അമ്മേ… ഞങ്ങളുടെ കല്യാണം കഴിഞ്ഞു.” ആ വാക്കുകൾ കേട്ട നിമിഷം എന്റെ നെഞ്ചിലൂടെ എന്തോ ഒന്ന് തുളച്ചുകയറിയതുപോലെ തോന്നി. “ഈ ചെക്കനുമായിട്ടോ…..

“നിങ്ങളറിഞ്ഞോ?
അപ്പുറത്തെ രവിയേട്ടന്റെ മോള് പൂജ കോളേജിൽ നിന്നിതുവരെ തിരിച്ചെത്തിയില്ലത്രേ. ഫോൺ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല. രവിയേട്ടനും ഉമേച്ചിയും കൂടി അവളെ തിരക്കി പോയിട്ടുണ്ട്….

എന്റെ വീട്ടിൽ നടന്നുകൊണ്ടിരുന്ന അയൽക്കൂട്ടത്തിനിടയിലാണ് വടക്കേലെ രമണി ചേച്ചിയാ വാർത്ത എല്ലാവരോടുമായി പറയുന്നത്.

ഇപ്പ എങ്ങനെ ഇരിക്കണ്?
കയ്യിലിരുന്ന ചായക്കപ്പ് താഴെ വെച്ച ശേഷം ഞാൻ എല്ലാവരെയും ഒന്ന് നോക്കി.

“അല്ലേലും ആ പരിഷ്കാരി പെണ്ണിനെ കണ്ടാൽ അറിയാം കാഞ്ഞ സാധനമാണെന്ന്.ജീൻസും ഇറുകിപ്പിടിച്ച ഉടുപ്പുമൊക്കെ ഇട്ട് അവൾ പോകുന്നത് കണ്ടപ്പഴേ ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ, അവളുടെ പോക്കത്ര ശരിയല്ലെന്ന്.എന്തായിരുന്നു അവളുടെ നെഗളിപ്പ്.

ഞാൻ പറഞ്ഞതും ചിലർ പരസ്പരം നോക്കി.

ഞാൻ തുടർന്നു.

“അപ്പോ നിങ്ങളെന്താ പറഞ്ഞത്? അവൾ പഠിക്കാൻ മിടുക്കിയാണ്, കരാട്ടെയൊക്കെ അറിയാം എന്നൊക്കെ…

ഹോ!!!എന്തൊക്കെ പുകഴ്ത്തലായിരുന്നു!”

ഞാൻ ചുണ്ടിന്റെ കോണിൽ ഒരു പരിഹാസച്ചിരി വരുത്തി.

“ഇപ്പോ കണ്ടില്ലേ?

എനിക്കുറപ്പാ….ഏതെങ്കിലും ചെക്കന്റെ കൂടെ ഓടിപ്പോയിട്ടുണ്ടാവും പെണ്ണ്.”

“മക്കൾക്ക് എത്ര സ്വാതന്ത്ര്യം കൊടുത്താലും ഒരു പരിധിയൊക്കെ വേണം.വീട്ടുകാർ ശ്രദ്ധിക്കാതെ പോയാൽ ഇതൊക്കെയേ സംഭവിക്കൂ.”

അവിടെ കൂടിയിരുന്നവരിൽ ചിലർ തലയാട്ടി.

ഞാൻ പറഞ്ഞത് വലിയൊരു സത്യമാണെന്ന ഭാവത്തിൽ വീണ്ടും ഞാൻ ചായക്കപ്പ് കയ്യിലെടുത്തു.

“അതിനൊക്കെ ഇവിടത്തെ ദിവ്യ.പഠിക്കാൻ ഇച്ചിരി പുറകിലാണെങ്കിലും എല്ലാരും എന്റെ മോളുടെ അടക്കവും ഒതുക്കവും കണ്ടുപഠിക്കണം.”അച്ഛനില്ലാത്ത മോളെ ഇത്രയും നന്നായി വളർത്തുന്ന എനിക്ക് നിങ്ങൾ അവാർഡ് തരണം.

“ശരിയാ…ആ പറഞ്ഞത് നേരാ സുലോചനയുടെ മോളൂട്ടി എത്ര ഭംഗിയായിട്ടാ നടക്കുന്നത്. ഇന്നത്തെ കാലത്ത് ഇതുപോലൊരു കുട്ടിയെ കിട്ടാൻ തന്നെ ഭാഗ്യം വേണം.”

രമണി ചേച്ചിയുടെ വാക്കുകൾ കേട്ടതും എന്റെ മനസ്സ് നിറഞ്ഞു.

ഞാൻ അഭിമാനത്തോടെ തലയുയർത്തി.

ഹാ… അവളെന്റെ മോളല്ലേ?

“അവൾ എന്നോട് ചോദിക്കാതെ എവിടെയും പോകുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

രാവിലേ കോളേജിൽ പോയാൽ വൈകിട്ട് നേരെ വീട്ടിലേക്ക് വരും. കൂട്ടുകാരൊക്കെയുണ്ടെങ്കിലും അതിരുവിട്ടൊരു സ്വാതന്ത്ര്യവും അവൾക്കില്ല.ഞാൻ പറഞ്ഞു നിർത്തി.

ശരിയാ…
അതാണ് പെൺകുട്ടികൾക്ക് വേണ്ടത്. പഠിപ്പിനേക്കാൾ വലുതാണ് നല്ല സ്വഭാവം. പെൺകുട്ടികൾ അടക്കവും ഒതുക്കവുമുള്ളവരായിരിക്കണം.”

രമണി ചേച്ചിയത് പറഞ്ഞപ്പോൾ എന്റെ അഭിമാനം ഇരട്ടിയായി.

അപ്പോഴാണ് പുറത്തൊരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.

കുറച്ചു നിമിഷങ്ങൾക്കകം വീടിന്റെ മുറ്റത്ത് രണ്ട് പേരുടെ കാൽപ്പെരുമാറ്റം കേട്ടു.

ഞാൻ വാതിലിനരികിലേക്ക് ചെന്നു നോക്കി.

പെട്ടെന്നെന്റെ മകൾ അകത്തേക്ക് കയറി വന്നു.

അവളുടെ കൂടെ ഒരു ചെറുപ്പക്കാരനും.

ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല.

അയൽക്കൂട്ടത്തിൽ ഇരുന്ന എല്ലാവരും ഒരേ സമയം അവളെയും കൂടെയുള്ള ചെറുപ്പക്കാരനെയും നോക്കി.

മകൾ എന്നെയൊന്ന് നോക്കി.പിന്നെ ശാന്തമായി പറഞ്ഞു,

“അമ്മേ… ഞങ്ങളുടെ കല്യാണം കഴിഞ്ഞു.”

ആ വാക്കുകൾ കേട്ട നിമിഷം എന്റെ നെഞ്ചിലൂടെ എന്തോ ഒന്ന് തുളച്ചുകയറിയതുപോലെ തോന്നി.

“ഈ ചെക്കനുമായിട്ടോ?”

എന്റെ ശബ്ദം പുറത്തുവന്നത് എങ്ങനെയാണെന്ന് എനിക്കുതന്നെ അറിയില്ല.

അവൾ ഒന്നും പറയാതെ അവന്റെ അരികിൽ തന്നെ നിന്നു.

ഞാൻ ആ ചെറുപ്പക്കാരനെ അടിമുടി നോക്കി.

നീട്ടി വളർത്തിയ മുടി,അതിൽ എന്തൊക്കെയോ നിറം,മൂക്കുത്തിയും കാതിൽ കുറെ കമ്മലുമിട്ട് ഒരുമാതിരി വേഷത്തിൽ ഒരു ചെറിയ ചെക്കൻ.

ഇവനെയൊക്കെ മനുഷ്യൻ എന്നാണോ വിളിക്കേണ്ടതെന്ന് പോലും എനിക്ക് തോന്നിപ്പോയി.

പക്ഷേ അപ്പോഴേക്കും എന്റെ ചുറ്റുമിരുന്നവരുടെ മുഖഭാവം മാറിയിരുന്നു.

കുറച്ചു നേരം മുൻപ് മറ്റൊരാളുടെ മകളെക്കുറിച്ച് വിധി പറഞ്ഞ് ചിരിച്ചിരുന്ന അതേ ആളുകളിപ്പോൾ എന്റെ മുഖത്തേക്ക് നോക്കുകയായിരുന്നു.

ആ നോട്ടങ്ങളിൽ സഹതാപമുണ്ടായിരുന്നോ പരിഹാസമായിരുന്നോ എന്നെനിക്ക് മനസ്സിലായില്ല.

ഒടുവിൽ ഒരാൾ പതുക്കെ എന്റെ മകളോട് ചോദിച്ചു,

“ഇതെന്താ മോളേ നീയീ കാണിച്ചത്?”

അവൾ തല താഴ്ത്തിയ ശേഷം പറഞ്ഞു,
ഞാനെന്റെ ഡ്രസ്സ് എടുക്കാൻ വന്നതാ… എനിക്കിന്ന് തന്നെ പോണം.

എന്റെ കാതുകളിൽ പിന്നെ ഒന്നും വ്യക്തമായി കേട്ടില്ല.

ഒരു മുഴക്കം മാത്രം.

ഞാൻ ചുറ്റുമുള്ളവരെ മാറിമാറി നോക്കി.

അൽപ്പസമയം മുൻപ് മറ്റൊരാളുടെ മകളെ കുറ്റം പറഞ്ഞ് ചിരിച്ചിരുന്ന എന്റെ മുഖത്ത് ഇപ്പോൾ ഒരു തുള്ളി ചിരിപോലുമില്ലായിരുന്നു.

അയൽക്കൂട്ടത്തിലെ സ്ത്രീകൾ ഓരോരുത്തരായി എഴുന്നേറ്റു.

ആരും ഒന്നും പറഞ്ഞില്ല.

പക്ഷേ അവരുടെ നിശ്ശബ്ദത തന്നെ എനിക്ക് ആയിരം വാക്കുകളേക്കാൾ വേദനയായി.

രമണി ചേച്ചി എന്നെയൊന്ന് നോക്കി.

ആ നോട്ടം താങ്ങാനാകാതെ ഞാൻ മുഖം താഴ്ത്തി.

അവരും ഒന്നും പറയാതെ പുറത്തേക്ക് നടന്നു.

അവരുടെ പിന്നാലെ മറ്റുള്ളവരും.

എല്ലാവരും പോയതോടെ എന്റെ മകൾ അകത്തേക്ക് കയറി.

അവൾക്ക് വേണ്ട സാധനങ്ങളൊക്കെ എടുത്തു.

പിന്നെ ആ ചെറുപ്പക്കാരന്റെ കൂടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

ഞാൻ ഒന്നും പറയാൻ കഴിഞ്ഞില്ല.

അവൾ പോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.

ഇറയത്ത് ചെന്നിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ പുറത്തൊരു ശബ്ദം കേട്ടു.

രവിയേട്ടനും ഉമേച്ചിയും വീട്ടിലേക്ക് വരികയായിരുന്നു.

അവരുടെ കൂടെ പൂജയുമുണ്ടായിരുന്നു.

എന്നെ കണ്ടതും ഉമേച്ചി അടുത്തുവന്ന് പറഞ്ഞു,

“സുലോചനേ… അവൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. അവളുടെ ഫോൺ മോഷണം പോയതായിരുന്നു. അതിന്റെ പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോയതുകൊണ്ടാണ് വരാൻ വൈകിയത്.”

ഞാൻ ഒന്നും മിണ്ടിയില്ല.

എന്റെ കണ്ണുകൾ പൂജയിലേക്ക് പോയി.

കുറച്ചു മണിക്കൂർ മുൻപ് ഞാൻ എല്ലാവരുടെയും മുന്നിൽ കുറ്റക്കാരിയാക്കിയ അതേ പെൺകുട്ടി.

പൂജ എന്റെ അരികിൽ വന്നിരുന്നു.

“ആന്റി… വിഷമിക്കണ്ട.”

അവൾ അകത്തേക്ക് പോയി എനിക്ക് കുടിക്കാൻ വെള്ളമെടുത്തുകൊണ്ടുവന്നു.

എന്റെ അരികിലിരുന്ന് എന്നെ സമാധാനിപ്പിക്കാൻ അവൾ കഴിയുന്നത്ര ശ്രമിച്ചു.

പക്ഷേ…

പോയത് അവളുടെ മകളല്ലല്ലോ.

പോയത് എന്റെയായിരുന്നു.

സ്നേഹിച്ചും ലാളിച്ചും വളർത്തിയ എന്റെ മകൾ.

അവൾ തിരിഞ്ഞുപോലും നോക്കാതെ മറ്റൊരാളുടെ കൂടെ പോയതിന്റെ വേദന അത്ര പെട്ടെന്ന് മാറുമോ?

കുറച്ചു കഴിഞ്ഞപ്പോൾ രവിയേട്ടനും ഉമേച്ചിയും പൂജയും തിരിച്ചു പോയി.

ഞാൻ വീണ്ടും ഒറ്റയ്ക്കായി.

അന്ന് ആദ്യമായി ഞാൻ എന്റെ തന്നെ വാക്കുകൾ ഓർത്തെടുത്തു.

“ജീൻസും ഇറുകിപ്പിടിച്ച ഉടുപ്പുമൊക്കെ ഇട്ട് നടക്കുന്നു…”

“ഏതെങ്കിലും ചെക്കന്റെ കൂടെ ഓടിപ്പോയിട്ടുണ്ടാവും…”

“മക്കൾക്ക് സ്വാതന്ത്ര്യം കൊടുക്കുമ്പോൾ ഒരു പരിധിയൊക്കെ വേണം…”

“പെൺകുട്ടികൾ അടക്കവും ഒതുക്കവുമുള്ളവരായിരിക്കണം…”

കുറച്ചു മണിക്കൂർ മുൻപ് മറ്റൊരാളുടെ മകളെക്കുറിച്ച് വിധിയെഴുതിയ ഓരോ വാക്കും ഇപ്പോൾ എന്റെ നെഞ്ചിൽ കുത്തിക്കയറുകയായിരുന്നു.

പൂജയെക്കുറിച്ച് ഞാൻ പറഞ്ഞതൊന്നും സത്യമായിരുന്നില്ല.

അവൾ തെറ്റുകാരിയായിരുന്നില്ല.

തെറ്റ് ചെയ്തത് ഞാനായിരുന്നു.

ഒരാളുടെ വസ്ത്രം കണ്ട് സ്വഭാവം അളന്നത്…

ഒരു പെൺകുട്ടി വൈകി വീട്ടിലെത്തിയപ്പോൾ അവളുടെ ജീവിതത്തെക്കുറിച്ച് വിധിയെഴുതിയത്…

അവളുടെ മാതാപിതാക്കളുടെ വേദനയെ പരിഹസിച്ചത്…

അതെല്ലാം എത്ര എളുപ്പമായിരുന്നു.

പക്ഷേ അതേ വാക്കുകൾ സ്വന്തം മകളുടെ പേരിനൊപ്പം ചേർത്ത് കേൾക്കേണ്ടി വന്നപ്പോൾ…

അതിനൊരു ഭാരം ഉണ്ടായിരുന്നു.

ശ്വാസം മുട്ടിക്കുന്നത്ര വലിയൊരു ഭാരം.

അന്നെനിക്ക് ഒരു കാര്യം മനസ്സിലായി—

മറ്റൊരാളുടെ മകളെക്കുറിച്ച് വിധി പറയാൻ നമുക്ക് വളരെ എളുപ്പമാണ്.

പക്ഷേ അതേ വിധി ഒരുനാൾ സ്വന്തം വീട്ടുമുറ്റത്ത് വന്ന് നിൽക്കുമ്പോഴാണ്, മറ്റൊരാളുടെ വേദനയെക്കുറിച്ച് നമ്മൾ എത്ര നിസ്സാരമായി സംസാരിച്ചിരുന്നുവെന്ന് മനസ്സിലാകുന്നത്.

കഥ :പരിഷ്കാരി
രചന : അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *