കലഹിക്കാനോരോ കാരണങ്ങൾ
(രചന: ശാലിനി മുരളി)
മുഷിഞ്ഞു നാറുന്ന വേഷത്തോടെ ബെഡ്റൂമിലേയ്ക്ക് കയറി വരുന്ന ഭാര്യയെ കണ്ട് ഹരിയ്ക്ക് മടുപ്പാണ് തോന്നിയത്. ഇവളിനി എന്നാണ് ഒന്ന് മാറുക. എത്ര വട്ടം പറഞ്ഞു കൊടുത്തിരിക്കുന്നു.
എന്നിട്ടും ഒരു പ്രയോജനവും ഇല്ല. ജോലിയാണത്രെ. എപ്പോ പുറത്ത് ഒന്ന് പോകാൻ വിളിച്ചാലും ഇതേ പല്ലവി തന്നെ! ഈ ലോകത്തുള്ള പെണ്ണുങ്ങൾ മുഴുവനും അടുക്കളയിൽ മാത്രം കഴിഞ്ഞു കൂടുന്നവരാണോ.
“നിനക്ക് ഈ വേഷമെങ്കിലും ഒന്ന് മാറരുതോ സായീ? ഇത് നീ രാവിലെ എഴുന്നേറ്റു കുളി കഴിഞ്ഞപ്പോൾ ഇട്ടതല്ലേ?”
“ഓഹ്, മിനിറ്റിനു മിനിറ്റിനു വേഷം മാറാൻ ഞാനിവിടെ ഓഫീസ് ജോലിയല്ലേ ചെയ്യുന്നത്.
അടുക്കളയിൽ എച്ചിൽ പാത്രം കഴുകാനും, പുകയും കരിയും ഏൽക്കാനുമൊക്കെ ഇതൊക്കെ ധാരാളം.ഹരിയേട്ടന് വന്നു വന്നു എന്നെയിപ്പോ തീരെ പിടിക്കുന്നില്ല.ഞാൻ ചെയ്യുന്നതും പറയുന്നതുമെല്ലാം കുറ്റം.”
ഇതാണ് ഇവളുടെ സ്ഥിരം ഡയലോഗ്!
പിന്നെ കുറെ പതം പറഞ്ഞുള്ള കരച്ചിലും.ആകെക്കൂടി തന്റെ രാത്രികൾ
വെറും നരച്ച ശ്മശാനം പോലെയായിരിക്കുന്നു.
മുൻപൊക്കെ ഓരോ രാത്രികൾക്കായി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.
അന്നൊക്കെ ജോലിയെല്ലാം തീർത്തു,
മേലും കഴുകി വൃത്തിയും സുഗന്ധവുമുള്ള വേഷമണിഞ്ഞു ഒരപ്സരസിനെ പോലെ തന്റെയരികിൽ എത്താറുള്ള സായിയെ അയാൾ വെറുതെ ഓർത്തു.
ഇവൾക്ക് ഇങ്ങനെ മാറാൻ എങ്ങനെ കഴിയുന്നു. തന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ.
അയാൾ സ്വയം ചിന്തിച്ചു. ആവശ്യമില്ലാതെ ഒന്നിനും അവളെ കുറ്റപ്പെടുത്താറില്ല. വൃത്തിയും വെടിപ്പും മാത്രമാണ് തനിക്ക് നിർബന്ധം ഉള്ളത്..മറ്റൊന്നിനും അവളെ താൻ വഴക്ക് പറയുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല.
പക്ഷെ,കുറച്ചു നാളുകളായി അവൾ തന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് പോലെ ഒരു തോന്നൽ.എത്ര ചേർത്ത് പിടിക്കാൻ നോക്കിയാലും അവൾ ബോധപൂർവം അകലാൻ ശ്രമിക്കുന്നു.
മക്കൾ രണ്ട് പേരും വലുതായതോടെ മറ്റൊരു മുറിയിലേയ്ക്ക് കിടപ്പ് മാറ്റിയത് തന്റെ തീരുമാനമായിരുന്നു.
അതാണ് നല്ലതെന്ന് മനസ്സില്ലാ മനസ്സോടെ പിന്നീട് അവളും സമ്മതിച്ചു തരികയായിരുന്നു.
എങ്കിലും അവർ ഉറങ്ങിക്കാണുമോ, എഴുന്നേറ്റു വരുമോ, ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ട് ഭയപ്പെടുമോ എന്നൊക്കെയുള്ള വേവലാതി കൊണ്ട് തന്റെയൊപ്പം കിടക്കുമ്പോൾ പോലും അവൾ അസ്വസ്ഥത പ്രകടിപ്പിച്ചു.
ഒന്നിലും ശ്രദ്ധയില്ലാതെ വെറുമൊരു മരക്കഷ്ണം പോലെ കണ്ണും പൂട്ടി കിടക്കുന്ന ഭാര്യയെ തള്ളിമാറ്റി എഴുന്നേറ്റു പുറത്ത് പോയി സിഗരറ്റ് പുകച്ചു കൊണ്ട് വെറുതെ പുറത്തെ ഇരുട്ടിലേയ്ക്കും, ആകാശത്തിലെ രാത്രി സഞ്ചാരികളായ നക്ഷത്രക്കൂട്ടത്തിലേയ്ക്കും കണ്ണ് ചിമ്മാതെ നോക്കി നില്ക്കും.
മനസ്സ് ഒന്നടങ്ങുമ്പോൾ തിരികെ മുറിയിലേയ്ക്ക് മടങ്ങും.അപ്പോൾ ഒരു വശം ചെരിഞ്ഞു കിടന്ന് സായി നല്ല ഉറക്കമായിരിക്കും.
അയാളും അവർക്കെതിരെ മറുവശത്ത് അവളെ സ്പർശിക്കാതെ ഒരകലമിട്ടു ചരിഞ്ഞു കിടന്ന് എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീഴും.
നേരം പുലർന്നാൽ അടുക്കളയിൽ നിന്നിറങ്ങാതെ ആർക്കെന്നില്ലാതെ വെച്ചും വിളമ്പിയും അവൾ മുഖം തരാതെ ഒഴിഞ്ഞു മാറും.
ഇങ്ങനെ ആയാൽ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി..
അമ്മയെ കൂടെ നിൽക്കാൻ കൂട്ടിക്കൊണ്ട് വന്നാലോ എന്ന് ആലോചിച്ചു.അത് അവളോട് തുറന്നു പറയുകയും ചെയ്തു.
“ഞാൻ അമ്മയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാൻ തീരുമാനിച്ചു.എനിക്ക് എന്തെങ്കിലും ഒക്കെ സംസാരിക്കാൻ ആരെങ്കിലും ഈ വീട്ടിൽ വേണമല്ലോ. നിനക്കാണെങ്കിൽ അടുക്കളയിൽ നിന്നിറങ്ങാനും നേരമില്ല.അമ്മയാവുമ്പോൾ എല്ലാത്തിനും ഒരടുക്കും ചിട്ടയും ഉണ്ടാവും.ഇഷ്ടം പോലെ സമയവും കിട്ടും.”
അത് കേട്ടിട്ടും അവളൊന്നും മിണ്ടിയില്ല.
വായിൽ വന്ന മുട്ടനൊരു ചീത്ത അയാൾ പെട്ടന്ന് വിഴുങ്ങിക്കളഞ്ഞു.
ചവുട്ടിത്തുള്ളി പോകുന്ന ആളിനെ ഒന്ന് നോക്കിയിട്ട് അവൾ ഇഡ്ഡലി മാവ് തട്ടിലേയ്ക്ക് കോരിയൊഴിക്കാൻ തുടങ്ങി.
ഹരിയേട്ടനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ആൾക്ക് തന്റെ ശരീരം മാത്രം മതി.
രാത്രിയിൽ എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്ന കൊതിയോടെ ഓടിയെത്തുന്ന തന്നിലേയ്ക്ക് ഒരു വലിയ ഭാരം കയറ്റി വെയ്ക്കാൻ ശ്രമിക്കുന്ന ആളിനോട് വെറുപ്പ് പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നതും നോക്കാറുണ്ട്.
എന്നിട്ടും വൃത്തിയില്ല, വെടിപ്പില്ല, കുളിക്കില്ല എന്നൊക്കെ പരാതി പറഞ്ഞു കാള രാത്രികൾ ആക്കുന്നത് മറ്റാരുമല്ലല്ലോ!
പ്രായം കൂടുംതോറും സെ ക്സിനോടുള്ള താല്പര്യം കൂടുന്ന ഭർത്താവിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് കഴിയുന്നതും മൗനം പാലിക്കുകയാണ്.
പോരെങ്കിൽ അടുത്തിടെയായി സിഗരറ്റ് വലി കൂടിയിരിക്കുന്നു. അടുത്ത് വരുമ്പോഴേ മനം മടുപ്പിക്കുന്ന ഗന്ധമാണ്.
ആ വിരലുകൾക്ക് പോലും ശ്വാസം മുട്ടിക്കുന്ന ഒരുതരം ദുർഗന്ധമുണ്ടെന്ന് എങ്ങനെ പറയും?
അതോടെ അവസാനിപ്പിക്കും ഹരിയേട്ടൻ തന്റെ ഒപ്പമുള്ള പൊറുതി പോലും.!
ശ്വാസം അടക്കിപ്പിടിച്ചു ഒരു മരപ്പാവയെ പോലെ കിടക്കുമ്പോൾ നിനക്ക് നിന്റെ പഴയ കാമുകനായിരിക്കും മനസ്സിൽ.
അവനെ ഓർത്താൽ മതി നിനക്ക് ഇപ്പൊ തോന്നുന്ന
ഈ മടുപ്പൊക്കെയങ്ങു മാറും എന്നൊക്കെ പറയുന്ന ആളിനോട് ഉള്ളിൽ ഞെരിഞ്ഞമരുന്ന അണപ്പല്ലുകളുടെ കിരുകിരുപ്പുകൾ പുറത്തേയ്ക്ക് തെറിക്കാതിരിക്കാൻ എത്ര പാടുപെടുന്നുണ്ട് എന്ന് തനിക്ക് മാത്രം അറിയാം!
താനൊരാൾ വൃത്തിയായി കിടപ്പുമുറിയിൽ എത്തിയിട്ട് എന്ത് കാര്യം?
കിടക്ക പങ്കിടാൻ എത്തുന്ന പങ്കാളിക്കും
വേണ്ടേ ഒരല്പം വൃത്തിയുള്ള മനസ്സും ശരീരവും!
അമ്മ വരട്ടെ,
ഇനി താനായിട്ട് ഒന്നും എതിര് പറയുന്നില്ല.
മകന് ഭാര്യയോടുള്ള എതിർപ്പുകൾ ഒന്നൊന്നായി കേട്ട് കഴിയുമ്പോൾ അമ്മയ്ക്ക് തന്നോടുള്ള ഇഷ്ടം ഒട്ടും കൂടാനും പോകുന്നില്ല കുറയാനും പോകുന്നില്ല.
അമ്മയ്ക്കും തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് ഹരിയേട്ടന്റെ ഈ പുകവലി.
അച്ഛൻ ആയുസ്സ് തീരുന്നതിനു മുമ്പ് അങ്ങ് പോയത് ഇതേ പുകവലി മൂലമാണെന്ന് അമ്മ പലപ്പോഴും സങ്കടപ്പെടുന്നത് കേട്ടിട്ടുണ്ട്.
ശബ്ദം നേർത്തു നേർത്ത് ഒടുവിൽ മിണ്ടാതായി. ശ്വാസകോശത്തിലെ അർബുദമായിരുന്നു അച്ഛന്റെ ശബ്ദമെടുത്തത്.
മകൻ അമ്മ കാണാതെ ഒളിച്ചും പാത്തും പുകച്ചുരുളുകൾക്കിടയിൽ രസിച്ചിരിക്കുന്നത് കാണുമ്പോൾ അരിശം കൊള്ളും.
അമ്മ വരട്ടെ..
അവൾ തിരക്കിട്ടു ബാക്കി ജോലികളിലേയ്ക്ക് തിരിഞ്ഞു.
മക്കൾക്ക് രണ്ട് പേർക്കും ഓരോ ഇഷ്ടങ്ങളാണ്.മൂന്ന് പേരുടെയും ഇഷ്ടത്തിന് പാകപ്പെടുത്തി പാത്രത്തിലാക്കി കൊടുത്തു വിടുന്നത് വരെ നിന്ന് തിരിയാൻ നേരമില്ല.
പക്ഷെ, അന്ന് ഒന്നും കഴിക്കാതെയും, മേശമേൽ വെച്ചിരുന്ന ടിഫിൻ ബോക്സ് കണ്ട ഭാവം നടിക്കാതെയും ഹരി ഇറങ്ങിപ്പോയി.
ങുംഹും! അവളുടെ ഒരു ആഹാരം.
ആർക്ക് വേണം. തന്നെ ഒരു വിലയുമില്ലാത്ത ഒരുത്തിയുടെ കയ്യ്കൊണ്ട് വെച്ചുണ്ടാക്കിയത് കഴിക്കാൻ ഇനി ഈ ഹരിയെ കിട്ടില്ല.
അന്ന് അയാൾ വരുന്ന സമയം കഴിഞ്ഞിട്ടും കാണാതെ ഇരുന്നപ്പോഴും അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
ഇതൊക്കെ താൻ എത്ര വട്ടം കണ്ടിരിക്കുന്നു. ഈ നിരാഹാരവും, പ്രതിഷേധവും,സമരമുറകളും!!
എല്ലാത്തിന്റെയും അവസാനം ഒരു തിരിച്ചു വരവ് തന്നിലൂടെ മാത്രമായിരിക്കും.
ഒരു രാത്രി കൊണ്ട് തീരാവുന്ന പിണക്കം മാത്രമാണ് ഹരിയേട്ടന് തന്നോടുള്ളത്.
പക്ഷെ, മനസ്സിലുള്ള ഇഷ്ടം അത്രയും തുറന്നു കാട്ടാൻ പലപ്പോഴും തനിക്ക് കഴിയാതെ വരുന്നു. വെറും മുപ്പത്തിയെട്ടു വയസ്സ് മാത്രമല്ലേ ആയിട്ടുള്ളൂ.
അപ്പോഴേക്കും വിരക്തി തോന്നാൻ കാരണം എന്നോടുള്ള വെറുപ്പും ഇഷ്ടക്കുറവും കൊണ്ടാണ്. അത് മാത്രമാണ് കാരണം.എന്നെ അങ്ങനെ പൊട്ടനാക്കാൻ നോക്കണ്ട, എനിക്കെല്ലാം മനസ്സിലാകും. ഇന്നോ ഇന്നലെയോ അല്ല നിന്നെ കാണുന്നത്.
വീറോടെ പറയുന്ന ആളിനോട് അപ്പോൾ സഹതാപം മാത്രമാണ് തോന്നുക.
അത്രയും കൂടുതൽ മനസ്സിലാക്കിയിട്ടാണോ കേൾക്കാൻ കൊള്ളാത്ത വാക്കുകൾ തന്നെ കുറിച്ച് പറയുന്നത് എന്ന് തിരിച്ചു ചോദിക്കും , അത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്.
നീ മനസ്സ് കൊണ്ട് പോലും ആരെയും സ്നേഹിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞു സെന്റിയാകും. ആ സ്നേഹവും കരുതലും തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് ഉള്ളിലുള്ള ഈർഷ്യ പുറത്ത് കാട്ടാൻ മടിക്കുന്നതും.
പക്ഷെ, ഇത് അങ്ങനെയുള്ള സാധാരണ പോക്കല്ല എന്ന് വെറുതെ ഒരു സന്ദേഹം.
മക്കൾ ഊണ് കഴിഞ്ഞു കിടന്നു. അടുക്കള ആകെയൊന്ന് ഒതുക്കിയെന്ന് വരുത്തി പുറത്ത് ഇരുട്ടിന്റെ അങ്ങറ്റത്തേയ്ക്ക് വെറുതെ നോക്കി നിന്നു. ഫോണിൽ വിളിച്ചിട്ട് സ്വിച്ചഡ് ഓഫും.
കൂടെ ജോലി ചെയ്യുന്ന മധുപാലിന്റെ നമ്പർ ഡയറിയിൽ നോക്കി ടൈപ് ചെയ്തു. “ഞങ്ങൾ ഇന്ന് നേരത്തെ ഇറങ്ങിയതാണല്ലോ എന്താ അവൻ ഇതുവരെ വന്നില്ലേ.?”
ഒന്നും പറയാതെ കട്ട് ചെയ്തു. വരുമ്പോൾ വരട്ടെ. ഒരുപക്ഷെ, ഇനി അമ്മയെയും കൂട്ടി വരാൻ വീട്ടിൽ പോയതായിരിക്കുമോ.
അവൾ വാതിൽ ലോക്ക് ചെയ്തു ബെഡ്റൂമിലേയ്ക്ക് പോയി.
ലൈറ്റ് അണച്ചു കട്ടിലിൽ കയറി കിടന്നു. ഇന്ന്, തന്റെ വേഷത്തിന് മുഷിഞ്ഞ ഗന്ധമാണ്, നീ കുളിച്ചില്ലേ, നിനക്കിത്തിരി വൃത്തിയായി നടന്നൂടെ എന്നൊന്നും ചോദിക്കാൻ ആരുമില്ല.
മനഃപൂർവമാണ് താൻ ഇങ്ങനെ ഒക്കെ മാറിപ്പോയത്.
ജോലിയെല്ലാം അടുക്കി ഒതുക്കി മേലും കഴുകി വേഷവും മാറ്റി മുറിയിൽ എത്തിയാൽ ആളിന് തന്നെ ശ്രദ്ധിക്കുന്നതിലും ഉത്സാഹം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചാറ്റ് ചെയ്യാനും നീല ചിത്രങ്ങൾ കാട്ടി തന്നിൽ ആവേശം കൂട്ടാനുമാണ് താൽപ്പര്യം. ഇതൊന്നും കണ്ടാൽ തന്റെ മനസ്സിന് ഒരിളക്കവും വരില്ല.
കിടപ്പ് മുറിയിൽ നമ്മൾ നമ്മളായി തന്നെ പെരുമാറിയാൽ മതി എന്നൊക്കെ പറഞ്ഞാലും ആൾക്ക് സ്വന്തം ഇഷ്ടങ്ങളാണ് വലുത്. അങ്ങനെ എപ്പോഴോ താനും സ്വയം മാറിത്തുടങ്ങി. വികാരം നഷ്ടപ്പെട്ട മരകഷ്ണം പോലെ കിടന്നു കൊടുത്തു.
പിന്നെ പിന്നെ കിടക്കാനെത്തുമ്പോൾ മേല് ഒന്ന് കഴുകാനോ മുഷിഞ്ഞ നൈറ്റി മാറി വേറൊന്ന് ഇടാനോ തോന്നാതെയായി. പരസ്പരമുള്ള ജീവിതത്തിൽ ഒരാളുടെ ഇഷ്ടങ്ങൾ മാത്രം പങ്കാളിയിൽ അടിച്ചേൽപ്പിക്കുമ്പോൾ വികാരങ്ങൾ തണുത്തുറഞ്ഞു പോകും.
പകരം ആ സ്ഥാനത്തു വെറുപ്പ് തോന്നിപ്പോകുന്നത് ആരുടെയും കുറ്റമല്ല..അത് പക്ഷെ, പങ്കാളിയോടുള്ള താല്പര്യകുറവാണെന്ന് തെറ്റിദ്ധരിച്ചു പ്രശ്നം വഷളാക്കുമ്പോഴാണ് കുടുംബ ബന്ധം താറുമാറാകുന്നത്.
മുൻപൊക്കെ എത്ര സ്നേഹത്തോടെയും പരസ്പര സമ്മതത്തോടെയുമായിരുന്നു ഹരിയേട്ടൻ ഒപ്പം ഉറങ്ങിയിരുന്നത്.
ഇന്ന്, തന്റെ മാനസീകവും ശാരീരികവുമായ അരുതായ്മകൾ ഗൗനിക്കുന്നു പോലുമില്ല.വയ്യ എന്ന് പറഞ്ഞു പോയാൽ അത് അദ്ദേഹത്തോടുള്ള താല്പര്യമില്ലായ്മ കൊണ്ടാണെന്നു വ്യാഖ്യാനിക്കുന്നു.
എന്തൊരു കഷ്ടമാണ്! പുരുഷൻ ശാരീരികമായി സ്നേഹിക്കാൻ ഇഷ്ടപ്പെടുമ്പോൾ സ്ത്രീ അവനെ മനസ്സുകൊണ്ട് സ്നേഹിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതൊന്നും പറഞ്ഞു മനസ്സിലാക്കാൻ ഹരിയേട്ടൻ നിന്ന് തരാറില്ല.
ഉറങ്ങിപ്പോയത് എപ്പോഴാണെന്ന് അറിഞ്ഞതേയില്ല! കണ്ണു തുറന്നപ്പോൾ അടുത്ത് ആരോ കിടക്കുന്നത് പോലെ തോന്നി ഞെട്ടലോടെയാണ് എഴുന്നേറ്റത്.
ഹരിയേട്ടൻ എപ്പോഴാണ് എത്തിയത്?
നല്ല ഉറക്കത്തിലാണ്. വിളിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു.
വേണ്ടാ, ഉറങ്ങട്ടെ.
അവൾ അഴിഞ്ഞു പോയ മുടി കെട്ടി വെച്ച് കൊണ്ട് എഴുന്നേറ്റു.. താൻ വാതിൽ പൂട്ടിയതാണല്ലോ, പിന്നെ എങ്ങനെ അകത്തു കയറി.
ചായയ്ക്ക് വെള്ളം വെച്ചു കാത്തു നിന്നു.
ഇന്നലെ രാത്രി ഒരുപാട് വൈകി ഉറങ്ങിയത് കൊണ്ട് ഒന്നും അറിഞ്ഞില്ല. ഇനി അതിനും കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരും തീർച്ച!
മകന് പ്ലസ് ടു പരീക്ഷ ആയത് കൊണ്ട് വിളിച്ചുണർത്താൻ അവൾ ചായയുമായി അവന്റെ മുറിയിലേയ്ക്ക് പോയി.
കമഴ്ന്ന് കിടന്നുറങ്ങുന്ന മകനെ കുലുക്കി വിളിച്ചിട്ട് ചായ മേശമേൽ അടച്ചു വെച്ചു തിരിഞ്ഞപ്പോഴാണ് അവൻ ഒന്ന് ഞരങ്ങിയത്.
“അമ്മ അറിഞ്ഞോ അച്ഛൻ ഇന്നലെ രാത്രി എപ്പോഴാണ് എത്തിയതെന്ന്.”
“ഇല്ല, ഞാൻ ഒന്നും അറിഞ്ഞില്ല. അച്ഛനെ കാത്തിരുന്നുറങ്ങിപ്പോയി. വാതിൽ പൂട്ടിയതാണല്ലോ പിന്നെങ്ങനെ അകത്തു കയറി?”
“അച്ഛൻ എന്റെ ഫോണിൽ കുറെ വിളിച്ചു. ഞാനാ എഴുന്നേറ്റു വാതിൽ തുറന്നത്.”
ഹ്ഹോ ആശ്വാസം. തന്നോടുള്ള പിണക്കം കൊണ്ടാണ് തന്റെ ഫോണിൽ വിളിക്കാത്തത്.
അവൾക്ക് ചിരി വന്നു.
കൊച്ചു കുട്ടികൾ കളിപ്പാട്ടത്തിന് വഴക്ക് കൂടിയിട്ട് കിട്ടാതെ വരുമ്പോൾ പിണങ്ങി നടക്കുന്നത് പോലെ!
ചായയുമായി ഹരിയേട്ടനെ വിളിച്ചുണർത്താനായി മുറിയിലേയ്ക്ക് ചെന്ന് അവൾ ഒന്ന് ഞെട്ടി. ആളെവിടെ ?
ഇവിടെ കിടന്നുറങ്ങുന്നത് കണ്ടിട്ടാണല്ലോ എഴുന്നേറ്റു പോയത്. ബാത്‌റൂമിൽ വെള്ളം വീഴുന്ന ഒച്ച.
അയാൾ വരാനായി കാത്തിരുന്നത് പോലെ അവൾ മെത്തയിലെ ഷീറ്റ് കുടഞ്ഞു വിരിച്ചു ചുളിവുകൾ ഒന്നുപോലുമില്ലാതെ ഭംഗിയായി വിരിച്ചിട്ടു.
അയാൾ മുറിയിലെത്തി കണ്ണാടിക്ക് മുന്നിൽ നിന്ന് തല ചീകാൻ തുടങ്ങി.
“ഏട്ടാ ദാ ചായ ”
“എനിക്ക് നിന്റെ ചായയും കാപ്പിയുമൊന്നും ഇനി വേണ്ട. ഞാൻ ഇവിടുത്തെ താമസം മതിയാക്കി പോവുകയാണ്. ഇനി എന്റെ ശല്യം നിനക്കുണ്ടാകത്തില്ല.”
“ഈ ചൂട് ചായ കുടിച്ചിട്ട് എവിടേയ്ക്ക് വേണമെങ്കിലും പൊയ്ക്കോ ”
അവൾ വശ്യമായി ഒന്ന് ചിരിച്ചു.
അയാൾ കറുത്ത മുഖത്തോടെ കപ്പ് വാങ്ങി ചുണ്ടോട് ചേർത്തു.
“ദാ, ആ കണ്ണാടിയിലൊന്ന് നോക്കിക്കേ. ചുണ്ടുകളെല്ലാം കരിഞ്ഞുണങ്ങിയത് പോലെയായി. ഈ സിഗരറ്റ് വലി ഒന്ന് നിർത്താമോ. എത്രയെണ്ണമാണ് ഒരു ദിവസം വലിച്ചു തീർക്കുന്നത്. എനിക്ക് ഇതിന്റെ മണം ഇഷ്ടമല്ലെന്ന് എത്ര വട്ടം പറഞ്ഞിട്ടുള്ളതാ.”
“ഇത് ഇഷ്ടപ്പെടുന്നവരും ഉണ്ട്.അവര് സഹിച്ചോളും ”
ഓഹ് അപ്പൊ അത്രടം വരെയായോ?
“നീയിനി എന്റെ കൂടെ കിടന്നു കഷ്ടപ്പെടണ്ട.എനിക്ക് വേറെ ആളുണ്ട്.
ഞാൻ പോകുവാ അങ്ങോട്ട്.”
അവൾക്ക് ചിരി അടക്കാൻ വയ്യാതായി.എങ്കിലും മൗനം പാലിച്ചു. അയാൾ അലമാര തുറന്നു ഷർട്ടും പാന്റ്സും എടുത്തു ബാഗിനുള്ളിൽ കുത്തി തിരുകാൻ തുടങ്ങി.
“ഹരിയേട്ടാ,ദാണ്ടേ ബാത്‌റൂമിൽ ഇരിക്കുന്ന ഷേവിങ് സെറ്റ്,പിന്നെ ഹെയർ ഓയിൽ, ടൈഗർ ബാം, ടവൽ,ചീപ്പ്, ബ്രഷ് ഒക്കെ എടുക്കാൻ മറക്കല്ലേ.ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ ഒത്തിരി ജോലി കിടക്കുന്നു.”
അവൾ കുളി കഴിഞ്ഞുടുത്ത നേര്യതിന്റെ തുമ്പ് മുന്നോട്ട് എടുത്തു കുത്തി, തിരിഞ്ഞ് നോക്കാതെ മുറിവിട്ട് പോയി.
അവൾടെ ഒരു അഹങ്കാരം.നീ എന്നെ കാണാൻ കൊതിക്കും നോക്കിക്കോ.
മനസ്സിൽ മുരണ്ടുകൊണ്ട് അയാൾ ഹാങ്കറിൽ കിടന്ന ഷർട്ട് എടുത്തു.
കുറച്ചു നാൾ ഒന്ന് മാറി നിൽക്കാൻ തന്നെയായിരുന്നു ഹരിയുടെ തീരുമാനം.
ഒരു പാഠം പഠിക്കട്ടെ അവൾ.താൻ എപ്പോഴും പിന്നാലെ ചെല്ലുമെന്നാ അവൾ കരുതിയേക്കുന്നത്.
ബാഗ് എടുത്തു ഹാളിൽ വന്നു ആരോടെന്നില്ലാതെ അയാൾ ഉറക്കെ പറഞ്ഞു.
“ഞാൻ പോകുവാ.ആരും എന്നെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയേക്കല്ല് പറഞ്ഞേക്കാം.”
അവിയലിനുള്ള തേങ്ങ തിരുമ്മുകയായിരുന്ന സായി അത് കേട്ട് ഒന്ന് ഞെട്ടി.കളി കാര്യമായോ.
ഇതെന്തു ഭാവിച്ചാ ഈ ഹരിയേട്ടൻ!
രണ്ട് പിള്ളേര് വലുതായെന്ന ഒരു ചിന്തയുമില്ല.
ഇറങ്ങി ചെല്ലണോ?
ഒന്ന് താന്ന് കൊടുത്തേക്കാം.പാവം!
അവൾ ഹാളിലേയ്ക്ക് എത്തുമ്പോഴേക്കും അയാൾ വെളിയിൽ ഇരുന്ന സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു തുടങ്ങിയിരുന്നു.
“ഹരിയേട്ടാ.. ഇതെങ്ങോട്ട് പോകുവാ.ഇങ്ങോട്ട് കേറി വരുന്നുണ്ടോ. കുഞ്ഞ് കളി കുറച്ചു കൂടുന്നുണ്ട്!”
അയാൾ അത് കേൾക്കാത്ത മട്ടിൽ വണ്ടി മുന്നോട്ട് എടുത്തു.
നെഞ്ചു പൊട്ടിപ്പോകുന്നത് പോലെ തോന്നി.
എല്ലാം വെറും നാടകം മാത്രമാണെന്ന് കരുതി. പക്ഷെ, കളി കാര്യമായിരിക്കുന്നു!
എങ്ങോട്ടായിരിക്കും പോയത്.
തൊണ്ടയിൽ ഉമിനീർ വറ്റി വല്ലാതെ നീറുന്നത് പോലെ. തിരിച്ച് അടുക്കളയിലേയ്ക്ക് പോകാൻ തോന്നിയില്ല. താൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എന്തേ തിരിച്ചറിയാത്തത്. കുടുംബജീവിതം എന്ന് പറഞ്ഞാൽ സെക്സ് മാത്രമാണോ.
“അമ്മേ അച്ഛനെങ്ങോട്ടാ പോയത്?”
ബഹളം കേട്ട് എഴുന്നേറ്റു വന്ന മകൾ തിരക്കി.
കണ്ണുനീർ അവൾ കാണാതെ പുറം കയ്യാൽ തുടച്ചു കളഞ്ഞു.
“അറിയില്ല,അച്ഛന് ഇടയ്ക്ക് ഉള്ളതാണല്ലോ അമ്മയെ പേടിപ്പിക്കല് ‘
“അത്,അമ്മയുടെ കുഴപ്പം കൊണ്ടാണ്.അച്ഛന് എന്താ ഇത്ര കുഴപ്പം.അച്ഛൻ പറയുന്നത് പോലെ കേട്ടാൽ ഈ പ്രശ്നമൊക്കെ ഉണ്ടാകുമോ?”
നീയെന്തറിഞ്ഞിട്ടാണ്? അവൾ ആ ചോദ്യം മനസ്സിലാണ് ചോദിച്ചത്.കിടപ്പ് മുറിയിലെ പ്രശ്നങ്ങൾ പുറത്ത് ആരോടെങ്കിലും പറയാൻ കൊള്ളാവുന്നതാണോ. പ്രത്യേകിച്ച് സ്വന്തം മക്കളോട്.
അമ്മയുടെ മുഖം കണ്ട് മകൾ ഒന്നയഞ്ഞു.
“അച്ഛൻ ചുമ്മാ പേടിപ്പിക്കാൻ ചെയ്യുന്നതാ.കുറച്ചു കഴിയുമ്പോ ഇങ്ങു വരും
വേറെവിടെ പോകാനാ ”
അന്ന് മുഴുവനും അവൾ അയാൾക്ക് വേണ്ടി കാത്തിരുന്നു.പക്ഷെ പകൽ മാറി ഇരുട്ട് വീണിട്ടും അയാൾ എത്തിയില്ല.മക്കൾ അവളെ ഒരു കുറ്റവാളിയെ നോക്കുന്നത് പോലെയാണ് കണ്ടത്..
അതും കൂടിയായപ്പോൾ അവൾക്ക് മുറിയിൽ നിന്ന് പുറത്തിറങ്ങാനേ തോന്നിയില്ല.
മക്കൾ രണ്ട് പേരും മാറി മാറി അച്ഛന്റെ ഫോണിലേയ്ക്ക് വിളിക്കുന്നുണ്ടായിരുന്നു.
പക്ഷെ,അയാൾ ഫോണെടുത്തില്ല.മാത്രമല്ല ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെയ്ക്കുകയും ചെയ്തു.
രണ്ട് നാൾ അയാളെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു.അവൾക്ക് മക്കളുടെ മുഖത്ത് നോക്കാൻ പോലുമുള്ള കരുത്തില്ലായിരുന്നു.
കുളിക്കാതെ പൊട്ട് തൊടാതെ ആഹാരം പാകം ചെയ്യാതെ അവൾ മുറിക്കുള്ളിൽ തന്നെ തളർന്നു കിടന്നു.
ഒരു വല്ലാത്ത സ്വപ്നം കണ്ടാണ് അന്ന് രാത്രി അവൾ ഞെട്ടിയുണർന്നത്.. വല്ലാതെ വിയർത്തു പോയിരുന്നു.കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ.
മെല്ലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയതും, ആരോ തന്നെ കനത്ത കൈയ്കളാൽ തടവിലാക്കി വെച്ചത് പോലെ അവളൊന്നു ഞെട്ടി!
ആരാത്? ഉറക്കെ ചോദിക്കാൻ നാവ് ഉയരുന്നില്ല ല്ലോ.തൊണ്ട ആകെ വരണ്ടു പോയിരിക്കുന്നു.
കയ്യ് തട്ടിമാറ്റി പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.
ഇത് ഹരിയേട്ടനല്ലേ? ആയിരിക്കുമോ.തന്റെ തോന്നലാവുമോ?
അവൾ മുരടനക്കി.
“ഏട്ടാ..’
“ങ്ങും.. ഞാൻ നിന്നെ ഉപേക്ഷിച്ചു പോയെന്ന് കരുതിയോ? ” മറുപടി ഒരു വലിയ കരച്ചിലായിരുന്നു.
“ന്നാലും എന്നെ ഇങ്ങനെ വിഷമിപ്പിക്കാൻ തോന്നിയല്ലോ.”
“കുറച്ചു വിഷമിക്കുന്നത് നല്ലതാ പെണ്ണെ.”
അയാൾ ഒരു തമാശ പറഞ്ഞത് പോലെ അടക്കിചിരിച്ചു.
“ഡീ മണ്ടീ.ഞാൻ ഓഫീസിൽ നിന്ന് ഒരു മീറ്റിങ്ങിന് പോയതാ വയനാട്ടിലേയ്ക്ക്.
നീ രണ്ട് ദിവസമെങ്കിലും എന്റെ വിലയൊന്ന് അറിയട്ടെന്നു കരുതിയാണ് ഒന്നും പറയാഞ്ഞത്..”
അവൾ പിണക്കത്തോടെ അയാളുടെ കയ്യ് തട്ടി മാറ്റി.
“ഇങ്ങനെ ആണോ വിലയുണ്ടാക്കുന്നത്?”
“പിന്നെ.. നിന്റെ പിറകെ എപ്പോഴും ഞാനിങ്ങനെ നടക്കുന്നത് കൊണ്ടല്ലേ നീയെനിക്ക് പുല്ല് വില പോലും തരാത്തത്.” അവൾ അയാളുടെ നെഞ്ചിലേയ്ക്ക് മുഖം ചേർത്ത് വെച്ചു.
“വിലയില്ലെന്ന് ആരാ പറഞ്ഞത്.ഭാര്യയ്ക്ക് എപ്പോഴും സെ ക്സ് മാത്രമല്ല ആവശ്യം. അവളോടൊപ്പം ചേർന്ന് അവസ്ഥകൾ കൂടി മനസ്സിലാക്കുമ്പോഴാണ് അവൾ അവനിൽ പൂർണ്ണമായും അലിഞ്ഞു ചേരുന്നത്.. എന്നും കുളിച്ചു സുന്ദരിയായി വൃത്തിയുള്ള വേഷത്തിൽ കിടപ്പ് മുറിയിൽ എത്തണമെന്നുണ്ട്.
പക്ഷെ,ക്ഷീണം കൊണ്ട് ഒന്നിനും മേലാതാവും. മടിയാകും. എവിടെ എങ്കിലും ഒന്ന് ചാഞ്ഞാൽ മതിയെന്നാവും. പക്ഷെ,അപ്പൊ നിങ്ങളുടെയൊക്കെ കുറ്റപ്പെടുത്തൽ കൂടിയാവുമ്പോൾ ജീവിതം തന്നെ വെറുത്തു പോകും. എന്ത് കേട്ടാലും മറുപടി തരാൻ താല്പര്യമില്ലാതെയാവും. അറിയ്യോ?”
അയാൾ ഒന്നും മിണ്ടാതെ കിടന്നു.
അഥവാ ഏട്ടന്റെ ആഗ്രഹത്തിന് വഴങ്ങി തരണമെന്ന് വിചാരിച്ചാലും മനസ്സ് വല്ലാതെ മൂടിപ്പോകും.സിഗററ്റിന്റെ ശ്വാസം മുട്ടിക്കുന്ന മണം എന്നെ മടുപ്പിച്ചു കളയും. ഞാൻ എന്താ വേണ്ടത്. പകരം എപ്പോഴും എന്നെ കുറ്റപ്പെടുത്തിയാൽ മതിയല്ലോ.”
അയാൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് അവൾ തലപൊക്കിയൊന്നു നോക്കി.
ഉറങ്ങിപ്പോയോ? അനക്കമില്ല!
ഇതാണ് അവസ്ഥ! എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കാമെന്ന് വെച്ചാൽ ഉറക്കം നടിച്ചു കിടക്കും. ഉറങ്ങാത്ത ഒരാളെ എങ്ങനെ വിളിച്ചുണർത്താനാണ്!!
അവൾ ഈർഷ്യയോടെ തിരിഞ്ഞു കിടന്നു. ഓഹ്,ഇത് ഒരിക്കലും ശരിയാവാൻ പോന്നില്ല. വീണ്ടും ചങ്കരൻ തെങ്ങേൽ തന്നെ!
“ഏയ് പിണങ്ങിയോ പെണ്ണെ,ഞാൻ ആലോചിക്കുവായിരുന്നു.നാളെ മുതൽ നിന്റെയൊപ്പം അടുക്കളയിൽ കേറിയാലൊയെന്ന്! അങ്ങനെ എങ്കിലും ഈ പരാതി ഒന്നവസാനിക്കുമല്ലോ.”
“ഏട്ടാ, ഒപ്പം ചേർന്ന് ജോലി ചെയ്യണമെന്നൊന്നും ഞാൻ പറയില്ല.വൈകിട്ട് ഇതുപോലെ മുറിയിലെത്തുമ്പോൾ ഒന്നുമറിയാത്തത് പോലെ ദേഷ്യപ്പെടാതിരുന്നാൽ മാത്രം മതി. ഞാനും മാറാൻ ശ്രമിക്കാം. പകരം ഹരിയേട്ടനും മാറണമെന്ന് മാത്രം.”
സമ്മതം പോലെ അയാൾ അവളുടെ കഴുത്തിനിടയിലേയ്ക്ക് തന്റെ മുഖം ചേർത്ത് വെച്ചു കൊണ്ട് അവളെ വരിഞ്ഞു മുറുക്കി.
നിന്നെ വെറുക്കാൻ എനിക്കാവുന്നില്ലല്ലോ പെണ്ണെ..