രാത്രിയിൽ എപ്പോഴോ ആരോ അവളെ തോണ്ടി വിളിക്കുന്നത് പോലെ തോന്നിയാണ് ശ്രീക്കുട്ടി ഞെട്ടിയുണർന്നത്. ആരോ അടക്കം പറയുന്നത് പോലെ.

ഇനിയും തിരിച്ചു വരാത്തവർ
(രചന: ശാലിനി മുരളി)

ഒരു വട്ടം പോലും പിന്തിരിഞ്ഞു നോക്കാതെ പ്രിയ നടന്നകലുമ്പോൾ അവൾ ഏല്പിച്ചു പോയ ഒരു വലിയ സ്വത്ത് ശ്രീദേവിയുടെ കൈകൾക്കുള്ളിൽ ചേർന്ന് നിന്ന് അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു.

“ഞാൻ അന്നേ പറഞ്ഞതല്ലേ അവള് ആള് ശരിയല്ലെന്ന്. ഇപ്പൊ എങ്ങനിരിക്കുന്നു?”
അമ്മ ഒരു വിജയിയുടെ ഭാവത്തോടെ മകളെ നോക്കി.

ശരിയാണ്, പക്ഷെ അമ്മ അന്നത് പറയുമ്പോൾ പ്രിയയോടുള്ള ഇഷ്ടക്കേട് കൊണ്ടാണെന്നെ എല്ലാവരും കരുതിയുള്ളൂ. ആരുമത് കാര്യമായിട്ടെടുത്തില്ല എന്നതാണ് സത്യം !
എന്നാൽ ഇന്നവൾ അത് തെളിയിച്ചിരിക്കുന്നു.

സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു മറ്റൊരുത്തനോടൊപ്പം ഇറങ്ങിപ്പോകുമ്പോൾ അവൾ പറഞ്ഞത് വാചകങ്ങൾ പിന്നെയും പിന്നെയും അവരെ വട്ടം ചുറ്റി കറങ്ങിക്കൊണ്ടേയിരുന്നു

“അച്ഛനും അമ്മയും വേറെ വിവാഹം ആലോചിക്കുന്നുണ്ട് പക്ഷെ, ഞാൻ ഇഷ്ടപ്പെടുന്നതിലുപരി എന്നെ ഇഷ്ടപ്പെടുന്ന ആളിന്റെയൊപ്പം ജീവിക്കാനാണ് എന്റെ തീരുമാനം.

കുഞ്ഞിനെ കൂടെ കൂട്ടി കഷ്ടപ്പെടുത്താൻ വയ്യ. അതുകൊണ്ട് അമ്മയും ശ്രീക്കുട്ടിയും ഇവനെ പൊന്ന് പോലെ നോക്കണം!
സ്വന്തം ഭർത്താവിന്റെ വീട്ടുകാരെയാണ് കുഞ്ഞിനെ ഏല്പിച്ചു കാമുകനൊപ്പം ജീവിക്കാൻ അവൾ പോയത്!

ശ്രീനിലയത്തിലെ ശ്രീകുമാർ ഒരു അന്യജാതിക്കാരിയുമായി വലിയ അടുപ്പത്തിലാണെന്ന് നാട് മുഴുവനും സംസാരമായപ്പോൾ വാർത്ത അറിഞ്ഞ ശ്രീദേവി മകനോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ.

“നിനക്ക് ഒരു പെണ്ണിനേകൂടി പോറ്റാനുള്ള കഴിവുണ്ടെങ്കിൽ ഒരു താലി കെട്ടി അവളെ കൂടെ താമസിപ്പിച്ചോ. പക്ഷെ, നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാൻ നിൽക്കരുത്.
നിന്റെ ഇളയത് ഒരു പെങ്കൊച്ചാണെന്ന് മറക്കണ്ട.”

കുടുംബ മഹിമയുടെയും പാരമ്പര്യത്തിന്റെയും പേരിൽ എന്നും അഭിമാനം കൊണ്ടിരുന്ന ഒരു തറവാട്ടമ്മയുടെ തോൽവി കൂടിയായിരുന്നു മകന്റെ വിവാഹം !

ഒരേയൊരു പുത്രനെ കുറിച്ചുള്ള ഭാവി സങ്കൽപ്പങ്ങൾ ഏതൊരു അമ്മയെക്കാളും ഒരു പിടി മുന്നിലുമായിരുന്നു.

അതുകൊണ്ട് തന്നെ അവൻ തങ്ങളെക്കാൾ താഴ്ന്ന ജാതിയിലുള്ള ഒരു പെണ്ണിനെ പ്രേമിക്കുന്ന വിവരം അറിഞ്ഞതോടെ അവർ ആകെ തകർന്നു.
പലവട്ടം ഉപദേശിച്ചു നോക്കി. ഇല്ല മാറാൻ അൽപ്പവും അവൻ തയ്യാറല്ല.

“അമ്മേ ഇന്നത്തെ കാലത്ത് ഇതൊന്നും ഒരു പുതുമയോ, നാണക്കേടോ ഒന്നുമല്ല. ഈ ജാതിയൊക്കെ നമ്മൾ മനുഷ്യരുണ്ടാക്കി വെച്ചതല്ലേ. മനുഷ്യത്വം ആണ് വലുത്.

വെറുതെ ഒരു പെണ്ണിന്റെ ശാപം നമ്മുടെ ശ്രീയേട്ടന് ഉണ്ടാവാൻ അമ്മ കാരണമാകരുത്. അതുകൊണ്ട് അമ്മ ഈ കല്യാണം നടത്താൻ അനുവാദം കൊടുക്കണം.”

ഒരു മുതിർന്ന സ്ത്രീയെ പോലെയുള്ള വെറും പതിനേഴു വയസ്സുള്ള മകളുടെ വാക്കുകൾക്ക് മുന്നിൽ അവർ ഏറെ നേരം ആലോചിച്ചു.

മക്കളുടെ മുന്നിൽ അമ്മ അവരുടെ ഇഷ്ടങ്ങൾക്ക് വിലങ്ങു തടിയായി നിൽക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കപ്പെടാൻ ഒട്ടും താല്പര്യം ഇല്ല. കുടുംബത്തെ അപമാനത്തിന്റെ വക്കിൽ നിന്ന് രക്ഷിക്കാൻ ഇതേയുള്ളൂ വഴിയെങ്കിൽ പിന്നെ എന്ത്‌ ചെയ്യും.

അവൻ അവളെയും വിളിച്ചിറക്കി എങ്ങോട്ടെങ്കിലും പോകുന്നതിലും ഭേദമല്ലേ എന്റെ കണ്മുന്നിൽ തന്നെ ജീവിക്കുന്നത്.
അങ്ങനെ വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് അടുത്ത ക്ഷേത്രത്തിൽ വെച്ച് ഒരു താലികെട്ട് നടത്തി.

പുതുപ്പെണ്ണ് വന്നു കേറിയെങ്കിലും വല്യ ലോഹ്യമൊന്നും അമ്മയ്ക്ക് അവളോടില്ലായിരുന്നു. വിവാഹം കഴിഞ്ഞു ഒരു വർഷം തികയുന്നതിന് മുമ്പ് പ്രിയ ഒരാൺകുട്ടിയെ പ്രസവിച്ചു.

ഉത്തരവാദിത്തം കൂടിയതോടെ ശ്രീ സ്വന്തമായി ഉണ്ടായിരുന്ന മൊബൈൽ ഷോപ്പ് പൂട്ടി വിദേശത്ത് പോകാൻ ശ്രമം തുടങ്ങി. വർഷങ്ങളായി സൗദിയിൽ സ്വന്തമായി ബിസിനസ്‌ നടത്തുന്ന അമ്മയുടെ ഇളയ സഹോദരൻ അയാളെ കൊണ്ട് പോകാനുള്ള സകല ഏർപ്പാടുകളും ചെയ്തു.

പെട്ടന്ന് തന്നെ വിസ റെഡി ആവുകയും ശ്രീകുമാർ വിമാനം കയറുകയും ചെയ്തപ്പോൾ അമ്മയ്ക്കായിരുന്നു വലിയ ആശ്വാസം.
അവൻ ഇനിയെങ്കിലും ഒന്ന് ജീവിച്ചാൽ മതി.
അയാൾ വിദേശത്ത് പോയപ്പോൾ എല്ലാവരും ഒത്തിരി സന്തോഷിച്ചു.

ഏട്ടത്തി, വീട്ടിൽ ഇരുന്നു ബോറടിക്കുന്നു എന്ന് പറഞ്ഞു അഞ്ച് വയസ്സുകാരൻ മകനെ സ്കൂളിൽ വിട്ടിട്ട് ഒരു പ്രൈവറ്റ് കമ്പനിയിൽ എന്നും രാവിലെ ജോലിക്ക് പോയി തുടങ്ങി.

അമ്മ അതിൽ വലിയ എതിർപ്പൊന്നും കാണിച്ചില്ല എന്ന് മാത്രമല്ല അവളോട് കുറച്ചു സന്തോഷമായി പെരുമാറാനും തുടങ്ങി.
പക്ഷെ, അതുവരെ പമ്മിയിരുന്ന പ്രിയയുടെ സ്വഭാവത്തിൽ പതിയെ പതിയെ മാറ്റങ്ങൾ കാണാൻ തുടങ്ങി.

ആദ്യമൊക്കെ അമ്മയോട് വിനയത്തോടെ നിന്നവൾ മറുത്തു പറയാൻ തുടങ്ങി. മരുന്നിനോ മറ്റ് ആവശ്യങ്ങൾക്കോ പണം ചോദിച്ചാൽ
ഭർത്താവ് അയയ്ക്കുന്ന പൈസ അമ്മയുടെ കയ്യിൽ കൊടുക്കണം എന്ന് പറഞ്ഞിട്ടില്ല എന്ന് ധിക്കാരത്തിൽ പറയാൻ തുടങ്ങി.

ആഡംബരമൊക്കെ ഒന്ന് കുറച്ചു ചിലവ് ചുരുക്കിയെങ്കിലേ ശ്രീക്കുട്ടിയെ ആരുടെയെങ്കിലും കൂടെ പറഞ്ഞു വിടാൻ കഴിയൂ എന്ന് അമ്മായിയമ്മയുടെ മുഖത്ത് നോക്കി അവൾ കൂസലില്ലാതെ പറഞ്ഞു ഇറങ്ങിപ്പോയ ദിവസമാണ് തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് അവർക്ക് തോന്നിയത്.

അവളുടെ വീട്ടിൽ നിന്ന് എന്ത്‌ സമ്പാദിച്ചു വെച്ചിട്ടാണ് മകന്റെയൊപ്പം ഇറങ്ങിപ്പോന്നത്.
വെറും കയ്യോടെ കയറി വന്ന മരുമകളോട് എന്നിട്ടും ഉള്ളിലെ കാലുഷ്യം അവരൊട്ടും പുറമെ കാണിച്ചിരുന്നില്ല.

അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് ശ്രീക്കുട്ടി സമാധാനിപ്പിക്കാൻ നോക്കി.

“പോട്ടെ അമ്മേ, ഏട്ടൻ എന്തായാലും അങ്ങനെ ഒന്നും വിചാരിക്കില്ല.ഏട്ടത്തി സമ്പാദിക്കുന്ന പൈസ കൊണ്ട് എന്റെ കല്യാണം ആരും നടത്തുകയും വേണ്ട.

അച്ഛൻ ഇല്ല എന്ന വിഷമം ഒരിക്കലും അറിയിക്കാതെ എന്നെ വളർത്തിയത് അമ്മയാണ്.ആ അമ്മയ്ക്ക് പറ്റുമ്പോൾ മതി എന്നെ ആരുടെയെങ്കിലും കൂടെ പറഞ്ഞു വിടുന്നത്.അതുവരെ ഞാൻ ഒരു പേരുദോഷവും അമ്മയ്ക്കുണ്ടാക്കില്ല പോരേ ?”

അവർ മകളെ ചേർത്ത് പിടിക്കുമ്പോൾ ഉള്ളുകൊണ്ട് സ്വയം ശപിക്കുന്നുണ്ടായിരുന്നു.
ഈ അമ്മയ്ക്ക് ആരുടെയും ഒരു സഹായവും ആവശ്യമില്ലാത്ത ഒരു കാലമുണ്ടായിരുന്നു.അന്ന് നിന്റെ അച്ഛൻ എല്ലാത്തിനും അമ്മയോടൊപ്പം ഒരു വലിയ ശക്തിയായി കൂടെയുണ്ടായിരുന്നു.

അച്ഛൻ പോയതാണ് അമ്മയ്ക്ക് പറ്റിയ ഏറ്റവും വലിയ തിരിച്ചടി.. ഒരു രാത്രിയിൽ പുറത്ത് എന്തോ അനക്കം കേട്ടത് പോലെ തോന്നിയ ശ്രീക്കുട്ടി ഉറക്കമുണർന്നു എഴുന്നേറ്റു. അന്ന് പതിവില്ലാതെ അവൾ ഏട്ടത്തിയുടെ മുറിയിലാണ് കിടന്നത് .

രാത്രി അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ പ്രിയയ്ക്ക് പെട്ടന്ന് തലചുറ്റൽ തോന്നി.വേച്ചു വീഴാൻ പോയ അവളെ അമ്മയാണ് താങ്ങിയത്.
പ്രെഷറു കൂടിയതായിരിക്കും.ഈയിടെയായി എണ്ണയും ഉപ്പുമൊക്കെ കണ്ടമാനം ഉപയോഗിക്കുന്നുണ്ട് .

ആരോട് പറയാൻ. അമ്മ ആരോടെന്നില്ലാതെ പറഞ്ഞത് കേട്ട് പ്രിയ മുഖം ചുളിച്ചു.
രാത്രി ഒറ്റയ്ക്ക് കിടക്കണ്ട ശ്രീക്കുട്ടി കൂടെ നിന്റെ മുറിയിൽ കിടക്കട്ടെ ഇന്നത്തേയ്ക്ക്.
അമ്മ തീരുമാനം പോലെ പറഞ്ഞു .

പ്രിയ എന്തെങ്കിലും മറുത്ത് പറയുന്നതിന് മുൻപ് അമ്മ മുറി വിട്ട് പോയി. ഇരട്ട കട്ടിലിൽ അവർ രണ്ടു പേരും ഉണ്ണിക്കുട്ടനെ നടുക്ക് കിടത്തി രണ്ടറ്റത്തായി കിടന്നു, ഒന്നും മിണ്ടാതെ..

രാത്രിയിൽ എപ്പോഴോ ആരോ അവളെ തോണ്ടി വിളിക്കുന്നത് പോലെ തോന്നിയാണ് ശ്രീക്കുട്ടി ഞെട്ടിയുണർന്നത്.

ആരോ അടക്കം പറയുന്നത് പോലെ.
തല ചെരിച്ചു നോക്കിയപ്പോൾ ഏട്ടത്തി തൊട്ടപ്പുറത്തു കിടന്നു നല്ല ഉറക്കം.
പിന്നെ ആരാണ്.പുറത്തെ നിലാവിന്റെ നേർത്ത വെളിച്ചം ജനൽചില്ലയിലൂടെ മുറിയിൽ എത്തിനോക്കുന്നുണ്ട്.

അവൾ അതേ കിടപ്പിൽ ജനാലയിലേയ്ക്ക് തല ചെരിച്ചു. ആരോ ജനലുകൾക്കപ്പുറത്ത് നിൽപ്പുണ്ടോ? ഒരു നിഴൽ ! ആ നിഴൽ വീണ്ടും പതിയെ തുറന്നു കിടന്ന ജനാലയ്‌ക്കുള്ളിലൂടെ തന്റെ ശരീരത്തെ സ്പർശിക്കാനായി കയ്യ് നീട്ടുന്നു !!

“അയ്യോ അമ്മേ കള്ളൻ ”

അവൾ വലിയ വായിൽ നിലവിളിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു.ഒച്ച കേട്ട് പ്രിയ ഒട്ടും തിരക്കില്ലാതെയാണ് എഴുന്നേറ്റത്..

“എന്താ,ആരാ ശ്രീക്കുട്ടീ..?

“ഏട്ടത്തീ അതാ വെളിയിൽ ആരോ ഉണ്ട്.
എന്നെ യിപ്പോൾ തൊട്ടു.കള്ളനാണ്.
ലൈറ്റ് ഇടൂ..”

അവൾ ബഹളം വെക്കുന്നത് കേട്ട് പ്രിയ അവളെ സമാധാനിപ്പിച്ചു.

“അവിടെ ആരുമില്ല പെണ്ണെ. ഉറക്കത്തിൽ നിനക്ക് തോന്നിയതാവും.നീ ആ ജനൽ കൊളുത്തിട്ടിട്ട് കിടന്നുറങ്ങ്.രാവിലെ നമുക്ക് നോക്കാം.”

ഒട്ടും പേടിയില്ലാതെ പ്രിയ പറയുന്നത് കേട്ട് അവൾക്ക് ഞെട്ടലാണ് തോന്നിയത്.
തനിക്ക് തോന്നിയതാത്രെ ! വളരെ വ്യക്തമായി കണ്ടതാണ്.കാണുക മാത്രമല്ല തന്റെ കാലിൽ ആരോ സ്പർശിച്ചത് വ്യക്തമായി അറിഞ്ഞതാണ്.

പക്ഷെ പിന്നെ ഉറങ്ങാനേ കഴിഞ്ഞില്ല. ജനലരികിൽ അപ്പോഴും ആരോ നിൽപ്പുണ്ടെന്ന് തന്നെ തോന്നി. പ്രിയേടത്തി കൂർക്കം വലിച്ചുറങ്ങുന്നു. താൻ അത്ര ഉറപ്പിച്ചു പറഞ്ഞിട്ടും ഒന്ന് നോക്കാൻ തയ്യാറായില്ലല്ലോ.

രാവിലെ അമ്മയോട് വിവരം പറഞ്ഞപ്പോൾ നിനക്കെന്താ എന്നെ വിളിക്കാൻ തോന്നാഞ്ഞത് എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു. പിന്നീട് ഒരിക്കൽ പോലും ആ മുറിയിൽ കിടക്കാൻ അവൾക്ക് തോന്നിയില്ല. ഏട്ടത്തിയെ അത്രയ്ക്കും വിശ്വസിക്കണോ എന്നൊരു ചിന്ത അമ്മയോട് പോലും പറയാതെ മനസ്സിൽ സൂക്ഷിച്ചു.

മരുമകളുടെ ഭരണം വീട്ടിൽ പൊടിപൊടിക്കുമ്പോഴും അമ്മ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. ഈ അമ്മയ്ക്ക് ഇതെന്ത് പറ്റി ?എന്തിനാ ആവശ്യമില്ലാത്തതൊക്കെ കേൾക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

“അവൻ ഇവിടെ ഇല്ലാത്തതാണ്. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതിന്റെ പത്തിരട്ടി പറഞ്ഞു കൊടുക്കും.

പിന്നെ അവൻ പറയും ഞാൻ ആവളോട് അമ്മായിയമ്മപ്പോര് എടുക്കുവാ എന്ന്. എന്തിനാ രണ്ട് കയ്യും കൂട്ടിട്ടടിച്ചാലല്ലേ ശബ്ദം കേൾക്കൂ..
എന്റെ ചെറുക്കൻ അവിടെ സ്വസ്ഥമായി നിന്ന് ജോലി ചെയ്യട്ടെ. ”

അമ്മ ഒത്തിരി മാറിയിരിക്കുന്നു! വർഷം ഒന്ന് കഴിഞ്ഞപ്പോൾ ശ്രീയേട്ടൻ അവധിക്ക് നാട്ടിലെത്തി.

“പെണ്ണിനെ കെട്ടിച്ചു വിടണ്ടേ മോനെ, വയസ്സ് ഇരുപത്തി മൂന്ന് കഴിഞ്ഞു. ഞാൻ മാത്രം വിചാരിച്ചാൽ ഒന്നുമാകില്ല. നീ പോകുന്നതിനു മുൻപ് ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു വെച്ചിരുന്നെങ്കിൽ സമാധാനമായേനെ.”

“ശ്രീയേട്ടൻറെ കയ്യിൽ എവിടുന്നാ അതിനും മാത്രം കാശ്. അങ്ങോട്ട് പോയതല്ലേയുള്ളൂ. ഒരു മൂന്നാലു വർഷം കഴിയട്ടെ.”

” മൂന്നാലു വർഷമോ! അപ്പോഴേക്കും പെണ്ണിന് മൂക്കിൽ പല്ല് കിളിക്കുമല്ലോ. ഈ കുടുംബത്തിൽ പെൺകുട്ടികളെ അത്രയും പ്രായം വരെയൊന്നും നിർത്തിയിട്ടില്ല.”

“അതെന്താ അവര് അതിന് മുൻപ് ചാടിപ്പോകുമോ ”

പ്രിയ പിറുപിറുത്തുകൊണ്ട് പോകുന്നത് കണ്ട് അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഒന്നല്ല ഒരുപാട് വട്ടമായി ക്ഷമിക്കുന്നു. ഇവൾ ഒന്നുമില്ലാത്തിടത്തു നിന്ന് വെറുംകയ്യോടെ കയറി വന്നതും പോരാഞ്ഞ് തന്റെ നേരെ മെക്കിട്ട് കേറുന്നതും സഹിക്കണോ.

“പ്രിയേ ഒന്നവിടെ നിന്നെ. അതേയ് നീ പല പ്രാവശ്യമായി എന്റെ മോടെ കാര്യം പറയുമ്പോൾ ഓരോ കുത്തുവാക്കുകൾ പറയുന്നു.നിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നതല്ലല്ലോ ഇവിടെ ആരും അനുഭവിക്കുന്നത്.

കാണുന്ന ആൺപിള്ളേരുടെയൊക്കെ തോളത്ത് കേറി നടന്നതിനെ എന്റെ വീട്ടിൽ മരുമകളാക്കിയതാ എനിക്ക് പറ്റിയ വലിയ തെറ്റ്. എങ്ങനെയെങ്കിലും പോട്ടെന്നു വെച്ച് ഗൗനിക്കാതെയിരുന്നാൽ മതിയായിരുന്നു.”

ശ്രീകുമാർ രൂക്ഷമായി ഭാര്യയെ ഒന്ന് നോക്കി. അവളത് കാണാത്ത മട്ടിൽ അകത്തേയ്ക്ക് ചവുട്ടിത്തുള്ളി പോയി.

“ഇത്രയും ഭയങ്കരിയായിരുന്നു നിന്റെ പെണ്ണുമ്പിള്ള എന്ന് അറിഞ്ഞിരുന്നില്ല മോനെ. നീ പോയതോടെ പെട്ടെന്നാണ് അവളുടെ മട്ടും ഭാവവും മാറിയത്. ഞാൻ അവളെപ്പേടിച്ച് പ്രായമായ പെണ്ണിനേയും കൊണ്ട് എങ്ങോട്ട് പോകാനാ..”

അമ്മ കണ്ണുതുടയ്ക്കുന്നത് കണ്ട് അസ്വസ്ഥതയോടെയാണ് അവൻ എഴുന്നേറ്റത്.
അവൻ വന്ന പിറ്റേന്നും ജോലിക്ക് പോകാൻ ഒരുങ്ങിയിറങ്ങിയ പ്രിയയെ കണ്ട് അമ്മയൊന്ന് അമ്പരന്നു.

“ഇന്നെങ്കിലും നിനക്ക് ഒന്ന് വീട്ടിലിരുന്നു കൂടെ? അവൻ വന്നതല്ലേയുള്ളൂ.”

” വന്നവരങ്ങു പോകും. പിന്നെ ചെന്നാൽ ജോലി തരാൻ എന്റെ ബന്ധു വീടൊന്നുമല്ല അത്. ”
പിന്നാലെ എങ്ങോട്ടോ പോകാൻ ഒരുങ്ങിയ വേഷത്തിൽ ശ്രീകുമാർ വരുന്നത് കണ്ടു.

“അമ്മേ ഞാനും കൂടി അവളുടെ ഓഫീസിൽ ഒന്ന് പോയിട്ട് വരാം. അവള് ജോലി ചെയ്യുന്നത് എങ്ങനെയുള്ളടത്താണെന്ന് ഒന്നറിയാമല്ലോ.”

“എന്നാലും മോനെ ഇന്നവളെ ജോലിക്ക് വിടണമായിരുന്നോ. നിങ്ങൾ എത്ര നാള് കൂടി കാണുന്നതാ. എവിടെയൊക്കെ പോകാനുള്ളതാ. അവൾക്ക് ഒരാഴ്ച്ചത്തെ അവധി എടുക്കാൻ പറഞ്ഞു കൂടായോ?”

“പോട്ടെ അമ്മേ. അത്രയും സ്വൈര്യം കിട്ടുമല്ലോ ഇവിടെ. ”

“മോനെ..”

“അമ്മയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.അവളൊത്തിരി മാറിപ്പോയി.ഇപ്പൊ തോന്നുന്നുണ്ട് ഒന്നും വേണ്ടായിരുന്നു എന്ന്.മോനെക്കുറിച്ച് ഓർക്കുമ്പോൾ സഹിച്ചു പോകുന്നതാ.”

അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെ ഇനിയും കൂടുതൽ പറഞ്ഞു വെറുതെ എന്തിന് അവനെ വിഷമിപ്പിക്കണം. ഇണക്കവും പിണക്കവുമായി ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയി.

രണ്ട് മാസത്തെ അവധി കഴിഞ്ഞവൻ പോകുമ്പോൾ വീട് പെട്ടന്ന് ഉറങ്ങിയത് പോലെ. പേരക്കുട്ടിയുടെ കളിയും ചിരിയും കണ്ടിരിക്കുമ്പോൾ മാത്രമാണ് മനസ്സ് ഒന്ന് തണുക്കുന്നത്.

ഒരു നാൾ ഊണ് കഴിക്കാൻ ഇരിക്കുമ്പോഴാണ് ഫോൺ വന്നത്. പരിചയം ഇല്ലാത്ത നമ്പർ. എടുത്തു ഹലോ വെക്കാൻ ഒരുങ്ങുന്നതിന് മുൻപ് ഇങ്ങോട്ട് വന്നു വീണ വാക്കുകൾ കേട്ട് ചെവി കൊട്ടിയടച്ചു. ശ്രീകുമാറിന് ചെറിയൊരു ആക്‌സിഡന്റ് സംഭവിച്ചു.

പിന്നെ പതിയെ പതിയെ ഓരോ വാർത്തകൾ പലയിടത്തും നിന്ന് കേട്ട് തുടങ്ങി. വിവരം അറിഞ്ഞവരാണോ എന്തോ വീടിനു ചുറ്റും ആളുകൾ കൂട്ടം കൂടി നിന്ന് സംസാരിക്കാൻ തുടങ്ങിയത് നേരിയ സംശയം ഉണ്ടാക്കി.

പ്രിയയുടെ വീട്ടിൽ നിന്ന് വൈകുന്നേരം അച്ഛനും അമ്മയും വന്നു കുഞ്ഞിനേയും അവളെയും കൂട്ടിക്കൊണ്ട് പോയി. കാര്യം മാത്രം ആരും പറയുന്നില്ല. പക്ഷെ ശ്രീക്കുട്ടി മാത്രം കരഞ്ഞു നിലവിളിച്ചു.

ഏട്ടാ എന്ന് ഉറക്കെ കരയുബോൾ ശ്രീദേവിയുടെ കണ്ണിൽ പൊടിയാൻ ഒരു തുള്ളി കണ്ണ് നീർ ബാക്കിയുണ്ടായിരുന്നില്ല. അവൻ അങ്ങനെ പോകുമോ എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഒരാഴ്ച്ചക്കുള്ളിൽ പോയതിലും എളുപ്പത്തിൽ അവൻ വന്നു.

ആരെയും നോക്കാതെയും ചിരിക്കാതെയും വിശേഷങ്ങൾ ചോദിക്കാതെയും!
ചടങ്ങുകൾ കഴിയാൻ കാത്തിരുന്നത് പോലെയാണ് പ്രിയയുടെ വീട്ടുകാർ അവളെയും കുഞ്ഞിനേയും കൂട്ടിക്കൊണ്ട് പോകാനെത്തിയത്.

പിന്നീട് വല്ലപ്പോഴും എന്തെങ്കിലും വിശേഷങ്ങൾ ഉള്ളപ്പോൾ അവർ വന്നെങ്കിലായി. കൊച്ചു മോനെ കാണാൻ കൊതി തോന്നുമ്പോൾ മോളെയും കൂട്ടി അവിടെ വരെ പോകാൻ ആഗ്രഹം തോന്നാറുണ്ട്.

പക്ഷെ, മോൾക്ക് ഒട്ടും താൽപ്പര്യം ഇല്ല അതിൽ. ഇവിടെ വളരേണ്ട കുഞ്ഞല്ലേ അമ്മേ അവൻ. അവന്റെ അച്ഛൻ പോയെങ്കിലും നമ്മളൊക്കെ ഇല്ലേ ഇവിടെ.

അവൾ ഇടറിയ സ്വരത്തിൽ ചോദിക്കുമ്പോൾ തനിക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടാറില്ല പലപ്പോഴും.

ഇടയ്ക്ക് ആരോ പറഞ്ഞറിഞ്ഞു, പ്രിയയ്ക്ക് വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്നുണ്ടെന്ന്. അതും കൂടി കേട്ടതോടെ, ഞാൻ പോയി അവനെ ഇങ്ങു കൂട്ടിക്കൊണ്ട് പോരാം.

അപ്പച്ചി വിളിച്ചാൽ അവൻ വരാതിരിക്കില്ല എന്ന് കടുപ്പിച്ചു പറഞ്ഞു. മോളെ പ്രിയ ചെറുപ്പമല്ലേ. അവൾക്ക് ഒരു ജീവിതം വേണമെന്ന് ആരായാലും ആഗ്രഹിച്ചു പോകും. അതേ അവരും ചെയ്യുന്നുള്ളൂ.

ആയിക്കോട്ടെ അമ്മേ, ഏട്ടത്തി വേറെ കെട്ടി പൊക്കോട്ടെ. പക്ഷെ നമ്മുടെ ശ്രീയേട്ടന്റെ കുഞ്ഞ് എന്ത് ചെയ്യും. വേറൊരുത്തനെ അവൻ അച്ഛാ എന്ന് വിളിക്കണ്ടേ ?
അതാലോചിച്ചപ്പോൾ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു.

എന്റെ പൊന്ന് മോനെ ഇത്രയും പെട്ടന്ന് അങ്ങ് വിളിക്കുമെന്ന് ഓർത്തില്ലല്ലോ. പകരം ഈ വയസ്സായ എന്നെ അങ്ങ് കൊണ്ട് പോയിക്കൂടായിരുന്നോ?
അവർ മുകളിലേക്ക് കണ്ണുകൾ ഉയർത്തി നെഞ്ചിൽ കയ്കൾ ചേർത്ത് വെച്ച് നിശബ്ദം വിലപിക്കും.

ശ്രീകുമാറിന്റെ മരണത്തോടെ മകളുടെ വിവാഹ ആലോചനകളെല്ലാം താറുമാറായ അവസ്ഥയാണ്. വയസ്സ് ഇരുപത്തി ഏഴായി. അവൾ ഒരു പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നത് കൊണ്ട് പകലുള്ള ചിന്തകളും, ഓർമ്മകളും എല്ലാം താനൊറ്റയ്ക്കു തിന്ന് തീർക്കണം.

അമ്പലത്തിൽ നിർമ്മാല്യം തൊഴാൻ പോകുമ്പോൾ ആരെങ്കിലും ഒക്കെ തിരക്കും. മോള് കുട്ടിയുടെ കല്യാണം ആയോയെന്ന്!
ആകുന്നു, ആയിക്കൊണ്ടിരിക്കുന്നു എന്നൊക്കെ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവിടെ നിന്ന് തടിയൂരുകയാണ് പതിവ്.

ഇനി വെച്ചു താമസിപ്പിക്കാൻ പാടില്ല. തനിക്കും കൂടെ എന്തെങ്കിലും സംഭവിച്ചു പോയാൽ അതിന്റെ കാര്യം ആകെ കഷ്ടത്തിലാകും.
പക്ഷെ, ഒന്നും വിചാരിച്ചത് പോലെയല്ലല്ലോ നടക്കുന്നത്..

പത്രത്തിൽ കണ്ട ഒരാലോചനയ്ക്ക് മറുപടി കൊടുത്തു കാത്തിരിക്കുന്ന നേരത്താണ് അവൾ കയറി വന്നത്!

ഒപ്പം തന്റെ ശ്രീക്കുട്ടന്റെ തനിപകർപ്പും!!
മോനെ ലാളിക്കാൻ കയ്യ് നീട്ടുമ്പോൾ അവൾ അവനെ അരികിലേയ്ക്ക് നീക്കി നിർത്തി.

“അമ്മ എന്നോട് ക്ഷമിക്കണം. എനിക്ക് വേറെ വഴിയില്ല. ഞാൻ പോകുവാ ഇവിടം വിട്ട്. മോനെ ഇനി അമ്മയും ശ്രീക്കുട്ടിയും നോക്കണം.”
കുട്ടിയെ ചേർത്ത് പിടിച്ച കയ്യ് വിട്ട് അവളെ ഒന്ന് തൊട്ടു.

“നീയ് അതിനിവിടെ പോകുന്നു. ജോലി വല്ലതും കിട്ടിയോ.?”

പ്രിയ ചുറ്റും ഒന്ന് നോക്കി. അവൾക്ക് പിന്നിലപ്പോൾ ദൂരെ നിഴൽ പോലെ ഒരാൺ രൂപം നിൽപ്പുണ്ടായിരുന്നു!

“എനിക്ക്.. ഞാൻ..”
പെട്ടന്ന് അവൾ മുഖം കുനിച്ചു.

“ഞാൻ രണ്ടു മാസം ഗർഭിണിയാണമ്മേ. വീട്ടിൽ പറയാൻ പറ്റാത്ത അവസ്ഥയാണ്. അച്ഛനും അമ്മയും ഒരു രണ്ടാം കെട്ടുകാരനെക്കൊണ്ട് എന്റെ കല്യാണം ഉറപ്പിച്ച മട്ടാണ്.

എനിക്കതിൽ താല്പര്യമില്ല. എന്നെ സ്നേഹിക്കുന്ന ഒരാളുണ്ട്. അയാൾക്കൊപ്പം ജീവിച്ചാൽ മതി.”

ലേശം പതർച്ചയോടെയാണ് അവൾ പറഞ്ഞതെങ്കിലും പെരുമാറ്റത്തിലെ കൂസലില്ലായ്മ കണ്ട് അവർ ഞെട്ടി.

ഇവൾ പഴയ ചരിത്രം വീണ്ടുമാവർത്തിച്ചിരിക്കുന്നു!!
വയറിലേയ്ക്ക് നോക്കിയതും പെട്ടന്ന് അവർ കണ്ണുകൾ പിൻവലിച്ചു. ഉള്ളിൽ വെറുപ്പ് പതഞ്ഞു പൊങ്ങുന്നു.

ശ്രീക്കുട്ടി ഇവിടെ ഇല്ലാഞ്ഞത് നന്നായി. അല്ലേൽ ഈ മുഖത്തവൾ കാർക്കിച്ചു തുപ്പിയേനെ.
പ്രിയ ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞു നോക്കുനുണ്ടായിരുന്നു.

“ശരി എങ്കിൽ ” കൂടുതൽ ഒന്നും പറയാതെ അവർ സംസാരം അവസാനിപ്പിച്ചു.
ഇവൾ എങ്ങോട്ടെങ്കിലും പെട്ടന്ന് പോയിക്കിട്ടിയിരുന്നെങ്കിൽ..മുഖം കാണുംതോറും വെറുപ്പ് അധികരിച്ചു.

ഒരല്പനേരം കൂടി നിന്നിട്ട് അവൾ മകന്റെ
മുഖത്ത് അമർത്തി ഒന്ന് ചുംബിച്ചു. പിന്നെ യാത്ര പറയാതെ, പിന്തിരിഞ്ഞു നോക്കാതെ വേഗത്തിൽ തിരിഞ്ഞു നടന്നു.

എന്റെ കുഞ്ഞിനെ അനാഥനാക്കിയല്ലോ എന്നൊരു സങ്കടം മാത്രം അവരുടെ നെഞ്ചിൽ അലച്ചു തല്ലി കണ്ണീർ പുഴയായി ഒഴുകി. അമ്മൂമ്മയുണ്ട് എന്റെ പൊന്നുംകുടത്തിന്. അവള് പൊക്കോട്ടെ. ”

അവൻ അപ്പോഴും കുഞ്ഞിക്കണ്ണുകൾ വിടർത്തി അമ്മ പോയ വഴിയേ പ്രതീക്ഷയോടെ നോക്കി നിന്നു. അമ്മ വരും. കാറും മിട്ടായിയും ഒക്കെയായിട്ട് അമ്മ ഉടനെയെത്തും.

അമ്മൂമ്മയുടെ കയ്യിൽ പിടിച്ചു ഉത്സാഹത്തോടെ അവൻ അകത്തേയ്ക്ക് നടന്നു. തിരികെയെത്തുന്ന അമ്മയ്ക്കായി കാത്തിരിക്കാൻ!

Leave a Reply

Your email address will not be published. Required fields are marked *