അച്ഛന്റെ പ്രായമുള്ള ഒരാളെയാണോ നിനക്ക് വിവാഹം കഴിക്കാൻ കിട്ടിയത് അമ്മൂ..?” അമ്മ ലതയുടെ ചോദ്യം കേട്ടപ്പോൾ അദ്വൈത പുസ്തകത്തിൽ നിന്ന് കണ്ണെടുത്ത് അവരെ നോക്കി.…

“അച്ഛന്റെ പ്രായമുള്ള ഒരാളെയാണോ നിനക്ക് വിവാഹം കഴിക്കാൻ കിട്ടിയത് അമ്മൂ..?”

അമ്മ ലതയുടെ ചോദ്യം കേട്ടപ്പോൾ അദ്വൈത പുസ്തകത്തിൽ നിന്ന് കണ്ണെടുത്ത് അവരെ നോക്കി.

“അമ്മ എന്തൊക്കെയാണ് ഈ പറയുന്നത്? ഞാനും അച്ഛനും തമ്മിൽ പന്ത്രണ്ട് വയസ്സ് മാത്രമേ വ്യത്യാസമുള്ളോ?.”

“അതെന്താ പന്ത്രണ്ട് വയസൊരു വ്യത്യാസം അല്ലെ?ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കൂടി വന്നാൽ ഒരു അഞ്ചോ ആറോ വയസിനെ വ്യത്യാസം ഉണ്ടാകാൻ പാടുള്ളൂ…”അവർ ദേഷ്യത്തോടെ പറഞ്ഞു.

അദ്വൈത ഒന്നും പറയാതെ വീണ്ടും പുസ്തകത്തിലേക്ക് നോക്കി. പക്ഷേ അവൾക്ക് ഒന്നും വായിക്കാൻ കഴിഞ്ഞില്ല. അമ്മ പറഞ്ഞ വാക്കുകൾ അവളെ അസ്വസ്ഥയാക്കി.

അദ്വൈതയ്ക്ക് ചെറുപ്പം മുതലേ പുസ്തകങ്ങളോട് വലിയ ഇഷ്ടമായിരുന്നു.

വീട്ടിൽ മറ്റുള്ളവർ ടിവി കാണുമ്പോൾ അവൾ ഒരു മൂലയിൽ ഇരുന്ന് പുസ്തകം വായിച്ചുകൊണ്ടിരിക്കും. അവധിക്കാലത്ത് കൂട്ടുകാരൊക്കെ പുറത്തുപോയി കളിക്കുമ്പോഴും അവൾക്ക് ഒരു കഥാപുസ്തകം കിട്ടിയാൽ മതി. സ്കൂളിൽ പഠിക്കേണ്ട പുസ്തകങ്ങൾക്കപ്പുറം കഥകളും നോവലുകളും കവിതകളും വായിക്കാൻ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

ചെറുപ്പം തൊട്ടേ വിഷുവിനു കൈനീട്ടം കിട്ടിയാൽ പോലും അതുകൊണ്ട് മറ്റെന്തെങ്കിലും വാങ്ങണമെന്ന് അവൾക്ക് തോന്നാറില്ലായിരുന്നു.

ലൈബ്രറിയിൽ പോയാൽ ഒരു പുസ്തകം മാത്രം എടുത്ത് തിരികെ വരാൻ അവളുടെ മനസ് ഒരിക്കലും അനുവദിച്ചിരുന്നില്ല.

“ഇതും എടുക്കാം…”
ഇതും നല്ലതാണെന്ന് തോന്നുന്നു…”
ഒടുവിൽ കയ്യിൽ കൊള്ളാത്തത്ര പുസ്തകങ്ങളുമായിട്ടായിരിക്കും വീട്ടിലേക്ക് വരുന്നത്.
അവളുടെ ഈ പുസ്തക പ്രാന്ത് കണ്ട് അമ്മ പലപ്പോഴും വഴക്ക് പറയുമായിരുന്നു.

“എന്തിനാണ് ഇത്രയും അധികം പുസ്തകം വാങ്ങുന്നത് ? എല്ലാം വായിക്കാൻ സമയം കിട്ടുമോ?പഠിക്കാൻ ഉള്ളത് ഇനി ആരു പഠിക്കും? “എന്നെല്ലാം പറഞ്ഞു അവളെ പിൻതിരിപ്പിക്കാൻ ശ്രമിക്കും.

പക്ഷേ അവൾക്ക് പുസ്തകം കൈയിൽ കിട്ടിയാൽ പിന്നെ കാത്തിരിക്കാൻ ഉള്ള ക്ഷമ ഉണ്ടാകാറില്ല.
രാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷം കിടക്കയിൽ കിടന്ന് വായിക്കും. രാവിലെ എഴുന്നേൽക്കുമ്പോഴും പുസ്തകം കൈയിൽ തന്നെ ഉണ്ടാകും.

വെറുതെ വായിക്കുക മാത്രം അല്ല.വായിച്ച കഥകളിലെ കഥാപാത്രങ്ങളെക്കുറിച്ച് അവൾ ഒരുപാട് ചിന്തിക്കുമായിരുന്നു.

കഥയിലെ നായിക എന്തുകൊണ്ടാണ് അങ്ങനെ ചെയ്തു?

നായകൻ അവളോട് അങ്ങനെ സംസാരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?

അവസാനം എഴുത്തുകാരൻ മറ്റൊരു രീതിയിൽ എഴുതിയിരുന്നെങ്കിൽ കഥ കുറച്ചു കൂടെ നന്നായേനെ എന്നൊക്കെ അവൾ ചിന്തിക്കും.

ചിലപ്പോഴൊക്കെ അതിലേ കഥാപാത്രങ്ങളായി പോലും അവൾ മാറാറുണ്ട്.

അവൾക്ക് കഥ വായിക്കുന്നത് വെറുമൊരു വിനോദമായിരുന്നില്ല.
ഒരു കഥ വായിച്ചുകഴിഞ്ഞാൽ അതിലെ ആളുകൾ കുറച്ചുദിവസത്തേക്ക് എങ്കിലും അവളെ ചുറ്റി പറ്റി നിൽക്കും.

കോളേജിൽ പഠിക്കുമ്പോഴും ഈ സ്വഭാവം മാറിയില്ല.
പഠനത്തിനും മറ്റു കാര്യങ്ങൾക്കും എല്ലാം സമയം കണ്ടെത്തിയിരുന്നെങ്കിലും വായന അവൾ ഉപേക്ഷിച്ചില്ല.

അവളുടെ മുറിയിൽ ഒരു ചെറിയ അലമാര ഉണ്ടായിരുന്നു.
അത് നിറയെ പുസ്തകങ്ങളായിരുന്നു.

ചിലത് പുതിയത്.
ചിലത് വളരെ പഴക്കം ചെന്നവ.
ചിലതിന്റെ പുറംചട്ട പോലും പൊട്ടിപ്പോയിരുന്നു.
പക്ഷേ അദ്വൈതയ്ക്ക് അവയൊന്നും കളയാൻ തോന്നിയിരുന്നില്ല.

ഓരോ പുസ്തകത്തിനും അവളുടെ മനസ്സിൽ ഓരോ ഓർമ്മയുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം അവൾ വിവേക് സത്യപാലന്റെ ഒരു പുസ്തകം വായിക്കാൻ ഇടയായത് .
ഒരു സുഹൃത്ത് ആണ് ആ പുസ്തകം അവൾക്ക് സമ്മാനിച്ചത്.

“ഇത് ഒന്ന് വായിച്ചുനോക്ക്. നിനക്ക് ഇഷ്ടപ്പെടും.”

അദ്വൈത അന്ന് വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് പുസ്തകം തുറന്നത്.

പക്ഷേ വായിച്ചുതുടങ്ങിയപ്പോൾ നിർത്താൻ തോന്നിയില്ല.

കഥയിലെ സംഭവങ്ങളേക്കാൾ അവൾക്ക് ഇഷ്ടപ്പെട്ടത് കഥാപാത്രങ്ങളെ ആയിരുന്നു .

അവർ പറയാതെ പോയ കാര്യങ്ങൾ.
ചെറിയ സംഭാഷണങ്ങൾ.

സാധാരണ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും അയാൾ എഴുതിയ രീതി.
അവൾ പുസ്തകം വായിച്ചുതീർത്ത രാത്രിയിൽ തന്നെ അതിന്റെ പേര് ഡയറിയിൽ കുറിച്ചുവെച്ചു.
കൂടെ എഴുത്തുകാരന്റെ പേരും.

വിവേക് സത്യപാലൻ .

അതിനുശേഷം അവൾ ആ എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങൾ തേടിയിറങ്ങി.

ഒന്ന് കിട്ടിയാൽ മറ്റൊന്ന് അന്വേഷിക്കും.
പുതിയ പുസ്തകം ഇറങ്ങിയാൽ അതും വാങ്ങും.

ആ എഴുത്ത് അവൾക്ക് പതിയെ പരിചിതമായി.
പക്ഷേ അപ്പോഴും വിവേക് എന്ന മനുഷ്യനോട് അവൾക്ക് യാതൊരു പരിചയവുമുണ്ടായിരുന്നില്ല.
അവൾക്ക് അറിയാവുന്നത് അയാളുടെ എഴുത്തുകൾ മാത്രം ആയിരുന്നു.

ഒരു എഴുത്തുകാരനെ അയാളുടെ പുസ്തകങ്ങളിലൂടെ മാത്രം അറിയാൻ കഴിയുമോ എന്നൊന്നും അവൾ അന്ന് ചിന്തിച്ചിരുന്നില്ല.
അവൾ വായിച്ചു.
ഇഷ്ടപ്പെട്ടു.
വീണ്ടും വായിച്ചു.
അത്രയേ ഉണ്ടായിരുന്നുള്ളൂ.

പിന്നീട് ഒരു ദിവസം ഒരു സാഹിത്യപരിപാടിയിൽ വെച്ച് അവിചാരിതമായി വിവേകിനെ അവൾ നേരിൽ കണ്ടു.

വേദിയിൽ ഇരുന്ന് സംസാരിക്കുന്ന അയാളെ കണ്ടപ്പോൾ അദ്വൈതയ്ക്ക് എന്തെന്ന് അറിയാത്ത സന്തോഷം തോന്നി.. താൻ ആരാധിച്ച അക്ഷരങ്ങൾക്ക് ജന്മം കൊടുത്തയാൾ..

എഴുത്തിലൂടെ നേരത്തെ തന്നെ മനസ്സിൽ പരിചയപ്പെട്ട ഒരാളുടെ മുഖം ആദ്യമായി കണ്ടപ്പോഴുള്ള വെപ്രാളം.

അവൾക്ക് അയാളോട് പോയി സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഇത്രയും കാലം പുസ്തകങ്ങളിലൂടെ മാത്രം പരിചയമുള്ള ഒരാളാണ് മുന്നിൽ നിൽക്കുന്നത് എന്ന ചിന്ത അവളെ പിന്നോട്ട് വലിച്ചു..

പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകുമ്പോഴാണ് തന്റെ പുസ്തകവും നെഞ്ചോട് ചേർത്തു പിടിച്ചു നിക്കുന്ന പെൺകുട്ടി വിവേകിന്റെ ശ്രദ്ധയിൽ പെട്ടത്.

“ഇത് വായിച്ചിട്ടുണ്ടോ?”തന്നെ നോക്കി അന്തം വിട്ടു നിൽക്കുന്ന അവളോട് വിവേക് തിരക്കി.

അദ്വൈത പുസ്തകത്തിലേക്ക് നോക്കി.
“രണ്ടുതവണ.”

“രണ്ടുതവണയോ?”വിവേകിന്റെ കണ്ണിൽ സന്തോഷം നിറഞ്ഞു.

“അതെ..രണ്ടാം തവണ ആദ്യത്തേതിനേക്കാൾ ഇഷ്ടപ്പെട്ടു.”

വിവേക് ചിരിച്ചു.
“അതെന്താ?”

“ആദ്യ തവണ കഥ മാത്രമേ മനസ്സിലായുള്ളൂ. രണ്ടാമത്തെ തവണ കഥാപാത്രങ്ങളെ മനസ്സിലായി.”അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ മറുപടി കേട്ട് വിവേക് കുറച്ചുനേരം അവളെ നോക്കി നിന്നു.

“എഴുതിയ ആളെക്കാൾ നന്നായി വായിച്ച ആളാണ് കഥ മനസ്സിലാക്കിയതെന്ന് തോന്നുന്നു.സോറി ഇത്രയും നന്നായി എന്റെ എഴുത്തിനെ ഏറ്റെടുത്ത ആളുടെ പേര് ചോദിക്കാൻ വിട്ടു പോയി.. യുവർ ഗുഡ് നെയിം പ്ലീസ്.. ”

“അദ്വൈത രാജീവ്‌ “അവൾ മറുപടി പറഞ്ഞു.

“ശരി സീ യു എഗൈൻ “വിവേക് ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു.
അദ്വൈതയും ചിരിച്ചു.

അവരുടെ ആദ്യ സംഭാഷണം അത്രയേ ഉണ്ടായിരുന്നുള്ളൂ.അന്നവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.. താൻ അത്രയേറെ ആരാധിച്ച വ്യക്തി ഇന്ന് തന്നോട് സംസാരിച്ചു.. അവൾ അത് ഡയറിയിൽ കുറിച്ചിട്ടു.. “എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ദിവസങ്ങളിൽ ഒന്ന് ”

പക്ഷേ അതിനുശേഷം അവർ വീണ്ടും പലവട്ടം കണ്ടുമുട്ടി.. വിവേക് പങ്കെടുത്ത വേദികൾ ഒന്നും അവൾ മിസ്സ്‌ ആക്കിയില്ല..വിവേകിനോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും തന്നെ അവൾ പാഴാക്കിയിരുന്നില്ല.അവൾ സ്നേഹത്തോടെ വിവേകിനെ മാഷേ എന്നാണ് വിളിച്ചിരുന്നത്.

ആദ്യം പുസ്തകങ്ങളെക്കുറിച്ച് മാത്രം.
പിന്നെ ഓരോ ദിവസത്തെയും ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ച്. പ്രകൃതിയെ കുറിച്.. മഴയെ കുറിച്..എല്ലാം അവർ സംസാരിച്ചു.

അവൾ വായിച്ച എഴുത്തുക്കളെ പറ്റി അവൾ അയാളോട് പറയാറുണ്ടായിരുന്നു. താൻ എഴുതിക്കൊണ്ടിരിക്കുന്ന കഥകളെക്കുറിച്ച് അവളോടും വിവേക് അഭിപ്രായം ചോദിക്കാൻ തുടങ്ങി.
അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെയാണ് അദ്വൈതയ്ക്ക് ഒരു കാര്യം മനസ്സിലായത് താൻ ഇത്രയും കാലം പുസ്തകങ്ങളിലൂടെ ഇഷ്ടപ്പെട്ടിരുന്ന ആ മനുഷ്യനെ, ഇപ്പോൾ നേരിട്ട് ഇഷ്ടപ്പെടുന്നുണ്ടെന്ന്.അവളോട് പ്രത്യേക ഒരിഷ്ടം വിവേകിനും ഉണ്ടായിരുന്നു. അത് അവൾക്കും മനസിലായിരുന്നു.
അവിടെ നിന്നാണ് അവരുടെ ബന്ധത്തിന് മറ്റൊരു അർത്ഥം വന്നത്.

ദിവസത്തിൽ ഒരിക്കൽ എങ്കിലും അവൾക്ക് വിവേകിനോട് സംസാരിക്കാതെ ഇരിക്കാൻ പറ്റാതായി.
ഒരു ദിവസം വിവേക് വിളിച്ചില്ലെങ്കിൽ വിളിക്കും വരെ അദ്വൈത ഫോൺ നോക്കിയിരിക്കും.അങ്ങനെ വിവേക് അത്രമേൽ ആഴത്തിൽ അവളെ സ്വാധിനിച്ചു.

അവളുടെ ഇഷ്ടം വീട്ടിൽ അറിഞ്ഞപ്പോൾ അമ്മ വലിയ രീതിയിൽ ബഹളം വെച്ചു. വിവേകിനു അവളെക്കാൾ പന്ത്രണ്ട് വയസ് കൂടുതൽ ആണെന്നത് ആയിരുന്നു പ്രശ്നം.. പക്ഷെ അച്ഛൻ രാജീവ്‌ സൗമ്യമായാണ് അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്

അവൾ എങ്ങനെ വിവേകിനെ പരിചയപ്പെട്ടു, എത്ര നാളായി സംസാരിക്കുന്നു, അയാൾ എന്താണ് ചെയ്യുന്നത്, അയാളുടെ കുടുംബത്തെക്കുറിച്ച് എന്തൊക്കെ അറിയാം എന്നൊക്കെ അച്ഛൻ ചോദിച്ചു.

അദ്വൈത ഒന്നും മറച്ചുവെച്ചില്ല.
എല്ലാം പറഞ്ഞു.

“നിനക്ക് അയാളെ വിവാഹം കഴിക്കണം എന്നാണോ?”അവസാനം അയാൾ ചോദിച്ചു.

“അതെ.”
അത്രയും പറഞ്ഞിട്ട് അവൾ തല താഴ്ത്തി.

ലത കുറച്ചുനേരം മകളെ നോക്കി.

“നിനക്ക് അയാളെ കുറിച്ച് എന്തറിയാം അറിയാം?”

“ എനിക്ക് അറിയാവുന്നിടത്തോളം ഞാൻ അയാളെ മനസ്സിലാക്കിയിട്ടുണ്ട്.”

“ എന്തെങ്കിലും അറിയാം എന്ന് കരുതി ഒരു മനുഷ്യനെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയാണോ വേണ്ടത്.. വിവാഹം രണ്ട് ദിവസത്തേക്ക് ഉള്ള ബന്ധം ആണെന്നാണോ നിന്റെ വിചാരം.”അവരുടെ ശബ്ദം ഉയർന്നു.

“അമ്മ എന്തൊക്കെയാണ് പറയുന്നത്.. മാഷ് സാധാരണക്കാരൻ അല്ല.. ഒരുപാട് പേര് ആരാധിക്കുന്ന ഒരു നല്ല എഴുത്തുകാരൻ ആണ്.”

“ഓഹ് അപ്പൊ അങ്ങനെ വരട്ടേ.. പണ്ട് മുതലേ പുസ്തകം തിന്നു നടക്കുന്ന കണ്ടപ്പോഴേ ഞാൻ ഓർത്തതാണ് ഇത് ഇങ്ങനെയൊക്കെയേ വരുള്ളൂ എന്ന്.. പുസ്തകത്തിൽ എഴുതി വെച്ചേക്കുന്ന തേനൊലിക്കുന്ന ഡയലോഗും കണ്ടാണോ മോള് പ്രേമിക്കാൻ ഇറങ്ങിയത്.. സാഹിത്യം അല്ല ജീവിതം.. അയാൾ എത്ര വലിയ എഴുത്തുകാരൻ ആണേലും ശെരി ഇത് ഞാൻ സമ്മതിക്കില്ല.”

അദ്വൈത ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. അവളുടെ മൗനം കണ്ടപ്പോൾ സംസാരിച്ചു തുടങ്ങിയത് അച്ഛൻ ആയിരുന്നു.

“ഞങ്ങൾ ഇപ്പോൾ തന്നെ ഒരു നോ പറയുന്നില്ല.പക്ഷേ കുറച്ച് സമയം വേണം. ”

അദ്വൈതയുടെ മുഖത്ത് ചെറിയൊരു ആശ്വാസം വന്നു.

“ശരി.”അവൾ സമ്മതിച്ചു.

“ ഞങ്ങൾക്ക് അയാളോട് ഒന്ന് സംസാരിക്കണം.”
രാജീവ്‌ പറഞ്ഞു.

അന്ന് വൈകുന്നേരം അവൾ വിവേകിനെ വിളിച്ചു.

“നമ്മുടെ കാര്യം വീട്ടിൽ അറിഞ്ഞു.. അവർ മാഷിനെ കാണണം എന്ന് പറഞ്ഞു.”

വിവേക് കുറച്ചു സമയം ഒന്നും മിണ്ടിയില്ല പിന്നെ പറഞ്ഞു “ഞാൻ വരാം..”

പിറ്റേന്ന് രാവിലെ തന്നെ വിവേക് അവളുടെ വീട്ടിൽ എത്തി.അവളുടെ അച്ഛനും അമ്മയും തന്നെ രൂക്ഷമായി വീക്ഷിക്കുന്നത് പോലെ വിവേകിനു തോന്നി..

രാജീവ് നേരിട്ട് കാര്യത്തിലേക്ക് പോയില്ല.
വിവേകിന്റെ ജോലി, കുടുംബം, എഴുത്ത് എന്നിവയെക്കുറിച്ച് കുറച്ചുനേരം സംസാരിച്ചു.

“നിങ്ങൾക്ക് അദ്വൈതയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ?”സംസാരിച്ചു കൊണ്ടിരിക്കെയാണ് അയാൾ അത് ചോദിച്ചത്.

വിവേക് കുറച്ചുനേരം മിണ്ടാതെ ഇരുന്നു.
“ഉണ്ട്.”

“അവൾക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്.”

“എനിക്കും.”

“നിങ്ങൾ അത്യാവശ്യം അറിയപ്പെടുന്ന ഒരു എഴുത്ത് കാരൻ ആണെന്ന് അറിഞ്ഞതിൽ സന്തോഷം പക്ഷേ പേരെന്റ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കും അവളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ ഉണ്ടാകുമല്ലോ..എന്താണ് ഞാൻ പറഞ്ഞു വരുന്നത് എന്ന് മിസ്റ്റർ വിവേകിനു മനസ്സിലാകുന്നുണ്ടല്ലോ?”

വിവേക് രാജീവിനെ നോക്കി.
“പ്രായം.”

രാജീവ് ഒന്നും പറഞ്ഞില്ല.

വിവേക് പതുക്കെ തുടർന്നു.
“പന്ത്രണ്ട് വയസിന്റെ വ്യത്യാസം.”

“അതെ.”
രാജീവ് തലകുലുക്കി.

“മറ്റൊന്നും ഞങ്ങൾക്ക് ഇപ്പോൾ പറയാനില്ല.”

വിവേക് കുറച്ചുനേരം മിണ്ടാതെ ഇരുന്നു.

ഇക്കാര്യം പ്രതീക്ഷിച്ചിരുന്നു അത് കൊണ്ട് തന്നെ വലിയ നിരാശ തോന്നിയില്ല. എന്തും നേരിടാൻ തയാറായാണ് വന്നതും

തന്റെ പ്രായം.

അദ്വൈതയുടെ പ്രായം.

ഇരുവരും തമ്മിലുള്ള വ്യത്യാസം.
ഇതുവരെ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നല്ല.
പക്ഷേ അദ്വൈതയുടെ മുന്നിൽ നിൽക്കുമ്പോൾ ആ വ്യത്യാസം ഒരിക്കലും അത്ര വലുതായി തോന്നിയിരുന്നില്ല.

അന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി മുഴുവൻ വിവേക് അതിനെക്കുറിച്ചാണ് ചിന്തിച്ചത്.

അദ്വൈതയുടെ ജീവിതത്തിൽ താൻ ഒരു തടസ്സമാകുമോ?

ഇന്ന് അവൾക്ക് തന്നെ വേണമെന്ന് തോന്നിയാലും
പത്ത് വർഷം കഴിഞ്ഞ് ആ തീരുമാനത്തിൽ അവൾക്ക് കുറ്റബോധം തോന്നുമോ..

അവളുടെ മാതാപിതാക്കൾക്ക് തോന്നുന്ന പേടി പതിയെ വിവേകിനെ അലട്ടിത്തുടങ്ങി.

അടുത്ത ദിവസങ്ങളിൽ അദ്വൈതയോട് സംസാരിക്കുമ്പോൾ വിവേകിന്റെ സ്വഭാവത്തിൽ ചെറിയൊരു മാറ്റം അവൾ ശ്രദ്ധിച്ചു.

“എന്താ മാഷേ?”

“ഒന്നുമില്ല.”

“എന്തോ ഉണ്ട്.”അവൾക്ക് എന്തോ പന്തികേട് തോന്നി.

“കുറച്ച് കാര്യങ്ങൾ ആലോചിക്കുകയാണ്.”

“എന്നെക്കുറിച്ചാണോ?”

വിവേക് ചിരിക്കാൻ ശ്രമിച്ചു.
“നിന്നെക്കുറിച്ചും.”

“എന്താണെന്ന് തെളിച്ചു പറ മാഷേ..”അയാളുടെ സ്വഭാവത്തിലെ മാറ്റം കണ്ട് അവൾക്ക് പേടി തോന്നി.

വിവേക് പക്ഷെ ഒന്നും തുറന്നു പറഞ്ഞില്ല.

കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവേക് അദ്വൈതയെ നേരിൽ കണ്ടു
“ഞാൻ കുറച്ച് ദിവസത്തേക്ക് ഒരു യാത്ര പോകുകയാണ്.”

“എവിടേക്ക്?” അവൾ വിഷമത്തോടെ ചോദിച്ചു

“തീരുമാനം ആയിട്ടില്ല…”

“എത്ര ദിവസം?”

“അറിയില്ല. ഒരാഴ്ചയോ മറ്റോ.”അവളുടെ കണ്ണിൽ നോക്കാതെയാണ് അയാൾ മറുപടി എല്ലാം പറഞ്ഞ് ഒപ്പിച്ചത്.

“എന്താ മാഷേ?മാഷിന് എന്താ പറ്റിയത്.. എന്റെ വീട്ടിൽ വന്നു പോയതിനു ശേഷം ഞാൻ ശ്രദ്ധിക്കുന്നതാണ് മാഷിന്റെ മാറ്റം.. അവർ അങ്ങനെ പറഞ്ഞതാണോ മാഷിന്റെ പ്രശ്നം? ”

“ഒന്നുമില്ല.”

“മാഷിന്റെ ഈ അകൽച്ച എന്നെ എത്ര വേദനിപ്പിക്കുന്നു എന്നറിയാമോ.. ഇതൊക്കെ ഫേസ് ചെയ്യാൻ തയ്യാറായി തന്നെയല്ലേ നമ്മൾ സ്നേഹിച്ചത് എന്നിട്ടിപ്പോ എന്താ ഇങ്ങനെ..”അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

“നീ കരയാതെ.. ആളുകൾ ശ്രദ്ധിക്കുന്നു നമുക്ക് തിരിച്ചുവന്നിട്ട് സംസാരിക്കാം.”വിവേക് അവളെ ആശ്വസിപ്പിച്ചു.

“എപ്പോഴാണ് പോകുന്നത്?”അവൾ കണ്ണു തുടച്ചു.

“നാളെ.”

“എന്നെ വിളിക്കില്ലേ?”അവൾ കൊച്ചു കുട്ടിയെ പോലെ ചോദിച്ചു.

വിവേക് കുറച്ചുനേരം മിണ്ടാതെ നിന്നു.
“നോക്കാം.”

അവൾ ഒന്നും പറഞ്ഞില്ല.

“ശരി.”വിവേക് യാത്ര പറഞ്ഞു.. നിയന്ത്രിച്ചു വെച്ചിട്ടും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.

അടുത്ത ദിവസം രാവിലെ വിവേക് വിളിച്ചു.

“ഞാൻ പോകുകയാണ്.”

“ശരി മാഷേ.. പോയി പെട്ടെന്ന്തിരികെ വാ ”

“അദ്വൈത…”

“ഹ്മ്മ്?”

“കുറച്ച് ദിവസം നമ്മൾക്കിനി സംസാരിക്കാതെ ഇരിക്കാം .”

അവൾക്ക് അത് കേട്ടപ്പോൾ ഇടി വെട്ടേറ്റത് പോലെ തോന്നി .

“എന്തിന്?”

“തിരിച്ചുവന്നിട്ട് സംസാരിക്കാം.”

“മാഷേ…”അവൾ കരഞ്ഞു

അവൻ ഫോൺ കട്ട് ചെയ്തു.
അദ്വൈത വീണ്ടും വിളിച്ചു.
ഫോൺ സ്വിച്ച് ഓഫ്.

ആദ്യം അവൾ കരുതിയത് യാത്രയ്ക്കിടയിൽ ഫോൺ ഓഫ് ചെയ്തതാണെന്നാണ് .
വൈകുന്നേരവും വിളിച്ചു.
ലഭിച്ചില്ല.
അടുത്ത ദിവസവും അതേ അവസ്ഥ.

ഒരു ദിവസം.

രണ്ട് ദിവസം.

മൂന്ന് ദിവസം.

അവൾക്ക് ഒരു വിവരവും കിട്ടിയില്ല.അവന്റെ കാര്യങ്ങൾ അറിയാതെ അവൾക്ക് മാനസിക നില തെറ്റുന്നത് പോലെ തോന്നി.

അവൾ വിവേകിന്റെ ചില സുഹൃത്തുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചു.
അവരിൽ ചിലർക്കും വ്യക്തമായ വിവരം ഉണ്ടായിരുന്നില്ല.

അവളുടെ അവസ്ഥ വഷളായി വരികയാണെന്ന് വീട്ടുകാർക്കും പതിയെ മനസ്സിലായി.

അവൾ ഭക്ഷണം കഴിക്കാതായി.

ഉറക്കം കുറഞ്ഞു.

ഫോൺ കയ്യിൽ പിടിച്ചുകൊണ്ടാണ് പലപ്പോഴും ഇരിക്കുന്നത്.

ഓരോ കോൾ വന്നാലും പ്രതീക്ഷയോടെ നോക്കും.

പക്ഷേ അത് വിവേകല്ലെന്ന് മനസ്സിലായാൽ ഫോൺ വീണ്ടും മേശപ്പുറത്ത് വെക്കും

അച്ഛൻ ഒന്നും ചോദിക്കാതെ അവളെ നോക്കും.
വിവേക് വെറുതെ യാത്ര പോയതല്ല എന്ന് അയാൾക്ക് മനസിലായി
അവൻ മനപ്പൂർവം മാറിനിൽക്കുകയാണ്.

“എന്താണ് അച്ഛാ ഞങ്ങൾ ചെയ്ത തെറ്റ് പരസ്പരം സ്നേഹിച്ചതോ? അതോ മാഷിന് കുറച്ചു പ്രായം കൂടി പോയതോ?.. മാഷിനെ ഇവിടെ നിന്ന് അപമാനിച്ചു പറഞ്ഞു വിട്ടപ്പോ നിങ്ങൾ എന്ത് നേടി.. അതോടെ എല്ലാം നിങ്ങൾ ആഗ്രഹിച്ച പോലെ നടക്കും എന്ന് കരുതുന്നു എങ്കിൽ തെറ്റി.. ഞാൻ ഒരാളെ വിവാഹം കഴിക്കുന്നു എങ്കിൽ അത് മാഷിനെ മാത്രം ആയിരിക്കും.. എന്റെ ജീവിതത്തിൽ ആരെ തിരഞ്ഞെടുക്കണം എന്ന് ഞാൻ അല്ലെ അമ്മേ തീരുമാനിക്കേണ്ടത്.. “അവൾ പൊട്ടിക്കരഞ്ഞു.

അമ്മയ്ക്ക് അതിന് മറുപടി പറയാനായില്ല.
അവർക്ക് ഒന്ന് മാത്രം മനസിലായി
മകളുടെ മനസ്സ് ശരിയല്ല എന്ന്.. കാരണം ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥയിൽ അവർ മകളെ കണ്ടിരുന്നില്ല.

ഒരിക്കൽ കൂടി അവൾ വിവേകിനെ വിളിച്ചു നോക്കി.’സ്വിച്ച് ഓഫ്‌ “അവൾ കൈ കൊണ്ട് തലയിൽ ആഞ്ഞടിച്ചു ഭ്രാന്തിയെ പോലെ അലറി അച്ഛനും അമ്മയും അത് കണ്ടു ഭയന്നു.അവർ കഴിയുന്നത്ര അവളെ ആശ്വസിപ്പിച്ചു.. വിവേകിന്റെ കാര്യത്തിൽ എതിർപ്പ് പറയില്ലെന്ന് വാക്ക് നൽകി പക്ഷെ വിവേക് തന്നിൽ നിന്ന് അകന്ന് കഴിഞ്ഞു എന്ന് അവൾക്ക് മനസിലായിരുന്നു.

അങ്ങനെ ഇരിക്കെ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആ രാത്രി അദ്വൈത സ്വന്തം ജീവനൊടുക്കാൻ ശ്രമിച്ചു .
ചോരയിൽ കുളിച്ചു കിടക്കുന്ന മകളെ രാജീവ്‌ ആണ് ആദ്യം കണ്ടത്.. അയാൾ വേഗം തന്നെ അവളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു.
ലതയ്ക്ക് കരച്ചിൽ നിർത്താനായില്ല.
രാജീവ് ആശുപത്രിയുടെ വരാന്തയിൽ ഒരിടത്ത് തന്നെ തളർന്നിരുന്നു.

തങ്ങളുടെ ദുർവാശിക്ക് പകരം കൊടുക്കേണ്ടി വന്നത് മകളുടെ ജീവൻ ആണ് എന്ന് അയാൾക്ക് മനസിലായി അയാളുടെ കണ്ണു നിറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞ് വിവേക് തിരിച്ചെത്തി.

അവൻ വീട്ടിലെത്തിയപ്പോൾ തന്നെ ഫോൺ ഓണാക്കി നോക്കി

അപ്പോഴാണ് അവളുടെ നിരവധി മിസ്ഡ് കോളുകളും മെസ്സേജുകളും കണ്ടത്.

അവസാനം രാജീവിന്റെ ഒരു സന്ദേശം.

“അദ്വൈത ആശുപത്രിയിലാണ്.”

വിവേക് കുറച്ചുനേരം ആ മെസ്സേജിലേക്ക് തന്നെ നോക്കി നിന്നു.അവന്റെ കണ്ണിൽ ഇരുട്ട് കയറി ഫോണെടുത്ത്
ഉടൻ രാജീവിനെ വിളിച്ചു.

“എന്തുപറ്റി?”

മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത തളം കെട്ടി നിന്നു.

“അവൾക്ക് എന്ത് പറ്റി പ്ലീസ്…”വിവേകിന് ടെൻഷൻ ആയി.

“നിങ്ങളുടെ അകൽച്ചഅവൾക്ക് താങ്ങാൻ ആയില്ല അവൾ… അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു .”

വിവേകിന്റെ ശബ്ദം വിറച്ചു.
“ദൈവമേ…അവൾക്കിപ്പോ എങ്ങനെയുണ്ട് ”അവന്റെ ശബ്ദത്തിൽ പരിഭ്രാന്തി നിറഞ്ഞു.

“അപകട നില തരണം ചെയ്തു .”

“എനിക്ക് അവളെ കാണണം..”വിവേകിന്റ ശബ്ദം ഇടറി

രാജീവ് കുറച്ചുനേരം മിണ്ടിയില്ല.

“വരൂ.. ഞങ്ങൾ മെഡി കെയർ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.

ഫോൺ കാൾ നിശ്ചലമായതും വിവേക് ആശുപത്രിയിലേക്ക് പാഞ്ഞു. പെർമിഷൻ വാങ്ങി അകത്തേക്ക് ചെല്ലുമ്പോൾ തളർന്നു കിടക്കുന്ന അദ്വൈതയെയാണ് കണ്ടത്. അവനു കണ്ണുനീർ അടക്കി നിർത്താൻ ആയില്ല.. ഇടതു കൈത്തണ്ടയ്ക്ക് മീതെ നീളത്തിൽ വലിയൊരു കെട്ടും
. അവന് ഒന്നും പറയാൻ കഴിഞ്ഞില്ല.
അവളുടെ കിടക്കയ്ക്കരികിൽ നിന്നുകൊണ്ട് കുറച്ചുനേരം തല താഴ്ത്തി നിന്നു.

കുറച്ചു സമയത്തിന് ശേഷം അവൾ കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് അവനെയായിരുന്നു.

“മാഷേ…”അവളുടെ ശബ്ദം തളർന്നിരുന്നു എങ്കിലും അവനെ കണ്ട മാത്രയിൽ മിഴികളിൽ തിളക്കം..

വിവേകിന്റെ കണ്ണുകൾ നിറഞ്ഞു.

“ഞാൻ ഇവിടെ ഉണ്ട്.നീ എന്തിനിത് ചെയ്തു.. നിന്റെ നല്ലതിന് വേണ്ടിയല്ലേ ഞാൻ..”അവന്റെ വാക്കുകൾ ഇടറി
അവൾ ഒന്നും പറഞ്ഞില്ല.

“ഞാൻ നിന്നെ വിട്ടുപോകാൻ ശ്രമിച്ചത്… നിന്നെ സ്നേഹിച്ചതുകൊണ്ടാണ്.മാറി നിന്നാൽ നീ എന്നേ മറക്കുമെന്ന് ഞാൻ കരുതി പക്ഷെ എനിക്ക് തെറ്റ് പറ്റി. ”

അവൾ കണ്ണുകൾ അടച്ചു.
അവൻ അവളുടെ കൈ പിടിച്ചു.

“ ഇനി ഞാൻ നിന്നെ വിട്ട് പോകില്ല. പക്ഷേ വിവാഹത്തെക്കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ്, നീ സുഖമായിരിക്കണം മനസ് കൊണ്ടും ശരീരം കൊണ്ടും… ഇനി ഒരിക്കലും നിന്റെ ജീവന് ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്ന് നീ എനിക്ക് വാക്ക് തരണം.”

“വാക്ക് തരാം.. പക്ഷെ ഞാൻ അങ്ങനെ ചെയ്യാതെ ഇരിക്കണം എങ്കിൽ ഇനിയൊരിക്കലും എന്നേ തനിച്ചാക്കി പോകില്ലെന്ന് മാഷും വാക്ക് തരണം,..”അവൾ അത് പറഞ്ഞ് കൊണ്ട് കൈ നീട്ടിയപ്പോൾ വിവേക് അവൾക്ക് വാക്ക് കൊടുത്തു… തിരിച്ചു അവളും സത്യം ചെയ്തു.

ആ ദിവസം രാജീവും ലതയും അവനോട് ഒന്നും പറഞ്ഞില്ല.
പക്ഷേ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ വിവേകിനോട് സംസാരിച്ചു.

“വിവേക് ഞങ്ങൾക്ക് ഇപ്പോഴും പേടിയുണ്ട്.. പക്ഷെ ഒരിക്കൽ കൂടി അവളുടെ ജീവിതം വെച്ചു കളിക്കാനുള്ള ധൈര്യം ഞങ്ങൾക്ക് ഇല്ല.. ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല കണ്ണടക്കുമ്പോൾ ഒക്കെയും ചോരയിൽ കുളിച്ചു കിടക്കുന്ന മോളുടെ മുഖമാണ് മനസിൽ.. ഒരു നിമിഷം ഞാൻ വൈകിയിരുന്നെങ്കിൽ എന്റെ മോളിന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു.. അവളുടെ ഇഷ്ടം പോലെ എല്ലാം നടക്കട്ടെ..”

നിറ കണ്ണുകളോടെ അയാളത് പറഞ്ഞപ്പോൾ വിവേകിന്റെയും കണ്ണ് നിറഞ്ഞു.

“എന്നോട് ക്ഷമിക്കണം.. നിങ്ങളുടെ ഈ കണ്ണുനീരിനു ഞാനും ഒരു കാരണക്കാരൻ ആകേണ്ടി വന്നതിൽ. അവൾ എന്നേ മറക്കാൻ ആണ് ഞാൻ മനഃപൂർവം മാറി നിന്നത് പക്ഷെ അത് ഇങ്ങനെ ഒക്കെ ആയി തീരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല.. പക്ഷെ ഞാൻ വാക്ക് തരുന്നു അവളെ പൊന്നു പോലെ ഞാൻ നോക്കിക്കോളാം ഒരിക്കലും ഞാൻ മൂലം അവളുടെ കണ്ണ് നിറയില്ല സത്യം..”

അത് കേട്ടപ്പോൾ രാജീവും ലതയും സന്തോഷിച്ചു.

വിവേക് ആണ് ഇക്കാര്യം അദ്വൈതയോട് പറഞ്ഞത് ഒപ്പം അച്ഛൻ അവളെ എത്ര സ്നേഹിക്കുന്നു എന്നും വിവേക് അവളെ ബോധ്യപെടുത്തി.

“മാഷേ എനിക്കൊന്ന് അച്ഛനോട് സംസാരിക്കണം.”എല്ലാം കേട്ട് കഴിഞ്ഞു അവൾ പറഞ്ഞു.. രാജീവിനെ അകത്തേക്ക് വിളിച്ച ശേഷം വിവേക് പുറത്ത് നിന്നു.

തന്റെ അരികിലായി ഇരിക്കുന്ന അച്ഛന്റെ കൈ ചേർത്തു പിടിച്ചു അവൾ വിളിച്ചു.

“അച്ഛാ…
അച്ഛൻ എനിക്ക് മാപ്പ് തരണം..പൂർണ മനസോടെ അല്ല അച്ഛനിത് സമ്മതിച്ചത് എന്ന് എനിക്കറിയാം.അച്ഛനെയും അമ്മയെയും തോൽപ്പിക്കാൻ വേണ്ടി ആയിരുന്നില്ല ഞാൻ ഇത് ചെയ്തത് മനസിന്റെ നിയന്ത്രണം അത്രമേൽ എന്റെ കൈ വിട്ടു പോയിരുന്നു.. ആ അവസ്ഥയിൽ ഒരു മകളെ കാണേണ്ടി വന്ന പിതാവിന്റെ മാനസിക അവസ്ഥ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.. എനിക്ക് മാപ്പ് തരണം..”

തന്റെ നെഞ്ചിൽ കിടന്ന് പിഞ്ചു കുഞ്ഞിനെ പോലെ കരയുന്ന അവളുടെ മുടിയിഴയിലൂടെ അയാൾ തലോടി..

“തെറ്റ് പറ്റിയത് ഞങ്ങൾക്ക് ആണ് മോളെ.. പ്രായത്തിന്റെ പേരിൽ വിവേകിനെ നിന്നിൽ നിന്ന് അകറ്റി നിർത്താൻ ഞങ്ങൾ നോക്കിയപ്പോൾ വിവേകിന്റെ മനസിലെ നന്മ മാത്രം ആണ് നീ കണ്ടത്.. അതിപ്പോ ഞങ്ങളും മനസിലാക്കി കഴിഞ്ഞു..മോള് വിഷമിക്കാതെ തികഞ്ഞ മനസോടെ തന്നെയാണ് അച്ഛനിത് സമ്മതിക്കുന്നത്.”

അവൾ തന്റെ അച്ഛനെ മുറുകെ പിടിച്ചു പൊട്ടി കരഞ്ഞു. അയാൾക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല… ആ സുന്ദര നിമിഷം നോക്കി നിൽക്കവേ വിവേകും അറിയാതെ പുഞ്ചിരിച്ചു പോയി.

✍️അംബിക ശിവശങ്കൻ.

Leave a Reply

Your email address will not be published. Required fields are marked *