“പത്തു പതിനാറ് വയസ്സുള്ളൊരു പെൺക്കുട്ടിയുണ്ട് നിനക്ക്..ഇനിയൊരുത്തനെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിക്കുമ്പോൾ മറ്റൊന്നും ഓർത്തില്ലെങ്കിലും നിൻ്റെ മകളെ കുറിച്ചോർക്കണം നീ… കാരണം അവളെ പറ്റി ചിന്തിക്കാൻ ഇന്നീ ഭൂമിയിൽ നീയൊരുവളെ അവൾക്കുള്ളു …. മറന്നു പോവരുത് അത്…”
ധൃതിയിൽ വീട്ടിലെ ജോലികൾ തീർത്ത് അടുത്തുള്ള അമ്പലത്തിൽ പോയൊന്നു തൊഴുതു വരാമെന്ന കണക്കുകൂട്ടലിൽ വേഗത്തിൽ വീട്ടു ജോലികൾ ചെയ്തു കൊണ്ടിരുന്ന ശ്യാമയുടെ കൈകൾ നിശ്ചലമായ് ഏടത്തിയുടെ വെട്ടിത്തുറന്ന ആ സംസാരം കേട്ട്… ഒപ്പമവളുടെ കണ്ണുകൾ നിറയുക കൂടി ചെയ്തു…
താനുദ്ദേശിച്ച കാര്യം നടന്നൊരു സന്തോഷം തെളിഞ്ഞു ഏടത്തിയിലെങ്കിലുംവളരെ വിദഗ്ധമായത് ഒളിപ്പിച്ച് ശ്യാമയുടെ ചുമലിൽ കൈ വെച്ചു അവർ… അവളെ ആശ്വസിപ്പിക്കാനെന്ന വിധം
നിന്നെ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ലെടി ഞാൻ … ഓരോരോ വാർത്തകൾ നിത്യവും നമ്മളും കാണുന്നതല്ലേ …
അതൊക്കെ ഓർത്തപ്പോൾ നീയൊന്ന് കരുതി ഇരുന്നോട്ടേന്ന് വെച്ച് പറഞ്ഞതാ ഞാൻ… കാര്യം ജയനെ നിനക്കും എനിയ്ക്കും എല്ലാം ചെറുപ്പം തൊട്ടേ അറിയാം… നല്ലവനും ആണവൻ നമ്മുടെ എല്ലാം കണ്ണിൽ …. പക്ഷെ….’
പറഞ്ഞു വന്നത് പൂർത്തിയാക്കാതെ പാതി വഴിയിൽ ചേച്ചി സംസാരം നിർത്തിയതും അവരെ ചോദ്യ ഭാവത്തിൽ നോക്കി ശ്യാമ…. താനൊരു പാടാലോചിച്ച് എടുത്തൊരു തീരുമാനം തെറ്റായി പോയോ എന്ന ചിന്തയിൽ അവളുടെ ഹൃദയമിടിപ്പ് ഏറിയത് ചേച്ചിയുടെ സംസാരം മുറിഞ്ഞതോടെ ഒന്നുകൂടി ഉച്ചത്തിൽ അവൾക്കു തന്നെ കേൾക്കും വിധത്തിൽ ഉയർന്നു പോയിരുന്ന ന്നേരം….
“എന്താണ് ചേച്ചി പറഞ്ഞു വരുന്നത്..? എന്താണെങ്കിലുമത് പറഞ്ഞു പൂർത്തിയാക്ക്…”
ശ്യാമ നിർബന്ധിച്ചതും അവളെ നിസ്സഹായത കണ്ണിലണിഞ്ഞൊന്ന് നോക്കി ചേച്ചി
“അതല്ലെടീ ഇത്രയും കാലം കൂട്ടിനൊരു പെണ്ണും കുടുംബവുമൊന്നും വേണ്ടാന്ന് പറഞ്ഞു നടന്നവൻ ഇപ്പോൾ പിടിച്ച് നിന്നെ വിവാഹം ആലോചിച്ച് വന്നത് എനിയ്ക്കെന്തോ അത്രയ്ക്ക് അങ്ങട് ദഹിക്കുന്നില്ല … സുധാകരനുമായ് ബന്ധം വേർപിരിഞ്ഞ് നീ ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട് കൊല്ലം എത്രയായ്… അന്നൊന്നും നിന്നെ കെട്ടണമെന്ന് പറഞ്ഞ് വരാത്തവൻ ഇപ്പോ പിടിച്ച് നിന്നെ കെട്ടിയേ തീരുവെന്ന് പറഞ്ഞു വന്നത് നമ്മുടെ അമ്മൂട്ടിയെ മുന്നിൽ കണ്ടോണ്ടാണോന്നൊരു സംശയം എനിയ്ക്ക്…. എനിയ്ക്ക് മാത്രമല്ല നമ്മുടെ ഏട്ടനും ഉണ്ടാ സംശയം …. ഇപ്പോഴത്തെ കാലം അങ്ങനെ അല്ലേ…. അമ്മൂട്ടിയാണെങ്കിൽ ആരും നോക്കി നിൽക്കുന്ന സുന്ദരി കുട്ടിയല്ലേ…. പോരാത്തതിന് ജയനും അവൻ്റെ അമ്മയും ഒക്കെയായ് വല്ലാത്ത അടുപ്പമുണ്ടവൾക്ക്… എങ്ങാനും മോളെ പ്രതി അവൻ്റെ ഉള്ളിലൊരു മോശം ചിന്തയുണ്ടങ്കിലോ ന്നൊരു ഭയം ഞങ്ങൾക്ക്…
നീ ഭയക്കുമെന്ന് കരുതി ഞങ്ങളത് നിന്നോടു പറഞ്ഞില്ലെന്നു മാത്രം…
എന്തായാലും പറയാനുള്ളത് ഞാൻ പറഞ്ഞു… ബാക്കിയൊക്കെ നിൻ്റെ ഇഷ്ടം… നിൻ്റെ തീരുമാനം…”
തൻ്റെ സംസാരത്തിലാകെ പകച്ച് നിൽക്കുന്ന ശ്യാമയെ കണ്ടതും
താൻ വന്നതെന്തിനോ അത് നടത്തി എടുത്തൊരു സന്തോഷത്തോടെ ചേച്ചി അവിടെ നിന്നിറങ്ങി പോവുമ്പോഴും ഒരു തീരുമാനമെടുക്കാൻ കഴിയാതെ എടുത്ത തീരുമാനം ശരിയോ തെറ്റോ എന്ന ശങ്കയിലുഴറി അവിടെ തരിച്ചു നിന്നു ശ്യാമ
അമ്മയ്ക്കിത് എത്ര പറഞ്ഞാലും എന്താ മനസ്സിലാവാത്തത് ..?
അമ്മയുടെയോ എൻ്റെയോ നല്ലത് ആഗ്രഹിച്ചിട്ടൊന്നുമല്ല വല്യമ്മ ഇന്നിവിടെ വന്നതും ഇതെല്ലാം പറഞ്ഞു പോയതും… ജയ മാമനും ആയിട്ടുള്ള അമ്മയുടെ കല്യാണം മുടക്കാനും കാലാക്കാലം നമ്മളീ വീട്ടിൽ അവരുടെ അടിമയെ പോലെ അവർ പറയുന്നതെല്ലാം അനുസരിച്ച് കഴിയാനും വേണ്ടി യാണ്… അമ്മയ്ക്ക് ഞാൻ പറയാതെ തന്നെ അമ്മയുടെ കൂടപ്പിറപ്പുക്കളുടെ സ്വഭാവം അറിയുന്നതല്ലേ…?
പിന്നെ എന്തിനാ ഇതിലിത്ര ചിന്തിക്കുന്നത്…?
സ്ക്കൂൾ വിട്ട് വൈകിട്ട് വീട്ടിലെത്തിയതും ആകെ കരഞ്ഞും ചിന്തിച്ചും ഇരിയ്ക്കുന്ന ശ്യാമയെ കണ്ട് വിവരം തിരക്കിയറിഞ്ഞ അമ്മു കാര്യം അറിഞ്ഞതും അമ്മയോട് ദേഷ്യപ്പെട്ടു
അവൾക്കറിയാം തനിയ്ക്കും തൻ്റെ അമ്മയ്ക്കും നല്ലത് വരുന്നതൊന്നും വല്യമ്മയ്ക്ക് സഹിക്കില്ലെന്ന്… അവർക്കെന്നും ശ്യാമയുടെ കണ്ണിനീരും സങ്കടങ്ങളുമാണ് കാണാനും കേൾക്കാനും ഇഷ്ടം…
നീ പറഞ്ഞതൊക്കെ ശരിതന്നെയാണ് അമ്മൂ… അമ്മയ്ക്ക് അറിയുകയും ചെയ്യാം അത്… എന്നാലും ചേച്ചി വന്നോരോന്ന് പറഞ്ഞു പോയപ്പോൾ മുതൽ എന്തോ മനസ്സിനാകെയൊരു പിടച്ചിൽ…
നിനക്ക് നാലുവയസ്സുള്ളപ്പോഴാണ് നിൻ്റെ അച്ഛൻ നമ്മളെ രണ്ടാളെയും മറന്നു കൊണ്ട് മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസം തുടങ്ങിയത് … അന്നയാളെ ഉപേക്ഷിച്ച നാൾ തൊട്ട് ഈ
വീട്ടിലുണ്ട് നമ്മൾ…പന്ത്രണ്ട് വർഷത്തോളമായ് … അന്നൊന്നും ഞാനുമായിട്ടൊരു കല്യാണ ആലോചന നടത്താത്ത ജയേട്ടൻ ഇപ്പോഴത് നടത്തിയത് എന്തിനാണെന്നൊരു കരട് എൻ്റെ ഉള്ളിലിടാൻ ചേച്ചിയുടെ സംസാരത്തിന് കഴിഞ്ഞിട്ടുണ്ട് മോളെ… അമ്മയ്ക്ക് സത്യം പറഞ്ഞാൽ ഇപ്പോൾ ആരെയും വിശ്വാസമില്ല… ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചതുപോലും നീയൊരാളുടെ നിർബന്ധമാണ് അമ്മൂ…”
മനസ്സിലുള്ള ചിന്തകളും സംശയങ്ങളും ആധിയുമെല്ലാം അമ്മുവിനോടു ശ്യാമ തുറന്നു പറഞ്ഞതും മറുപടി ഒന്നുമില്ലാതെ അമ്മയെ അല്പനേരം നോക്കി നിന്നു അമ്മു…
ശ്യാമയുടെ നോട്ടവും ഈ നേരം അമ്മുവിലായിരുന്നു…
മെലിഞ്ഞു നീണ്ട് ആർക്കും ഒന്നോമനിക്കാൻ തോന്നും വിധം നിഷ്കളങ്ക സ്നേഹമുള്ളൊരു പതിനാറു വയസ്സുക്കാരി പെൺക്കുട്ടി ,
അതാണമ്മു…
സദാ സമയം അവളുടെ മുഖത്തുണ്ടാവാറുള്ള ആ ചിരി അവളുടെ ആത്മവിശ്വാസത്തിൻ്റെ തെളിവാണ്…
ജയനുമായ് നല്ല അടുപ്പത്തിലാണ് അമ്മു കുട്ടിക്കാലം മുതൽ തന്നെ… താൻ കഴിഞ്ഞാൽ എന്തുകാര്യവും അവളാദ്യം പറയുന്നതും പങ്കുവെക്കുന്നതും ജയനോടും ജയൻ്റെ അമ്മ പങ്കജാഷി അമ്മയോടുമാണ്… അവർക്കത്രയും പ്രിയപ്പെട്ടവളാണ് അമ്മു…
അമ്മ ജയൻ മാമയെ വിവാഹം കഴിച്ചാൽ എനിയ്ക്ക് എന്നെ അറിയുന്ന നമ്മളെ അറിയുന്ന നല്ലൊരാളെ അച്ഛനായ് കിട്ടുമെന്ന് പറഞ്ഞവൾ വാശി പിടിച്ചതും അറിയാതെ തൻ്റെ മനസ്സും ഒന്നിടറി…
തൻ്റെ വിവാഹത്തിനു മുമ്പ് മറ്റാരും അറിയാതെ താൻ ഉള്ളിൽ കൊണ്ടു നടന്ന തൻ്റെ സ്വകാര്യ സ്വപ്നമാണ് ജയേട്ടൻ…. തൻ്റെ ഉള്ളിലെ ഇഷ്ടം ഏതുവിധേനയും ജയനോട് തുറന്നു പറയണമെന്ന് താനന്നാ പ്രായത്തിൽ ഒരുപാട് ആഗ്രഹിച്ചെങ്കിലും അന്നതിനുള്ള ധൈര്യമില്ലാതെ വീട്ടുകാർ കണ്ടെത്തി തന്നൊരുവൻ്റെ ഭാര്യയായി… ആ താലി കഴുത്തിൽ വീണ നിമിഷം തന്നെ ജയനെന്ന തൻ്റെ സ്വകാര്യ സന്തോഷത്തെ താനവിടെ ഉപേക്ഷിച്ചിരുന്നു…
താലിക്കെട്ടിയവൻ അമ്മു ജനിച്ചു കഴിഞ്ഞതിനു പുറകെയാണ് പരസ്ത്രി ബന്ധത്തിൽ അഗ്രഗണ്യനായത്… താനതറിയാൻ വൈകി പക്ഷെ
അറിഞ്ഞതും താനാ നിമിഷം മോളെയും കൊണ്ടവിടം വിട്ടിറങ്ങിയിരുന്നു… തിരികെ വന്നനാൾ മുതൽ വീണ്ടും കണ്ടു തുടങ്ങിയിരുന്നു ജയേട്ടനെ …
ഒരു വിവാഹത്തിനിഷ്ടമില്ല ജയനെന്ന പങ്കജാക്ഷി അമ്മയുടെ പരാതിയും സങ്കടവും താനെത്ര കേട്ടിരിയ്ക്കുന്നു… അത്ഭുതമായിരുന്നു അന്നെല്ലാം … എല്ലാം കൊണ്ടും യോഗ്യനായിട്ടും എന്തേ ജയേട്ടൻ വിവാഹം കഴിക്കാത്തതെന്ന്…
നല്ല പ്രായം മുഴുവൻ വെറുതെ കളഞ്ഞൊരു മനുഷ്യനാണ് ഇപ്പോൾഅവൻ്റെ നാല്പതുകളിൽ തന്നെ തേടി എത്തിയിരിയ്ക്കുന്നത്…
ഓർമ്മകൾ ഏറിയതും ശ്വാസം മുട്ടി ശ്യാമയ്ക്ക്… ഒപ്പം മനസ്സും വല്ലാതെ അസ്വസ്ഥമായ്
“ജയമാമയ്ക്ക് എന്നെ വലിയ ഇഷ്ടമാണമ്മാ… എന്നെ മകളായിട്ട് വേണമെന്നെപ്പോഴും പറയും… അങ്ങനെ കഴിഞ്ഞ പ്രാവശ്യവും പറഞ്ഞപ്പോഴാണ് ഞാൻ മാമനോട് പറഞ്ഞത് അമ്മയെ ഭാര്യയാക്കി എന്നെ മകളാക്കിക്കൊള്ളാൻ…”
ശ്യാമയുടെ ചിന്തകൾ പരിധി വിട്ടുയരുന്നു എന്ന് തോന്നിയതും അമ്മയെ തന്നെ ശ്രദ്ധിച്ചു നിന്നിരുന്ന അമ്മു മെല്ലെ അവൾക്കരികിലിരുന്ന് പറഞ്ഞതും മിഴിനീർ പൊടിഞ്ഞു ശ്യാമയുടെ ഉള്ളിൽ…
ആഡംബരങ്ങളും ആൾക്കൂട്ടവും ഇല്ലാതെ അടുത്ത ബന്ധുക്കളെ മാത്രം സാക്ഷി നിർത്തി ജയൻ ശ്യാമയുടെ കഴുത്തിൽ താലി ചാർത്തുന്നത് നിറഞ്ഞ മനസ്സോടെയാണ് അമ്മുവും പങ്കജാഷി അമ്മയും നോക്കി നിന്നത്….
വിവാഹ സ്വപ്നങ്ങൾ മനസ്സിൽ മുളപ്പൊട്ടി തുടങ്ങിയക്കാലം മുതൽ തൻ്റെ മകൻ മനസ്സിൽ കൊണ്ടു നടക്കുന്നവളാണ് ശ്യാമയെന്ന് താനറിഞ്ഞിരുന്നില്ല.. അറിഞ്ഞത് ശ്യാമയുടെ വിവാഹത്തോടെ ആകെ തകർന്നു ഊണും ഉറക്കവുമില്ലാതെ ഒരു ഭ്രാന്തനെ പോലെ പിച്ചും പേയും പറയുന്ന മകനെ കണ്ട നാളായിരുന്നു…
മറ്റൊരുത്തവൻ്റെ ഭാര്യയായ് കഴിഞ്ഞു പോവുന്നവളെ എങ്ങനെ അവന് ഭാര്യയായ് നേടി കൊടുക്കാൻ പറ്റും… ആരോടും ഒന്നും പറയാനാകാതെ നിസ്സഹായ ആയി നിന്നു താൻ
സുധാകരൻ്റെ പരസ്ത്രീ ബന്ധം കൊണ്ട് അവനെ ഉപേക്ഷിച്ച് ശ്യാമ തിരികെ വന്നപ്പോൾ തൻ്റെ മകനിൽ കണ്ട സന്തോഷമൊന്ന് മാത്രം മതി അവൻ്റെ ഉള്ള് നിറയെ ഇന്നും അവളാണ് എന്ന് തിരിച്ചറിയാൻ…
അമ്മൂട്ടിയുമായ് അവനടുത്ത് അവൾ അവൻ്റെ കുഞ്ഞാണെന്ന മട്ടിലാണ്… എത്രയോ വട്ടം താൻ നിർബന്ധിച്ചിട്ടുണ്ട് ശ്യാമയെ വിവാഹം ആലോചിക്കാൻ പറഞ്ഞ്..അവനു പക്ഷെ ഭയമായിരുന്നു ശ്യാമ കുഞ്ഞിനെയും കൊണ്ട് അകന്നു പോയീടുമോ എന്ന ഭയം… മോളെ തങ്ങളിൽ നിന്നകറ്റുമോ എന്ന ഭയം…
ഈ വിവാഹത്തോടെ എല്ലാ ഭയങ്ങളും അവസാനിച്ചിരിക്കുന്നു..ശ്യാമയും മോളും തങ്ങളുടേത് മാത്രമായിരിക്കുന്നു…
ഉള്ളിൽ നിറഞ്ഞ ആനന്ദം കണ്ണീരായ് ആ അമ്മ പുറത്തേയ്ക്ക് ഒഴുക്കുമ്പോൾ മറ്റാരും അറിയാതെ തൻ്റെ അമ്മ ഉള്ളിൽ കൊണ്ടു നടന്ന ജയനെന്ന സ്വപ്നത്തെ അമ്മയുടെ അക്ഷരങ്ങളിലൂടറിഞ്ഞത് അമ്മയ്ക്ക് നേടി കൊടുത്ത സന്തോഷത്തിലായിരുന്നു അപ്പോൾ അമ്മു…
ശ്യാമയും ജയനുമാകട്ടെ ഒരിക്കൽ നഷ്ടപ്പെട്ടു പോയ തങ്ങളുടെ ഇഷ്ടങ്ങൾ തിരികെ കിട്ടിയ സന്തോഷത്തിൽ അമ്മുവിൻ്റെ കയ്യും പിടിച്ച് തങ്ങൾ
മാത്രമുള്ളൊരു സ്വപ്നകൂട് സ്വപ്നം കണ്ടു തുടങ്ങിയിരുന്നു ഇതിനകം തന്നെ….
കൂടുമ്പോൾ ഇമ്പമുള്ള ആ കുടുംബമിനി നിറഞ്ഞ സന്തോഷത്തോടെ ഏറെക്കാലം മുന്നോട്ടു പൊയ്ക്കോട്ടെ … കണ്ടു നിൽക്കാം നമ്മുക്കത്… തെളിഞ്ഞ മനസ്സോടെ…..
✍️RJ
