നിനക്ക് പോയി ചത്തൂടെ എന്തിനാ ഇങ്ങനെ മറ്റുള്ളവർക്ക് ഒരു ഭാരമായി ജീവിക്കുന്നത്??
വീണയുടെ ആ വാക്കുകൾ കൃഷ്ണയുടെ നെഞ്ചിൽ ഒരു ഇടിമിന്നൽ പോലെ പതിഞ്ഞു..
വീണ കൃഷ്ണയുടെ ചേച്ചിയാണ്.. വീണയുടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി അവൾക്ക് ആറു വയസ്സുള്ള ഒരു മകളും ഉണ്ട്. അവൾക്ക് കിട്ടാനുള്ള ഷെയർ എല്ലാം കിട്ടിയെങ്കിലും അവൾ ഭർത്താവും മകളും ആയി സ്വന്തം വീട്ടിൽ തന്നെയാണ് വന്നു നിൽക്കുന്നത്.
കൃഷ്ണയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി എന്നാൽ ചില പൊരുത്തക്കേടുകൾ കാരണം അവൾക്ക് ഭർത്താവുമായി പിരിഞ്ഞു സ്വന്തം വീട്ടിൽ വന്നു നിൽക്കേണ്ടി വന്നു. ഈയൊരു വേർപിരിയൽ അവളെ മാനസികമായി തളർത്തിയിരുന്നു. വീടിനടുത്തുള്ള ഒരു യുപി സ്കൂളിൽ അധ്യാപികയായിരുന്ന അവൾ കല്യാണം കഴിഞ്ഞതോടെ ആ ജോലി ഉപേക്ഷിച്ചു. വേർപിരിയലിന്റെ ശേഷം പുതിയ ഒരു ജോലിക്കായി അവൾ പലയിടത്തും അലഞ്ഞെങ്കിലും ഒരു ജോലിയും അവൾക്ക് ശരിയായില്ല. അവൾക്ക് നല്ലൊരു ജോലി ലഭിക്കാത്തതും വിവാഹം വേർപിരിഞ്ഞതും ഒക്കെ അവളുടെ ജാതക ദോഷം കൊണ്ടാണെന്ന് വീണ എപ്പോഴും കുറ്റപ്പെടുത്തി.
കൃഷ്ണ തന്റെ വിഷമങ്ങളും ബുദ്ധിമുട്ടുകളും എല്ലാം ഉള്ളിൽ ഒതുക്കി എല്ലാ സഹിച്ച് അവിടെ തന്നെ നിന്നു. എന്നാൽ വീണ തരം കിട്ടുമ്പോഴൊക്കെ അവളെ കുറ്റപ്പെടുത്താനും വേദനിപ്പിക്കാനും ശ്രമിച്ചുകൊണ്ടേയിരുന്നു.
ആ അടുത്തായിരുന്നു അവരുടെ അമ്മാവന്റെ മകളുടെ വിവാഹം. വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടി അവളുടെ അമ്മ അവൾക്ക് ഒരു പുതിയ വസ്ത്രം വാങ്ങി കൊടുത്തു. ഇത് അറിഞ്ഞ് വീണ വീട്ടിൽ വലിയ പ്രശ്നം തന്നെ ഉണ്ടാക്കി.
“അച്ഛൻ അമ്മമാർക്ക് മക്കൾ എല്ലാവരും ഒരുപോലെ ആയിരിക്കണം”
വീണ കലിതുള്ളി..
“അവൾക്ക് പുതിയ ഡ്രസ്സ് വാങ്ങിക്കൊടുത്ത അമ്മ എന്തുകൊണ്ട് എനിക്ക് വാങ്ങി തന്നില്ല”
“മോളെ നിനക്ക് നല്ലൊരു ജോലിയുണ്ട് ഭർത്താവ് ഉണ്ട് നിനക്കെന്താ ആവശ്യമുണ്ടെങ്കിലും അവൻ നിനക്ക് സാധിച്ചു തരുന്നുണ്ട് ഇവൾക്ക് ആണെങ്കിൽ അങ്ങനെയാണോ? ”
“ഇവൾക്ക് ഞങ്ങൾ അല്ലാതെ വേറേ ആരാണ് ഇതൊക്കെ ചെയ്തു കൊടുക്കാനുള്ളത് ”
“ഭർത്താവിനെ കളഞ്ഞിട്ട് വന്നു നിൽക്കുന്ന ഇവൾക്ക് ഇതിനും മാത്രം കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ട ആവശ്യമുണ്ടോ? ”
“കുറെയൊക്കെ സഹിച്ചും ക്ഷമിച്ചും നിൽക്കണം അല്ലാതെ ഒന്നു പറഞ്ഞ് രണ്ടാമത് പെട്ടിയും കിടക്കയും എടുത്ത് വീട്ടിലേക്ക് പോരേണ്ടതല്ല ചെയ്യേണ്ടത്. അതെങ്ങനെയാ അവൾ എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യാൻ ഇവിടെ തന്നെ ആളുകൾ ഉണ്ടല്ലോ?”
” നീ ഇത് എന്തൊക്കെയാ വീണെ പറയുന്നത്. അവൾ പിന്നെ അവന്റെ അടിയും തൊഴിയും കൊണ്ട് അവിടെ തന്നെ നിൽക്കണമായിരുന്നോ. നിനക്ക് നിന്റെ സഹോദരിയെ ജീവനോടെ കാണണമെന്നില്ലേ. ”
അന്ന് ആ വഴക്ക് എങ്ങനെയൊക്കെയോ തീർന്നു.
ദിവസങ്ങൾ പോകേ പോകേ കൃഷ്ണയോടുള്ള വീണയുടെ ഭർത്താവിന്റെ പെരുമാറ്റവും മാറിത്തുടങ്ങി.
“ഇങ്ങനെ അങ്ങ് നിന്നാൽ മതിയോ കൃഷ്ണണെ. നിന്റെ പ്രായം ചെറുതല്ല നിനക്കും ആഗ്രഹങ്ങൾ ഒക്കെ ഇല്ലേ. നിന്റെ എന്ത് ആഗ്രഹവും സാധിച്ചു തരാൻ ഈ ചേട്ടൻ ഇവിടെയുണ്ട് അത് നീ ഓർക്കണം. വീണയ്ക്ക് നിന്നോട് ചെറിയ ദേഷ്യം ഒക്കെ ഉണ്ട് നമുക്ക് അതൊക്കെ മാറ്റിയെടുക്കാം. ”
വീണയുടെ ഭർത്താവിന്റെ ഈ പെരുമാറ്റം കൃഷ്ണ വളരെ ശക്തമായി തന്നെ എതിർത്തു. അതുകൊണ്ടുതന്നെ അയാൾക്ക് അവളോട് വലിയ പകയായി.
തരം കിട്ടുമ്പോഴൊക്കെ അയാൾ വീട് കൃഷ്ണനെക്കുറിച്ച് വളരെ മോശമായി പറയാൻ തുടങ്ങി.
എടീ വീണേ നിന്റെ അനിയത്തിക്ക് എന്നോട് എന്തോ ഒരു ചായ്വ് ഉണ്ട്. ഭർത്താവ് ഇല്ലാതിരിക്കുവല്ലേ അവൾക്കും കാണില്ലേ ആഗ്രഹങ്ങൾ.
“നിങ്ങൾ എന്തൊക്കെയാ മനുഷ്യ ഈ പറയുന്നത് ”
“അതേടി ഒരു ദിവസം അവൾ എന്നോട് പറഞ്ഞു ചേട്ടനെപ്പോലെ ഒരു ഭർത്താവിനെ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് ”
കേട്ടപാതി കേൾക്കാത്ത പാതി വീണ കലി കൊണ്ട് തുള്ളി.
“എടി കൃഷ്ണേ നിനക്ക് എന്റെ ഭർത്താവിനെ തന്നെ വേണമല്ലേ. നാണം ഉണ്ടോടി നിനക്ക് ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂടെ. സ്വന്തം സഹോദരിയുടെ ജീവിതം ഇല്ലാതാക്കാൻ നോക്കുന്നോ നീ ”
കൃഷ്ണ ഒന്നും മനസ്സിലാകാത്ത പോലെ അന്തംവിട്ട് നിന്നു വീണയുടെ ആ വാക്കുകൾ ഇടിമിന്നൽ ഏറ്റത് പോലെ അവളുടെ നെഞ്ചിൽ വന്നു പതിച്ചു.
“എന്താ മോളെ എന്താ ഇവിടെ പ്രശ്നം ” അവരുടെ അമ്മ അടുക്കളയിൽ നിന്നും ഓടിയെത്തി.
“അമ്മയുടെ പുന്നാര മോൾക്ക് ഇപ്പോൾ എന്റെ ഭർത്താവിനെ വേണമെന്ന്. അമ്മയാണ് ഇവൾക്ക് വളം വച്ച് കൊടുക്കുന്നത്. അവൾക്ക് ഒരു ഭർത്താവിനെ വേണമെങ്കിൽ പുറത്തെവിടെയെങ്കിലും നോക്കണം അല്ലാതെ എന്റെ ഭർത്താവിനെ അടിച്ചെടുക്കുകയല്ല ചെയ്യേണ്ടത്. എന്റെ ജീവിതം നശിപ്പിക്കാതെ ഇവിടെ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോടി ”
” എന്താ കൃഷ്ണേ ഞാൻ ഈ കേൾക്കുന്നത് ”
” എനിക്കൊന്നും അറിയില്ല അമ്മേ. ചേട്ടൻ എന്നോട് വളരെ മോശമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അതിനെ ശക്തമായി എതിർക്കുകയാണ് ഉണ്ടായത് ”
” നിന്റെ കള്ളത്തരം പിടിച്ചു എന്ന് അറിഞ്ഞപ്പോൾ എന്റെ ഭർത്താവിനെ കുറ്റക്കാരൻ ആക്കാൻ നോക്കുന്നോ ”
“അമ്മേ ഇനി ഒരു നിമിഷം ഇവൾ ഈ വീട്ടിൽ നിൽക്കാൻ പാടില്ല. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ രണ്ട് ലേതു മകൾ വേണമെന്ന് അമ്മ തീരുമാനിക്കു”
അവരുടെ അമ്മയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമത്തിലായി.
” മോളെ കൃഷ്ണേ.. ”
“വേണ്ട അമ്മേ അമ്മ ഒന്നും പറയണ്ട എനിക്ക് മനസ്സിലായി ഇന്ന് ഒരു ദിവസവും കൂടെ ഇവിടെ താമസിക്കാൻ എന്നെ അനുവദിക്കണം. നാളെത്തന്നെ ഞാൻ ഏതെങ്കിലും പിജിയിലോ ഹോസ്റ്റലിലോ മാറി കൊള്ളാം”
“മോളെ നിനക്കറിയാമല്ലോ ഇവിടത്തെ കഷ്ടപ്പാടുകൾ ഒക്കെ വീണയുടെയും ഭർത്താവിന്റെയും കനിവിലാണ് ഇപ്പോൾ ഈ കുടുംബം മുന്നോട്ടുപോകുന്നത് അപ്പോൾ അവൾ പറയുന്നത് അനുസരിക്കാതെ എനിക്ക് നിവൃത്തിയില്ല. നീ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഈ അമ്മയ്ക്ക് അറിയാം. പക്ഷേ നീ ഇവിടെ നിൽക്കുകയാണെങ്കിൽ ഈ കുടുംബം ചിതറും”
“എനിക്ക് മനസ്സിലാകും അമ്മേ. ടൗണിൽ ഒരു തുണിക്കടയിൽ എനിക്കൊരു ജോലി ശരിയായിട്ടുണ്ട്. അവർക്ക് തന്നെ ഹോസ്റ്റലും ഉണ്ട്. ഞാൻ അവിടെ പോയി താമസിച്ചുകൊള്ളാം. ഇനി ഈ കുടുംബത്തിലെ ആർക്കും ഞാൻ ഒരു ബുദ്ധിമുട്ടാകില്ല. ”
“ഈ അമ്മയോട് ക്ഷമിക്കു മോളെ വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ടാണ് ”
“സാരമില്ല അമ്മേ ഇവിടെനിന്ന് ഒരു മാറ്റം എനിക്കും ആവശ്യമാണ്. ”
അടുത്തദിവസം രാവിലെ തന്നെ കൃഷ്ണ തന്റെ സാധനങ്ങളുമായി ഹോസ്റ്റലിലേക്ക് പോകാൻ ഒരുങ്ങി. പോകുന്നതിനു മുന്നേ അവൾ എല്ലാവരോടും യാത്ര പറഞ്ഞു.
” ചേച്ചി ഞാൻ പോകുന്നു ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു ഭാരമാകാൻ ഞാനില്ല. പക്ഷേ ഞാനൊരു തെറ്റും ചെയ്തിട്ടില്ല നിങ്ങളുടെ ഭർത്താവിന്റെ സ്വഭാവം എന്നെങ്കിലും നിങ്ങൾക്ക് മനസ്സിലാകും. ”
” നിന്നു കൂടുതൽ പ്രസംഗിക്കാതെ വേഗം ഇറങ്ങിപ്പോടി ”
“അമ്മേ ഞാൻ ഇറങ്ങുന്നു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അമ്മ എന്നെ വിളിക്കണം”
കൃഷ്ണയുടെ അമ്മയ്ക്ക് എന്ത് പറയണമെന്ന് അറിയില്ല ആയിരുന്നു അവർ തന്നെ വേദന കടിച്ചമർത്തി നിന്നു.
കൃഷ്ണ ഒരിക്കൽ കൂടി താൻ ജനിച്ചു വളർന്ന ആ വീട്ടിലേക്ക് നോക്കി. ഇനി ഒരിക്കലും തനിക്ക് ഇവിടെ വരേണ്ടി വരരുത് എന്ന് പ്രാർത്ഥിച്ച് അവൾ ആ പടി ഇറങ്ങി. പുതിയൊരു ജീവിതത്തിലേക്ക് പുതിയൊരു കൃഷ്ണനായി. ആരുടെയും അവഹേളനത്തിന് ഇരയാകാതെ അവൾ ആ വീട്ടിൽ നിന്നും ഇറങ്ങി.
വർഷങ്ങൾ പലതും കടന്നുപോയി. വീണയുടെ ഭർത്താവിന്റെ സ്ത്രീ വിഷയത്തിലുള്ള താൽപര്യം അവൾ പലപ്പോഴായി അറിയാൻ തുടങ്ങി. എന്നാൽ തന്റെ കുടുംബജീവിതം ശിഥിലമാകാതിരിക്കാൻ അവൾ പലതും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു.
തന്റെ അനിയത്തിയെ തെറ്റിദ്ധരിച്ചതിൽ അവൾ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ട്. ഒരു ദിവസം വഴിയിൽ വച്ച് അവൾ കൃഷ്ണയെ കാണാനിടയായി. കൃഷ്ണ ഇപ്പോൾ പഴയതിലും സന്തോഷവതിയായി കാണപ്പെട്ടു. എന്നാൽ വീണ ആകട്ടെ പഴയതിലും മോശം അവസ്ഥയിലായിരുന്നു.
” കൃഷ്ണൻ നീ എന്നോട് ക്ഷമിക്കണം അന്ന് ഞാൻ നിന്നോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്റെ ഭർത്താവിന്റെ തനിസ്വരൂപം ഞാൻ അറിഞ്ഞു തുടങ്ങി. ”
” ചേച്ചി എന്നോട് ക്ഷമ ഒന്നും പറയണ്ട. പക്ഷേ ഇനിയെങ്കിലും ഒരാളെ കുറ്റപ്പെടുത്തുമ്പോൾ അവരെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരുടെ മേലും കുറ്റം ചാർത്താൻ നിൽക്കരുത്. ”
തന്റെ സഹോദരിയുടെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് കൃഷ്ണയ്ക്ക് വളരെയധികം സങ്കടം തോന്നിയെങ്കിലും ഇതിൽ തനിക്ക് ഒന്നും തന്നെ ചെയ്യാനില്ല എന്ന് അവൾക്കറിയാമായിരുന്നു.
അവൾ ഇന്ന് സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ തിരക്കിലായിരുന്നു.
✍️ആമി
