൾ സമ്മാനിച്ചാലും എന്റെനാട് എന്ന് ഹൃദയം നിറഞ്ഞ് പറയുമ്പോഴാദ്യമോർമ്മ വരുന്നത് ജനിച്ചു വളർന്ന ആ മണ്ണുതന്നെയാണ്…..
അതിനോളം വരില്ലല്ലോ മറ്റൊന്നും…..

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *