എവിടേക്കെങ്കിലും പൊയ്ക്കോ! എനിക്ക് പറ്റില്ല നിന്നെയിങ്ങനെ തീറ്റിപ്പോറ്റാൻ. നിന്റെ അമ്മ മരിച്ചതോടെ എന്റെ സമാധാനവും പോയി.” സുധ മുറ്റത്തെ പൈപ്പിനരികിൽ രണ്ടു കൈകളും നിലത്ത് ഊന്നി ഇരിക്കുകയായിരുന്ന വിനയന്റെ….

അടുക്കളയിൽ നിന്ന് സുധയുടെ ശകാരം കേട്ടാണ് വിനയൻ ഞെട്ടി ഉണർന്നത്. പാത്രങ്ങൾ വലിച്ചെറിയുന്ന ശബ്ദത്തോടൊപ്പം പുറത്തുവന്ന ഓരോ വാക്കുകളും അവന്റെ ഹൃദയത്തിൽ കനലായി തുളച്ചുകയറി.

“എവിടേക്കെങ്കിലും പൊയ്ക്കോ! എനിക്ക് പറ്റില്ല നിന്നെയിങ്ങനെ തീറ്റിപ്പോറ്റാൻ. നിന്റെ അമ്മ മരിച്ചതോടെ എന്റെ സമാധാനവും പോയി.” സുധ മുറ്റത്തെ പൈപ്പിനരികിൽ രണ്ടു കൈകളും നിലത്ത് ഊന്നി ഇരിക്കുകയായിരുന്ന വിനയന്റെ അടുത്തേക്ക് വന്ന് അലറി.

വിനയൻ തന്റെ തളർന്ന കാലുകളിലേക്ക് നോക്കി. ആരെങ്കിലും താങ്ങാനില്ലാതെ ഒരടി പോലും മുന്നോട്ട് വെക്കാനാകില്ല. “ഞാൻ എവിടേക്ക് പോകും അമ്മായി? ആരുണ്ട് എന്നെ കൊണ്ടുപോകാൻ?” അവന്റെ ശബ്ദം കണ്ണുനീരിൽ മുങ്ങിപ്പോയി.

“അതൊന്നും എനിക്കറിയണ്ട. ആരും ഇല്ലാത്തവരെ സംരക്ഷിക്കാൻ ഇത് അനാഥമന്ദിരമല്ല.” സുധ ഒട്ടും ദയയില്ലാതെ മുഖം തിരിച്ചു.

“അമ്മായി… ഞാൻ ഇവിടെ ഏതെങ്കിലും മൂലയിൽ കിടന്നോളാം. എന്നെ പുറത്താക്കല്ലേ…” വിനയൻ കൈകൾ കൂപ്പി
അപേക്ഷിച്ചു.

അവന്റെ ആ ദയനീയ നോട്ടം പക്ഷേ സുധയുടെ കല്ലിച്ച മനസ്സിൽ തട്ടിയില്ല….

“നീ ഇവിടെ ഏതെങ്കിലും മൂലയിൽ കിടന്നാൽ നിന്റെ കാര്യങ്ങൾ ആര് ചെയ്യും? എനിക്ക് വയ്യ നിന്നെ ചുമക്കാൻ!”

അന്ന് വൈകുന്നേരം അമ്മാവൻ പ്രസാദ് വന്നപ്പോൾ സുധ തന്റെ കടുത്ത തീരുമാനം അറിയിക്കുന്നത് വിനയൻ കേട്ടു. “നിങ്ങളുടെ പെങ്ങളുടെ മോനെ നോക്കാൻ എനിക്കിനി വയ്യ. അവനെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കണം.”

പ്രസാദ് ഒന്ന് നടുങ്ങി. “അങ്ങനെ കൊണ്ടുപോയി ഉപേക്ഷിക്കാൻ അവനെന്താ പട്ടിയോ പൂച്ചയോ ആണോ സുധേ?”

“പട്ടിക്കും പൂച്ചയ്ക്കും തീറ്റ കൊടുത്താൽ നന്ദിയുണ്ടാകും, അത് വീടിന് കാവലെങ്കിലും നിൽക്കും. പക്ഷേ ഇവനെക്കൊണ്ട് എന്ത് പ്രയോജനമാണ്? നഗരത്തിലെ നാലു കവലകൾ കൂടുന്നിടത്ത് കൊണ്ടിരുത്ത്. അവിടെ ഭിക്ഷക്കാർക്കിടയിൽ ഇരുന്ന് അവൻ എങ്ങനെയെങ്കിലും ജീവിച്ചോളും.” സുധ തറപ്പിച്ചു പറഞ്ഞു.

“സുധേ അങ്ങനെ ചെയ്‌താൽ നാട്ടുകാർ എന്ത് പറയും? നമുക്ക് തന്നെയാണ് നാണക്കേട്.”

“ഈ നാട്ടിൽ കൊണ്ട് വിടണ്ട, അങ്ങ് ദൂരെ ഏതെങ്കിലും നാട്ടിൽ എവിടെയെങ്കിലും കൊണ്ടുപോയി ആക്ക്.”

പ്രസാദ് ഒരു നിമിഷം ആലോചനയോടെ വിനയനെ നോക്കി. ആ നോട്ടത്തിൽ അലിവിനേക്കാൾ കൂടുതൽ, ഒരു വലിയ ബാധ്യത ഒഴിവാകുന്നതിന്റെ ആശ്വാസമായിരുന്നു വിരിഞ്ഞതെന്നു വിനയന് മനസ്സിലായി.

പിറ്റേന്ന് പുലർച്ചെ, നഗരം ഉണരുന്നതിന് മുൻപേ പ്രസാദ് വിനയനെ റെയിൽവേ സ്റ്റേഷന് അടുത്തുള്ള തിരക്കേറിയ ഒരു ജംഗ്ഷന്റെ മൂലയിൽ കൊണ്ടിരുത്തി.

“വിനയാ… വിധി ഇതാണെന്ന് കരുതിയാൽ മതി. ഇവിടെ ആരെങ്കിലും എന്തെങ്കിലും തരാതിരിക്കില്ല.” വിനയന്റെ മറുപടിക്ക് കാത്തുനിൽക്കാതെ, ഒരുവട്ടം പോലും തിരിഞ്ഞു നോക്കാതെ പ്രസാദ് വേഗത്തിൽ നടന്നു മറഞ്ഞു.

അമ്മയുടെ മരണം വിനയനെ പാതി തളർത്തിയിരുന്നെങ്കിൽ, പ്രിയപ്പെട്ടവരുടെ ഈ വഞ്ചന അവനെ പൂർണ്ണമായും തകർത്തു. അപരിചിതരായ മനുഷ്യർ തന്റെ മുന്നിലെ പാത്രത്തിലേക്ക് എറിയുന്ന നാണയത്തുട്ടുകളേക്കാൾ അവനെ വേദനിപ്പിച്ചത്, അവരുടെ കണ്ണുകളിലെ പുച്ഛവും സഹതാപവുമായിരുന്നു.

ദിവസങ്ങൾ കടന്നുപോയി. വിശപ്പടക്കാൻ കിട്ടുന്ന ചില്ലറത്തുട്ടുകൾക്കിടയിലും താൻ ഒറ്റയ്ക്കാണെന്ന ചിന്ത അവന്റെ ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരുന്നു. ആ സങ്കടം മറക്കാൻ അവൻ ഒരു വഴി കണ്ടെത്തി. ഒരു പഴയ കരിക്കട്ട എടുത്ത് അവൻ തറയിൽ ചിത്രങ്ങൾ വരച്ചു തുടങ്ങി.

തിരക്കിട്ട് ഓടുന്ന മനുഷ്യർക്കിടയിൽ, തന്റെ കുഞ്ഞനിയനെ തോളിലേറ്റി നിൽക്കുന്ന ഒരു തെരുവുബാലന്റെ ചിത്രം അവൻ മണ്ണിൽ വിരിയിച്ചു. ആ കുഞ്ഞിന്റെ കണ്ണുകളിലെ വിശപ്പും പ്രതീക്ഷയും കരിക്കട്ടയുടെ കറുപ്പിലും തെളിഞ്ഞു നിന്നു. അതുപോലെ തെരുവ് നായ്ക്കൾ, തെരുവിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചു പൈതൽ വഴിയോര കച്ചവടക്കാർ…. ലക്ഷ്യമില്ലാതെ അലയുന്ന ഭ്രാന്തന്മാർ.. അങ്ങനെ അങ്ങനെ
നഗരത്തിന്റെ ഓരോ സ്പന്ദനവും അവന്റെ വിരൽത്തുമ്പിലൂടെ മണ്ണിൽ വിരിഞ്ഞു.

പിന്നീട് ഭിക്ഷ കിട്ടിയ പണം കൊണ്ട് അവൻ ഭക്ഷണം വാങ്ങുന്നതിനൊപ്പം വില കുറഞ്ഞ പെൻസിലുകളും പേപ്പറും വാങ്ങി. “എന്റെ കാലുകൾക്ക് ചലിക്കാൻ കഴിയില്ലായിരിക്കാം, പക്ഷേ എന്റെ വിരലുകൾക്ക് സംസാരിക്കാൻ കഴിയും,” എന്ന് ചിന്തിച്ച് അവൻ സ്വയം ആശ്വസിച്ചു.

ഒരു മഴയുള്ള വൈകുന്നേരം, തന്റെ പേപ്പറുകൾ നനയാതെ നെഞ്ചോട് ചേർത്ത് പിടിച്ച് വിനയൻ വിറച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരാൾ അവന്റെ മുന്നിൽ വന്നുനിന്നത്. അതൊരു പ്രശസ്ത ചിത്രകലാ നിരൂപകനായിരുന്നു. വിനയൻ വരച്ച ചിത്രങ്ങൾ തറയിൽ ചിതറിക്കിടക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു പോയി.

“ഇതൊക്കെ നീ വരച്ചതാണോ?” അദ്ദേഹം ആദരവോടെ ചോദിച്ചു.
“അതെ സാർ… എനിക്ക് വേറെ ഒന്നും അറിയില്ല,” വിനയൻ വിനയത്തോടെ തല താഴ്ത്തി.

“ഇത് വെറും ചിത്രമല്ല മോനേ, ഇത് ഈ നഗരത്തിന്റെ ആത്മാവാണ്. നീ എന്റെ കൂടെ വരുന്നോ?” ആ മനുഷ്യന്റെ വാക്കുകൾ വിനയന് പുതിയൊരു ജന്മം നൽകുകയായിരുന്നു. അദ്ദേഹം വിനയനെ തന്റെ കലാഗ്രാമത്തിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ അവന് നിറങ്ങളും ബ്രഷുകളും വലിയ ക്യാൻവാസുകളും ലഭിച്ചു. അവന്റെ വേദനകൾ ഓരോന്നായി വർണ്ണങ്ങളായി പടർന്നു.

വർഷങ്ങൾക്കിപ്പുറം, വിദേശ പ്രതിനിധികളും പ്രശസ്തരായ കലാകാരന്മാരും നിറഞ്ഞ വലിയൊരു ഹാളിൽ വിനയൻ ആദരിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ചിത്രകലാ പുരസ്കാരം ഏറ്റുവാങ്ങാൻ അവൻ ആ വേദിയിലെത്തി. ചുവന്ന പരവതാനിയിലൂടെ വീൽചെയറിൽ നീങ്ങുമ്പോൾ അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.

മൈക്കിന് മുന്നിൽ നിന്ന് വിനയൻ വിതുമ്പലോടെ പറഞ്ഞു: “ഒരിക്കൽ എന്റെ അമ്മായി എന്നോട് ചോദിച്ചു, എന്നെപ്പോലെ ഒരാളെ തീറ്റിപ്പോറ്റുന്നത് കൊണ്ട് എന്ത് പ്രയോജനമാണെന്ന്. എന്നെ ഭിക്ഷക്കാരനാക്കാൻ അവർ തെരുവിൽ ഉപേക്ഷിച്ചു. അന്ന് ഞാനും കരുതി എന്റെ ജീവിതം അവിടെ തീർന്നെന്ന്. പക്ഷേ, ആ തെരുവിൽ നിന്ന് ഞാൻ കണ്ട കാഴ്ചകളാണ് എനിക്ക് ഈ ചിറകുകൾ നൽകിയത്. എന്റെ ശരീരത്തിന് മാത്രമേ തളർച്ചയുള്ളൂ, എന്റെ മനസ്സ് ആകാശത്തോളം ഉയരത്തിൽ പറക്കുന്നതാണ്…” വിനയന്റെ ശബ്‌ദം ഇടറി.

“എല്ലാവരും എന്റെ തളർന്ന കാലുകൾ മാത്രം കണ്ടപ്പോൾ, എന്നിലെ കഴിവുകൾ തിരിച്ചറിഞ്ഞത് ഈ വലിയ മനുഷ്യനാണ്. എനിക്ക് സ്വപ്നലോകത്തേക്ക് പറക്കാൻ ചിറകുകൾ നൽകിയത് ഇദ്ദേഹമാണ്! അതുകൊണ്ടുതന്നെ എന്റെ അമ്മാവനോടും അമ്മായിയോടും എനിക്ക് ഒരായിരം നന്ദിയുണ്ട്. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്ന എന്റെ ജീവിതം ഇന്ന് ലോകത്തിന് മുന്നിലെത്തിയെങ്കിൽ അതിന് പിന്നിൽ എന്നെ പുറത്തെറിഞ്ഞ എന്റെ അമ്മാവനും അമ്മായിയുമാണ്…”

ഈ വലിയ അവാർഡ് ഞാൻ എന്റെ അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ ഞാൻ എന്റെ അമ്മാവനെയും അമ്മായിയെയും നന്ദിയോടെ സ്മരിക്കുന്നു…

ഈ സമയം നാട്ടിലെ പഴയ വീട്ടിൽ ടിവിയിൽ ഈ അവാർഡ് ദാന ചടങ്ങ് കണ്ടുകൊണ്ടിരുന്ന സുധയും പ്രസാദും സ്തബ്ധരായിപ്പോയി. സ്ക്രീനിൽ മിന്നിമറയുന്ന ആ വലിയ മനുഷ്യൻ തങ്ങൾ തെരുവിൽ ഉപേക്ഷിച്ച ആ പാവം കുട്ടിയാണെന്ന് അവർക്ക് വിശ്വസിക്കാനായില്ല.

“ഇത്… ഇത് നമ്മുടെ വിനയനല്ലേ?” സുധ വിറയ്ക്കുന്ന ശബ്ദത്തോടെ അമ്പരപ്പോടെ ചോദിച്ചു.

പ്രസാദിന്റെ നിറഞ്ഞ കണ്ണുകൾ ടിവിയിലെ കാഴ്ചയെ മറച്ചു. വിനയൻ… തന്റെ പെങ്ങളുടെ മോൻ. താൻ ഒരു ഭാരമായിക്കണ്ട് തെരുവിൽ ഉപേക്ഷിച്ചവൻ ഇന്ന് ലോകത്തിന്റെ ആദരം ഏറ്റുവാങ്ങുന്നു.

വിനയന്റെ വാക്കുകൾ ഒരു ചാട്ടുളി പോലെ പ്രസാദിന്റെ ഉള്ളിൽ തറച്ചു. അവജ്ഞയോടെയല്ല, വലിയൊരു നന്ദിയോടെയാണ് അവൻ തങ്ങളെ ഓർക്കുന്നത് എന്നത് വിനയന്റെ വലിയ ഹൃദയവിശാലതയാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് വിനയന് വേണ്ടി കൈയടിച്ചു. ആ കൈയടികൾക്കിടയിൽ വിനയൻ കണ്ടത്, ആകാശത്തിരുന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന തന്റെ അമ്മയുടെ മുഖമായിരുന്നു. പരിമിതികളല്ല, തോറ്റു കൊടുക്കാത്ത മനസ്സാണ് മനുഷ്യനെ ഉയരങ്ങളിൽ എത്തിക്കുന്നതെന്ന് വിനയൻ ലോകത്തിന് കാണിച്ചു കൊടുത്തു.

ആരൊക്കെ ഉപേക്ഷിച്ചാലും കാലം നമുക്ക് കരുതി വെച്ചത് നമ്മളെ തേടിയെത്തും….

✍️Shainy Varghese

Leave a Reply

Your email address will not be published. Required fields are marked *