ഭക്ഷണം കഴിക്കുന്ന പാത്രം പോലും എന്റെ ഭർത്താവോ, അമ്മായിഅച്ഛനോ കഴുകി വയ്ക്കില്ല… വസ്ത്രങ്ങൾ അഴിച്ച് തറയിൽ വലിച്ചെറിയും. വേണമെങ്കിൽ നമ്മൾ എടുത്ത് അലക്കിക്കോളണം.…

അറുപതുകളിൽ ജീവിക്കുന്ന എന്റെ അമ്മായിയമ്മയെക്കൊണ്ട് എനിക്ക് വലിയ തലവേദനയായിരുന്നു…

നിസ്സാരകാര്യങ്ങൾക്ക് വഴക്കുണ്ടാക്കും,
കരയും. എന്നോട് മാത്രമല്ല അമ്മയുടെ ജീവിതപങ്കാളിയോടും, മകനോടും വരെ അതേ പെരുമാറ്റം തന്നെയായിരുന്നു…

ആ വീട്ടിൽ എങ്ങനെ ജീവിച്ചു പോകുമെന്നോർത്ത് എനിക്കെപ്പോഴും ആവലാതിയായിരുന്നു….

ആദ്യം അവർ എന്റെ ജോലി കളയാൻ ആവശ്യപ്പെട്ടു, ഞാനും അവരെ പോലെ
ആ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന ഒരു ശാഠ്യം അമ്മയിൽ എപ്പോഴും ഉണ്ടായിരുന്നു…

പക്ഷേ അവരെക്കാൾ, ശാഠ്യക്കാരിയായ ഞാനുണ്ടോ അവർ പറയുന്നതനുസരിക്കുന്നു..

പതിയെപ്പതിയെ എനിക്കമ്മയെ കൂടുതൽ മനസ്സിലാകാൻ തുടങ്ങി.

ഒരുപാട് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും ആ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ അകപ്പെട്ടുപോയ ഒരു പാവം ജന്മം.

രാവിലേ തുടങ്ങുന്ന വീട്ട് ജോലികൾ രാത്രിയിൽ വരെ നീണ്ടു നിൽക്കും…
എന്തിനാണ് ഇത്രയും വലിയ വീട് ഉണ്ടാക്കിയിരിക്കുന്നത് എന്നെനിക്ക് തോന്നി.
അമ്മയ്ക്ക് വീട് അടിച്ചു തുടച്ചു വൃത്തിയാക്കി വയ്ക്കാൻ തന്നെ
ഒരു ദിവസത്തിന്റെ പകുതിയും വേണം..

ഞാൻ ജോലിക്ക് പോകുന്നത് കൊണ്ട് അടുക്കളപ്പണിക്ക് സഹായിക്കാൻ മാത്രമേ എനിക്ക് സമയം തികയൂ..

ഭക്ഷണം കഴിക്കുന്ന പാത്രം പോലും എന്റെ ഭർത്താവോ, അമ്മായിഅച്ഛനോ കഴുകി വയ്ക്കില്ല…

വസ്ത്രങ്ങൾ അഴിച്ച് തറയിൽ വലിച്ചെറിയും. വേണമെങ്കിൽ നമ്മൾ എടുത്ത് അലക്കിക്കോളണം.

അവർ വലിച്ചെറിയുന്ന തുണികൾ അലക്കി ഉണക്കി, തേച്ചു മടക്കി വയ്ക്കേണ്ടത് അമ്മയുടെ ചുമതലയാണ്….

അവരുടെ സകല കാര്യങ്ങളും ചെയ്തുകൊടുക്കുന്നത് ഇപ്പോഴും അമ്മയാണ്…

എല്ലാം ചെയ്തു കൊടുക്കുമ്പോഴും അവർ അർഹിക്കുന്ന പരിഗണനയോ സ്നേഹമോ ഒന്നും പ്രിയപ്പെട്ടവർ നൽകുന്നില്ലെന്ന് എനിക്ക് തോന്നി…

പെട്ടന്ന് ഒരു ദിവസം ചെന്നിട്ട്,
ഒരു കുടുംബത്തിന്റെ ശീലങ്ങളെയപ്പാടെ മാറ്റാനൊന്നും ഒരാളെകൊണ്ടും കഴിയില്ല എന്നെനിക്കറിയാം.
എങ്കിലും ശ്രമിച്ചു നോക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ.

എന്റെ ഭർത്താവിനെ ആദ്യം കാര്യം പറഞ്ഞു മനസ്സിലാക്കി…
അടുക്കളയിൽ മാത്രം ഒതുങ്ങിപ്പോയ അമ്മയുടെ വേദനകൾ പറഞ്ഞു മനസ്സിലാക്കി…

അമ്മ പഴയ ഡിഗ്രിക്കാരിയാണ്….
ജോലിയുമുണ്ടായിരുന്നു.
മൂത്ത മകൻ ജനിച്ചതിൽ പിന്നെ അവന്റെ കാര്യങ്ങൾ നോക്കാൻ വേറെ ആരുമില്ലാത്തതുകൊണ്ട് ജോലി വേണ്ടെന്നുവച്ചു.

മകനെ സ്കൂളിൽ അയക്കുന്ന പ്രായമായപ്പോൾ വീണ്ടും അമ്മ ജോലിക്ക് പോയി തുടങ്ങിയതാണ്, അപ്പോഴാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

വീണ്ടും വീട്ടമ്മയായി ജീവിക്കേണ്ടി വന്നു..

പിന്നെപ്പിന്നെ ആത്മവിശ്വാസമത്രയും തകർന്ന്, അവർ മുഴുവൻ സമയവും
ആ വീട്ടിലകപ്പെട്ടു പോയി…

എന്തിനുമേതിനും ഭർത്താവിന്റെ മുന്നിൽ കൈ നീട്ടുമ്പോൾ, അവരുടെ ആത്മാഭിമാനത്തിനും മങ്ങലേറ്റിരുന്നു

അമ്മയ്ക്ക് കൂട്ടുകാർ ആരും ഉണ്ടായിരുന്നില്ല.
അയൽവക്കത്തുള്ളവർ സമ്പന്ന കുടുംബങ്ങളാണ്.
അവരുടെ മതിൽക്കെട്ടിനുള്ളിൽ അവരവരുടെ കാര്യങ്ങളുമായി ഒതുങ്ങി കൂടുന്നവർ..

അമ്മയ്ക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും ആരും ഇല്ലായിരുന്നു.

ആൺ മക്കൾ വളർന്നു കഴിഞ്ഞപ്പോൾ
അവർക്ക് അവരുടെ പാടായി…
ഇളയവൻ പഠനവുമായി ബന്ധപ്പെട്ട് വിദേശത്താണ്.

അതോടെ പൂർണമായും ഒറ്റപ്പെട്ട അമ്മയുടെ വേദനകളെ എനിക്ക് മനസ്സിലായി.

ആദ്യമാദ്യം എന്നോട് അടുക്കാൻ പോലും അമ്മ കൂട്ടാക്കിയില്ല…

പക്ഷെ സംസാരിച്ചു വീഴ്ത്താനുള്ള കഴിവ് പാരമ്പര്യമായി കൈവരിച്ചിട്ടുള്ളതിനാൽ ഞാൻ അമ്മയെ എന്റെ വരുതിയിലാക്കി…

ജോലികൾ പങ്കിട്ടു ചെയ്യാനുള്ളതാണെന്ന് വീട്ടിലുള്ളവരെ മനസ്സിലാക്കിയെടുക്കാൻ എനിക്ക് നന്നായി പ്രയത്നിക്കേണ്ടി വന്നു.പ്രത്യേകിച്ചും അച്ഛനെ മനസ്സിലാക്കി എടുക്കാൻ ഞാൻ നന്നായി വിയർത്തു. പഴയ ആളുടെ ചിന്തകളെ മാറ്റിമറിക്കുക എന്നുള്ളത്
നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്..

പതിയെപ്പതിയെ അവരവരുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ വീട്ടിലുള്ളവർ തയ്യാറായി…

അമ്മയും ഞാനും രാവിലെ യോഗാ ക്ലാസ്സിന് പോയി….

ഓരോ ദിവസവും അമ്മ സന്തോഷത്തോടെ ഉണരുന്നത് ഞങ്ങൾ കണ്ടു.

മറ്റുള്ളവർക്കായി ഇന്ന് എന്ത് കഴിക്കാനുണ്ടാകും എന്ന ചിന്തയിൽ മാത്രം ഉണർന്നിരുന്ന അമ്മ
ഇപ്പോൾ സ്വയം സന്തോഷിക്കാൻ തുടങ്ങി…

എനിക്ക് ലീവുള്ള ദിവസങ്ങളിൽ ഞാനും അമ്മയും കൂടി ഷോപ്പിംങ്ങിനോ, അതുമല്ലെങ്കിൽ വെറുതെ വായ്നോക്കിയിരിക്കാൻ ബീച്ചിലോ പാർക്കിലോ പോയി തുടങ്ങി..

കോട്ടൺ സാരികളിൽ നിന്നും, അമ്മ ഇഷ്ട്ടമുള്ള വസ്ത്രങ്ങളിലേക്ക് മാറി, എണ്ണതേച്ച്‌ ഒതുക്കി വച്ച മുടി
കളർ ചെയ്തുമനോഹരമാക്കി…..

അണുകുടുംബങ്ങൾ സർവ്വസാധാരണമായ
ഈ പുതിയ കാലത്തിൽ, ടെൻഷൻ നൽകുന്ന ഭർതൃകുടുംബം ഉപേക്ഷിച്ച്‌,
എനിക്ക് വേണമെങ്കിൽ എന്റെ ഭർത്താവിനെയും കൊണ്ട്
വേറെ വീടെടുത്ത് താമസിക്കാവുന്നതേയുള്ളൂ…

ഞങ്ങൾക്ക് രണ്ടാൾക്കും വരുമാനുമുള്ളതുകൊണ്ട് അത് എളുപ്പവുമാണ്..

കൂടെയുള്ളവരെ ഉപേക്ഷിച്ചു കളയാൻ വളരെയെളുപ്പം സാധിക്കും പക്ഷെ എനിക്കതിനാവില്ല…

ആരോഗ്യമുള്ള കാലത്ത്,
മക്കൾക്കായി സ്വന്തം സ്വപ്നങ്ങളെ ത്യജിച്ച്‌ , ഒതുങ്ങിപ്പോയ മനുഷ്യരാണ്,
അവരെ എങ്ങനെയാണ് വേണ്ടെന്ന് വയ്ക്കുന്നത്…

ഇപ്പോഴത്തെ മനുഷ്യർ ആർക്കുവേണ്ടിയും സ്വന്തം സന്തോഷങ്ങളെ നശിപ്പിക്കുന്നവരല്ല..
പക്ഷെ പഴയതലമുറയിലെ മനുഷ്യരിൽ
ഏറെ പേരും മറ്റുള്ളവർക്കായി ജീവിച്ചവരാണ്….
അവർക്ക് നമ്മളല്ലാതെ വേറെയാരാ ഉള്ളത്..

ഒരുകൈകൊണ്ട് അവരെ കൂടെ ചേർത്തുപിടിക്കുന്നത്, അത്ര പാടുള്ള കാര്യമൊന്നുമല്ലന്നേ….

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *