ഇന്നെന്റെ അമ്മേടെ കല്യാണമായിരുന്നു. ഇത്രേം നാൾ ഞാനും അമ്മയും മാത്രമുണ്ടായിരുന്ന നമ്മുടെ ചെറിയ ലോകത്തേക്ക് വേറൊരാൾ കൂടി വന്ന ദിവസം. ….

ഇന്നെന്റെ അമ്മേടെ കല്യാണമായിരുന്നു.

ഇത്രേം നാൾ ഞാനും അമ്മയും മാത്രമുണ്ടായിരുന്ന നമ്മുടെ ചെറിയ ലോകത്തേക്ക് വേറൊരാൾ കൂടി വന്ന ദിവസം.

എനിക്ക് സന്തോഷിക്കണോ സങ്കടപ്പെടണോ എന്നുപോലും മനസ്സിലായില്ല…

കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമ്മിണി ഓപ്പോളെന്നോട് പറഞ്ഞിരുന്നു,

അമ്മ ചെറുപ്പമല്ലേ മോനെ,അമ്മേടെ വിഷമങ്ങളൊക്കെ പങ്കുവെക്കാൻ ഒരാളൊക്കെ വേണ്ടേ എന്ന്.

ഞാൻ അന്ന് ഒന്നും മനസ്സിലാകാതെ ഓപ്പോളോട് ചോദിച്ചു.

അമ്മേടെ വിഷമം എന്താന്ന് എന്നോട് പറഞ്ഞൂടെ ഓപ്പോളേ?”

ഓപ്പോൾ അന്നേരം ഒന്നും പറഞ്ഞില്ല.
പകരം എന്റെ നെറുകയിൽ ഒരുമ്മ തന്നിട്ട് അവിടെനിന്ന് നടന്നു പോയി.

കല്യാണം കഴിഞ്ഞതോടെ അമ്മയ്ക്ക് പുതിയൊരു മുറിയായി.

എനിക്കും വേറെൊരു മുറി.

ഇത്രേം നാൾ അമ്മേനെ കെട്ടിപ്പിടിച്ചാണ് ഞാൻ ഉറങ്ങിയിരുന്നത്.

രാത്രിയിൽ പേടി തോന്നിയാൽ അമ്മേടെ അടുത്തേക്ക് ചേർന്നുകിടക്കും.ഉറക്കത്തിൽ അറിയാതെ അമ്മേടെ വയറ്റിൽ കാലെടുത്തുവെച്ചാലും അമ്മ എന്നെ തള്ളിമാറ്റിയിരുന്നില്ല.
രാവിലെ എഴുന്നേൽക്കുമ്പോൾ അമ്മയുടെ കൈ എന്റെ തലയുടെ അടിയിൽ കാണുമായിരുന്നു .

ഇനി അതൊന്നുമില്ല.

അമ്മേടെ മുറിയിലേക്ക് പോകരുത്.. അമ്മയും ചെറിയച്ഛനും കിടക്കുന്ന മുറിയല്ലേ എന്ന് പറഞ്ഞു ഓപ്പോൾ എന്നെ വിലക്കി.

എന്തുകൊണ്ടാണ് എന്റെ അമ്മയുടെ മുറിയിലേക്ക് എനിക്ക് പോകാൻ പാടില്ലാത്തത്?

ഇത്രയും നാൾ അമ്മയുടെ മുറി എന്റേതും കൂടിയായിരുന്നില്ലേ?

ചോദ്യങ്ങൾ എല്ലാം മനസ്സിൽ അടക്കി വെച്ച ശേഷം അന്ന് രാത്രി ഞാൻ ഒറ്റയ്ക്ക് കിടന്നു.

കണ്ണടച്ചിട്ടും എനിക്ക് ഉറക്കം വരുന്നില്ല.
അമ്മ അടുത്ത മുറിയിലുണ്ടെന്നറിയാം.
അമ്മയുടെ ശബ്ദം എനിക്ക് കേൾക്കാം.

ചെറിയച്ഛനോട് പതിയെ സംസാരിക്കുന്നതും ചിരിക്കുന്നതും കേൾക്കാം.

ഞാൻ പുതപ്പ് തലവഴി മൂടിക്കിടന്നു.

കരയാതിരിക്കാൻ ഒരുപാട് ശ്രമിച്ചു.

പക്ഷേ അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങിയിരുന്ന എനിക്ക് പെട്ടെന്നങ്ങനെ ഒറ്റയ്ക്ക് കിടക്കാൻ പഠിക്കാൻ അത്ര എളുപ്പമല്ലല്ലോ…

ദിവസങ്ങൾ കടന്നു പോയി…

പതിയെ പതിയെ അമ്മയിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു…

പണ്ടൊക്കെ അമ്മ എനിക്ക് ചോറുവാരി തന്നിരുന്നു.

വാ മോനെ… വായ തുറക്ക് എന്ന് പറഞ്ഞ് ഉരുളയുരുളയായി ചോറ് തന്നിരുന്ന അമ്മ…..

ഞാൻ കഴിക്കാൻ മടി കാണിച്ചാൽ കഥ പറഞ്ഞും പാട്ടുപാടിയും ചിരിപ്പിച്ചും ചോറ് കഴിപ്പിച്ചിരുന്ന അമ്മ ഇന്നെനിക്ക് വാരി തരാറില്ല.

ഇപ്പോ അമ്മ എന്നോട് പറയും പറയും,

നീ വലുതായില്ലേ തനിയെ കഴിച്ചോളൂ എന്ന്
ഞാൻ തനിയെ ചോറ് വാരിക്കഴിക്കാൻ പഠിച്ചു.

ആദ്യമൊക്കെ ചോറ് കൈയിൽ ഒട്ടിപ്പിടിക്കും.

കറി താഴെ വീഴും.

അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന്,

“അമ്മേ ഒന്ന് വാരി തരുമോ എന്ന് ചോദിക്കാൻ തോന്നും.

പക്ഷെ അമ്മ തിരക്കിലായിരിക്കും.

അമ്മയ്ക്ക് ഇപ്പോൾ ഒരുപാട് കാര്യങ്ങളുണ്ട്.

ചെറിയച്ഛനുണ്ട്.

അവരുടെ സംസാരങ്ങളുണ്ട്.

അവരുടെ മുറിയുണ്ട്.

അവരുടെ ലോകമുണ്ട്.

അതിൽ ഞാൻ എവിടെയാണ്?

അമ്മയ്ക്ക് എന്നെ ഇഷ്ടമില്ലാതായതാണോ?

അല്ലെങ്കിൽ അമ്മയ്ക്ക് എന്നെക്കാൾ കൂടുതൽ ഇപ്പോൾ ചെറിയച്ഛനെയാണോ ഇഷ്ടം?

എന്നെ സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോൾ അമ്മയെനിക്ക് നെറ്റിയിൽ ഉമ്മ തരാറുണ്ട്.

പക്ഷേ ഇപ്പോൾ മുമ്പത്തെ പോലെ എന്നെയമ്മ ചേർത്തുപിടിക്കാറില്ല.

ഞാൻ ഉമ്മറത്തിരിക്കുമ്പോൾ പഴയപോലെ എന്റെ അരികിലിരുന്ന് തലോടാറില്ല.

ഒരു ദിവസം രാത്രി പുതപ്പ് വലിച്ചുമൂടി കുറേനേരം കിടന്നിട്ടും കണ്ണുകൾ അടയുന്നില്ല.

അമ്മയുടെ മുറിയിലേക്ക് ഒന്ന് പോയാലോ എന്ന് പലവട്ടം തോന്നി.

പക്ഷേ “അങ്ങോട്ട് പോകരുത്” എന്ന. ഓപ്പോളുടെ വാക്ക് ഓർമ്മ വന്നു.

അവസാനം ഞാൻ പതുക്കെ കട്ടിലിൽ നിന്നെഴുന്നേറ്റു.

നിശബ്ദമായി അമ്മിണി ഓപ്പോളിന്റെ മുറിയിലേക്ക് നടന്നു.

ഓപ്പോൾ ഉറങ്ങാൻ കിടക്കുകയായിരുന്നു.

എന്നെ കണ്ടപ്പോൾ എഴുന്നേറ്റിരുന്നു.

“എന്താ മോനെ? ഉറക്കം വന്നില്ലേ?”

ഞാൻ ഒന്നും പറഞ്ഞില്ല.

ഓപ്പോളിന്റെ അടുത്തേക്ക് ചെന്നു.

കുറച്ചുനേരം ഓപ്പോളെ നോക്കി നിന്നു.

പിന്നെ പതുക്കെ ചോദിച്ചു…

“ഓപ്പോളേ… ഞാൻ ഓപ്പോളേ കെട്ടിപ്പിടിച്ചൊന്നു കിടന്നോട്ടെ?”

അത് ചോദിച്ചപ്പോൾ എന്റെ ശബ്ദമൊന്ന് ഇടറി.

ഓപ്പോൾ ഒന്നും ചോദിച്ചില്ല പകരം എന്നെ വലിച്ചടുപ്പിച്ച് നെഞ്ചോട് ചേർത്തു.

ഞാൻ ഓപ്പോളെ മുറുകെ കെട്ടിപ്പിടിച്ചു.
അമ്മയെ കെട്ടിപ്പിടിച്ചുകിടന്നിരുന്ന അതേപോലെ…..

കണ്ണടച്ചപ്പോൾ എന്റെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ ഓപ്പോളിന്റെ തോളിലേക്ക് വീണു.

ഓപ്പോൾ എന്റെ നെറ്റിയിൽ ഒരുമ്മ തന്നു.

കിടന്നോ മോനെ എന്ന് ഓപ്പോൾ എന്നോട് പതുക്കെ പറഞ്ഞു.

അന്ന് രാത്രി ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഞാൻ ഓപ്പോളേ കെട്ടിപ്പിടിച്ചു.

പക്ഷേ ഉറങ്ങുന്നതിനുമുമ്പ് എന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കിയുണ്ടായിരുന്നു…

ഞാനത് അമ്മിണി ഓപ്പോളോട് ചോദിച്ചു, ഓപ്പോളേ അമ്മയ്ക്കിനി എന്നെ കെട്ടിപ്പിടിക്കാനും, സ്നേഹിക്കാനും സമയമുണ്ടാകുമോ?

ഞാൻ ഇങ്ങനെ ഒറ്റക്ക് കിടക്കുന്നതിൽ അമ്മയ്ക്ക് സങ്കടം കാണോ?

ഓപ്പോൾ കുറച്ചുനേരം എന്നെ നോക്കി കിടന്നു.

പിന്നെ എന്റെ മുടിയിൽ തലോടി.

അമ്മയ്ക്ക് സങ്കടമുണ്ടാവും മോനെ.

അത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു.

ഞാൻ ഓപ്പോളെ കെട്ടിപ്പിടിച്ചു.

എന്നിട്ടെന്താ ഓപ്പോളേ അമ്മയെന്നെ ഒറ്റയ്ക്കാക്കിയത്?

അമ്മ മോനെ ഉപേക്ഷിച്ചതല്ല,
അമ്മയുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി വന്നതോടെ, അമ്മ അങ്ങനെ ആയിപ്പോയതാണ്.

ഞാൻ അമ്മിണി ഓപ്പോളോട് അടുത്തേക്ക് ഒട്ടി കിടന്ന ശേഷം പതിയെ കണ്ണുകടച്ചു….

അമ്മയുടെ ജീവിതത്തിൽ ഒരാൾ കൂടി വന്നാലും,ഒരു കുഞ്ഞിന്റെ ഹൃദയത്തിൽ അമ്മയുടെ സ്ഥാനം ഒരാൾക്കും പങ്കിടാൻ കഴിയില്ല.

അവന് വേണ്ടത് വലിയ കാര്യങ്ങളൊന്നുമല്ല…

അമ്മയുടെ കൈയിൽ നിന്ന് ഒരു ഉരുള ചോറ്.

ഉറങ്ങുമ്പോൾ ചേർത്തുപിടിക്കാൻ അമ്മയുടെ കൈ.

പേടിച്ചാൽ ഓടിച്ചെല്ലാൻ അമ്മയുടെ നെഞ്ച്.

അമ്മയ്ക്ക് പുതിയൊരു ജീവിതം വേണമെങ്കിൽ അത് തെറ്റല്ല.പക്ഷേ ആ പുതിയ ജീവിതത്തിലേക്ക് തന്റെ കുഞ്ഞിനെയും പതുക്കെ കൂട്ടിക്കൊണ്ടുപോകണം.

കാരണം…

അമ്മയുടെ കൈവിട്ട് ഒറ്റയ്ക്ക് നടക്കാൻ പഠിക്കുന്ന പ്രായമല്ല എല്ലാ കുഞ്ഞുങ്ങൾക്കും കാരണം അമ്മയ്ക്ക് പുതിയൊരു ജീവിതം തുടങ്ങാം.പക്ഷേ കുഞ്ഞിന്റെ ലോകം പെട്ടെന്ന് മാറ്റിവയ്ക്കാൻ പറ്റില്ലല്ലോ

കഥ :തനിയെ
✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *