ഉപേന്ദ്രാ… നമുക്കൊന്ന് കൂടണ്ടേ?? ഇന്ന് ഞായറാഴ്ച അല്ലേ… മാധവൻ ചോദിച്ചു..
അയ്യോ ഇല്ലടോ.. അവൾ സമ്മതിക്കില്ല..
ഹൊ എന്റെ ഉപേന്ദ്ര, നീയിങ്ങനെ ഭാര്യയെ പേടിക്കുന്ന ഒരുത്തനായിപ്പോയല്ലോ.
വല്ലപ്പോഴും ഒരു പെഗ്ഗടിക്കാൻ പോലും നിനക്ക് ഭാര്യയുടെ അനുവാദം വേണോ..??
നീ അവനെ കളിയാക്കാതെ മാധവാ…
മറ്റൊരു സുഹൃത്ത് ഹരിഹരൻ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം കൂട്ടുകാരെല്ലാം ചേർന്ന്, സിറ്റിയിലെ ക്ലബ്ബിൽ ഒത്തുകൂടുക പതിവാണ്….
ക്യാരംസ് കളിയും, ടീവി കാണലും,
സംസാരവും ക്ലബ്ബിന്റെ വകയായുള്ള ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്തു വായനയും ഒക്കെയായി നാട്ടിലെ യുവാക്കളും പ്രായമായവരും ഒത്തുകൂടുന്ന സ്ഥലമാണത്…
ഉപേന്ദ്രൻ അധ്യാപകനാണ്.
ഇക്കൊല്ലം അയാൾ റിട്ടയറാകുകയാണ്…
നാട്ടുകാർക്ക് ഏറെ പ്രിയപെട്ടവനാണ് ശാന്തസ്വഭാവക്കാരനായ ഉപേന്ദ്രൻ.
അയാളുടെ ആകെയുള്ള കുഴപ്പം ഭാര്യയെ പേടിയാണ് എന്നുള്ളതാണ്.
അയാളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഭാര്യ ശോഭയാണ്.
ശോഭ പറയുന്നതിനപ്പുറം അയാൾക്ക് എതിർ വാക്കുകളില്ല…
ഉപേന്ദ്രന് രണ്ട് പെൺമക്കളാണ്..
മൂത്തയാൾക്ക് ജോലിയായി.
ഇളയവളുടെ പഠനം ഇക്കൊല്ലം കഴിയും…
ശോഭ വീട്ടമ്മയാണ്…
ഉപേന്ദ്രൻ ശമ്പളം കിട്ടുന്ന പണം അതേപോലെ ഭാര്യയെ ഏല്പിക്കും.
ഭാര്യയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്…
പറമ്പിലെ ആദായം എടുക്കുന്നതും ശോഭയാണ്.
ചുരുക്കിപ്പറഞ്ഞാൽ ഒരു കാവൽ നായയെ പോലെയാണ് ഉപേന്ദ്രന്റെ ജീവിതം…
അമ്മ അധികം വിലയൊന്നും അച്ഛന് കൊടുക്കുന്നത് കാണാത്തതുകൊണ്ടാവാം, അയാളുടെ പെൺമക്കളും അയാൾക്ക് വലിയ വിലയൊന്നും നൽകാറില്ല.
അവർ എല്ലാത്തിനും ആശ്രയിക്കുന്നതും അവരുടെ കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതും ശോഭയാണ്…
ശോഭ അരുത് എന്ന് പറയുന്ന ഒരു കാര്യവും ഉപേന്ദ്രൻ ചെയ്യില്ല..
പെട്ടെന്ന് ഉപേന്ദ്രന്റെ ഫോൺ ബെല്ലടിച്ചു.
ശോഭയാണ്, അയാൾ കോളെടുത്തു.
ചേട്ടൻ എവിടെയാണ് ശോഭ ചോദിച്ചു.
ഞാൻ ക്ലബ്ബിലാണ്…
അവിടെ ഇരുന്ന് സമയം കളയാതെ വേഗം വീട്ടിലേക്ക് വരാൻ നോക്ക്..
ആഹ്.. വരാം..
എടാ ഞാൻ പോകുവാ. അയാൾ സുഹൃത്തുക്കളോട് യാത്ര പറഞ്ഞു സ്കൂട്ടറിൽ കയറി.
അയാൾ പോകുന്നത് കൂട്ടുകാർ വിഷമത്തോടെ നോക്കിയിരുന്നു..
അതങ്ങനെയൊരു ജന്മം.
മനുഷ്യനിത്രയും പാവമാകാൻ പാടില്ല…. ഹരിഹരൻ പിറുപിറുത്തു
അയ്യോ സത്യം.. ആ ശോഭ
ചേട്ടനിന്ന് മൂ.ത്ര.മൊ.ഴിക്കണ്ട എന്ന് പറഞ്ഞാൽ ഉപേന്ദ്രൻ മൂ.ത്ര.മൊഴിക്കില്ല അത്രയ്ക്ക് പേടിയാണ് ഭാര്യയെ…. മാധവൻ പറഞ്ഞു…
നാലോ അഞ്ചോ മാസം കൂടുമ്പോൾ
ഭാര്യ അറിയാതെ ഉപേന്ദ്രൻ ഒരു പെഗ്ഗ് കഴിക്കും…
അതാണ് അയാൾ ജീവിതത്തിലാകെ ചെയ്യുന്ന ഒരു ചെറിയ കള്ളത്തരം…
കഴിച്ചാൽ അപ്പോൾ തന്നെ ഉപേന്ദ്രൻ വീട്ടിൽ പോകും..
കൂട്ടുകാരൊക്കെ അയാളെ പലവട്ടം ഉപദേശിക്കാറുണ്ട്.
കുറച്ചൊക്കെ ധൈര്യം കാണിക്കണം അവനവനുവേണ്ടി കൂടി ജീവിക്കണം.
എന്നുമിങ്ങനെ ഭാര്യ പറയുന്നതും കേട്ട് അടിമയെ പോലെ ജീവിക്കരുത് എന്നൊക്കെ…
എന്തോ, കാലങ്ങളായി ശീലിച്ചത് കൊണ്ടാവാം സുരേന്ദ്രന് അതിൽ നിന്നും ഒരിക്കലും മാറാൻ കഴിഞ്ഞിട്ടില്ല.
അല്ലെങ്കിലും അടിമത്തം ശീലമായി പോയാൽ അതിൽ നിന്നും വൃതിചലിക്കാൻ മനുഷ്യർക്ക് വല്ലാത്ത പാടാണല്ലോ…
ഉപേന്ദ്രൻ നേരേ വീട്ടിലേക്ക് ചെന്നു..
ആഹ് ചേട്ടൻ വന്നോ. ഞാൻ വാട്സാപ്പിൽ കുറച്ച് സാധനങ്ങളുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട് സൂപ്പർമാർക്കറ്റിൽ പോയി അതൊക്കെ മേടിച്ചു കൊണ്ടുവരണം. ശോഭ പറഞ്ഞു.
ശരി മേടിക്കാം..
ദേ താമസിക്കരുത് കേട്ടോ…
സാധനങ്ങൾ വാങ്ങുന്നു അതേപോലെ തിരിച്ചുപോരുന്നു. അല്ലാതെ വല്ലയിടത്തും വായിൽ നോക്കി നിൽക്കരുത്.
ഇല്ലെടീ… വേഗം വരാം..
അയാൾ സ്കൂട്ടർ തിരിച്ചു..
പോകും വഴി അയാൾ ആലോചിക്കുകയായിരുന്നു.
ഈ സ്കൂട്ടർ എത്രയോ വർഷങ്ങളായി താൻ ഉപയോഗിക്കുന്നതാണ്.
എപ്പോഴും സ്കൂട്ടറിന് ഓരോരോ കേടുപാടുകളാണ്.
വർഷോപ്പിൽ നിന്നും ഇന്നലെ കൊണ്ടുവന്നതേ ഉള്ളൂ ഈ സ്കൂട്ടർ..
കൂട്ടുകാരൊക്കെ തന്നെ കളിയാക്കും
ഈ ചടാക്ക് സ്കൂട്ടർ വല്ല ആക്രിക്കാരനും വെറുതെ കൊടുക്കാൻപറയും…
പുതിയത് ഒരെണ്ണം മേടിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്. പക്ഷേ, വാങ്ങിക്കാൻ ശോഭ സമ്മതിക്കില്ല…
ഉപേന്ദ്രന്റെ മൂത്ത മകൾ ഭവ്യ ശോഭയുടെ അടുത്തേക്ക് വന്നു.
അമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്.
അമ്മ എങ്ങനെയെങ്കിലും അച്ഛനെക്കൊണ്ട് അത് സമ്മതിപ്പിക്കണം.
അമ്മ പറഞ്ഞാൽ അച്ഛൻ എതിർത്തൊന്നും പറയില്ലല്ലോ….
എന്താ.. എന്താ കാര്യം ??
ശോഭ, മകളുടെ മുഖത്തേക്ക് നോക്കി..
എന്താ കാര്യം?? ശോഭ മകളുടെ മുഖത്തേക്ക് നോക്കി.
അമ്മേ….. അമ്മക്കറിയാമല്ലോ അടുത്ത മാസമെന്റെ വിവാഹമാണ്.
വിവേക് പറയുന്നത് ഭാവിയിൽ വിദേശത്ത് തന്നെ സ്ഥിരതാമസമാക്കാമെന്നാണ്.
വിവേകിന് വിദേശത്താണല്ലോ ജോലി.
കല്യാണം കഴിഞ്ഞാൽ ഞാനുമവിടെ തന്നെയാണ് ജോലി ചെയ്യാൻ പോകുന്നത്.
ഇതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങളല്ലേ.. നീ വളച്ചു കെട്ടാതെ കാര്യത്തിലേക്ക് വാ…
ശോഭ ഗൗരവത്തോടെ പറഞ്ഞു.
അമ്മേ അച്ഛൻ റിട്ടയർ ആവാറായല്ലോ റിട്ടയർമെന്റ് ബെനിഫിറ്റായിട്ട് അച്ഛന് നല്ലൊരു തുക കിട്ടും. അത് എന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആക്കാമോയെന്ന് അച്ഛനോട് ചോദിക്കാമോ.
മറ്റൊരു വഴിയും ഞാൻ കാണുന്നില്ലമ്മേ വിദേശത്ത് പോയാലും ഞാൻ വേറെ എന്തോ ഒരു കോഴ്സ് കൂടി പഠിച്ചാലേ എനിക്ക് നല്ല ജോലി കിട്ടുകയുള്ളൂവെന്നാ വിവേക് പറയുന്നത്. അതിനൊക്കെ പണം വേണ്ടേ??
ഞാനിപ്പോൾ ജോലിക്ക് പോകുന്നുണ്ടെങ്കിലും എണ്ണിച്ചുട്ടയപ്പം പോലെ കുറച്ച് സാലറിയല്ലേ കിട്ടുന്നുള്ളൂ.
അമ്മ അച്ഛനോട് പറയണം,
അമ്മ പറഞ്ഞാൽ അച്ഛൻ കേൾക്കും.
ആ പണം എന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആക്കിയാൽ എനിക്കത് വലിയ ഉപകാരമായിരുന്നു.
അല്ലെങ്കിലും അച്ഛനത്രയും പണമൊന്നും കൈകാര്യം ചെയ്യാൻ പോലുമറിയില്ലല്ലോ.
ഞാൻ അച്ഛനോട് ചോദിച്ചു നോക്കാം.
ശോഭ പറഞ്ഞു
ചോദിച്ചാൽ മാത്രം പോരമ്മേ സമ്മതിപ്പിക്കണം..
ഉം…
ഭവ്യ സന്തോഷത്തോടെ അവളുടെ മുറിയിലേക്ക് പോയി.
മുറിയിൽ ഇരിക്കുമ്പോൾ അവൾക്ക് അതിയായ സന്തോഷം തോന്നി.
അല്ലെങ്കിലും ഈ പ. ട്ടിക്കാട്ടിൽ ജീവിച്ചിട്ട് എന്താണ് കാര്യം ??
വിദേശരാജ്യങ്ങളിൽ ജീവിക്കുന്നതാണ് ഇന്നത്തെ കാലത്ത് കൂടുതൽ നല്ലത്.
കുറ്റം മാത്രം പറയാനറിയാവുന്ന കുറെ നാട്ടുകാരും ബന്ധുക്കളും, മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കിയിരിക്കുന്ന
ഒരു സമൂഹവും…
ജീവിതം തന്നെ മടുത്തു പോകും .
വിദേശത്ത് തന്നെ താമസമാക്കണം.
അതാണ് തന്റെ ആഗ്രഹം.
ഞങ്ങളുടെ കുഞ്ഞുങ്ങളും വിദേശത്ത് ജനിച്ച് അവിടെ വളർന്നാൽ മതി, അവരുടെ ഭാവിക്കും അത് തന്നെയാണ് നല്ലത്. ഭവ്യ ഓരോന്നും ആലോചിച്ചു കൂട്ടി…
എങ്ങനെയെങ്കിലും അമ്മയെ സോപ്പിട്ട് കാര്യങ്ങൾ നടത്തിയെടുക്കണം.
അമ്മ പറയുന്നതിനപ്പുറത്തേക്ക്
ഒന്നും ചിന്തിക്കാത്തയാളാണച്ഛൻ.
അതുകൊണ്ട് വേറെ ടെൻഷനടിക്കേണ്ട കാര്യമൊന്നുമില്ല..
തന്റെ കല്യാണത്തിനായി നൂറ്റിയൊന്നു പവന്റെ ആഭരണങ്ങൾ വാങ്ങിപ്പിച്ചിട്ടുണ്ട്…
രണ്ടു പെൺകുഞ്ഞുങ്ങളാണ് എന്നുള്ള ചിന്ത അമ്മയ്ക്കുള്ളതുകൊണ്ട് അമ്മ,
തങ്ങൾ കുഞ്ഞായിരിക്കുമ്പോൾ തന്നെ സ്വർണാഭരണങ്ങൾ വാങ്ങി സൂക്ഷിച്ചു വയ്ക്കുമായിരുന്നു.
അതുകൊണ്ട് തനിക്കും അനിയത്തിക്കും ഉള്ള സ്വർണ്ണമൊക്കെ പണ്ടേ ഉണ്ട്.
അച്ഛന് ഒന്നിനുമുള്ള കഴിവില്ല,
അമ്മ എല്ലാം നോക്കിയും കണ്ടും ചെയ്യും.
അവൾ ഹാളിൽ വന്നിരുന്ന് ടീവി ഓൺ ചെയ്തു…
ഉപേന്ദ്രൻ സാധനങ്ങളുമായി വന്നു…
അയാൾ സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്തു പോർച്ചിലേക്ക് വച്ചു..
ഭവ്യ ഹാളിലിരുന്ന് ടിവി കാണുകയാണ്.
ഭവ്യ… ഈ സാധനങ്ങളൊക്കെ അങ്ങകത്തേക്ക് എടുത്തുകൊണ്ടുപോ. ഉപേന്ദ്രൻ പറഞ്ഞു.
എന്റെയച്ഛാ അതച്ഛനിങ്ങു കൊണ്ടുവരാവുന്നതല്ലേ ഉള്ളൂ…
ആഹ്…. എന്നാൽ ഞാൻ കൊണ്ടുവന്നോളം.
ഉപേന്ദ്രൻ രണ്ടു കൈയ്യിലും ഓരോ വലിയ കവറും തൂക്കിപിടിച്ചകത്തേക്ക് വന്നു..
കാലിൽ കാലും കയറ്റിവച്ചിരുന്ന്
ടിവി കാണുന്ന ഭവ്യയെ കണ്ടപ്പോൾ
എന്തോ അയാളുടെയുള്ളിൽ ചെറിയൊരു നോവ് തോന്നി.
തന്നെ കണ്ടിട്ടും അവൾ തെല്ലും ബഹുമാനം പോലും കാണിക്കുന്നില്ല. ഒന്നുമല്ലെങ്കിലും അവളുടെ അച്ഛനല്ലേ…
ശോഭേ ദാ…സാധനങ്ങൾ.
അയാൾ കവർ അടുക്കളയിലേക്ക് കൊണ്ടുവച്ചു.
അതേ.. ചേട്ടാ ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയായിരുന്നു.
എന്നതാടീ…???
പെൺകൊച്ചിന്റെ കല്യാണമിങ്ങടുത്തു,
ആ കൊച്ചിനെ കണ്ടില്ലേ വല്ലാണ്ട് മെലിഞ്ഞ്, ഞാൻ നമ്മുടെ സരസു ചേച്ചിയുടെ വീട്ടിൽ
നല്ല നെയ്യ് ഉണ്ടെങ്കിൽ തരാൻ പറഞ്ഞിട്ടുണ്ടായിരുന്നു…
സരസു ചേച്ചി രാവിലെ വിളിച്ചായിരുന്നു
നെയ്യ് റെഡിയായിട്ടുണ്ട് മേടിക്കാൻ പോരെയെന്ന്. ഞാനക്കാര്യമങ്ങ്
മറന്നു പോയി, ചേട്ടൻ പോയി അതുകൂടിയിങ്ങ് മേടിച്ചു കൊണ്ടുവന്നേ…
ഇത് നിനക്ക് കുറച്ചു നേരത്തെ പറയാൻ മേലായിരുന്നോ ? ഇനിയും ഞാൻ തിരിച്ചു പോകണ്ടേ.അയാൾ ചോദിച്ചു.
അതിനിപ്പോഴെന്താ നടന്നൊന്നുമല്ലല്ലോ പോകുന്നത്, വണ്ടിക്കല്ലേ.
വേഗം പോയിട്ട് വരാവുന്നതല്ലേയുള്ളൂ..
എന്നാ ഞാൻ പോയിട്ട് വരാം.
അയാൾ തിരികെ സ്കൂട്ടറിൽ കയറി…
വണ്ടിയോടിക്കുമ്പോൾ അയാൾക്ക് ചെറിയ വിഷമം തോന്നുന്നുണ്ടായിരുന്നു.
എന്തോ കൂലി വേലക്കാരനോടെന്നപോലെയാണ് കുടുംബം തന്നോട് പെരുമാറുന്നത്…
ഇന്ന് മാറും നാളെ മാറും എന്നൊക്കെ വിചാരിച്ചിട്ട് ഒരു മാറ്റവും ഇല്ല…
കൂട്ടുകാർ തന്നെ കളിയാക്കുന്നത് ശരിയാണ്.
താനൊരു കഴിവുമില്ലാത്തവനാണെന്നാണ് കുടുംബക്കാരും പറയുന്നത്…
പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, താലികെട്ടി സ്വന്തമാക്കിയ തന്റെ ഭാര്യയെ താൻ പരിഗണിക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട് അവരുടെ കാര്യങ്ങളെല്ലാം നന്നായി നോക്കി നടത്തുന്നുമുണ്ട്…
താൻ ജന്മം നൽകിയ രണ്ട് പെൺമക്കളെയും നല്ല രീതിയിൽ നോക്കി വളർത്തി പഠിപ്പിച്ചു മിടുക്കരാക്കി… മൂത്തവൾക്ക് ചെറിയൊരു ജോലിയും കിട്ടി.
അടുത്തമാസം വിവാഹം കഴിഞ്ഞാൽ അവൾ ഭർത്താവിനോടൊപ്പം വിദേശത്തേക്ക് പോകും.
അവനോടൊപ്പം വിദേശത്തേക്ക് പോകാനായിട്ട് മൂന്ന് മാസം മുമ്പ് അവർ രജിസ്റ്റർ മാരേജ് നടത്തിയിരുന്നു.
ഇനി നാട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി കല്യാണം നല്ല രീതിയിൽ നടത്തണം.
കല്യാണത്തിന് വേണ്ടി നൂറ്റിയൊന്നു പവന്റെ സ്വർണം സമ്പാദിച്ചിട്ടുണ്ട്..
എല്ലാം മേടിച്ചത് ശോഭയാണെങ്കിലും അതിന്റെ പിന്നിലുള്ള പണമുണ്ടാക്കിയത് താനാണ്, തന്റെ അധ്വാനത്തിന്റെ പങ്കാണ്.
ഇക്കൊല്ലംതന്നെ ഇളയവളുടെയും പഠിത്തം കഴിയും.
മക്കൾ രണ്ടുപേരും നന്നായി പഠിക്കുന്നവരായിരുന്നു അതുകൊണ്ട് അവരുടെ ഭാവിയെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ട കാര്യമൊന്നുമില്ല…അവർ ജോലിയൊക്കെ നേടിക്കോളും..
ഇപ്പോൾ എന്താണെന്നറിയില്ല, കഴിഞ്ഞ കുറച്ചു നാളുകളായി താനിതുവരെ തനിക്ക് വേണ്ടി ജീവിച്ചില്ലല്ലോ എന്ന മനസ്സാക്ഷിയുടെ കുറ്റപ്പെടുത്തൽ കേട്ടാണ് ജീവിക്കുന്നത്..
ശോഭ ദേഷ്യക്കാരിയാണ്, അവൾ പറയുന്നതേ വീട്ടിൽ നടക്കൂ…
അയാൾ നെയ്യും വാങ്ങി വീട്ടിലെത്തി…
രാത്രിയിൽ അത്താഴം നേരത്തെ കഴിച്ചിട്ട് അയാൾ കിടക്കാനായി പോയി….
ഉറക്കം ശരിയായില്ലെങ്കിൽ തനിക്ക് പിറ്റേന്ന് ഭയങ്കര ക്ഷീണവും തലകറക്കവും
ആയിരിക്കും.
ഷുഗറും ബിപിയും പിടികൂടിയിട്ട് നാലഞ്ച് വർഷമായി…
ശോഭ വേറെ മുറിയിലാണ് കിടക്കുന്നത്.
ഒരു ഭർത്താവെന്ന നിലയിൽ തനിക്കായി പലതുമവൾ നിഷേധിച്ചിട്ട് വർഷങ്ങൾ ഏറെയായി…
അയാൾ എ. സിയുടെ കൂളിംഗ് കുറച്ചിട്ട്
കട്ടിലിലേക്ക് കിടന്നു.
അപ്പോഴാണ് വാതിൽ തുറന്ന്
ശോഭ അകത്തേക്ക് വന്നത്.
ഉപേന്ദ്രൻ അത്ഭുതത്തോടെ എഴുന്നേറ്റു.
ഒരുപാട് നാളുകൾക്ക് ശേഷം,
ശോഭ തന്റെ മുറിയിലേക്ക് വന്നിരിക്കുകയാണ്…
അയാൾക്ക് ഏറെ സന്തോഷം തോന്നി.
വാ ഇരിക്ക്…അയാൾ ശോഭയുടെ കൈപിടിച്ച് അടുത്തിരുത്തി
അതേയ്…ഞാനൊരു കാര്യം പറയാൻ വേണ്ടി വന്നതാ.
അയാളുടെ മുഖം മങ്ങി.
എന്താ ശോഭേ…??
അതെ നിങ്ങളിലെ റിട്ടയർ ആവാൻ ഇനി അധികം ദിവസങ്ങളൊന്നുമില്ലല്ലോ…
ഇല്ല..
അല്ല! അന്നേരം അത്യാവശ്യം നല്ലൊരു തുക നിങ്ങളുടെ കൈയ്യിൽ കിട്ടില്ലേ..
അത് മോളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആക്കണം…
നമുക്ക് രണ്ട് പെൺമക്കളല്ലേ ഉള്ളൂ..
നമ്മൾ ജീവിക്കുന്നത് തന്നെ അവർക്ക് വേണ്ടിയല്ലേ, അപ്പോൾ പിന്നെ അതിൽ മടിയൊന്നും കാണിക്കണ്ട..
മാത്രമല്ല അവർക്ക് ഭാവിയിൽ വിദേശത്ത് തന്നെ സ്ഥിരതാമസമാക്കണമെന്നാണ് ആഗ്രഹം..
അതുകൊണ്ട് ആ പണമങ്ങ് കൊടുത്തേരെ കേട്ടോ ശോഭ പറഞ്ഞു.
ഉപേന്ദ്രൻ ശോഭയുടെ നേരെ നോക്കി.
🍀🍀🍀🍀🍀🍀
എടീ…. ആ പണം മുഴുവൻ ഭവ്യക്ക് കൊടുത്താൽ പിന്നെ നമ്മളെന്ത് ചെയ്യും?? നമ്മളെങ്ങനെ ജീവിക്കും
നീ അതോർത്തില്ലേ??
ഉപേന്ദ്രൻ ശോഭയോട് ചോദിച്ചു.
പറമ്പിൽ നിന്നുള്ള ആദായമുണ്ടല്ലോ,
നമുക്ക് സുഖമായി ജീവിക്കാൻ അതുപോരെ…
ശോഭ പറഞ്ഞു.
എന്നാലും നമുക്കിനി ഒരു പെൺകുട്ടി കൂടി ഇല്ലേ, ഉള്ള പണം മുഴുവൻ മൂത്തവൾക്ക് കൊടുത്താൽ ഇളയവളുടെ കാര്യത്തിന് എന്ത് ചെയ്യുമെടി….??
നമ്മുടെ കാലശേഷം ഈ വീടും സ്ഥലവും ഇളയവൾക്ക് കൊടുത്താൽ പോരെ.. മൂത്തവൾ എന്തായാലും വിദേശത്ത് സ്ഥിരതാമസമാക്കുമെന്ന് ഉറപ്പാണ്…
അവൾക്കെന്തായാലും ഈ വീടിനും സ്ഥലത്തിനും അവകാശം വേണ്ട.
ഇതിന്റെ പൂർണഅവകാശം ഇളയവൾക്ക് കൊടുത്താൽ മതിയല്ലോ..
ഞാൻ എന്തായാലും ഒന്ന് ആലോചിക്കട്ടെ…
ഇത്ര ആലോചിക്കാനെന്തിരിക്കുന്നു
നമ്മൾ ജനിപ്പിച്ച നമ്മുടെ മക്കൾക്ക്,
നമ്മുടെ മുതല് കൊടുക്കുന്നു.
അതൊരു നല്ല കാര്യമല്ലേ…
നമ്മളിനി ജീവിച്ച കാലത്തോളം ജീവിക്കില്ലല്ലോ, കൂടിവന്നാൽ
ഒരു പതിനഞ്ചുവർഷം കൂടി ഇരുന്നേക്കാം.
അത് കഴിഞ്ഞാൽ ഇതിനെല്ലാം അവകാശി നമ്മുടെ മക്കൾ തന്നെയല്ലേ,
അവർക്ക് ആവശ്യമുള്ളപ്പോൾ പണം കൊടുക്കുന്നതല്ലേ കൂടുതൽ നല്ലത്… അവരുടെ കാര്യങ്ങളൊക്കെ നടക്കുമല്ലോ….
നോക്ക് അവർക്ക് ചോദിക്കാൻ നമ്മളെ ഉള്ളൂ…
അങ്ങ് കൊടുത്തേരെ… ശോഭ പറഞ്ഞു.
ഉം… ഉപേന്ദ്രൻ പതിയെ മൂളി..
എന്നാൽ ശരി ഉറങ്ങിക്കോ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ശോഭ അവരുടെ മുറിയിലേക്ക് തിരിച്ചുപോയി.
ഉപേന്ദ്രൻ കട്ടിലിലേക്ക് കിടന്നു….
ശോഭ പറഞ്ഞതുപോലെ കിട്ടുന്ന പണംമുഴുവൻ ഭവ്യക്ക് കൊടുക്കണോ ?? അയാൾ ആലോചിച്ചു.
അല്ല ഒരു കണക്കിന് നോക്കിയാൽ ശോഭ പറഞ്ഞതും ശരിയാണ്. എന്തിനാണ് പണമെല്ലാം കൂട്ടി വയ്ക്കുന്നത്…
ഇപ്പോൾ തന്നെ പ്രായമായി ഇനിയെത്ര നാൾ ജീവിച്ചിരിക്കുമെന്നറിയില്ല.
ആഹ്….കൊടുത്തേക്കാം.
മക്കളെങ്കിലും രക്ഷപ്പെടട്ടെ, അയാൾ ഒടുവിൽ തീരുമാനിച്ചു…
പിറ്റേന്ന് രാവിലെ ഡ്രസ്സ് അയൺ ചെയ്തുകൊണ്ട് നിൽക്കുകയായിരുന്ന അയാൾക്കരികിലേക്ക് ഇളയ മകൾ ധന്യ കടന്നുവന്നു.
അച്ഛാ…. അമ്മ പറഞ്ഞത് പോലെ അച്ഛൻ കിട്ടുന്ന പണമെല്ലാം ചേച്ചിക്ക് കൊടുക്കാൻ പോവുകയാണോ??
അയാൾ മകളുടെ നേരെ നോക്കി.
എന്തേ…ഇനി നിനക്കും അതിന്റെ പങ്കുവേണമോ ??അയാൾ ചോദിച്ചു.
എനിക്കൊന്നും വേണ്ടച്ഛാ,
പക്ഷേ അച്ഛൻ ഇനിയെങ്കിലും അച്ഛനെ കുറിച്ച് ചിന്തിക്കണം.
ഇത്രനാൾ ജോലി എടുത്തിട്ട്,
പണമെല്ലാം കൈകാര്യം ചെയ്തത് അമ്മയാണ്.
എന്നിട്ട് സ്വന്തം ചെലവിനുള്ള പണം അച്ഛൻ അമ്മയുടെ കയ്യിൽ നിന്നും മേടിക്കും.
ഈ ശീലങ്ങളൊക്കെ മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞില്ലേ അച്ഛാ??
റിട്ടയർ ആവാൻ ഇനി അധിക ദിവസമില്ല അപ്പോൾ കിട്ടുന്ന പണമെങ്കിലും അച്ഛൻ സ്വന്തം പേരിൽ സേവ് ചെയ്യ്.
അച്ഛന് ഒരാവശ്യം വന്നാൽ ആരുണ്ട് സഹായിക്കാൻ…??
അയാൾ മകളുടെ തോളിൽ കൈയ്യിട്ടു.
എനിക്ക് നീയില്ലേ…
നീ എനിക്ക് ഇത്തിരി കഞ്ഞിയും വെള്ളവും തരില്ലേ??
അതുപോരച്ഛാ , ഇത്രയും കാലം കുടുംബത്തിന് വേണ്ടി മാത്രമാണച്ഛൻ ജീവിച്ചത്, ഇനിയെങ്കിലും സ്വന്തം കാര്യങ്ങൾക്കൊക്കെ ഇത്തിരി മുൻഗണന കൊടുക്ക്… അല്ലെങ്കിൽ തന്നെ എല്ലാരും അച്ഛനെ പേടിത്തൊണ്ടൻ ഉപേന്ദ്രൻ
എന്നാ വിളിക്കുന്നത്…
അയാൾ അത് കേട്ട് ചിരിച്ചു…
നിനക്കിന്ന് കോളേജിൽ പോകണ്ടേ?
പോയി റെഡിയാകാൻ നോക്ക്.
എന്നെ ഉപദേശിച്ചു കൊണ്ട് നിൽക്കാതെ.. അയാൾ പറഞ്ഞു.
ഈ അച്ഛന്റെയൊരു കാര്യം, വെറുതെയല്ല അമ്മ തലയിൽ കയറിയിയിരിക്കുന്നത്..
അവൾ പിറുപിറുത്തുകൊണ്ട് അവിടെ നിന്നും പോയി.
അയാൾ വേഗം കുളിച് വന്ന് ബ്രേക്ഫാസ്റ്റ് എടുത്തു കഴിച്ചിട്ട്, പുറത്തേക്കിറങ്ങി….
വീടിന്റെ പെയിന്റിങ്ങിനൊക്കെ വേണ്ടി
ഇന്ന് പണിക്കാരോട് വരാൻ പറഞ്ഞിരുന്നതാണ്.
പക്ഷേ അവർ വന്നിട്ടില്ല.
മകളുടെ കല്യാണത്തിന് മുമ്പ് വീടൊക്കെ ഒന്ന് പെയിന്റടിച്ച് വൃത്തിയാക്കിയില്ലെങ്കിൽ മോശമല്ലേ…
പക്ഷെ ഇന്നും അവന്മാർ പറ്റിച്ചു…വന്നില്ല…
അയാൾ സ്കൂട്ടർ സ്റ്റാർട്ട് ആക്കി…
അച്ഛാ ഞാനും വരുന്നു… എന്നെ കോളേജിൽ ഒന്ന് ഇറക്കിയേരെ, ധന്യ ഓടിയിറങ്ങിവന്നു.
ആഹ് കയറ്… അയാൾ പറഞ്ഞു..
വേറെ വഴിയില്ലല്ലോ ഈ പൊട്ട സ്കൂട്ടർമാറ്റി എന്നാണെന്റെയച്ഛാ നല്ലൊരു വണ്ടി എടുക്കുന്നത്?? നാണമാകുമല്ലോ ഇതിൽ യാത്ര ചെയ്യാൻ…
നിനക്ക് അത്രയ്ക്ക് നാണമാണെങ്കിൽ
നീ ബസ്സിന് കയറി പോരെ,
ഞാൻ പൊയ്ക്കോളാം…അയാൾ പറഞ്ഞു.
എന്നോട് എതിര് പറയാനെന്താ നാക്ക്, ഭാര്യയുടെ മുൻപിലാണെങ്കിൽ മറുത്തൊരക്ഷരം പറയില്ല…
അവൾ കളിയാക്കി..
അവൾ സ്കൂട്ടറിൽ കയറി…
അച്ഛാ, എനിക്കൊരു നൂറ് രൂപ തരാമോ?? അവൾ ചോദിച്ചു.
എന്തിനാ..??
വൈകുന്നേരം വരുമ്പോൾ ചോക്ലേറ്റ് എന്തെങ്കിലും വാങ്ങാമല്ലോ…
ഇല്ല തരില്ല..
ഓഹ്…. ഇപ്പോൾ ഭാര്യയോ മൂത്തമകളോ ചോദിച്ചാൽ പോക്കറ്റിൽ ഉള്ളതെല്ലാം അതേപടിയെടുത്തു കൊടുക്കുമല്ലോ.
ഞാൻ ചോദിച്ചാൽ ഒരു നൂറ് രൂപ പോലും തരില്ല.അവൾ കെറുവിച്ചു..
നിന്നെ തവിടുകൊടുത്ത് മേടിച്ചതാ,
അപ്പോൾ നിനക്ക് കാശ് തരണ്ട കാര്യമൊന്നുമില്ല.. അയാൾ പറഞ്ഞു
അതെനിക്കും തോന്നി…
അച്ഛന്റെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കുമ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നി.
അച്ഛൻ പഴയതിലുമധികം മെലിഞ്ഞിരിക്കുന്നു…
വയറൊക്കെ അങ്ങ് വല്ലാതെ ഒട്ടി…
തീരെ മെലിഞ്ഞ ഒരു പാവം മനുഷ്യൻ….
അച്ഛൻ പണ്ട് തൊട്ടേ വില കുറഞ്ഞ കോട്ടൺ ഷർട്ടുകളാണ് ധരിക്കുന്നത്.
കൂടെ ചെറിയ കരയുടെ ഡബിൾ മുണ്ടും. വിരലിൽ എണ്ണാവുന്ന ഷർട്ടുകൾ മാത്രമേ അച്ഛന് ഉള്ളൂ… അതും അമ്മ വാങ്ങിക്കൊടുക്കുന്നതാണ്.
അച്ഛൻ സ്വന്തമായി ഒന്നും വാങ്ങാറില്ല…
സാലറി കിട്ടുന്നത് അപ്പോൾ തന്നെ അമ്മ വാങ്ങിച്ചെടുക്കും…
തനിക്ക് ജോലി കിട്ടിയിട്ട് വേണം അച്ഛന് നല്ല വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കാൻ.
അവൾ തീരുമാനിച്ചു.
അവളെ കോളേജിന് മുന്നിൽ ഇറക്കുമ്പോൾ,
അയാൾ പോക്കറ്റിൽ നിന്നും നൂറ് രൂപയുടെ ഒരു നോട്ട് എടുത്തു കൊടുത്തു.
താങ്ക്സ് അച്ഛാ…. അവൾ കോളേജിലേക്ക് കയറിപ്പോയി.
അയാൾ പതിയെ ഒന്ന് ചിരിച്ചു…
ഒരു പതിനേഴ് പതിനെട്ടു വയസ്സുവരെ ഇവളും, അവളുടെ അമ്മയേയും ചേച്ചിയെയും പോലെ തന്നെയായിരുന്നു.
പക്ഷെ ഈയിടെയായി അവൾക്ക് മാറ്റം കാണുന്നുണ്ട്.
തന്നോട് ബഹുമാനവും സ്നേഹവും ഒക്കെ കാണിക്കാൻ തുടങ്ങി…
ഇടയ്ക്കൊക്കെ അവൾ ശോഭയെ ചോദ്യം ചെയ്യും.
ഇനി ഇവൾക്കും എന്തെങ്കിലും ആവശ്യം നേടിയെടുക്കാനാണോയെന്ന് മാത്രം
തനിക്കറിയില്ല…
എങ്കിലും തന്റെ കുടുംബത്തിൽ ,
ഇപ്പോഴൽപ്പം മൃദുവായി പെരുമാറുന്ന ഒരേയൊരാൾ ഇളയ മകളാണ്…
കാര്യം നേടാനാണോ, അതോ ശരിക്കും സ്നേഹമായിട്ടാണോ എന്നൊന്നും തനിക്കറിയില്ല.
പക്ഷേ താനിപ്പോൾ അവളുടെയാ സ്നേഹം ആസ്വദിക്കുന്നുണ്ട്.
വൈകുന്നേരം അയാൾ നേരത്തെ വന്നു.
വൈകിയെത്തിയാൽ ശോഭയുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിവരും അതുകൊണ്ട് അയാൾ നേരെ വീട്ടിലേക്ക് പോരും.
ശോഭയും ഭവ്യയും ടീവി കാണുകയാണ്…
അയാൾ കുളിക്കാനായി കയറി..
കുളി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് കണ്ണിലിരുട്ടു കയറുന്നത് പോലെ അയാൾക്ക് തോന്നിയത്…
ശോഭേ…. ശോഭേ….
അയാൾ ഉറക്കെ വിളിച്ചു…
വയ്യ.. അയാൾ ഭിത്തിയിൽ പിടിച്ചു നിൽക്കാൻ നോക്കി, ചുറ്റും കറങ്ങുന്നത് പോലെ..
എന്താ ചേട്ടാ… എന്താ…??
ശോഭ അവിടേക്ക് വന്നു കൂടെ ഭവ്യയും.
എനിക്ക്….എനിക്ക്.
തല കറങ്ങുന്നത് പോലെ…
പറഞ്ഞതും, അയാൾ നിലത്തേക്ക് കുഴഞ്ഞു വീണു…
🍀🍀🍀🍀🍀🍀
അച്ഛാ… ഭവ്യ ഉറക്കെ വിളിച്ചു
മകൾ വിളിക്കുന്നത് അയാൾ കേൾക്കുന്നുണ്ടെങ്കിലും അയാൾക്ക് സംസാരിക്കാൻ കഴിയുന്നില്ല… നാവ്വല്ലാതെ വരണ്ടത് പോലെ..
അച്ഛാ വാതിൽ തുറക്കച്ഛാ…
അമ്മേ….അച്ഛൻ ബാത്റൂമിൽ വീണതാണെന്ന് തോന്നുന്നു…
നമുക്ക് കതക് ചവിട്ടി പൊളിച്ചാലോ മോളെ?? ശോഭ ചോദിച്ചു.
അമ്മയ്ക്കെന്താ പറ്റിയത്, നമ്മൾ വിചാരിച്ചാൽ ചവിട്ടി പൊളിക്കാനൊന്നും പറ്റില്ല. ഇനി അഥവാ പൊളിച്ചുകഴിഞ്ഞാൽ, പിന്നെയത് പണിയിപ്പിച്ചെടുക്കണമെങ്കിൽ എന്ത് പാടാണ്, ഒരു ഡോർ മാത്രം ശരിയാക്കാനായി ഇപ്പോൾ പണിക്കാരെ കിട്ടുകയുമില്ല…
പിന്നെ എന്ത് ചെയ്യും മോളെ…
ലോക്കിന്റെ സ്ക്രൂ കഴിക്കാൻ പറ്റുമോയെന്ന് നോക്കാം, അതാകുമ്പോൾ നമുക്ക് തന്നെ ഫിറ്റ് ചെയ്യാവുന്നതല്ലേ ഉള്ളൂ….
അത് ശരിയാ ശോഭ പറഞ്ഞു…
ആ സമയത്താണ് കോളേജിൽ നിന്നും ധന്യ മടങ്ങി വന്നത്.
എന്താ അമ്മേ അശോഭയുടെ നിൽപ്പ് കണ്ട് ധന്യ ചോദിച്ചു.
അച്ഛൻ കുളിക്കാൻ കയറിയതാണ്, വിളിച്ചിട്ടു മിണ്ടുന്നില്ല തലകറങ്ങി വീണതാണോ അതോതെന്നി വീണതാണോ എന്നറിയില്ല എന്തോ ഒരു ശബ്ദവും കേട്ടു.
അയ്യോ ….അവൾ പെട്ടന്ന് ശക്തമായി വാതിലിൽ ചവിട്ടാൻ തുടങ്ങി.
പക്ഷേ ഒരു പെൺകുട്ടിക്ക് അതിനുമാത്രമുള്ള ശക്തി കാലുകൾക്കില്ലല്ലോ…
അമ്മേ ഞാൻ പെട്ടെന്ന് പോയി ആരെയെങ്കിലും വിളിച്ചു കൊണ്ടു വരാം. അവൾ വെപ്രാളത്തോടെ പറഞ്ഞു.
വേണ്ട സ്ക്രൂ കഴിക്കാൻ പറ്റുമോയെന്ന് നോക്കാം..ഭവ്യ, സ്പാനറും സ്ക്രൂഡ്രൈവറും എടുക്കാൻ പോയിട്ടുണ്ട്.
ഓഹ് കഷ്ട്ടം… എന്തൊരു ജന്മമാണ്…
അവൾ അമ്മയെ പുച്ഛത്തോടെ നോക്കിയിട്ട്
അതിവേഗം പുറത്തേക്കോടി
ആ നിമിഷത്തിൽ ഉപേന്ദ്രൻ കണ്ണുകൾ തുറന്നു, പതിയെ തറയിൽ നിന്ന് എഴുന്നേറ്റു…
ബിപി കൂടിയതാണോ, അതോ കുറഞ്ഞതാണോ എന്നറിയില്ല…..
എന്തായാലും വല്ലാത്ത ക്ഷീണം തോന്നുന്നു. അയാൾ ഡോർ തുറന്നു…
ആ മോളെ….. അച്ഛൻ വാതിൽ തുറന്നു.
ശോഭ ഭവ്യയോട് വിളിച്ചു പറഞ്ഞു
ഇതെന്തു പറ്റിയതാ ചേട്ടാ, ശോഭ അയാളുടെ കയ്യിൽ പിടിച്ചു.
അറിയില്ല…
ആ സമയത്താണ് ധന്യ അയൽവക്കത്തെ ആളെയും വിളിച്ചുകൊണ്ട് ഓടിവന്നത്.
എന്നാ പറ്റിയതാ ചേട്ടാ ?? അയൽവക്കക്കാരൻ ചോദിച്ചു.
അറിയില്ല… ബി പിയുടെ പ്രശ്നമാണെന്ന് തോന്നുന്നു.
ആയിരിക്കും, മോള് വന്ന് കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ഞാനാകെ പേടിച്ചുപോയി…
ഹോസ്പിറ്റലിൽ പോകണോ..
ഹേയ് എനിക്ക് കുഴപ്പമൊന്നുമില്ലടോ. ഉപേന്ദ്രൻ പറഞ്ഞു.
ഇനിയായാലും കുളിക്കുമ്പോൾ കയറുമ്പോൾ വാതിൽ കുറ്റിയിടുകയൊന്നും വേണ്ട, വെറുതെ അടച്ചിട്ടാൽ മതി
മ്മ്…
എന്നാൽ ശരി ഞാൻ പോയേക്കുവാ..
അയാൾ പുറത്തേക്ക് പോയി…
അച്ഛാ അച്ഛന് കുഴപ്പമൊന്നുമില്ലല്ലോ
ധന്യ അച്ഛന്റെ കൈയ്യിൽ പിടിച്ചു
ഇല്ല കുഴപ്പമൊന്നുമില്ല..
അയാൾ പതിയെ മുറിയിലേക്ക് പോയി.
കഴിഞ്ഞമാസം ഓൺലൈനിൽ നിന്ന്
പ്രഷർ നോക്കുന്ന ഒരു മെഷീൻ വാങ്ങിച്ചിരുന്നു.
അയാൾ കസേരയിലിരുന്ന് പ്രഷർ ചെക്ക് ചെയ്തു.
ബിപി കുറഞ്ഞതാണ്….
അല്പം കഞ്ഞി വെള്ളം ഉപ്പിട്ടു കുടിച്ചാൽ ശരിയാകുമെന്ന് തോന്നുന്നു….
കുടിച്ച് നോക്കാം എന്നിട്ടും ശരിയായില്ലെങ്കിൽ ഹോസ്പിറ്റലിൽ പോകാം.
അപ്പോഴേക്കും ധന്യ ഒരു വലിയ ഗ്ലാസിൽ
ഉപ്പ് ചേർത്ത കഞ്ഞി വെള്ളവുമായി അച്ഛന്റെ അരികിലേക്ക് വന്നിരുന്നു.
അച്ഛാ ഇത് കുടിച്ചേ… അവൾ നിർബന്ധിച്ചച്ഛനെ കഞ്ഞിവെള്ളം കുടിപ്പിച്ചു
എന്നോട് പറഞ്ഞാൽ പോരായിരുന്നോ
ഞാൻ കഞ്ഞിവെള്ളം എടുത്തു തരുമായിരുന്നല്ലോ…ശോഭ ഉപേന്ദ്രനോട് ചോദിച്ചു.
അയാൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
താൻ തലകറങ്ങി വീണെങ്കിലും
തനിക്ക് ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു..
അതുകൊണ്ടുതന്നെ തന്റെ മക്കളുടെയും ഭാര്യയുടെയും സംസാരം തനിക്ക് കേൾക്കാൻ പറ്റി.
തനിക്കൊരു കുടുംബമുണ്ട്,
ഒരാവശ്യം വന്നാൽ അവർ തന്നോടൊപ്പമുണ്ടാകും എന്നൊക്കെയാണ് താൻ കരുതിയിരുന്നത്.
പക്ഷേ അതൊക്കെ തന്റെ വെറും തെറ്റിദ്ധാരണകൾ ആയിരുന്നുവെന്ന്
ഇന്ന് പൂർണമായും തനിക്ക് ബോധ്യമായി…
തന്നോട് സ്നേഹമുള്ളത് ധന്യക്ക് മാത്രമാണ് അവൾ വീടിന്റെ കതക് പോകുമെന്ന് ചിന്തിച്ചില്ല, അച്ഛനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താൻ ശ്രമിച്ചു.
അതിനു കഴിയാതെ വന്നപ്പോൾ അയൽവക്കത്തെ ആളെ വിളിച്ചു കൊണ്ടുവന്നച്ഛനെ രക്ഷിക്കാനെങ്കിലും നോക്കി…..
എന്തുകൊണ്ടോ അയാൾ അന്ന്
മുറിയിൽ നിന്നും ഇറങ്ങിയില്ല.
അത്താഴം കഴിക്കാൻ ഭാര്യ വന്നു വിളിച്ചിട്ടും അയാൾ പോയില്ല.
ധന്യ അച്ഛനെ നിർബന്ധിച്ച് ഡൈനിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ നോക്കിയിട്ടും അയാൾ പോകാൻ തയ്യാറായില്ല.
അച്ഛാ…ഒരിത്തിരിയെന്തെങ്കിലും കഴിച്ചിട്ട് കിടന്നില്ലെങ്കിൽ ശരിയാവില്ല…
അവൾ മുറിയിലേക്ക് ഭക്ഷണം എടുത്തു കൊണ്ടുവന്നു.
എനിക്ക് വേണ്ടി ഒരിത്തിരി കഴിച്ചാൽ മതി അച്ഛാ, ബാക്കി ഞാൻ കഴിച്ചോളാം .
ധന്യ പറഞ്ഞു.
അയാൾ ഒരു നിമിഷം അവളെ ഗൗരവത്തോടെ നോക്കി.
പിന്നെ ഭക്ഷണം കഴിച്ചു.
മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം അയാളുടെ മുഖമാകെ ഗൗരവം നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവൾക്കെന്തോ വല്ലായ്മ തോന്നി…
അച്ഛനെ ഇത്രയും ഗൗരവഭാവത്തോടെ ഇതുവരെയും കണ്ടിട്ടില്ല.
എപ്പോഴും ഒരു ചിരിയുണ്ടാകും അച്ഛന്റെ ചുണ്ടിൽ….
അമ്മ ചിലപ്പോൾ അച്ഛന്റെ നേരെ
കയർത്ത് സംസാരിക്കുമ്പോൾ പോലും അച്ഛൻ നേർത്തൊരു ചിരിയോടെ നിൽക്കുകയാണ് പതിവ്..
പിറ്റേന്ന് ഉപേന്ദ്രൻ നേരത്തെ എഴുന്നേറ്റു…
ബ്രഷ് ചെയ്ത്, കുളിച്ച് വസ്ത്രം മാറ്റി,
അയാൾ പുറത്തേക്കിറങ്ങി.
അല്ല നിങ്ങൾ ഇത്ര രാവിലെ എങ്ങോട്ട് പോകുന്നു.?? ശോഭ ചോദിച്ചു.
അയാൾ ഭാര്യയെ തറപ്പിച്ചു നോക്കിയിട്ട് സ്കൂട്ടറിൽ കയറി….
ഇതിയാന് ഇതെന്ത് പറ്റിപോലും..??
ശോഭ താടിക്ക് കൈയും കൊടുത്തു നിന്നു…
അയാൾ പിന്നീടുള്ള ദിവസങ്ങളിൽ ഭാര്യയെയോ മക്കളെയോ തെല്ലും വകവച്ചില്ല…
ധന്യയോട് പോലും ഗൗരവം കാണിച്ചു..
അയാൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ തുടങ്ങി. ചില ദിവസങ്ങളിൽ പുറത്ത് നിന്നും വരുത്തി കഴിച്ചു.
അയാളുടെ വസ്ത്രങ്ങൾ അലക്കി തേക്കാൻ കൊടുത്തു തുടങ്ങി…
ബ്രാൻഡഡ് വസ്ത്രങ്ങളും, മികച്ച ബ്രാൻഡഡ് ചെരുപ്പുകളും ഉപയോഗിച്ച് തുടങ്ങി..
അയാളുടെ മാറ്റം കണ്ട് വീട്ടിലുള്ളവർ വിശ്വസിക്കാനാവാതെ നിന്നു..
അന്ന് അയാൾ റിട്ടയർ ആകുന്ന ദിവസമായിരുന്നു…
അയാൾക്ക് അന്ന് പതിവില്ലാത്ത വിധം സങ്കടം തോന്നി..
റിട്ടയർമെന്റ് ലൈഫിനെക്കുറിച്ച് ചിന്തിക്കാൻ പറ്റുന്നില്ല…
അയാളുടെ കണ്ണിൽ നീർമുത്തുകൾ ഉരുണ്ടുകൂടി..
അത്രനാൾ താൻ പഠിപ്പിച്ചിരുന്ന സ്ഥാപനത്തിലേക്ക് കയറി ചെല്ലുമ്പോൾ അയാളുടെ ഉള്ളം വിങ്ങിപ്പൊട്ടി.
സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട വിദ്യാർത്ഥികളുടെയും നേരെ നോക്കുമ്പോൾ പോലും അയാൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
എല്ലാ ചടങ്ങുകൾക്കും ശേഷം, തന്റെ പ്രിയപ്പെട്ടവരെ എല്ലാവരെയും ഒരിക്കൽ
കൂടി നോക്കിയിട്ട് അയാൾ എന്നേക്കുമായി ആ പടിയിറങ്ങി…
ഒരിറ്റു കണ്ണുനീർ അയാളിൽ നിന്നും പൊഴിഞ്ഞാ മണ്ണിലേക്ക് വീണു…
അയാൾക്ക് ഹൃ.ദയം നുറുങ്ങുന്ന വേദന തോന്നി….
അയാൾ സുഹൃത്തുക്കളെ വിളിച്ചു..
എടാവേ…..ഇന്ന് നമുക്കൊന്ന് കൂടണം.
പൊന്ന് ഉപേന്ദ്രാ… നീ ആവശ്യമില്ലാത്ത പണിക്ക് നിൽക്കണ്ട. നിന്നെ കുടിപ്പിച്ചെന്നും പറഞ്ഞ്, നിന്റെ ഭാര്യയുടെ വായിലിരിക്കുന്നത് ഞങ്ങൾ കേൾക്കേണ്ടിവരും.
ഒന്നും കേൾക്കേണ്ടി വരില്ല, ഇന്ന് രണ്ടെണ്ണം അ.ടിച്ചില്ലെങ്കിൽ എനിക്ക് സഹിക്കാൻ പറ്റില്ല.
സാധനം ഞാൻ വാങ്ങിച്ചു.
നിങ്ങൾ വന്നാൽ മതി.ഉപേന്ദ്രൻ പറഞ്ഞു.
എവിടെയാ കൂടുന്നത്…??
ആ ഉത്തമന്റെ തയ്യൽക്കടയിൽ കൂടാം..
ശരി. നീ വാ……..
കുറേ സമയം കഴിഞ്ഞപ്പോൾ അയാൾ അങ്ങോട്ട് ചെന്നു….
നിനക്കെന്താടാ ഒരു മാറ്റം… നല്ല ഷർട്ടും മുണ്ടും ചെരുപ്പും ഇതൊക്കെ ആര് തന്നു.??
ആരും തന്നതല്ല ഇതൊക്കെ ഞാൻ സ്വന്തമായി വാങ്ങിയതാ ഉപേന്ദ്രൻ പറഞ്ഞു.
ഉവ്വാ.. ഇമ്മിണിപ്പുളിക്കും. ആരെങ്കിലും ചുമ്മാ തന്നതായിരിക്കും
ഒന്ന് പോടാ…
സാധനം എന്തിയെ…??
വണ്ടിയിലുണ്ട്. എടുത്തോണ്ട് വാ… ഉപേന്ദ്രൻ താക്കോൽ നീട്ടി..
മാധവൻ താക്കോൽ വാങ്ങി സ്കൂട്ടറിൽ നിന്നും കുപ്പി പുറത്തെടുത്തു.
ങ്ഹേ… ഇത് മുന്തിയ ഇനം ആണല്ലോടാ…
അവർ ഓരോന്നും സംസാരിച്ചു കൊണ്ട് ഓരോ പെഗ്ഗടിക്കാൻ തുടങ്ങി..
രണ്ട്മൂന്നെണ്ണം കഴിച്ചപ്പോഴേക്കും സുഹൃത്തുക്കൾ ഉപേന്ദ്രനെ തടഞ്ഞു.
വേണ്ടടാ ഇനി നീ താങ്ങില്ല..മതി
വേണം, കുറച്ചൂടെയിങ്ങ് ഒഴിക്ക്…
അവർ കുറച്ചൂടെ ഒഴിച്ച് കൊടുത്തു.
അല്പസമയം കഴിഞ്ഞതും അയാൾ
കരയാൻ തുടങ്ങി…
എടാ….നിങ്ങൾക്കറിയാമോ?
ഞാൻ ഇത്രനാൾ കാണിച്ചതത്രയും മണ്ടത്തരമായിരുന്നു….
എന്റെ കുടുംബത്തിന് ഞാൻ വില നൽകിയത് കൊണ്ടാ,
ഞാൻ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചത്. പക്ഷേ അവർക്കെന്റെ പണം മാത്രം മതിയെടാ… എന്നെ വേണ്ടാ…
കഴിഞ്ഞ ഇടയ്ക്ക് ഞാൻ ബാത്റൂമിൽ തലകറങ്ങി വീണു.
എന്റെ ഭാര്യയുടെയും, മൂത്തമകളുടെയും സ്വഭാവം എനിക്കന്ന് പൂർണമായും മനസ്സിലായി
അവർക്ക് ആ വാതിൽ ചവിട്ടി തുറന്നെന്നെ രക്ഷിക്കാൻ പോലും തോന്നിയില്ല.
വാതിൽ തകർത്താൽ പിന്നെ വാതിൽ മേടിക്കാനും, അത് ഫിറ്റ് ചെയ്യാനുമൊക്കെ ഒരുപാട് പണച്ചിലവാകുമത്രേ…
എന്റെ ഇളയ മകൾക്ക് മാത്രമേ എന്നോട് സ്നേഹമുള്ളൂ…. അവള് എന്നെ രക്ഷിക്കാൻ നോക്കി…
നിങ്ങൾക്കറിയാമോ ? എനിക്ക് കിട്ടുന്ന പണം എന്റെ മൂത്ത മകളുടെ അക്കൗണ്ടിലേക്ക് കൊടുക്കണമെന്നാണ് ഭാര്യയുടെ കല്പന.
എടാ… ഉപേന്ദ്രാ… നീ ആവശ്യമില്ലാത്ത പണിയൊന്നും കാണിക്കല്ലേ….. ഉത്തമൻ പറഞ്ഞു..
നിനക്കിനി വരുമാനം ഒന്നുമില്ലെന്നുള്ള കാര്യം അറിയാമല്ലോ. പണം നീ കരുതലോടെ സൂക്ഷിച്ചു കൊള്ളണം..
എനിക്കറിയാമെടാ എന്ത് വേണമെന്ന്…. ഉപേന്ദ്രൻ പറഞ്ഞു..
അല്ലെങ്കിലും നമ്മൾ തന്റെടത്തോടെ നിന്നാലേ നമുക്ക് വിലയുള്ളൂ…
നിന്നോട് ഞങ്ങൾ ഇതിന് മുമ്പ് എത്ര തവണ പറഞ്ഞു, ആ ശോഭയെ പേടിച്ചും, അനുസരിച്ചുമൊന്നുമല്ല നീ കഴിയേണ്ടതെന്ന്.
ഇനിയാണെടാ അവർ ഒരു പാഠം പഠിക്കാൻ പോകുന്നത്…നോക്കിക്കോ ഈ ഉപേന്ദ്രൻ ആരാണെന്ന് അവർ അറിയും.
ഞാൻ പോകുവാ… അയാൾ എഴുന്നേറ്റു..
വേണ്ടാ.. ഈ അവസ്ഥയിൽ നീ വണ്ടി ഓടിക്കണ്ട. ഞാൻ കൊണ്ട് വിടാം.
ഉത്തമൻ ഉപേന്ദ്രന്റെ സ്കൂട്ടറിൽ കയറി ഉപേന്ദ്രൻ പിന്നിൽ കയറി…
ഉത്തമൻ അയാളെ വീട്ടുമുറ്റത്ത് ഇറക്കി..
വണ്ടി ഞാൻ കൊണ്ടുപോവാ കേട്ടോ…
നാളെ രാവിലെ ആരെയെങ്കിലും കൂട്ടി ഇങ്ങോട്ട് കൊണ്ടുവന്നു തരാം…
ആഹ് അതുമതി…
ശോഭ വാതിൽ തുറന്ന് ഇറങ്ങിവന്നു.
ഇതെന്ത് കോലമാ മനുഷ്യ…
നാലു കാലിലാണല്ലോ വരവ്..
നാല് കാലോ, ചിലപ്പോ ആറ് കാലിലോ വരും.
നീ ആരാടീ എന്നോട് ചോദിക്കാൻ ??
അയാൾ ആടിയാടി മുറിയിലേക്ക് പോയി…
ഈ സമയത്ത് അയാളോട് ദേഷ്യപ്പെടാൻ പാടില്ലെന്ന് ശോഭയ്ക്ക് തോന്നി.
അയാൾക്ക് കിട്ടാനുള്ള പണം കൈക്കലാകുന്നത് വരെ അൽപ്പം
ക്ഷമ കാണിക്കണം.
ഇല്ലെങ്കിൽ എല്ലാം കൈവിട്ട് പോകും….
ശോഭ മുറിയിലേക്ക് ചെന്നു.
ചേട്ടാ… വാ ചോറ് കഴിക്കാം..
പോടീ…. അയാൾ എന്തൊക്കെയോ പിറുപിറുത്തു..
ശോഭ മുറിയിൽ നിന്നും ഇറങ്ങി…
പണം ഒന്ന് കിട്ടിക്കോട്ടേ മനുഷ്യാ… പിന്നെയാണ് നിങ്ങൾ വിവരമറിയാൻ പോകുന്നത്..
ഇതുപോലൊരു ക്.ണാ.പ്പ.ൻ മനുഷ്യന്റെ കൂടെ ഇത്രയും നാൾ ജീവിച്ചത് തന്നെ തന്റെ ഔദാര്യമാണ്..
ധന്യ…. മുറിയിൽ കിടന്ന് അച്ഛനെക്കുറിച്ച് ആലോചിക്കുകയായിരുന്നു..
മുൻപൊക്കെ അമ്മ എന്തെങ്കിലും പറഞ്ഞാലും, അച്ഛനിറങ്ങിപ്പോകാൻ
ഒരു ഇടം ഉണ്ടായിരുന്നു.
അച്ഛന് സമാധാനം കിട്ടുന്ന അച്ഛൻ പഠിപ്പിക്കുന്ന സ്ഥാപനം.
ഇന്ന് മുതൽ അച്ഛനത് നഷ്ട്ടമായിരിക്കുകയാണ്…
ഇനി അച്ഛൻ എന്ത് ചെയ്യും…??
പറമ്പിലെ ആദായമൊക്കെ എടുത്ത് ജീവിക്കാമെന്നുവച്ചാൽ അത് കൈകാര്യം ചെയ്യുന്നത് മുഴുവനും അമ്മയാണ്…
പാവം അച്ഛൻ…..
പിറ്റേന്ന് ഉപേന്ദ്രൻ നന്നേ വൈകിയാണ് എഴുന്നേറ്റത്
ഇനിയെങ്ങോട്ടും ധൃതി പിടിച്ച് തനിക്ക് പോകാനില്ലല്ലോ…
🦋🦋🦋🦋
ഉപേന്ദ്രൻ അന്ന് വൈകിയാണ് എഴുന്നേറ്റത്.
ഇനി എങ്ങോട്ടും പോകാനില്ലല്ലോ…
അയാൾ ഉമ്മറത്തേക്ക് വന്ന്, അവിടെയുള്ള കസേരയിൽ കുറെ നേരമിരുന്നു.
അതുകഴിഞ്ഞ് പതിയെ എഴുന്നേറ്റ് പിന്നാമ്പുറത്തേക്ക് പോയി….
തൊടിയിൽ ജാ.തിയും, കുരുമുളകും, കൊക്കോയും അടയ്ക്കയും ഒക്കെയുണ്ട്.
ഇനി ഇതുകൊണ്ടൊക്കെ വേണം ജീവിതാവസാനം വരെ കഴിഞ്ഞുകൂടാൻ…
അയാൾ അകത്തേക്ക് ചെന്ന് ബ്രഷും പേസ്റ്റും എടുത്തു കൊണ്ടുവന്നു.
പുറത്തുനിന്നാണ് അന്നയാൾ ബ്രഷ് ചെയ്തത്.
പഴയതുപോലെ ധൃതിപിടിച്ച്, അകത്തുനിന്ന് പല്ല് തേക്കേണ്ട കാര്യമൊന്നുമില്ലല്ലോ…
അയാൾ പറമ്പിലൂടെയൊക്കെ ഒന്ന് നടന്നു…
തിരികെ വന്ന് കുറച്ച് നേരം കിണറിന്റെ കെട്ടിന് പുറത്ത് ഇരുന്നു.
ഇനിയിപ്പോ എല്ലാം ശാന്തമായി ചെയ്താൽ മതി….
അയാൾ അകത്തേക്ക് ചെന്നപ്പോഴേക്കും ശോഭ ഒരു ഗ്ലാസിൽ ചൂട് ചായ എടുത്തുകൊണ്ടുവന്നു.
ചേട്ടാ ഈ ചായ കുടിച്ചെ…
ശോഭ അയാളെ നിർബന്ധിച്ചു.
ഇനിയെങ്കിലും ചേട്ടൻ സ്വന്തം ആരോഗ്യമൊക്കെ ഒന്നു നോക്കണം.
ശോഭ അയാളുടെ തോളിൽ കൈവച്ചു.
എങ്ങനെയെങ്കിലും അയാളിൽ നിന്നും പണം വാങ്ങുന്നതുവരെ സോപ്പിട്ടുനിൽക്കണം…
ദാ ചേട്ടാ ചായ കുടിക്ക്. അവൾ ഗ്ലാസ് അയാളുടെ നേരെ നീട്ടി…
അയാൾ അത് വാങ്ങിയില്ല, പകരം അടുക്കളയിലേക്ക് പോയി സ്വന്തമായി ചായയിട്ടു കുടിച്ചു.
അയാൾ ഭാര്യയോടോ,മക്കളോടോ
തെല്ലും അടുപ്പം കാണിച്ചില്ല.
എന്താ അച്ഛാ… എന്നോടും പിണക്കമാണോ?? ധന്യ അയാളുടെ അരികിലേക്ക് ചെന്നു.
എനിക്ക്, എന്നോട് തന്നെയാണ് പിണക്കം. അയാൾ ഗൗരവത്തോടെ പറഞ്ഞു.
ഭവ്യ അച്ഛന്റെ അരികിലേക്ക് വന്നു
അച്ഛാ… എന്നാ അച്ഛാ കാശ് തരുന്നത്??
കാശ് തരാനോ?? അതിന് ഞാൻ നിന്റെ കൈയ്യിൽ നിന്നും പണമൊന്നും മേടിച്ചിട്ടില്ലല്ലോ..
അയ്യോ അതല്ല, അച്ഛന് കിട്ടാനുള്ള പണം എന്നാണ് കിട്ടുന്നത് എന്റെ കല്യാണത്തിന് മുൻപ് കിട്ടുമോ…??
നിന്നെ പഠിപ്പിച്ചത് ഞാനാണ്, നീ ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാറുമായി.
നിന്റെ പിറവിക്കു കാരണം ഞാനും കൂടി ആയതുകൊണ്ട് നിന്റെ കല്യാണം എന്നൊരു കാര്യം കൂടി എന്റെ ചുമതലയാണെന്ന് തോന്നിയത് കൊണ്ട്, നിനക്കായ് നൂറ് പവന്റെ ആഭരണങ്ങളും അതുകൂടാതെ നിന്റെ അക്കൗണ്ടിലേക്ക് ഇരുപതുലക്ഷം രൂപയും ഞാൻ ഇട്ടു തന്നിരുന്നു ഓർമയില്ലേ.???
അതൊക്കെ ശരിയാണച്ഛാ
എന്നാലും ഞങ്ങൾ വിദേശത്ത് തന്നെ സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടാണ് അച്ഛനോട് ആ പണം ചോദിച്ചത്.
ഇനി എന്റെ കയ്യിൽ നിന്നും ഒരു ചില്ലി കാശ് പോലും ആർക്കും കിട്ടില്ല. നിന്റെ കാര്യങ്ങൾ നോക്കേണ്ടത് നീ തന്നെയാണ്,
ഇതിൽ കൂടുതൽ ഒന്നുമെന്നെക്കൊണ്ട് സാധിക്കില്ല. അയാൾ തീർത്തു പറഞ്ഞു..
അയ്യോ… ഈ മനുഷ്യനിതെന്താ പറയുന്നത് നിങ്ങൾ ആദ്യം ഭവ്യക്ക് കാശ് കൊടുക്കാമെന്ന് പറഞ്ഞതല്ലേ?? ശോഭ രോഷത്തോടെ ചോദിച്ചു.
എന്നാൽ പിന്നെ നിന്റെ കൈയിൽ ഉണ്ടെങ്കിൽ നീ എടുത്തുവച്ചങ്ങ് കൊടുക്ക്, എന്റെ പണം ഞാൻ കൊടുക്കില്ല.
അയാൾ പറഞ്ഞു.
ഞാനത് എന്റെ പേരിൽ സേവ് ചെയ്തു…
നിന്റെയൊക്കെ സ്വഭാവം വച്ച് നോക്കുമ്പോൾ ആ പണം കിട്ടാനായി എന്നെ വേണമെങ്കിൽ കൊ.ല്ലാ. നും നിങ്ങൾ മടിക്കില്ല.
കാരണം നോമിനയായി വെച്ചിരിക്കുന്നത് നിന്റെ പേരാണല്ലോ.
അതുകൊണ്ട് ടൗണിലെ ബാങ്കിൽ ഞാൻ പുതിയ അക്കൗണ്ട് എടുത്തു.
എന്തായാലും ഇത്തവണ നോമിനിയായി ഞാൻ നിന്നെയല്ല വച്ചിരിക്കുന്നത്…. ഞാനൊന്നു വീണു പോയാൽ നീയൊന്നും എന്നെ തിരിഞ്ഞുനോക്കില്ലെന്ന് എനിക്ക് മനസ്സിലായി .
കുറെക്കൂടി വയസ്സായി ഒന്നും ചെയ്യാൻ പറ്റാതാവുമ്പോൾ എന്നെ നോക്കാൻ
എനിക്കൊരാളെ നിയമിക്കാമല്ലോ.
എനിക്ക് ഞാനല്ലാതെ വേറെയാരുമില്ലെന്ന് എനിക്കുനന്നായിയറിയാം…
ഭവ്യയുടെ കണ്ണുകൾ നിറഞ്ഞു…
അച്ഛൻ ആ പണം തരില്ലെന്ന് അവൾക്ക് ഉറപ്പായി.
🍀🍀🍀🍀🍀
ഭവ്യയുടെ കല്യാണ ഒരുക്കങ്ങൾ തുടങ്ങി.
ഇതിനിടയിൽ പലവട്ടം ശോഭ അയാളോട് ഭവ്യക്ക് ആ പണം കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെവിക്കൊണ്ടില്ല….
ഭവിക്ക് അച്ഛനോട് വല്ലാത്ത വെറുപ്പ് തോന്നി.
താലികെട്ട് കഴിഞ്ഞ് മറ്റ് ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ അവൾ അച്ഛന്റെ നേരെ നോക്കിയത് പോലുമില്ല…
വിരുന്ന് പോക്കും മറ്റും കഴിഞ്ഞിട്ട് അവർ വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതിന്റെ തലേന്ന് വീട്ടിലേക്ക് വന്നു.
അന്ന് ശോഭയോടും ധന്യയോടും മാത്രമേ അവർ സംസാരിച്ചുള്ളൂ…
ഉപേന്ദ്രനെ കണ്ടിട്ടും ഭവ്യ കാണാത്ത ഭാവം നടിച്ചു. മരുമകൻ ഒന്ന് ചിരിച്ചതല്ലാതെ അവനും അയാളോട് ഒന്നും മിണ്ടിയില്ല.
പിറ്റേന്ന് രാവിലെത്തെ ഫ്ലൈറ്റിന് അവർ വിദേശത്തേക്ക് പോയി…
എന്നാലും നിങ്ങൾ എന്തൊരു ദുഷ്ടനായ അച്ഛനാണ്, ആ പെൺകൊച്ച് എന്തുമാത്രം സങ്കടപ്പെട്ടാണ് പോയതെന്ന് നിങ്ങൾക്കറിയാമോ… ശോഭ വിഷമത്തോടെ പറഞ്ഞു.
അവളുടെ വിഷമം നിനക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ നിന്റെ കുടുംബത്ത് പോയി നിനക്ക് കാശ് ചോദിക്കാൻ മേലാരുന്നോ, അവർ എടുത്ത് വച്ച് തന്നേനെലോ….
ഉപേന്ദ്രൻ ചോദിച്ചു.
ദേ…മനുഷ്യാ, എന്റെ വായിലിരിക്കുന്നത് കേൾക്കരുത് കേട്ടോ. ശോഭ അയാളുടെ നേരെ വിരൽ ചൂണ്ടി…
കൈ താഴ്ത്തിക്കോ… ഇല്ലെങ്കിൽ എന്റെ തനി.ക്കൊ.ണം നീയറിയും,
അയാളുടെ മുഖം ചുവന്നു..
ശോഭ അയാളെ തറപ്പിച്ചു നോക്കി.
ഇത്രയും നാൾ തന്നെ പേടിച്ച് അനുസരിച്ച് കഴിഞ്ഞിരുന്ന മനുഷ്യനാണ്…
അന്നാ ബാത്റൂമിൽ വീണതിൽ പിന്നെയാണ് ഈ മനുഷ്യന്റെ സ്വഭാവമിങ്ങനെ മാറിപ്പോയത്…
അന്ന് അയാളെയെങ്ങനെയെങ്കിലും രക്ഷിക്കാൻ നോക്കിയാൽ മതിയായിരുന്നു.
എങ്കിൽ ആ പണമെല്ലാം ഇപ്പോൾ ഭവ്യയുടെ കൈയ്യിലിരുന്നേനെ…..
ഇതിപ്പോൾ ഒറ്റ രൂപ പോലും കിട്ടിയില്ല..
ശോഭ ചവിട്ടിത്തുള്ളി മുറിയിലേക് പോയി…
കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാർ വന്ന് നിന്നു.
ആരാണെന്നറിയാൻ ശോഭ ഇറങ്ങിച്ചെന്നു.
കൂടെ ധന്യയും..
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഉപേന്ദ്രൻ പുറത്തിറങ്ങി
അച്ഛാ ഇത് ആരുടെ കാറാ?. ധന്യ ചോദിച്ചു.
ഞാനൊരു പുതിയ കാർ എടുത്തതാണ്.
ഇനി കുറച്ച് യാത്രകളൊക്കെ പോകണം…അയാൾ പറഞ്ഞു.
നിങ്ങൾക്കൊരു സ്കൂട്ടർ ഉള്ളതല്ലേ
പിന്നെയെന്തിനാ കാർ വാങ്ങാൻ പോയത്?? ശോഭ ദേഷ്യപ്പെട്ടു…
മിണ്ടാതെ അവിടെയെങ്ങാനും നിന്നോളണം.
ഞാനെന്തു വാങ്ങണം, എന്തു വാങ്ങണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. ഇതെന്റെ വീടാണ് ഇവിടെ എന്റെ ഇഷ്ടങ്ങൾ നടക്കും മനസ്സിലായോ. ഉപേന്ദ്രൻ പറഞ്ഞു.
ശോഭ മിണ്ടിയില്ല…
ഉപേന്ദ്രൻ ധന്യയെ അടുത്ത് വിളിച്ചു.
നിനക്ക് ഡ്രൈവിംഗ് പഠിക്കണമെന്ന് കുറച്ച് നാളായി പറയുന്നതല്ലേ, ആ പഴയ സ്കൂട്ടർ നിനക്ക് ഡ്രൈവിംഗ് പഠിക്കാനായി ഉപയോഗിക്കാം… ഞാൻ പഠിപ്പിക്കാം.. അയാൾ പറഞ്ഞു..
അവൾക്കത് കേട്ടപ്പോൾ, ഒത്തിരി സന്തോഷമായി….
താങ്ക്സ് അച്ഛാ …..
ഉം… പോയി അച്ഛനൊരു ഗ്ലാസ് തണുത്ത വെള്ളമിങ്ങെടുത്തു കൊണ്ടുവാ..
അയ്യോ….അവിടുന്നെന്തു ചോദിച്ചാലും, അടിയൻ എടുത്തുകൊണ്ടുവന്നുതരാം.
എങ്ങനെയെങ്കിലും ഒന്ന് ഡ്രൈവിംഗ് പഠിപ്പിച്ചത് തന്നാൽ മതി…
അവളുടെയാ സംസാരം കേട്ടപ്പോൾ അയാൾക്ക് ചിരി വന്നെങ്കിലും അയാൾ അതടക്കി പിടിച്ചു…
പിന്നീടുള്ള ദിവസങ്ങളിൽ അയാൾ തന്റെ പറമ്പിലേക്കിറങ്ങി….
ഓരോന്നിനും വെള്ളവും വളവും കൊടുത്ത്
അയാളങ്ങനെ മണ്ണിനെ സ്നേഹിച്ചു തുടങ്ങി.
ഒന്നിനും ഒരു തിടുക്കവും കൂട്ടണ്ടാത്ത
ആ ദിനങ്ങളെ അയാൾ ഏറെ സ്നേഹിച്ചു തുടങ്ങി…
ശോഭക്ക് പക്ഷേ അയാളുടെ പറമ്പിലേക്കുള്ള പോക്ക് കണ്ടപ്പോൾ ഭയമാണ് തോന്നിയത്.
പണ്ടത്തെ ഉപേന്ദ്രനല്ല ഇപ്പോൾ,
തനിക്ക് വലിയ പ്രാധാന്യമൊന്നും നൽകുന്നില്ല
അങ്ങേര് ആദായത്തിന്റെ വില സ്വന്തമാക്കുമോ എന്നൊരു ഭയം ശോഭയിൽ ഉണ്ടായിരുന്നു, പിന്നെ താനെന്ത് ചെയ്യും…??
ഇത്രനാൾ പറമ്പിലെ ആദായം താനാണ് കൈകാര്യം ചെയ്തിരുന്നത്
അന്നൊരു വൈകുന്നേരം ആയിരുന്നു…
ഉപേന്ദ്രൻ ജോലിക്കാരെ കൂട്ടി പറമ്പിലെ
ജാതിക്കയൊക്കെയും പറിപ്പിച്ചു..
കൂടാതെ തേങ്ങാ ഇടീപ്പിച്ചത് അയാളും പണിക്കാരും കൂടെ മുറ്റത്ത് കൊണ്ടുവന്നിട്ടു…
വർത്തമാനമൊക്കെ പറഞ്ഞ് അവരോടൊപ്പം ജോലിക്ക് കൂടാൻ
തന്നെ എന്ത് രസമാണ്….
കുറച്ച് അടയ്ക്കയും, കുറച്ച് കൊക്കോയും, ഇഞ്ചിയും , അങ്ങനെ കുറച്ച് കൃഷികൾ കൂടെയുണ്ട്. ആകെ ആറേക്കർ സ്ഥലമേ ഉള്ളൂ…എങ്കിലും അതിൽ നിറയെ ഓരോന്നും നട്ട് പരിപാലിച്ച് വളർത്തിയിട്ടുണ്ട്.
അതേ മനുഷ്യാ… ഇതൊക്കെ ഉണങ്ങുമ്പോൾ ഞാൻ കൊണ്ടുപോയി കൊടുത്തോളാം കേട്ടോ. ശോഭ പറഞ്ഞു.
അയ്യോ അത് വല്യ ബുദ്ധിമുട്ടാവില്ലേ….?? അയാൾ ചോദിച്ചു.
നിങ്ങളെന്താ എന്നെ കളിയാക്കുവാണോ??
ശോഭ ദേഷ്യത്തോടെ ചോദിച്ചു.
ഇത് എന്റെ സ്ഥലമാണ്, എത്രനാൾ ഇതിലെ ആദായം മുഴുവൻ എടുത്തത് നീയല്ലേ ?? എവിടെയാ പണം മുഴുവനുമെന്ന് ഞാൻ ചോദിക്കുന്നില്ല.അതിന് ഒരൊറ്റ കാരണമേയുള്ളൂ..
എന്താണെന്നറിയാമോ എന്റെ രണ്ടു പെൺമക്കളെ പ്രസവിച്ചു നീ തന്നു എന്നുള്ള ഒരൊറ്റകാരണം….
പക്ഷെ ഇനിയെന്റെ പറമ്പിലെ കൊട്ടെത്തേങ്ങാ പോലും നീ എടുത്തേക്കരുത്.
ആ പണമൊന്നും ഞാൻ എനിക്കായി സൂക്ഷിച്ചിട്ടില്ല.മക്കൾക്ക് സ്വർണ്ണമൊക്കെ മേടിച്ചതാപണം കൊണ്ടാണ്..shobha പറഞ്ഞു.
മിണ്ടിപ്പോകരുത്…
നിന്നെ കൈപിടിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന ആ മാസം മുതൽ എന്റെ സാലറി കൃത്യമായി നീ മേടിച്ചെടുക്കുമായിരുന്നു…
അതുകൂടാതെ രണ്ട് കൊല്ലം മുൻപ് വരെ ഞാൻ ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികൾക്കാണ് വൈകുന്നേരം ട്യൂഷൻ എടുത്തുകൊണ്ടിരുന്നത്, ആ കിട്ടുന്ന പണം പോലും നീയാണ് കൈകാര്യം ചെയ്തത്…
ഭവ്യ ജനിച്ച് മൂന്നാം മാസം മുതൽ നീ അവളുടെ ഭാവിക്കായിട്ടാണെന്ന് പറഞ്ഞ് സ്വർണ്ണം വാങ്ങികൂട്ടിയതല്ലേ..
അതുകൊണ്ട് എന്ത് നഷ്ടമാണ് മനുഷ്യാ ഉണ്ടായത് ?? മകളെ അന്തസായി ഒരുത്തന്റെ കൈപിടിച്ചു കൊടുക്കാൻ പറ്റിയില്ലേ…
എന്നിട്ട് അവൾ കുറ്റമല്ലാതെ എന്തെങ്കിലും പറഞ്ഞോ. അവളുടെ ആഭരണങ്ങൾ പഴയ മോഡലാണെന്ന് പറഞ്ഞ് നിന്നോട് വഴക്കുണ്ടാക്കുകയല്ലേ ചെയ്തത് ??
അതവളുടെ ബുദ്ധിയില്ലായ്മ…
നല്ല ഒന്നാന്തരം മോഡളുകളാ എല്ലാം…
നീ അന്ന് വാങ്ങികൂട്ടിയില്ലെങ്കിലും
എന്റെ മക്കൾക്കായി കരുതാനും, അവരുടെ ഭാവി സുരക്ഷിതമാക്കാനും എനിക്കറിയാം.
ഉവ്വാ… കുറേ അറിയും… നിങ്ങളൊരു ഉ.ണ്ണാ.ക്കൻ മനുഷ്യനാ…
നിന്റെ കെട്ടിയോൻ മ.ന്ദ.ബു.ദ്ധിയാണോ എന്ന് എത്ര പേരെന്നോട് ചോദിച്ചിരിക്കുന്നു.
വേറെ വല്ല പെണ്ണുങ്ങളുമായിരുന്നെങ്കിൽ പണ്ടേ നിങ്ങളെ ഉപേക്ഷിച്ചു കളഞ്ഞേനെ മ.ണ്ട.ൻ…
എന്റെ വീട്ടുകാർ ഇപ്പോഴും പറയും
ആ മ.ര.ങ്ങോ.ട.നെ കളഞ്ഞിട്ട്,
നീയിങ്ങ് പോരെയെന്ന്….ശോഭ വിറഞ്ഞു തുള്ളി.
അയാൾ അവളുടെ മുൻപിൽ നിന്നു.
പിന്നെ ബലമായി അവളുടെ മാല ഊരി അതിൽ നിന്നും താലി വേർപ്പെടുത്തി.
ഈ നിമിഷം നീ ഇവിടെനിന്നും ഇറങ്ങണം. ഇനിയുള്ള കാലം നീ വീട്ടുകാരോടൊപ്പം കഴിഞ്ഞോ. മനസ്സമാധാനം കളയാനായി മാത്രം എനിക്കൊരു ഭാര്യയെ ആവശ്യമില്ല.
പൊയ്ക്കോ…ഉപേന്ദ്രൻ ദേഷ്യത്തോടെ പറഞ്ഞു.
ശോഭ ഒരു നിമിഷം തറഞ്ഞു നിന്നു.
അയാൾ അകത്തേക്ക് കയറി.
ധന്യ വിഷമത്തോടെ അച്ഛന്റെയാ പോക്ക് നോക്കി . ആദ്യമായാണ് അച്ഛൻ ഇങ്ങനൊക്കെ പറയുന്നത്…
ധന്യ… അയാൾ ഉറക്കെ വിളിച്ചു…
എന്താ അച്ഛാ..
നിനക്ക് നിന്റെ അമ്മയുടെ കൂടെ പോകണമെങ്കിൽ പൊയ്ക്കോ ഞാൻ തടയില്ല.
അതല്ല ഈ വീട്ടിൽ ജീവിക്കണമെന്നാണെങ്കിൽ അകത്തേക്ക് കയറി പോരെ…
അവൾ ഒരുനിമിഷം അമ്മയുടെ നേരേ നോക്കി…
അച്ഛന്റെ ജീവന് പോലും വില കൽപ്പിക്കാത്ത അമ്മയോട് ഇങ്ങനെയല്ലാതെ എങ്ങനെയാണച്ഛൻ പെരുമാറേണ്ടത്??
അതൊക്കെ മറക്കാൻ ശ്രമിച്ചാലും ഇപ്പോൾ അമ്മയുടെ വായിൽ നിന്നും വീണതൊക്കെ
എന്താണെന്ന് അമ്മ ഒന്നാലോചിച്ചു നോക്കിക്കേ…
ഞാനെന്തായാലും അച്ഛനോടൊപ്പം ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്…
അവൾ അകത്തേക്ക് കയറി…
ശോഭ വാതിലിന് നേർക്ക് ഒന്ന് നോക്കി.
തന്നെ ആരും വിളിക്കുന്നില്ല…
ശോഭ മുറ്റത്തേക്കിറങ്ങി.
ഗേറ്റിൽ എത്തിയിട്ട് തിരിഞ്ഞു നോക്കി. ആരെയും കാണുന്നില്ല…
ശോഭക്ക് സങ്കടം തോന്നി.
സ്വന്തം വീട്ടിലേക്ക് പോകാമെന്നു വച്ചാൽ അവിടെ അച്ഛനും അമ്മയും ആങ്ങളയും നാത്തൂനും മക്കളുമുണ്ട്.
നാത്തൂൻ ആണെങ്കിൽ കഴുത്തിനുചുറ്റും നാക്കുള്ള ഒരുത്തിയാണ് . അവിടെപ്പോയി ജീവിക്കുന്ന കാര്യം ആലോചിക്കാൻ വയ്യ….
ശോഭ ഒന്നുകൂടെ തിരിഞ്ഞു നോക്കി…
ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യമോ, സന്തോഷമോ മറ്റെവിടെയും കിട്ടില്ല… കുറച്ചു ദിവസം വേണമെങ്കിൽ സ്വന്തം വീട്ടിൽ പോയി നിൽക്കാം അത്രതന്നെ, കൂടുതൽ ദിവസങ്ങൾ നിന്നാൽ ചിലപ്പോൾ സഹോദരന്റെയും നാത്തൂന്റെയും
സ്വഭാവം മാറിയേക്കാം…
ഇനി എന്ത് ചെയ്യും??
ശോഭ വീണ്ടും തിരിഞ്ഞു നോക്കി…
ഇല്ല, ആരെയും കാണുന്നില്ല…
ശ്ശൊ…..
ധന്യ അച്ഛനെ നോക്കി…
അമ്മയെ ഞാൻ തിരിച്ചു വിളിക്കട്ടെ അച്ഛാ…??
നീ എന്തെങ്കിലും ചെയ്യ്..
അച്ഛന് അമ്മയെ ഇഷ്ടമല്ലേ..???
എന്റെ രണ്ടുമക്കളെ പെറ്റ് തന്ന സ്ത്രീയെന്ന നിലയിൽ എനിക്കവരോട് ബഹുമാനമുണ്ടായിരുന്നു.
പക്ഷെ മോളെ….. അച്ഛൻ മരിച്ചാലും വേണ്ടില്ല ബാത്റൂമിന്റെ കതക് പോകുമെന്ന്
എന്റെ മൂത്ത മോളും ഭാര്യയും പറയുന്നത് കേട്ടപ്പോൾ, എന്റെ നെഞ്ച് തകർന്നു പോയി മോളെ…
ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞു.
ഞാനെന്റെ കുടുംബത്തിനെ
ഏറെ സ്നേഹിച്ചു, കുടുംബത്തിനായി മാത്രം ജീവിച്ചു എന്നിട്ടും….
അച്ഛാ…. അങ്ങനൊന്നും പറയല്ലേ… അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാ.
അമ്മ പറയുന്നത് കേട്ട് കുട്ടിക്കാലത്ത് ഞാനും അച്ഛന് വലിയ വിലയൊന്നും കല്പിച്ചിരുന്നില്ല. പക്ഷേ തിരിച്ചറിവായ കാലം മുതൽ, എനിക്കെന്റെ അച്ഛൻ കഴിഞ്ഞേ
ഈ ഭൂമിയിൽ മറ്റാരുമുള്ളൂ…..
അറിയാം… അച്ഛനെ രക്ഷിക്കാൻ മോള് ശ്രമിച്ചതൊക്കെ അച്ഛൻ കേട്ടിരുന്നു…
ഞാൻ മ.രി.ച്ചാൽ നീഎന്റെ ചിതക്ക്
തീ കൊളുത്തിയാൽ മതി.
ഇങ്ങനൊന്നും പറയല്ലേ അച്ഛാ പ്ലീസ്…
അയാൾ ചിരിച്ചു.
നീ വേണമെങ്കിൽ നിന്റെ അമ്മയെ തിരിച്ചു വിളിച്ചോ, പക്ഷെ പഴയ അധികാരമൊന്നും കാണിക്കണ്ട എന്ന് പ്രേത്യേകം പറഞ്ഞേക്കണം.
വല്ലതും തിന്നും കുടിച്ചും വീട് നോക്കിയും കഴിയുന്നെങ്കിൽ കഴിഞ്ഞോട്ടെ…
ഉം…
ശോഭ ഗേറ്റിനരുകിൽ നിന്നും തിരികെ വന്ന് വീടിന്റെ ഉമ്മറത്തേക്ക് കയറി…
തനിക്ക് ഇവിടം മാത്രേ ഉള്ളൂ…..
പോകാൻ വേറെ ഇടമില്ല…
എങ്ങനെ മുൻപോട്ട് ജീവിക്കും..??
ധന്യ വാതിൽ കടന്ന് വന്നതും ചിരിച്ച് പോയി.
അമ്മ ഉമ്മറത്ത് തലയും കുനിച്ചു നിൽക്കുകയാണ്
എന്തേ അമ്മ പോയില്ലേ..??
ശോഭ മിണ്ടിയില്ല
അകത്തേക്ക് പോരേ…അവൾ ചിരിയോടെ പറഞ്ഞു.
ശോഭ അകത്തേക്ക് കടന്നു..
ആഹ്… മര്യാദയ്ക്കാണെങ്കിൽ ഇവിടെ നിന്നോ , വീട് വൃത്തിയാക്കാനും വീട്ട് ജോലി ചെയ്യാനും ഒരാൾ എന്തായാലും വേണം അത് നീ തന്നെ ആയിക്കോട്ടെ..
ശോഭ ഒരക്ഷരം മിണ്ടാതെ അകത്തേക്ക് പോയി.
അയാൾ ആ പോക്ക് കണ്ട് മകളെ നോക്കി ചിരിച്ചു, അവളും.
അയാൾ കസേരയിലേക്ക് നന്നായി ചേർന്നിരുന്നു.
ഒരുപാട് വൈകിയെന്നറിയാം എങ്കിലും ഇനിയൊന്ന് ജീവിക്കണം…
ഇഷ്ട്ടങ്ങളൊക്കെ നിറവേറ്റണം. സുഹൃത്തുക്കൾക്കൊപ്പം കുറെ യാത്രകൾ പോകണം….
ജീവിച്ചിരുന്നോ എന്ന് മന:സാക്ഷി ചോദിക്കുന്ന കാലത്ത്, ‘ഉവ്വ് ‘എന്നുത്തരം പറയാൻ കഴിയണം…
അയാൾ മെല്ലെയൊന്ന് ചിരിച്ചു…
✍️Anju Thankachan
